പാകിസ്താനില്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന വ്യാജേന അമേരിക്ക നടത്തുന്ന ബോംബാക്രമണത്തില്‍ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നു. അമേരിക്കക്ക് സ്വന്തം രാജ്യത്ത് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത പാക്കിസ്ഥാന്‍ ഭരണാധികാരികളാണ് ഈ നരഹത്യക്ക് ഉത്തരവാദികള്‍.
ബോംബാക്രമണം നിര്‍ത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ആ മണ്ണില്‍ സംഹാരതാണ്ഡവമാടുന്ന അമേരിക്ക, പാക്കിസ്ഥാനെ അവരുടെ വരുതിയിലാക്കിയെന്ന സത്യം ഇനിയും പാക്കിസ്ഥാന്‍ ഭരണാധി കാരികള്‍ മനസ്സിലാക്കിയിട്ടില്ല. പാലു വാങ്ങാന്‍ കൊടുത്ത കാശുകൊണ്ട് വിഷം വാങ്ങി എന്നു പറഞ്ഞതുപോലെ, ഭീകരരെ തുരത്താനാണെന്നു പറഞ്ഞ് അമേരിക്കയുടെ കൈയില്‍നിന്ന് മില്യന്‍ കണക്കിനു ഡോളര്‍ എണ്ണിവാങ്ങി ആ പണം കൊണ്ട് മാരകായുധങ്ങള്‍ വാങ്ങി ഇന്ത്യക്കെതിരെ യുദ്ധം നടത്തിയ പാക്കിസ്ഥാന് അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഊട്ടിയ കൈകള്‍കൊണ്ട് ഉദകക്രിയ ചെയ്യുന്ന അമേരിക്കന്‍ നയം ഇനിയെങ്കിലും പാക്കിസ്ഥാന്‍ മനസ്സിലാക്കട്ടെ.
അമേരിക്കയുടെ പൈലറ്റില്ലാ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്നു പറയുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഗോത്രവര്‍ഗ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മാര്‍ച്ച് 17 ന് അമേരിക്കന്‍ ആക്രമണത്തില്‍ 39 പേര്‍ മരിച്ചതിനെ തുടര്‍ന്ന് പാക്-അമേരിക്ക ബന്ധം വഷളായിരുന്നു. തുടര്‍ന്നാണ് ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് പാക് ഭരണകൂടം അമേരിക്കയോട് ആവശ്യപ്പെട്ടത്.
പക്ഷേ, പാക്കിസ്ഥാന്റെ ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല, നിരപരാധികളായ ഗ്രാമവാസികളെ കൊന്നൊടുക്കുകയായിരുന്നു അമേരിക്ക. കൈനിറയെ ഡോളറുകള്‍ വാരിക്കൂട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഓര്‍ത്തുകാണില്ല അതൊരു കെണിയാണെന്ന്. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയട്ടേ. തീക്കൊള്ളീ കൊണ്ടാണ് തലചൊറിയുന്നതെന്ന് അവര്‍ അറിഞ്ഞില്ല. അമേരിക്കയുടെ തന്ത്രം ഇന്ത്യയില്‍ മാത്രം വിലപ്പോയില്ല. അതെങ്ങനെ, കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച പെരുംകള്ളന്മാര്‍ വാഴുന്ന നാടല്ലേ അത്. എന്നാലും, നേതാക്കളില്‍ പലരും അമേരിക്കയുടെ അമേദ്യം കഴിച്ച് വാണരുളുന്നുണ്ട്.
No comments:
Post a Comment