Sunday, June 12, 2011

രാമ-രാവണ ലീലകളാടുന്ന ബി.ജെ.പി. നേതാക്കള്‍

 രാജ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയായ ബി.ജെ.പിയുടെ രാഷ്ട്രീയദൗത്യം ആ പാര്‍ട്ടിയുടെ നേതാക്കളുടെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. അവര്‍ വെറും പിന്‍പാട്ടുകാരായി മാറുന്നു. വളരെ വിചിത്രമാണ് ഈ കാഴ്ചകള്‍. രാമനെ മറന്ന് ബി.ജെ.പി രാംദേവിന്റെ പിന്നാലെ കൂടിയത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൗതുകകരമായ നേരം പോക്കാണ്.

 
കോണ്‍ഗ്രസ് നയിക്കുന്ന ഐക്യപുരോഗമന സഖ്യത്തിനെതിരെ രണ്ടു പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് ക്ഷീണിതരായി നില്‍ക്കുകയായിരുന്നു ബി.ജെ.പി നേതാക്കളും കൂട്ടുകാരും. അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞമാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അപമാനകരമായ പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തില്‍ ഒരു നിയമസഭാംഗത്തെയെങ്കിലും ഉണ്ടാക്കാനുള്ള അവരുടെ തീവ്രശ്രമം ഇത്തവണയും ഫലവത്തായില്ല. അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി അടക്കം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ബി.ജെ.പി വാശിയോടെ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയിരുന്നു. എല്ലായിടത്തും കൂടി ആകെ ലഭിച്ചത് വെറും അഞ്ച് എം.എല്‍.എമാരെയാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ രാഷ്ട്രീയ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്. ലക്‌നോവില്‍ ഈയിടെ ബി.ജെ.പി ദേശീയ നേതൃത്വം യോഗം ചേര്‍ന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അവര്‍ക്ക്  കാര്യമായി സംസാരിക്കാനുണ്ടായില്ല. രാംദേവിന്റെ ലീലാവിലാസങ്ങളെപ്പറ്റി മാത്രമാണ് നിതിന്‍ ഗഡ്ക്കരി ഏറെനേരം വിശദീകരിച്ചത്. കള്ളപ്പണത്തിനെതിരെ യോഗാചാര്യനായ ഒരു സന്യാസി രാം ലീലാ മൈതാനിയില്‍ നടത്തിയ ഗോഷ്ടികള്‍ അധികൃതര്‍ നിയമപരമായി നേരിട്ടു. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു നീക്കി. ''ജനാധിപത്യ വ്യവസ്ഥയോടുള്ള കടന്നാക്രമണവും അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അനിഷ്ട സംഭവവും'' ആണതെന്ന് ബി.ജെ.പി നേതാക്കള്‍ വിശേഷിപ്പിച്ചു.
 
അഴിമതിക്കെതിരെ മാസങ്ങള്‍ക്കുമുമ്പ് അന്നാ ഹസ്സാരെ ജന്ദര്‍മന്ദറില്‍ നടത്തിയ ഉപവാസ സമരം ജനശ്രദ്ധ ആകര്‍ഷിക്കുന്നതുകണ്ട് രാഷ്ട്രീയ രഹസ്യാഭിലാഷങ്ങളുമായി രംഗത്തുവന്നയാളാണ് ബാബ രാംദേവ്. സൈക്കിളിന് പഞ്ചറൊട്ടിക്കാന്‍ പണമില്ലാതെ ചെറുപ്പത്തില്‍ ജന്മനാടു വിട്ടോടിപ്പോയ ആള്‍ യോഗാഭ്യാസിയും കാഷായ വേഷധാരിയുമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. യോഗവിദ്യയുടെ ഉപജ്ഞാതാവായ പതഞ്ജലിയുടെ പേരില്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. മരുന്നു നിര്‍മ്മാണശാല സ്ഥാപിച്ചു. പൊടുന്നനെ കോടീശ്വരനായി. സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമാക്കി. ആയിരത്തി ഒരുന്നൂറ് കോടി രൂപയുടെതാണ് വെളിപ്പെടുത്തപ്പെട്ട സ്വത്ത്. സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി രംഗത്തു വരാന്‍ ആഗ്രഹിച്ചുകൊണ്ട് രാംദേവ് ഈയിടെ ദേശീയ പര്യടനം നടത്തി. അന്നാ ഹസ്സാരെയുടെ അഴിമതിവിരുദ്ധ സമരം ജനപിന്തുണയാര്‍ജ്ജിക്കുന്നതു കണ്ടപ്പോള്‍ പൊടുന്നനെ ആ വേദി കൈയടക്കാന്‍ രാംലീല മൈതാനിയില്‍ സര്‍വസന്നാഹങ്ങളുമായി സത്യാഗ്രഹ സമരത്തിന് ഇറങ്ങിയ കപട സന്യാസിയെ പൊലീസ് നീക്കം ചെയ്തു. യോഗവിദ്യാ പ്രകടനത്തിന് മൈതാനം ബുക്ക് ചെയ്ത രാംദേവ് ഡല്‍ഹിയിലെ ചൂടിനെ അതിജീവിക്കാന്‍ എ.സി സ്റ്റേജ് കെട്ടി സത്യാഗ്രഹ സമരവും ഗീര്‍വാണ പ്രസംഗവും തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നീക്കം ചെയ്യപ്പെട്ടത്. സത്യത്തില്‍ ബി.ജെ.പി നേതൃത്വം ആശ്വസിക്കുകയായിരുന്നു വേണ്ടത്.
 
അവരുടെ സമരവിഷയവും രാഷ്ട്രീയ ആയുധങ്ങളും ഒരു സന്യാസി വേഷക്കാരന്‍ തട്ടിയെടുക്കുകയായിരുന്നു. അന്നാ ഹസ്സാരെ കാര്യം മനസ്സിലാക്കി. രാംദേവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ബി.ജെ.പി നേതാക്കള്‍ രാമ ധര്‍മ്മങ്ങള്‍ മറന്ന് രാവണ വീര്യം പൂണ്ട രാംദേവിന്റെ പത്തു തലയെണ്ണി ആശ്ചര്യപ്പെട്ട് സ്വയം മറന്നു. മഹാത്മജിയുടെ സമാധിഘട്ടില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവേശം മൂത്ത് നൃത്തം വച്ചു. എത്ര ആഭാസകരം. ഇതാണോ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷപ്പാര്‍ട്ടിയുടെ രാഷ്ട്രീയം?സി.പി.എമ്മിനെക്കാള്‍ പരിതാപകരമാണ് ബി.ജെ.പിയുടെ അവസ്ഥ. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ നല്ലൊരു രാഷ്ട്രീയ ചുവടുവയ്ക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ശിവസേന, ശിരോമണി അകാലിദള്‍, ജനതാദള്‍ (യു) എന്നീ കൂട്ടാളികള്‍ മാത്രമേ ആ പാര്‍ട്ടിക്ക് ഇപ്പോഴുള്ളൂ. ബീഹാറില്‍ നിതീഷ് കുമാര്‍ തന്റെ വ്യക്തിമഹിമകൊണ്ട് നേടിയ തെരഞ്ഞെടുപ്പു വിജയം മാത്രമാണ് എന്‍.ഡി.എയുടെ സമീപകാലത്തെ നേട്ടം. ബീഹാര്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയും ആയ നരേന്ദ്ര മോഡിയെ കണ്ണിനു കണ്ടുകൂടാ. ലക്‌നോ സമ്മേളനം ഉമാ ഭാരതിയെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വത്തിലേക്ക് ആറു വര്‍ഷത്തിനു ശേഷം തിരിച്ചു കൊണ്ടുവന്നു. ബാബറി മസ്ജിത് തകര്‍ത്തതില്‍ പ്രധാന പങ്കുള്ള ഉമ അടുത്ത വര്‍ഷം നടക്കുന്ന യു.പി. നിയമസഭാ ഇലക്ഷനില്‍ ബി.എസ്.പി നേതാവും മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ ശോഭിക്കുമെന്നാവും ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടല്‍.
 
യു.പിയില്‍ ജനപിന്തുണയുടെ കാര്യത്തില്‍ ബി.ജെ.പി അഞ്ചാം സ്ഥാനത്താണ്. എ.ബി.വാജ്‌പേയിയെപ്പോലെ കാലഹരണപ്പെട്ട പ്രതിഭകളെയും ക്ഷീണിച്ച കുതിരകളെയും കെട്ടി രാഷ്ട്രീയ രഥം ഓടിക്കാമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ തീഷ്ണവിചാരങ്ങളെയും സ്വപ്നങ്ങളെയും അഭിസംബോധന ചെയ്യാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് അറിയില്ല. എല്‍.കെ. അദ്വാനി ഉയര്‍ത്തിക്കൊണ്ടുവന്ന വിദേശ നിക്ഷേപത്തിന്റെയും കള്ളപ്പണത്തിന്റെയും രാഷ്ട്രീയ നേട്ടം ബാബ രാംദേവ് എന്ന കപട വേഷക്കാരന്‍ തട്ടിയെടുത്തു. രാജ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടി ഇപ്പോള്‍ തങ്ങളുടെ രഥം രാം ദേവിന്റെ ഹെലികോപ്റ്ററിന്റെ വാലില്‍ കൊണ്ടു കെട്ടുന്നു. ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ പരിഹാസമെന്ത്? 

No comments:

Post a Comment