Tuesday, June 28, 2011

തിരുവഞ്ചൂരിന്റെ പൂച്ചകള്‍

നാലു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്‌ടുമൊരു മൂന്നാര്‍ ഓപ്പറേഷന്‌ കേരളം കാതോര്‍ക്കുകയാണ്‌. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ദൗത്യ സംഘം മൂന്നാറിലെത്തി കൈയേറ്റങ്ങള്‍ നേരിട്ട്‌ കണ്‌ടുബോധ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. ഇനി സര്‍വകക്ഷി യോഗം ചേര്‍ന്ന്‌ പൂച്ചകളെയോ പുലികളെയോ മൂന്നാറിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്നുംവരാം. പിന്നെ കുറച്ചുനാള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ആഘോഷിക്കാന്‍ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങളും ചിത്രങ്ങളും നല്‍കി ജനങ്ങളെ കോരിത്തരിപ്പിക്കാം. അതിനുശേഷം പതിവുപോലെ എല്ലാവരും മൂന്നാറിനെ മറക്കും. പിന്നെ പതിവുപോലെ റിസോര്‍ട്ട്‌ മാഫിയയും കൈയേറ്റ മാഫിയയുമെല്ലാം മൂന്നാറിനെ കാല്‍ക്കീഴിലാക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന കാഴ്‌ചയാണിത്‌. 

അധികാരമേറ്റെടുത്ത്‌ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എടുത്തുപറയാന്‍ കാര്യമായ ഭരണനേട്ടങ്ങളൊന്നുമില്ലാതിരിക്കെയാണ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ മൂന്നാറിലേക്ക്‌ മൂന്ന്‌ പൂച്ചകളെ അയച്ചത്‌. ടാറ്റ കൈയേറിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്നും മൂന്നാറിനെ പൊളിച്ചടുക്കുമെന്നുമുള്ള വി.എസിന്റെ പ്രഖ്യാപനങ്ങള്‍ കേട്ട്‌ ജനം എന്തിനെന്നില്ലാതെ കൈയടിച്ചു. പിന്നെ കുറച്ചുനാള്‍ ജെ.സി.ബി കൈകള്‍കൊണ്‌ട്‌ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന കാഴ്‌ച കണ്‌ട്‌ കേരളം കോരിത്തരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസിന്റെ ധീരതയെ എല്ലാവരും വാഴ്‌ത്തിപാടി. വി.എസിന്റെ ജനപ്രീതിയുടെ ഗ്രാഫ്‌ കുത്തനെ ഉയര്‍ന്നു.

എന്നാല്‍ ജെ.സി.ബി കൈകള്‍ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനുനേര്‍ക്കും നീണ്‌ടതോടെ മൂന്നാറിലെ ജെ.സി.ബി മുരള്‍ച്ചയും നിന്നു. കാടിറങ്ങിയ പൂച്ചകളാകട്ടെ കേസും കൂട്ടവുമായി കോടതികള്‍ കയറിയിറങ്ങി വട്ടം തിരിഞ്ഞു. ടാറ്റ കൈയേറിയെന്ന്‌ പറയപ്പെടുന്ന ഭൂമിയില്‍ നിന്ന്‌ ഒരു പുല്ല്‌ പോലും പറിച്ചെടുക്കാനായില്ലെന്ന സത്യം മാത്രം ബാക്കിയായി. മൂന്നാറില്‍ ടാറ്റ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കെുറിച്ചു കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും വിവരമുണ്ട്‌. പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക്‌ ജീവിത സൗകര്യമൊരുക്കുന്ന ടാറ്റ തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ്‌ ഈ ആരോപണത്തെ പ്രതിരോധിച്ചത്‌. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ മിക്ക തൊഴിലാളി സംഘടനകളും ടാറ്റയുടെ കുരുക്കില്‍ കുടുങ്ങിയിട്ടുണ്‌ട്‌.

അതു മനസിലാക്കാതെ, ജെസിബിയും കരിമ്പൂച്ചകളുമായി മൂന്നാര്‍ ദൗത്യം ഏറ്റെടുത്തതാണു വി.എസിന്‌ പറ്റിയ അമളി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇടിച്ചു നിരത്തുകയും ചെയ്‌ത ഭൂമിക്കും റിസോര്‍ട്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലാണിന്നു സംസ്ഥാനം ഇപ്പോള്‍. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ നടപടികളെല്ലാം സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതകളാണു വരുത്തിയത്‌. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും പിന്തുണയില്ലാതെ മൂന്നാര്‍ ദൗത്യത്തില്‍ വി.എസിന്‌ നാണം കെട്ടു പിന്മാറേണ്‌ടി വരികയും ചെയ്‌തു. ഒടുവില്‍ ദൗത്യത്തിന്‌ നേതൃത്വം നല്‍കിയ സുരേഷ്‌ കുമാര്‍ എന്ന വിശ്വസ്‌ത പൂച്ചയെ വി.എസ്‌. തള്ളിപ്പറയുന്നതും നമ്മള്‍ കാണേണ്‌ടി വന്നു.

ഇതിനെല്ലാം പുറമെ മൂന്നാറിലെ റവന്യൂ ഭൂമി കൈയേറ്റക്കാര്‍ക്ക്‌ പതിച്ചുനല്‍കാനും സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്‌ക്കുമെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈയാണോ കാലാണോ വെട്ടേണ്‌ടതെന്ന്‌ അപ്പോള്‍ തീരുമാനിക്കുമെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസ്‌താവനകൂടി ഇതിനോട്‌ കൂട്ടിവായിക്കണം. ഈ ഒരു പശ്ചാത്തലം മനസ്സില്‍ വെച്ചുകൊണ്‌ടാവണം മൂന്നാറിലെ കൈയേറ്റം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍.

ആദ്യഘട്ടത്തില്‍ ചിന്നക്കനാല്‍ മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. വി.എസ്‌ സര്‍ക്കാര്‍ നിയമിച്ച മൂന്നാര്‍ ട്രൈബ്യൂണല്‍ 
അടക്കമുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ്‌ ചിന്നക്കനാല്‍ മേഖലയില്‍ പുതുതായി വ്യാപക കൈയേറ്റങ്ങള്‍ അരങ്ങേറിയിരിക്കുന്നത്‌. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ നടന്റേതടക്കം 3,250 ഏക്കര്‍ സ്ഥലമാണ്‌ ഇവിടെ കൈയേറിയിരിക്കുന്നത്‌. ഇതില്‍ 3000 ഏക്കര്‍ കൈയേറിയിരിക്കുന്നത്‌ ഭരണതലത്തില്‍വരെ സ്വാധീനമുള്ള ഒരു വിദേശ മലയാളിയാണെന്നത്‌ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്‌. 

ഇതിന്‌ സമീപം പതിനഞ്ചോളം കോണ്‍ഗ്രസ്‌ നേതാക്കളും ഭൂമി കൈയേറിയിട്ടുണ്‌ടെങ്കിലും ആദ്യഘട്ടത്തില്‍ അവ കാണാതെ സിപിഎം പ്രവര്‍ത്തകന്‍ കൈയേറിയ ഭൂമി കാണാന്‍ തിരുവഞ്ചൂര്‍ അമിത താല്‍പര്യം പ്രകടിപ്പിച്ചത്‌ മൂന്നാര്‍ കുടിയൊഴിപ്പക്കലിനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്‌ ജനങ്ങളില്‍ സംശയം ഉണര്‍ത്തുന്നുമുണ്‌ട്‌.

എന്തായാലും ചിന്നക്കനാലിലെലെയും പാര്‍വതി മലയിലെയും ലക്ഷ്‌മിയിലെയും പുതിയ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ മൂന്നാര്‍ മല കയറിയ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വി.എസിനെപ്പോലെ വില കുറഞ്ഞ പബ്ലിസിറ്റിയല്ല ലക്ഷ്യം വയ്‌ക്കുന്നതെന്നു തല്‍ക്കാലം നമുക്കെല്ലാം വിശ്വസിക്കാം. വന്‍കിടക്കാരുടെ പേരു പറഞ്ഞ്‌ തൊഴിലാളികളുടെയും ചെറുകിടക്കാരുടെയും നെഞ്ചിനു നേര്‍ക്കു ജെസിബി ഉരുട്ടിക്കയറ്റില്ലന്ന്‌ ആശിക്കുകയുമാവാം. ഒപ്പം എല്ലാ പഴുതുകളും അടച്ചുള്ള ദൗത്യത്തിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്‌തമായ ഭൂമി ഏറ്റെടുത്ത്‌ തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിന്റെ ഊട്ടിയെ തിരിച്ചുപിടിക്കുമെന്ന്‌ പ്രതീക്ഷിക്കാം.




Sunday, June 26, 2011

ഇന്ധനംകൊണ്ടൊരു ഇരുട്ടടി

ജനങ്ങളെ എങ്ങനെയൊക്കെ പരീക്ഷിക്കാമെന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പിഎച്ച്‌ഡി എടുക്കുന്ന തിരക്കിലാണിപ്പോള്‍. അഴിമതിക്കഥകളും വിലക്കയറ്റവും കൊണ്‌ട്‌ ശ്വാസംമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക്‌ മേലെ ഡീസലിന്റെയും പാചകവാതകത്തിന്റയും മണ്ണെണ്ണയുടെയും വില കുത്തനെ വര്‍ധിപ്പിച്ചു 
കൊണ്‌ട്‌, കേന്ദ്രപെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്ഡി വെള്ളിയാഴ്‌ച രാത്രി നടത്തിയ പ്രഖ്യാപനത്തെ വിശേഷിപ്പിക്കാന്‍ ഇരുട്ടടി എന്ന വാക്കിനേക്കാള്‍ നല്ലൊരു പ്രയോഗം മലയാളാ ഭാഷാ നിഘണ്‌ടുവിലുണ്‌ടാമോ എന്ന്‌ സംശയമാണ്‌. അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം രൂക്ഷമായി തുടരുമ്പോള്‍തന്നെ സാധാരണക്കാരന്‌ ഇന്ധനംകൊണ്‌ട്‌ ഇരുട്ടടി നല്‍കാന്‍ ഒരു സര്‍ക്കാരിന്‌ അസാമാന്യം ധൈര്യം വേണം. എന്തായാലും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അക്കാര്യത്തിലെങ്കിലും അപാര ചങ്കുറപ്പ്‌ കാട്ടിയിരിക്കുന്നു എന്ന്‌ സമ്മതിക്കാതിരിക്കാനാവില്ല.

റിലയന്‍സ്‌ അടക്കമുള്ള സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കാനായാലും ടു ജി സ്‌പെക്‌ട്രത്തിന്റെയും കോമണ്‍വെല്‍ത്തിന്റെയുമെല്ലാം പേരില്‍ ലക്ഷം കോടികളുടെ അഴിമതി നടക്കുമ്പോള്‍ കണ്ണടയ്‌ക്കുകയും പെട്രോളിയം കമ്പനികളുടെ നൂറുകോടികളുടെ നഷ്‌ടക്കണക്ക്‌ കേള്‍ക്കുമ്പോള്‍ കണ്ണുനിറയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഇതില്‍ക്കുറഞ്ഞൊരു നടപടി പ്രതീക്ഷിച്ച ജനത്തെ കഴുതകളെന്നല്ലാതെ മറ്റെന്താണ്‌ വിളിക്കുക. പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയര്‍ത്തിക്കൊണ്‌ടാണ്‌ യുപിഎ സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിച്ചിരിക്കുന്നത്‌. ഇതില്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ചുക്കൊണ്‌ടുള്ള തീരുമാനമാണ്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഏറ്റവുമധികം ബാധിക്കുക.

ഡീസലിന്‌ ലീറ്ററിനു മൂന്നു രൂപ വര്‍ധിക്കുന്നതോടെ പൂവ്‌ തൊട്ട്‌ പാല്‍ വരെയുള്ള സാധനങ്ങള്‍ക്ക്‌ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ അടുത്തകാലത്തൊന്നും മിച്ചബജറ്റാവില്ലെന്നകാര്യം ഉറപ്പായി. പാചകവാതകം കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നൊരു ആഡംബരമല്ല. പാവപ്പെട്ടവന്റെ പോലും അവശ്യവസ്‌തുക്കളുടെ ഇടയിലാണ്‌ പാചകവാതകത്തിന്റെയും സ്ഥാനം. എന്നാല്‍ പാചകവാതക സിലിണ്‌ടറിന്‌ ഒറ്റയടിക്ക്‌ 50 രൂപ കൂട്ടിയാണ്‌ യുപിഎ സര്‍ക്കാര്‍ `ഗരീബി ഹഠാവോ' നടപ്പാക്കിയിരിക്കുന്നത്‌.

വില കൂട്ടാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നിലനില്‍ക്കാനാവില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്‌. `അണ്‌ടര്‍ റിക്കവറി' എന്ന ഉമ്മാക്കി കാട്ടിയാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്‌ടക്കണക്ക്‌ വിവരിക്കുന്നത്‌. രാജ്യത്തിന്‌ ആവശ്യമുള്ള ക്രൂഡോയിലിന്റെ 80 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്‌. രാജ്യത്ത്‌ ഉത്‌പാദിപ്പിക്കുന്ന ശേഷിക്കുന്ന 20 ശതമാനം ക്രൂഡോയില്‍ അന്താരാഷ്‌ട്രവിലയില്‍ വിറ്റിരുന്നെങ്കില്‍ ഉണ്‌ടാവുമായിരുന്ന നഷ്‌ടമാണ്‌ എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുക്കാട്ടുന്ന നഷ്‌ടക്കണക്ക്‌. ഇത്‌ കേന്ദ്രസര്‍ക്കാരിനും അറിയാത്ത കാര്യമൊന്നുമല്ല.

എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ കരുതല്‍ശേഖരം വിപണിയിലിറക്കിയതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ ആറു ശതമാനം വിലയിടിഞ്ഞപ്പോഴാണു വില കൂട്ടാനുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനമെന്നത്‌ മറ്റൊരു വിരോധാഭാസമായി. എണ്ണവിലവര്‍ധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെന്നായിരുന്നു പെട്രോള്‍ വിലവര്‍ധിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായം. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ വില ഉയര്‍ത്താതിരിക്കുകയും തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ ഉടന്‍ വില ഉയര്‍ത്തുകയും ചെയ്‌തത്‌ സര്‍ക്കാരിന്റെ ഈ വാദം തെറ്റാണെന്ന്‌ അടിവരയിടുന്നു.

വിലവര്‍ധനയുടെ ആദ്യ ആഘാതമായി ബസ്‌, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കുമെന്നകാര്യം ഏതാണ്‌ടുറപ്പായി കഴിഞ്ഞു. ഇതിന്‌ മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ബുധനാഴ്‌ച്‌ സൂചനാ പണിമുടക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുമുണ്‌ട്‌. ഇതിനുപിന്നാലെ ലോറി ഉടമകള്‍ കൂടി പണിമുടക്ക്‌ പ്രഖ്യാപിക്കുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം. അതുകൂടി കഴിയുമ്പോള്‍ പഴം, പച്ചക്കറി, പലവ്യഞ്‌ജന വില കുത്തനെ ഉയരും. രൂക്ഷമായ വിലക്കയറ്റത്തില്‍ ഇപ്പോള്‍തന്നെ ജീവിതത്തിന്റെ രണ്‌ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്‍ എരിതീയില്‍ നിന്ന്‌ വറചട്ടിയിലേക്ക്‌ എടുത്തെറിയപ്പെടുകയും ചെയ്യും.

പൊതുമേഖലാ സ്‌ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നിവയ്‌ക്കു പ്രതിദിനം 450 കോടിയിലേറെ രൂപ നഷ്‌ടമുണ്‌ടാകുന്നുവെന്ന ന്യായം പറഞ്ഞാണ്‌ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്‌. സാമ്പത്തിക ശാസ്‌ത്രത്തിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാരിനു സ്വന്തം തീരുമാനം ന്യായീകരിക്കാമെങ്കിലും വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ നട്ടെല്ലൊടിഞ്ഞ ജനം എങ്ങനെ നിവര്‍ന്നു നില്‍ക്കുമെന്നുകൂടി സര്‍ക്കാര്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

കഴിഞ്ഞ മാസം പെട്രോള്‍ വില കൂട്ടിയപ്പോള്‍, സംസ്‌ഥാനത്തിനു ലഭിക്കേണ്‌ട അധിക വില്‍പനനികുതി ഉപേക്ഷിച്ച്‌ ഭരണത്തിന്‌ നല്ലതുടക്കമിട്ട യുഡിഎഫ്‌ സര്‍ക്കാര്‍ ഇപ്പോഴത്തെ വിലവര്‍ധനയിലും സമാനമായ തീരുമാനമെടുക്കുമോ എന്നതാണ്‌ ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പാചകവാതകത്തിനുള്ള സെസ്‌ ഉപേക്ഷിച്ച്‌ സിലണ്‌ടറിന്‌ 16 രൂപയുടെ ആശ്വാസം ജനങ്ങള്‍ക്ക്‌ നല്‍കി മാതൃക കാട്ടിയിട്ടുണ്‌ടെങ്കിലും ബംഗാളിലെ സാഹചര്യമല്ല ഇവിടെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ആ പ്രതീക്ഷയും ഇല്ലാതാക്കുന്നു.

ബംഗാള്‍ മോഡല്‍ അനുകരിച്ചില്ലെങ്കിലും ജനങ്ങളോട്‌ അല്‍പമെങ്കിലും മമതയുണ്‌ടെങ്കില്‍ പാചകവാതകത്തിന്റെയും ഡീസലിന്റെയും അധികനികുതി എടുത്ത്‌ മാറ്റി ജനങ്ങളുടെ ഭാരം ലഘൂകരിക്കാനെങ്കിലും യുഡിഎഫ്‌ സര്‍ക്കാര്‍ തയാറാവണം. ഇല്ലെങ്കില്‍ വിലക്കയറ്റത്തിന്റെ ഭാരംപേറിത്തളര്‍ന്ന സംസ്ഥാനത്തെ ജനങ്ങളോട്‌ കേന്ദ്രം ചെയ്‌ത ക്രൂരതയ്‌ക്ക്‌ കൂട്ടുനില്‍ക്കലാവുമത്‌.




Saturday, June 25, 2011

സ്മാര്‍ട്ട് സിറ്റി ...... വിവാദ സിറ്റി


ഒടുവില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മാര്‍ട്‌ സിറ്റി ചില കൂട്ടിചേര്‍ക്കലുകളോടെ നടപ്പാക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ മാറ്റമൊന്നും വരുത്താതെയാണ്‌ കരാറുമായി മുന്നോട്ടുപോകുന്നതെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കിടയിലും കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി ടീകോമിന്‌ വിട്ടു നല്‍കാനുള്ള തീരുമാനവും പദ്ധതിയെ കേന്ദ്രസെസില്‍ ഉള്‍പ്പെട്ടുത്തി ഐടി വ്യവസായത്തിനു പുറമെ മറ്റു സേവന മേഖലകളുംകൂടി ഉള്‍പ്പെടുന്ന വിവിധോദ്ദേശ സെസായി മാറ്റാനുള്ള തീരുമാനവും കേരളത്തിന്റെ പ്രസ്റ്റീജ്‌ പ്രോജക്‌ടിനെ വീണ്‌ടും വിവിധോദ്ധേശ വിവാദ പദ്ധതിയായി മാറ്റിയിരിക്കുന്നു.

ഇതില്‍ പദ്ധതിയെ കേന്ദ്രസെസില്‍ ഉള്‍പ്പെടുത്തിക്കൊണ്‌ടുള്ള തീരുമാനമാണ്‌ വിവാദമാകുന്നത്‌. സ്‌മാര്‍ട്‌ സിറ്റി സംസ്ഥാനത്തിന്റെ ഐടി വികസനത്തിന്‌ കുതിപ്പാകുമെന്ന കണക്കുക്കൂട്ടലുകളെ പാടെ അട്ടിമറിക്കാന്‍ പോന്നതാണ്‌ പുതിയ നയമാറ്റം എന്നാണ്‌ പ്രധാന ആക്ഷേപം. നേരത്തെ കേന്ദ്രസെസ്‌ നയത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിലൂടെ പദ്ധതിപ്രദേശത്തിന്റെ 70 ശതമാനം ഭൂമിയിലും ഐടി, ഐടി അനുബന്ധ നിക്ഷേപങ്ങള്‍ മാത്രമെ ടീകോമിന്‌ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും എം.എ.യൂസഫലിലയുമെല്ലാം പങ്കെടുത്ത ടീകോമിന്റെ കഴിഞ്ഞ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിലെ തീരുമാനപ്രകാരം പദ്ധതിക്ക്‌ കേന്ദ്ര സെസ്‌ ഏര്‍പ്പെടുത്താമെന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ പ്രാബല്യത്തില്‍ വരുമ്പോള്‍ ടീകോമിന്‌ പദ്ധതിയുടെ 50 ശതമാനം ഭൂമി മാത്രമെ ഐടി വ്യവസായത്തിനായി നീക്കിവെക്കേണ്‌ടി വരുന്നുള്ളു.

ശേഷിക്കുന്ന ഭൂമിയില്‍ സേവന മേഖലയിലോ മറ്റ്‌ മേഖലകളിലോ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ തുടങ്ങന്നതിനോ പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കുന്നതിനോ നിയമതടസ്സമുണ്‌ടാകില്ല എന്ന്‌ സാരം. ഇതോടെ ടീകോമിന്റെ റിയല്‍ എസ്റ്റേറ്റ്‌ മോഹങ്ങള്‍ക്ക്‌ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ കുടപിടിച്ചുവെന്ന ഇടതുമുന്നണിയുടെ ആക്ഷേപം ഗൗരവമുള്ളതാകുന്നു. എന്നാല്‍ അടിസ്ഥാനപരമായി എല്‍ഡിഎഫ്‌ കൊണ്‌ടുവന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതാണ്‌ ഉമ്മന്‍ ചാണ്‌ടിയും കൂട്ടരും പറയുന്നത്‌. നിലവിലെ കരാര്‍ അനുസരിച്ച്‌ സെസ്‌ മേഖലിയ്‌ല്‍ ടീകോം നിര്‍മിക്കേണ്‌ട ഏറ്റവും കുറഞ്ഞ കെട്ടിട അളവായ എട്ടര ദശലക്ഷം ചതുരശ്ര അടിയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കൊണ്‌ടുവന്ന കരാര്‍ അനുസരിച്ച്‌ തന്നെ സ്‌മാര്‍ട്‌ സിറ്റി പ്രവര്‍ത്തിക്കും. എന്നാല്‍ എട്ടരദശലക്ഷത്തിന്‌ ശേഷം നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ 70:30 എന്ന അനുപാതം പാലിക്കാന്‍ ടീകോമിന്‌ ബാധ്യതയുണ്‌ടാകില്ല.

കേന്ദ്രസെസ്‌ നയത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിനുശേഷം സ്‌മാര്‍ട്‌ സിറ്റിക്കകത്ത്‌ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ഇരുപതോളം അപേക്ഷകളാണ്‌ ടീകോമിന്‌ ലഭിച്ചത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കൊണ്‌ടുവന്ന വ്യവസ്ഥ ലഘൂകരിക്കുന്നതോടെ സ്‌മാര്‍ട്‌ സിറ്റിക്കൊപ്പം ഈ സ്ഥാപനങ്ങള്‍ക്കും അതിന്റെ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്‌ടാകും. ഇതിനെല്ലാം പുറമെ ആദ്യം അനുവദിച്ച 246 ഏക്കറിന്‌ പുറമെ കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി അനുവദിക്കാനുള്ള തീരുമാനം. ഇതോടെ മള്‍ട്ടി പര്‍പ്പസ്‌ സെസിനുവേണ്‌ട 250 ഏക്കര്‍ ഭൂമിയെന്ന അടിസ്ഥാന മാനദണ്‌ദം ടീകോം സ്വന്തമാക്കുകയും ചെയ്‌തു.

കേന്ദ്രത്തില്‍ നിന്ന്‌ ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ ടീകോം നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇടങ്കോലിട്ടതുകൊണ്‌ട്‌ നടക്കാതെ പോകുകയായിരുന്നു. ഇതുകൊണ്‌ട്‌ തന്നെയാണ്‌ ഫെബ്രുവരിയില്‍ കാരറൊപ്പിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാതെ അധികാരമാറ്റം നടക്കുന്നതുവരെ കാത്തിരിക്കാന്‍ ടീകോം തയാറായത്‌. കണക്കുക്കൂട്ടിയതുപോലെ യുഡിഎഫ്‌ അധികാരത്തില്‍ വരികയും മള്‍ട്ടി പര്‍പ്പസ്‌ സെസിനുവേണ്‌ട നാലേക്കര്‍ സ്വന്തമാകുകയും ചെയ്‌തു. ഇതോടെ സ്‌മാര്‍ട്‌ സിറ്റി മേഖലയില്‍ ഐടി അല്ലാത്ത സേവന വ്യവസായങ്ങളും തുടങ്ങാം എന്നര്‍ത്ഥം.

വിവിധോദ്ദേശ സേവന സെസ്‌ പദവി ലഭിക്കുന്നതോടെ ബാങ്കിംഗ്‌, വിനോദങ്ങള്‍ക്കായുള്ള മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിംഗ്‌മാളുകള്‍, ടൂറിസം പദ്ധതികള്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, താമസിക്കുന്നതിനുള്ള ഫ്‌ളാറ്റുകള്‍, വന്‍കിട ആശുപത്രികള്‍ തുടങ്ങിയവ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിര്‍മിക്കാം. പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി ഇവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. മുന്‍ സര്‍ക്കാര്‍ കൊണ്‌ടുവന്ന കരാറായിരുന്നു നടപ്പാക്കിയരുന്നതെങ്കില്‍ വിവിധോദ്ദേശ പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക്‌ അപേക്ഷിക്കാന്‍ ടീകോമിന്‌ കഴിയുമായിരുന്നില്ല എന്ന ആരോപണത്തിനും കുഞ്ഞാലിക്കുട്ടിയും കൂട്ടരും മറുപടി പറയേണ്‌ടിവരും.

എല്‍ഡിഎഫ്‌ സര്‍ക്കരുമായുണ്‌ടാക്കിയ ധാരണ അനുസരിച്ച്‌ സ്‌മാര്‍ട്‌ സിറ്റി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ ഐടി മേഖലയില്‍ 90,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ നല്‍കാമെന്ന്‌ ടീകോം ഉറപ്പ്‌ നല്‍കിയിരുന്നു. ഇത്‌ ലംഘിക്കപ്പെട്ടാല്‍ ഭൂമി തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്‌ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ധാരണ അനുസരിച്ച്‌ പദ്ധതി മള്‍ട്ടി പര്‍പ്പസ്‌ സെസാസവുകയും ഐടിക്ക്‌ പുറമെ സേവനവ്യവയാങ്ങള്‍ കൂടി വരികയും കൂടി ചെയ്യുന്നതോടെ ഐടി മേഖലയില്ലാത്ത സേവന മേഖലയില്‍ സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ കൂടി മൊത്തം തൊഴിലവസരങ്ങളുടെ കണക്കില്‍ വരവുവെയ്‌ക്കാന്‍ ടീകോമിനാവും.

സമയം നഷ്‌ടമാവാതിരിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കൊണ്‌ടുവന്ന കരാറില്‍ മാറ്റംവരുത്താതെയാണ്‌ പദ്ധതി നടപ്പാക്കുകയെന്ന ഉമ്മന്‍ ചാണ്‌ടിയുടെ പ്രസ്‌താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ പുതിയ കരാറിലെ ഇത്തരം വിവിധോദ്ധേശങ്ങള്‍ കൂടി കണ്‌ടെത്തി പരിഹരിക്കാന്‍ അദ്ദേഹം തയാറാവണം. അല്ലെങ്കില്‍ ഘടകക്ഷികളുടെ വിവിധോദ്ധേശങ്ങള്‍ക്ക്‌ കുടപിടിക്കുന്നതിലൂടെ അങ്ങ്‌ കേരളാ ജനതയോട്‌ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും സ്‌മാര്‍ട്‌ സിറ്റി.



Thursday, June 23, 2011

വടി കൊടുത്തു അടി വാങ്ങരുത്

സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ടെടുക്കേണ്ട ഗതികേട്‌ യുപിഎ ഗവണ്മേന്റ്‌ വിളിച്ചു വരുത്തുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു! വിഷയം മറ്റൊന്നുമല്ല- അണ്ണാ ഹസാരെതന്നെ.


2ജി സ്‌പെക്‌ട്രം കേസിലെ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി രാജയുടെ കേസ്‌ ഐപിസിയെ ഏല്‍പിക്കണം എന്നു പറഞ്ഞ നാള്‍മുതല്‍ യുപിഎ സര്‍ക്കാരിന് നിസ്സംഗതയാണ്. ഫെബ്രുവരിയിലെ പാര്‍ലിമെന്‍റ് സമ്മേളനം മുഴുവന്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചിട്ടും യുപിഎ സര്‍ക്കാരിന്‌ പ്രതിപക്ഷവുമായി അഭിപ്രായ സമന്വയത്തില്‍ എത്താന്‍ സാധിച്ചില്ല ! ഇതൊരു നല്ല വഴക്കമാണോ? ഇന്നത്തെ രീതിയില്‍ ഭരണം തുടരുകയാണെങ്കില്‍ അധികം താമസിയാതെ അഴിമതി രാജ്യങ്ങളുടെ ഇടയില്‍ ഇന്‍ഡ്യ ഏഴാമതാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്നാണ്‌ കണക്കുകള്‍. 


റിസര്‍വ്‌ ബാങ്കിന്റെ പുതിയ കണക്കനുസരിച്ച്‌ വ്യവസായ വളര്‍ച്ച ഏഴു ശതമാനത്തിലേക്ക്‌ ചുരുങ്ങും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതായത്‌ കഴിഞ്ഞ വര്‍ഷം 14 ശതമാനത്തോടടുത്ത്‌ വളര്‍ച്ചയുണ്ടായിരുന്ന രാജ്യത്ത്‌ ഈ വര്‍ഷം ഏഴു ശതമാനം എന്നു പറയുമ്പോള്‍ ഈ കുംഭകോണങ്ങള്‍ നിമിത്തം രാജ്യം എത്രമാത്രം അധ:പതിച്ചു എന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളു. 


രണ്ടാഴ്‌ച മുമ്പ്‌ അമേരിക്ക കാണാന്‍ ഒരു മന്ത്രി എത്തി. ദേശാടനക്കിളികളെപ്പോലെ മേയ് മാസം മുതല്‍ ആഗസ്റ്റ്‌ - സെപ്തംബര്‍ വരെ കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും അമേരിക്കയിലേക്ക് പറന്നിറങ്ങും. എന്തിനാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഒരുത്തരം ഉണ്ടാകുകയില്ല. അങ്ങനെ വന്ന ഒരു മന്ത്രിയോട് ഒരു പത്രക്കാരന്‍ ചോദിച്ചു അണ്ണാഹസാരെ ബില്ലിനെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണെന്ന്‌. മന്ത്രി ഒരു മാതിരി വെകിളി പിടിച്ചതുപോലെയായി. അഴിമതി ചെയ്യാത്തവര്‍ ആരുമില്ല, അതിനു പ്രത്യേകിച്ച്‌ മരുന്നുമില്ല എന്നു വരെ ആ മന്ത്രി പറഞ്ഞു വെച്ചു. നോക്കണേ, ഈ ജനപ്രതിനിധികളുടെ ഉള്ളിലിരുപ്പ്‌. (ഗില്‍റ്റി കോണ്‍ഷ്യസ്‌ പ്രിക്ക്‌ ദി മൈന്റ്‌)


പ്രധാനമന്ത്രിയുടെ അവസാന തീരുമാനം - അണ്ണാ ഹസാരെ ബില്ലിനെപ്പറ്റി എല്ലാ ജനപ്രതിനിധികളുടെയും അഭിപ്രായം ആരായും എന്നാണ്‌. പക്ഷേ എല്ലാ പ്രതിനിധികളും അണ്ണായുടെ ആവശ്യമില്ലാ, പഴയതുപോലെ, അഴിമതികള്‍ ചാകാറായ ജഡ്‌ജിമാര്‍ അന്വേഷിച്ചാല്‍ മതിയെന്ന്‌ പറയുകയാണെങ്കില്‍ പ്രധാന മന്ത്രി ഉള്‍പ്പെട്ട ഉപജാവവ്രുന്ദം എന്തു ചെയ്യും? അങ്ങനെ ആ വൃന്ദത്തിന്റെ ഉപദേശം കേട്ട്‌ ഹസാരെയെ തഴയാന്‍ ശ്രമിച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്തെന്തായിരിക്കും?പ്രധാനമന്ത്രി ഒരു പെളിറ്റീഷ്യനല്ല, മറിച്ച്‌ ഒരു വിഖ്യാതനായ ഇക്കണോമിസ്റ്റാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷേ അദ്ദേഹം ഇരിക്കുന്ന കസേരയുടെ മാന്യത നിലനിര്‍ത്താനെങ്കിലും അദ്ദേഹം അല്‍പം ആത്മധൈര്യം കാണിക്കണം!


പ്രൈമിനിസിറ്റര്‍ക്കം സുപ്രീം കോര്‍ട്ട്‌ ചീഫ്‌ ജസ്റ്റീസിനുമെതിരെ ആവശ്യമെങ്കില്‍ അഴിമതിയാരോപണം നടത്താന്‍ ബില്ലില്‍ അധികാരം ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ളതാണ്‌ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഈ വിഷയം അധികം നീട്ടിക്കൊണ്ട്‌ പോകാതെ, നിഷ്‌കളങ്കരായ പ്രധാനമന്ത്രിയും ചീഫ്‌ജസ്റ്റീസും അതുപോലെ മറ്റു ക്യാബിനറ്റ്‌ റാങ്കിലുള്ളവരും തങ്ങളുടെ പേരില്‍ ഒരു അഴിമതി ആരോപണം ഉണ്ടായാല്‍ പൂര്‍ണ്ണസഹകരണം പ്രതീക്ഷിക്കാം, അല്ലെങ്കില്‍ പദവി രാജിവെച്ചുകൊണ്ട്‌ ആരോപണത്തെ നേരിടും എന്നു പറയാന്‍ എന്തുകൊണ്ട്‌ ഈ ഉയര്‍ന്ന ശ്രേണികള്‍ മടിക്കുന്നു? എന്തായാലും, ഈ വിഷയത്തില്‍ ഗവണ്മേന്റിന്റെ ഇന്നത്തെ നയം നേരായ മാര്‍ഗത്തിലല്ല. വടികൊടുത്ത്‌ അടി വാങ്ങിക്കുന്ന ഈ നയം ഗവണ്മേന്റ്‌ അവസാനിപ്പിക്കണം. രാജ്യത്തെ ഭീകരവാദികളും നക്‌സല്‍ വാദികളും ഒരു തുറന്ന വിപ്ലവത്തിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌. അയല്‍രാജ്യങ്ങള്‍ ഗവണ്മേന്റിനെതിരെയുള്ള ഏതു നീക്കത്തെയും പ്രോത്സാഹിപ്പിക്കാനും രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാനും അവസരം പാര്‍ത്തിരിക്കുകയാണ്‌ . 


ഇത്തരുണത്തില്‍ ആവശ്യമില്ലാതെ സന്മാര്‍ഗം വെടിയണോ? ഉള്ളതു പറഞ്ഞാല്‍ തുള്ളേണ്ട ആവശ്യമുണ്ടോ? അണ്ണാ ഹസാരെ കള്ളനെ പിടിക്കണമെന്ന്‌ പറയുന്നതില്‍ തെറ്റുണ്ടോ? ജയിപ്പിച്ചു വിട്ട എം.എല്‍എ ജനസേവകനല്ലെങ്കില്‍ തിരിച്ചു വിളിക്കണമെന്നു പറയുന്നതില്‍ തെറ്റുണ്ടോ? അനധികൃതമായി നേടിയ പണം തിരിച്ചു പിടിക്കണം എന്നു പറയുന്നതില്‍ തെറ്റുണ്ടോ? ഗവണ്മേന്റ്‌ കൂടുതല്‍ സുതാര്യമാകണമെന്ന്‌ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോ? 


മോഷണത്തിനായി ആട്ടിന്‍ കുട്ടിയുടെ മുഖംമൂടിയും ധരിച്ചിറങ്ങിയിരിക്കുന്ന രാജായെയും, കനിമൊഴിയെയും മറ്റു കുംഭകോണക്കാരെയും തിരിച്ചറിയാനുള്ള കഴിവ്‌ ഇനിയെങ്കിലും കോണ്‍ഗ്രസ്‌ ഗവ ണ്മേന്റിനുണ്ടാകണം. അതിന്റെ അര്‍ത്ഥം അണ്ണാഹസാരെ ബില്ല്‌ വെറുതെ പാസ്സാക്കി വിട്ട്‌ എന്തിനും ഏതിനും രാഷ്‌ട്രീയക്കാര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നല്ല. അഴിമതി ആരോപിച്ചാല്‍ മാത്രം പോര, ആരോപിക്കുന്നയാള്‍ അതിനുള്ള തെളിവുകളും ഹാജരാക്കണം; തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍  അതിന്റെ ശിക്ഷ പതിന്മടങ്ങായിരിക്കുമെന്നതും ഹസാരെ ബില്ലിന്റെ ഭാഗമാകണം. 


ചുരുക്കിപ്പറഞ്ഞാല്‍ മന്‍മോഹന്‍ സിംഗ്‌ ഗവണ്മേന്റ്‌ ഏറ്റവും കൂടുതല്‍ അഴിമതിക്കാരെ പ്രോത്സാഹിപ്പിച്ച ഒരു ഗവണ്മേന്റാണ്‌. പരിഹാരം മന്‍മോഹന്‍ തന്നെ ചെയ്‌തിരിക്കണം. ഗവണ്മേന്റ്‌ താഴെ വീണാലും വേണ്ടില്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്മേന്റ്‌ നയം ആര്‍ക്കും ഭൂഷണമല്ല.

Sunday, June 19, 2011

നൂല്‍പ്പാലത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍....

രണ്ടു സീറ്റുകളുടെ ഭൂരിപക്ഷമെന്ന നൂല്‍പ്പാലത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ ഒരുമാസം കുറഞ്ഞ കാലയളവാണെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു മാസത്തിനിടെ കാഴ്‌ചവെച്ച പ്രകടനത്തെ `എന്തൊരു സ്‌പീഡ്‌' എന്ന പ്രശസ്‌തമായ ഭരത്‌ ഗോപി ഡയലോഗ്‌ കൊണ്ടേ വിശേഷിപ്പിക്കാനാവു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും തുടക്കത്തിലേ വിവാദങ്ങളുടെ കല്ലുകടിക്കുകയും ചെയ്‌ത എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ നിന്നും വിവാദങ്ങള്‍ക്കിടയിലും ഉറച്ച തീരുമാനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെം പ്രതിരൂപമാവുകയും ചെയ്‌തതിലൂടെയാണ്‌ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വ്യത്യസ്‌തമാവുന്നത്‌.

പെട്രോളിന്റെ അധികനികുതി പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ തുടക്കമിട്ട ജനക്ഷേമ നടപടികള്‍ക്ക്‌ തുടര്‍ന്നുള്ള ദിവസങ്ങളിലും പിന്തുടര്‍ച്ചകളുണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌. ഇതില്‍ ഏറ്റവും പ്രധാനം മൂലമ്പിള്ളി പാക്കേജ്‌ തന്നെയായിരുന്നു. അത്‌ നടപ്പാക്കാനായി മുതിര്‍ന്ന നേതാവ്‌ വി.എംസുധീരന്‍ വഹിച്ച പങ്കിനെ കോണ്‍ഗ്രസ്‌ തന്നെ കണ്ടില്ലെന്ന്‌ നടിച്ചെങ്കിലും മൂലമ്പിള്ളിക്കാര്‍ക്ക്‌ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുനരധിവാസം ഉറപ്പാക്കാന്‍ ഒരു മാസത്തിനുള്ളില്‍ തന്നെ യുഡിഎഫ്‌ സര്‍ക്കാരിനായി എന്നത്‌ ചെറിയ നേട്ടമല്ല.

കൊച്ചി മെട്രോ റെയിലിനായി കൊച്ചി മെട്രോ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചതും വിഴിഞ്ഞം പദ്ധതിക്ക്‌ പരിസ്ഥിതി ക്ലിയറന്‍സ്‌ നേടാനായി കേന്ദ്രമന്ത്രി ജയറാം രമേഷിനെ ഇവിടേക്കു ക്ഷണിച്ചു ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതും പ്രവര്‍ത്തിക്കണമെന്ന്‌ ആഗ്രഹമുള്ള ഒരു സര്‍ക്കാരിന്റെ നല്ല ചുവടുവയ്‌പ്പായി കാണാം. കഴിഞ്ഞ രണ്ടു വര്‍ഷമായി വിഴിഞ്ഞം പദ്ധതിക്കു പരിസ്ഥിതി ക്ലിയറന്‍സ്‌ തേടി ആരും തന്റെ മന്ത്രാലയത്തെ സമീപിച്ചില്ലെന്ന ജയറാം രമേശിന്റെ പ്രസ്‌താവന രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെങ്കിലും മുന്‍സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്‌ ജനങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു.

മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചതും നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ചായിരിക്കും കൈയേറ്റമൊഴിപ്പിക്കുക എന്ന പ്രസ്‌താവനയും ശുഭസൂചനയായി കണക്കാക്കാം. കാരണം കൈയടിക്കുവേണ്ടിയുള്ള കൈയേറ്റമൊഴിപ്പിക്കലല്ല മൂന്നാറില്‍ വേണ്ടതെന്ന്‌ യുഡിഎഫ്‌ തുടക്കത്തിലേ തിരിച്ചറിഞ്ഞുവെന്ന്‌ ആശിക്കാം. മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം മുന്‍സര്‍ക്കാരില്‍ നിന്ന്‌ വിഭിന്നമായി പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ മുന്‍സര്‍ക്കാര്‍ കാണിച്ച വൈമനസ്യമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയടക്കമുള്ള പദ്ധതികള്‍ വൈകിച്ചതെന്ന യാഥാര്‍ഥ്യം നമുക്ക്‌ മുന്നിലുണ്ട്‌.

രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സമയം കളയുന്നതിനു പകരം തീരുമാനങ്ങളെടുക്കുകയും അവ നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരെന്ന പ്രതിച്ഛായയാണ്‌ ആദ്യ ഒരുമാസത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷ പദവിയിലേക്ക്‌ കെ.എം ചന്ദ്രശേഖറിനെപ്പൊലം കഴിവും അനുഭവത്തുമുള്ള വ്യക്തിയെ കണ്ടടത്താനായതും മറ്റൊരു നേട്ടമാണ്‌. കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയെന്ന നിലയിലുള്ള ചന്ദ്രശേഖറിന്റെ ബന്ധങ്ങളും ഭരണപരിചവും സംസ്ഥാനത്തിന്‌ ഉപകാരപ്രദമാകുമെന്ന്‌ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നല്ല തീരുമാനമായിരുന്നു ഇത്‌.

ഈ വികസനവേഗത്തിനിടയിലും ചില കല്ലുകടികളുണ്ടായി എന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. മന്ത്രിസഭാ വികസനത്തില്‍ തുടങ്ങി സ്വാശ്രയ പ്രവേശനത്തിലൂടെ കടന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ പാണക്കാട്‌ സന്ദര്‍ശനത്തിലെത്തി നില്‍ക്കുന്നു വിവാദ വര്‍ഷം.സ്വാശ്രയ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാടുകള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയതോടെ വരും ദിനങ്ങള്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ പ്രക്ഷോഭത്തിന്റെ നാളുകളായിരിക്കുമെന്ന്‌ വ്യക്തമായിരിക്കുന്നു.

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള കോളജുകളിലെ മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റുകള്‍ക്ക്‌ പ്രവേശനാനുമതി നല്‍കിയ തീരുമാനം ജനപക്ഷ സര്‍ക്കാരിന്‌ ചേര്‍ന്നതല്ലെന്ന്‌ ഉമ്മന്‍ ചാണ്ടിപോലും തലകുലുക്കി സമ്മതിക്കും. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ മാണി സാര്‍ മാനേജ്‌മെന്റുകളുടെ പക്ഷം പിടിച്ചതാണ്‌ സര്‍ക്കാരിന്‌ തിരിച്ചടിയായത്‌ എന്നാണ്‌ യാഥാര്‍ഥ്യം. മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി മാണിസാര്‍ മുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ടടന്നചിനാല്‍ ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

മൂന്നാറിന്റെ കാര്യത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ ഇവിടെ അതിന്‌ തയാറാവാതിരുന്നതും മുന്നണിയുടെ ഭരണനേട്ടങ്ങള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌. പരിയാരം മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മകള്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയില്ലായിരുന്നുവെങ്കില്‍ സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ അപഹാസ്യരാവുമായിരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. പ്രത്യേകിച്ചും രണ്ടു മന്ത്രിമാരുടെ മക്കളെ സ്വാശ്രയ കോളജുകളില്‍ നിന്ന്‌ പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തില്‍.

മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി ലീഗുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനാവാഞ്ഞതും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ അനുയോജ്യനായയാളെ കണ്ടടത്താനാവാത്തത്തും വരും ദിനങ്ങളിലും മുന്നണിയുടെയും സര്‍ക്കാരിന്റയും തലവേദന കൂട്ടുന്ന ഘടകങ്ങളാണ്‌. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടിവരുമെന്ന സമ്മര്‍ദ്ദവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ മുന്നിലുണ്ട്‌. എങ്കിലും പരമിതികള്‍ക്കിടയിലും ഇത്രയെങ്കിലും ചെയ്യാനായതില്‍ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും തീര്‍ച്ചയായും അഭിമാനിക്കാം. ഈ വികസനവേഗം തുടര്‍ന്നും നിലനില്‍ക്കട്ടേയെന്ന്‌ ആശംസിക്കുകയുമാവാം.

Thursday, June 16, 2011

പി.ബിയിലേക്കുള്ള വി.എസിന്റെ വഴിമുടക്കുന്നതാര്‌

സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയും പോളിറ്റ്‌ ബ്യൂറോയും ഒരിക്കല്‍ കൂടി വി.എസ്‌.അച്യുതാനന്ദന്റെ പോളിറ്റ്‌ ബ്യൂറോ പ്രവേശനം ചര്‍ച്ച ചെയ്യാതെ പിരിഞ്ഞിരിക്കുന്നു. ഇനി പി.ബിയിലേക്കുള്ള തിരിച്ചുപോക്കിനായി വി.എസ്‌. അടുത്തവര്‍ഷം ഏപ്രില്‍ വരെയെങ്കിലും കാത്തിരിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള പുനഃപ്രവേശം സുഗമമാക്കാമെന്ന വി.എസിന്റെ മോഹങ്ങള്‍ക്ക്‌ തടയിട്ടത്‌ സംസ്ഥാനത്തെ ഔദ്യോഗികപക്ഷമാണെന്നതില്‍ ആര്‍ക്കും അത്ഭുതമില്ല.
പോളിറ്റ്‌ ബ്യൂറോയിലെ വി.എസിന്റെ ഏറ്റവും വലിയ വക്താവായ സീതാറാം യെച്ചൂരിയാണ്‌ വി.എസിനെ ഇത്തവണ പോളിറ്റ്‌ ബ്യൂറോയില്‍ തിരിച്ചെടുക്കുമെന്ന പ്രചാരണങ്ങള്‍ക്ക്‌ ഗതിവേഗം നല്‍കിയത്‌. ഇതിനായി കേന്ദ്രകമ്മിറ്റി യോഗത്തില്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണ യെച്ചൂരി ഉറപ്പാക്കുകയും ചെയ്‌തിരുന്നു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പ്രതീക്ഷിച്ചപോലെ സംസ്ഥാനത്തു നിന്നുള്ള ആരും വി.എസിന്റെ പി.ബി പ്രവേശനത്തെപ്പറ്റി ഒരക്ഷരം മിണ്‌ടാതിരുന്നപ്പോള്‍ രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും വന്ന പ്രതിനിധികളുടെ സഹായത്തോടെ യെച്ചൂരി കാര്യമവതരിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ അടുത്തവര്‍ഷം ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുന്നതിനാല്‍ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്‌ ഉചിതമല്ലെന്ന സംസ്ഥാനത്തെ ഔദ്യോഗികപക്ഷത്തിന്റെ ശാസനയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ളവര്‍ ശിരസാ വഹിച്ചതോടെ പി.ബിയേല്‌ക്കുള്ള വി.എസിന്റെ തിരിച്ചുപോക്കിന്‌ വഴിയടഞ്ഞു.
സത്യത്തില്‍ വി.എസിന്റെ ഇപ്പോഴത്തെ പി.ബി.പ്രവേശനം കൊണ്‌ട്‌ ഔദ്യോഗിക പക്ഷത്തിന്‌ പ്രത്യക്ഷത്തില്‍ കോട്ടമൊന്നുമുണ്‌ടാവില്ലെങ്കിലും സെപ്‌റ്റംബര്‍ മുതല്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പി.ബിഅംഗമായ വി.എസിന്റെ വാക്കിന്‌ സി.സി അംഗമായ വി.എസിന്റെ വാക്കിനേക്കാള്‍ വിലയുണ്‌ടാവുമെന്ന തിരിച്ചറിവാണ്‌ ഇത്തരമൊരു വൈകിപ്പിക്കല്‍ തീരുമാനമെടുക്കാന്‍ ഔദ്യോഗികപക്ഷത്തെ പ്രേരിപ്പിച്ചത്‌. പ്രത്യേകിച്ചും സെപ്‌റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന ബ്രാഞ്ച്‌, ഏരിയാ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുതകുന്ന കരുക്കള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്‌ വി.എസ്‌. ഇപ്പോള്‍ എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍.
തെരഞ്ഞെടുപ്പില്‍ തനിക്ക്‌ ആദ്യം സീറ്റ്‌ നിഷേധിച്ചതും പാലക്കാട്‌ ഉള്‍പ്പെടെയുള്ള ചില ഉറച്ച മണ്‌ഡലങ്ങളിലും, വി.എസിന്റെ വിശ്വസ്‌തരായ ചന്ദ്രന്‍ പിള്ളയും ജോസഫൈനും മത്സരിച്ച മണ്‌ഡലങ്ങളിലും ഔദ്യോഗിക പക്ഷം കാലുവാരിയെന്ന ആക്ഷേപം വി.എസ്‌ പക്ഷം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉന്നയിക്കുന്നുണ്‌ട്‌. ഔദ്യോഗികപക്ഷം കാലുവരിയില്ലായിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഇടതുഭരണത്തിന്‌ ഭരണത്തുടര്‍ച്ചയുണ്‌ടാവുമായിരുന്നു എന്നും വി.എസ്‌ പക്ഷം പറയുന്നു. ഭരണത്തുടര്‍ച്ചയുണ്‌ടാവുകയാണെങ്കില്‍ വി.എസ്‌. വീണ്‌ടും മുഖ്യമന്ത്രിയായേക്കുമെന്ന ഭയമാണ്‌ തെരഞ്ഞടുപ്പില്‍ ചില മണ്‌ഡലങ്ങളിലെങ്കിലും കാലുവാരാന്‍ ഔദ്യോഗിക നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും വി.എസ്‌.പക്ഷം ആരോപിക്കുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ വി.എസ്‌.ഫാക്‌ടര്‍ ഉണ്‌ടായിരുന്നില്ലെന്ന മറുവാദം കൊണ്‌ടാണ്‌ ഔദ്യോഗികപക്ഷം വി.എസ്‌.പക്ഷക്കാരുടെ ആരോപണങ്ങളെ ഖണ്‌ഡിക്കുന്നത്‌. കോണ്‍ഗ്രസ്‌, അവരുടെ ഘടകക്ഷികള്‍ എന്നിവയിലെ പടലപ്പിണക്കങ്ങള്‍, കാലുവാരല്‍ തെറ്റായ സ്ഥാനാര്‍ഥി നിര്‍ണയം എന്നിവമൂലം ചുരുങ്ങിയത്‌ 17 സീറ്റെങ്കിലും നഷ്‌ടമാക്കിയെന്നും ഇതാണ്‌ എല്‍.ഡി.എഫിന്‌ തുണയായതെന്നും അല്ലാതെ വി.എസ്‌.ഫാക്‌ടറെല്ലെന്നും ഔദ്യോഗിക നേതൃത്വം കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുമുണ്‌ട്‌.
വി.എസ്‌ പക്ഷക്കാര്‍ നടത്തുന്ന `ജനശക്തി' വാരികയില്‍ വി.എസ്‌ ഫാക്‌ടറിനെ പ്രകീര്‍ത്തിച്ച്‌ അദ്ദേഹത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരിലൊരാളായ ബാബു ഭരദ്വാജ്‌ എഴുതിയ ലേഖനത്തിന്‌ പുതിയ ലക്കം `മാതൃഭൂമി'യില്‍ ഒരുകാലത്ത്‌ വി.എസിന്റെ വിശ്വസത്‌നായിരുന്ന കെ.എം.ഷാജഹാന്‍ എഴുതിയ സുദീര്‍ഘ ലേഖനത്തിലൂടെയാണ്‌ ഔദ്യോഗികപക്ഷം മറുപടി നല്‍കുന്നത്‌.
ഇതിനെല്ലാം പുറമെ പരിയാരത്തെ മെഡിക്കല്‍ പ്രവേശനത്തിന്റെ പേരില്‍ ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ വി.എസ്‌. ശ്രമിച്ചേക്കുമെന്നും ഔദ്യോഗികപക്ഷം ഭയക്കുന്നുണ്‌ട്‌. കാസര്‍കോട്ടെ കടുത്ത പിണറായി പക്ഷക്കാരനായ വി.വി.രമേശന്റെ മകളുടെ മെഡിക്കല്‍ പ്രവേശനവും പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണസമിതി ചെയര്‍മാനും ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവുമായ എം.വി.ജയരാജന്റെ നടപടികളും വി.എസ്‌ ഉയര്‍ത്തിക്കാട്ടിയേക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുക്കൂട്ടുന്നു.
ഈ പ്രശ്‌നങ്ങളൊന്നും ഉന്നയിക്കാതെ ഔദ്യോഗികപക്ഷവുമായി സമരസപ്പെട്ടുപോകുകയാണെങ്കില്‍ വി.എസിന്റെ പി.ബി.പ്രവേശനത്തെ അനുകൂലിച്ചാല്‍ മതിയെന്നാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നിലപാട്‌. എന്നാല്‍ ഇതിന്‌ വി.എസ്‌ തയാറാവുമോ എന്ന്‌ കണ്‌ടറിയേണ്‌ട കാര്യം തന്നെയാണ്‌. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലാവധിയെക്കുറിച്ച്‌ ആ മുന്നണിക്ക്‌ പോലും ഉറപ്പില്ലെങ്കിലും എന്തായാലും അടുത്തതവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ വി.എസ്‌.എന്ന രണ്‌ടക്ഷരം ഉയര്‍ന്നുവരില്ലെന്ന്‌ ഉറപ്പാണ്‌.
ഇത്തവണത്തെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി പദമൊഴിയുന്ന പിണറായിക്ക്‌ പകരക്കാരനായും വി.എസ്‌.വരില്ലെന്നതും നൂറും ശതമാനം ഉറപ്പുള്ള കാര്യമാണ്‌. അപ്പോള്‍ വി.എസിന്‌ പാര്‍ട്ടിയില്‍ ഇനി ലഭിക്കാവുന്ന പരമോന്നദ പദവി പോളിറ്റ്‌ ബ്യൂറോ അംഗത്വം മാത്രമാണ്‌. അത്‌ പരമാവധി വൈകിക്കുക എന്ന തന്ത്രമാണ്‌ ഔദ്യോഗികപക്ഷം ഇപ്പോള്‍ പയറ്റുന്നത്‌. അതില്‍ അവര്‍ വിജയിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണേണ്‌ട കാര്യമാണ്‌. കാരണം എന്നും കണക്കുക്കൂട്ടലുകളെ കാറ്റില്‍ പറത്തുന്ന പതിവ്‌ വി.എസിനുണ്‌ട്‌ എന്നതു തന്നെ. 

 

Tuesday, June 14, 2011

വേട്ടക്കാരന്‌ ഇരയുടെ വികാരം അറിയില്ല: കുഞ്ഞാലിക്കുട്ടി

വേട്ടക്കാരന്‌ ഒരിക്കലും ഇരയുടെ വികാരം അറിയില്ല. വെടി കൊള്ളുമ്പോഴോ അമ്പ്‌ ഏല്‍ക്കുമ്പോഴോ ഇരകള്‍ക്കുണ്ടാകുന്ന വേദന വേട്ടക്കാരന്‌ മനസ്സിലാവില്ലെന്നും വേട്ടക്കാരന്‌ വെടിയേറ്റാലെ ആ വേദന അറിയൂവെന്നുമാണ് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന വി.എസ്‌ അച്യുതാനന്ദന്‌ മറുപടി പറയാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും നല്ലൊരു മറുപടി തന്റെ വായില്‍ വന്നതാണെന്നും ഒരിക്കലത്‌ പറയുമെന്നും അദ്ദേഹം പറയുന്നു. പാവം കുഞ്ഞാലി. വികാരം മൂത്തതുകൊണ്ടാണല്ലോ കുഞ്ഞാലി റജീനയെ വേട്ടയാടിയത്. എന്നിട്ടും വികാരം തണുക്കാതെ  വന്നപ്പോള്‍ ഐസ്ക്രീം തിന്നു നോക്കി. എന്നിട്ടും ശമിച്ചില്ല. അപ്പോഴല്ലേ നമ്മുടെ സാക്ഷാന്‍ അച്ചുമാമന്‍ രംഗത്തെത്തിയത്.

വികാരം മൂത്തുനില്ക്കുന്ന കുഞ്ഞാലിയുടെ തലയില്‍ തീ കോരിയിട്ടപ്പോഴാണ്  കുഞ്ഞാലി വിവരമറിഞ്ഞത്. പത്തെണ്പത്തിനാലു വയസ്സായ അച്ചുമാമന് ഏതായാലും വികാരം ഉണ്ടാകുകയില്ല. അപ്പോള്‍ പിന്നെ വികാരം മൂത്തു നടക്കുന്ന കുഞ്ഞാലിക്കിട്ട് രണ്ട് കൊട്ടുകൊടുക്കാമെന്ന് വിചാരിച്ച അച്ചുമാമനെ കുറ്റം പറയാന്‍ കഴിയുമോ? ഇനി കുഞ്ഞൂഞ്ഞും തങ്ങളും കനിഞ്ഞു നല്കിയ ആ മന്ത്രിപ്പണിയും ചെയ്ത്, കൂദുതല്‍ വികാരം കൊള്ളാതെ, അടങ്ങിയൊതുങ്ങി കഴിയുകയാണ്‌ കുഞ്ഞാലീക്ക് നല്ലത്.

കുഞ്ഞാലിയും കൂട്ടരും വെടിവെച്ചപ്പോഴും അമ്പെയ്തപ്പോഴും എത്ര പേര്ക്കാണ്‌ വേദനിച്ചതെന്ന്‌ വല്ല നിശ്ചയമുണ്ടോ ആവോ.



Monday, June 13, 2011

എം എഫ് ഹുസൈന്‍ സ്മരണ

ഇന്ത്യന്‍ പിക്കാസോ എന്ന് വിശ്വവിഖ്യാതനായ അനശ്വര ചിത്രകാരന്‍ എം എഫ് ഹുസൈന്റെ സ്മരണയ്ക്ക് മുമ്പില്‍ ലോക ചിത്രകലാരംഗമാകെ ആദരാഞ്ജലികളര്‍പ്പിക്കുന്ന സന്ദര്‍ഭമാണിത്. ലോക ചിത്രകലയ്ക്ക് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് എം എഫ് ഹുസൈന്‍ എന്ന കാര്യത്തില്‍ ചിത്രകലയെ ഗൗരവമായെടുക്കുന്ന ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്ന് കരുതാനാവില്ല. പ്രതിഭാധനനായ എം എഫ് ഹുസൈന്‍ ഇന്ത്യന്‍ ചിത്രകലയെ വിശ്വചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചരിത്ര പ്രധാന്യമുള്ളതാണെന്ന് വരുംകാലം വിലയിരുത്തുമെന്നതില്‍ തര്‍ക്കമില്ല. വരും തലമുറകള്‍ക്കുമുമ്പില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളും കലാജീവിതവും പാഠപുസ്തകമെന്ന പ്രസക്തിയോടെ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും.

ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനയാണ് എം എഫ് ഹുസൈന്‍ എന്ന് പറയുമ്പോഴും അങ്ങനെ അഭിമാനിക്കാന്‍ ഉള്ള ധാര്‍മികാവകാശം നമ്മുടെ രാജ്യത്തിന് എത്രത്തോളമുണ്ട് എന്ന ചിന്തകൂടി പ്രസക്തമായിവരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. പ്രവാസ ജീവിതഘട്ടത്തില്‍പോലും "ഞാന്‍ എന്നും ഇന്ത്യക്കാരനായിരിക്കും" എന്ന് പ്രഖ്യാപിച്ച ഈ കലാകാരനെ ബഹിഷ്കരിച്ചതിന്റെ കുറ്റം നമ്മുടെ നാട് എങ്ങനെ ഒളിപ്പിച്ചുവയ്ക്കും? ലോക സമക്ഷം, ഇന്ത്യന്‍ മതനിരപേക്ഷതയുടെ ശോഭ കെടുത്തിയ സംഭവമാണ് ബാബറിമസ്ജിദിന്റെ തകര്‍ച്ച എന്ന് നാം പറയാറുണ്ട്. അതിനുശേഷം മതനിരപേക്ഷതയുടെ മൂല്യങ്ങളെ ഇന്ത്യ കൈവിട്ട അടുത്തമുഹൂര്‍ത്തമാണ് എം എഫ് ഹുസൈനെപ്പോലുള്ള ഒരു ഉന്നത കലാകാരന് രാജ്യം വിട്ടുപോകേണ്ട സാഹചര്യം നിര്‍ബന്ധപൂര്‍വം ഇന്ത്യ സൃഷ്ടിച്ചുവെന്നത്. ചരിത്രം ഇതു രണ്ടും നാളെ ചേര്‍ത്തു വായിക്കുമെന്നതില്‍ സംശയമില്ല. 1970ല്‍ വരച്ച ചിത്രത്തെ മുന്‍നിര്‍ത്തി വര്‍ഗീയ ശക്തികള്‍ ഇവിടെ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിയത് 1996ല്‍ മാത്രമാണ്. ചിത്രം സ്വാഭാവികമായി ഒരു വര്‍ഗീയ പ്രകോപനവുമുണ്ടാക്കിയില്ല എന്നതിനു വേറെ തെളിവുവേണ്ട.
96ല്‍ ചിത്രം നിരോധിക്കണമെന്ന മുറവിളി. ബോംബെ-ഡല്‍ഹി പൊലീസ് കമീഷണര്‍മാര്‍ക്ക് ഹുസൈനെതിരെ കേസെടുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സൂററ്റിലെ പബ്ലിക് ഗ്യാലറിയില്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണം, എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ നശിപ്പിക്കാനുള്ള ആക്രമണപരമ്പര; ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഡസന്‍കണക്കിന് കേസ്, ഹുസൈന്‍ ചെയ്ത ചലച്ചിത്രം തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കേണ്ട അവസ്ഥ, ആക്രമണ ശ്രമങ്ങള്‍ , വധശ്രമങ്ങള്‍ ഇങ്ങനെ എത്രയോ സംഭവങ്ങള്‍ . ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തിന് കലാകാരനെ വിട്ടുകൊടുത്ത് ഭരണാധികാരികള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്നുവന്നാല്‍ കലാകാരന്റെ സൃഷ്ടിക്കും ജീവനും എന്ത് സുരക്ഷിതത്വം? ഇത്തരം ഒരു അവസ്ഥയുണ്ടായ വേളയിലാണ് ഇന്ത്യ വിട്ടുപോകാന്‍ എം എഫ് ഹുസൈന്‍ നിശ്ചയിച്ചത്. വര്‍ഗീയ സംഘങ്ങള്‍ ആക്രമിക്കാന്‍ നില്‍ക്കുന്നു. മതനിരപേക്ഷ സ്വഭാവമുള്ളതെന്ന് പറയുന്ന ഗവണ്‍മെന്റ് തനിക്കെതിരെ കേസെടുക്കുന്നു; നല്‍കിയ പത്മവിഭൂഷണ്‍ ബഹുമതി വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തിരിച്ചെടുക്കാന്‍ നീക്കം നടത്തുന്നു. ഇങ്ങനെയൊക്കെ അപമാനിക്കപ്പെട്ടാല്‍ കലാകാരന് ആ സമൂഹത്തില്‍ എങ്ങനെ നിലനില്‍ക്കാനാവും? ആ അവസ്ഥയില്‍ എം എഫ് ഹുസൈന്‍ ഇന്ത്യ വിട്ടുപോവുകയല്ല; മറിച്ച് അദ്ദേഹത്തെ ഇന്ത്യ വിട്ടുപോവാന്‍ ഇന്ത്യ ഗവണ്‍മെന്റുതന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചുവെന്നതായിരുന്നു ഹിന്ദുവര്‍ഗീയവാദികള്‍ എം എഫ് ഹുസൈനില്‍ ആരോപിച്ച കുറ്റം. കലയെ വിലയിരുത്താനുള്ള മാനദണ്ഡം ഇതാണെങ്കില്‍ അജന്ത എല്ലോറ ഗുഹകളിലെ ചിത്രങ്ങള്‍ നിരോധിക്കണം; പല ക്ഷേത്രങ്ങളിലെയും ശില്‍പ്പങ്ങള്‍ നിരോധിക്കണം; ക്ഷേത്രങ്ങളില്‍ ആലപിക്കുന്ന ഗീതഗോവിന്ദം നിരോധിക്കണം; സരസ്വതിയെ മദാലസ എന്ന് വിശേഷിപ്പിക്കുന്ന കാളിദാസ കവിതയും നിരോധിക്കണം. പക്ഷേ, അത്തരം അസഹിഷ്ണുതയുടെ അന്തരീക്ഷമായിരുന്നില്ല ഇവിടെ ഇക്കാലമത്രയും നിലനിന്നത്. അതുകൊണ്ടാണ് ഖജുരാഹോ ചിത്രങ്ങള്‍ മുതല്‍ മഹാവീരപ്രതിമവരെ നമ്മുടെ ഇന്ത്യയില്‍ നിലനിന്നുപോന്നത്.

ബില്‍ഹണന്റെ ചൗരപഞ്ചാശിക മുതല്‍ ജയദേവകവിയുടെ അഷ്ടപദിവരെ ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്്. ആ സഹിഷ്ണുതയുടെ അന്തരീക്ഷത്തെ കലുഷമാക്കി വര്‍ഗീയ മുതലെടുപ്പു നടത്താന്‍ ഇരുളിന്റെ ശക്തികള്‍ രംഗത്തിറങ്ങുകയും ഭൂരിപക്ഷ വോട്ടില്‍ കണ്ണും നട്ടിരുന്ന കോണ്‍ഗ്രസും അതിന്റെ ഗവണ്‍മെന്റും ആ വര്‍ഗീയ സമ്മര്‍ദത്തിന് കീഴടങ്ങുകയുമായിരുന്നു. അതുകൊണ്ടാണ് എം എഫ് ഹുസൈന് രാജ്യംവിട്ട് ഓടിപ്പോകേണ്ടിവന്നത്. ഈ സാഹചര്യം നന്നായറിയുന്നതുകൊണ്ടാണ് എം എഫ് ഹുസൈന്‍ തിരിച്ചുവരണമെന്ന് മന്ത്രി പി ചിദംബരം പറഞ്ഞപ്പോള്‍ , വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യം എന്ന് എം എഫ് ഹുസൈന്‍ തിരിച്ചടിച്ചത്. പാബ്ലോ പിക്കാസോയോടൊപ്പം ഒരേ വേദിയില്‍ ആദരിക്കപ്പെട്ട ഇന്ത്യന്‍ കലാകാരനാണ് എം എഫ് ഹുസൈന്‍ . ക്രിസ്റ്റി ചിത്രകലാലേലമേളയില്‍ രണ്ട് ദശലക്ഷം ഡോളറിന് തന്റെ ചിത്രം വിറ്റുപോകുമ്പോഴും നഗ്നപാദനായി നാട്ടിലെ ആള്‍ക്കൂട്ടത്തിലൊരാളായി നടന്നുപോയിരുന്ന കലാകാരനാണ് അദ്ദേഹം. യാഥാസ്ഥിതിക ചിത്രകലാരീതികളില്‍നിന്നുള്ള ഗതിമാറ്റം കുറിക്കാന്‍ മുന്‍നിന്ന ആധുനികതയുടെ വക്താവായ കലാകാരനാണ് അദ്ദേഹം. ചിത്രകല മുതല്‍ ചലച്ചിത്രകലവരെ വ്യാപരിച്ചുനിന്ന പ്രതിഭയുടെ ഉടമസ്ഥനാണ് അദ്ദേഹം. ഏതെങ്കിലും ഒരു വര്‍ഗീയത മാത്രമല്ല, അദ്ദേഹത്തെ ഇന്ത്യയില്‍ വേട്ടയാടിയത്.
ഒരു വശത്ത് ബജ്രംഗ്ദള്‍ മുതല്‍ വിശ്വഹിന്ദുപരിഷത്തുവരെയുള്ളവര്‍ . 
മറുവശത്ത് മില്ലി കൗണ്‍സില്‍ മുതല്‍ ജമാഅത്തെ ഇസ്ലാമിവരെയുള്ളവര്‍ . 
ദുര്‍ഗാചിത്രം മുന്‍നിര്‍ത്തിയായിരുന്നു ആദ്യത്തെ കൂട്ടരുടെ ആക്രമണമെങ്കില്‍ 
"മീനാക്ഷി-മൂന്ന് നഗരങ്ങളുടെ കഥ" എന്ന ചലച്ചിത്രത്തിലെ പാട്ട് 
മുന്‍നിര്‍ത്തിയായിരുന്നു രണ്ടാമത്തെ കൂട്ടരുടെ ആക്രമണം. 
ഇരുകൂട്ടരെയും ഒരുപോലെ പ്രീണിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള 
ഗവണ്‍മെന്റാകട്ടെ, എം എഫ് ഹുസൈന് രാജ്യം വിട്ടോടണമെന്ന 
സ്ഥിതിയുണ്ടാക്കിവച്ചു. ലോകം ആദരിക്കുന്ന ആ ഇന്ത്യന്‍ കലാകാരന് 
വാര്‍ധക്യകാലത്ത് ദുബായിലും ദോഹായിലും ലണ്ടനിലുമായി 
അലയേണ്ടിവന്നു. ഒടുവില്‍ ലണ്ടനില്‍ മരിക്കേണ്ടതായും.

Sunday, June 12, 2011

രാമ-രാവണ ലീലകളാടുന്ന ബി.ജെ.പി. നേതാക്കള്‍

 രാജ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയായ ബി.ജെ.പിയുടെ രാഷ്ട്രീയദൗത്യം ആ പാര്‍ട്ടിയുടെ നേതാക്കളുടെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. അവര്‍ വെറും പിന്‍പാട്ടുകാരായി മാറുന്നു. വളരെ വിചിത്രമാണ് ഈ കാഴ്ചകള്‍. രാമനെ മറന്ന് ബി.ജെ.പി രാംദേവിന്റെ പിന്നാലെ കൂടിയത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൗതുകകരമായ നേരം പോക്കാണ്.

 
കോണ്‍ഗ്രസ് നയിക്കുന്ന ഐക്യപുരോഗമന സഖ്യത്തിനെതിരെ രണ്ടു പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് ക്ഷീണിതരായി നില്‍ക്കുകയായിരുന്നു ബി.ജെ.പി നേതാക്കളും കൂട്ടുകാരും. അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞമാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അപമാനകരമായ പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തില്‍ ഒരു നിയമസഭാംഗത്തെയെങ്കിലും ഉണ്ടാക്കാനുള്ള അവരുടെ തീവ്രശ്രമം ഇത്തവണയും ഫലവത്തായില്ല. അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി അടക്കം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ബി.ജെ.പി വാശിയോടെ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയിരുന്നു. എല്ലായിടത്തും കൂടി ആകെ ലഭിച്ചത് വെറും അഞ്ച് എം.എല്‍.എമാരെയാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ രാഷ്ട്രീയ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്. ലക്‌നോവില്‍ ഈയിടെ ബി.ജെ.പി ദേശീയ നേതൃത്വം യോഗം ചേര്‍ന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അവര്‍ക്ക്  കാര്യമായി സംസാരിക്കാനുണ്ടായില്ല. രാംദേവിന്റെ ലീലാവിലാസങ്ങളെപ്പറ്റി മാത്രമാണ് നിതിന്‍ ഗഡ്ക്കരി ഏറെനേരം വിശദീകരിച്ചത്. കള്ളപ്പണത്തിനെതിരെ യോഗാചാര്യനായ ഒരു സന്യാസി രാം ലീലാ മൈതാനിയില്‍ നടത്തിയ ഗോഷ്ടികള്‍ അധികൃതര്‍ നിയമപരമായി നേരിട്ടു. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു നീക്കി. ''ജനാധിപത്യ വ്യവസ്ഥയോടുള്ള കടന്നാക്രമണവും അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അനിഷ്ട സംഭവവും'' ആണതെന്ന് ബി.ജെ.പി നേതാക്കള്‍ വിശേഷിപ്പിച്ചു.
 
അഴിമതിക്കെതിരെ മാസങ്ങള്‍ക്കുമുമ്പ് അന്നാ ഹസ്സാരെ ജന്ദര്‍മന്ദറില്‍ നടത്തിയ ഉപവാസ സമരം ജനശ്രദ്ധ ആകര്‍ഷിക്കുന്നതുകണ്ട് രാഷ്ട്രീയ രഹസ്യാഭിലാഷങ്ങളുമായി രംഗത്തുവന്നയാളാണ് ബാബ രാംദേവ്. സൈക്കിളിന് പഞ്ചറൊട്ടിക്കാന്‍ പണമില്ലാതെ ചെറുപ്പത്തില്‍ ജന്മനാടു വിട്ടോടിപ്പോയ ആള്‍ യോഗാഭ്യാസിയും കാഷായ വേഷധാരിയുമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. യോഗവിദ്യയുടെ ഉപജ്ഞാതാവായ പതഞ്ജലിയുടെ പേരില്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. മരുന്നു നിര്‍മ്മാണശാല സ്ഥാപിച്ചു. പൊടുന്നനെ കോടീശ്വരനായി. സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമാക്കി. ആയിരത്തി ഒരുന്നൂറ് കോടി രൂപയുടെതാണ് വെളിപ്പെടുത്തപ്പെട്ട സ്വത്ത്. സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി രംഗത്തു വരാന്‍ ആഗ്രഹിച്ചുകൊണ്ട് രാംദേവ് ഈയിടെ ദേശീയ പര്യടനം നടത്തി. അന്നാ ഹസ്സാരെയുടെ അഴിമതിവിരുദ്ധ സമരം ജനപിന്തുണയാര്‍ജ്ജിക്കുന്നതു കണ്ടപ്പോള്‍ പൊടുന്നനെ ആ വേദി കൈയടക്കാന്‍ രാംലീല മൈതാനിയില്‍ സര്‍വസന്നാഹങ്ങളുമായി സത്യാഗ്രഹ സമരത്തിന് ഇറങ്ങിയ കപട സന്യാസിയെ പൊലീസ് നീക്കം ചെയ്തു. യോഗവിദ്യാ പ്രകടനത്തിന് മൈതാനം ബുക്ക് ചെയ്ത രാംദേവ് ഡല്‍ഹിയിലെ ചൂടിനെ അതിജീവിക്കാന്‍ എ.സി സ്റ്റേജ് കെട്ടി സത്യാഗ്രഹ സമരവും ഗീര്‍വാണ പ്രസംഗവും തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നീക്കം ചെയ്യപ്പെട്ടത്. സത്യത്തില്‍ ബി.ജെ.പി നേതൃത്വം ആശ്വസിക്കുകയായിരുന്നു വേണ്ടത്.
 
അവരുടെ സമരവിഷയവും രാഷ്ട്രീയ ആയുധങ്ങളും ഒരു സന്യാസി വേഷക്കാരന്‍ തട്ടിയെടുക്കുകയായിരുന്നു. അന്നാ ഹസ്സാരെ കാര്യം മനസ്സിലാക്കി. രാംദേവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ബി.ജെ.പി നേതാക്കള്‍ രാമ ധര്‍മ്മങ്ങള്‍ മറന്ന് രാവണ വീര്യം പൂണ്ട രാംദേവിന്റെ പത്തു തലയെണ്ണി ആശ്ചര്യപ്പെട്ട് സ്വയം മറന്നു. മഹാത്മജിയുടെ സമാധിഘട്ടില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവേശം മൂത്ത് നൃത്തം വച്ചു. എത്ര ആഭാസകരം. ഇതാണോ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷപ്പാര്‍ട്ടിയുടെ രാഷ്ട്രീയം?സി.പി.എമ്മിനെക്കാള്‍ പരിതാപകരമാണ് ബി.ജെ.പിയുടെ അവസ്ഥ. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ നല്ലൊരു രാഷ്ട്രീയ ചുവടുവയ്ക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ശിവസേന, ശിരോമണി അകാലിദള്‍, ജനതാദള്‍ (യു) എന്നീ കൂട്ടാളികള്‍ മാത്രമേ ആ പാര്‍ട്ടിക്ക് ഇപ്പോഴുള്ളൂ. ബീഹാറില്‍ നിതീഷ് കുമാര്‍ തന്റെ വ്യക്തിമഹിമകൊണ്ട് നേടിയ തെരഞ്ഞെടുപ്പു വിജയം മാത്രമാണ് എന്‍.ഡി.എയുടെ സമീപകാലത്തെ നേട്ടം. ബീഹാര്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയും ആയ നരേന്ദ്ര മോഡിയെ കണ്ണിനു കണ്ടുകൂടാ. ലക്‌നോ സമ്മേളനം ഉമാ ഭാരതിയെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വത്തിലേക്ക് ആറു വര്‍ഷത്തിനു ശേഷം തിരിച്ചു കൊണ്ടുവന്നു. ബാബറി മസ്ജിത് തകര്‍ത്തതില്‍ പ്രധാന പങ്കുള്ള ഉമ അടുത്ത വര്‍ഷം നടക്കുന്ന യു.പി. നിയമസഭാ ഇലക്ഷനില്‍ ബി.എസ്.പി നേതാവും മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ ശോഭിക്കുമെന്നാവും ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടല്‍.
 
യു.പിയില്‍ ജനപിന്തുണയുടെ കാര്യത്തില്‍ ബി.ജെ.പി അഞ്ചാം സ്ഥാനത്താണ്. എ.ബി.വാജ്‌പേയിയെപ്പോലെ കാലഹരണപ്പെട്ട പ്രതിഭകളെയും ക്ഷീണിച്ച കുതിരകളെയും കെട്ടി രാഷ്ട്രീയ രഥം ഓടിക്കാമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ തീഷ്ണവിചാരങ്ങളെയും സ്വപ്നങ്ങളെയും അഭിസംബോധന ചെയ്യാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് അറിയില്ല. എല്‍.കെ. അദ്വാനി ഉയര്‍ത്തിക്കൊണ്ടുവന്ന വിദേശ നിക്ഷേപത്തിന്റെയും കള്ളപ്പണത്തിന്റെയും രാഷ്ട്രീയ നേട്ടം ബാബ രാംദേവ് എന്ന കപട വേഷക്കാരന്‍ തട്ടിയെടുത്തു. രാജ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടി ഇപ്പോള്‍ തങ്ങളുടെ രഥം രാം ദേവിന്റെ ഹെലികോപ്റ്ററിന്റെ വാലില്‍ കൊണ്ടു കെട്ടുന്നു. ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ പരിഹാസമെന്ത്? 

Saturday, June 11, 2011

മൂലമ്പള്ളിക്കാര്‍ക്ക് പ്രതീക്ഷയുടെ പുനരധിവാസം

പ്രതീക്ഷയുടെ ലോകത്തു നിന്നുള്ള മൂന്നര വര്‍ഷത്തെ കുടിയിറക്കിന് ഒടുവില് മൂലമ്പള്ളിക്കാര്‍ക്ക് ആശ്വാസമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ ഒരായുസിന്റെ സകലസമ്പാദ്യവും ഭരണവര്‍ഗ്ഗം, അധികാരത്തിന്റെ ഹുങ്കില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ മൂലമ്പള്ളിക്കാര്‍ക്ക് നഷ്ടമായത് നാളെയുടെ പ്രതീക്ഷകളായിരുന്നു. അവരുടെ മുറിവിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആശ്വാസത്തിന്റെ മഷി പുരട്ടിയിരിക്കുന്നത്.
മറ്റുള്ളവരുടെ ചെലവില്‍മാത്രം വികസനം ആഗ്രഹിക്കുന്ന പൊതുസമൂഹത്തിനുള്ള നല്ല പാഠമായിരുന്നു മൂലമ്പള്ളിക്കാര്‍ ഇതുവരെ. സ്വന്തം ഭൂമിയോ വീടോ തൊഴിലോ നഷ്ടമാകില്ലെങ്കില്‍ പിന്നെ ആരുടെ നെഞ്ചത്തുകൂടിയും വികസനരഥം ഉരുട്ടാമെന്ന് കരുതുന്നവരും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും. അവര്‍ തെരെഞ്ഞെടുത്ത ഒരു സര്‍ക്കാരും അങ്ങനെ തന്നെ ആവാനേ വഴിയുള്ളൂ. അതായിരുന്നു മൂന്നരവര്‍ഷം മുമ്പ് മൂലമ്പള്ളിയിലും സംഭവിച്ചത്.നാടിന്റെ വികസനത്തിനു വേണ്ടിയെന്ന പേരിലുള്ള ഏറ്റെടുക്കലുകള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. നന്ദിഗ്രാമും സിംഗൂരുമെല്ലാം അവയില്‍ ചിലപേരുകള്‍ മാത്രമാണ്. അവയുടെ കൂട്ടത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടേണ്ട ഒരു പേര് മാത്രമാകുമായിരുന്ന മൂലമ്പള്ളിക്കാര്‍ക്ക് വേണ്ടി പുനരധിവാസ പാക്കേജ് നടപ്പാക്കുകവഴി വികസനവും കരുതലുമെന്ന മുദ്രാവാക്യമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു.
വികസനത്തിന് വേണ്ടി വഴിയാധാരമാക്കപ്പെടുന്നവര്‍ എങ്ങനെ ജീവിക്കുമെന്നു ഭരണാധികാരികളോ ജനങ്ങളോ ഓര്‍ത്ത ചരിത്രം നമുക്കില്ല. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടിയായിരുന്നു കൊച്ചി നഗരത്തില്‍ത്തന്നെയുള്ള കടമക്കുടി, മുളവുകാട്, വടുതല. ചേരാനല്ലൂര്‍, ഏലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, സൗത്ത്, കടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴു വില്ലേജുകളിലെ 326 കുടുംബങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുടിയിറക്കിയത്. നന്ദിഗ്രാമിലും സിഗൂരിലും ഇതേ രീതിയില്‍ കര്‍ഷകരെ കുടിയിറക്കിയതും അടിസ്ഥാനവര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു എന്ന് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസവും. പിറന്നുവീണ മണ്ണില്‍ അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന ഒരുപറ്റം മനുഷ്യരെ ഒരു സുപ്രഭാതത്തില്‍ പോലീസിന്റെ സഹായത്തോടെ ബലമായി വീടുകളില്‍ നിന്നു പിടിച്ചിറക്കിയാണോ വികസനം കൊണ്ടുവരേണ്ടതെന്ന് ചോദിച്ചാല്‍ വി.എസ്.അച്ചുതാനന്ദന്‍ പോലും മൗനം പാലിക്കും. നിറഗര്‍ഭിണി മുതല്‍ വയോവൃദ്ധര്‍ വരെയുണ്ടായിരുന്നു കുടിയിറക്കപ്പെട്ടവരുടെ കൂട്ടത്തില്‍. 2008 ഫെബ്രവരി ആറിന് കുടിയിറക്കപ്പെട്ട ഇവര്‍ കഴിഞ്ഞ നാല്‍പ്പതു മാസമായി അനുഭവിച്ച ദുരിതത്തിന്റെ കണക്കെടുത്താല്‍ ഒരു നഷ്ടപരിഹാര പാക്കേജിനും അത് പരിഹരിക്കാനാവില്ല എന്നതാണ് സത്യം.
പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ പോലും അടങ്ങുന്ന കുടുംബങ്ങളുമായി തീതിന്നു ജീവിക്കുകയാണ് ഇവരിലെ ഓരോ കുടുംബനാഥനും. അവരുടെ ദുരിതകഥകള്‍ പലവുരു പത്രമാധ്യമങ്ങളും ബഹുജനങ്ങളും മറ്റും മുന്‍സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം, പൊതുവേദികളില്‍ പ്രസ്താവനകള്‍ നടത്തി മൂലമ്പള്ളിക്കാരെ പരിഹസിക്കാനായിരുന്നു ജനകീയ മുഖ്യമന്ത്രിയായ വി.എസ്.പോലും ശ്രമിച്ചത്. അവിടേക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രത്യാശയുടെ തേര് തെളിയിച്ചത്. 
കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളില്‍ 299 കുടുംബങ്ങള്‍ക്കുകൂടി പട്ടയം ലഭ്യമാക്കുന്നമെന്നതാണു കരാറിലെ പ്രധാന വ്യവസ്ഥ. അതോടെ പദ്ധതിക്കു വേണ്ടി വഴിമാറേണ്ടി വന്ന എല്ലാവര്‍ക്കും സ്വന്തമായി ഒരുപിടി മണ്ണ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവും. ഇതിനകം പട്ടയം ലഭിച്ചവര്‍ക്ക് പോലും ഒരു വീടുവച്ചു താമസിക്കാന്‍ പറ്റിയ സൗകര്യമില്ലെന്നായിരുന്നു ഇതുവരെയുള്ള മറ്റൊരു ആക്ഷേപം. നിര്‍ദിഷ്ട വാസസ്ഥലത്തേക്കു റോഡ്, വാട്ടര്‍, ഡ്രെയ്‌നെജ് കണക്റ്റിവിറ്റി എന്നിവ ഇല്ലാത്തതായിരുന്നു കാരണം. തന്നെയുമല്ല, അനുവദിക്കപ്പെട്ട ചതുപ്പ് സ്ഥലങ്ങളില്‍ ഉറപ്പുള്ള വീടു വയ്ക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം ഏറ്റെടുക്കുന്നതിനോടു പലര്‍ക്കും താത്പര്യവുമില്ലായിരുന്നു. 
നിര്‍ദിഷ്ട സ്ഥലങ്ങളില്‍ റോഡ്, വാട്ടര്‍, ഡ്രെയ്‌നെജ് കണക്റ്റിവിറ്റിക്കു പൊതു സൗകര്യം ഏര്‍പ്പെടുത്തുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ മറ്റൊരു സുപ്രധാന തീരുമാനം. സമയബന്ധിതമായി ഇതു പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചതുപ്പു നിലങ്ങളില്‍ വീടു വയ്ക്കുന്നതിന് ആവശ്യമായ പൈലിങ്ങിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഇതിലേക്ക് വീടൊന്നിന് എഴുപത്തയ്യായിരം രൂപ അനുവദിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചത് നല്ലകാര്യം. വീടുപൂര്‍ത്തിയാക്കാന്‍ ആവശ്യമായ ചെറിയ കാലേത്തക്കുകൂടി, പ്രതിമാസം അയ്യായിരം രൂപ വീട്ടുവാടക അനുവദിച്ചതാണ് ആശ്വാസകരമായ മറ്റൊരു തീരുമാനം. 33 മാസത്തെ വീട്ടുവാടകയാണ് ഓരോ കുടുംബത്തിനും ഈയിനത്തില് ലഭിക്കാനുള്ളത്. 
ഇടതടവില്ലാതെ തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ കൊടും ദുരിതത്തിലാണ്ടുപോയ മൂലമ്പള്ളിക്കാര്‍ക്ക് ആശ്വസിക്കാന്‍ പോന്ന ഒട്ടേറെ തീരുമാനങ്ങളടങ്ങുന്ന പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സമ്മതിക്കുമ്പോഴും അവയുടെ പൂര്‍ത്തീകരണത്തിലാണു കാര്യമെന്നതും വിസ്മരിക്കാനാവില്ല. സമയപരിധിക്കുള്ളില്‍ കരാറിലെ വ്യവസ്ഥകളെല്ലാം പാലിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കാം. മൂലമ്പള്ളി കുടിയിറക്കും പുനരധിവാസവും രാജ്യത്തിനു തന്നെ മാത്യകയാകത്തക്ക വിധത്തില്‍ നടപ്പാക്കി വികസനത്തിന് പുതിയൊരു സംസ്‌ക്കാരം സൃഷ്ടിക്കാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാവട്ടെ എന്ന് ആശംസിക്കാം.

പുത്രവാത്സല്യത്തിന്‍റെ പിതൃദുഃഖങ്ങള്‍

അന്ധമായ പുത്രവാത്സല്യം ധൃതരാഷ്‌ടരെയും ദേവേന്ദ്രനെയുമെല്ലാം കണ്ണീരുകുടിപ്പിച്ച കഥകള്‍ നമ്മള്‍ പുരാണത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്‌. പുരാണങ്ങളിലേക്കൊന്നും പോയില്ലെങ്കിലും കേരളാ രാഷ്‌ട്രീയത്തിലും അത്തരം കഥകള്‍ക്കൊന്നും പഞ്ഞമില്ല. കെ.കരുണാകരന്‍ മുതല്‍ വി.എസ്‌.അച്യുതാനന്ദന്‍വരെയുണ്ട്‌ പുത്രവാത്സല്യംകൊണ്ട്‌ പൊല്ലാപ്പുപിടിച്ച രാഷ്‌ട്രീയ നേതാക്കളുടെ പട്ടികയില്‍. ആ പട്ടികയിലേക്ക്‌ പുതിയ പേരുകളായി അടൂര്‍ പ്രകാശും വി.വി.രമേശനും പി.കെ.അബ്‌ദുറബുമെല്ലാം കടന്നുവരുമ്പോള്‍ അവിടെ മാറ്റിവരയ്‌ക്കപ്പെടുന്നത്‌ പുതിയൊരു ചരിത്രമാണ്‌.



തെരഞ്ഞെടുപ്പില്‍ മക്കള്‍ക്കൊരു സീറ്റ്‌ വാങ്ങിക്കൊടുക്കാനും കോര്‍പറേഷന്‍, ബോര്‍ഡ്‌ അധ്യക്ഷസ്ഥാനങ്ങളില്‍ അവരെ ആസനസ്ഥരാക്കാനുമാണ്‌ നമ്മുടെ നേതാക്കള്‍ അടുത്തകാലം വരെ പുത്രവാത്സല്യം പ്രയോഗിച്ചതെങ്കില്‍ മക്കള്‍ക്ക്‌ മെഡിക്കല്‍ സീറ്റൊപ്പിക്കാനാണ്‌ ഇന്ന്‌ നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ പെടാപാട്‌ പെടുന്നത്‌ എന്നതാണത്‌. വലിയ അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന ഒരു എം.എല്‍.എ സീറ്റിനേക്കാള്‍ എന്തുകൊണ്ടും മൂല്യമുണ്ട്‌ 50 ലക്ഷവും ഒരുകോടിയുമെല്ലാം വിലയുള്ള മെഡിക്കല്‍ സീറ്റൊന്ന്‌ സ്വന്തമാക്കുന്നതിലെന്ന്‌ അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതില്‍ ഇടതെന്ന വലതെന്നോ ലീഗെന്നോ ഭേദമില്ല. മക്കളുടെ കാര്യം വരുമ്പോള്‍ മാത്രം നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ നേതാക്കള്‍ സ്വാര്‍ത്ഥമതികളായ മാതാപിതാക്കളാവും. 



ഡി.വൈ.എഫ്‌.ഐ നേതാവ്‌ വി.വി രമേശന്‍ പറഞ്ഞതുപോലെ ഒരച്ഛനെന്ന നിലയില്‍ പ്രസ്ഥാനത്തോട്‌ തെറ്റ്‌ ചെയ്‌തിട്ടുണ്ടടങ്കില്‍ മാപ്പു ചോദിച്ചാല്‍ തീരുമായിരിക്കും. എന്നാല്‍ പ്രതീക്ഷയോടെ പ്രവേശനം കാത്തിരുന്ന്‌ അവസരം നഷ്‌ടമായ വിദ്യാര്‍ഥികളോട്‌ ആരുമാപ്പു പറയും. ഇനി അഥവാ പ്രസ്ഥാനം മാപ്പു കൊടുത്താലും സ്വാശ്രയസമരമെന്ന പേരില്‍ ചുടുചോറ്‌ വാരിപ്പിച്ച പ്രസ്ഥാനത്തോട്‌ ഡിവൈഎഫ്‌ഐയിലെ കുട്ടിസഖാക്കള്‍ പൊറുക്കുമോ.



അതെന്തായാലും സ്വാശ്രയവിവാദമതിലില്‍ തട്ടി സീറ്റ്‌ പോയ രാഷ്‌ട്രീയ നേതാക്കളായ അച്ഛന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ കേരളത്തില്‍ കൂടിവരികയാണ്‌. ഇനിഅവര്‍ ചേര്‍ന്ന്‌ പൊതുവായി ഒരു സംഘടന രൂപീകരിച്ചാലും അത്ഭുതപ്പെടാനില്ലാത്ത രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. മന്ത്രിസഭയെക്കുറിച്ച്‌ രൂപമാകുന്നതിന്‌ മുമ്പെ ആരോഗ്യമന്ത്രിയാകുമെന്ന്‌ രഹസ്യമായി ഉറപ്പുനല്‍കി പരിയാരത്ത്‌ സീറ്റുറപ്പിച്ച അടൂര്‍ പ്രകാശില്‍ തുടങ്ങി ഒരച്ഛന്റെ കൈയബദ്ധമെന്ന്‌ വിലപിച്ച വി.വി.രമേശനിലും കെ.എം.ഷാജിയുടെ യൂത്തന്‍മാരുടെ കണ്ണുരുട്ടല്‍ കണ്ട്‌ പേടിച്ച്‌ മകനെ ജൂബിലിയില്‍ നിന്ന്‌ പിന്‍വലിച്ച പി.കെ. അബ്‌ദുള്‍റബ്ബിലെത്തി നില്‍ക്കുന്നു പുത്രവാല്‍സല്യത്തിന്റെ പിതൃദഃഖങ്ങള്‍. 



എന്തായാലും പരിയാരത്തെ ഇത്രയധികം പ്രവേശനങ്ങള്‍ ഒറ്റയടിക്ക്‌ വിവാദമായതോടെ ഊറിച്ചിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്‌. സ്വകാര്യ സ്വാശ്രയമാനേജ്‌മെന്റുകള്‍. കാരണം മന്ത്രി പുത്രി പരിയാരത്ത്‌ പ്രവേശിച്ചതുകൊണ്ടും ഡിഫി നേതാവിന്റെ മകള്‍ പരിയാരത്ത്‌ തന്നെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയതിലൂടെയും ഉയരാവുന്ന എതിര്‍ശബ്‌ദങ്ങള്‍ അവര്‍ സമര്‍ഥമായി മൂടിക്കെട്ടുകയായിരുന്നു. അങ്ങനെ സര്‍ക്കാര്‍ മെറിറ്റ്‌ ലിസ്റ്റില്‍ പ്രവേശനം നടത്തേണ്ടിയിരുന്ന സീറ്റുകളില്‍ കൂടി മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ പ്രവേശനം നടത്തി കീശവീര്‍പ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. വൈകിയാണെങ്കിലും മെറിറ്റ്‌ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇനി കോടതി കയറിയിറങ്ങി അനൂകൂല വിധി സമ്പാദിക്കുയുമാവാം.



പ്രവേശനത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ പിഴച്ചത്‌ മന്ത്രിമാര്‍ക്കും ഡിഫി നേതാവിനും തന്നെയാണ്‌. ആരുമറിയാതെ അമലയിലോ പുഷ്‌പഗിരിയിലോ വിദേശത്തെ ഏതെങ്കിലും ഉന്നതെ മെഡിക്കല്‍ കോളജിലോ പ്രവേശനം നേടിയിരുന്നെങ്കില്‍ ഇക്കാര്യം പുറത്ത്‌ പറയാനോ അഥവാ പുറത്തറിഞ്ഞാല്‍ തന്നെ ഈ സ്ഥാനപനങ്ങളിലെല്ലാം ഫീസിനത്തില്‍ നടക്കുന്ന പിഴിയിലുകളെക്കുറിച്ച്‌ പുറത്തറിയിക്കാനോ നമ്മുടെ എത്രമാധ്യമങ്ങള്‍ ശുഷ്‌കാന്തി കാട്ടുമെന്ന്‌ കണ്ടുതന്നെ അറിയേണ്‌ കാര്യമാണ്‌. പരിയാരത്ത്‌ തന്നെ പ്രവേശനം നേടിയതുകൊണ്ടാണ്‌ ഇക്കാര്യം പുറത്തറിഞ്ഞത്‌. മന്ത്രിപുത്രിക്കും ഡിഫി നേതാവിന്റെ മകള്‍ക്കും ഇനിയും വേണമെങ്കില്‍ ആലോചിക്കാവുന്ന കാര്യമാണിത്‌. 



അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ കോടികള്‍ തലവരി നല്‍കി ഏതു കോളജില്‍ പഠിച്ചാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കില്ലായിരുന്നു. കുറഞ്ഞപക്ഷം ഡിഫി നേതാവിന്‌ പാര്‍ട്ടി സെക്രട്ടറിയുടെ കാലടികള്‍ പിന്തുടര്‍ന്ന്‌ മകളെ സിംഗപ്പൂരിലേയ്‌ക്കെങ്കിലും അയച്ച്‌ പഠിപ്പിക്കാമായിരുന്നു.



അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാതെ കിടക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട്‌. ധാര്‍മികതയുടെ പേരിലാണ്‌ മക്കളുടെ പ്രവേശനത്തില്‍ നിന്ന്‌ പിന്‍മാറിയതെങ്കില്‍ മാധ്യമങ്ങള്‍ ഇത്‌ പുറത്തുകൊണ്ടുവരുന്നതുവരെ മന്ത്രിമാരുടെ ഈ ധാര്‍മികത എവിടെയായിരുന്നു ?. മന്ത്രിപുത്രിയെയും പുത്രനെയും പ്രതിപക്ഷ പോഷകസംഘടനാ നേതാവിന്റെ മകളെയും പ്രവേശിപ്പിച്ചതിലൂടെ 50ഃ50 അനുപാതം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞിട്ടും സീറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇത്രയും വൈകിയത്‌ എന്തുകൊണ്ട്‌ ?. 



മന്ത്രി മക്കളെ പിന്‍വലിച്ച ഉടനെ സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ട്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്‌ എന്തുകൊണ്ട്‌ ?. സര്‍ക്കാര്‍ ഉത്തരവ്‌ വന്നതോടെ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്‌ക്ക്‌ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ ഇനി എന്തു ചെയ്യും ?. `48'കാരനായ ഡിവൈഎഫ്‌ഐ നേതാവിന്‌ 50 ലക്ഷം രൂപ ഫീസടയ്‌ക്കാനുള്ള വരുമാനമാര്‍ഗം എന്തായിരിക്കും ?. ഇവയ്‌ക്കെല്ലാം ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മെറിറ്റ്‌ ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായി തന്നെ പ്രവേശനം നേടാമായിരുന്നു എന്നായിരിക്കും ഏതൊരു പൗരനും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. 



എന്തായാലും ദൃശ്യമാധ്യമങ്ങള്‍ ഇത്രത്തോളം സജീവമാകുന്നതിന്‌ മുമ്പെ മക്കളെ വിദേശത്ത്‌ അയച്ച്‌ പഠിപ്പിക്കാന്‍ തോന്നിയ ബുദ്ധിക്ക്‌ പിണറായി സഖാവ്‌ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നന്ദിപറയുന്നുണ്ടാവും. ഇല്ലെങ്കില്‍ മക്കളുടെ ഫീസ്‌ നിരക്ക്‌ കേരളത്തിന്‌ മുന്നില്‍ നിരത്തി ഈ ചാനലുകാര്‍ സഖാക്കളുടെയും കേരളത്തിന്റെയും കണ്ണ്‌ തള്ളിച്ചേനെ. 


Friday, June 3, 2011

കോരിച്ചൊരിയുന്ന വാഗ്ദാനങ്ങള്‍

അതിവേഗത്തില്‍ ബഹുദൂരം മുന്നേറാനുള്ള നൂറു ദിന കര്‍മപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി പ്രഖ്യാപിച്ചിരിക്കുന്നു. സമഗ്രവും സുതാര്യവുമായ ഒരു പിടി പ്രഖ്യാപനങ്ങളുമായി ഭരണത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ഒരു തുറന്ന പുസ്‌തകമാക്കുമെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപനം സൂചിപ്പിക്കുന്നത്‌. വകുപ്പു വിഭജനത്തിന്റെ പേരിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിന്റെ പേരിലും ഉണ്‌ടായ പ്രതിച്ഛായാ നഷ്‌ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ ഉമ്മന്‍ ചാണ്‌ടിയും യു.ഡി.എഫും കണക്കുക്കൂട്ടുന്നു. ഇനി ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പില്‍ വരുത്താനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തും വാക്കുകളിലും തെളിഞ്ഞുനിന്ന നിശ്ചയദാര്‍ഢ്യം പ്രതീക്ഷാജനകമാണ്‌.

ദീര്‍ഘകാല പദ്ധതികളും നൂറുദിവസത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കേണ്‌ട കാര്യങ്ങളുമായി വിശദമായൊരു പട്ടികതന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്‌. ഇതെല്ലാം നൂറുദിനത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാവുമോ എന്ന്‌ സംശയമുണ്‌ടെങ്കിലും തല്‍ക്കാലും ഉമ്മന്‍ ചാണ്‌ടിയുടെ ആത്മാര്‍ത്ഥയ്‌ക്ക്‌ നൂറ്‌ മാര്‍ക്ക്‌ നല്‍കാം.

മുഖ്യമന്ത്രിയുടെ മുഖത്ത്‌ കണ്‌ട നിശ്ചയദാര്‍ഢ്യം സഫലമാവണമെങ്കില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ഒരുപോലെ ഊര്‍ജസ്വലമാകണം. ഒരു മണിക്കൂര്‍പോലും പാഴാക്കാതെ ഉദ്യോഗസ്ഥവൃന്ദം പണിയെടുക്കണം; മന്ത്രിമാരും സെക്രട്ടറിമാരും വകുപ്പു തലവന്മാരും മാത്രമല്ല വിവിധ വകുപ്പുകളിലെ എല്ലാ വിഭാഗം ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം; ഘടകകക്ഷി സമ്മര്‍ദ്ദത്തിന്റെ വറചട്ടിയില്‍ എരിയുന്ന ഐക്യജനാധിപത്യ മുന്നണിക്ക്‌ അതിന്‌ കഴിയുമോ എന്നാണ്‌ ജനം ആകാംക്ഷപൂര്‍വം ഉറ്റു നോക്കുന്നത്‌.

ഭരണത്തില്‍ സുതാര്യതയാണ്‌ മുഖ്യമന്ത്രി മുന്നോട്ടുവെയ്‌ക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്‌. ഒരു സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനായി സര്‍ക്കാരോഫീസുകളുടെ പടികയറിയിറങ്ങി പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന ഉദ്യോഗസ്ഥ സംസ്‌കാരത്തിന്‌ ചെറുതായെങ്കിലും മാറ്റം വരുത്താനായാല്‍ അത്‌ അഭിനന്ദിക്കേണ്‌ടതു തന്നെയാണ്‌. സാധാരണക്കാരന്റെ ജീവിതത്തെ സര്‍ക്കാര്‍ തീരുമാനങ്ങളും നടപടികളും സ്‌പര്‍ശിക്കുമെന്നിരിക്കെ അവയെക്കുറിച്ച്‌ പൂര്‍ണമായിതന്നെ അറിയാന്‍ ജനത്തിന്‌ അവകാശമുണ്‌ട്‌.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കും എന്ന പ്രഖ്യാപനം തികഞ്ഞ കാര്യക്ഷമതയ്‌ക്കുള്ള ഉറപ്പാകണം. ഈ കാര്യക്ഷമത മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമൊതുങ്ങുകയുമരുത്‌. സംസ്ഥാന ഭരണത്തിന്റെ ഓരോ മേഖലയിലും അനുഭവപ്പെടണം. സെക്രട്ടറിയേറ്റിലെ മൂന്ന്‌ ലക്ഷം ലക്ഷം ഫയലുകളില്‍ നൂറ്‌ ദിവസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്ന പ്രഖ്യാപനം ഓരോ ഫയലിലും ഓരോ ജീവിതമുണ്‌ടെന്ന തിരിച്ചറിവില്‍ നിന്നാകണം.

രാജ്യം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വിപത്ത്‌ അഴിമതിയാണ്‌. അതിനെതിരെ ചെറുവിരലെങ്കിലും അനക്കാനുള്ള ശ്രമങ്ങളും അഭിനന്ദിക്കപ്പെടേണ്‌ടത്‌ തന്നെ. എങ്കിലും രാജ്യത്ത്‌ ആദ്യമായാണ്‌ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നതെന്ന രീതിയലുള്ള തരംതാണ പ്രചാരണങ്ങള്‍ ഒഴിവാക്കേണ്‌ടതുമാണ്‌. കാരണം മലയാളികള്‍ എന്നും പുച്ഛത്തോടെ ഉച്ചരിക്കുന്ന ബീഹാര്‍ ഇത്‌ എന്നേ നടപ്പാക്കിക്കഴിഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനം 15 ദിവസം കൂടുമ്പോള്‍ നല്‍കുമെന്ന പ്രഖ്യാപനവും ഒരു രൂപയ്‌ക്ക്‌ അരി ഓണത്തിന്‌ നല്‍കുമെന്ന വാഗ്‌ദാനവും നെല്‍കര്‍ഷകരുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന ഉറപ്പുമെല്ലാം ജനങ്ങളോടുളള കരുതലായി കണക്കാക്കാം. അതിലപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിന്‌ പുതിയ ഊര്‍ജമാകേണ്‌ട സ്‌മാര്‍ട്‌ സിറ്റിയും, വിഴിഞ്ഞവും മെട്രോ റെയിലുമെല്ലാം നടപ്പാക്കാന്‍ വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌. ഇവയൊന്നും നൂറുദിനംകൊണ്‌ടു പൂര്‍ത്തിയാക്കാവുന്നതല്ലെങ്കിലും അവയുടെ കാര്യത്തിലും നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ നൂറു ദിവസത്തിനുള്ളില്‍ ഉണ്‌ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

പുതിയ ഭൂനയം ഉടന്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നല്‍കുന്നതാണ്‌. പ്രഖ്യാപനങ്ങള്‍ക്കും പ്രസ്‌താവനകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്‌. ഇതിനെക്കാള്‍ വലിയ പ്രഖ്യാപനങ്ങള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്‌ മലയാളികള്‍. അതുകൊണ്‌ട്‌ തന്നെ പ്രഖ്യാപനങ്ങള്‍ വഴിയില്‍ വീണുപോവാതിരിക്കാനുള്ള കരുതലാണ്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുണ്‌ടാവേണ്‌ടത്‌. നൂറുദിന കര്‍മപരിപാടികളുടെ നടത്തിപ്പു സംബന്ധിച്ച കണക്കെടുപ്പ്‌ നൂറ്റൊന്നാം ദിനംതന്നെ ഉണ്‌ടാകുമെന്നകാര്യം ഉമ്മന്‍ ചാണ്‌ടി മറക്കില്ലെന്നും വിശ്വസിയ്‌ക്കാം.

രാഷ്‌ട്രീയക്കാരെയും ഭരണാധികാരികളെയുംകുറിച്ചു സാധാരണ ജനങ്ങള്‍ക്കുള്ള പ്രധാന പരാതി അവര്‍ വാക്കുപാലിക്കാറില്ല എന്നതാണ്‌. പ്രകടനപത്രികകളിലും തെരഞ്ഞെടുപ്പുവേളകളിലും കോരിച്ചൊരിയുന്ന വാഗ്‌ദാനങ്ങള്‍ പലപ്പോഴും ജനങ്ങളെ കബളിപ്പിക്കാനുള്ളതായി മാറുന്നു. അനുഭവങ്ങളാണ്‌ ജനങ്ങളുടെ അവിശ്വാസത്തിനു അടിസ്ഥാനം. ഈ അവിശ്വാസം ഇല്ലാതാക്കുക എന്ന വലിയ വെല്ലുവിളിയാണ്‌ ഉമ്മന്‍ ചാണ്‌ടിക്ക്‌ മുന്നിലുള്ളത്‌. അത്‌ അദ്ദേഹം വിജയകരമായി മറികടക്കുമെന്ന്‌ ആശിക്കാം.

Thursday, June 2, 2011

മലയാള സിനിമ(യിലെ) മഹാശ്ചര്യം, പക്ഷെ നമുക്കും കിട്ടണം അവാര്‍ഡ്‌

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനമാണോ മുല്ലപ്പെരിയാര്‍ പ്രശ്‌നമാണോ വിവാദമില്ലാതെ പരിഹരിക്കാനാവുക എന്നു ചോദിച്ചാല്‍ മുല്ലപ്പരിയാര്‍ പ്രശ്‌നമെന്ന്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അധ്യക്ഷന്‍മാര്‍ പറയുന്നകാലം വിദൂരമല്ല. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌ ജൂറി പ്രഖ്യാപനവും വിവാദത്തിന്റെ ആന്റി ക്ലൈമാക്‌സിലാണ്‌ കലാശിച്ചത്‌. സലീംകുമാര്‍ നായകനായ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം ദേശിയ അവാര്‍ഡ്‌ പ്രഖ്യാപനത്തിന്റെ തനിയാവര്‍ത്തനംപോലെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ നെറ്റിചുളിച്ചവരില്‍ രഞ്‌ജിത്‌ എന്ന ആധുനികകാലത്തിന്റെ വ്യത്യസ്‌തനായ സംവിധായകനും ഉണ്‌ടായിരുന്നുവെന്നതാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയം. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ്‌ സെയിന്റ്‌ ദേശീയ അവാര്‍ഡിലേതു പോലെ സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപനത്തിലും തഴയപ്പെട്ടതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. നാട്ടു ഭാഷയില്‍ കൊതിക്കെറുവ്‌ എന്ന്‌ പറയാം. എങ്കിലും രഞ്‌ജിത്തിനെപ്പോലൊരു സംവിധായകനില്‍ നിന്ന്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പ്രതികരണത്തിന്റെ നിലവാരം ഇത്രയും താണതായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. മലയാള സിനിമ(യിലെ) മഹാശ്ചര്യം നമുക്കും കിട്ടണം അവാര്‍ഡെന്ന നയത്തില്‍ നിന്ന്‌ വ്യത്യസ്‌ത സിനിമകളൊരുക്കുന്നു എന്ന്‌ അവകാശപ്പെടുന്ന രഞ്‌ജിത്തും മുക്തനല്ലെന്ന്‌ അദ്ദേഹത്തിന്റെ പ്രതികരണം തെളിയിച്ചു.
സാധാരണഗതിയില്‍ സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യപിച്ച്‌ ഒന്നോ രണ്‌ടോ മാസം കഴിഞ്ഞാണ്‌ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപനം ഉണ്‌ടാവുക. എന്നാല്‍ ഇത്തവണ ദേശീയ ആവാര്‍ഡ്‌ ആദ്യമേ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദാമിന്റെ മകന്‍ അബുവിനെപ്പോലൊരു ചിത്രത്തെ സംസ്ഥാന അവാര്‍ഡ്‌ ജൂറിക്ക്‌ തള്ളിക്കളയാവില്ലായിരുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വാഭാവികമായും അത്‌ അവാര്‍ഡ്‌ പ്രഖ്യാപനത്തിലും പ്രതിഫലിച്ചു. രഞ്‌ജിത്തിനെയും ലെനിന്‍ രാജേമ്പ്രനെയും പോലുള്ള മാസ്റ്റര്‍ ഡയറക്‌ടര്‍മാര്‍ സംവിധാനം ചെയ്‌ത ചിത്രങ്ങളെ മറികടന്ന്‌ സലീം അഹമ്മദ്‌ എന്ന സംവിധായകന്‍ സ്വന്തം പ്രതിഭയുടെ മികവില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ മാസ്റ്റര്‍ ഡയറക്‌ടര്‍മാര്‍ എന്ന്‌ നാം കരുതിയവര്‍ അത്ര മാസ്റ്ററല്ലെന്ന്‌ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു.
മെലോഡ്രമാറ്റിക്കായ സിനിമകള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്ന രീതി നമ്മള്‍ ഇപ്പോഴും തുടരണോ എന്നതായിരുന്നു ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്‌ അവാര്‍ഡ്‌ ലഭിച്ചു എന്നറിഞ്ഞപ്പോള്‍ രഞ്‌ജിത്തിന്റെ ആദ്യപപ്രതികരണം. രഞ്‌ജിത്തിനെ പോലെ ഇരുത്തംവന്നൊരു സംവിധായകന്‌ ഏതൊരു സൂപ്പര്‍ താരത്തിന്റെ ഡേറ്റും കൈവെള്ളയിലാണ്‌. അദ്ദേഹത്തിന്‌ ആരെ വെച്ചുവേണമെങ്കിലും പരീക്ഷണ ചിത്രങ്ങളെടുക്കാം. അതില്‍ അഭിനയിക്കാന്‍ പ്രതിഫലംപോലും പറ്റാതെ സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ ക്യൂ നില്‍ക്കുയും ചെയ്യും. അത്‌ വിതരണം ചെയ്യാനും ബുദ്ധിമുട്ടേണ്‌ടിവരില്ല. എന്നാല്‍ സലീം അഹമ്മദ്‌ എന്ന സംവിധായകന്റെയോ ആദാമിന്റെ മകന്‍ അബു എന്ന കൊച്ചു ചിത്രത്തിന്റെയോ സ്ഥിതി അതല്ല. ഇത്തരം അംഗീകാരങ്ങളും പ്രോത്സാഹനങ്ങളുമാണ്‌ വീണ്‌ടും നല്ല ചിത്രങ്ങളൊരുക്കാന്‍ ഇത്തരം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഏക പ്രചോദനം.
ഹാസ്യം എന്നത്‌ കുറെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഇക്കിളിയിട്ടാല്‍ പോലും ചിരിവരാത്ത ചില സുരാജ്‌ സംഭാഷണങ്ങളും മാത്രമായ സമകാലീന മലയാള സിനിമയില്‍ സലീംകുമാറിനെപ്പോലുള്ള നടന്‍മാര്‍ക്ക്‌ തങ്ങളുടെ അഭിനയശേഷി മാറ്റുരയ്‌ക്കാന്‍ ലഭിക്കുന്ന അപൂര്‍വ അവസരം കൂടിയാണ്‌ ആദാമിന്റെ മകന്‍ അബു പോലുള്ള കൊച്ചു ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങളെയാണ്‌ രഞ്‌ജിത്‌ മെലോഡ്രമാറ്റിക്‌ എന്ന്‌ വിശേഷിപ്പിക്കുന്നതെങ്കില്‍ അദ്ദേഹം സംവിധാനം ചെയ്‌ത നമ്പനം എന്ന ചിത്രത്തെ പ്രേക്ഷകര്‍ എന്തുപേരിട്ടു വിളിക്കുമെന്ന്‌ ഒന്ന്‌ ആത്മപരിശോധന നടത്തുക. ചിത്രത്തിന്റെ പിന്നണിയിലെ പേരുകള്‍ നോക്കിയല്ല അവാര്‍ഡുകള്‍ നല്‍കേണ്‌ടതെന്ന്‌ മറ്റാരേക്കാളും ബോധ്യമുള്ള വ്യക്തി രഞ്‌ജിത്ത്‌ തന്നെയായിരിക്കും. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ്‌ സെയിന്റ്‌ എന്ന ചിത്രം അവാര്‍ഡ്‌ നിര്‍ണയത്തില്‍ തഴയപ്പെട്ടതിന്‌ മറ്റ്‌ സംവിധായകരുടെ ചിത്രങ്ങളെ ഇകഴ്‌ത്തുകയല്ല രഞ്‌ജിത്തിനെപ്പോലെ പ്രതിഭയും പരിചയസമ്പത്തുമുള്ള ഒരു സംവിധായകന്‍ ചെയ്യേണ്‌ടിയിരുന്നത്‌. ഇത്തരം വിവാദങ്ങള്‍ മലയാള സിനിമിയ്‌ക്ക്‌ ഗുണമൊന്നും ചെയ്യില്ലെന്നും രഞ്‌ജിത്തിനെപ്പോലൊരു സംവിധായകന്‍ തിരിച്ചറിയണം.
ഒരു പ്രാഞ്ചിയേട്ടന്‍ തഴയപ്പെട്ടാലും അതിനേക്കാള്‍ വ്യത്യസ്‌തമായ പത്തു സിനിമകളെങ്കിലും ചെയ്യാനുള്ള പ്രതിഭയും പിന്‍ബലവും താങ്കള്‍ക്കുണ്‌ട്‌. എന്നാല്‍ ആദാമിന്റെ മകന്‍ അബു എന്ന നല്ല ഉദ്യമം അംഗീകരിക്കപ്പെടാതിരുന്നാല്‍ സലീം അഹമ്മദ്‌ എന്ന സംവിധായകന്റെ പേരിനെ വിശ്വസിച്ച്‌ പണമിറക്കാന്‍ പിന്നീട്‌ അധികം നിര്‍മാതാകളൊന്നുമുണ്‌ടാവില്ല. അതുപോലെ സലീംകുമാറിനെപ്പോലെ റേഞ്ചുള്ള നടന്‍മാര്‍ കേവലം മൂന്നാംകിട തമാശരംഗങ്ങളില്‍തന്നെ ആവര്‍ത്തിച്ചഭിനയിച്ച്‌ അകാലചരമമടിയുകയും ചെയ്യും. അതുകൊണ്‌ട്‌ ഔദാര്യമായല്ല മികവിന്റെ പേരില്‍ തന്നെ ഈ ചിത്രത്തെ അംഗീകരിക്കാന്‍ താങ്കളെപോലുള്ള സംവിധായകര്‍ തയാറാവണം. അത്‌ സംവിധായകനെന്ന നിലയില്‍ താങ്കളിലെ പ്രതിഭയോടുള്ള പ്രേക്ഷകരുടെ ആദരം കൂട്ടുകയും മലയാള സിനിമയെ കൂടുതല്‍ സമ്പന്നമാക്കുകയും മാത്രമെ ചെയ്യുകയുള്ളൂ.