Saturday, September 3, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം ആറ്

നേരം ഇരുട്ടാകുന്നതേ ഉള്ളൂ. ഒരു പറ്റം കാക്കകള്‍ കൂടണയാനുള്ള തിരക്കില്‍ കാകാ എന്ന ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. പടിപ്പുര കടന്ന് രണ്ടുപേരും പഞ്ചായത്തു റോഡിലൂടെ നടന്നു. പണ്ട് ഈ വഴി ചെറിയൊരു കൈവഴി ആയിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാമെന്നു മാത്രം. ഇരുവശവും മുള്ളുവേലികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ മതിലുകളായി. അന്നൊക്കെ നേരം ഇരുട്ടിയാല്‍ ഒറ്റയ്ക്ക് ഈ വഴിയെ നടക്കാന്‍ ഭയമായിരുന്നു. രവി ഓര്‍ത്തു. പട്ടികളുടേയും പാമ്പുകളുടേയും ശല്യം കാരണം വെട്ടവും വെളിച്ചവുമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ വഴിവെളിച്ചമുണ്ടെന്നു മാത്രമല്ല, മൂന്നു നാലു വീടുകളും വഴിക്കിരുവശവും ഉണ്ട്.
 
"ഹൊ...എങ്ങനെ കിടന്ന വഴിയായിരുന്നു ഇത്." രവി ആത്മഗതമെന്നോണം പറഞ്ഞു.
 
"ശരിയാ...ഇപ്പോള്‍ കാറും ലോറിയും ഒക്കെ ഓടുന്ന ഒന്നാന്തരം വഴിയായി." ശ്രീധരന്‍റെ മറുപടി.
 
"നീ ആ വീടുകള്‍ കണ്ടോ?" വലതു വശത്തു കണ്ട രണ്ടു വീടുകള്‍ ചൂണ്ടി ശ്രീധരന്‍ ചോദിച്ചു.
 
"ഒരു കാലത്ത് നിന്‍റെ അച്ഛന്‍റെ വകയായിരുന്നു ആ സ്ഥലം. നിനക്കോര്‍മ്മയുണ്ടോ?"
 
"ഓര്‍മ്മയുണ്ട് ശ്രീധരാ. അതൊരു തെങ്ങിന്‍ തോപ്പായിരുന്നില്ലേ?" എന്നും പറമ്പു നിറയെ പണിക്കാരുണ്ടായിരുന്നു അക്കാലത്ത്. ആ പറമ്പിലാണ് പരസ്പരം സാമ്യമുള്ള രണ്ടു വീടുകള്‍.
 
"ഒന്ന് ബഷീര്‍ ഹാജിയുടേയും മറ്റേത് ബീരാന്‍ ഹാജിയുടേതുമാണ്" ശ്രീധരന്‍ തുടര്‍ന്നു.
 
"ഏതു ബീരാന്‍ ഹാജി, ഏതു ബഷീര്‍ ഹാജി?" സംശയത്തോടെ രവി ചോദിച്ചു.
 
"ഓ...അങ്ങനെ പറഞ്ഞാല്‍ നീ അറിയുകയില്ല. പണ്ട് നിന്‍റെ അച്ഛന്‍റെ റേഷന്‍ കട നടത്തിയിരുന്ന ഒരു പരീതിനെ നിനക്ക് ഓര്‍മ്മയുണ്ടോ?"
 
"ങ്ആ...ഓര്‍മ്മയുണ്ട്." രവി മറുപടി പറഞ്ഞു.
 
"ആ റേഷന്‍ കടയില്‍ അരിയും മറ്റും തൂക്കിക്കൊടുത്തിരുന്ന ഒരു പയ്യനെ ഓര്‍മ്മയുണ്ടോ?" ശ്രീധരന്‍ വീണ്ടും.
 
"ഓര്‍മ്മയുണ്ട്"
 
"ആ പയ്യനാണ് ഇന്നത്തെ ബീരാന്‍ ഹാജി. അയാളുടെ അനിയനാണ് ബഷീര്‍ ഹാജി. മനസ്സിലായോ?"
 
"എടാ ഹാജി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വല്ല വയസ്സന്മാരുമായിരിക്കുമെന്ന്. അവര്‍ക്കതിന് അത്രയൊക്കെ പ്രായമായോ?"
 
"അതു പണ്ട്. ഇക്കാലത്ത് ഹാജിയാകാന്‍ പ്രായമൊന്നും ഒരു പ്രശ്നമല്ല. അവര്‍ രണ്ടുപേരും സൗദിയിലാണ്. അതുകൊണ്ടുതന്നെ ഹജ്ജിനു പോകാന്‍ കൂടുതല്‍ സൗകര്യവുമായല്ലോ. പിന്നെ, അതിനു മുന്‍പുതന്നെ പരീത് ഈ തെങ്ങിന്‍തോപ്പ് നിന്‍റെ അച്ഛന്‍റെ കൈയില്‍നിന്ന് അടിച്ചു മാറ്റിയിരുന്നു. മക്കള്‍ രണ്ടുപേരും ഗള്‍ഫിലെത്തിയതോടെ അയാള്‍ റേഷന്‍ കട ഉപേക്ഷിച്ചു. അച്ഛനേറ്റ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. അയാളെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് പലരും പറഞ്ഞതാണ്. എന്നാല്‍ അച്ഛനതു കേട്ടില്ല. അയാളെ അത്രയ്ക്കു വിശ്വാസമായിരുന്നു. അച്ഛനെ തളര്‍ത്തിയതും ആ സംഭവം തന്നെ." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"ആരാ മാഷേ കൂടെ?" മുന്നില്‍ ടോര്‍ച്ചടിച്ചുകൊണ്ട് ഒരു കാരണവര്‍.
 
"ങ്ആ, ഇതാര് പൊന്നാരിയോ? ഇന്നെത്ര വീശി?" ശ്രീധരന്‍റെ ചോദ്യം കേട്ട് അയാളൊന്നു ചമ്മി.
 
"ഇയ്യാളെ അറിയോ? പഴയ ചങ്ങാതീടെ മകനാ."

ശ്രീധരന്‍റെ സംസാരം കേട്ട് ആഗതന്‍ രവിയെ സൂക്ഷിച്ചു നോക്കി. ചിരിയടക്കാന്‍ പാടുപെട്ടു നില്‍ക്കുന്ന രവിയെത്തന്നെ നോക്കി നില്പാണ് പൊന്നാരി. പ്രായമേറെ ആയി. അതുകൊണ്ട് കണ്ണിനും അല്പം കാഴ്ചക്കുറവുണ്ടെന്നു തോന്നി. തന്‍റെ ചെറുപ്പകാലത്ത് പലപല നുറുങ്ങു കഥകളും പറഞ്ഞ് ഞങ്ങളെയൊക്കെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ഔസേപ്പ് ചേട്ടന്‍. പൊന്നാരിയില്‍ എന്ന വീട്ടുപേരായതുകൊണ്ട്  എല്ലാവരും പൊന്നാരിച്ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്.
 
അച്ഛന്‍റെ അടുത്ത സഹചാരിയായിരുന്നു. മുന്‍കോപക്കാരനായ അച്ഛനില്‍ നിന്ന് താന്‍ പലപ്പോഴും രക്ഷപ്പെട്ടിരുന്നത് ഈ പൊന്നാരിച്ചേട്ടനില്‍ കൂടിയാണ്. ഓര്‍മ്മകളുടേ ഓളങ്ങളിലേക്ക് ഒരു നിമിഷം രവി ഊളിയിട്ടിറങ്ങി. പൊന്നാരിച്ചേട്ടനെക്കുറിച്ച് പറയാനാണെങ്കില്‍ കുറെയേറെയുണ്ട്. താനന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്നകാലം. കാവിലെ ഉത്സവത്തിന് കൂട്ടുകാരെല്ലാവരും എത്തുമെന്നറിഞ്ഞു. തനിക്ക് പോകണമെങ്കില്‍ അച്ഛന്‍റെ അനുവാദം വേണം. അച്ഛനാണെങ്കില്‍ അങ്ങിനെയൊന്നും അനുവാദം തരികയുമില്ല. അമ്മയോടു പറഞ്ഞു നോക്കി. പക്ഷേ, അമ്മ കൈമലര്‍ത്തി. ഒടുവില്‍ താന്‍ പൊന്നാരിച്ചേട്ടനെ അഭയം പ്രാപിച്ചു.

പൊന്നാരിച്ചേട്ടന്‍ അച്ഛനുമായി സംസാരിച്ച് എങ്ങനെയോ എനിക്ക് പോകാനുള്ള അനുമതി വാങ്ങി. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ഉത്സവപ്പറമ്പില്‍ കറങ്ങി നടക്കാനൊന്നും പാടില്ല.  പോയാല്‍ സന്ധ്യ മയങ്ങുന്നതിനുമുന്‍പ് തിരിച്ച് വരണമെന്ന നിബന്ധനയും വെച്ചു. പൊന്നാരിച്ചേട്ടന്‍ സമ്മതിച്ചു. കാവിലേക്ക് പൊന്നാരിച്ചേട്ടന്‍റെ ഓരം ചേര്‍ന്നു നടന്നു. കാവിലെ ഉത്സവം പ്രമാണിച്ച് അന്ന് ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. അത് അനുഗ്രഹവുമായി. അകലെ നിന്നുതന്നെ കാവിലെ ചെണ്ടകൊട്ടിന്‍റേയും പഞ്ചവാദ്യത്തിന്‍റേയും ശബ്ദം കേള്‍ക്കാം.
 
പുഴ കടന്നുവേണം അക്കരെയെത്താന്‍. അവിടെ എത്തിയപ്പോള്‍ കടത്തുവള്ളത്തില്‍ നിറയെ ആളുകളായിരുന്നു.
 
"പൊന്നാരിച്ചേട്ടാ....ആളായല്ലോ?" കടത്തുവള്ളക്കാരന്‍ പറഞ്ഞു.
 
"ആരെങ്കിലും ഒന്നു ഇറങ്ങി നില്‍ക്കാമോ?" വള്ളക്കാരന്‍ വള്ളത്തിലുള്ളവരോട് ചോദിച്ചു. ആരോ രണ്ടുപേര്‍ ഇറങ്ങാന്‍ തയ്യാറായി. പൊന്നാരിച്ചേട്ടന്‍ അവരെ തടഞ്ഞു. തനിക്ക് കയറാന്‍ വള്ളത്തില്‍ സ്ഥലമുണ്ടായിരുന്നു. അരയ്ക്ക് തോര്‍ത്തുമുണ്ട് ചുറ്റിയിട്ട് ഷര്‍ട്ടും മുണ്ടും അഴിച്ച് തന്‍റെ കൈയില്‍ തന്ന് 'ഞാന്‍ നീന്തിക്കൊള്ളാം' എന്നു പറഞ്ഞ് പൊന്നാരിച്ചേട്ടന്‍ വള്ളം തള്ളിക്കൊടുത്തു. പൊന്നാരിച്ചേട്ടന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. കടത്തുവള്ളം അക്കരെ അടുക്കാറായിരുന്നു. തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വള്ളം അക്കരെ അടുക്കുന്നതിനു മുന്‍പ് പൊന്നാരിച്ചേട്ടന്‍ അക്കരെ എത്തിയിരുന്നു.
 
"നീയെന്താ ഇത്രയും ആലോചിക്കുന്നത്?" ശ്രീധരന്‍റെ ചോദ്യം രവിയെ ഓര്‍മ്മയില്‍നിന്ന് തിരികെ കൊണ്ടു വന്നു.
 
"ഹേയ് ഒന്നുമില്ല."  രവി മറുപടി പറഞ്ഞു.

പൊന്നാരിച്ചേട്ടന്‍ അപ്പോഴും രവിയെത്തന്നെ നോക്കി നില്പാണ്. ആളെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇടയ്ക്ക് ടോര്‍ച്ച് തെളിയിച്ചു നോക്കുന്നുണ്ട്.
 
"കണ്ണ് തീരെ പിടിക്കുന്നില്ല. അതാ."  പൊന്നാരി ഒന്നുകൂടി അടുത്തു നിന്നു. കള്ളിന്‍റെ മണം മുഖത്തടിക്കുന്നുണ്ടായിരുന്നു.
 
"എന്താ പൊന്നാരിച്ചേട്ടാ ഇന്ന് അല്പം കൂടുതലായോ?" രവി ചോദിച്ചു.
 
"ഇത് പൊന്നാരിയുടെ പഴയ ചങ്ങാതിയുടെ മകനാ. രവിയെ ഓര്‍മ്മയുണ്ടോ?"  ശ്രീധരന്‍ ചോദിച്ചു തീര്‍ന്നില്ല. രവിയെ വട്ടം കെട്ടിപ്പിടിച്ച് പൊന്നാരി കരയാന്‍ തുടങ്ങി.
 
"എന്താ പൊന്നാരിച്ചേട്ടാ ഇത്? കൊച്ചുകുട്ടികളെപ്പോലെ?" രവി ചോദിച്ചു.
 
"എന്നാലും എന്‍റെ മോനെ, നീ നാടുവിട്ടെന്നറിഞ്ഞതു മുതല്‍ ഇപ്പൊ ഈ നിമിഷം വരെ മോന്‍റെ കാര്യം എപ്പോഴും ഈ പൊന്നാരിച്ചേട്ടന്‍ പറയുമായിരുന്നു. എന്നാലും ആരോടും പറയാതെ നാടുവിട്ടു പോയി ഇക്കണ്ട കാലമൊക്കെ മോന്‍ ഞങ്ങളെയൊക്കെ മറന്നു ജീവിച്ചതെങ്ങനെ?"
 
"നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ ചേട്ടന്‍ വീട്ടില്‍ പോ" രവി സമാധാനിപ്പിച്ചു. കാലുകള്‍ നിലത്തുറക്കാതെ വേച്ചു വേച്ചു നടന്നുപോകുന്ന പൊന്നാരിയെ കണ്ടപ്പോള്‍ രവിയുടെ അന്തരാത്മാവില്‍ പഴയകാല ചിന്തകള്‍ വീണ്ടും മുളപൊട്ടി.
 
എന്നും സന്ധ്യക്ക് ഷാപ്പില്‍ നിന്ന് പൊന്നാരിച്ചേട്ടന്‍ നേരെ വരുന്നത് റേഷന്‍ കടയിലേക്കായിരിക്കും. സന്ധ്യക്ക് അച്ഛന്‍ കണക്കു നോക്കാന്‍ റേഷന്‍ കടയിലുണ്ടായിരിക്കും. അച്ഛനുമായി തര്‍ക്കവും വാക്കേറ്റവുമൊക്കെയായി കുറെ നേരം ചിലവഴിക്കും. ആ സമയത്ത് താനും ഉണ്ടാകും കടയില്‍. രവി ഓര്‍ത്തു. തന്നെക്കാണുമ്പോള്‍ വാത്സല്യത്തോടെ അടുത്തുവിളിച്ച് ചില പാട്ടുകള്‍ പാടി കേള്‍പ്പിക്കും.  'എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ' എന്ന പാട്ടായിരിക്കും മിക്കവാറും പാടുക. കള്ള് അകത്തുചെന്നാല്‍ ഈ പാട്ടു മാത്രമേ വായില്‍ വരൂ.
 
അതുപോലെ യേശുവിനെ കുരിശില്‍ തറച്ചതിന് ഉത്തരവാദി യേശു തന്നെയാണെന്നാണ് പുള്ളിക്കാരന്‍റെ വാദം. അതിനു കണ്ടുപിടിച്ച കാരണവും പുള്ളി പറയും. 'എല്ലാരേം വിശ്വസിച്ചോണ്ട് അങ്ങേര് കൂടെക്കൊണ്ടു നടന്നു. അതിലൊരുത്തന്‍ തലതെറിച്ചവനായിരുന്നെന്ന് അങ്ങേര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അവന്‍റെ കരണത്തൊന്നു പൊട്ടിച്ച് കുത്തിനു പിടിച്ച് രണ്ടു ചവിട്ടും കൊടുത്ത് പുറത്താക്കിയോ? ഇല്ല. എന്നിട്ട് കോഴി കൂകാന്‍ കാത്തിരുന്നു. അവസാനം അവന്‍ തന്നെ അങ്ങേര്‍ക്ക് പാരയായില്ലേ? ഒറ്റിക്കൊടുക്കേം ചെയ്തു. അതുകൊണ്ടല്ലേ മറ്റവന്മാര്‍ക്ക് പാവം കര്‍ത്താവിനെ കുരിശില്‍ തറയ്ക്കാന്‍ പറ്റിയത്.
 
പൊന്നാരിയുടെ വാദം കേട്ട് അച്ഛന്‍ പറയും "കള്ളും കുടിച്ച് വായില്‍തോന്നിയതൊക്കെ പറഞ്ഞ് പിള്ളാരെ വഴിതെറ്റിക്കാന്‍ നോക്കല്ലേ പൊന്നാരീ. വീട്ടില്‍ പോ."
 
"ഞാന്‍ പോകാണെടോ. തനിയ്ക്കും കര്‍ത്താവിന്‍റെ ഗതി ഒരിക്കല്‍ വരും."
 
അന്നൊന്നും തനിക്ക് പൊന്നാരി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതു വെച്ചു നോക്കുമ്പോള്‍ അന്ന് പൊന്നാരി പറഞ്ഞ വാക്കുകള്‍ അറം പറ്റിയതുപോലെ അച്ഛനില്‍ വന്നു പതിച്ചതാവാന്‍ സാധ്യതയുണ്ട്.
 
പിറ്റേന്ന് കാണാമെന്ന ഉറപ്പില്‍ പൊന്നാരിയെ പറഞ്ഞയച്ചു.

(തുടരും.....)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം അഞ്ച്  

No comments:

Post a Comment