2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

അത്തപ്പൂക്കളവും പിണറായി വിജയനും (ലേഖനം)

അത്തപ്പൂക്കളത്തിന്റെയും ഓണാഘോഷത്തിന്റെയും പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് ഈയ്യിടെ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ദൈവവിശ്വാസികളല്ലെന്നും, മതവൈരികളാണെന്നുവരെ ചിലര്‍ പറഞ്ഞു വെച്ചു. കാലാകാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്ന പതിവുണ്ടെന്നും, ഇത്തവണ അത് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് പ്രചരണം കൊഴുക്കുന്നത്.

എന്നാല്‍, താന്‍ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് മനസ്സിലാക്കാതെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് ഇത്തരം ആരോപണങ്ങളുടെ ഉറവിടമെന്ന് മുഖ്യമന്ത്രി പറയുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞതെന്ത്? മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്ത്? അതറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കില്ലേ? അപ്പോള്‍ ശരിയായ റിപ്പോര്‍ട്ടിംഗാണ് ഇവിടെ ആവശ്യം. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നു പറഞ്ഞപോലെ മുന്‍ സര്‍ക്കാരുകള്‍ പുലര്‍ത്തി വന്നിരുന്ന ചില കീഴ്‌വഴക്കങ്ങള്‍ ശരിയല്ല എന്നു തോന്നിയപ്പോള്‍ അത് മാറ്റിയെഴുതാന്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ഭരണപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചപ്പോള്‍, അതിന്റെ ഗുണവശങ്ങള്‍ മനസ്സിലാക്കാതെ അല്ലെങ്കില്‍ അവ എത്രത്തോളം ജനോപകാരവും ജനപ്രിയവും ആകുമെന്ന് വിലയിരുത്താതെ നെഗേറ്റീവ് വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ല.

ഓണാഘോഷവും അനുബന്ധമായ പൂക്കളമിടലിലുമൊക്കെ മുഖ്യമന്ത്രി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് സെക്രട്ടേറിയറ്റിലെ വെള്ളക്കോളര്‍ ഉദ്യോഗസ്ഥര്‍ക്ക് ദഹിക്കാതെ പോയത്. സര്‍ക്കാര്‍ ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. മഹാബലി ഏതെങ്കിലും ഒരു ജാതിയുടേയോ മതത്തിന്റേയോ സ്വന്തവുമല്ല. ഓണം ഏതെങ്കിലും ഒരു മതത്തിനു മാത്രം അവകാശപ്പെട്ടതുമല്ല. അമേരിക്കയില്‍ ചില കൃസ്ത്യന്‍ പള്ളികളില്‍ ഓണം ആഘോഷിക്കുന്നതിനെതിരെ ചിലര്‍ ആരോപണങ്ങളുമായി രംഗത്തു വന്നത് ഓര്‍ക്കുന്നു. ഓണത്തിന്റെ ഉത്ഭവവും അത് കേരളീയരുടെ മാത്രം ആഘോഷമായതെങ്ങനെയെന്നും അറിയാവുന്നവരായിരുന്നെങ്കില്‍ അത്തരത്തിലൊരു പ്രതികരണം ഉണ്ടാകുകയില്ലായിരുന്നു.

അസുര രാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകനായിരുന്നു മഹാബലി എന്നാണ് ചരിത്രം. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലമത്രെ. പ്രജകള്‍ എല്ലാവരും സമൃദ്ധിയോടും സന്തോഷത്തോടും കൂടി ജീവിച്ചിരുന്ന കാലം. മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടുകയും മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് ദാനശീലനായ മഹാബലിയോട് ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെടുകയും മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കുകയും, നിമിഷനേരം കൊണ്ട് ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുക്കുകയും, മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുക്കുകയും വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്നും, ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി എന്നുമാണല്ലോ ഐതിഹ്യം. ഇവിടെ ദേവന്മാരും, അസുരന്മാരും, മഹാവിഷ്ണുവുമൊക്കെ ഹൈന്ദവ വിശ്വാസികളുടെ ആരാധ്യരാണെങ്കിലും, മഹാബലി നാടു വാണ ഒരു ചക്രവര്‍ത്തിയായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസല്‍മാനുമൊക്കെ പ്രജകളില്‍ പെട്ടവരുമായിരുന്നു. അപ്പോള്‍ മഹാബലി ആണ്ടിലൊരിക്കല്‍ തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുമ്പോള്‍ 'ഞങ്ങള്‍ ഇപ്പോഴും സുഭിക്ഷരായി കഴിയുന്നു' എന്ന് ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്താന്‍ ഓണം ആഘോഷിക്കുന്നത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. കൃസ്ത്യന്‍ പള്ളികളില്‍ മാത്രമല്ല എല്ലാ ജാതി മതസ്ഥരും ഓണം ആഘോഷിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഓണം മലയാളിയുടെ മാത്രം ആഘോഷമാണെന്ന് നാം അഹങ്കരിക്കുമ്പോള്‍, അത് ചില സന്ദേശങ്ങള്‍ കൂടി നമുക്ക് നല്‍കുന്നുണ്ട്. മഹാബലി ചക്രവര്‍ത്തിയുടെ കാലം ലോകത്തിനുതന്നെ പ്രതീക്ഷ നല്‍കുന്നതാണ്. ലോകത്തെവിടേയും അശാന്തിയും അവഗണനയുമൊക്കെ കൂടിവരുന്ന കാലഘട്ടത്തിലാണ് മഹാബലി ചക്രവര്‍ത്തിയുടെ പ്രസക്തി. സോഷ്യലിസമോ, മാര്‍ക്സിസമോ, മതേതരമോ ഏത് രാഷ്ട്രമായാലും ഏത് തത്വസംഹിതയുടെ ഭരണമായാലും ലക്ഷ്യബോധത്തിലെത്തുവാന്‍ ഇന്നും സാധിക്കാത്ത അവസ്ഥയുടെ പശ്ചാത്തലത്തിലാണ് നാം. ഇതിനൊക്കെ അതീതമായി എല്ലാ 'ഇസ'ങ്ങളേയും ചേര്‍ത്തുപിടിച്ച് സഹജീവികളെ ഒന്നായി കണ്ട് സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സത്യത്തിന്റേയും ശാന്തിയുടേയുമൊക്കെ ഒരനുഭവകാലം. സ്വപ്നത്തിലാണെങ്കിലും പ്രതീക്ഷയിലാണെങ്കിലും പ്രവര്‍ത്തിയിലാണെങ്കിലും ആ തത്വസംഹിതയാണ് നാം ചേര്‍ത്തുപിടിച്ച് പഠിക്കേണ്ടതും അറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. ഇവിടെയാണ് മഹാബലി ചക്രവര്‍ത്തിയുടെ രാഷ്ട്രബോധം. ആ ബോധമാണ് ഏത് രാഷ്ട്രമായാലും ഉള്‍ക്കൊള്ളേണ്ടത്.

ഇവിടെ ഇപ്പോള്‍ വിഷയമായിരിക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണം ആഘോഷിക്കേണ്ടതുണ്ടോ എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ക്ക് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് നികുതിദായകരുടെ പണം കൊണ്ടാണെന്ന് മനസ്സിലാക്കാത്തവരാണോ ഈ ഉദ്യോഗസ്ഥവൃന്ദം? രാവിലെ 9 മണിക്കോ 10 മണിക്കോ ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തി മുങ്ങി നടക്കുന്നവരാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരുമെന്ന് അറിയാത്തവര്‍ ആരുണ്ട് കേരളത്തില്‍. ജോലി ചെയ്യാതെ ശമ്പളം പറ്റുന്ന രീതിക്ക് സുല്ലിടാനാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു മാറ്റം വരുത്തിയത്.
എന്നാല്‍, ഓഫീസുകളില്‍ ഓണാഘോഷം നടത്തുന്നതിനോ പൂക്കളമിടുന്നതിനോ അദ്ദേഹം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാ ജാതിമതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ, ഓണക്കാലമാകുമ്പോള്‍ ജോലിക്കു വന്ന് ഹാജര്‍ രേഖപ്പെടുത്തി ജോലി ചെയ്യാതെ പൂക്കളമിടാനും തിരുവാതിര കളിക്കാനും നിന്നാല്‍ അത് സര്‍ക്കാരിനോടും ജനങ്ങളോടും ചെയ്യുന്ന അനീതിയല്ലേ? അതൊഴിവാക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ പരിപാടികളില്‍ മതത്തെ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കള്‍ ഒഴിവാക്കണമെന്ന്. അദ്ദേഹം പറഞ്ഞതാണ് ശരി.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷത്തിന്‍െറ പേരില്‍ പ്രവൃത്തിസമയം നഷ്ടപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്? കേരളത്തില്‍ ഓണത്തിന് ഒട്ടേറെ അവധി ദിനങ്ങളുണ്ട്. പൂക്കളം ഇട്ടേ പറ്റൂ എന്ന് നിര്‍ബ്ബന്ധമുള്ളവര്‍ക്ക് ഓഫീസ് സമയത്തിനു മുന്‍പ് നേരത്തെ എത്തി ആ ആഗ്രഹം നിറവേറ്റാമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ, ഓണസമയത്ത് കച്ചവടക്കാര്‍ പല സാധനങ്ങളും വിറ്റഴിക്കാന്‍ ഓഫീസുകളില്‍ കയറിയിറങ്ങാറുണ്ടത്രേ. ജീവനക്കാര്‍ക്ക് ഷോപ്പിംഗും മറ്റും നടത്താന്‍ അവധികളുണ്ട്. പിന്നെ എന്തിന് പ്രവൃത്തി സമയങ്ങളില്‍ ഓഫിസുകളില്‍ അനാവശ്യമായ പ്രവണതകള്‍ക്ക് പ്രോത്സാഹനം കൊടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആ പ്രവണതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാണ് മുഖ്യമന്ത്രി ഓണോഘോഷത്തെ എതിര്‍ത്തുവെന്ന തരത്തില്‍ പ്രചരണം നടക്കുന്നത്.

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ ‍...."

സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ കുമാരനാശാന്റെ ഈ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സമൂഹം തയ്യാറല്ല. ചട്ടങ്ങളെ മാറ്റുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് മനസ്സില്ല എന്നതിന്റെ തെളിവാണ് ഈ ഓണനാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അസഹിഷ്ണുത. മുന്‍‌സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അങ്ങനെയായിരുന്നു... ഇങ്ങനെയായിരുന്നു...അത് മാറ്റാന്‍ പറ്റില്ല എന്ന് ശഠിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ഒരു മുന്നറിയിപ്പു കൂടിയാണ് ഇപ്പോള്‍ നടത്തിവരുന്ന ഈ മാറ്റങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ