Sunday, June 26, 2011

ഇന്ധനംകൊണ്ടൊരു ഇരുട്ടടി

ജനങ്ങളെ എങ്ങനെയൊക്കെ പരീക്ഷിക്കാമെന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പിഎച്ച്‌ഡി എടുക്കുന്ന തിരക്കിലാണിപ്പോള്‍. അഴിമതിക്കഥകളും വിലക്കയറ്റവും കൊണ്‌ട്‌ ശ്വാസംമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക്‌ മേലെ ഡീസലിന്റെയും പാചകവാതകത്തിന്റയും മണ്ണെണ്ണയുടെയും വില കുത്തനെ വര്‍ധിപ്പിച്ചു 
കൊണ്‌ട്‌, കേന്ദ്രപെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്ഡി വെള്ളിയാഴ്‌ച രാത്രി നടത്തിയ പ്രഖ്യാപനത്തെ വിശേഷിപ്പിക്കാന്‍ ഇരുട്ടടി എന്ന വാക്കിനേക്കാള്‍ നല്ലൊരു പ്രയോഗം മലയാളാ ഭാഷാ നിഘണ്‌ടുവിലുണ്‌ടാമോ എന്ന്‌ സംശയമാണ്‌. അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം രൂക്ഷമായി തുടരുമ്പോള്‍തന്നെ സാധാരണക്കാരന്‌ ഇന്ധനംകൊണ്‌ട്‌ ഇരുട്ടടി നല്‍കാന്‍ ഒരു സര്‍ക്കാരിന്‌ അസാമാന്യം ധൈര്യം വേണം. എന്തായാലും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അക്കാര്യത്തിലെങ്കിലും അപാര ചങ്കുറപ്പ്‌ കാട്ടിയിരിക്കുന്നു എന്ന്‌ സമ്മതിക്കാതിരിക്കാനാവില്ല.

റിലയന്‍സ്‌ അടക്കമുള്ള സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കാനായാലും ടു ജി സ്‌പെക്‌ട്രത്തിന്റെയും കോമണ്‍വെല്‍ത്തിന്റെയുമെല്ലാം പേരില്‍ ലക്ഷം കോടികളുടെ അഴിമതി നടക്കുമ്പോള്‍ കണ്ണടയ്‌ക്കുകയും പെട്രോളിയം കമ്പനികളുടെ നൂറുകോടികളുടെ നഷ്‌ടക്കണക്ക്‌ കേള്‍ക്കുമ്പോള്‍ കണ്ണുനിറയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഇതില്‍ക്കുറഞ്ഞൊരു നടപടി പ്രതീക്ഷിച്ച ജനത്തെ കഴുതകളെന്നല്ലാതെ മറ്റെന്താണ്‌ വിളിക്കുക. പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയര്‍ത്തിക്കൊണ്‌ടാണ്‌ യുപിഎ സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിച്ചിരിക്കുന്നത്‌. ഇതില്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ചുക്കൊണ്‌ടുള്ള തീരുമാനമാണ്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഏറ്റവുമധികം ബാധിക്കുക.

ഡീസലിന്‌ ലീറ്ററിനു മൂന്നു രൂപ വര്‍ധിക്കുന്നതോടെ പൂവ്‌ തൊട്ട്‌ പാല്‍ വരെയുള്ള സാധനങ്ങള്‍ക്ക്‌ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ അടുത്തകാലത്തൊന്നും മിച്ചബജറ്റാവില്ലെന്നകാര്യം ഉറപ്പായി. പാചകവാതകം കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നൊരു ആഡംബരമല്ല. പാവപ്പെട്ടവന്റെ പോലും അവശ്യവസ്‌തുക്കളുടെ ഇടയിലാണ്‌ പാചകവാതകത്തിന്റെയും സ്ഥാനം. എന്നാല്‍ പാചകവാതക സിലിണ്‌ടറിന്‌ ഒറ്റയടിക്ക്‌ 50 രൂപ കൂട്ടിയാണ്‌ യുപിഎ സര്‍ക്കാര്‍ `ഗരീബി ഹഠാവോ' നടപ്പാക്കിയിരിക്കുന്നത്‌.

വില കൂട്ടാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നിലനില്‍ക്കാനാവില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്‌. `അണ്‌ടര്‍ റിക്കവറി' എന്ന ഉമ്മാക്കി കാട്ടിയാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്‌ടക്കണക്ക്‌ വിവരിക്കുന്നത്‌. രാജ്യത്തിന്‌ ആവശ്യമുള്ള ക്രൂഡോയിലിന്റെ 80 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്‌. രാജ്യത്ത്‌ ഉത്‌പാദിപ്പിക്കുന്ന ശേഷിക്കുന്ന 20 ശതമാനം ക്രൂഡോയില്‍ അന്താരാഷ്‌ട്രവിലയില്‍ വിറ്റിരുന്നെങ്കില്‍ ഉണ്‌ടാവുമായിരുന്ന നഷ്‌ടമാണ്‌ എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുക്കാട്ടുന്ന നഷ്‌ടക്കണക്ക്‌. ഇത്‌ കേന്ദ്രസര്‍ക്കാരിനും അറിയാത്ത കാര്യമൊന്നുമല്ല.

എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ കരുതല്‍ശേഖരം വിപണിയിലിറക്കിയതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ ആറു ശതമാനം വിലയിടിഞ്ഞപ്പോഴാണു വില കൂട്ടാനുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനമെന്നത്‌ മറ്റൊരു വിരോധാഭാസമായി. എണ്ണവിലവര്‍ധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെന്നായിരുന്നു പെട്രോള്‍ വിലവര്‍ധിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായം. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ വില ഉയര്‍ത്താതിരിക്കുകയും തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ ഉടന്‍ വില ഉയര്‍ത്തുകയും ചെയ്‌തത്‌ സര്‍ക്കാരിന്റെ ഈ വാദം തെറ്റാണെന്ന്‌ അടിവരയിടുന്നു.

വിലവര്‍ധനയുടെ ആദ്യ ആഘാതമായി ബസ്‌, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കുമെന്നകാര്യം ഏതാണ്‌ടുറപ്പായി കഴിഞ്ഞു. ഇതിന്‌ മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ബുധനാഴ്‌ച്‌ സൂചനാ പണിമുടക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുമുണ്‌ട്‌. ഇതിനുപിന്നാലെ ലോറി ഉടമകള്‍ കൂടി പണിമുടക്ക്‌ പ്രഖ്യാപിക്കുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം. അതുകൂടി കഴിയുമ്പോള്‍ പഴം, പച്ചക്കറി, പലവ്യഞ്‌ജന വില കുത്തനെ ഉയരും. രൂക്ഷമായ വിലക്കയറ്റത്തില്‍ ഇപ്പോള്‍തന്നെ ജീവിതത്തിന്റെ രണ്‌ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്‍ എരിതീയില്‍ നിന്ന്‌ വറചട്ടിയിലേക്ക്‌ എടുത്തെറിയപ്പെടുകയും ചെയ്യും.

പൊതുമേഖലാ സ്‌ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നിവയ്‌ക്കു പ്രതിദിനം 450 കോടിയിലേറെ രൂപ നഷ്‌ടമുണ്‌ടാകുന്നുവെന്ന ന്യായം പറഞ്ഞാണ്‌ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്‌. സാമ്പത്തിക ശാസ്‌ത്രത്തിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാരിനു സ്വന്തം തീരുമാനം ന്യായീകരിക്കാമെങ്കിലും വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ നട്ടെല്ലൊടിഞ്ഞ ജനം എങ്ങനെ നിവര്‍ന്നു നില്‍ക്കുമെന്നുകൂടി സര്‍ക്കാര്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

കഴിഞ്ഞ മാസം പെട്രോള്‍ വില കൂട്ടിയപ്പോള്‍, സംസ്‌ഥാനത്തിനു ലഭിക്കേണ്‌ട അധിക വില്‍പനനികുതി ഉപേക്ഷിച്ച്‌ ഭരണത്തിന്‌ നല്ലതുടക്കമിട്ട യുഡിഎഫ്‌ സര്‍ക്കാര്‍ ഇപ്പോഴത്തെ വിലവര്‍ധനയിലും സമാനമായ തീരുമാനമെടുക്കുമോ എന്നതാണ്‌ ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പാചകവാതകത്തിനുള്ള സെസ്‌ ഉപേക്ഷിച്ച്‌ സിലണ്‌ടറിന്‌ 16 രൂപയുടെ ആശ്വാസം ജനങ്ങള്‍ക്ക്‌ നല്‍കി മാതൃക കാട്ടിയിട്ടുണ്‌ടെങ്കിലും ബംഗാളിലെ സാഹചര്യമല്ല ഇവിടെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ആ പ്രതീക്ഷയും ഇല്ലാതാക്കുന്നു.

ബംഗാള്‍ മോഡല്‍ അനുകരിച്ചില്ലെങ്കിലും ജനങ്ങളോട്‌ അല്‍പമെങ്കിലും മമതയുണ്‌ടെങ്കില്‍ പാചകവാതകത്തിന്റെയും ഡീസലിന്റെയും അധികനികുതി എടുത്ത്‌ മാറ്റി ജനങ്ങളുടെ ഭാരം ലഘൂകരിക്കാനെങ്കിലും യുഡിഎഫ്‌ സര്‍ക്കാര്‍ തയാറാവണം. ഇല്ലെങ്കില്‍ വിലക്കയറ്റത്തിന്റെ ഭാരംപേറിത്തളര്‍ന്ന സംസ്ഥാനത്തെ ജനങ്ങളോട്‌ കേന്ദ്രം ചെയ്‌ത ക്രൂരതയ്‌ക്ക്‌ കൂട്ടുനില്‍ക്കലാവുമത്‌.




2 comments:

  1. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം ചോദ്യങ്ങള്‍ നമ്മളെല്ലാവരും ചോദിക്കേണ്ടതാണ്. നന്നായി മാഷെ. ഏതാനും എണ്ണകമ്പനികള്‍ക്ക് പ്രതിദിനം 450+ കോടി നഷ്ടപ്പെടുന്നത് സഹിക്കാത്ത സര്‍ക്കാരിനു 600+ കോടി ജനങ്ങളുടെ ദൈനംദിന നഷ്ടം ഒരു പ്രശ്നമല്ല. അധികാരം = ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് കുതിര കയറുവാനുള്ള ഒരു കുറുക്കുവഴിയായി മാറിയിരിക്കുന്നു. 2-ജി സ്പെക്ട്രത്തില്‍ ഒലിച്ചുപോയ കോടികളും പിന്നെ സ്വിസ്ബാങ്കിലെ ഭാരതപൌരന്മാരുടെ ശത കോടികളും മറ്റനേകം അഴിമതികളിലെ പണവുമൊക്കെ ചേര്‍ത്തുവച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യത്ത് പെട്രോളിയം ഐറ്റംസ് ഫ്രീയായി കൊടുക്കാമായിരുന്നു.

    ReplyDelete
  2. മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍ പേജിലെ ഗോപീകൃഷ്ണന്റെ കാകദൃഷ്ടി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ പേജില്‍ 25 & 27 തിയതികളിലെ കാര്‍ട്ടൂണ്‍ ഒന്നു കാണുക.

    ReplyDelete