Thursday, September 8, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം ഏഴ്

കിഴക്കെ ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പ്രഭാപൂരം പരത്തിക്കൊണ്ട് ചന്ദ്രക്കല ഭൂമിയിലേക്കെത്തി നോക്കി. കൂട്ടം തെറ്റിയ കാക്കകള്‍ ഒരോന്നായി കൂടണയാന്‍ തിടുക്കത്തില്‍ പറന്നു പൊയ്ക്കൊണ്ടിരുന്നു. പകലിനേക്കാള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്. രാത്രി സുന്ദരിയാണ്. ഡല്‍ഹിയില്‍ ജീവിതം ആരംഭിച്ചതിനുശേഷമാണ് രാത്രികളെ സ്നേഹിക്കാന്‍ പഠിച്ചത്.
 
സന്ധ്യയുടെ ചുവപ്പില്‍ നിന്നും കുളിര്‍മ്മയുടെ കറുപ്പോടെ കയറി വരുന്ന തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. തന്‍റെ ഏകാന്തതയില്‍ നിശ്ശബ്ദമായി തനിക്ക് കൂട്ടായെത്തുന്നവള്‍. വിരസമായ പകലുകള്‍ക്കു ശേഷം തന്‍റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ സുഖം നല്‍കുന്നവള്‍.
 
കറുത്തതായാലും അവള്‍ അതിസുന്ദരിയാണ്. കാട്ടുപെണ്ണിനെപ്പോലെ നിഷ്ക്കളങ്കയാണ്. നിശ്ശബ്ദതയെ കീറിമുറിച്ച് കിളികള്‍ ചിലക്കുമ്പോള്‍ അവള്‍ ഞെട്ടി എഴുന്നേല്‍ക്കും. തിടുക്കപ്പെട്ട് യാത്രപോലും പറയാതെ ഓടി മറയും. രാത്രിയുടെ യാമങ്ങളില്‍ ഏകാന്തനാകുമ്പോള്‍ അവളുടെ സാമീപ്യം അനുഭൂതിയുളവാക്കും. അവള്‍ ചിരിക്കുന്നത് നിലാവുള്ള രാത്രികളിലാണ്. നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി കാവലായി താനും ഉറങ്ങാതിരിക്കും.
 
"നീ ഇപ്പോഴും ആലോചനയിലാണോ?" ശ്രീധരന്‍റെ ചോദ്യം രവിയെ ചിന്തയില്‍ നിന്നുണര്‍ത്തി.
 
"ഏയ്" മുഖത്തെ ജാള്യത മറച്ച് രവി പറഞ്ഞു.
 
പഞ്ചായത്ത് റോഡ് ചെന്നവസാനിക്കുന്നത് മെയിന്‍ റോഡിലാണ്. അതൊരു കവലയാണെന്നു വേണമെങ്കില്‍ പറയാം. പണ്ടവിടെ ഒന്നുരണ്ടു പലചരക്കു കടകളും ഒരു ചായക്കടയും രണ്ടുമൂന്നു പെട്ടിക്കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ജംഗ്ഷനില്‍ തന്നെ ഒരു പഞ്ചായത്തു കിണറും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ഞങ്ങള്‍ കുറച്ചുപേരുടെ സമ്മേളന സ്ഥലമായിരുന്നു അവിടം. ആ പഞ്ചായത്തു കിണറിനു ചുറ്റുമിരുന്ന് വഴിയേ പോകുന്നവരെ കമന്‍റടിച്ചും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും സമയം കളയുമായിരുന്നു. ആകെയുള്ള രണ്ടുനിലക്കെട്ടിടം വര്‍ഗീസ് ചേട്ടന്‍റേതായിരുന്നു. രണ്ടുനിലയെന്നു പറഞ്ഞാല്‍ പഴയ കാലത്തെ ഓടിട്ട ഒരു കട. അതിനു മുകളില്‍ ഒരു മുറി. ഗ്രാമീണ വായനശാല പ്രവര്‍ത്തിച്ചിരുന്നത് ആ മുറിയില്‍ ആയിരുന്നു. വൈകീട്ട് ഞങ്ങളുടെ സമ്മേളനം അവിടെയും നടക്കുമായിരുന്നു.
 
ഇന്ന് ആ സ്ഥലം പാടേ മാറിയിരിക്കുന്നു. പഴയ ഓടിട്ട കടയുടെ സ്ഥാനത്ത് രണ്ടു നിലകളിലായി എട്ടുപത്തു മുറികളുള്ള ഒരു ബില്‍ഡിംഗ്. പിന്നേയും പല കടകളും ഹോട്ടലുകളും, ചായക്കട, മുറുക്കാന്‍ കട, ബേക്കറി, ചിക്കന്‍ സെന്‍റര്‍, വീഡിയോ ലൈബ്രറി, ടെലഫോണ്‍ ബൂത്ത് എന്നുവേണ്ട പലതരം ബിസിനസ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു വശത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍റും മറുവശത്ത് ഓട്ടോ സ്റ്റാന്‍റും. കാലങ്ങള്‍ മാറിയതോടെ നാടിന്‍റെ മാറ്റവും കണ്ട് രവി അത്ഭുതപ്പെട്ടു.
 
"അല്ലാ, ഇതാരാ? അറിയുമോടോ?" ഒരാള്‍ അടുത്തു വന്നു ചോദിച്ചു. ആളെ മനസ്സിലാകാതെ രവി പരുങ്ങി.
 
"നീ മറന്നു കാണും. ഇതാണ് നമ്മുടെ രാജു...ഓര്‍ക്കുന്നോ?" ശ്രീധരന്‍ ചോദിച്ചു.
 
"ഓ.....മൈ ഗോഡ്. രാജു..കണ്ടിട്ട് മനസ്സിലായില്ല കേട്ടോ" രവി അത്ഭുതം കൂറി.
 
"നീ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഒന്നുരണ്ടു ദിവസം കഴിഞ്ഞിട്ട് കാണാമെന്നു വിചാരിച്ചു. ഏതായാലും ഇപ്പോള്‍ കണ്ടതില്‍ വളരെ സന്തോഷം"
 
രാജുവും ശ്രീധരനും താനും ഒരേ ക്ലാസ്സില്‍ പഠിച്ചവരായിരുന്നു. രവി ഓര്‍ത്തു.
 
"പണ്ട് ശ്രീരാമന്‍ വനവാസത്തിനു പോയ പോലെയായല്ലോ നിന്‍റെ കാര്യം. എന്നാലും നാടിനോടും നാട്ടുകാരോടും അത്രയ്ക്ക് വെറുപ്പായോ നിനക്ക്. വീടിന്‍റെ കാര്യം പറയുന്നില്ല." രാജുവിന്‍റെ പരിഭവം.
 
തന്‍റെ മനസ്സില്‍ പുകയുന്ന നെരിപ്പോടിന്‍റെ ശക്തി എത്രയാണെന്ന് ഇവനറിയില്ലല്ലോ. രവി മനസ്സില്‍ ഓര്‍ത്തു......................

വര്‍ഷങ്ങള്‍ക്കുമുന്‍പ് പെട്ടെന്നൊരു ദിവസം സ്വന്തം അച്ഛന്‍റെ തിരസ്ക്കാരത്തില്‍ മനം പിടഞ്ഞുമരിച്ചപ്പോള്‍ ഇളകി മറിഞ്ഞു വീണത് ഒരു പതിനഞ്ചുകാരന്‍റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കരയാന്‍ പോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്‍റെ അലര്‍ച്ചകള്‍ മാറ്റൊലിക്കൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ചിതാഭസ്മം മണക്കുന്ന ഇടനാഴികളിലായിരുന്നു. അതിനു താന്‍ വില നല്‍കേണ്ടിവന്നത് ചില നല്ല മനുഷ്യരുടെ സ്നേഹബന്ധങ്ങളായിരുന്നു. ഒപ്പം മനസ്സിനേല്പിച്ച വൃണങ്ങളില്‍ തിരസ്ക്കാരത്തിന്‍റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകളും. പിന്നൊരു ഒളിച്ചോട്ടമായിരുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് തന്‍റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ചു. ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി, എന്തിനെന്നറിയാതെ. എത്തിപ്പെട്ടത് നഗരത്തിന്‍റെ നിശാവസ്ത്രം പുതച്ച, മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്‍വീഥികളിലായിരുന്നു. ആ കഥയൊക്കെ ഇവരുണ്ടോ അറിയുന്നു. രവി ആത്മഗതം ചെയ്തു.
 
"ഏയ്, അതൊന്നുമല്ലെടാ...എല്ലാം വിശദമായി ഒരിക്കല്‍ സംസാരിക്കാം." രവി പറഞ്ഞു.
 
"എങ്കില്‍ വാ....നമുക്കോരോ കാപ്പി കുടിക്കാം." അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. മൂന്നു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തു.

"പിന്നെ, പറയെടാ നിന്‍റെ വിശേഷം. നീ ആളാകെ മാറിപ്പോയി. തടി അല്പം കൂടുതലാണോ എന്നൊരു സംശയം." രാജു വിടാനുള്ള ഭാവമില്ല.
 
"നീ ഇപ്പോള്‍ എന്തു ചെയ്യുന്നു?" രവിയുടെ ചോദ്യം കേട്ട് രാജു ശ്രീധരന്‍റെ മുഖത്തേക്കു നോക്കി.
 
"അവന്‍റെ കഥ ഒരു നീണ്ട കഥ തന്നെയാണ് രവീ. സൗകര്യം പോലെ അവന്‍ തന്നെ അതു പറയും." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"അതൊക്കെ പോകട്ടെ. നിന്‍റെ കാര്യം പറഞ്ഞില്ല......" രാജു ചോദിച്ചു.
 
"അതും ഒരു നീണ്ടകഥയാണ്. പിന്നെ പറയാം." മൂന്നു പേരും ചിരിച്ചു.
 
"വാസുവേട്ടാ, ഇങ്ങോട്ടൊന്നു വന്നേ. ഒരാളെ പരിചയപ്പെടുത്താം." കൗണ്ടറിലിരുന്ന ആളെ ശ്രീധരന്‍ വിളിച്ചു. അയാള്‍ അടുത്തു വന്നു.
 
"വാസുവേട്ടന്‍ ഈ ഇരിക്കുന്ന ആളെ അറിയുമോ?" ശ്രീധരന്‍റെ ചോദ്യത്തിന് ഇല്ല എന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
 
"ആരാ, മനസ്സിലായില്ല."
 
"വാസുവേട്ടാ, ഇത് നമ്മുടെ വില്വമംഗലത്തെ......."

ശ്രീധരന്‍ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അയാള്‍ രവിയെ രണ്ടുകൈകള്‍ കൊണ്ടു പൊക്കി നിര്‍ത്തി ഇരു തോളുകളിലും കൈകള്‍ വെച്ച് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ചിരിക്കുകയാണെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് രവി ശ്രദ്ധിച്ചു. വല്ലാത്തൊരവസ്ഥയില്‍ അന്തംവിട്ടു നില്‍ക്കുന്ന രവിയെ കെട്ടിപ്പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു....

"നീ എന്നെങ്കിലുമൊരിക്കല്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലും ഇത്രയും നാള്‍....?"

 
ചോദ്യഭാവേന രവി ശ്രീധരനെ നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ ശ്രീധരനും രാജുവും ഇരിക്കുകയാണ്. വാസുവേട്ടനും അടുത്തുള്ള കസേരയിലിരുന്നു.
 
"വാസുവേട്ടാ...അവനെ വെറുതെ വിഷമിപ്പിക്കാതെ ആരാണെന്നൊന്നു പറഞ്ഞു കൊടുക്ക്. അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ പറയാം." ശ്രീധരന്‍ വാസുവേട്ടനെ നോക്കി പറഞ്ഞു നിര്‍ത്തി.

അപ്പോഴും വാസുവേട്ടന്‍ രവിയെത്തന്നെ നോക്കിയിരിക്കുകയാണ്. ആ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് അപ്പോഴാണ് രവിയുടെ ശ്രദ്ധയില്‍ പെട്ടത്. എത്ര ആലോചിച്ചിട്ടും രവിക്ക് ആളെ മനസ്സിലായില്ല.
 
"നിന്‍റെ ശേഖരന്‍ മാമന്‍റെ മൂത്ത മകനെപ്പറ്റി നീ കേട്ടിട്ടുണ്ടോ? പണ്ടത്തെ ബോംബെവാല?"

 ശ്രീധരന്‍റെ ചോദ്യം കേട്ട് രവി അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ തന്‍റെ മുന്‍പിലിരിക്കുന്ന ആളെ നോക്കി. താന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഒരിക്കല്‍ നാട്ടില്‍ വന്നതു കണ്ടത് ചെറിയൊരോര്‍മ്മയുണ്ട്. അന്ന് ബോംബെയിലാണെന്നു പറഞ്ഞാല്‍ ഇന്നത്തെ ഗള്‍ഫുകാരെക്കാള്‍ ഗമയായിരുന്നു. അമ്മയുടെ മൂത്ത സഹോദരനാണ് ശേഖരമാമ. ആ അമ്മാവന്‍റെ മകനാണ് തന്‍റെ മുന്‍പിലിരിക്കുന്ന വാസുദേവനെന്ന വാസുവേട്ടന്‍ ! രവി തന്‍റെ കുട്ടിക്കാലത്തേക്ക് ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി.
 
എന്താണ് പറയേണ്ടതെന്നറിയാതെ രവി കുഴഞ്ഞു. ബോംബെയിലെവിടെയോ ബിസിനസ്സാണെന്നു അന്നത്തെ കാലത്ത് പറയുന്നതു കേട്ടിട്ടുണ്ട്. നാട്ടില്‍ അങ്ങനെയൊന്നും വരാറില്ല. ചെറുപ്പത്തിലേ നാടുവിട്ട് ബോംബെയിലെത്തിയതാണ്. ഒരിക്കല്‍ വന്നപ്പോഴാണ് വീട്ടിലും വന്നത്. അഞ്ചാം ക്ലാസ്സുകാരനായ തന്നെ അടുത്തു വിളിച്ചു നിര്‍ത്തി ഒരു പേന സമ്മാനമായി തന്നിട്ട് പറഞ്ഞു 'മിടുക്കനായി പഠിക്കണം' എന്ന്. ആ ഓര്‍മ്മയേ ഉള്ളൂ.
 
"നീയെന്താ രവീ ആലോചിക്കുന്നത്? ഇനിയും വിശ്വാസമായില്ലേ?" വാസുവേട്ടന്‍റെ ചോദ്യം കേട്ട് രവി പരിസരബോധം വീണ്ടെടുത്തു.
 
"ഏയ് ഒന്നുമില്ല. ഞാന്‍ പഴയ കാര്യങ്ങള്‍....?"
 
"എനിക്കറിയാം നിനക്കെന്നെ മനസ്സിലായില്ലെന്ന്. വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ?"
 
"അച്ഛന് കലശലാണെന്ന വിവരം അറിഞ്ഞിട്ടു വന്നതാണ്." രവി പറഞ്ഞു.
 
"കലശലോ? എന്തു കലശല്?" അത്ര സുഖകരമല്ലാത്ത രീതിയില്‍ വാസുവേട്ടന്‍ പറഞ്ഞു.
 
"അനുഭവിക്കണം. എല്ലാം അനുഭവിപ്പിച്ചേ ദൈവം തിരിച്ചു വിളിയ്‌ക്കൂ. അത്രയ്ക്കും ദ്രോഹമല്ലേ എന്‍റെ അമ്മായിയോട് അയാള്‍ ചെയ്തത്." കോപവും സങ്കടവും ആ ശബ്ദത്തില്‍ ധ്വനിച്ചിരുന്നു.
   രവി ഒന്നും ഉരിയിടാതെ അയാളെത്തന്നെ നോക്കിയിരുന്നു.
 
"വാസുവേട്ടാ, എന്താ ഇത്?" ശ്രീധരന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
 
"സോറി രവീ, എന്‍റെ വിഷമം കൊണ്ട് പറഞ്ഞുപോയതാണ്. നിങ്ങള്‍ കാപ്പി കുടിക്കൂ." വാസുവേട്ടന്‍ കൗണ്ടറിനകത്തേക്കു കയറി.
 
അച്ഛന്‍റെ ചെയ്തികളില്‍ താന്‍ മാത്രമല്ല മറ്റു പലര്‍ക്കും മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. രവി സ്വയം പറഞ്ഞു. പ്രഹരമേറ്റ പ്രതീക്ഷകള്‍ കലമ്പിക്കൂടിയ മനസ്സുമായി രവി ഇരുന്നു. ചിന്തകള്‍ക്കു മേലെ ഒരുപിടി മോഹങ്ങളും സ്വപ്നങ്ങളും ചേര്‍ത്ത് വെച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തുമ്പോള്‍ ഇന്നോ നാളെയോ അവ പ്രാവര്‍ത്തികമാവുമെന്ന് താന്‍ വിശ്വസിച്ചു. ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റുന്നില്ല. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പലായനങ്ങള്‍.....ആഗ്രഹങ്ങള്‍ എവിടെയൊക്കെയോ ചെന്നിടിച്ച് ചിതറിത്തെറിച്ച വെള്ളാരം കല്ലുകള്‍ പോലെയായി.
 
"രവീ, നീ ഇനിയും പലതും കേള്‍ക്കും. മനസ്സു തളരരുത്. സംയമനം പാലിക്കണം." രാജു ഉപദേശിച്ചു.
 
കാപ്പി കുടി കഴിഞ്ഞ് മൂന്നുപേരും എഴുന്നേറ്റു. പണം കൊടുക്കാന്‍ ശ്രീധരന്‍ കൗണ്ടറിനടുത്തേക്കു ചെന്നപ്പോഴേക്കും വാസുവേട്ടന്‍ പുറത്തിറങ്ങി വന്നു. ശ്രീധരന്‍ കൊടുത്ത കാശ് തിരിച്ചു കൊടുത്തിട്ടു പറഞ്ഞു.... "കണക്കിലെഴുതിക്കൊള്ളാം." എല്ലാവരും ചിരിച്ചു.
 
"രവീ നീ വന്നെന്നറിഞ്ഞാല്‍ അമ്മ എനിക്ക് ഇരിക്കപ്പൊറുതി തരികയില്ല. അതുകൊണ്ട് നാളെത്തന്നെ നീ വീട്ടിലേക്കു വരണം."
 
നോക്കട്ടെ വാസുവേട്ടാ എന്നും പറഞ്ഞ് രവി അവിടെ നിന്നിറങ്ങി.
 
"രവീ, കാര്യങ്ങളുടെ ഗൗരവം നിനക്കേതാണ്ട് മനസ്സിലായിക്കാണുമല്ലോ?" ശ്രീധരനും രാജുവും ചോദിച്ചു.
 
"എന്നുവെച്ച് നീ വേവലാതിപ്പെടുകയൊന്നും വേണ്ട. നാളെ നേരം വെളുക്കുമ്പോള്‍ നീ വന്നിട്ടുണ്ടെന്ന വിവരം എല്ലാവരും അറിയും. പല കഥകളുമായി പലരും വരാന്‍ സാധ്യതയുണ്ട്. വളരെ ആലോചിച്ചേ എല്ലാവരോടും മറുപടി പറയാവൂ. നമുക്ക് സൗകര്യമായി പിന്നീടൊരിക്കല്‍ സംസാരിക്കാം. ഇപ്പോള്‍ നിന്നെ വീട്ടില്‍ കൊണ്ടുവിടാം. ഈ നാട്ടില്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ പാതിരാത്രിയാണ്." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.

"ആ കുന്ത ചാലില്‍ ചെന്ന് തെയ്യന്താരേ...
ആ കുന്ത വേരെടുത്ത് തെയ്യന്താരേ..
വെയിലത്തിട്ടൊന്നു വാട്ടി തെയ്യന്താരേ..
മെയ്യണി കുഞ്ഞഴി തെയ്യന്താരേ
വട്ടിയും നെയ്യുവാണേ തെയ്യന്താരേ..."

ആരോ രണ്ടുപേര്‍ മതിമറന്നു പാടിക്കൊണ്ട് മുന്നില്‍ നടന്നുപോകുന്നു. ഒരാണും ഒരു പെണ്ണും.
 
"ആരാണവര്‍?"
 
"കഞ്ഞേലായിയേ..., ഇന്നു രണ്ടും നല്ല ഫിറ്റാണല്ലോ?" അടുത്തു ചെന്ന് ശ്രീധരന്‍ ചോദിച്ചു.

വേലായുധന്‍ എന്ന പേര് നാട്ടുകാര്‍ വിളിച്ച് വിളിച്ച് കുഞ്ഞേലായി എന്നായി മാറിയതാണ്. പണിക്കുപോകുന്ന വീടുകളില്‍ എല്ലാവരും വേലായി എന്നു വിളിച്ച് കൂട്ടത്തില്‍ ഒരു കുഞ്ഞും കൂടെ ചേര്‍ത്ത് അങ്ങനെ കുഞ്ഞു വേലായി 'കുഞ്ഞേലായി'യായി.

കുഞ്ഞേലായി തിരിഞ്ഞു നിന്നു. കൂട്ടത്തില്‍ ഭാര്യ കുറുമ്പയുമുണ്ട്.

"ങ്ആ, തമ്പ്രാനേ...ഇന്നിച്ചിരി കൂടിപ്പോയി." കുഞ്ഞേലായിയും കുറുമ്പയും വഴിയോരത്തേക്ക് മാറി ഒതുങ്ങി നിന്നു. തോളില്‍ തോര്‍ത്തില്‍ കെട്ടിയ നിലയില്‍ രണ്ടു കെട്ടുകളുമുണ്ട്. ഒന്ന് പുറകിലേക്കും ഒന്നു മുന്‍പിലേക്കും ഇട്ടിരിക്കുന്നു. കുറുമ്പയുടെ കൈയില്‍ മുഷിഞ്ഞ ഒരു സഞ്ചിയുണ്ട്. സഞ്ചിക്കുള്ളില്‍ എന്തൊക്കെയോ പലവ്യജ്ഞനങ്ങളാണെന്നു തോന്നുന്നു.

രവിക്ക് അവരെ മനസ്സിലായി. വര്‍ഷങ്ങളുടെ പഴക്കം അവരുടെ ശരീരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പക്ഷേ, കാലചക്രം കറങ്ങിയപ്പോഴും അവരുടെ ദിനചര്യകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെ. പണ്ടും ഇങ്ങനെയായിരുന്നു. നേരം വെളുക്കുമ്പോള്‍ രണ്ടും പണിക്കിറങ്ങും. സന്ധ്യയാകുമ്പോള്‍ കൂലിയും വാങ്ങി വീട്ടിലേക്കുള്ള അരിയും സാധനങ്ങളുമൊക്കെ വാങ്ങി അടുത്ത ഷാപ്പില്‍ കയറി അല്പം അകത്താക്കി പാട്ടും പാടി റോഡിലൂടെ നടന്നു നീങ്ങും. എത്ര സന്തോഷകരമായ ജീവിതം. ആരോടും പരാതിയില്ല, പരിഭവവുമില്ല. പണ്ട് അച്ഛന്‍റെ പണിക്കാരായിരുന്നു രണ്ടുപേരും. ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നു.
 
"എന്താ കുഞ്ഞേലായി അറിയോ?" രവിയുടേ ചോദ്യം കേട്ട് ബഹുമാനത്തോടെ ശ്രീധരന്‍റെ മുഖത്തേക്കു നോക്കി. കാലുറയ്ക്കാതെ ആടിയാടിയാണ് നില്പ്. തന്നെ മനസ്സിലാകാതെ സൂക്ഷിച്ചു നോക്കുന്നുണ്ടെങ്കിലും വീണ്ടും ശ്രീധരന്‍റെ നേരെ തിരിഞ്ഞു.
 
"കുഞ്ഞേലായീ ഇതു ഞാനാ. പഴയ രവിക്കുഞ്ഞ്"
 
"യ്യോ രവിക്കുഞ്ഞേ....."കുഞ്ഞേലായിക്ക് വിശ്വാസം വരാതെ രവിയുടെ കൈകളില്‍ കയറിപ്പിടിച്ചു. പെട്ടെന്ന് വിടുകയും ചെയ്തു.
 
"എന്താ കുഞ്ഞേലായി .....എന്തു പറ്റി?" രവി ചോദിച്ചു.
 
"യ്യോ ഇപ്പ രവിക്കുഞ്ഞല്ല, തമ്പ്രാനായില്ലേ? അതുകൊണ്ടാ." കുഞ്ഞേലായി ഭവ്യതയോടെ മാറി നിന്നു.
 
"അതുകൊണ്ടെന്താ കുഞ്ഞേലായി ..ഞാന്‍ രവിക്കുഞ്ഞു തന്നെയാണ്."
 
"ഓ...... " കുഞ്ഞേലായി തലചൊറിഞ്ഞുകൊണ്ട് ചിരിച്ചു. മുമ്പിലെ പല്ലുകള്‍ കൊഴിഞ്ഞു പോയതുകൊണ്ട് ആ ചിരി കാണാനും ഒരു രസമുണ്ടായിരുന്നു.
 
"എന്താ കുഞ്ഞേലായി ...പല്ലൊക്കെ കുറുമ്പ തല്ലിക്കളഞ്ഞതാണോ?" രവി ചോദിച്ചു. കുഞ്ഞേലായി തലതല്ലി ചിരിച്ചു.
 
"യ്യോ തമ്പ്രാ, ഏനൊന്ന്വല്ലേ.." കുറുമ്പ ദയനീയതയോടെ രവിയെ നോക്കി പറഞ്ഞു.
 
"ങ്ആ, നിങ്ങള്‍ പൊയ്ക്കോ. പിന്നെ കാണാം" രവി പറഞ്ഞു. രണ്ടുപേരും ആടിയാടി നടന്നു നീങ്ങി.
 
"നമ്മുടെ തമ്പ്രാനും തെയ്യന്താരേ
കുഞ്ഞുണ്ണിത്തമ്പ്രാനും തെയ്യന്താരേ
വട്ടി തരികവേണം തെയ്യന്താരേ
മെല്ലണ കുഞ്ഞഴകി തെയ്യന്താരേ...."

രണ്ടുപേരും പാടിപ്പാടി അകന്നുപോകുന്നതും നോക്കി രവിയും ശ്രീധരനും രാജുവും ചിരിച്ചു.
 
"പാവങ്ങളാണ്. പകലന്തിയോളം അദ്ധ്വാനിച്ച് കഷ്ടപ്പെട്ടു ജീവിക്കുന്നു." രാജു പറഞ്ഞു.
 
"ശരിയാണ്. പണ്ട് വീട്ടിലെ സ്ഥിരം പണിക്കാരായിരുന്നല്ലോ രണ്ടുപേരും." രവി ഓര്‍ത്തു.
 
"നീ വാ" ശ്രീധരനും രാജുവും പടിപ്പുരവരെ അനുഗമിച്ചു. പിറ്റേന്ന് കാണാമെന്നു പറഞ്ഞ് രണ്ടുപേരും പോയി.



(........തുടരും.)

No comments:

Post a Comment