Thursday, September 15, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം എട്ട്

രവി പടിപ്പുര കടന്ന് മുറ്റത്തെത്തി. വരാന്തയിലും പടിപ്പുരവാതിലിനടുത്തും ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. താന്‍ നാടുവിടുമ്പോള്‍ മണ്ണെണ്ണ വിളക്കായിരുന്നു കത്തിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ പ്രദേശത്തൊന്നും ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. അക്കാലത്താണ് ദൂരെ നിന്നെവിടന്നോ ഒരു പുതിയ താമസക്കാര്‍ ഈ ഗ്രാമത്തില്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി വന്നതാണ് ഗൃഹനാഥന്‍. ഉണ്ണിത്താന്‍ മാഷ് എന്നാണെന്നു തോന്നുന്നു അന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു മനുഷ്യന്‍. ഇരുളടഞ്ഞ ഈ ഗ്രാമത്തില്‍ പ്രകാശത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിച്ചത് അദ്ദേഹമായിരുന്നു.
 
ഇരുളടഞ്ഞ ഗ്രാമത്തിന് പ്രകാശമേകാന്‍ വന്ന ഒരു ദൂതനെപ്പോലെയായിരുന്നു അദ്ദേഹം. സ്കൂളില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല, അദ്ദേഹം എവിടെ ചെല്ലുന്നുവോ ആ നാട്ടുകാര്‍ക്ക് ഗുണകരമായ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുന്ന പ്രകൃതക്കാരനാണെന്ന് അന്നാളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഈ ഗ്രാമത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം ഗ്രാമത്തെ അന്ധകാരത്തില്‍ നിന്ന് മുക്തി നേടിക്കൊടുക്കുക എന്നതായിരുന്നു. ഗ്രാമവാസികള്‍ എല്ലാവരും അദ്ദേഹത്തിന് പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
 
അച്ഛനെ കാണാന്‍ പല പ്രാവശ്യം വീട്ടില്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. ഗ്രാമവാസികളെക്കൊണ്ട് പെറ്റീഷന്‍ എഴുതി ഒപ്പിട്ടുവാങ്ങാന്‍ അച്ഛന്‍റെ സഹായമഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം വന്നിരുന്നത്. ഒരു പക്ഷേ അച്ഛന്‍ സഹായിച്ചിരിക്കാം. അപ്പോഴേക്കും താന്‍ നാടുവിട്ടു കഴിഞ്ഞിരുന്നു.
 
രവി വീട്ടിലെത്തിയപ്പോള്‍ ഗായത്രി കതകു തുറന്നു.
 
"അച്ഛമ്മ ഉറങ്ങിയോ" അയാള്‍ ചോദിച്ചു.
 
"ഇല്ല, അച്ഛമ്മ കിടക്കുകയാണ്. രവിയേട്ടന്‍ എവിടെ പോയിരുന്നു?"
 
"ഓ....ഞാന്‍ ആ കവല വരെയൊന്നു പോയി. രാജുവിനെ കണ്ടു. വെറുതെ ഓരോന്നു പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല."
 
"ഈ വാതത്തിന്‍റെ ശല്യംണ്ടേ. കൊറച്ചു നേരം ഒന്നു കെടക്കാന്ന് നിരീച്ചു." നടുവിന് കൈകൊടുത്തുകൊണ്ട് അച്ഛമ്മ എഴുന്നേറ്റു വന്നു.
 
"അച്ഛന്‍ ഉറങ്ങിയോ?" രവി ചോദിച്ചു.
 
"ഇല്യാന്നാ തോന്നണേ." ഗായത്രി മറുപടി പറഞ്ഞു.
 
രവി അപ്പോഴേയ്ക്കും ഡ്രസ്സു മാറി കൈയും മുഖവുമൊക്കെ കഴുകി വന്നു.
 
"രവിയേട്ടന് കുടിക്കാന്‍ വല്ലതും വേണോ?"
 
"ഒന്നും വേണ്ട ഗായത്രി."
 
"ഇനിയിപ്പൊ അത്താഴം കഴിയ്ക്കാറായില്യേ" അച്ഛമ്മ ഗായത്രിയെ നോക്കി പറഞ്ഞു.
 
"ന്നാ പിന്നെ വെളമ്പ്ആ"
 
ഗായത്രി അടുക്കളയിലേക്കു നീങ്ങി. അച്ഛമ്മ രവിയുടെ അടുത്തു വന്നിരുന്നു. കൈകള്‍ രണ്ടും പിടിച്ചു നോക്കി. തലയില്‍ തലോടിക്കൊണ്ട് ചോദിച്ചു....

"ന്നാലും ന്‍റെ കുട്ട്യേ..നീ ഇത്രേം നാള് എങ്ങന്യാ എല്ലാരേം മറന്ന് ജീവിച്ചേ? ബാക്കിയുള്ളോര് തീ തിന്നതിന് കൈയും കണക്കുമുണ്ടോ? എവിടാന്നച്ചാ തെരക്കണെ? ന്‍റെ ഭഗോതീ....നീ കാത്തു"

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ പറഞ്ഞു. അപ്പോഴും രവിയുടെ മുഖത്തുനിന്ന് കണ്ണെടുക്കുന്നില്ലായിരുന്നു.

"രവിയേട്ടാ ഊണു കഴിക്കാന്‍ വാ" ഗായത്രി എല്ലാം വിളമ്പി വെച്ച് വിളിച്ചു.

രവി ഊണുമുറിയിലേക്കു ചെന്നു. ചോറും കറികളുമൊക്കെയുണ്ട്.
 
"ഞാന്‍ രാത്രി അങ്ങനെയൊന്നും കഴിക്കാറില്ല. വല്ല ചപ്പാത്തിയോ മറ്റോ മതിയായിരുന്നു." വിഭവങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.
 
"ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട്." ഗായത്രി ഒരു പാത്രം തുറന്നു. ഭക്ഷണം ചൂടാറാതെ വെക്കാവുന്ന പാത്രം.
 
ആവൂ ആശ്വാസമായി.
 
"അച്ഛന്‍ ഭക്ഷണം കഴിച്ചോ?" രവി ചോദിച്ചു.
 
"മരുന്നു കഴിക്കുന്നതുകൊണ്ട് അച്ഛന്‍ നേരത്തെ കഴിച്ച് കിടക്കും." ഗായത്രി പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് രവി ഉമ്മറത്തെ കസേരയില്‍ വന്നിരുന്നു. പകല്‍ചൂടില്‍ വെന്തുരുകിയ ഭൂമി അല്പം തണുത്തെന്നു തോന്നുന്നു.
 
കസേരയില്‍ ചാരിക്കിടന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന ഒരു ചെറുതെന്നല്‍ അയാളെ തഴുകിത്തലോടി കടന്നുപോയി. പുറത്ത് പതിവില്ലാത്തവണ്ണം നല്ല നിലാവുണ്ട്. അത് വല്ലാതെ തന്നെ കൊതിപ്പിക്കുന്നു.

ഡല്‍ഹിയിലായിരുന്നപ്പോള്‍ കരോള്‍ ബാഗിലെ ഫ്ളാറ്റിന്‍റെ ടെറസ്സിലായിരിക്കും ഇങ്ങനെയുള്ള രാത്രികളില്‍ തന്‍റെ ഉറക്കം. രവി ഓര്‍ത്തു. അടച്ചിട്ട മുറിയില്‍ ഫാനിന്‍റെ കാറ്റേറ്റ് കിടക്കുന്നതിലും ഭേദം ടെറസ്സിലെ ഉറക്കമാണ് തനിക്കേറെ ഇഷ്ടം. നേരിയ മഞ്ഞും സുഖമുള്ള തണുപ്പുമേറ്റ് പുതച്ചു കിടക്കാന്‍ തന്നെ ഒരു രസമാണ്. ഞാന്‍ മാത്രമല്ല, വേറെയും രണ്ടു മൂന്നു വാടകക്കാരും ആ കെട്ടിടത്തിലുണ്ടായിരുന്നു. പുരുഷന്മാര്‍ രാത്രി ടെറസ്സിലാണ് കിടക്കാറ്. പല രാത്രികളിലും പരസ്പരം എന്തെങ്കിലുമൊക്കെ പറഞ്ഞ് സമയം നീക്കും. സംസാരത്തിനിടയ്ക്കുതന്നെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.

 തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തന്‍റെ നേരെ നോക്കി കണ്ണു ചിമ്മുന്നതുപോലെ. നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്. ഉള്ളതാകട്ടേ ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു. കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും അവയെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആകാശത്തേക്കു നോക്കി എന്തൊക്കെയോ ആലോചിച്ചു കിടന്നു അയാള്‍.
 
നിലാവു പെയ്യുന്ന ഇങ്ങനെയുള്ള നിശകളില്‍, അങ്ങ് ഡല്‍ഹിയില്‍ ലോധി ഗാര്‍ഡനിലെ പുല്‍ത്തകിടിയില്‍ പ്രശാന്ത സുന്ദരമായ ഏകാന്തതയുടെ പ്രസാദമധുരിമയിലലിഞ്ഞു ചേര്‍ന്ന് അവളൂടെ മടിയില്‍ തലവെച്ച് കിടന്ന് മധുരാനുഭൂതികള്‍ നുണഞ്ഞിറക്കുമ്പോള്‍, തന്‍റെ തലമുടിയിഴകളില്‍ കൂടി വിരലുകളോടിച്ച് അവള്‍ പറയുമായിരുന്നു ..

"രവിയേട്ടാ, ഈ ജന്മം മുഴുവനും നമുക്കിങ്ങനെ ജീവിക്കാന്‍ കഴിയുമോ?"
 
"നമുക്കെന്നും കൃഷ്ണപ്പക്ഷിയിണകളെപ്പോലെ ഇങ്ങനെ ജീവിക്കാം." താന്‍ മറുപടി പറയും.

മഞ്ഞില്‍ കുളിച്ചു ഈറനണിഞ്ഞ്, മാദകത്വം തുളുമ്പി നില്‍ക്കുന്ന നിലാവുള്ള അനേക രാത്രികള്‍, യൗവനത്തെ കുളിരണിയിച്ചു മദോന്മത്തയായി, വശ്യമായ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന പ്രകൃതിയെ സാക്ഷി നിര്‍ത്തി അവളുടെ കാതില്‍ താന്‍ മന്ത്രിക്കുമ്പോള്‍ വിശ്വാസം വരാതെ അവളെന്‍റെ കണ്ണുകളില്‍ത്തന്നെ നോക്കിയിരിക്കും.
 
"നമ്മളെ വേര്‍പിരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല."

തന്‍റെ കരവലയത്തിലൊതുങ്ങി ഒരു മാടപ്രാവിനെപ്പോലെ അവള്‍ കുറുങ്ങും. മേഘപാളികള്‍ക്കിടയിലൂടെ എത്തിനോക്കുന്ന പൂനിലാവിന്‍റെ നിശ്ശബ്ദ സാന്നിദ്ധ്യത്തില്‍ ഒന്നായ തങ്ങളുടേതായ സ്വകാര്യ നിമിഷങ്ങള്‍.

താല്‍ക്കത്തോറ ഗാര്‍ഡനിലും സജ്ഞയ് ഗാന്ധി പാര്‍ക്കിലുമെല്ലാം ഇണപിരിയാത്ത കിളികളെപ്പോലെ തങ്ങള്‍ സമയം ചിലവഴിച്ചു. രാഷ്ട്രപതിഭവനിടയില്‍കൂടിയുള്ള സായാഹ്ന സവാരി ഒരു പതിവാക്കിയിരുന്നു. നോര്‍ത്ത് ബ്ലോക്കിലൂടെ നടന്ന് രാഷ്ട്രപതിഭവന്‍റെ കൈവഴികളില്‍ കൂടി ഇന്ത്യാ ഗേറ്റിനരികിലുള്ള പുല്‍ത്തകിടിയിലെത്തുന്നതുവരെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
 
"ന്താ കുട്ട്യേ, സ്വപ്നം കാണ്വാണോ?" അച്ഛമ്മ വെറ്റിലച്ചെല്ലവുമായി ഉമ്മറത്തേക്കു വന്നു.
 
"ഇല്ല അച്ഛമ്മേ, ഞാന്‍ വെറുതെ ഓരോന്നാലോചിച്ചു കെടന്നതാ." രവി മറുപടി പറഞ്ഞു.
 
"എല്ലാം ഒരു ദുസ്വപ്നായിരുന്നെന്നങ്ങു വിചാരിക്യ"
 
എല്ലാം ഒരു ദു:സ്വപ്നമായിരുന്നെന്നു വിചാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അച്ഛമ്മയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്ന് രവിക്ക് അറിയാം. അത്ര ലാഘവത്തോടെ വിസ്മരിക്കാന്‍ കഴിയുന്ന സംഭവങ്ങളല്ലല്ലോ രണ്ടു പതിറ്റാണ്ടുകാലം കൊണ്ട് തന്‍റെ ജീവിതത്തില്‍ സംഭവിച്ചത്.
 
തന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളുടേയും അര്‍ത്ഥമറിയാമെന്നു പറഞ്ഞവള്‍.... പ്രണയസരോവരത്തില്‍ തന്നോടൊപ്പം നീന്തിയവള്‍.... പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്‍റെ തണുപ്പിലും ചൂടിലും തന്നോടൊപ്പം കളിച്ചും ചിരിച്ചും നടന്നവള്‍, മാലാഖമാരുടെ വെണ്‍ചിറകുകളിലെ തൂവലുകളെക്കാള്‍ മാര്‍ദ്ദവമുള്ളവള്‍, ആകാശത്ത് മേഖങ്ങളുള്ള കാലത്തോളം തന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് തനിക്കായി പകര്‍ന്നു തന്നവള്‍, ജീവിതത്തിന്‍റെ മുന്തിരിച്ചാറില്‍ നിന്ന് തന്നോടൊപ്പമിരുന്ന് വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍..... അവളിന്ന് തന്നില്‍ നിന്നകന്നിരിക്കുന്നു...!!
 
"അച്ഛമ്മേ.... വാസ്തവത്തില്‍ എന്തിനാണ് എന്നെ ഇത്ര ധൃതിയില്‍ വിളിപ്പിച്ചത്?" രവി ആകാംക്ഷയോടെ ചോദിച്ചു.
 
അടുത്തുവെച്ചിരിക്കുന്ന കോളാമ്പിയില്‍ തുപ്പിയിട്ട് അച്ഛമ്മ ദീര്‍ഘനിശ്വാസം വിട്ടു.
 
"കൊറെ അധികം പറയാനുണ്ടെന്ന് കൂട്ടിയ്ക്കോ. ഇത്രടം വന്ന സ്ഥിതിക്ക് കുട്ടന്‍ കാര്യങ്ങള്‍ക്കൊക്കെ ഒരറുതി വരുത്തീട്ട് പോയാ മതി."
 
അച്ഛമ്മ എന്നിട്ടും കാര്യം പറയുന്നില്ല.
 
"അച്ഛന് തീരെ വയ്യാണ്ടായിരിക്ക്ണൂ. കുടുംബം കൊളം തോണ്ടാന്‍ അധിക സമയോന്നും വേണ്ടാലോ."

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ കാലുകള്‍ രണ്ടും നീട്ടി ഏതോ അഗാധചിന്തയില്‍ ദൂരെ വയലില്‍ വെള്ളിപ്പൊട്ടുകള്‍ പോലെ മിന്നിമറയുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരുന്നു. എന്തൊക്കെയോ ദുരൂഹതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ഈ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷം അതിനു തെളിവാണ്. എന്തെല്ലാമോ അച്ഛമ്മയുടെ മനസ്സിനെ അലട്ടുന്നുണ്ടാകാം.
 
തന്‍റെ ജീവിതത്തില്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞു എന്ന് തോന്നിയ സമയത്ത് ഒരു പ്രചോദന സ്രോതസ്സായി അവിചാരിതമായി കടന്നുവന്ന ഒരു നല്ല മനുഷ്യനാണ് ജീവിതത്തില്‍ തനിക്കിനിയുമൊരു അവസരമുണ്ടെന്ന് മനസ്സിലാക്കിത്തന്നത്. നാടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും തന്‍റെ മനസ്സില്‍ അന്ന് ഇടമില്ലായിരുന്നു. പുറം ലോകം ഒരു നരകമാണെന്നു ധരിച്ചിരുന്ന കാലമായിരുന്നു അത്. ആത്മഹത്യയുടെ വക്കിലായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയ ആ മനുഷ്യനാണ് വര്‍ഷങ്ങളോളം മദം പൊട്ടിയലഞ്ഞ മനസ്സിന്‍റെ കടിഞ്ഞാണ്‍ തനിക്കു തിരിച്ചു വാങ്ങിത്തന്നത്. തന്നെ സ്നേഹിക്കുന്ന ആ പഴയ തറവാട്ടിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം ഉപദേശിച്ചു. പക്ഷെ, വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇതാ താന്‍ തിരിച്ചു വന്നിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. ദുരൂഹതകളുടെ നടുവിലേക്കാണ് താന്‍ എടുത്തു ചാടിയിരിക്കുന്നത്.
 
"നീ ഇനിയും പലതും കേള്‍ക്കും." ശ്രീധരന്‍റെ വാക്കുകള്‍ രവിയുടെ മനസ്സിന്‍റെ ക്യാന്‍വാസില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടു.
 
"ന്നാ, ഇനി കുട്ടന്‍ പോയിക്കെടന്ന് ഒറങ്ങാന്‍ നോക്ക്. ക്ഷീണം കാണും." അച്ഛമ്മ വെറ്റിലച്ചെല്ലവുമായി എഴുന്നേറ്റു.
 
"അച്ഛമ്മ പോയി കിടന്നോളൂ. ഞാന്‍ അല്പസമയം കൂടി കഴിഞ്ഞ് കിടന്നോളാം."

രവി കസേരയില്‍ ചാരിക്കിടന്നു. കണ്ണടച്ചു കിടന്നപ്പോള്‍ ചിന്തകള്‍ വീണ്ടും കാടുകയറാന്‍ തുടങ്ങി. പുറത്ത് നിലാവുണ്ട്. നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും തന്‍റെ വ്യഥയെ ശമിപ്പിക്കാന്‍ കഴിയുന്നില്ല. ഹൃദയത്തിന്‍റെ സ്ഥാനത്ത് എന്തോ നീറിപ്പുകയുന്നു. അവള്‍ പോയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം കഴിയുന്നു.  അവള്‍... അതെ... തന്‍റെ സ്വപ്ന സുന്ദരി എന്ന് താന്‍ വിളിക്കാറുള്ള, തന്‍റെ നിമിഷങ്ങള്‍ക്ക് നിറം ചാലിച്ചവള്‍. സ്വപ്നത്തിലെന്നപോലെ കണ്ടുമുട്ടുകയും, അതുപോലെ വളര്‍ന്ന സൗഹൃദം രാഗാനുരാഗങ്ങളിലെത്തിയപ്പോള്‍ അവളെനിക്കെല്ലാമായി.
 
കൈവിട്ടുപോകുന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ട് എല്ലാ പകലുകളും, എല്ലാ രാവുകളും, ഞങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. ഹൃദയം ഹൃദയത്തോടു ചേര്‍ന്നു. പരസ്പരം കൈമാറിയ വികാരങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു. എവിടെയാണ് പാളിച്ചകളുണ്ടായത്? ഓര്‍മ്മയില്ല. ഒട്ടേറെ ചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു മറിഞ്ഞു. ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപകലില്ലാതെ അധ്വാനിക്കുമ്പോള്‍ താന്‍ അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച്.... ആഗ്രഹങ്ങളെക്കുറിച്ച്. തനിക്കെന്നും വലുത് അവരായിരുന്നു. അവരുടെ സന്തോഷങ്ങളായിരുന്നു..... അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മീതെ തനിക്കു മാത്രമായി ഒന്നുമുണ്ടായിരുന്നില്ല.
 
(....തുടരും)


No comments:

Post a Comment