അന്ധമായ പുത്രവാത്സല്യം ധൃതരാഷ്‌ടരെയും ദേവേന്ദ്രനെയുമെല്ലാം കണ്ണീരുകുടിപ്പിച്ച കഥകള്‍ നമ്മള്‍ പുരാണത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. പുരാണങ്ങളിലേക്കൊന്നും പോയില്ലെങ്കിലും കേരളാ രാഷ്‌ട്രീയത്തിലും അത്തരം കഥകള്‍ക്കൊന്നും പഞ്ഞമില്ല. കെ.കരുണാകരന്‍ മുതല്‍ വി.എസ്.അച്യുതാനന്ദന്‍വരെയുണ്ട് പുത്രവാത്സല്യംകൊണ്ട് പൊല്ലാപ്പുപിടിച്ച രാഷ്‌ട്രീയ നേതാക്കളുടെ പട്ടികയില്‍. ആ പട്ടികയിലേക്ക് പുതിയ പേരുകളായി അടൂര്‍ പ്രകാശും വി.വി.രമേശനും പി.കെ.അബ്‌ദുറബുമെല്ലാം കടന്നുവരുമ്പോള്‍ അവിടെ മാറ്റിവരയ്‌ക്കപ്പെടുന്നത് പുതിയൊരു ചരിത്രമാണ്.
തെരഞ്ഞെടുപ്പില്‍ മക്കള്‍ക്കൊരു സീറ്റ് വാങ്ങിക്കൊടുക്കാനും കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷസ്ഥാനങ്ങളില്‍ അവരെ ആസനസ്ഥരാക്കാനുമാണ് നമ്മുടെ നേതാക്കള്‍ അടുത്തകാലം വരെ പുത്രവാത്സല്യം പ്രയോഗിച്ചതെങ്കില്‍ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റൊപ്പിക്കാനാണ് ഇന്ന് നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ പെടാപാട് പെടുന്നത് എന്നതാണത്. വലിയ അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന ഒരു എം.എല്‍.എ സീറ്റിനേക്കാള്‍ എന്തുകൊണ്ടും മൂല്യമുണ്ട് 50 ലക്ഷവും ഒരുകോടിയുമെല്ലാം വിലയുള്ള മെഡിക്കല്‍ സീറ്റൊന്ന് സ്വന്തമാക്കുന്നതിലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതില്‍ ഇടതെന്ന വലതെന്നോ ലീഗെന്നോ ഭേദമില്ല. മക്കളുടെ കാര്യം വരുമ്പോള്‍ മാത്രം നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ നേതാക്കള്‍ സ്വാര്‍ത്ഥമതികളായ മാതാപിതാക്കളാവും.
ഡി.വൈ.എഫ്.ഐ നേതാവ് വി.വി രമേശന്‍ പറഞ്ഞതുപോലെ ഒരച്ഛനെന്ന നിലയില്‍ പ്രസ്ഥാനത്തോട് തെറ്റ് ചെയ്‌തിട്ടുണ്ടടങ്കില്‍ മാപ്പു ചോദിച്ചാല്‍ തീരുമായിരിക്കും. എന്നാല്‍ പ്രതീക്ഷയോടെ പ്രവേശനം കാത്തിരുന്ന് അവസരം നഷ്‌ടമായ വിദ്യാര്‍ഥികളോട് ആരുമാപ്പു പറയും. ഇനി അഥവാ പ്രസ്ഥാനം മാപ്പു കൊടുത്താലും സ്വാശ്രയസമരമെന്ന പേരില്‍ ചുടുചോറ് വാരിപ്പിച്ച പ്രസ്ഥാനത്തോട് ഡിവൈഎഫ്‌ഐയിലെ കുട്ടിസഖാക്കള്‍ പൊറുക്കുമോ.
അതെന്തായാലും സ്വാശ്രയവിവാദമതിലില്‍ തട്ടി സീറ്റ് പോയ രാഷ്‌ട്രീയ നേതാക്കളായ അച്ഛന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ കേരളത്തില്‍ കൂടിവരികയാണ്. ഇനിഅവര്‍ ചേര്‍ന്ന് പൊതുവായി ഒരു സംഘടന രൂപീകരിച്ചാലും അത്ഭുതപ്പെടാനില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. മന്ത്രിസഭയെക്കുറിച്ച് രൂപമാകുന്നതിന് മുമ്പെ ആരോഗ്യമന്ത്രിയാകുമെന്ന് രഹസ്യമായി ഉറപ്പുനല്‍കി പരിയാരത്ത് സീറ്റുറപ്പിച്ച അടൂര്‍ പ്രകാശില്‍ തുടങ്ങി ഒരച്ഛന്റെ കൈയബദ്ധമെന്ന് വിലപിച്ച വി.വി.രമേശനിലും കെ.എം.ഷാജിയുടെ യൂത്തന്‍മാരുടെ കണ്ണുരുട്ടല്‍ കണ്ട് പേടിച്ച് മകനെ ജൂബിലിയില്‍ നിന്ന് പിന്‍വലിച്ച പി.കെ. അബ്‌ദുള്‍റബ്ബിലെത്തി നില്‍ക്കുന്നു പുത്രവാല്‍സല്യത്തിന്റെ പിതൃദഃഖങ്ങള്‍.
എന്തായാലും പരിയാരത്തെ ഇത്രയധികം പ്രവേശനങ്ങള്‍ ഒറ്റയടിക്ക് വിവാദമായതോടെ ഊറിച്ചിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. സ്വകാര്യ സ്വാശ്രയമാനേജ്‌മെന്റുകള്‍. കാരണം മന്ത്രി പുത്രി പരിയാരത്ത് പ്രവേശിച്ചതുകൊണ്ടും ഡിഫി നേതാവിന്റെ മകള്‍ പരിയാരത്ത് തന്നെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയതിലൂടെയും ഉയരാവുന്ന എതിര്‍ശബ്‌ദങ്ങള്‍ അവര്‍ സമര്‍ഥമായി മൂടിക്കെട്ടുകയായിരുന്നു. അങ്ങനെ സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം നടത്തേണ്ടിയിരുന്ന സീറ്റുകളില്‍ കൂടി മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്തി കീശവീര്‍പ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. വൈകിയാണെങ്കിലും മെറിറ്റ് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇനി കോടതി കയറിയിറങ്ങി അനൂകൂല വിധി സമ്പാദിക്കുയുമാവാം.
പ്രവേശനത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ പിഴച്ചത് മന്ത്രിമാര്‍ക്കും ഡിഫി നേതാവിനും തന്നെയാണ്. ആരുമറിയാതെ അമലയിലോ പുഷ്‌പഗിരിയിലോ വിദേശത്തെ ഏതെങ്കിലും ഉന്നതെ മെഡിക്കല്‍ കോളജിലോ പ്രവേശനം നേടിയിരുന്നെങ്കില്‍ ഇക്കാര്യം പുറത്ത് പറയാനോ അഥവാ പുറത്തറിഞ്ഞാല്‍ തന്നെ ഈ സ്ഥാനപനങ്ങളിലെല്ലാം ഫീസിനത്തില്‍ നടക്കുന്ന പിഴിയിലുകളെക്കുറിച്ച് പുറത്തറിയിക്കാനോ നമ്മുടെ എത്രമാധ്യമങ്ങള്‍ ശുഷ്‌കാന്തി കാട്ടുമെന്ന് കണ്ടുതന്നെ അറിയേണ് കാര്യമാണ്. പരിയാരത്ത് തന്നെ പ്രവേശനം നേടിയതുകൊണ്ടാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മന്ത്രിപുത്രിക്കും ഡിഫി നേതാവിന്റെ മകള്‍ക്കും ഇനിയും വേണമെങ്കില്‍ ആലോചിക്കാവുന്ന കാര്യമാണിത്.
അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ കോടികള്‍ തലവരി നല്‍കി ഏതു കോളജില്‍ പഠിച്ചാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കില്ലായിരുന്നു. കുറഞ്ഞപക്ഷം ഡിഫി നേതാവിന് പാര്‍ട്ടി സെക്രട്ടറിയുടെ കാലടികള്‍ പിന്തുടര്‍ന്ന് മകളെ സിംഗപ്പൂരിലേയ്‌ക്കെങ്കിലും അയച്ച് പഠിപ്പിക്കാമായിരുന്നു.
അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാതെ കിടക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട്. ധാര്‍മികതയുടെ പേരിലാണ് മക്കളുടെ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതെങ്കില്‍ മാധ്യമങ്ങള്‍ ഇത് പുറത്തുകൊണ്ടുവരുന്നതുവരെ മന്ത്രിമാരുടെ ഈ ധാര്‍മികത എവിടെയായിരുന്നു ?. മന്ത്രിപുത്രിയെയും പുത്രനെയും പ്രതിപക്ഷ പോഷകസംഘടനാ നേതാവിന്റെ മകളെയും പ്രവേശിപ്പിച്ചതിലൂടെ 50ഃ50 അനുപാതം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞിട്ടും സീറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇത്രയും വൈകിയത് എന്തുകൊണ്ട് ?.
മന്ത്രി മക്കളെ പിന്‍വലിച്ച ഉടനെ സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്തുകൊണ്ട് ?. സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്‌ക്ക് പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ ഇനി എന്തു ചെയ്യും ?. `48'കാരനായ ഡിവൈഎഫ്‌ഐ നേതാവിന് 50 ലക്ഷം രൂപ ഫീസടയ്‌ക്കാനുള്ള വരുമാനമാര്‍ഗം എന്തായിരിക്കും ?. ഇവയ്‌ക്കെല്ലാം ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മെറിറ്റ് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായി തന്നെ പ്രവേശനം നേടാമായിരുന്നു എന്നായിരിക്കും ഏതൊരു പൗരനും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക.
എന്തായാലും ദൃശ്യമാധ്യമങ്ങള്‍ ഇത്രത്തോളം സജീവമാകുന്നതിന് മുമ്പെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കാന്‍ തോന്നിയ ബുദ്ധിക്ക് പിണറായി സഖാവ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നന്ദിപറയുന്നുണ്ടാവും. ഇല്ലെങ്കില്‍ മക്കളുടെ ഫീസ് നിരക്ക് കേരളത്തിന് മുന്നില്‍ നിരത്തി ഈ ചാനലുകാര്‍ സഖാക്കളുടെയും കേരളത്തിന്റെയും കണ്ണ് തള്ളിച്ചേനെ.
No comments:
Post a Comment