2016 ഡിസംബർ 13, ചൊവ്വാഴ്ച

വിഘടനവാദികളായ ശിവസേനയുടെ തന്ത്രങ്ങള്‍ ! (ലേഖനം)

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം വിവേകശൂന്യാമാണെന്നു വേണം പറയാന്‍. ശിവസേനയുടെ ഈ നിര്‍ദ്ദേശത്തിന് അവര്‍ നിരത്തുന്ന കാരണങ്ങളാണ് അതിലേറെ രസകരം. ഇന്ത്യയില്‍ ജോലി ചെയ്യുന്ന എല്ലാ പാക് കലാകാരന്‍മാരെയും മറ്റു ജോലികള്‍ ചെയ്യുന്നവരെയും എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ മോദി തയ്യാറാകണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. "പാക്കിസ്ഥാനി കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷന്‍ പ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വന്നു പണം നേടുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ ഒറ്റുകാരാണ്. ഇന്ത്യയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഇന്ത്യക്കാരുടെ പണമാണ് അവര്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അത് അനുവദിച്ചുകൂടാ..." അങ്ങനെ പോകുന്നു  ശിവസേനയുടെ വിശദീകരണം. അതിനാല്‍ ട്രംപ് പറഞ്ഞതുപോലെ ഒരു നിര്‍ദ്ദേശം ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ശിവസേന ചോദിക്കുന്നത്. പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്. കൂടാതെ ആരാണോ പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നത് അവരെ ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ മോദിക്ക് തീര്‍ച്ചയായും അത് നടപ്പാക്കാന്‍ സാധിക്കുമെന്നും ശിവസേന പറയുന്നു.

അമേരിക്കക്കാരുടെ ജോലി കളയാന്‍ മറുനാട്ടുകാരെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എച്ച്1ബി വിസയടക്കം എല്ലാ പുറം ജോലിക്കാരുടെ വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, അമേരിക്കന്‍ കമ്പനികളിലെ താത്ക്കാലിക ജോലിക്കാരെയെല്ലാം പറഞ്ഞുവിടുമെന്നും ട്രം‌പ് വെളിപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഐടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കുകയും ചെയ്യും. അടുത്തിടെ ഡിസ്‌നി വേള്‍ഡ് അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിച്ചിരുന്നു. ഇതുമൂലം അമേരിക്കക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍നഷ്ടം സംഭവിച്ചതെന്നും ട്രം‌പ് പറഞ്ഞിരുന്നു.

ട്രം‌പിന്റെ പ്രസ്താവനയില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്ത് എന്താണെന്ന് അറിഞ്ഞിട്ടുതന്നെയാണോ ശിവസേന മോദിയോട് അങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്? ഒരു വഴിക്കു ചിന്തിച്ചാല്‍ ട്രം‌പ് പറയുന്നതിലും ശരികളുണ്ട്. കാരണം, വര്‍ഷം തോറും മില്യന്‍ കണക്കിന് വിദ്യാര്‍ത്ഥികളാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തു കടക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ സ്റ്റാറ്റിസ്‌റ്റിക്സ് കണക്കനുസരിച്ച് 2016-17 വര്‍ഷങ്ങളില്‍ കോളെജുകളും യൂണിവേഴ്സിറ്റികളും 1,018,000 അസ്സോസിയേറ്റ്സ് ഡിഗ്രിയും, 1.9 മില്യന്‍ ബാച്‌ലേഴ്സ് ഡിഗ്രിയും, 798,000 മാസ്റ്റേഴ്സ് ഡിഗ്രിയും, 181,000 ഡോക്ടേഴ്സ് ഡിഗ്രിയും വിതരണം ചെയ്യുമെന്നാണ് പറയുന്നത് (http://nces.ed.gov/fastfacts/display.asp?id=372). ഇങ്ങനെ ബിരുദം സമ്പാദിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രസിഡന്റ് എന്ന നിലയില്‍ ട്രം‌പിന്റെ ഉത്തരവാദിത്വമാണ്. അമേരിക്കയിലെ കോളേജ് വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭീമമായ പണച്ചിലവുള്ളതാണ്. മിക്കവരും സ്റ്റുഡന്റ് ലോണ്‍, പാരന്റ് ലോണ്‍ മുതലായവ കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ഡിഗ്രി കരസ്ഥമാക്കി ഒരു ജോലി ലഭിച്ച് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയുള്ളവര്‍ക്ക് മാന്യമായ ശമ്പളത്തില്‍ ജോലി പോലും ലഭിച്ചില്ലെങ്കിലോ? ആ ആശങ്കയാണ് ട്രം‌പിനെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഊഹിക്കാം. എന്നാല്‍ മറുവശത്ത് എച്ച്1 ബി പോലുള്ള വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശിയരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ, തൊഴിലിനെ ബാധിക്കുന്നതാണ് ട്രം‌പിന്റെ പ്രഖ്യാപനം. വര്‍ഷങ്ങളായി എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടിയായിരിക്കുമത്. അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം.

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ നരേന്ദ്ര മോദിക്ക് തലതിരിഞ്ഞ നിര്‍ദ്ദേശം കൊടുത്ത ശിവസേനയുടെ ലക്ഷ്യം എന്താണ് ? ഭാരതീയരില്‍ തന്നെ വിഭാഗീയത അല്ലെങ്കില്‍ വിഘടന മനോഭാവം സൃഷ്ടിക്കുക. രാജ്യസ്നേഹമല്ല അവരുടേത്, മറിച്ച് മറാത്ത സ്നേഹമാണ്. മറാത്തികള്‍ മാത്രം മഹാരാഷ്‌ട്രയില്‍ ജോലി ചെയ്താല്‍ മതി എന്നാണ് ശിവസേനയുടെ നയം.  ഇന്ത്യക്കാരായിരുന്നിട്ടുപോലും അന്യസംസ്ഥാനക്കാരെ വിരട്ടിയോടിക്കുന്ന പാരമ്പര്യമാണ് മറാഠികള്‍ക്കുള്ളത്. അമേരിക്കയിലുള്ളതുപോലെ ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി എത്ര പാക്കിസ്ഥാനികള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുത്തിട്ടുള്ളത്? പാക്കിസ്ഥാനിയെ കണ്ടാല്‍ ബദ്ധശത്രുക്കളെപ്പോലെ കാണുന്ന ശിവസേനയെ ഭയന്നിട്ടുവേണോ രാജ്യത്തെ മറ്റുള്ളവര്‍ ജീവിക്കാന്‍. ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ഒരൊറ്റ കാരണത്താല്‍ നരേന്ദ്ര മോദി ശിവസേനയുടെ കളിപ്പാവയാകുകയില്ല എന്ന് പ്രതീക്ഷിക്കാം.

ഉറി ആക്രമണത്തെത്തുടര്‍ന്ന് മുംബൈയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാക് കലാകാരന്മാരെയും ടെക്‌നീഷ്യന്മാരേയും ശിവസേനയുടെ ആഹ്വാനപ്രകാരം പുറത്താക്കിയിരുന്നു. ഉത്തരവ് കിട്ടിയ ഉടനെ അവര്‍ രാജ്യം വിടുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മുബൈയില്‍ പാടാനെത്തിയ ശേഷം അപമാനിതനായി തിരിച്ചുപോകേണ്ടിവന്നു. മുംബൈയില്‍ പാടാന്‍ അനുവദിക്കുകയില്ലെന്ന ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ പാടാന്‍ ക്ഷണിച്ചെങ്കിലും അവിടേയും ശിവസേന പ്രതിഷേധവുമായെത്തിയതോടെയാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ടി വന്നത്. ഇനി ഇന്ത്യയിലേക്ക് പാടാന്‍ വരില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍, മുംബൈയിലും ഡല്‍ഹിയിലും പാടാന്‍ അനുവദിക്കാത്ത ശിവസേനയ്ക്ക് തിരിച്ചടിയെന്നോണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചു. അസഹിഷ്ണുതയ്ക്കുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് ഗുലാം അലിയെ ക്ഷണിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം വരികയും കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തില്‍ പാടാന്‍ ക്ഷണിച്ചത്. സാംസ്ക്കാരിക കേരളം അദ്ദേഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്താമെന്ന് സമ്മതിച്ചതെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. കാരണം, ശിവസേനയുടെ ശാഖകള്‍ കേരളത്തിലുമുണ്ടല്ലോ. എന്നാല്‍ അങ്ങനെ പ്രതിഷേധവുമായി അവര്‍ രംഗത്തുവരികയാണെങ്കില്‍ പ്രതിരോധിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഡി‌വൈ‌എഫ്‌ഐ.

കലാകാരന്മാരെ മാറ്റി നിര്‍ത്തിയാല്‍, പിന്നെയുള്ളത് സ്പോര്‍ട്സിലാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിക്കുകയില്ല എന്ന ശിവസേനയുടെ താക്കീതു പ്രകാരം അവരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിച്ചിട്ടില്ല. എന്നുവെച്ച് ശിവസേന പറയുന്നതെല്ലാം അപ്പാടെ സ്വീകരിച്ച് അതേപടി പ്രവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് എന്തു പ്രസക്തി?

സത്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നം ഒരു വണ്‍‌വേ ട്രാഫിക് പോലെയാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. എപ്പോഴും ശത്രുതയുടെ കനലുകൾ വിതറി, ഭാവിയിലെ സാമ്പത്തിക ചൂഷണത്തിന് വഴിതെളിക്കുക എന്നത് കോളനി വാഴ്ചയുടെ ചരിത്ര സത്യങ്ങളാണ്. ഇന്നും അത് നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച നെഹ്റു മുതലുള്ള എല്ലാ ഭരണാധികാരികളും പല സമയങ്ങളിൽ വിവിധ രൂപങ്ങളിൽ അയൽ ബന്ധങ്ങൾ സൗഹൃദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പിന്റെ മേഖലയിൽ എത്തുന്ന ഘട്ടങ്ങളിലൊക്കെ സംഘടിത തല്പര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടാകും, അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ കക്ഷികളിൽപ്പെട്ടവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നതെന്ന സത്യം നിലനില്‍ക്കുന്നു. അവര്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സത്യത്തില്‍ പാക്കിസ്ഥാന്‍ മാത്രമാണോ കുറ്റക്കാര്‍? അതോ സംഘ്‌പരിവാര്‍, ആര്‍‌എസ്‌എസ്, ശിവസേന മുതലായ വര്‍ഗീയ സഖ്യമാണോ?

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം‌എന്‍‌എസ്), ശിവസേന മുതലായ വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ട് ചെയ്തുകൂട്ടുന്ന അന്യായങ്ങള്‍ ചില്ലറയല്ല. അവരുടെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ മാത്രമല്ല, എല്ലാ രാഷ്‌ട്രീയ കക്ഷികളുടേയും അടിത്തറ ഇളക്കുമെന്നു തീര്‍ച്ച. ഇന്ത്യയിലെ വിവിധ വര്‍ഗീയ സംഘടനകളുടെ അജണ്ടയെക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെയും ശിവസേനയുടേയും. ഇന്ത്യയൊട്ടാകെ പ്രചരണം ഏറ്റെടുത്തു നടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൗകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ് കൂട്ടുകെട്ടിന് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്. മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും, അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു.

ഇപ്പോള്‍ ഡൊണാള്‍ഡ് ട്രം‌പിനെ മാതൃകയാക്കാന്‍ മോദിക്ക് വേദമോദിക്കൊടുത്ത ശിവസേന 1960-കളില്‍ മഹാരാഷ്ട്രയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഒരു വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും. അന്ന് തെക്കേ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് ശിവസേന അഴിച്ചുവിട്ടത്. ഹോട്ടലുകളില്‍ പണിയെടുക്കുന്നവരും, തെരുവു കച്ചവടക്കാരും, ചായക്കടക്കാരും, പലവ്യജ്ഞന കച്ചവടക്കാരുമൊക്കെ അന്ന് ശിവസേനയുടെ അക്രമങ്ങളില്‍ ബലിയാടുകളായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്‌ട്രയില്‍ നടന്ന സംഭവങ്ങള്‍. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയും, ബീഹാറികളടക്കമുള്ള വടക്കേ ഇന്ത്യക്കാരേയും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികളേയും, മുസ്ലീമുകള്‍ക്കും നേരെയായിരുന്നു നവനിര്‍മ്മാണ സേന അക്രമം അഴിച്ചുവിട്ടത്. മറാത്ത മറാഠികള്‍ക്കു മാത്രമുള്ളതാണ്, മറ്റുള്ളവര്‍ക്ക് ഇവിടെ എന്തു കാര്യം എന്നാണ് അവര്‍ ചോദിച്ചത്.

ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തര്‍പ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന മുംബൈ (ബോംബെ) എന്ന മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.

ഈ വര്‍ഗീയ പാര്‍ട്ടികളുടെ വക്താവായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാറുകയില്ല എന്നുതന്നെയാണ് നന്മകള്‍ കാംക്ഷിക്കുന്ന ഏതൊരു ഭാരതീയന്റേയും വിശ്വാസം. അമേരിക്കയേയും ഇന്ത്യയേയും താരതമ്യം ചെയ്ത് ഒരു ദ്രുവീകരണമാണ് ശിവസേന ലക്ഷ്യമിടുന്നതെങ്കില്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമായി അവശേഷിക്കുകയും, അതിന്റെ കാരണക്കാരനായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടം‌പിടിക്കുകയും ചെയ്യും. പാക്കിസ്ഥാന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുക്കുന്നത്? കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് പണിയെടുക്കുന്നതുപോലെ, മെക്സിക്കോയില്‍ നിന്ന് ദിവസവും അമേരിക്കയില്‍ വന്ന് ജോലി ചെയ്യുന്ന ഹിസ്പാനിക്കുകളെപ്പോലെ , പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ വന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ? അഥവാ വന്നാല്‍ നിമിഷനേരം കൊണ്ട് അവരെ പിടികൂടാനുള്ള സം‌വിധാനം നിലനില്‍ക്കേ എന്തുകൊണ്ടാണ് ശിവസേന ഇങ്ങനെയൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല. ഒരു പാക്കിസ്ഥാനിക്കും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ (നയതന്ത്രജ്ഞകാര്യാലയമൊഴികെ) അനുമതിയില്ലെന്ന് ശിവസേന നേതാക്കള്‍ക്ക് അറിവില്ലാത്തതുകൊണ്ടാണോ? അല്ല,  പ്രകോപനം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും രമ്യതയിലെത്തരുതെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി ഇന്ത്യയെ ആക്രമിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ അതേ ലക്ഷ്യത്തോടെ ശിവസേനയും അവരോട് സഖ്യമുള്ള വര്‍ഗീയ പാര്‍ട്ടികളും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രശ്നങ്ങള്‍ വഷളാക്കുന്നു. പാക്കിസ്ഥാന്റെ പേരു പറഞ്ഞ് മതേതര ഇന്ത്യയെ ജാതി-മത-വര്‍ഗ-ദേശപരമായി വിഘടിപ്പിക്കുകയെന്ന വര്‍ഗീയ പാര്‍ട്ടികളുടെ ഗൂഢ ലക്ഷ്യങ്ങളെ ബുദ്ധിപൂര്‍‌വ്വം കൈകാര്യം ചെയ്യാനും, ഉചിതമായ തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്ക് കഴിയണം.

2016 ഡിസംബർ 9, വെള്ളിയാഴ്‌ച

നോട്ടു നിരോധനവും മോദിയുടെ നിസ്സംഗതയും

കള്ളപ്പണക്കാരെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കാണിച്ച അതിബുദ്ധി ഇന്ന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ബാങ്കില്‍ കിടക്കുന്ന സ്വന്തം പണം പോലും അത്യാവശ്യത്തിന് പിന്‍‌വലിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ബാങ്കുകളുടെ മുന്‍പില്‍ യാചകരെപ്പോലെ പകല്‍ മുഴുവന്‍ പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളുടെ തിരക്ക് ദിവസം തോറും കൂടുന്നതല്ലാതെ കുറയുന്നില്ല. ആ ക്യൂവില്‍ നിന്നവരില്‍ തന്നെ എത്രയോ പേര്‍ ആത്മഹത്യ ചെയ്തു ! 'റോമാ സാമ്രാജ്യം കത്തിയെരി ഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി'യുടെ കഥ പോലെയാണ് ഇപ്പോഴും മോദി. താന്‍ ചെയ്തത് ഒരു പുണ്യകര്‍മ്മമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനെന്നോണം സ്വന്തം അമ്മയെ പോലും മോദി ക്യൂവില്‍ നിര്‍ത്തി. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ജനങ്ങള്‍ പൊരി വെയിലില്‍ ക്യൂ നിന്ന് പൊരിഞ്ഞിട്ടും അതൊക്കെ 'രാജ്യസ്നേഹ'മാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് മോദി ഇപ്പോഴും.

സത്യത്തില്‍ ഈ നോട്ടു നിരോധനം നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിക്കാനുള്ള കാരണമെന്താണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അര്‍ദ്ധരാത്രിയായിരുന്നതുകൊണ്ടാണോ? അതോ എല്ലാവരും ഉറക്കമാ യിരിക്കും, രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കട്ടേ എന്നു കരുതിയാണോ? മോദി ഒരു ഏകാധിപതിയെപ്പോലെയാണ് നോട്ട് നിരോധനത്തില്‍ തീരുമാനമെടുത്തതെന്നാണ് സമീപകാലങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തനിക്ക് പ്രിയമുള്ളവരെയൊക്കെ നേരത്തേ തന്നെ വിവരങ്ങള്‍ രഹസ്യമായി അറിയിച്ചിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. നവംബര്‍ 8-ന് സം‌പ്രേക്ഷണം ചെയ്യേണ്ട വിളംബരം നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്ത്, എഡിറ്റ് ചെയ്ത് നവംബര്‍ 8 ന് പുറത്തിറക്കാന്‍ പറ്റുന്ന വിധം റെഡിയാക്കി വെച്ചിരുന്നു എന്ന ദൂരദര്‍ശന്‍ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍, മോദിയ്ക്ക് എന്തൊക്കെയോ രഹസ്യ അജണ്ടയുണ്ടായി രുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

നോട്ട് നിരോധനം കൊണ്ട് മോദി എന്താണ് ഉദ്ദേശിച്ചിരുന്നത്? യഥാര്‍ത്ഥത്തില്‍ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ തന്നെയായിരുന്നോ? അതിന്റെ പിന്നാമ്പുറക്കഥകള്‍ എന്താണ്? നോട്ട് നിരോധനം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ആ പിന്നാമ്പുറക്കഥകളാണ് ഓരോന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ സുപ്രധാനമായത് 500, 1000 നോട്ടുകളുടെ നിരോധനമാണ്. ഈ നോട്ടുകള്‍ അസാധുവാക്കി എന്തിനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കിയത് എന്നാണ് കോടതി ഇപ്പോള്‍ ചോദിക്കുന്നത്. അതിന് ശരിയായ നിര്‍‌വ്വചനം ഇതുവരെ നല്‍കിയിട്ടില്ല. ഇവിടെ ഒരു സംശയം ജനിക്കുന്നത് സ്വാഭാവികം. കള്ളപ്പണക്കാര്‍ക്ക് കൂട്ടി വെക്കാന്‍ എളുപ്പത്തിനാണോ 2000 രൂപയുടെ കറന്‍സി ഇറക്കിയത് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ മോദിക്കോ റിസര്‍‌വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കോ കഴിഞ്ഞിട്ടില്ല. 2000 രുപയുടെ നോട്ടില്‍ എന്തൊക്കെയോ ഡിജിറ്റല്‍ സം‌വിധാനമൊരുക്കിയിട്ടുണ്ടെന്നൊക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതല്ലാതെ അങ്ങനെയൊരു സം‌വിധാനമേ ഇല്ല എന്ന് റിസര്‍‌വ്വ് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും വിശ്വാസമില്ല എന്നതിന് തെളിവു കൂടിയാണത്രേ നോട്ട് നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചതിന്റെ കാരണമെന്നും പറയുന്നു. എന്നാല്‍, മോദിക്കും മോദിയുടെ അടുത്ത അനുയായികള്‍ക്കും ഈ രഹസ്യം അറിയാമായിരുന്നു എന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആണയിട്ട് സത്യം ചെയ്ത് വോട്ട് നേടി അധികാരത്തില്‍ വന്ന മോദി, ആ വാഗ്ദാന ങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് തനിക്ക് വോട്ട് ചെയ്ത ജനങ്ങളുടെ ചോറില്‍ കൈയ്യിട്ടു വാരിയത്. തനിക്ക് വോട്ട് ചെയ്തവരെത്തന്നെ കള്ളപ്പണക്കാരാക്കി ത്തീര്‍ക്കുകയായിരുന്നു മോദി.  വോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റുകൊള്ളാമെന്ന് കറന്‍സി പിന്‍‌വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൂടിയ മന്ത്രിസഭാ യോഗത്തില്‍ മോദി പ്രഖ്യാപിച്ചിരുന്നതായി ആ യോഗത്തില്‍ പങ്കെടുത്ത മൂന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍ അതിനു മുന്‍പേ നോട്ടു നിരോധിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മോദിയെക്കൂടാതെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹ ത്തിന്റെ വിശ്വസ്തനായിരുന്ന ഹഷ്മുക്ക് ആദിയക്ക് എല്ലാ വിവരവും അറിയാമായിരുന്നുവത്രേ. കൂടാതെ ഹഷ്‌മുഖിന്റെ കീഴിലുള്ള അഞ്ച് ഗവേഷകര്‍ക്കും ഇക്കാര്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ മോദിയും മോദിയുടെ ആളും പിന്നെ ആ അഞ്ചുപേരും ചേര്‍ന്നാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനസമൂഹത്തെ ഒറ്റ രാത്രികൊണ്ട് ദരിദ്ര നാരായണന്മാരാക്കി മാറ്റിയത്.  രാജ്യത്തെ 85 ശതമാനത്തോളം വരുന്ന കറന്‍സി ഒറ്റ രാത്രികൊണ്ട് റദ്ദാക്കുമെന്ന വാര്‍ത്ത പുറത്തായാല്‍ അനധികൃത നിക്ഷേപമെല്ലാം സ്വര്‍ണത്തിലേക്കും മറ്റ് രീതിയിലുള്ള നിക്ഷേപത്തിലേക്കും മാറ്റിയേക്കുമെന്ന കണക്കു കൂട്ടലുകളാണ് ഈ സംഘത്തെ മോദി പറഞ്ഞു ധരിപ്പിച്ചിരുന്നത്.

നോട്ട് അസാധുവാക്കുന്ന പ്രഖ്യാപനം മോദി ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പേ അറിയേണ്ടവര്‍ അറിഞ്ഞിരുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ട്.  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപയാണത്രേ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലെത്തിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലെത്തിയിരുന്നു. അസാധുവാക്കല്‍ നടപടികള്‍ അറിഞ്ഞവര്‍ നേരത്തേ തുക നിക്ഷേപിച്ചതാവാമെന്ന സംശയത്തിലാണ് ബാങ്കിംഗ് വിദഗ്ധര്‍. 12 വര്‍ഷത്തിനിടെ ശരാശരി നിക്ഷേപത്തില്‍ ഏറ്റവും വര്‍ധനവുണ്ടായതും ഈ ദിവസങ്ങളിലാണ്. സാധാരണ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അവസാനം 2.87 ലക്ഷം കോടിയുടെ നിക്ഷേപ വര്‍ധനവ് ഉണ്ടായി.  ബാങ്കുകളിലേക്ക് ഇത്രയധികം നിക്ഷേപം ഒരുമിച്ച് വന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തേ വിവരം കിട്ടിയിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും ആര്‍.ബി.ഐയെ സമീപിച്ചെങ്കിലും വിവരങ്ങള്‍ നല്‍കിയില്ല. ഇതിനുശേഷമാണ് അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുന്നത്.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് റിസര്‍‌വ്വ് ബാങ്ക് നല്‍കുന്ന വിശദീകരണം കരുതല്‍ ധനാനുപാതം 100 ശതമാനമാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 16നാണെന്നും ഇതാണ് വന്‍തുക ബാങ്കിലെത്താന്‍ കാരണമെന്നുമാണ്. അസാധാരണ നിക്ഷേപത്തിന് പിന്നില്‍ ദുരൂഹുതയുണ്ടെന്ന വാദം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളുകയായിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പേ കമീഷന്‍ കുടിശ്ശിക വിതരണം ചെയ്തത് കൊണ്ടാണ് ഇത്ര വലിയ തുക ഒരുമിച്ച് ബാങ്കിലെത്തിയതെന്നാണ്  അദ്ദേഹത്തിന്‍െറ വിശദീകരണം. എന്നാല്‍, കുടിശ്ശികയിനത്തില്‍ 45,000 കോടി രൂപ മാത്രമാണ് സെപ്റ്റംബറിലെ ആദ്യ ആഴ്ച സര്‍ക്കാര്‍ കൈമാറിയിരിക്കുന്നതെന്നും, ഇതാവട്ടെ ശമ്പള അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. നോട്ട് നിരോധന ത്തിലൂടെ യുദ്ധകാലത്തേതിന് സമാനമായ അവസ്ഥയാണ് സംജാതമായിരി ക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്ഥയിലാ ണെന്നുമാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിക്കുന്നത്. അദ്ദേഹം 'ദ ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം ഒരു അത്ഭുതപ്രതിഭാസമോ ബുദ്ധിപരമായ നീക്കമോ ആയിരുന്നില്ല, മറിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രമേ നോട്ടുകള്‍ പിന്‍വലിക്കുകയുള്ളൂ. എന്നാല്‍ പെട്ടെന്ന് അര്‍ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയതുവഴി രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, ക്യൂവില്‍ നില്‍ക്കുന്നവര്‍ തന്നെ മരിച്ചു വീഴുക, ക്യൂവില്‍ നിന്ന് ഗര്‍ഭിണികള്‍ തളര്‍ന്നു വീഴുക, വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങുക, പണം കിട്ടാതെ വന്ന് ആത്മഹത്യ ചെയ്യുക എന്നിവ തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണെന്ന് മന്മോഹന്‍ സിംഗ് പറയുന്നു. യുദ്ധകാലങ്ങളിലായിരുന്നു കുടിവെള്ള ത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളതെന്നും അദ്ദേഹം പറയുന്നു. തന്റെ രാജ്യത്ത്, താന്‍ പ്രധാനമന്ത്രി യായിരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ഉയര്‍ത്തിയ ഒരേയൊരു മുദ്രാവാക്യമായിരുന്നു 'കള്ളപ്പണം'. ഏതു വിധേനയും വിദേശ ബാങ്കുകളില്‍ നിന്ന് അവ തിരിച്ച് കൊണ്ടുവന്ന് ഒരു വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും 3 ലക്ഷം രൂപ വീതം നല്‍കുമെന്നും, ഒരു വീട്ടില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കില്‍ മൊത്തം 15 ലക്ഷം രൂപവരെ കിട്ടുമെന്നും അദ്ദേഹം വിളംബരം ചെയ്ത വീഡിയോ ഇന്ന് യൂട്യൂബില്‍ വ്യാപകമാണ്. മോദിയുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് 15 ലക്ഷം മോഹിച്ചവരാണ് ഇന്ന് പൊരി വെയിലത്തും പെരുമഴയിലും ബാങ്കുകളുടെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അത് കണ്ടിട്ടും, കണ്ടില്ലെന്ന് നടിച്ച് വീണ്ടും ജനങ്ങളെ പെരുവഴിയിലാ ക്കാനാണ് മോദിയുടെ ശ്രമം. 50 ദിവസങ്ങള്‍ കൊണ്ട് കള്ളപ്പണമെല്ലം കണ്ടുകെട്ടും എന്നു പറയുന്നുണ്ടെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് അറുതി വന്നിട്ടില്ല. കള്ളപ്പണമല്ല ഇന്ത്യയെ നോട്ടുരഹിതമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മോദി പറയുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണ ജനങ്ങളോട് 'മോബൈല്‍ ഫോണ്‍, വാട്സ്‌ആപ്പ്, ഡിജിറ്റല്‍' എന്നൊക്കെ പറഞ്ഞ് അവരേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. റിസര്‍‌വ്വ് ബാങ്ക് ആണെങ്കില്‍ ദിവസേന ഓരോ നിയമങ്ങളാണ് പുറപ്പെടുവിചുകൊണ്ടിരിക്കുന്നത്. ഒന്നിനും ഒരു സുതാര്യതയില്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നിത്യജീവിതത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ ബി.ജെ.പി. നേതാക്കന്മാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് യാതൊരു നിബന്ധനയുമില്ല. അതേ സമയം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വിവാഹങ്ങളാണ് മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നത്. ഈ വിവാഹങ്ങളെല്ലാം മുന്‍‌കൂട്ടി തീരുമാനിച്ചവയാണ്. വിവാഹാവശ്യങ്ങള്‍ ക്കായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണം പോലും തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടു വേണമായി രുന്നോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍. നോട്ടു നിരോധനത്തിലൂടെ ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ആര്‍ക്കാണ് സത്യത്തില്‍ നേട്ടമുണ്ടായിരിക്കുന്നത്? മോദിയുടെ ഉറ്റമിത്രങ്ങളായ വമ്പന്‍ സ്രാവുകള്‍ക്ക് തന്നെ.

അന്‍പത് ദിവസങ്ങള്‍കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ പ്രവചനം അസ്ഥാനത്താകുകയാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് സുപ്രീം കോടതിയുടെ വിമര്‍ശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളും നിയന്ത്രണം ഏര്‍പ്പെടുത്തി യതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടതില്‍ രാജ്യത്തെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.  നോട്ട് നിരോധിക്കാനുള്ള തീരുമാനം ഭരണഘടനാപരമാണോ?, എപ്പോഴാണ് നോട്ട് നിരോധിക്കാന്‍ തീരുമാനം എടുത്തത്?, തീര്‍ത്തും രഹസ്യമായ തീരുമാനമായിരുന്നോ അത്?, നോട്ട് നിയന്ത്രണത്തിന് പകരം എന്തിനാണ് നിരോധനം?, എന്തുകൊണ്ടാണ് 24000രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നു?, ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ?, സഹകരണ ബാങ്കുകളോട് വിവേചനം കാണിച്ചിട്ടുണ്ടോ?, ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിന്? എന്നിങ്ങനെയുളള ചോദ്യങ്ങളാണ് സുപ്രീം കോടതി കേന്ദ്രത്തോട് ഉന്നയിച്ചത്.

ഈ ചോദ്യങ്ങളുടെ മുന്‍പില്‍ കേന്ദ്രം പകച്ചുനില്‍ക്കുകയാണിപ്പോള്‍. ഇതേ ചോദ്യങ്ങള്‍ തന്നെയാണ് പൊതുജനങ്ങളും ഇക്കഴിഞ്ഞ മാസം ചോദിച്ചു കൊണ്ടിരുന്നത്. അപ്പോഴൊക്കെ മോദിയും അരുണ്‍ ജെയ്‌റ്റ്‌ലിയും രാജ്‌നാഥ് സിംഗുമൊക്കെ ഓരോരോ ന്യായവാദങ്ങള്‍ നിരത്തുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങളല്ലല്ലോ സുപ്രീം കോടതി. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാങ്കുകളില്‍ ആവശ്യമായ കറന്‍സികള്‍ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന കാര്യം കേന്ദ്രത്തിന് സമ്മതിക്കേണ്ടി വന്നു. ഒരു 'വലിയ മാറ്റത്തിന്' വേണ്ടിയാണത്രേ ചെറിയ തരത്തിലുളള ഈ ബുദ്ധിമുട്ടുകളുണ്ടായതെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയോട് പറഞ്ഞിരിക്കുന്നത്. കൂടാതെ നിക്ഷേപകരെ തിരിച്ചറിയാന്‍ വേണ്ടി കൂടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം വ്യക്തമാക്കിയത്രേ. മോദിയുടെ രഹസ്യ അജണ്ട എന്ന് മേലെ ഉദ്ധരിച്ചത് അതുതന്നെ. നിക്ഷേപകരെ തിരിച്ചറിയുന്നതും നോട്ട് നിരോധനവുമായിട്ടെന്തു ബന്ധം? 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്നാണ് മോദി പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1015 ദിവസങ്ങളാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കോടതിയെ കേന്ദ്രം അറിയിച്ചു കഴിഞ്ഞു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോള്‍ മുന്‍‌കൂട്ടി യാതൊരു ധാരണകളുമില്ലാതെയാണോ ഈ നോട്ട് നിരോധനം കൊണ്ടുവന്നത്? 50 ദിവസങ്ങളെന്ന് എന്തിനാണ് മോദി പറഞ്ഞത്? ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെയല്ലേ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭ വിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്‌നം തന്നെയാണ്. എന്നാല്‍ കള്ളപ്പണക്കാര്‍ കെട്ടുകണക്കിന് പണം സൂക്ഷിക്കുന്നില്ല. അവരത് റിയല്‍ എസ്റ്റേറ്റിലോ, സ്വര്‍ണമായിട്ടോ, മറ്റു രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. 'അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലേ മുട്ടയിടൂ' എന്നു പറഞ്ഞതുപോലെ, ഇതെല്ലാം അറിയാവുന്ന അതിബുദ്ധിമാനായ മോദി പൊന്മാനെപ്പോലെ ആയതാണ് കഷ്ടം.

2016 ഡിസംബർ 5, തിങ്കളാഴ്‌ച

അവമതിക്കപ്പെടുന്ന സ്‌ത്രീത്വം

"ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്ന് നോക്കീ
ഞാനൊന്ന് നോക്കീ.. അവള്‍ എന്നെയും നോക്കീ
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി.."

ചലച്ചിത്രതാരം ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പാടി അഭിനയിച്ച മലയാള ചിത്രമായ "പൂമര"ത്തിലെ സൂപ്പര്‍ ഹിറ്റായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു ഗാനത്തിന്റെ വരികളാണിത്. ഇതിന്റെ പാരഡികളും ട്രോളുകളും പാരലലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഇത് ഇപ്പോള്‍ എഴുതാന്‍ ഒരു കാരണവുമുണ്ട്.

ഇന്ന് ഫെയ്സ്ബുക്കിലെ ഒരു വനിതയുടെ പോസ്റ്റിംഗ് വായിച്ചപ്പോള്‍ സത്യത്തില്‍ കണ്ണു തള്ളിപ്പോയി. ഇതുവരെ ആരും എഴുതിക്കാണാത്ത ഒരു പോസ്റ്റ് ആയിരുന്നു അത്. അമേരിക്കയില്‍ 'പൊക്കി നോക്കലുകാര്' കുറവാണെങ്കിലും, 'തൊട്ടു നോക്കലുകാര്' ഇഷ്ടം പോലെയുണ്ടെന്നതിനു തെളിവു കൂടിയാണ് ആ പോസ്റ്റ്. എത്ര പേര്‍ ആ തൊട്ടുനോക്കല്‍ കണ്ടു എന്നോ എത്ര പേര്‍ ഒന്നിച്ചു നോക്കി എന്നോ അറിയില്ല.

സംഗതി കേള്‍ക്കുമ്പോള്‍ അത്ര ഗൗരവമല്ല എന്ന് പലര്‍ക്കും തോന്നാമെങ്കിലും, ആ സ്ത്രീരത്നം പറയുന്നതിലും കാര്യമുണ്ട്. ഈ സെല്‍‌ഫി വന്നതിനുശേഷം എത്രയെത്ര അത്യാഹിതങ്ങളാണ് ഈ ലോകത്ത് ദിനം‌പ്രതി നടക്കുന്നത്. ഓടുന്ന ട്രെയ്നിനു മുന്‍പിലേക്ക് ചാടി സെല്‍‌ഫിയെടുക്കുന്നവരും, സിംഹക്കൂട്ടില്‍ കയറി സെല്‍‌ഫിയെടുക്കുന്നവരും, കടലില്‍ ചാടി സെല്‍‌ഫിയെടുക്കുന്നവരുമൊക്കെ ഉണ്ടെന്ന് കേള്‍ക്കുമ്പോഴാണ് അതിന്റെ ഗൗരവം നമുക്ക് മനസ്സിലാകുന്നത്. സെല്‍‌ഫിയെ പ്രൊമോട്ട് ചെയ്തത് നരേന്ദ്ര മോദിയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. കാരണം സെല്‍‌ഫിയെ അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെടുന്നു.

ഇവിടെ സെല്‍‌ഫിയെടുത്ത് വിവാദം സൃഷ്ടിച്ചത് സമൂഹത്തില്‍ അറിയപ്പെടുന്നവരും സംഘടനാ പ്രവര്‍ത്തകരുമാണെന്നതാണ് അത്ഭുതം. ഒരുപക്ഷേ അവര്‍ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ല. എങ്കിലും, സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു... "വൈറല്‍" ആയോ എന്നറിയില്ല. ഇന്നത്തെ നിലക്ക് തുടരുകയാണെങ്കില്‍ ഉടനെ വൈറലാകാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ കൊച്ചുകുട്ടികളെ ആദ്യം പഠിപ്പിക്കുന്ന ബാലപാഠങ്ങള്‍ ഇവയാണ്.... അനാവശ്യമായി ആരേയും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്, അപരിചിതരോട് സംസാരിക്കരുത്, അവരോട് അടുത്തിടപഴകരുത്, അവരില്‍ നിന്ന് ഒന്നും സ്വീകരിക്കരുത്.... എന്നിത്യാദി കാര്യങ്ങളാണ് കുഞ്ഞുങ്ങളെ ആദ്യം പഠിപ്പിക്കുന്നത്. വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസ്സില്‍ അത് അടിയുറച്ചു കിടക്കും. ഇത് എല്ലാ കുട്ടികളേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് മാത്രം അത് ബാധകമല്ല എന്ന രീതിയിലാണ് പലരും പെരുമാറുന്നതെന്ന് ചില മലയാളിപ്പാര്‍ട്ടികളില്‍ ചെന്നാല്‍ കാണാം. അവര്‍ക്ക് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ നോട്ടമില്ലാതെ അടുപ്പം കാണിക്കുന്നവരെയെല്ലം കെട്ടിപ്പിടിക്കലും, തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിക്കലും, തരം കിട്ടിയാല്‍ ഉമ്മ കൊടുക്കലുമൊക്കെ ഒരു ഹരമായി കാണുന്നു. അല്പം മദ്യം അകത്തു ചെന്നാല്‍ ആ ചേര്‍ത്തു പിടിക്കലിന്റെ 'ഗ്രിപ്പ്' അല്പം കൂട്ടുമെന്നു മാത്രം.

ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് നില്‍ക്കുകയോ ഇരിക്കുകയോ ആണെങ്കില്‍ തോളിലൂടെ കൈയ്യിട്ട് നില്‍ക്കുന്ന പതിവ് മിക്കവാറും എല്ലാവര്‍ക്കുമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളെപ്പോലും (പുര്‍ഷന്മാര്‍) ചിലര്‍ തോളിലൂടെ കൈയ്യിട്ടു നിര്‍ത്തി ഫോട്ടോ എടുക്കുന്നതും കണ്ടിട്ടുണ്ട്. അരോചകമാണെങ്കിലും പലരും അത് പുറത്തു പറയാറില്ല എന്നു മാത്രം. എന്നാല്‍, ഒരു സ്‌ത്രീയുടെ തോളില്‍, അതും അന്യ സ്‌ത്രീയുടെ, കൈയ്യിട്ട് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ മാനറിസമാണ് നഷ്ടപ്പെടുന്നത്. പലരും, പ്രത്യേകിച്ച് സംഘടനാ പ്രവര്‍ത്തകര്‍ (സ്‌ത്രീകളും പുരുഷന്മാരും) അടുത്തടുത്തുനിന്ന് ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഒറ്റയ്ക്ക് ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി കെട്ടിപ്പിടിച്ചുകൊണ്ട് നിന്ന് ഫോട്ടോ എടുക്കാന്‍ ഏതൊരു സ്‌ത്രീയും സമ്മതിക്കില്ല. അപ്പോള്‍ മദ്യപിച്ച ഒരു പുരുഷന്‍ ഒരു അന്യസ്ത്രീയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അത് അതിരുവിട്ട പ്രവര്‍ത്തിയാണെന്നല്ലേ പറയാന്‍ കഴിയൂ. ഫെയ്സ്ബുക്കിലെ പോസ്റ്റ് പ്രകാരം ഇവിടെയും സംഭവിച്ചത് അതുതന്നെ. ആ പോസ്റ്റ് കണ്ട് ആദ്യം ഒന്നമ്പരന്നു. ഇത് സത്യമാണോ എന്ന് തോന്നുകയും ചെയ്തു. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടേതാകുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല. കമന്റുകളുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. അതും ഭൂരിഭാഗവും സ്ത്രീകളുടെ. അവരാകട്ടേ സമൂഹത്തില്‍ പല വേദികളിലും പ്രത്യക്ഷപ്പെടുന്നവരും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും. അവരുടെ പ്രതികരണങ്ങള്‍ വായിക്കുമ്പോഴാണ് അവരിലാരെങ്കിലുമൊക്കെ ഇത്തരം പ്രതിസന്ധികള്‍ നേരിട്ടവരാണെന്ന് മനസ്സിലാകുന്നത്. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ.... 'കാര്യങ്ങള്‍ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍..!' അതെ, ഒരു മലയാളി സ്‌ത്രീ ഇത്രയും ബോള്‍ഡ് ആയി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടണമെങ്കില്‍ അവര്‍ക്ക് മനോവ്യഥയുണ്ടായിട്ടുണ്ടെന്ന് തീര്‍ച്ച.

സ്‌ത്രീകളെ അല്ലെങ്കില്‍ സ്ത്രീത്വത്തെ അവമതിക്കുന്ന ഒരു പുരുഷ സമൂഹമല്ല അമേരിക്കന്‍ മലയാളികളുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. എന്നാല്‍, അതേ മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും, അത് പ്രകടിപ്പിക്കാനും അവരുടെ ആശങ്കകള്‍ പങ്കു വെയ്ക്കാനും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളെ അഭയം പ്രാപിച്ചെങ്കില്‍ അത് മലയാളി പുരുഷ സമൂഹത്തിനു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അതിനവരെ കുറ്റക്കാരിയാക്കാന്‍ സാധിക്കുകയില്ല. എഴുതിയതില്‍ ചിലതൊക്കെ അതി ഭാവുകത്വമാണെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്തായിരിക്കുമെന്നാണ് സമകാലിക സംഭവങ്ങളും വാര്‍ത്തകളും നമ്മളോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും, വിദ്യാസമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണെന്നതിന്റെ തെളിവു കൂടിയാണ് ഇപ്പറഞ്ഞ സംഭവം. തന്റെ നിസ്സഹായവസ്ഥ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതയും അതില്‍ പ്രതിപാദിക്കുന്ന വ്യക്തികളും സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്, സംഘടനാ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇനിയും പല വേദികളിലും കണ്ടുമുട്ടാനും, ചിലപ്പോള്‍ സഹവര്‍ത്തിക്കാനും സാഹചര്യങ്ങളുണ്ടാകും. അപ്പോഴൊക്കെ ഒരു അകലം പാലിക്കുക എന്നതില്‍ കവിഞ്ഞ് തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടതും അനിവാര്യമാണ്. അതവര്‍ക്ക് വിട്ടുകൊടുക്കാം.

സ്ത്രീ അമ്മയാണെന്നും, സഹോദരിയാണെന്നും, മകളാണെന്നും, മരുമകളും കൂട്ടുകാരിയുമാണെന്നും, അബലയാണെന്നും അല്ലെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷെ, സാഹചര്യം ഒത്തുവന്നാല്‍ അവയൊക്കെ വിസ്മരിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇവിടെ അങ്ങനെയൊരു സാഹചര്യമുണ്ടായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ സൂചിപ്പിച്ചപോലെ ഒരു തെറ്റിദ്ധാരണയാകാം.

ഇന്ന് അമേരിക്കയിലുള്ള മിക്കവാറും എല്ലാ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകളിലും സ്‌ത്രീ പ്രാതിനിധ്യം ഏറെയാണ്. പുരുഷന്മാരേക്കാള്‍ കര്‍മ്മോത്സുകരാണവര്‍. പുരുഷാധിപത്യമുള്ള സംഘടനകളില്‍ ഒന്നോ രണ്ടോ സ്‌ത്രീകളും കാണും. ഉത്തരവാദിത്വത്തോടെ അവര്‍ കാര്യനിര്‍‌വ്വഹണങ്ങളില്‍ വ്യാപൃതരാകുന്നതും നമുക്ക് കാണാന്‍ കഴിയും. അവരുടേതായ ചിന്തകളും ആശയങ്ങളും, അവയിലൂടെ അവര്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ഏതൊരു മനുഷ്യനെയും (പുരുഷനെയും) പോലെ സ്വൈര്യ വിഹാരം നടത്താനുള്ള ഇച്ഛാശക്തിയാണ് അവരെ ഈ സംഘടനയിലൂടെ മുന്നോട്ടു നയിക്കുന്നത്. ആ സ്വൈര്യവിഹാരം കാണുമ്പോള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകളുണ്ടാകാം. 'ങാ... ഇവള്‍ വളയുന്ന കൂട്ടത്തിലാണ്' എന്ന തെറ്റിദ്ധാരണയും ചിലര്‍ക്കുണ്ടാകാം. 'അല്ല, ഞങ്ങള്‍ അത്തരക്കാരല്ല' എന്ന ഒരു മുന്നറിയിപ്പായി മേല്പറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റിനെ കാണുകയാണെങ്കില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം. അതോടൊപ്പം സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ എങ്ങനെ നേരിടാം? എവിടെയാണ് നമുക്ക് പിഴക്കുന്നത്‌? എന്താണ് പരിഹാരം? എന്നീ വിഷയങ്ങളെക്കുറിച്ച് സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയവുമായി ഇതിനെ കണക്കാക്കുകയും ചെയ്യാം.






2016 നവംബർ 20, ഞായറാഴ്‌ച

പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പ്രവാസി വോട്ടവകാശം

പ്രവാസികളെ ജനപ്രാതിനിധ്യ നിയമം 60 (സി) വകുപ്പില്‍ ഉള്‍പ്പെടുത്തി പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം, കാലങ്ങളായി ഈ ആവശ്യത്തിനുവേണ്ടി പൊരുതുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുകയാണ്.

ഇന്ത്യയിലെ മറ്റു പൗരന്മാര്‍ക്ക് ലഭിക്കുന്ന ന്യായമായ നീതിയും അവകാശവും നേടിയെടുക്കാനുള്ള പ്രവാസികളുടെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയുടെ നിലപാട് ശുഭപ്രതീക്ഷ നല്‍കുകയാണ്. രാജ്യം ആര് ഭരിക്കണമെന്ന വിധിയെഴുത്തില്‍ ഏകദേശം ഒരു കോടിയിലധികം വരുന്ന പ്രവാസികള്‍ക്ക് കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടിവന്ന സ്ഥിതിവിശേഷമായിരുന്നു ഇതുവരെ. ജീവിതായോധനത്തിനായി ജന്മനാട്ടില്‍ നിന്ന് അന്യരാജ്യത്തേക്ക് കുടിയേറിയ സാഹചര്യത്തിലും രാജ്യത്തിന്റെ പുരോഗതിയിലും പ്രയാണത്തിലും നിര്‍മാണാത്മകമായ പങ്കു വഹിക്കുന്ന ഒരുവിഭാഗം പൗരന്മാരെ നിയമങ്ങളുടെ കുരുക്കില്‍ പെടുത്തി അവരുടെ പൗരാവകാശം നിഷേധിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കണമെന്ന മുറവിളി നാനാഭാഗത്തുനിന്നുണ്ടായിട്ടും, സര്‍ക്കാര്‍ അതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു, ഇതുവരെ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, രാഷ്‌ട്രീയ പാര്‍ട്ടികളും പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട വോട്ടവകാശം നിഷേധിച്ചുകൊണ്ടുള്ള ബോധപൂര്‍വമായ തമസ്‌കരണമാണ് ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനും അവര്‍ സമീപിച്ചിരുന്നത് പ്രവാസികളെയായിരുന്നു. പ്രവാസികളുടേയും, ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദേശത്തുള്ള പോഷക സംഘടനകളുടേയും സഹായമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണം അസാധ്യമാണെന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ, പ്രവാസികള്‍ക്ക് വോട്ട് നിഷേധിക്കുന്ന പ്രവണത അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.

ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുന്ന, നിയമനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോഴും സ്വന്തം അണികളെ കൂടെ ഉറപ്പിച്ച് നിര്‍ത്താനും അവരുടെ സമയവും സമ്പത്തും ചോര്‍ത്തിയെടുക്കാനും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള മിടുക്കിന്റെ ഉദാഹരണം കൂടിയാണ് പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങളായും സാംസ്‌കാരിക വേദികളായും അമേരിക്കയിലും, ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്യന്‍ ഐക്യ നാടുകളിലും അനേകം പേരുകളിലുള്ള പ്രവാസി സംഘടനകള്‍ ഉണ്ടായിട്ടും പ്രവാസികളുടെ അവകാശവും അര്‍ഹതപ്പെട്ടതുമായ വോട്ടവകാശം നിഷേധിച്ചു വന്നിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടി നല്‍കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം.

പ്രവാസികളെ ജനപ്രാതിനിധ്യ നിയമം 60 (സി) വകുപ്പില്‍ ഉള്‍പ്പെടുത്തി പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാമെന്നും, വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്കു വിദേശത്തു നിന്ന് തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.

തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളകളിലൊന്നും സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്ന മൗലിക പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല. വോട്ട് നിഷേധവും, പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതും, യാത്രാ ദുരിതവും, പ്രവാസി സര്‍വ്വകലാശാലയും, പ്രവാസി പുനരധിവാസവും, എന്തിനേറെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും നേരിടുന്ന കാലതാമസവുമൊക്കെ ഇപ്പോഴും തുടരുന്നു. "ഏത് തമ്പ്രാന്‍ വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നു പറഞ്ഞതുപോലെ ഏത് പാര്‍ട്ടി ഭരിച്ചാലും പ്രവാസികളുടെ സ്ഥിതി പഴയതു തന്നെ, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ. സ്വദേശത്തും വിദേശത്തും അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കുള്ള പരിഹാരങ്ങളും, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയമ സഹായങ്ങളും എങ്ങുമെത്തിയില്ല. ഗള്‍ഫ് നാടുകളില്‍ വ്യാപകമായി തുടരുന്ന തൊഴില്‍ പ്രശ്നങ്ങളും, തൊഴിലില്ലായ്മയും വര്‍ഷങ്ങളോളം ആ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന പ്രവാസികളെ ആശങ്കാകുലരാക്കുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ അധികൃതര്‍ ഗൗരവമായി കാണുന്നുമില്ല. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസവും എങ്ങുമെത്താതെ നില്‍ക്കുന്നു.

അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള പൗരത്വനിയമം പോലെ ഗള്‍ഫ് രാജ്യങ്ങളിലില്ല. പൗരത്വമെടുക്കാനും, അതുവഴി അതാത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ രംഗത്ത് സ്വാധീനം ചെലുത്താനും ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യാക്കാര്‍ക്ക് കഴിയുകയില്ല. 'പ്രവാസി' എന്നു പറഞ്ഞാല്‍ മലയാളികള്‍ മാത്രമാണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുത്താതെ, ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച് വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന എല്ലാ ഭാരതീയരും പ്രവാസികളാണ്. അമേരിക്കയിലുമുണ്ട് ലക്ഷക്കണക്കിന്.  അവര്‍ക്കായി അമേരിക്കയിലും പല സംഘടനകളും നിരന്തരം പ്രവാസി വോട്ടവകാശത്തിനുവേണ്ടി മുറവിളി കൂട്ടിയിട്ടുണ്ട്. ഫൊക്കാന, ഫോമ പോലുള്ള ദേശീയ സംഘടനകളും, പ്രാദേശിക ഇന്ത്യന്‍/മലയാളി സംഘടനകളും ഈ ആവശ്യമുന്നയിച്ച് നിരവധി തവണ ഇന്ത്യന്‍ ഭരണകൂടത്തിനും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ അമേരിക്കയിലുമുണ്ട്. അവരും അവരുടേതായ രീതിയില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുമുണ്ട്. കാരണം, പ്രവാസികളായി കഴിയുന്ന ലക്ഷോപലക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇന്ത്യയെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെകുറിച്ചും സ്വന്തം പ്രശ്‌നങ്ങളെകുറിച്ചുമൊക്കെ കാഴ്ചപ്പാടും നിലപാടും ഉള്ളതുകൊണ്ടു തന്നെ. പ്രവാസി പൊതുമനസ്സിന്റെ ഈ നിലപാട് നിലവിലുള്ള ജീര്‍ണമായ കക്ഷിരാഷ്ട്രീയത്തിനെതിരാണെന്ന തിരിച്ചറിവുകൊണ്ടാകാം എല്ലാ കാലത്തും എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പ്രവാസികളുടെ കാര്യത്തില്‍ ഒന്നിക്കുന്നതിന്റെ മുഖ്യ കാരണം. അതോടൊപ്പം പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ടായേക്കുമെന്ന ബോധ്യവും ഭീതിയും ഇവര്‍ക്കുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് സാധ്യമാകുന്നത്ര കാലത്തോളം ഈ നീതിനിഷേധം തുടരുക തന്നെയാകും രാഷ്ട്രീയ നേതൃത്വം ചെയ്യുക. ഇതിലൂടെ ഒരു സമ്മര്‍ദ ശക്തിയായി മാറുന്നതില്‍നിന്ന് പ്രവാസികളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന ചിന്തയും അവര്‍ക്കുള്ളിലുണ്ടാകാം.

പ്രവാസി വോട്ടവകാശം എന്ന ന്യായമായ അവകാശത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഇതിനു മുന്‍പും സുപ്രീം കോടതി പരിഗണനയ്ക്കെടുത്തിട്ടുണ്ട്. പ്രവാസികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നായിരുന്നു അപ്പോഴൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായവാദം. എന്നാല്‍ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് തപാല്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമൊക്കെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ജനാധിപത്യ പ്രക്രിയയില്‍ അണിനിരത്താനാകുമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇക്കാലത്ത്, ഇന്ത്യന്‍ ഭരണകൂടം സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് അരനൂറ്റാണ്ടിലേറെക്കാലമായി പ്രവാസികളുടെ ജനാധിപത്യ അവകാശം അകാരണമായി നിഷേധിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

ഇപ്പോള്‍ വീണ്ടും സുപ്രീം കോടതിയുടെ ഇടപെടലും, ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശവും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ഇതു സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവധി ലഭിക്കുക പ്രയാസമാണെന്നും വോട്ട് ചെയ്യാന്‍ പ്രവാസികള്‍ നാട്ടില്‍ വരണമെന്നത് അപ്രായോഗികമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇക്കാര്യം എത്രയോ തവണ പ്രവാസികള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ തീരുമാനം കൈക്കൊള്ളേണ്ടവര്‍ അലംഭാവം കാണിക്കുകയായിരുന്നു. കോടതി നിര്‍ദേശം പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും സര്‍ക്കാറിന്റെ നിലപാടും സമീപനവും പ്രസക്തമായിരിക്കും.

ഒരു വിജഞാപനത്തിലൂടെയോ വേണമെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെയോ മറികടക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് അര നൂറ്റാണ്ടിലേറെക്കാലമായി മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തട്ടിക്കളിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും നിയമനിര്‍മ്മാണം നടത്തുന്ന, കോര്‍പറേറ്റ് കമ്പനികളുടെയും വിദേശ രാജ്യങ്ങളുടെ പോലും സംരക്ഷണത്തിനും ലാഭത്തിനും നിയമത്തിന്റെ പഴുതുകളുപയോഗപ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് ഒരു വിഭാഗം പൗരന്മാരുടെ വോട്ടവകാശത്തിന് നിയമത്തിന്റെ പഴുതുകള്‍ തന്നെ തേടി ഭരണകൂടം തടസ്സം സൃഷ്ടിക്കുന്നതെന്ന് ഓര്‍ക്കുക.

പത്തു വര്‍ഷത്തോളമാണ് യു.പി.എ തുടര്‍ച്ചയായി ഭരിച്ചത്. പ്രവാസികാര്യ മന്ത്രാലയവും മന്ത്രിമാരും വരെയുണ്ടായിരുന്നു അന്നവര്‍ക്ക്. ആ മന്ത്രിമാരെല്ലാം അടിക്കടി അമേരിക്കയും, യൂറോപ്പും, ഗള്‍ഫു രാജ്യങ്ങളുമൊക്കെ നിരന്തരം സന്ദര്‍ശിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് തിരിച്ചുപോയിരുന്നതല്ലാതെ, ക്രിയാത്മകമായ ഒരു തീരുമാനവും കൈക്കൊണ്ടില്ലെന്നുള്ളത് എല്ലാ പ്രവാസികള്‍ക്കുമറിയാം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ക്ക് അവരുടേതായ പരിമിതികളുണ്ട്. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അതില്ല. എന്തുകൊണ്ട് അവരുടെ മന്ത്രിമാര്‍ വരുമ്പോള്‍ ഒരു ചെറുവിരലനക്കാന്‍ പോലും കഴിഞ്ഞില്ല എന്നാണ് ഇവിടെ ചോദിക്കാനുള്ളത്.

യുപി‌എയുടെ ഭരണം കഴിഞ്ഞ് ബി.ജെ.പി. അധികാരത്തില്‍ വന്നയുടന്‍ അവര്‍ ആദ്യം ചെയ്തത് പ്രവാസികാര്യ വകുപ്പ് എടുത്തു കളഞ്ഞു എന്നുള്ളതാണ്. പ്രവാസികാര്യ വകുപ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുകയും സുഷമാ സ്വരാജിനെ മന്ത്രിയാക്കുകയും ചെയ്തു.  കാര്യപ്രാപ്തിയുള്ള ഒരു മന്ത്രിയെന്ന ഖ്യാതി ചുരുങ്ങിയ കാലം കൊണ്ട്  അവര്‍ നേടിക്കഴിഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അവര്‍ തുണയായി. വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാര്‍ ഏതു രാജ്യത്തുനിന്നും ട്വീറ്റ് ചെയ്താല്‍ ഉടനടി മറുപടിയും തുടര്‍ന്ന് പരിഹാരവും കാണുന്ന ഒരേ ഒരു കേന്ദ്ര മന്ത്രി എന്ന ഖ്യാതിയും സുഷമാ സ്വരാജിന് സ്വന്തം. ഇന്ത്യ എന്നും ശത്രു രാജ്യമായിക്കാണുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കുപോലും (വിസ, ഇന്ത്യയില്‍ ചികിത്സാ സൗകര്യം മുതലായവ) സുഷമയുടെ സഹായഹസ്തം ഗുണം ചെയ്തിട്ടുണ്ട്. പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ താങ്ങും തണലുമാണെന്ന് ചുരുക്കം. പ്രവാസികളുടെ വോട്ടവകാശത്തിലും അവരുടെ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിട്ട് എന്തുകൊണ്ട് ആ ഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയില്ല എന്നാണ് കോടതി ചോദിച്ചത്. പുതിയ നിയമഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിന് കാരണം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമഭേദഗതിയില്‍ നിന്നാണ് പ്രവാസി സമുഹം പുറത്തായത്. ഇന്ത്യന്‍ സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വീസിലുള്ള വോട്ടര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിനായാണ് സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തത്. 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം ഭേദഗതി ചെയ്തതിലൂടെ വോട്ടറുടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് എന്ന സംവിധാനം അട്ടിമറിച്ചാണ് അത് സര്‍‌വീസ് വോട്ടര്‍മാര്‍ക്കു മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്.

പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്നും, അതിന് ആവശ്യമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നും, നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്റെ 60 (സി) വകുപ്പില്‍ പറയുന്ന സ്‌പെഷ്യല്‍ വോട്ടര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്ന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചത്. ഇ-തപാല്‍ വോട്ട് പ്രവാസികള്‍ക്ക് അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. ഇനി സര്‍ക്കാര്‍ അത് അംഗീകരിക്കുകയും, നിലപാടില്‍ മാറ്റം വരുത്താതെ പ്രവാസികള്‍ക്ക് ഇ തപാല്‍ വോട്ട്  അനുവദിച്ചു കൊടുക്കുകയും ചെയ്താല്‍  പ്രവാസികളുടെ പ്രതീക്ഷകള്‍ അര്‍ത്ഥപൂര്‍ണ്ണമാകും.

2016 നവംബർ 12, ശനിയാഴ്‌ച

അമേരിക്കക്ക് മാത്രമല്ല ലോകത്തിനും മാതൃകയാകണം പുതിയ പ്രസിഡന്റ്

പ്ര​വ​ച​ന​ങ്ങ​ളോ മാ​ധ്യ​മ വി​ചാ​ര​ണ​ക​ളോ മു​ന്‍​വി​ധി​ക​ളോ അ​ല്ല, ജ​നാ​ധി​പ​ത്യ​ത്തില്‍ൽ വോ​ട്ട​റാ​ണ് യ​ഥാര്‍ത്ഥ വി​ധാ​താ​ക്ക​ളെ​ന്ന് അ​ടി​വ​ര​യി​ട്ടു തെ​ളി​യി​ച്ചി​രി​ക്കു​ന്നു, ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്ര​മാ​യ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഒ​ഫ് അ​മേരിക്ക. പ​രി​ണി​ത​പ്ര​ജ്ഞ​യാ​യ രാ​ഷ്‌​ട്രീ​യ നേ​ത്രി, യു​എ​സ് മുന്‍ൻ പ്ര​ഥ​മ വ​നി​ത, മു​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ഡെ​മൊ​ക്രാ​റ്റ് പാ​ര്‍​ട്ടി​യു​ടെ അ​നി​ഷേ​ധ്യ നേ​താ​വ് തു​ട​ങ്ങി ഹി​ല​രി ക്ലി​ന്‍റ​ണു വി​ശേ​ഷ​ണ​ങ്ങള്‍ പ​ല​തു​ണ്ടാ​യി​രു​ന്നു, അ​മെ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ വേ​ള​യി​ല്‍. എ​ന്നാ​ല്‍, വി​വ​രം കെ​ട്ട​വ​ന്‍, മു​സ്ലിം വി​രോ​ധി, സ്ത്രീ​വി​രു​ദ്ധ​ന്‍, രാ​ഷ്‌​ട്രീ​യ​മി​ല്ലാ​ത്ത​വ​ന്‍, സ്ഥി​ര​ത​യി​ല്ലാ​ത്ത​വന്‍, വി​ടു​വാ​യാ​ടി, ലാ​ഭ​ക്കൊ​തി​യ​നാ​യ ബി​സി​ന​സ്കാ​ര​ന്‍ എ​ന്നി​ങ്ങ​നെ പേ​രു​ദോ​ഷ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ചാ​യി​രു​ന്നു റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ർ​ട്ടി സ്ഥാ​നാ​ര്‍​ഥി ഡോ​ണള്‍​ഡ് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം. വി​വാ​ദ​ങ്ങ​ളില്‍ നി​ന്നു വി​വാ​ദ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യില്‍ പ​ല​പ്പോ​ഴും റി​പ്പ​ബ്ലി​ക്കന്‍ നേ​താ​ക്ക​ള്‍ പോ​ലും അ​ദ്ദേ​ഹ​ത്തെ കൈ​വി​ട്ടു.

ക​ത്തോ​ലി​ക്കാ സ​ഭാ വി​ശ്വാ​സി​യാ​യി​രു​ന്നി​ട്ടും സാ​ക്ഷാ​ല്‍ ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ പോ​ലും ട്രം​പി​നെ ത​ള്ളി​പ്പ​റ​ഞ്ഞു. പ​ക്ഷേ, യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ വോ​ട്ടു ചെ​യ്തു വി​ജ​യി​പ്പി​ച്ച​തു ട്രം​പി​നെ. അ​തും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ നി​ന്നും 19 ഇ​ല​ക്റ്റ​റ​ല്‍ വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍. ഒ​രുപ​ക്ഷേ, ഭൂ​രി​പ​ക്ഷം നേ​രി​യ​താ​കാം. എ​ന്നാ​ല്‍ വി​ജ​യം ആ​ധി​കാ​രി​ക​മാ​ണ്. ഡെ​മൊ​ക്രാ​റ്റു​ക​ളു​ടെ ത​ട്ട​ക​ങ്ങ​ളി​ല്‍​പ്പോ​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ട്രം​പ്, എ​തി​രാ​ളി ഹി​ല​രി ക്ലി​ന്‍റ​ന്‍റെ സം​സ്ഥാ​ന​ത്തു വ​രെ വി​ജ​യം ത​നി​ക്ക് അ​നു​കൂ​ല​മാ​ക്കി.

അ​മെ​രി​ക്ക​യി​ലെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ഹി​ല​രി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. അ​ഭി​പ്രാ​യ സ​ര്‍​വെ​ക​ളി​ലും അ​വ​ര്‍ മു​ന്നി​ലെ​ത്തി. അ​വ​സാ​ന​വ​ട്ട സം​വാ​ദ​ങ്ങ​ളി​ലും ട്രം​പി​നെ കീ​ഴ​ട​ക്കി​യ ഹി​ല​രി, അ​മെ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ന്നു​ത​ന്നെ ഉ​റ​പ്പി​ച്ച​വ​രില്‍ ഡെ​മൊ​ക്രാ​റ്റു​ക​ള്‍ മാ​ത്ര​മ​ല്ല, റി​പ്പ​ബ്ലി​ക്ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ട്രം​പ് എ​ന്തു​കൊ​ണ്ടു വി​ജ​യി​ച്ചു? ഉ​ത്ത​രം ല​ളി​തം. ഡോ​ണ​ള്‍​ഡ് ട്രം​പ് എ​ന്ന വ്യ​വ​സാ​യി, അ​മെ​രി​ക്ക​യു​ടെ ലാ​ഭ​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ പ്ര​സം​ഗി​ച്ചു​ള്ളൂ.

ക​ഴി​വുകെ​ട്ട ഭ​ര​ണ​ത്തി​ലൂ​ടെ അ​മെ​രി​ക്ക​യു​ടെ ഊ​ര്‍​ജ​വും സ​മ്പ​ത്തും ക​ള​ഞ്ഞു​കു​ളി​ച്ചു എ​ന്നാ​യി​രു​ന്നു ട്രം​പ് ഇ​പ്പോ​ഴ​ത്തെ ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണം. "Make America great again" എ​ന്ന ട്രം​പി​ന്‍റെ മു​ദ്രാ​വാ​ക്യം ജ​ന​ങ്ങ​ള്‍ ഏ​റ്റു​പി​ടി​ച്ചു. ക​ഴി​ഞ്ഞ എ​ട്ടു വര്‍​ഷ​ത്തെ ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ സാ​മ്പ​ത്തി​കാ​ടി​ത്ത​റ​യും തൊ​ഴി​ല്‍ ന​ഷ്ട​വും ലോ​കാ​ധി​പ​ത്യ​ത്തില്‍ വ​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​യും തു​റ​ന്ന​ടി​ച്ച​പ്പോ​ള്‍, ട്രം​പ് എ​ന്ന അ​രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ വോ​ട്ട​ര്‍​മാര്‍ മ​റ​ന്നു. പ​ക​രം, അ​മെ​രി​ക്ക​യെ ന​യി​ക്കാ​ന്‍ കെ​ല്പു​ള്ള പു​തു​നാ​യ​ക​നെ തി​രി​ച്ച​റി​ഞ്ഞു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​മെ​രി​ക്ക​ക്കാര്‍ അ​മെ​രി​ക്ക​ക്കാ​ര്‍​ക്കു വേ​ണ്ടി മാ​ത്രം ത​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്നു പ​റ​യു​ന്ന​താ​വും കൂ​ടു​ത​ൽ ശ​രി.

ലോ​ക​ത്തെ​ക്കു​റി​ച്ച​ല്ല, അ​മെ​രി​ക്ക​ക്കാ​ര്‍ അ​മെ​രി​ക്ക​യെ​ക്കു​റി​ച്ചു ചി​ന്തി​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​ഹ്വാ​ന​ത്തി​നു വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി ഇ​രു​പ​തി​ന് അ​ധി​കാ​ര​മേല്‍​ക്കു​ന്ന ട്രം​പി​ന്‍റെ വ​ഴി ഇ​പ്പോള്‍​ത്ത​ന്നെ വ്യ​ക്തം- മു​ന്‍​ഗാ​മി​ക​ള്‍ ന​ട​ന്ന​തി​ല്‍ നി​ന്നു വേ​റി​ട്ടു​ള്ള വ​ഴി. അ​തു പ​ക്ഷേ, വി​വാ​ദ​ങ്ങ​ളു​ടേ​താ​കു​മെ​ന്ന സൂ​ച​ന​യും ട്രം​പ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു.

അ​തി​ലൊ​ന്ന് ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കു​ന്ന​താ​ണ്. ക​ശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ല്‍ മ​ധ്യ​സ്ഥ​നാ​കാ​ന്‍ താന്‍ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു, ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന ശേ​ഷ​വും ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. ക​ശ്മീര്‍ ന​മ്മു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​മാ​ണെ​ന്നും അ​തി​ല്‍ പു​റ​ത്തു നി​ന്നു​ള്ള ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യില്‍​പ്പോ​ലും ഇ​ന്ത്യ നി​ല​പാ​ട് ക​ടു​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്ന് അ​റി​യാ​ത്ത ആ​ള​ല്ല ട്രം​പ്. പ​ക്ഷേ, ഇ​ന്ത്യ​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മി​താ​വേ​ശ​ത്തി​ന്‍റെ കാ​ര​ണം തി​ര​ക്കു​ന്ന​വ​ര്‍​ക്കു പെ​ട്ടെ​ന്നു കാ​ര്യം പി​ടി​കി​ട്ടും. അ​മെ​രി​ക്ക​യി​ലെ വി​ദേ​ശ കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കും ക​രാര്‍ ജോ​ലി​ക്കാ​ര്‍​ക്കും എ​തി​രാ​ണു ട്രം​പ്. ഇ​തി​ല്‍ ര​ണ്ടി​ലും ഇ​ന്ത്യ​യാ​ണു മു​ന്നി​ല്‍. അ​താ​യ​ത് ഇ​ന്ത്യ​യോ​ടു ത​നി​ക്ക് അ​ത്ര മ​മ​ത​യി​ല്ല, എ​ന്നാ​ല്‍ ചൈ​ന​യോ​ളം എ​തി​ർ​പ്പി​ല്ല​താ​നും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി, ന്യൂ​യോ​ര്‍​ക്കി​ലെ ട്രം​പ് ട​വ​റി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ ഒ​രു ഭാ​ഗം ഇ​ങ്ങ​നെ: "എ​ല്ലാ​വ​രു​ടെ​യും പ്ര​സി​ഡ​ന്‍റാ​ണു ഞാന്‍. ഡെ​മൊ​ക്രാ​റ്റ്-​റി​പ്പ​ബ്ലി​ക് വ്യ​ത്യാ​സ​മി​ല്ലാ​തെ ന​മ്മ​ള്‍ ഇ​നി അ​മെ​രി​ക്ക​ന്‍ ജ​ന​ത​യാ​യി മാ​റ​ണം. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന അ​മെ​രി​ക്ക​ക്കാര്‍​ക്കാ​ണ് ഈ ​വി​ജ​യം." അര്‍ത്ഥം സു​വ്യ​ക്തം. അ​മെ​രി​ക്ക​യ്ക്കു വേ​ണ്ടി മാ​ത്ര​മാ​ണ് ട്രം​പ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. അ​ത് അ​മെ​രി​ക്ക​യ്ക്ക് എ​ത്ര​മാ​ത്രം ഗു​ണ​ക​ര​മാ​കു​മെ​ന്നു കാ​ലം തെ​ളി​യി​ക്ക​ട്ടെ. അ​മെ​രി​ക്ക​യ്ക്ക് ആ​രും വേ​ണ്ട, അ​മെ​രി​ക്ക​ക്കാ​ര്‍ മാ​ത്രം മ​തി​യെ​ന്നു പ​റ​യു​ന്ന ട്രം​പി​ന് അ​മെ​രി​ക്ക​യി​ല്‍ നി​ന്നു ത​ന്നെ മ​റു​പ​ടി​യും കി​ട്ടി​ത്തു​ട​ങ്ങി. വി​ടു​വാ​യ​ത്തം പ​റ​യു​ന്ന ഈ ​പ്ര​സി​ഡ​ന്‍റി​നെ ത​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വ​ലി​യൊ​രു വി​ഭാ​ഗം തെ​രു​വി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി കോ​ട​തി​യി​ല്‍ കാ​ണാ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​വ​ര്‍ ന​ൽ​കു​ന്നു. അ​മെ​രി​ക്ക​യ്ക്കു മാ​ത്ര​മ​ല്ല, ലോ​ക​ത്തി​നു മു​ഴു​വ​ന്‍ സ്വീ​കാ​ര്യ​നാ​യ പ്ര​സി​ഡ​ന്‍റി​നെ​യാ​ണ് വൈ​റ്റ് ഹൗ​സ് കാ​ത്തി​രി​ക്കു​ന്ന​ത്. കാ​ര​ണം, വൈ​റ്റ് ഹൗ​സ് കൈ​ക്കൊ​ള്ളു​ന്ന പ​ല തീ​രു​മാ​ന​ങ്ങ​ളും ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ ഗ​തി നി​ശ്ച​യി​ക്കു​ന്ന​താ​ണെ​ന്നു കൂ​ടി തി​രി​ച്ച​റി​യ​ണം, പു​തി​യ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.

2016 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ഇന്ത്യക്ക് ലഭിക്കുന്ന 'ഔട്ട്സോഴ്സിംഗ്' ജോലികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്

വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന ജോലികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഈ അടുത്ത നാളുകളില്‍ ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയിലെ വന്‍‌കിട ബിസിനസ്സുകളുടെ കോള്‍ സെന്ററുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമര്‍ സര്‍‌വീസ് സെന്ററുകളിലൂടെ ഇന്ത്യയിലെ നിരവധി അഭ്യസ്ഥവിദ്യര്‍ക്ക് ജോലിയും, മാന്യമായ വരുമാനവും ലഭിക്കുന്നു.

എന്നാല്‍, ഇത്തരത്തില്‍ കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ വഞ്ചനയും തട്ടിപ്പും കൂടുകയും ചെയ്തു. ഇന്ത്യയുടെ സല്‍‌പേരിന് കളങ്കം ചാര്‍ത്തുന്ന വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ വ്യാജ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി അമേരിക്കയിലുള്ളവരെ തന്ത്രപൂര്‍‌വ്വം കെണിയില്‍ പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പരാതിയില്‍ ഇന്ത്യയിലും അമേരിക്കയിലും നിരവധി പേരെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ഇന്ത്യയിലുള്ളവര്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും, അമേരിക്കയില്‍ അതൊരു വന്‍ വാര്‍ത്ത തന്നെയാണ്.

അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ ഇന്‍‌കം ടാക്സ് നല്‍കുന്ന ഇന്റേണല്‍ റവന്യൂ സര്‍‌വീസിന്റെ (ഐ.ആര്‍.എസ്.‌) പേരില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ടാക്സ് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, അത് കൊടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമൊക്കെ പറഞ്ഞ് അവര്‍ പറയുന്ന രീതിയില്‍ പണമയക്കാന്‍ നിര്‍ബ്ബന്ധിച്ച് ആ പണം തട്ടിയെടുക്കലുമായിരുന്നു മേല്പറഞ്ഞ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നത്. ഇങ്ങനെ വരുന്ന ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും, അതേക്കുറിച്ച് അന്വേഷണവും മറ്റും അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മുംബൈ, പുനെ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതും പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതും. അമേരിക്കയിലെ നിരവധി പേര്‍ ഇവരുടെ വഞ്ചനകളില്‍ ബലിയാടുകളായിട്ടുണ്ട്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെയാണ് ഇത്തരത്തില്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി കോള്‍ സെന്ററുകാര്‍ കോ​ടി​ക​ൾ ത​ട്ടി​യെടുത്തത്. ഇ​ന്ത്യ കേ​ന്ദ്ര​ക​രി​ച്ചു ന​ട​ക്കു​ന്ന ഔട്ട്സോഴ്സിംഗ് ബി​സി​ന​സി​നെ​തി​രേ പാ​ശ്ചാ​ത്യ രാജ്യങ്ങളില്‍ അ​തൃ​പ്​​തി വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാണ് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ നടന്നത്. അതോടെ ആ ​      മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​തയാണ് ചോ​ർ​ത്തി​ക്ക​ളഞ്ഞത്.  പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന ക്രി​മി​ന​ൽ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം ​പി​ടി​ക്കേ​ണ്ട ഗ​തി​കേ​ട് ഇ​ന്ത്യ​യ്​​ക്ക് വേണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളാണ്. അ​ത്ത​ര​മൊ​രു   പാ​ര​മ്പ​ര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ക​രു​തി ഒ​റ്റ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇനിയും വര്‍ദ്ധിക്കാനിടയുണ്ട്.

അ​ഭ്യ​സ്​​ത​വി​ദ്യ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വം​കൊ​ണ്ടും ക​ഠി​ന പ​രി​ശ്ര​മം കൊ​ണ്ടും വി​ക​സി​ത​മാ​യ മേ​ഖ​ല​യാ​ണ് ഐ​ടി. ഇ​ന്ത്യ​ൻ യു​വ​ത​യു​ടെ ബു​ദ്ധി​വ​ഭൈ​വ​ത്തി​നു ല​ഭി​ച്ച ആ​ഗോ​ള അം​ഗീ​കാ​ര​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് സി​ലി​ക്ക​ൺ വാ​ലി​യോ​ടു കി​ട​പി​ടി​ക്കു​ന്ന ന​ഗ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ല​യു​യ​ർ​ത്തി​യ​ത്. ഏ​താ​ണ്ട് ഇ​രു​പ​ത്ത​ഞ്ചു ല​ക്ഷം പേ​ർ​ക്ക് നേ​രി​ട്ടും അ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ന​ൽ​കു​ന്ന ഐ​ടി മേ​ഖ​ല​യി​ലൂ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തു​ക​യും ചെ​യ്​​തു. ആ​ഗോ​ള ഐ​ടി ഭീ​മ​ന്മാ​രു​ടെ​യെ​ല്ലാം യൂ​ണി​റ്റു​ക​ൾ ഇന്ത്യയില്‍             പ്ര​വ​ർ​ത്തി​ക്കു​ന്നു. ഐ​.ടി സ​ർ​വീ​സ്,​ ബി​സി​ന​സ് പ്രോ​സ​സ് മാ​നെ​ജ്മെ​ന്‍റ്,​ സോ​ഫ്റ്റ് വെ​യ​ർ​ എ​ൻ​ജി​നി​യ​റിംഗ് സ​ർ​വീ​സ്,​      ഹാ​ർ​ഡ് വെ​യ​ർ തു​ട​ങ്ങി സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​യു​ടെ അ​ധീ​ശ​ത്വം വ്യ​​ക്ത​മാ​ണ്.

എ​ന്നാ​ൽ, ആ ​യ​ശ​സ് ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​ഘ​ടി​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്. ത​ട്ടി​പ്പു  ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി യു​വാ​ക്ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി നി​ർ​ബാ​ധം നി​യ​മ​ലം​ഘ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ കോ​ൾ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നാ​ണ് അമേരിക്ക​യി​ലേ​ക്കും മ​റ്റും വി​ളി​ക​ൾ പോ​യി​ട്ടു​ള്ള​ത്. നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം നി​കു​തി അ​ട​യ്​​ക്കാ​ത്ത​പ​ക്ഷം  അ​റ​സ്​​റ്റു നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് പണം തട്ടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് പഠിക്കാന്‍ അമേരിക്കയിലെത്തുന്ന കു​ടി​യേ​റ്റ​ക്കാ​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും പ​റ​യു​ന്ന​ത് വാ​യ്​​പാ കു​ടി​ശി​ഖ അ​ട​ച്ചി​ല്ലെ​ങ്കി​ൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നായിരിക്കും. ന​ട​പ​ടി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഏതു വിധേനയും പ​ണ​മു​ണ്ടാ​ക്കി അ​ട​യ്​​ക്കും. ആ ​തു​ക തി​രി​മ​റി ന​ട​ത്തി ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​കയാണ് ഈ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നതെന്ന് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടു.

അമേരിക്കയില്‍ കളക്ഷന്‍ ഏജന്റുമാരെന്ന് സ്വയം വിശേഷിപ്പിച്ച് അനധികൃതമായി പണം പിരിക്കുന്നവരുണ്ട്. ഇന്ത്യയില്‍ വണ്ടിപിടുത്തക്കാരെന്നും, പലിശപ്പിരിവുകാരെന്നും പറഞ്ഞ് ഗുണ്ടായിസം കാണിക്കുന്നവരുണ്ട്. അമേരിക്കയിലാകട്ടേ ബാങ്കുകാര്‍ക്ക് കിട്ടാക്കടം പിരിച്ചുകൊടുക്കാനാണെന്ന വ്യാജേന കളക്ഷന്‍ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ മെയിലുകളിലും ഫോണ്‍ വിളികളിലും വീണുപോകുന്നവര്‍ ധാരാളമാണ്. ഇ​ര​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ​ഠി​ച്ച​ശേ​ഷ​മാ​ണ് ഈ ഏജന്റുമാര്‍ അ​വ​ർ​ക്കു ഫോ​ൺ ചെ​യ്യു​ന്ന​ത്. ഈ ശൈലിയാണ് ഇന്ത്യയിലെ കോള്‍ സെന്റര്‍ ഉപയോഗിച്ചു വന്നത്.

അമേരിക്കയിലുള്ളവര്‍ക്ക് സം‌ശയം തോന്നാതിരിക്കാന്‍ അമേരിക്കയിലെ ഫോണ്‍ നമ്പറുകള്‍ തന്നെയാണ് ഈ കോള്‍ സെന്ററുകാര്‍ ഉപയോഗിച്ചിരുന്നത്.  അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ നി​ന്നു​ള്ള വി​ളി​യാ​ണെ​ന്നു ഫോ​ണി​ൽ തെ​ളി​യു​ന്ന​തി​നാ​ൽ ഇ​ര​ക​ൾ​ക്കു സം​ശ​യം തോ​ന്നാ​റി​ല്ല.  അമേരിക്ക​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​ട് ഏ​റ്റു​മു​ട്ടാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ത​ട്ടി​പ്പ് നി​ർ​ബാ​ധം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ദി​നം കോ​ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​റി​ഞ്ഞ​ത്. ഏ​താ​ണ്ട് പ​തി​ന​യ്യാ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.ആര്‍.എസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് നിരവധി ഇന്ത്യക്കാരില്‍ നിന്നും, മലയാളികളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം ഇല്ലാത്തവരായിരുന്നു  ഏറ്റവും കൂടുതല്‍ ഈ തട്ടിപ്പില്‍ വീണത്. ലോക്കല്‍ പോലീസില്‍ പരാതി കൊടുത്താലും കാര്യമായ അന്വേഷണമൊന്നും നടക്കാറില്ല. ഇതൊരു ഫെഡറല്‍ കേസ് ആയതിനാല്‍ ലോക്കല്‍ പോലീസിന് ചില പരിമിതികളൊക്കെയുണ്ട്. ഐ.ആര്‍.എസ്. തന്നെ ബോധവത്ക്കരണമെന്നോണം സര്‍ക്കുലറുകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

എഫ്.ബി.ഐ. ഈ ഫോണ്‍ കോളുകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് കുറെ കാലമായിരുന്നെങ്കിലും അതിന്റെ ഉറവിടം കണ്ടുപിടിച്ചത് ഈയ്യിടെയാണ്.  അമേരി​ക്ക​ മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കി​യ അ​വ​ർ​ക്ക് പി​ന്നീ​ടാ​ണ് വി​ദേ​ശ​ത്തു​ നി​ന്നാ​ണ് കോ​ളു​ക​ളെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ ഫോ​ൺ കോ​ളു​ക​ളു​ടെ പ്ര​ഭ​വ​സ്ഥാ​നം തേ​ടി. അ​ങ്ങ​നെ​യാ​ണ് അ​ന്വേ​ഷ​ണം മുംബൈ, പുനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് എത്തിയത്.

ക്ലോസ്ഡ് അക്കൗണ്ടുകള്‍, കടം എഴുതിത്തള്ളിയ അക്കൗണ്ടുകള്‍, മുതലും പലിശയും തിരിച്ചടക്കാതെ മുങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ഇവയെല്ലാം പബ്ലിക് റെക്കോഡുകളില്‍ നിന്നും, ബാങ്കുകളില്‍ നിന്നും, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നും, ദ​ല്ലാ​ൾ​മാ​രി​ൽ നി​ന്നും, മാ​ർ​ക്ക​റ്റിംഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും ചോ​ർ​ത്തി​യെ​ടു​ത്ത​ശേ​ഷം ആ​ധി​കാ​രി​ക​മെ​ന്നു തോ​ന്നും മ​ട്ടി​ൽ ചോ​ദ്യം ചെ​യ്​​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഇ​ര​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ക​യാ​ണ് ഇ​വ​ർ ചെയ്തിരുന്നത്. അ​വ​രെ​ക്കൊ​ണ്ട് പ്രീ ​പെ​യ്​​ഡ് ഡെ​ബി​റ്റ് കാ​ർ​ഡ് വ​ഴി​യോ,​ ബാ​ങ്ക് വ​ഴി​യോ വ്യാ​ജ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം മാ​റ്റി​യെ​ടു​ത്ത​ശേ​ഷം തി​രി​മ​റി ന​ട​ത്തി ഹ​വാ​ല ഇ​ട​പാ​ടു വ​ഴി ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്നു. ഇ​ത്ത​രം ഏ​ർ​പ്പാ​ടു​ക​ൾ ന​മ്മു​ടെ ഐ​ടി രം​ഗ​ത്തെ പു​ഴു​ക്കു​ത്താ​ണ്. അ​വ വ​ലി​യ വ്ര​ണ​മാ​യി മാ​റു​ന്ന​തി​നു മു​ൻ​പ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​ത്ത​ര​ക്കാ​ർ​ക്കു താ​ക്കീ​തു ന​ൽ​കാ​ൻ സാ​ധി​ക്ക​ണം. പ്ര​ത്യേ​കി​ച്ചും ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ബൃ​ഹ​ദ് സ്വ​പ്​​ന പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നാ​വ​ര​ണം ചെ​യ്​​തി​ര​ക്കെ. ഐ​ടി ബി​സി​ന​സ് രം​ഗ​ത്തു​ള്ള എ​ല്ലാ​വ​രും നി​യ​മ വി​ധേ​യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​ക്ഷേ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തേ മ​തി​യാ​കൂ.

കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വംശജനായ ബല്‍ജീത് സിംഗും ഭാര്യ ഷരണ്‍ജിത് കൗറും 2010-11 കാലയളവില്‍ നടത്തിയ വ്യാജ കളക്ഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എഫ്.ബി.ഐ.യുടെ പ്രസ് റിലീസ് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അമേരിക്കയില്‍ വ്യാജ ഏജന്‍സികള്‍ സ്ഥാപിച്ച് അവയുടെ പേരില്‍ ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി ലക്ഷക്കണക്കിന് ഡോളറാണ് ഇവര്‍ സമ്പാദിച്ചത്.

U.S. Attorney’s Office
February 04, 2013

Eastern District of California
(916) 554-2700

FRESNO, CA—Baljit Singh, 47, of Fresno, pleaded guilty today to conspiring to commit mail and wire fraud, United States Attorney Benjamin B. Wagner announced.

According to the plea agreement, from approximately July 2010 to June 2011, Singh and co-defendant Sharanjit Kaur, 36, owned and operated several companies based in Fresno for the sole purpose of defrauding hundreds of customers located throughout the United States. According to court documents, the defendants, through their companies Consumer Financial Services, Consumer Credit Repair, and Client Financial Services, touted to potential customers that these businesses could provide debt consolidation services. The defendants also falsely promised that they could obtain low-interest loans for customers, assist in avoiding lawsuits, lower car payments, replace high-interest credit cards with low-interest ones, and correct errors in credit reports. The defendants used a call center in India from which individuals would call customers under aliases such as “Neil McKenzie” or “Anthony Jones.”

After luring customers into using these purported services, Singh and his agents instructed customers to send in monthly payments of $500 or more. Even though they collected regular payments from customers, no creditors were contacted on behalf of customers as promised. To mislead customers, forged letters from creditors were sent indicating that loan modifications had been approved. When customers would contact the debt repair companies about late-payment or default notices they had received from their creditors, the defendants and their agents would either hang up on customers or request that customers continue to make service payments. The funds received from customers were used for the defendants’ own benefit or wired to an individual located in Kolkata, India.

As part of the plea agreements, both Singh and Kaur agreed to forfeit $26,943 from bank accounts and a residence owned by Kaur. The U.S. Attorney’s Office has also initiated separate civil actions to recover funds wired by the defendants to India.

Kaur pleaded guilty to the charges on January 16, 2013. She is scheduled to be sentenced by U.S. District Judge Lawrence J. O’Neill on April 8, 2013, at 8:30 a.m. Singh is scheduled to be sentenced on the same day. Both defendants face a maximum sentence of 20 years in prison and a $500,000 fine. The actual sentence, however, will be determined at the discretion of the court after consideration of any applicable statutory factors and the Federal Sentencing Guidelines, which take into account a number of variables.

This case is the product of an investigation by the Federal Bureau of Investigation and the Fresno Police Department. Assistant United States Attorney Grant B. Rabenn is prosecuting the case. Assistant U.S. Attorney Heather Jones is assisting with the civil actions.

2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

അമൃതവും വിഷവും (ചിന്താശകലം)

അടുത്ത മിത്രം കടുത്ത ശത്രുവായിത്തീരുന്നതും, കൊടിയ ശത്രു ഉറ്റ മിത്രമായി മാറുന്നതും ലോകജീവിതത്തില്‍ അസംഭവ്യങ്ങളല്ല.

ഇരുട്ടു വെളിച്ചമാകുമെന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ? പക്ഷെ, മൈത്രി ചിലപ്പോള്‍ ശത്രുതയായിത്തീരാമെന്ന് ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ബാഹ്യപ്രേരണകളോ തെറ്റിദ്ധാരണകളോ സാഹചര്യസമ്മര്‍ദ്ദങ്ങളോ ഒക്കെയാകാം ഇത്തരം മാറ്റത്തിന്റെ കാരണങ്ങള്‍.

ചിലപ്പോള്‍ ആ കാരണങ്ങള്‍ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ലെന്നു വരാം.

ആജന്മശത്രുവിനേക്കാള്‍ ആപല്‍ക്കാരിയായിരിക്കും ശത്രുവായി മാറുന്ന മിത്രം; മറിച്ച്, മിത്രമായിത്തീരുന്ന ശത്രു കൂടുതല്‍ ഉപകാരിയുമാകാം.

വിഷം മാരകമായ വസ്തുവാണ്; എന്നാല്‍ അതുതന്നെ ചില ഘട്ടങ്ങളില്‍ മൃതസഞ്ജീവനിയായി ഭവിക്കുന്നു.

വിഷമയങ്ങളായ ഔഷധങ്ങള്‍ കൊണ്ടാണല്ലോ ഇപ്പോള്‍ പലരും ജീവന്‍ നിലനിര്‍ത്തുന്നത് !

അകാലികമായും അമിതമായും ചെലുത്തിയാല്‍ അമൃതം പോലും മരണഹേതുവുമാകാം.

കാലത്തേയും ദാസനാക്കിയ കാളിദാസന്‍ പറയുന്നു;

"സ്രഗിയം യദി ജീവിതാപഹാ ഹൃദയേ കിം നിഹിതാ ന ഹന്തി മാം
വിഷമപ്യമൃതം ക്വചിദ്ഭവേദമൃതം വാ വിഷമീശ്വരേച്ഛയാ"

2016 ഒക്‌ടോബർ 15, ശനിയാഴ്‌ച

ജയരാജന്റെ രാജിയും അഭിഭാഷകരുടെ അഴിഞ്ഞാട്ടവും

"എല്‍‌.ഡി.എഫ്. വരും....എല്ലാം ശരിയാകും...." ഈ മാജിക് മന്ത്രം ആരും മറന്നു കാണാനിടയില്ല. അതെ, ആ മന്ത്രമുരുവിട്ടുകൊണ്ട് അധികാരത്തിലെത്തിയ ഇടതു മന്ത്രിസഭയിലെ പ്രമുഖനായ ഇ.പി. ജയരാജന് 5 മാസം തികച്ച് മന്ത്രിക്കസേരയിലിരിക്കാന്‍ സാധിച്ചില്ല. ബന്ധു നിയമനങ്ങളുടെ കുരുക്കില്‍ പെട്ട് ജയരാജന്‍ പടിയിറങ്ങിയപ്പോള്‍ പ്രതിച്ഛായ വര്‍ദ്ധിച്ചത് പിണറായി വിജയന്റെയാണ്.

തുടക്കത്തിൽ‌ മന്ത്രിക്കൂട്ടങ്ങള്‍ക്കും ഉദ്യോഗസ്ഥക്കൂട്ടങ്ങള്‍ക്കും നല്ലനടപ്പ് പറഞ്ഞുകൊടുത്തെങ്കിലും പിന്നീട് 'പണി പാളിയ' പോലെയായിരുന്നു കാര്യങ്ങളുടെ പോക്ക്. കേരള ചരിത്രത്തിലെന്നല്ല ഇന്ത്യന്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി അഭിഭാഷകരും പത്രപ്രവർത്തകരും തമ്മിൽ കോടതികളില്‍ നടന്ന ബഹളങ്ങളും അടിപിടിയും മറ്റു അസ്വസ്ഥതകളും, അത് പരിഹരിക്കുന്നതില്‍ വന്ന കാലതാമസം, തൃശൂരിലെ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ലഭിച്ച ശിക്ഷ ഇളവ്, മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നതിലുൾപ്പെടെ മാധ്യമങ്ങളെ കാണുന്നതിനു മുഖ്യമന്ത്രി കാണിക്കുന്ന വിമുഖത, സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസ് ഘടനയുടെ പരിഷ്കരണം തുടങ്ങി പല അപശ്രുതികളും ഇക്കാലത്താണ് ഉണ്ടായത്.

വിവാദ മന്ത്രിയായ ഇ.പി. ജയരാജന്റെ രംഗപ്രവേശം തന്നെ വിവാദപ്രസ്താവനയിറക്കിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ വിവാദ ബോംബ് സ്പോര്‍ട്സ് കൗൺസില്‍ അധ്യക്ഷ അഞ്ജു ബോബി ജോർജിനെ അവഹേളിച്ചുകൊണ്ടായിരുന്നു. ജയരാജന്റെ സംസ്ക്കാരശൂന്യമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് അഞ്ജുവും ചില കൗണ്‍സില്‍ അംഗങ്ങളും രാജി വെച്ചു. പിന്നീട് ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്‍റെ കായികപ്രതിഭയാക്കിയതാണ്. ലോക ബോക്സിംഗ് ചാമ്പ്യന്‍ അമേരിക്കക്കാരനായ മുഹമ്മദ് അലിയാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാമെന്നിരിക്കെ, മുഹമ്മദ് അലി എന്ന് കേട്ടയുടനെ അദ്ദേഹത്തെ മലയാളിയാക്കിയ കേരള വ്യവസായ മന്ത്രിയുടെ വിവരം എത്രത്തോളമുണ്ടെന്ന് അന്നേ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. ഏതായാലും അതില്‍നിന്നെല്ലാം ഒരുവിധം തടിയൂരി വന്നപ്പോഴേക്കും ഇതാ പുതിയ വിവാദം ജയരാജനെത്തേടിയെത്തി. വ്യവസായ മന്ത്രിയായിരിക്കെ, പൊതു മേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ കുത്തിനിറച്ചു എന്ന ആരോപണത്തിനൊടുവില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് പടിയിറങ്ങിയതും പോരാ ഇനി പാര്‍ട്ടി നടപടികള്‍ നേരിടുകയും വേണം.

പാർട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ അടുത്ത ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചതാണ് അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒന്നും രണ്ടും പേരെയല്ല, ഭാര്യാ സഹോദരിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനെജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തും, സഹോദരന്‍റെ മകന്‍റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേസ് ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തും നിയമിച്ചതു കൂടാതെ, ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും, ആനത്തലവട്ടം ആനന്ദന്‍െറ മകന്‍ ജീവന്‍ ആനന്ദിനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും, കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജി.എം ആയും നിയമിച്ചു. തീര്‍ന്നില്ല, ഇതു പോലെ ബന്ധുക്കൾക്കും ആശ്രിതർക്കും പാർട്ടി പ്രവർത്തകർക്കുമായി മൂവായിരത്തോളം അനധികൃത നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയുള്ളവരെ കണ്ടെത്തി നിയമിക്കുന്നതിന് റിയാബ് എന്ന പൊതു സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിലൂടെ മതിയായ യോഗ്യതയും മുൻപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അഭിരുചി പരിശോധനയും അഭിമുഖവും നടത്തി, പട്ടിക തയാറാക്കി, അതിൽ നിന്നു വേണം നിയമനം നടത്തേണ്ടത്. എന്നാൽ ബന്ധുനിയമനങ്ങളുടെ കാര്യത്തിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നുണ്ടെന്നതു സമ്മതിക്കുന്നു. പക്ഷേ, അധികാരത്തിലെത്തുന്നവർ ആരായാലും തന്നിഷ്ടപ്രകാരം അതിനു മുതിരുന്നത് ജനങ്ങളെ അപമാനിക്കലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനം മാധ്യമങ്ങളിൽ വന്നപാടേ നടപടിക്കു മുതിർന്ന മുഖ്യമന്ത്രിയും പാർട്ടി സംവിധാനങ്ങളും ഇക്കാര്യത്തിൽ മികവാർന്ന ഉത്തരവാദിത്വം കാട്ടിയെന്നു കരുതാം. തെറ്റു സംഭവിച്ചു എന്ന തിരിച്ചറിവിൽ പാർട്ടിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ സംരക്ഷിക്കാൻ സ്വയം രാജി സന്നദ്ധത അറി‍യിച്ച ഇ.പി. ജയരാജന്‍റെ നടപടിയും പൊതു സമൂഹത്തിനു സ്വീകാര്യമായേക്കാം. പേരുദോഷം സംഭവിച്ചതിനു ശേഷവും തൊടുന്യായങ്ങളുന്നയിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാൻ നിന്നില്ലല്ലോ എന്നതു തന്നെ വലിയ കാര്യം. ജനാധിപത്യം പുലരുന്ന ഒരു ഭരണ സംവിധാനത്തിൻകീഴിൽ, സമൂഹ മാധ്യമങ്ങളടക്കം വളരെ സജീവമായ സാഹചര്യത്തിൽ ജനങ്ങളെ ധിക്കരിച്ചും വെല്ലുവിളിച്ചും ഒരു ഭരണാധികാരിക്കും അധികകാലം അധികാരത്തിലിരിക്കാൻ കഴിയില്ല എന്ന വലിയ സന്ദേശം കൂടിയുണ്ട്, മന്ത്രി ഇ.പി. ജയരാജന്‍റെ രാജിക്ക്.

ഈ രാജിയോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയുന്നില്ല. വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാകുമ്പോഴേ എത്രത്തോളം അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകൂ. ജയരാജന്റെ രാജിയോടെ എല്‍.ഡി.എഫി.ന്റെ " എല്ലാം ശരിയാകും" എന്ന മാന്ത്രിക വാക്ക് അന്വര്‍ത്ഥമായെങ്കിലും, ഈ അഞ്ചു മാസത്തെ ഭരണം കൊണ്ട് ആര്‍ക്കൊക്കെ എന്തെല്ലാം നേട്ടങ്ങളുണ്ടായി എന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ആകാംക്ഷയുണ്ട്. ജയരാജന്റെ കേസ് തിരിവനന്തപുരം ജില്ലാ കോടതിയിലെത്തിയപ്പോള്‍ റിപ്പോര്‍ട്ടിംഗിനായി അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ വിരട്ടിയോടിച്ച അഭിഭാഷകരുടെ പ്രവര്‍ത്തിയും സംശയത്തോടെ കാണണം. മാധ്യമങ്ങളോട് പണ്ടേ ചതുര്‍ത്ഥിയുള്ള പിണറായി വിജയന്റെ മൗനസമ്മതമാണോ അഭിഭാഷകരുടെ അഴിഞ്ഞാട്ടമെന്നും സംശയിക്കണം. കാരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. പക്ഷെ, അവിടെ നടന്നത് നേരെ തിരിച്ചും. കോടതിയില്‍ തെമ്മാടികളെപ്പോലെ പെരുമാറിയ അഭിഭാഷകര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ ഹൈക്കോടതിക്ക് കഴിയണം.

2016 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം പത്ത്

ആകാശത്ത് ഇടക്കിടെ ഇടിമിന്നലുകള്‍ തെളിയുന്നതു കാണാം. എവിടെയോ മഴ പെയ്യുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ. ഇടക്കിടെ കാര്‍മേഘച്ചീളുകള്‍ക്കുള്ളില്‍ ഒളിച്ചുകളിക്കുന്ന അമ്പിളിമാമനും കണ്ണിറുക്കിക്കാണിക്കുന്ന കുസൃതികളായ നക്ഷത്രക്കൂട്ടങ്ങളേയും നോക്കി കിടക്കാന്‍ എന്തു രസമാണ്. പണ്ട് പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയ നാളുകള്‍ അയാളുടെ മനസ്സില്‍ പൂമഴ പെയ്യിച്ചു.
 
നക്ഷത്രങ്ങളുടെ എണ്ണം പതിയെ പതിയെ കുറഞ്ഞുവരുന്നതുപോലെ തോന്നി...തോന്നലല്ല, ശരിക്കും സംഭവിക്കുകയായിരുന്നു. എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി... .പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം.....!! എന്തോ കൗതുകം തോന്നി അയാള്‍ അതിനെത്തന്നെ നോക്കിക്കിടന്നു. മഞ്ഞുവീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണമേറ്റ് ഗ്രാമത്തിന്‍റെ ശാന്തതയില്‍ ഒരു ജീവിത സായാഹ്നം താന്‍ കൊതിച്ചിരുന്നു.
 
അകലെയെവിടെയോ കാലന്‍ കോഴികള്‍ കൂവുന്നു. പരസ്പരം ഇണപിരിയാപക്ഷികളായിരുന്ന ആണ്‍പക്ഷി യും പെണ്‍പക്ഷിയും പരസ്പരം കണ്ടുമുട്ടാനാകാതെ അകലങ്ങളിലിരുന്നുകൊണ്ട് തങ്ങളുടെ സാമീപ്യം അറിയിക്കുകയാണ്. തന്‍റെ ചെറുപ്പത്തില്‍ ഒരിക്കല്‍ അമ്മ പറഞ്ഞുതന്ന കാലന്‍ കോഴികളുടെ കഥ ഓര്‍മ്മവരുന്നു.

നിലാവു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്. അന്ന് ഇതുപോലെ ഉമ്മറക്കോലായില്‍ അമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു താന്‍. ആകാശത്ത് കണ്ണുകള്‍ ചിമ്മിത്തുറക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍. ഈ നക്ഷത്രങ്ങളൊക്കെ എങ്ങനെയാണുണ്ടാകുന്നതെന്ന് താന്‍ അമ്മയോടു സംശയം ചോദിച്ചു. അമ്മയുടെ വിശദീകരണം കൗതുകത്തോടെ താന്‍ കേട്ടു കിടന്നു.
 
"ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നډകള്‍ ചെയ്തവര്‍ മരണപ്പെട്ടാല്‍ അവരുടെ ആത്മാക്കള്‍ നക്ഷത്രങ്ങളായി ആകാശത്ത് പ്രകാശിച്ചു നില്‍ക്കുമത്രേ. തന്നെയുമല്ല ഭൂമിയില്‍ അവര്‍ക്ക് പ്രിയപ്പെട്ടവരെ ആ നക്ഷത്രങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും."
 
"അപ്പോള്‍ നമ്മളെങ്ങനെയാ ആ നക്ഷത്രങ്ങളെ തിരിച്ചറിയുന്നത്?" തന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
 
"ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കുറെ നേരം സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു നക്ഷത്രം മിന്നുന്നതു കാണാം. അതാണ് നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാവ്. ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്‍റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും."

അമ്മയുടെ ഉത്തരം താന്‍ അത്ഭുതത്തോടെ അതിലേറെ ആശ്ചര്യത്തോടെ കേട്ടു കിടക്കും.
 
പെട്ടെന്നാണ് അടുത്തുള്ള തൊടിയില്‍ നിന്ന് ഒരു കാലന്‍ കോഴി നീട്ടിക്കൂകിയത്. താന്‍ പേടിച്ചു വിറച്ചുപോയി..! അല്പസമയം കഴിഞ്ഞ് അങ്ങകലെ എവിടെ നിന്നോ മറ്റൊരു കൂവലും കേട്ടു. അതങ്ങിനെ രണ്ടുമൂന്നു പ്രാവശ്യം തുടര്‍ന്നു.
 
"എന്തുതരം കിളിയാണമ്മേ അത്?" ഔത്സുക്യത്തോടെ താന്‍ ചോദിച്ചു.
 
"കാലന്‍ കോഴികളാണത് മോനെ. ആദ്യം കൂകിയത് ആണ്‍കോഴിയും പിന്നെ കൂകിയത് പെണ്‍കോഴിയും"
 
"അതെന്തിനാ അമ്മേ രണ്ടു കോഴികളും അകലെനിന്ന് ഇങ്ങനെ കൂകുന്നത്?"  തന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.
 
"എന്തുകൊണ്ടാണമ്മേ അവയെ പകല് കാണാന്‍ പറ്റാത്തെ?"
 
"അതൊരു വലിയ കഥയാണു കുട്ടാ" അമ്മ പറഞ്ഞു തുടങ്ങി.
 
പണ്ട് ഈ കോഴികള്‍ മനുഷ്യരായിരുന്നത്രേ. ആശാരിയും ആശാരിച്ചിയും. ആശാരി എന്നും രാവിലെ പണിക്കുപോയാല്‍ രാത്രിയേ വീട്ടിലെത്താറുള്ളൂ. ഒരു ദിവസം രാത്രി ഏറെ വൈകിയാണ് അയാള്‍ പണി കഴിഞ്ഞു വന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരു ശ്മശാനം കടന്നുവേണം അയാള്‍ക്കു വരാന്‍. ശ്മശാനത്തിനു നടുവില്‍ കൂടി അയാള്‍ നടന്നുവരുമ്പോള്‍ രണ്ടുമൂന്നു പേര്‍ അകലെ കൂടിയിരിക്കുന്നതു കണ്ടു. ആരോ കള്ളുകുടിച്ച് ലക്കുകെട്ട് വഴിതെറ്റി വന്നതായിരിക്കാമെന്ന് ആശാരി കരുതി. ആശാരിയും അല്പം കുടിച്ചിട്ടുണ്ട്.

അടുത്തെത്തിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി !! രണ്ടുമൂന്നു പേര്‍ കുനിഞ്ഞിരുന്ന് ഒരു ശവക്കുഴിയില്‍ നിന്ന് ശവം പുറത്തെടുത്തിട്ട് കൊത്തിവലിച്ചു തിന്നുകയാണ്.. ആശാരിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. അയാള്‍ സംയമനം പാലിച്ച് മറ്റൊരു വഴിക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പക്ഷേ അതിനു മുന്‍പ് അവരയാളെ കണ്ടുകഴിഞ്ഞിരുന്നു. അവര്‍ ആശാരിയെ തിരിച്ചു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ട് ആശാരി അവരുടെയടുത്തേക്കു ചെന്നു.
 
"നീയിവിടെ എന്താണു കണ്ടത്?" അവരിലൊരാള്‍ ചോദിച്ചു. പേടിച്ചരണ്ട ആശാരി ഒന്നും മിണ്ടാനാകാതെ മരവിച്ചു നില്‍ക്കുകയാണ്.
 
"നിന്നേയും ഞങ്ങള്‍ ഇതുപോലെ തിന്നും." അവരിലൊരാള്‍ വീണ്ടും പറഞ്ഞു.

സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ആശാരി കണ്ണുകളടച്ചു നിന്നു.

"എന്നെ ഉപദ്രവിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്."
 
"ശരി, നിന്നെ ഞങ്ങള്‍ ഉപദ്രവിക്കുന്നില്ല. പക്ഷേ, ഞങ്ങളെ ഇവിടെ കണ്ട കാര്യവും ഇവിടെ നടന്ന കാര്യവും നീ ആരോടും പറയരുത്. പറഞ്ഞാല്‍ ആ നിമിഷം നീ പറന്നുപോകും. തന്നെയുമല്ല, നിന്‍റെ ഭാര്യയും പറന്നുപോകും. പിന്നീടൊരിക്കലും നിങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല."

ഭയവിഹ്വലനായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആശാരി അതു സമ്മതിച്ചു.
 
"ശരി, എങ്കില്‍ നീ പൊയ്ക്കോ. തിരിഞ്ഞു നോക്കാതെ വേണം പോകാന്‍." അവരിലൊരാള്‍ ആജ്ഞാപിച്ചു.

അടിമുടി വിയര്‍ത്തു വിറച്ചുകൊണ്ടു നിന്ന ആശാരി അപ്രകാരം ചെയ്തു. വീട്ടിലെത്തുന്നതുവരെ അയാള്‍ തിരിഞ്ഞു നോക്കിയില്ല.

ആകെ പരവശനായി വീട്ടിലെത്തിയ ആശാരിയെ കണ്ട് ഭാര്യ അത്ഭുതപ്പെട്ടു !
 
"ഇതെന്തു പറ്റി?" ആകാംക്ഷയോടെ ഭാര്യ തിരക്കി.
 
"നീയിത്തിരി വെള്ളം കൊണ്ടുവാ. എനിക്കെന്തോ വിഷമം തോന്നുന്നു. ഭയങ്കര ദാഹവും." ഒരുവിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
അന്നു രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം ജോലിക്കു പോകാനും കഴിഞ്ഞില്ല. കടുത്ത തലവേദനയും പനിയും കൊണ്ട് വിറച്ചു കിടക്കുന്ന ഭര്‍ത്താവിന്‍റെ പരിഭ്രമവും ക്ഷീണവും കണ്ട് ഭാര്യ വിഷമിച്ചു.
 
"നിങ്ങള്‍ക്കിതെന്തു പറ്റി? ഇന്നലെ രാത്രി മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്." ഭാര്യ തിരക്കി.
 
"എനിക്കൊന്നുമില്ല, നീയിത്തിരി ചുക്കു കാപ്പി അനത്തി കൊണ്ടുവാ."
 
ചുക്കു കാപ്പിയുമായി ഭാര്യ വന്നപ്പോഴും അയാള്‍ മൂടിപ്പുതച്ചു കിടപ്പാണ്.
 
"രാത്രി നേരം വൈകി ആ ചുടുകാട്ടിനടുത്തുകൂടെ വരരുതെന്ന് ഞാന്‍ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല. ഇന്നലെ രാത്രി വല്ലോം കണ്ടു പേടിച്ചതായിരിക്കും."

ഭാര്യ മുറുമുറുത്തുകൊണ്ട് ചുക്കു കാപ്പി അയാള്‍ക്ക് കൊടുത്തു.
 
ദിവസം മുഴുവന്‍ അയാള്‍ അതേ കിടപ്പു കിടന്നു. ഭാര്യയോടുപോലും ഒന്നും മിണ്ടാനാകാതെ അയാള്‍ കണ്ണടച്ചു കിടന്നു. ഒന്നു മയക്കത്തിലാകുമ്പോള്‍ തലേ ദിവസം കണ്ട രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിവസങ്ങള്‍ രണ്ടുമൂന്നു കഴിഞ്ഞു. അയാള്‍ പണിക്കു പോകാതെയായി. കാര്യമന്വേഷിച്ച ഭാര്യയോട് ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു. പക്ഷേ, തന്‍റെ ഭര്‍ത്താവിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ഭാര്യ മനസ്സിലാക്കി. മൂന്നാം ദിവസം രാത്രി ഭര്‍ത്താവിനോട് കാര്യം തിരക്കി. ഒഴിഞ്ഞു മാറാന്‍ തുടങ്ങിയ ഭര്‍ത്താവിനെ അവര്‍ വിട്ടില്ല. നില്‍ക്കക്കള്ളിയില്ലാതെ അയാള്‍ പറഞ്ഞു..

"ഞാനതു നിന്നോടു പറഞ്ഞാല്‍ ഞാന്‍ പറന്നുപോകും."
 
"പറന്നു പോകുമോ? നിങ്ങളെന്തായീ പറേണത്...!!?" അവര്‍ അത്ഭുതം കൂറി.
 
"അതെ, ഞാനത് പറഞ്ഞാല്‍ ഞാനും നീയും പിന്നെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കില്ല."
 
"അപ്പോള്‍ ഭര്‍ത്താവിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്. അതു പറഞ്ഞാല്‍ പറന്നു പോകും." ഭാര്യ തലപുകഞ്ഞാലോചിച്ചു.
 
"എങ്കി ഞാനൊരു കാര്യം ചെയ്യാം. നിങ്ങടെ കാല് ഞാനീ തൂണില്‍ കെട്ടിയിടാം. അപ്പൊ പറന്നുപോകില്ലല്ലോ?"
 
ഭാര്യയുടെ ഉപായം കൊള്ളാമെന്ന് ഭര്‍ത്താവും കരുതി.
 
"അപ്പോ നീയോ?" അയാള്‍ ചോദിച്ചു.
 
അതിനും ഭാര്യ ഒരു ഉപായം പറഞ്ഞു. ഉമ്മറത്തെ തൂണില്‍ ഒരു വശത്ത് ഭര്‍ത്താവിന്‍റേയും മറുവശത്ത് ഭാര്യയുടേയും ഓരോ കാലുകള്‍ കെട്ടിയിടുക. അങ്ങനെ രണ്ടുപേരുടെയും ഓരോ കാലുകള്‍ തൂണിനോടു ചേര്‍ത്തു കെട്ടിയതിനുശേഷം ആശാരി തലേദിവസം നടന്ന സംഭവങ്ങള്‍ വിവരിച്ചു. അയാളുടെ വിവരണം തീര്‍ന്നില്ല, അയാളൊരു വലിയ പക്ഷിയായി ആകാശത്തേക്കു പറന്നുയര്‍ന്നു. തൊട്ടുപിറകെ ആശാരിച്ചിയും പറന്നു പോയി. കാലുകള്‍ തൂണില്‍ ബന്ധിച്ചിരുന്നതിനാല്‍ പറക്കുന്ന സമയത്ത് ആ കാലുകള്‍ കയറില്‍ കുരുങ്ങിയതുകൊണ്ട് ബലമായി പറിച്ചുകൊണ്ടാണ് അവര്‍ രണ്ടുപേരും പറന്നു പോയത്. ഭാര്‍ത്താവ് പറന്നു പോയതിന്‍റെ എതിര്‍ദിശയിലേക്കാണത്രെ ഭാര്യ പറന്നു പോയത്.
 
ഈ സംഭവത്തിനു ശേഷം ആ രണ്ടു പക്ഷികളും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലത്രേ. ആണ്‍പക്ഷി പെണ്‍പക്ഷിയെത്തേടി ഇപ്പോഴും നടക്കുകയാണ്. രാത്രികളിലേ ഈ പക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കൂ. ആണ്‍പക്ഷി ഏതെങ്കിലും മരത്തിലിരുന്ന് നീട്ടിക്കൂകും. കുറെ കഴിഞ്ഞ് അങ്ങകലെ നിന്ന് മറ്റൊരു കൂകലും കേള്‍ക്കാം. അത് പെണ്‍പക്ഷിയാണത്രേ. അമ്മ പറഞ്ഞു നിര്‍ത്തി.
 
"എന്തിനാണമ്മേ അവയെ കാലന്‍ കോഴിയെന്നു വിളിക്കുന്നത്?" ആകാംക്ഷയോടെ താന്‍ ചോദിച്ചു.
 
"അതോ, ആ സംഭവം നടക്കുമ്പോള്‍ ആശാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് ഈ പക്ഷികള്‍ കൂകുന്ന സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കുമെന്നാണ് പറയുന്നത്. ഈ പക്ഷികള്‍ സാധാരണ പക്ഷി വര്‍ഗ്ഗത്തില്‍ പെട്ടതല്ല. കണ്ണുകള്‍ രണ്ടും ചുവന്ന് വികൃത രൂപത്തിലാണത്രേ. അതുകൊണ്ട് ഇവയെ കുട്ടികളോ സ്ത്രീകളോ രാത്രികാലങ്ങളില്‍ കണ്ടാല്‍ പേടി കിട്ടുമത്രേ. അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളും ഉണ്ടാകുമത്രേ. അതുകൊണ്ടാണ് കാലന്‍ കോഴികള്‍ എന്നു പേരു വീണത്."
 
അമ്മ പറഞ്ഞ കഥ സാകൂതം കേട്ട് കണ്ണുകള്‍ ചിമ്മിയടക്കുന്ന നക്ഷത്രങ്ങളെ നോക്കി താന്‍ നെടുവീര്‍പ്പിടും.

(തുടരും....)

2016 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

Always Remember to Be Thankful in Life...

Gratitude is often linked to positive things, such as an act of favor, kindness or love. However, things don't always go as you may have hoped in life, and this often hinders our gratefulness. 

Although wanting to avoid those moments where we feel low is understandable, there's always something positive to gain from them. Downfalls may actually make you more appreciative and bold. So, if you're having a bad day, or if you're going through a rough patch, don't blame yourself - just be thankful for your setbacks and consider them a blessing, keeping in mind that everything happens for a reason.