Tuesday, September 20, 2016

ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടതിന് ഉത്തരവാദികളാര് ?

"ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്" എന്നാണ് നീതിപീഠത്തിന്റെ ആപ്തവാക്യങ്ങളെങ്കിലും, ഇപ്പോഴത് മാറ്റിയെഴുതേണ്ട കാലം വന്നിരിക്കുന്നു എന്നാണ് കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ കേസില്‍ സുപ്രീം കോടതിയിലെ വിധി വന്നപ്പോള്‍ തോന്നിയത്. "ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധി ശിക്ഷിക്കപ്പെടരുത്" എന്ന് തിരുത്തിയെഴുതുകയാണ് സുപ്രീം കോടതി.

പിടിച്ചു പറിയും, മോഷണവും സ്ത്രീപീഡനവുമൊക്കെയായി തെരുവുകളിലും തീവണ്ടികളിലും ഭിക്ഷാടകനായി ജീവിച്ചിരുന്ന ഗോവിന്ദച്ചാമിക്ക് സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വരെ പോകാനും, പ്രമുഖരായ ക്രിമിനല്‍ അഭിഭാഷകരെക്കൊണ്ട് വാദിപ്പിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ വരെ വേണ്ട സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ഗോവിന്ദച്ചാമിയേക്കാള്‍ അപകടകാരികളായ കാപാലികര്‍ പുറത്തുണ്ട് എന്നുതന്നെയല്ലേ അനുമാനിക്കേണ്ടത്?

ഇത്രയധികം പണം ഗോവിന്ദച്ചാമിക്ക് എവിടെ നിന്നു ലഭിച്ചു? സംസ്ഥാനസര്‍ക്കാരോ, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരോ ഇത് സംബന്ധിച്ച് അന്വേഷണമൊന്നും നടത്തിയില്ലേ? സ്വാഭാവികമായും സൗമ്യ കേസ് വിധിയില്‍ അമര്‍ഷവും അങ്കലാപ്പും തോന്നുന്ന ആരിലും ഉയരുന്ന സംശയമാണിത്. കേരളത്തിന്റെ കണ്ണീരായി മാറിയ സൗമ്യ എന്ന പാവം പെണ്‍‌കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയും നിഷ്‌ഠൂരമായി കൊല ചെയ്യുകയും ചെയ്ത സംഭവത്തേക്കാള്‍ ഭയാനകമാണ് അത് ചെയ്തവന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ കഴിവുകേട്. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കുകയും അത് സുപ്രീം കോടതിയിലെത്തിയപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ നീതിന്യായക്കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുകയാണെന്നത് വ്യക്തം. പൊതുസ്ഥലത്ത്, അതും ഓടുന്ന ട്രെയ്‌നില്‍ നിസ്സഹായയായ ഒരു പെണ്‍‌കുട്ടിയെ നിഷ്ക്കരുണം മാനഭംഗത്തിനിരയാക്കി പിച്ചിച്ചീന്തിയ ഒരു കൊടും ക്രിമിനലിന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലെങ്കില്‍ എവിടെയാണ് ഒരു പൗരന്‍ സുരക്ഷിതനാകുന്നത് എന്ന സംശയത്തിനു തീര്‍ച്ചയായും മറുപടി ലഭിച്ചേ തീരൂ. ഏതു കുറ്റകൃത്യവും കുറ്റകൃത്യമാകുന്നത് കോടതി വ്യവഹാരങ്ങളിലൂടെയാണ്. കോടതിക്കു മുന്നില്‍ വാദിയും പ്രതിയും തെളിവുകളും സാക്ഷികളുമാണ് പ്രധാനം. അവയെല്ലാം വേണ്ടവിധത്തില്‍ ഹാജരാക്കി പ്രബലരായ അഭിഭാഷകര്‍ നിയമപുസ്തകത്തിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി കോടതിയെ ബോദ്ധ്യപ്പെടുത്തുമ്പോഴാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വ്യക്തി കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി (ജഡ്ജി) തീരുമാനിക്കുന്നത്. അത്തരത്തില്‍ എല്ലാ പഴുതുകളുമടച്ച് കേസ് വിസ്താരം നടത്തി വധശിക്ഷ വിധിച്ച കീഴ്‌ക്കോടതിയുടേയും ഹൈക്കോടതിയുടേയും വിധിക്ക് അല്പം പോലും വിലകല്പിക്കാതെ പരമോന്നത കോടതി ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളി ചെയ്ത ക്രൂരകൃത്യങ്ങള്‍ നിസ്സാരവത്ക്കരിച്ചത് തീര്‍ത്തും അപലപനീയം തന്നെ. അതോടൊപ്പം സുപ്രീം കോടതി വരെ പോയി ഗോവിന്ദച്ചാമിയെ രക്ഷിച്ചെടുക്കാന്‍ ആര്‍ക്കാണിത്ര ധ്വര ?

ലക്ഷങ്ങള്‍ കൊടുത്താണ് ബി.എ. ആളൂരിനെപ്പോലെയുള്ള പ്രഗത്ഭരായ അഭിഭാഷകരെ ഗോവിന്ദച്ചാമിക്കുവേണ്ടി വക്കാലത്ത് ഏര്‍പ്പെടുത്തിയതെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഏറെയാണ്. ഇത്രയും ഭീമമായ തുക പ്രതിക്ക് വേണ്ടി മുടക്കിയത് ആരായിരിക്കും എന്നാണ് ഇപ്പോള്‍ എല്ലാവരുടേയും ഉത്ഘണ്ഠ ! ഒരു അഭിഭാഷകനെന്ന നിലയില്‍ ബി.എ. ആളൂര്‍ അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തു. എന്നാല്‍, കേരളത്തിലെ അഭിഭാഷകര്‍ ആരും തന്നെ ഗോവിന്ദച്ചാമിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സമയത്താണ് പുനെയില്‍ നിന്ന് ബി.എ. ആളൂര്‍ രംഗപ്രവേശം ചെയ്തതെന്നും ഓര്‍ക്കണം. അതുവരെ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരക്കാരനായ ഈ അഭിഭാഷകനെ ആര്‍ക്കും അറിയില്ലായിരുന്നു. ആരാണ് ഗോവിന്ദച്ചാമിക്കുവേണ്ടി പണം മുടക്കുന്നതെന്നു മാത്രം ഈ അഭിഭാഷകന്‍ പറയില്ല. അത് നീതിശാസ്ത്രത്തെ ബാധിക്കുന്ന പ്രശ്നമാണ്. അല്ലെങ്കില്‍ ക്ലയന്റും അഭിഭാഷകനും തമ്മിലുള്ള വിശ്വാസ്യതയെ ഹനിക്കുന്നതാണ്. എന്നിരുന്നാലും, പ്രമാദമായ എത്രയോ കേസുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ബി.എ. ആളൂര്‍ ആരുടെ പ്രേരണായാലാണ് ഗോവിന്ദച്ചാമിയുടെ കേസ് ഏറ്റെടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൊള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സൂചനകളുണ്ട്. അവര്‍ ഗോവിന്ദചാമിയുടെ ഉറ്റ സുഹൃത്തുക്കളാണത്രെ. അതല്ല "ആകാശപ്പറവകള്‍" എന്ന പേരില്‍ ഒരു സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവരാണ് ഇതിന്റെ പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിച്ച് മതം മാറ്റത്തിലൂടെ സമൂഹമദ്ധ്യത്തിലേക്ക് കൊണ്ടുവരികയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതി എന്നും കേള്‍ക്കുന്നുണ്ട്.

മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി, ബംഗ്ലൂരു, ചെന്നൈ, ആന്ധ്രപ്രദേശ് മുതലായ സ്ഥലങ്ങളില്‍ ദീര്‍ഘദൂര തീവണ്ടികളാണ് ഈ കൊള്ള സംഘത്തിന്റെ പ്രവര്‍ത്തന രംഗം എന്നും പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ നടന്ന "ബണ്ടി ചോര്‍" കേസുകളുള്‍പ്പടെ നിരവധി കുപ്രസിദ്ധ ക്രിമിനല്‍ കേസുകളിലും പ്രതികള്‍ക്കുവേണ്ടി വാദിച്ചത് ബി.എ. ആളൂര്‍ അടങ്ങുന്ന ക്രിമിനല്‍ അഭിഭാഷക സംഘമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിമിനല്‍ സംഘങ്ങളെ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കാന്‍ ഇവര്‍ ലക്ഷങ്ങള്‍ വാങ്ങുന്നു, അവര്‍ക്ക് മാനുഷിക മൂല്യങ്ങളുടെ വില അറിയേണ്ടതില്ല എന്ന് സാരം. ഗോവിന്ദച്ചാമിക്ക് ബി.എ. ആളൂരിനെ ഏര്‍പ്പെടുത്തിക്കൊടുത്തത് മേല്പറഞ്ഞ കൊള്ളസംഘത്തില്‍ പെട്ടവരാണെന്ന് കേരളത്തിലെ പ്രമുഖ അഭിഭാഷകര്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അറിയാമായിരുന്നത്രെ. എന്നാല്‍, അതേക്കുറിച്ച് അന്വേഷിക്കാനോ സത്യം കണ്ടുപിടിക്കാനോ ആരും ശ്രമിച്ചതുമില്ല. ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ എത്ര ലക്ഷങ്ങളാണ് ബി.എ. ആളൂര്‍ എന്ന അഭിഭാഷകന്‍ വാങ്ങിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമില്ല, പലരും ചോദിച്ചിട്ടു പോലും. അതും അദ്ദേഹത്തിന്റെ പ്രൊഫഷനോടുള്ള നീതി പുലര്‍ത്തലാണ്.

നിരവധി ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി (അതിവേഗ വിചാരണക്കോടതി) വധശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെ ഗോവിന്ദച്ചാമി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, കീഴ്‌ക്കോടതി ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് സുപ്രീം കോടതിയില്‍ പോയത്. "അസാധാരണങ്ങളില്‍ അസാധാരണമായ കുറ്റകൃത്യം" എന്ന് ഇരു കോടതികളും വിധിന്യായത്തില്‍ പരാമര്‍ശിച്ചിരുന്നു. പക്ഷെ, ആ "അസാധാരണങ്ങളില്‍ അസാധാരണമായ കുറ്റകൃത്യം" എന്ന വാദം സുപ്രീം കോടതിയുടെ കണ്ണുകളില്‍ നിസ്സാരമായി. ആ ലീഗല്‍ പോയിന്റ് കോടതി തള്ളുകയും ചെയ്തു. ഗോവിന്ദച്ചാമിയാണു സൗമ്യയെ ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ടതെന്ന ആരോപണത്തിന്റെ തെളിവ് എവിടെ എന്ന ഒറ്റ ചോദ്യത്തിലാണ് ഈ കേസ് തകിടം മറിഞ്ഞത്. സുപ്രീം കോടതിയുടെ ആ ചോദ്യത്തിനു എന്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉത്തരം മുട്ടിപ്പോയി എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തി. അതോടൊപ്പം രണ്ട് കോടതികളുടേയും നിഗമനത്തെ പാടെ നിരാകരിച്ച സുപ്രീം കോടതിയില്‍ തങ്ങളുടെ പ്രൊഫഷണലിസം പ്രകടിപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കഴിയാതെ പോയതെന്തേ ? വ്യക്തമായ തെളിവുകള്‍ ഹാജാരാക്കി വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കെല്പുള്ള അഭിഭാഷകരെ എന്തുകൊണ്ട് സുപ്രീം കോടതിയിലും സര്‍ക്കാര്‍ നിയമിച്ചില്ല? അപ്പോള്‍ ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ ?

സൗമ്യയുടെ മരണമൊഴി, സഹയാത്രികരുടെയും സമീപവാസികളുടെയും സാക്ഷിമൊഴി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ര്‍ട്ട്, അന്വേഷണ ഉദ്യോഗസ്ഥനോട് പ്രതി നടത്തിയ കുറ്റസമ്മതം തുടങ്ങിയ തെളിവുകള്‍ മുതലായവ സമര്‍ത്ഥമായി നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതിക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്. കേരളത്തില്‍ത്തന്നെ സിസ്റ്റര്‍ അഭയക്കേസ്, രാജ്യത്തിന്‍റെ മനഃസാക്ഷി മരവിപ്പിച്ച ഡല്‍ഹി നിര്‍ഭയ കേസ് തുടങ്ങി ഒട്ടേറെ വിവാദ വ്യവഹാരങ്ങളില്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. സാഹചര്യങ്ങളുടെയും സാക്ഷികളുടെയും പിന്‍ബലത്തില്‍ സൗമ്യക്കേസിലെ യഥാര്‍ത്ഥ പ്രതിയെ വളരെ വേഗം കണ്ടാത്താന്‍ കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരുടെ നേട്ടമായിരിക്കാം. ലഭ്യമായ തെളിവുകളുടെ സാന്നിധ്യത്തില്‍ ഹൈക്കോടതിവരെ കേസ് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞത് പ്രോസിക്യൂഷന്‍റെ നേട്ടവും. എന്നാല്‍ പിന്നീടത് അട്ടിമറിക്കപ്പെട്ടു എങ്കില്‍ അതിനും വേണം വളരെ ശക്തമായ അന്വേഷണം.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സൗമ്യ കേസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തിയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതുമെല്ലാം. അന്ന് കോടതികളില്‍ ഹാജരായിരുന്ന എല്ലാവരേയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാറ്റി പകരം അവരുടെ മാനദണ്ഡങ്ങളനുസരിക്കുന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളും അതാണ്. എന്തുകൊണ്ട് സൗമ്യ കേസിലെങ്കിലും അന്നത്തെ അഭിഭാഷകരെ കോടതിയില്‍ നിയോഗിച്ചില്ല? സൗമ്യയ്ക്ക് വേണ്ടി അന്ന് ഹാജരായ അഭിഭാഷകനില്‍ നിന്നും വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാനോ സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ സഹായം തേടാനോ ശ്രമിച്ചില്ല എന്നാണ് പ്രധാന ആക്ഷേപം. തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രസ്തുത അഭിഭാഷകനും അദ്ദേഹത്തിന് സമയമുണ്ടാവില്ലെന്ന് അറിയിച്ചതായി സംസ്ഥാന നിയമവകുപ്പ് മന്ത്രി എ. കെ. ബാലനും പറഞ്ഞതിന്റെ യഥാര്‍ത്ഥ സത്യം ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. ഡി.എന്‍.എ പരിശോധനകളില്‍ ലഭിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഗോവിന്ദച്ചാമിക്കുള്ള പങ്ക് വ്യക്തമായിട്ടും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോയതിലുള്ള ദുഖവും അമര്‍ഷവും അങ്കലാപ്പും പെട്ടെന്നോന്നും സമൂഹത്തിന്റെ മനസില്‍ നിന്നും മാഞ്ഞു പോവില്ല.

വാദിയും പ്രതിയും നീതിപീഠവും സര്‍ക്കാരുമൊക്കെ ഒരേ അച്ചുതണ്ടില്‍ കറങ്ങുകയാണിവിടെ. ആരെയാണ് നാം പഴിക്കേണ്ടത്? ഒരു സാധു പെണ്‍കുട്ടിയെ ഒരു കാപാലികന്‍ പിച്ചിച്ചീന്തിയപ്പോള്‍ അതിനെ ചെറുക്കാനോ ആ പെണ്‍‌കുട്ടിയെ രക്ഷിക്കാനോ സഹയാത്രികര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളത് ഭയാനകമാണ്. അതോടൊപ്പം ആ കാപാലികന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഗോവിന്ദച്ചാമിമാരെപ്പോലെയുള്ള ക്രൂരന്മാര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന അജ്ഞാത സംഘവും ആ സംഘത്തില്‍ പെട്ട അഭിഭാഷകരും പുറത്തുള്ളിടത്തോളം കാലം ഇനിയും സൗമ്യമാര്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യും. കേസുകള്‍ കോടതിയിലെത്തിയാല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവ തള്ളിക്കളയുന്ന ന്യായാധിപര്‍..... ഇവരെല്ലാം ഒരേ കോക്കസില്‍ പെടുന്നവരല്ലേ എന്നാണ് ഈ സന്ദര്‍ഭത്തില്‍ ചോദിക്കാനുള്ളത്.

No comments:

Post a Comment