Saturday, June 11, 2011

മൂലമ്പള്ളിക്കാര്‍ക്ക് പ്രതീക്ഷയുടെ പുനരധിവാസം

പ്രതീക്ഷയുടെ ലോകത്തു നിന്നുള്ള മൂന്നര വര്‍ഷത്തെ കുടിയിറക്കിന് ഒടുവില് മൂലമ്പള്ളിക്കാര്‍ക്ക് ആശ്വാസമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ ഒരായുസിന്റെ സകലസമ്പാദ്യവും ഭരണവര്‍ഗ്ഗം, അധികാരത്തിന്റെ ഹുങ്കില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ മൂലമ്പള്ളിക്കാര്‍ക്ക് നഷ്ടമായത് നാളെയുടെ പ്രതീക്ഷകളായിരുന്നു. അവരുടെ മുറിവിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആശ്വാസത്തിന്റെ മഷി പുരട്ടിയിരിക്കുന്നത്.
മറ്റുള്ളവരുടെ ചെലവില്‍മാത്രം വികസനം ആഗ്രഹിക്കുന്ന പൊതുസമൂഹത്തിനുള്ള നല്ല പാഠമായിരുന്നു മൂലമ്പള്ളിക്കാര്‍ ഇതുവരെ. സ്വന്തം ഭൂമിയോ വീടോ തൊഴിലോ നഷ്ടമാകില്ലെങ്കില്‍ പിന്നെ ആരുടെ നെഞ്ചത്തുകൂടിയും വികസനരഥം ഉരുട്ടാമെന്ന് കരുതുന്നവരും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും. അവര്‍ തെരെഞ്ഞെടുത്ത ഒരു സര്‍ക്കാരും അങ്ങനെ തന്നെ ആവാനേ വഴിയുള്ളൂ. അതായിരുന്നു മൂന്നരവര്‍ഷം മുമ്പ് മൂലമ്പള്ളിയിലും സംഭവിച്ചത്.നാടിന്റെ വികസനത്തിനു വേണ്ടിയെന്ന പേരിലുള്ള ഏറ്റെടുക്കലുകള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. നന്ദിഗ്രാമും സിംഗൂരുമെല്ലാം അവയില്‍ ചിലപേരുകള്‍ മാത്രമാണ്. അവയുടെ കൂട്ടത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടേണ്ട ഒരു പേര് മാത്രമാകുമായിരുന്ന മൂലമ്പള്ളിക്കാര്‍ക്ക് വേണ്ടി പുനരധിവാസ പാക്കേജ് നടപ്പാക്കുകവഴി വികസനവും കരുതലുമെന്ന മുദ്രാവാക്യമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു.
വികസനത്തിന് വേണ്ടി വഴിയാധാരമാക്കപ്പെടുന്നവര്‍ എങ്ങനെ ജീവിക്കുമെന്നു ഭരണാധികാരികളോ ജനങ്ങളോ ഓര്‍ത്ത ചരിത്രം നമുക്കില്ല. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടിയായിരുന്നു കൊച്ചി നഗരത്തില്‍ത്തന്നെയുള്ള കടമക്കുടി, മുളവുകാട്, വടുതല. ചേരാനല്ലൂര്‍, ഏലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, സൗത്ത്, കടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴു വില്ലേജുകളിലെ 326 കുടുംബങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുടിയിറക്കിയത്. നന്ദിഗ്രാമിലും സിഗൂരിലും ഇതേ രീതിയില്‍ കര്‍ഷകരെ കുടിയിറക്കിയതും അടിസ്ഥാനവര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു എന്ന് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസവും. പിറന്നുവീണ മണ്ണില്‍ അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന ഒരുപറ്റം മനുഷ്യരെ ഒരു സുപ്രഭാതത്തില്‍ പോലീസിന്റെ സഹായത്തോടെ ബലമായി വീടുകളില്‍ നിന്നു പിടിച്ചിറക്കിയാണോ വികസനം കൊണ്ടുവരേണ്ടതെന്ന് ചോദിച്ചാല്‍ വി.എസ്.അച്ചുതാനന്ദന്‍ പോലും മൗനം പാലിക്കും. നിറഗര്‍ഭിണി മുതല്‍ വയോവൃദ്ധര്‍ വരെയുണ്ടായിരുന്നു കുടിയിറക്കപ്പെട്ടവരുടെ കൂട്ടത്തില്‍. 2008 ഫെബ്രവരി ആറിന് കുടിയിറക്കപ്പെട്ട ഇവര്‍ കഴിഞ്ഞ നാല്‍പ്പതു മാസമായി അനുഭവിച്ച ദുരിതത്തിന്റെ കണക്കെടുത്താല്‍ ഒരു നഷ്ടപരിഹാര പാക്കേജിനും അത് പരിഹരിക്കാനാവില്ല എന്നതാണ് സത്യം.
പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ പോലും അടങ്ങുന്ന കുടുംബങ്ങളുമായി തീതിന്നു ജീവിക്കുകയാണ് ഇവരിലെ ഓരോ കുടുംബനാഥനും. അവരുടെ ദുരിതകഥകള്‍ പലവുരു പത്രമാധ്യമങ്ങളും ബഹുജനങ്ങളും മറ്റും മുന്‍സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം, പൊതുവേദികളില്‍ പ്രസ്താവനകള്‍ നടത്തി മൂലമ്പള്ളിക്കാരെ പരിഹസിക്കാനായിരുന്നു ജനകീയ മുഖ്യമന്ത്രിയായ വി.എസ്.പോലും ശ്രമിച്ചത്. അവിടേക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രത്യാശയുടെ തേര് തെളിയിച്ചത്. 
കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളില്‍ 299 കുടുംബങ്ങള്‍ക്കുകൂടി പട്ടയം ലഭ്യമാക്കുന്നമെന്നതാണു കരാറിലെ പ്രധാന വ്യവസ്ഥ. അതോടെ പദ്ധതിക്കു വേണ്ടി വഴിമാറേണ്ടി വന്ന എല്ലാവര്‍ക്കും സ്വന്തമായി ഒരുപിടി മണ്ണ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവും. ഇതിനകം പട്ടയം ലഭിച്ചവര്‍ക്ക് പോലും ഒരു വീടുവച്ചു താമസിക്കാന്‍ പറ്റിയ സൗകര്യമില്ലെന്നായിരുന്നു ഇതുവരെയുള്ള മറ്റൊരു ആക്ഷേപം. നിര്‍ദിഷ്ട വാസസ്ഥലത്തേക്കു റോഡ്, വാട്ടര്‍, ഡ്രെയ്‌നെജ് കണക്റ്റിവിറ്റി എന്നിവ ഇല്ലാത്തതായിരുന്നു കാരണം. തന്നെയുമല്ല, അനുവദിക്കപ്പെട്ട ചതുപ്പ് സ്ഥലങ്ങളില്‍ ഉറപ്പുള്ള വീടു വയ്ക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം ഏറ്റെടുക്കുന്നതിനോടു പലര്‍ക്കും താത്പര്യവുമില്ലായിരുന്നു. 
നിര്‍ദിഷ്ട സ്ഥലങ്ങളില്‍ റോഡ്, വാട്ടര്‍, ഡ്രെയ്‌നെജ് കണക്റ്റിവിറ്റിക്കു പൊതു സൗകര്യം ഏര്‍പ്പെടുത്തുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ മറ്റൊരു സുപ്രധാന തീരുമാനം. സമയബന്ധിതമായി ഇതു പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചതുപ്പു നിലങ്ങളില്‍ വീടു വയ്ക്കുന്നതിന് ആവശ്യമായ പൈലിങ്ങിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഇതിലേക്ക് വീടൊന്നിന് എഴുപത്തയ്യായിരം രൂപ അനുവദിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചത് നല്ലകാര്യം. വീടുപൂര്‍ത്തിയാക്കാന്‍ ആവശ്യമായ ചെറിയ കാലേത്തക്കുകൂടി, പ്രതിമാസം അയ്യായിരം രൂപ വീട്ടുവാടക അനുവദിച്ചതാണ് ആശ്വാസകരമായ മറ്റൊരു തീരുമാനം. 33 മാസത്തെ വീട്ടുവാടകയാണ് ഓരോ കുടുംബത്തിനും ഈയിനത്തില് ലഭിക്കാനുള്ളത്. 
ഇടതടവില്ലാതെ തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ കൊടും ദുരിതത്തിലാണ്ടുപോയ മൂലമ്പള്ളിക്കാര്‍ക്ക് ആശ്വസിക്കാന്‍ പോന്ന ഒട്ടേറെ തീരുമാനങ്ങളടങ്ങുന്ന പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സമ്മതിക്കുമ്പോഴും അവയുടെ പൂര്‍ത്തീകരണത്തിലാണു കാര്യമെന്നതും വിസ്മരിക്കാനാവില്ല. സമയപരിധിക്കുള്ളില്‍ കരാറിലെ വ്യവസ്ഥകളെല്ലാം പാലിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കാം. മൂലമ്പള്ളി കുടിയിറക്കും പുനരധിവാസവും രാജ്യത്തിനു തന്നെ മാത്യകയാകത്തക്ക വിധത്തില്‍ നടപ്പാക്കി വികസനത്തിന് പുതിയൊരു സംസ്‌ക്കാരം സൃഷ്ടിക്കാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാവട്ടെ എന്ന് ആശംസിക്കാം.

No comments:

Post a Comment