Thursday, September 29, 2016

പാക്കിസ്ഥാന് 'ടെസ്റ്റ് ഡോസ്' കൊടുത്ത ഇന്ത്യന്‍ ജവാന്മാര്‍ക്ക് ബിഗ് സല്യൂട്ട്

പ്രശ്നസങ്കീര്‍ണ്ണമായ കശ്മീരിലെ സംഘര്‍ഷം നിയന്ത്രണാതീതമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഭീകരര്‍ നുഴഞ്ഞു കയറി പതിനെട്ട് ഇന്ത്യന്‍ ജവാന്മാരെ വധിച്ചതിന് തക്കസമയത്ത് സധൈര്യം നിയന്ത്രണരേഖക്കപ്പുറത്തേക്ക് കടന്നു കയറി പാക്കിസ്ഥാന് മറുപടി നല്‍കിയ ധീര ജവാന്മാര്‍ക്ക്  ബിഗ് സല്യൂട്ട്.  ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ അടങ്ങിയിരിക്കുകയില്ല എന്ന ഒരു സന്ദേശവും ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാനേയും ലോകത്തേയും അറിയിച്ചു.

ക്ഷമയും സഹനശക്തിയും വേണ്ടുവോളമുള്ള ഇന്ത്യന്‍ സേനയെ തീക്കൊള്ളി കൊണ്ടു ചൊറിയാന്‍ വന്നാല്‍, അവരാരായാലും എവിടെപ്പോയി ഒളിച്ചാലും സമയവും മുഹൂര്‍ത്തവുമൊന്നും നോക്കാതെ അവരുടെ പാളയത്തില്‍ കടന്നുചെന്ന് തിരിച്ചടിക്കാന്‍ ചങ്കൂറ്റമുള്ളവരാണ് ഇന്ത്യന്‍ സൈന്യരെന്ന് തെളിയിച്ചതുവഴി ഊറ്റം കൊള്ളുകയാണ് ഭാരതം. തുരുമ്പെടുത്ത നയതന്ത്രവും കളങ്കപ്പെട്ട സൗഹൃദങ്ങളും ചതിക്കപ്പെടുന്ന ഉഭയകക്ഷി ബന്ധങ്ങളും മാത്രമല്ല, അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു കാണിച്ചുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും സൈനിക ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

1999 ജൂലൈയില്‍ കാര്‍ഗില്‍ ‍യുദ്ധത്തിനു ശേഷം അയല്‍രാജ്യത്തെ ഭീകരതയ്ക്കെതിരേ ഇന്ത്യ നടത്തുന്ന ശക്തമായ മിന്നലാക്രമണമാണ് ഇന്നലെ നടന്നത്. സര്‍ജിക്കല്‍ ഓപ്പറേഷന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നടപടി താല്‍ക്കാലികമായുള്ള മുന്നറിയിപ്പാണെന്നും ഈ ആക്രമണത്തില്‍ നിന്നു തങ്ങള്‍ സ്വയം പിന്മാറിയെന്നും സൈനിക നേതൃത്വം വ്യക്തമാക്കുന്നു. പക്ഷേ, പാക്കിസ്ഥാന്‍ അതിസാഹസത്തിനിറങ്ങിയാല്‍ വെറുതേ വിടില്ലെന്ന ശക്തമായ താക്കീതും അവര്‍ നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്‍റെ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു.

പൊടുന്നനെ ഉണ്ടായ പ്രകോപനമല്ല ഇന്ത്യയെ പാക്ക് മണ്ണിലെത്തിച്ചത്. മുംബൈ ഭീകരാക്രമണം വെറുമൊരു ആക്രമണമായിരുന്നില്ല. ഇന്ത്യക്കെതിരായ തുറന്ന യുദ്ധമായിരുന്നു. അജ്മല്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടി വിചാരണ ചെയ്ത് എല്ലാ സത്യങ്ങളും കണ്ടെത്തിയിട്ടും അയാളുടെ പൗരത്വം നിഷേധിക്കുകയായിരുന്നു പാക്കിസ്ഥാന്‍. ഒടുവില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, അജ്മലിന്‍റെ പൗരത്വം അംഗീകരിക്കേണ്ടി വന്നു പാക്കിസ്ഥാന്. പിന്നീടു കശ്മീരിലേക്കും പഞ്ചാബിലേക്കുമായി പാക് ഭീകരതയുടെ കണ്ണുകള്‍. പത്താന്‍ കോട്ടിലെയും ഉറിയിലെയും സൈനിക താവളങ്ങളിലേക്കുവരെ ഒളിയാക്രമണം നീണ്ടപ്പോള്‍ ഇന്ത്യക്കു മുന്നില്‍ ക്ഷമയുടെ എല്ലാ വഴികളും അടയുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടു നടത്തിയ പ്രസംഗത്തില്‍ ഉറിയിലെ പാക് തെമ്മാടിത്തം രാജ്യം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നു നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. തക്ക സമയത്തും സ്ഥലത്തും ഉചിതമായ തിരിച്ചടി നല്‍കുമെന്നും മോദി പറഞ്ഞു. എന്നാല്‍ ആയിരം വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധം ആദ്യം ഇരു രാജ്യങ്ങളിലെയും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരേ ആകാമെന്നായിരുന്നു മോദിയുടെ വെല്ലുവിളി. അങ്ങനെയൊരു യുദ്ധത്തില്‍ ആരു ജയിക്കുമെന്ന് കണ്ടറിയാമെന്നു കൂടി അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ ഉദ്ദേശിച്ചായിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.

ഭീകരതയെ താലോലിക്കുന്ന പാക് ഭരണകൂടത്തിനെതിരേ, അവിടെ നടക്കാനിരിക്കുന്ന പത്തൊമ്പതാമതു സാര്‍ക്ക് ഉച്ചകോടി ബഹിഷ്കരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ നയതന്ത്ര പ്രതികരണം. ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും സാര്‍ക്ക് സമ്മേളനം ബഹിഷ്കരിച്ചു. അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് പലപ്പോഴും ഒപ്പം നില്‍ക്കുന്ന ചൈനയുടെ പോലും പിന്തുണ ലഭിച്ചില്ല. നയതന്ത്ര മേഖലയിലുണ്ടായ ഈ നേട്ടം മുന്‍നിര്‍ത്തിയാണ് ഇന്ത്യ പാക് അധിനിവേശ കശ്മീരിലേക്ക് ഇരച്ചു കയറി നാലു മേഖലകളിലെ എട്ടിടങ്ങളില്‍ ആക്രമണം നടത്തിയതും 38 ഭീകരരെ വധിച്ചതും. ഭീംബര്‍, ഹോട്ട് സ്‌പ്രിംഗ്, കേല്‍, ലിപ എന്നീ മേഖലകളിലായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച അര്‍ധരാത്രി തുടങ്ങി, പുലര്‍ച്ചെ നാലരയ്ക്കുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി, ഇന്ത്യന്‍ കമാന്‍ഡോകള്‍ സ്വന്തം ക്യാംപുകളില്‍ സുരക്ഷിതരായി തിരിച്ചെത്തി. ഇതെല്ലാം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണു വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

മര്യാദയുടെ ഭാഷ മനസ്സിലാകാത്ത പാക്കിസ്ഥാന് ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും, ഇനിയും ഒളിയാക്രമണങ്ങള്‍ തുടര്‍ന്നാല്‍ അടിച്ചു നിരപ്പാക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായാണ് ഇന്ത്യന്‍ ക്യാം‌പില്‍ സൈനികര്‍ ദേശീയ പതാക വണങ്ങിയത്.

Wednesday, September 28, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം ഒന്‍പത്

ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു അനുവാദം പോലും ചോദിക്കാതെ.....! ഒരു ഞായറാഴ്ച ചന്ദ്രനും ഞാനും ഗോകുലനും കൂടി  കോണാട്ട് പ്ലേസിലെ റീഗല്‍ തിയ്യേറ്ററില്‍ മോര്‍ണിംഗ് ഷോ കാണാന്‍ പോയതായിരുന്നു. ആഴ്ചയിലൊരിക്കല്‍ മലയാള സിനിമ തിയ്യേറ്ററില്‍ പോയി കാണാന്‍ അക്കാലത്ത് ഭയങ്കര ഉത്സാഹമായിരുന്നു ഞങ്ങള്‍ക്ക്. രാവിലെ 9 മണിക്ക് സിനിമ തുടങ്ങും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടിക്കറ്റ് എടുത്ത് എല്ലാവരും കയറാന്‍ തുടങ്ങിയിരുന്നു.
 
ഞങ്ങള്‍ ടിക്കറ്റെടുത്ത് അകത്തു കയറി. അകത്ത് ടോര്‍ച്ച് ലൈറ്റിന്‍റെ പ്രകാശത്തില്‍ ഞങ്ങളുടെ സീറ്റ് കണ്ടുപിടിച്ചു തരാന്‍ ഒരാള്‍ വന്നു. അയാള്‍ കാണിച്ചു തന്ന സീറ്റുകളില്‍  ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. പടം തുടങ്ങുന്നതിനു മുന്‍പുള്ള പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നുണ്ട്. ലൈറ്റ് ഓഫ് ആയിരുന്നതിനാല്‍ അടുത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. ഏതോ ഫാമിലിയാണെന്നു തോന്നുന്നു. പടം തുടങ്ങി. ഇടയ്ക്ക് സ്‌ക്രീനിലെ പ്രകാശത്തില്‍ താന്‍ കണ്ടു തന്‍റെ അടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടിയാണ്. അതിനടുത്ത സീറ്റുകളിലെല്ലാം സ്ത്രീകള്‍. ഏതോ ആശുപത്രിയിലെ നഴ്സുമാരാകാം. താന്‍ മനസ്സില്‍ ഓര്‍ത്തു.
 
ഇന്‍റര്‍വെല്‍ കഴിഞ്ഞ് ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി വന്നപ്പോഴാണ് താന്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. സീറ്റിലിരുന്നയുടനെ തന്നെ നോക്കി അവള്‍ ഒന്നു പുഞ്ചിരിച്ചോ എന്നൊരു സംശയം തോന്നി. താനും ഒന്നു പുഞ്ചിരിച്ചു.
 
പടം തുടങ്ങി. ഇന്‍റര്‍വെല്‍ കഴിഞ്ഞതിനുശേഷം തന്‍റെ ശ്രദ്ധ സ്‌ക്രീനില്‍ ആയിരുന്നില്ല. അവളുടെ നോട്ടവും പുഞ്ചിരിയും തന്‍റെ മനസ്സിന്‍റെ താളം തെറ്റിക്കുന്നതുപോലെ തോന്നി. പടം തീര്‍ന്നയുടന്‍ എല്ലാവരും പുറത്തേക്കിറങ്ങി. കൂട്ടത്തില്‍ അവളും അവളുടെ കൂട്ടുകാരികളും. ഏതായാലും നഴ്സുമാരാണെന്ന് അവരെ കണ്ടപ്പോള്‍ മനസ്സിലായി. ഇത്രയും നേരം തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ചന്ദ്രനും ഗോകുലനും തന്‍റെ പുറകെ കൂടി.

"പടം എങ്ങനെയുണ്ടായിരുന്നെടാ രവീ..?"

"ങ്‌ആ...തരക്കേടില്ല.. ഇന്റര്‍‌വെല്ലിനു ശേഷമുള്ള രംഗങ്ങളൊന്നും അത്ര പോരാ എന്നു തോന്നി.." - തന്റെ മറുപടി കേട്ട് അവര്‍ രണ്ടുപേരും ചിരിച്ചു.

"അതിന് ഇന്റര്‍‌വെല്ലിനു ശേഷം നീ സ്‌ക്രീനില്‍ പടം കണ്ടില്ലല്ലോ. അടുത്തിരിക്കുന്ന പടമല്ലേ കണ്ടത്.."

ചന്ദ്രന്റെ കമന്റ് കേട്ട് മൂവരും ചിരിച്ചു....

നീ അവളോടു സംസാരിച്ചോ? അവളുടെ പേരെന്താണ്? എവിടെ ജോലി ചെയ്യുന്നു? എന്നെല്ലാമുള്ള കാര്യങ്ങളാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. തന്‍റെ മറുപടിയൊന്നും അവരെ തൃപ്തരാക്കിയില്ല.
ഒരു സിനിമാ തിയ്യേറ്ററില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നവര്‍ എന്നതൊഴിച്ചാല്‍ തനിക്ക് ആ പെണ്‍കുട്ടിയുമായി എന്തു ബന്ധം? നിസ്സംഗതനായി താന്‍ പറഞ്ഞു. പക്ഷേ, താനതു പറയുമ്പോഴും മനസ്സിലെവിടെയോ മനോഹരമായ ആ മുഖവും ചുണ്ടുകളിലെ പുഞ്ചിരിയും തന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞപോലെ തനിക്ക് തോന്നിയിരുന്നു.
 
ഓഫീസില്‍ നിന്ന് അധികം ദൂരെയല്ലാത്ത കോണാട്ട് സര്‍ക്കിളിലെ അണ്ടര്‍ഗ്രൗണ്ട് പാലികാ ബസാറില്‍ പിന്നീടൊരു ദിവസം താന്‍ ഒറ്റയ്ക്ക് കറങ്ങി നടക്കുമ്പോഴാണ് യാദൃശ്ചികമായി വീണ്ടും അവളെ കണ്ടുമുട്ടുന്നത്. പെട്ടെന്ന് മുന്‍പില്‍ വന്നുപെട്ടതുപോലെ സഡന്‍ ബ്രേക്കിട്ട് താന്‍ നിന്നു. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അല്പനേരത്തേക്ക് കണ്ണിമ ചിമ്മാതെ താന്‍ അവളെത്തന്നെ നോക്കി നിന്നു. ഒരു കടയുടെ മുന്‍പില്‍ നിന്ന് അവിടെ തൂക്കിയിട്ടിരിക്കുന്ന ചൂരിദാറുകളുടെ ഭംഗി നോക്കുകയായിരുന്നു അവള്‍. തന്നെ കണ്ടിട്ടില്ല. എന്തു ചെയ്യണമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടി. നേരെ ചെന്ന് പരിചയപ്പെടണോ അതോ ഒന്നുമറിയാത്തപോലെ അടുത്തു ചെന്നു നിന്ന് ചിരിച്ചു കാണിച്ച് പേര് ചോദിക്കണോ? ഛേ....അത് ഒരു മൂന്നാം തരം പരിപാടിയാണ്. ഏതാനും വാര അകലെ നിന്ന് താന്‍ അവളെ നിരീക്ഷിച്ചു. കടയില്‍ കയറിച്ചെന്ന് വല്ലതും വാങ്ങാമെന്നു വെച്ചാല്‍ അത് ലേഡീസ് ഐറ്റംസ് വില്‍ക്കുന്ന കടയാണ്. അപ്പോള്‍ പിന്നെ എന്തു ചെയ്യും. താന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ തിരിഞ്ഞതും തന്നെ കണ്ടതും...!
 
തന്‍റെ പരുങ്ങല്‍ കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അതേ പുഞ്ചിരി....! നുണക്കുഴികള്‍ തെളിഞ്ഞു കാണാവുന്ന പുഞ്ചിരി. എന്തു ചെയ്യണമെന്നറിയാതെ താന്‍ സ്തബ്ധനായി നിന്നു. ഇങ്ങനെ നിന്നാല്‍ തന്‍റെ കാര്യം പോക്കാണെന്ന് തോന്നി. ഏതായാലും നനച്ചിറങ്ങി. എന്നാല്‍ കുളിച്ചിട്ടു കയറാം എന്ന് മനസ്സില്‍ തോന്നി.

അടുത്തു ചെന്ന് ഒരു 'ഹലോ' പറഞ്ഞു. അവളും തിരിച്ച് 'ഹലോ' പറഞ്ഞു. ഇനിയെന്തു പറയും? താന്‍ ആലോചിച്ചു. പേര് ചോദിച്ചാലോ? അതുവേണ്ട.
 
"ഇവിടെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലാണോ ജോലി?"

തന്‍റെ ചോദ്യം കേട്ട് കൈകൊണ്ട് വാ പൊത്തി അവള്‍ നിന്നു ചിരിച്ചു. താന്‍ മണ്ടത്തരം വല്ലതും പറഞ്ഞോ എന്നു സംശയിച്ചു.
 
"ആരു പറഞ്ഞു ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു എന്ന്?" അവള്‍ വീണ്ടും എന്നെ കുഴക്കി.
 
"അല്ല, ഞാന്‍ കരുതി....അന്ന്...തിയ്യേറ്ററില്‍....സിനിമ........" വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു.
 
അവള്‍ വീണ്ടും ചിരിച്ചു.
 
"ഓ...അതോ...അത് ഞാന്‍ എന്‍റെ ചേച്ചിയുടേയും കൂട്ടുകാരികളുടെയും കൂടെ വന്നതല്ലേ? എനിക്ക് ജോലിയൊന്നും ആയിട്ടില്ല. ബി.എസ്.എന്‍. ചെയ്യുകയാണ്. ഇവിടെ ചേച്ചിയുടെ കൂടെയാ താമസം."

അവള്‍ അത്രയും പറഞ്ഞപ്പോഴാണ് തന്‍റെ ശ്വാസം നേരെ വീണത്. ഹാവൂ....രക്ഷപ്പെട്ടു.
 
"ഇവിടെ അടുത്താണോ ജോലി?" അവള്‍ തന്നോടു ചോദിച്ചു.
 
"അതെ," അന്‍സല്‍ ഭവനിലാണ് ഓഫീസ്... താന്‍ ഓഫീസിന്‍റെ പേരു പറഞ്ഞു കൊടുത്തു.
 
"അയ്യോ, എന്‍റെ പേര് പറഞ്ഞില്ല. ഞാന്‍ രവികുമാര്‍. ഇവിടെ വന്നിട്ട് ആറേഴു വര്‍ഷമായി." തന്‍റെ പേര് പറഞ്ഞ കൂട്ടത്തില്‍ അവളുടെ പേരും ചോദിക്കാന്‍ മറന്നില്ല.
 
"എന്‍റെ പേര് ലിസാമ്മ. ലിസി എന്ന് എല്ലാവരും വിളിക്കും."
 
"ലിസി നല്ല പേരല്ലേ?" തന്‍റെ അഭിപ്രായം അവള്‍ ശരിവെക്കുന്നതുപോലെ ചിരിച്ചു.
 
"ലിസി ഒറ്റയ്ക്കാണോ വന്നത്. ചേച്ചി കൂടെ വന്നില്ലേ?"
 
"ഇല്ല, ചേച്ചിയ്ക്ക് ഈവനിംഗ് ഷിഫ്റ്റാണ്. രാം മനോഹര്‍ ലോഹ്യ ആശുപ്രത്രിയിലാണ്. റൂമിലിരുന്ന് ബോറടിച്ചപ്പോള്‍ ഇവിടെ വന്നതാണ്. പെട്ടെന്ന് തിരിച്ചു പോകണം."
 
അത്രയും പറഞ്ഞ് അവള്‍ പോകാന്‍ ധൃതി കൂട്ടി. പാലികാ ബസാറില്‍ നിന്ന് പുറത്തു കടന്ന് രണ്ടുപേരും പാര്‍ക്കിലൂടെ അല്പദൂരം നടന്നു. അതിനിടയില്‍ പല കാര്യങ്ങളും ചോദിച്ചറിഞ്ഞു.
 
"ഇനി എപ്പോഴാ കാണുന്നത്?" ആകാംക്ഷ നിറഞ്ഞ തന്‍റെ ചോദ്യത്തിന് അവള്‍ ചിരിച്ചു.
 
"ഞാന്‍ ഇടക്കിടെ ഇവിടെ വരാറുണ്ട്. എപ്പോഴെങ്കിലും വീണ്ടും കാണാം."
 
"കൈയില്‍ പേനയുണ്ടോ? ഉണ്ടെങ്കില്‍ എന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തോളൂ."

തനിക്ക് എങ്ങനെ അതു പറയാന്‍ തോന്നിയെന്നറിയില്ല. പെട്ടെന്നു തന്നെ അവള്‍ ഹാന്‍റ് ബാഗില്‍ നിന്ന് ഒരു ചെറിയ ബുക്കും പേനയുമെടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയെടുത്തു. നടക്കുന്നതിനിടയില്‍ എന്തൊക്കെയോ പറഞ്ഞു. കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ തന്റെ മനസ്സ് എങ്ങോട്ടൊക്കെയോ പാഞ്ഞു.

"എങ്കില്‍പിന്നെ ഞാന്‍ പോകട്ടേ." അവളുടെ ചോദ്യത്തിന് 'എന്നാല്‍ ശരി വീണ്ടും കാണാം' എന്ന വാക്കുകളില്‍ ഒതുക്കി താന്‍ തിരിഞ്ഞു നടന്നു.

എന്തോ കൈവിട്ടുപോയ പ്രതീതിയായിരുന്നു അപ്പോള്‍.  മനോഹരമായി തന്‍റെ നേരെ ചിരിച്ചു തലയാട്ടി അവള്‍ നടന്നകന്നു.
 
തൊടിയില്‍ പൂച്ചകള്‍ കടിപിടി കൂടുന്ന ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

(.........തുടരും)

Tuesday, September 20, 2016

ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടതിന് ഉത്തരവാദികളാര് ?

"ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്" എന്നാണ് നീതിപീഠത്തിന്റെ ആപ്തവാക്യങ്ങളെങ്കിലും, ഇപ്പോഴത് മാറ്റിയെഴുതേണ്ട കാലം വന്നിരിക്കുന്നു എന്നാണ് കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ കേസില്‍ സുപ്രീം കോടതിയിലെ വിധി വന്നപ്പോള്‍ തോന്നിയത്. "ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധി ശിക്ഷിക്കപ്പെടരുത്" എന്ന് തിരുത്തിയെഴുതുകയാണ് സുപ്രീം കോടതി.

പിടിച്ചു പറിയും, മോഷണവും സ്ത്രീപീഡനവുമൊക്കെയായി തെരുവുകളിലും തീവണ്ടികളിലും ഭിക്ഷാടകനായി ജീവിച്ചിരുന്ന ഗോവിന്ദച്ചാമിക്ക് സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വരെ പോകാനും, പ്രമുഖരായ ക്രിമിനല്‍ അഭിഭാഷകരെക്കൊണ്ട് വാദിപ്പിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ വരെ വേണ്ട സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ഗോവിന്ദച്ചാമിയേക്കാള്‍ അപകടകാരികളായ കാപാലികര്‍ പുറത്തുണ്ട് എന്നുതന്നെയല്ലേ അനുമാനിക്കേണ്ടത്?

ഇത്രയധികം പണം ഗോവിന്ദച്ചാമിക്ക് എവിടെ നിന്നു ലഭിച്ചു? സംസ്ഥാനസര്‍ക്കാരോ, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരോ ഇത് സംബന്ധിച്ച് അന്വേഷണമൊന്നും നടത്തിയില്ലേ? സ്വാഭാവികമായും സൗമ്യ കേസ് വിധിയില്‍ അമര്‍ഷവും അങ്കലാപ്പും തോന്നുന്ന ആരിലും ഉയരുന്ന സംശയമാണിത്. കേരളത്തിന്റെ കണ്ണീരായി മാറിയ സൗമ്യ എന്ന പാവം പെണ്‍‌കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയും നിഷ്‌ഠൂരമായി കൊല ചെയ്യുകയും ചെയ്ത സംഭവത്തേക്കാള്‍ ഭയാനകമാണ് അത് ചെയ്തവന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ കഴിവുകേട്. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കുകയും അത് സുപ്രീം കോടതിയിലെത്തിയപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ നീതിന്യായക്കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുകയാണെന്നത് വ്യക്തം. പൊതുസ്ഥലത്ത്, അതും ഓടുന്ന ട്രെയ്‌നില്‍ നിസ്സഹായയായ ഒരു പെണ്‍‌കുട്ടിയെ നിഷ്ക്കരുണം മാനഭംഗത്തിനിരയാക്കി പിച്ചിച്ചീന്തിയ ഒരു കൊടും ക്രിമിനലിന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലെങ്കില്‍ എവിടെയാണ് ഒരു പൗരന്‍ സുരക്ഷിതനാകുന്നത് എന്ന സംശയത്തിനു തീര്‍ച്ചയായും മറുപടി ലഭിച്ചേ തീരൂ. ഏതു കുറ്റകൃത്യവും കുറ്റകൃത്യമാകുന്നത് കോടതി വ്യവഹാരങ്ങളിലൂടെയാണ്. കോടതിക്കു മുന്നില്‍ വാദിയും പ്രതിയും തെളിവുകളും സാക്ഷികളുമാണ് പ്രധാനം. അവയെല്ലാം വേണ്ടവിധത്തില്‍ ഹാജരാക്കി പ്രബലരായ അഭിഭാഷകര്‍ നിയമപുസ്തകത്തിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി കോടതിയെ ബോദ്ധ്യപ്പെടുത്തുമ്പോഴാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വ്യക്തി കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി (ജഡ്ജി) തീരുമാനിക്കുന്നത്. അത്തരത്തില്‍ എല്ലാ പഴുതുകളുമടച്ച് കേസ് വിസ്താരം നടത്തി വധശിക്ഷ വിധിച്ച കീഴ്‌ക്കോടതിയുടേയും ഹൈക്കോടതിയുടേയും വിധിക്ക് അല്പം പോലും വിലകല്പിക്കാതെ പരമോന്നത കോടതി ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളി ചെയ്ത ക്രൂരകൃത്യങ്ങള്‍ നിസ്സാരവത്ക്കരിച്ചത് തീര്‍ത്തും അപലപനീയം തന്നെ. അതോടൊപ്പം സുപ്രീം കോടതി വരെ പോയി ഗോവിന്ദച്ചാമിയെ രക്ഷിച്ചെടുക്കാന്‍ ആര്‍ക്കാണിത്ര ധ്വര ?

ലക്ഷങ്ങള്‍ കൊടുത്താണ് ബി.എ. ആളൂരിനെപ്പോലെയുള്ള പ്രഗത്ഭരായ അഭിഭാഷകരെ ഗോവിന്ദച്ചാമിക്കുവേണ്ടി വക്കാലത്ത് ഏര്‍പ്പെടുത്തിയതെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഏറെയാണ്. ഇത്രയും ഭീമമായ തുക പ്രതിക്ക് വേണ്ടി മുടക്കിയത് ആരായിരിക്കും എന്നാണ് ഇപ്പോള്‍ എല്ലാവരുടേയും ഉത്ഘണ്ഠ ! ഒരു അഭിഭാഷകനെന്ന നിലയില്‍ ബി.എ. ആളൂര്‍ അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തു. എന്നാല്‍, കേരളത്തിലെ അഭിഭാഷകര്‍ ആരും തന്നെ ഗോവിന്ദച്ചാമിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സമയത്താണ് പുനെയില്‍ നിന്ന് ബി.എ. ആളൂര്‍ രംഗപ്രവേശം ചെയ്തതെന്നും ഓര്‍ക്കണം. അതുവരെ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരക്കാരനായ ഈ അഭിഭാഷകനെ ആര്‍ക്കും അറിയില്ലായിരുന്നു. ആരാണ് ഗോവിന്ദച്ചാമിക്കുവേണ്ടി പണം മുടക്കുന്നതെന്നു മാത്രം ഈ അഭിഭാഷകന്‍ പറയില്ല. അത് നീതിശാസ്ത്രത്തെ ബാധിക്കുന്ന പ്രശ്നമാണ്. അല്ലെങ്കില്‍ ക്ലയന്റും അഭിഭാഷകനും തമ്മിലുള്ള വിശ്വാസ്യതയെ ഹനിക്കുന്നതാണ്. എന്നിരുന്നാലും, പ്രമാദമായ എത്രയോ കേസുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ബി.എ. ആളൂര്‍ ആരുടെ പ്രേരണായാലാണ് ഗോവിന്ദച്ചാമിയുടെ കേസ് ഏറ്റെടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൊള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സൂചനകളുണ്ട്. അവര്‍ ഗോവിന്ദചാമിയുടെ ഉറ്റ സുഹൃത്തുക്കളാണത്രെ. അതല്ല "ആകാശപ്പറവകള്‍" എന്ന പേരില്‍ ഒരു സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവരാണ് ഇതിന്റെ പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിച്ച് മതം മാറ്റത്തിലൂടെ സമൂഹമദ്ധ്യത്തിലേക്ക് കൊണ്ടുവരികയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതി എന്നും കേള്‍ക്കുന്നുണ്ട്.

മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി, ബംഗ്ലൂരു, ചെന്നൈ, ആന്ധ്രപ്രദേശ് മുതലായ സ്ഥലങ്ങളില്‍ ദീര്‍ഘദൂര തീവണ്ടികളാണ് ഈ കൊള്ള സംഘത്തിന്റെ പ്രവര്‍ത്തന രംഗം എന്നും പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ നടന്ന "ബണ്ടി ചോര്‍" കേസുകളുള്‍പ്പടെ നിരവധി കുപ്രസിദ്ധ ക്രിമിനല്‍ കേസുകളിലും പ്രതികള്‍ക്കുവേണ്ടി വാദിച്ചത് ബി.എ. ആളൂര്‍ അടങ്ങുന്ന ക്രിമിനല്‍ അഭിഭാഷക സംഘമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിമിനല്‍ സംഘങ്ങളെ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കാന്‍ ഇവര്‍ ലക്ഷങ്ങള്‍ വാങ്ങുന്നു, അവര്‍ക്ക് മാനുഷിക മൂല്യങ്ങളുടെ വില അറിയേണ്ടതില്ല എന്ന് സാരം. ഗോവിന്ദച്ചാമിക്ക് ബി.എ. ആളൂരിനെ ഏര്‍പ്പെടുത്തിക്കൊടുത്തത് മേല്പറഞ്ഞ കൊള്ളസംഘത്തില്‍ പെട്ടവരാണെന്ന് കേരളത്തിലെ പ്രമുഖ അഭിഭാഷകര്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അറിയാമായിരുന്നത്രെ. എന്നാല്‍, അതേക്കുറിച്ച് അന്വേഷിക്കാനോ സത്യം കണ്ടുപിടിക്കാനോ ആരും ശ്രമിച്ചതുമില്ല. ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ എത്ര ലക്ഷങ്ങളാണ് ബി.എ. ആളൂര്‍ എന്ന അഭിഭാഷകന്‍ വാങ്ങിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമില്ല, പലരും ചോദിച്ചിട്ടു പോലും. അതും അദ്ദേഹത്തിന്റെ പ്രൊഫഷനോടുള്ള നീതി പുലര്‍ത്തലാണ്.

നിരവധി ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി (അതിവേഗ വിചാരണക്കോടതി) വധശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെ ഗോവിന്ദച്ചാമി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, കീഴ്‌ക്കോടതി ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് സുപ്രീം കോടതിയില്‍ പോയത്. "അസാധാരണങ്ങളില്‍ അസാധാരണമായ കുറ്റകൃത്യം" എന്ന് ഇരു കോടതികളും വിധിന്യായത്തില്‍ പരാമര്‍ശിച്ചിരുന്നു. പക്ഷെ, ആ "അസാധാരണങ്ങളില്‍ അസാധാരണമായ കുറ്റകൃത്യം" എന്ന വാദം സുപ്രീം കോടതിയുടെ കണ്ണുകളില്‍ നിസ്സാരമായി. ആ ലീഗല്‍ പോയിന്റ് കോടതി തള്ളുകയും ചെയ്തു. ഗോവിന്ദച്ചാമിയാണു സൗമ്യയെ ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ടതെന്ന ആരോപണത്തിന്റെ തെളിവ് എവിടെ എന്ന ഒറ്റ ചോദ്യത്തിലാണ് ഈ കേസ് തകിടം മറിഞ്ഞത്. സുപ്രീം കോടതിയുടെ ആ ചോദ്യത്തിനു എന്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉത്തരം മുട്ടിപ്പോയി എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തി. അതോടൊപ്പം രണ്ട് കോടതികളുടേയും നിഗമനത്തെ പാടെ നിരാകരിച്ച സുപ്രീം കോടതിയില്‍ തങ്ങളുടെ പ്രൊഫഷണലിസം പ്രകടിപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കഴിയാതെ പോയതെന്തേ ? വ്യക്തമായ തെളിവുകള്‍ ഹാജാരാക്കി വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കെല്പുള്ള അഭിഭാഷകരെ എന്തുകൊണ്ട് സുപ്രീം കോടതിയിലും സര്‍ക്കാര്‍ നിയമിച്ചില്ല? അപ്പോള്‍ ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ ?

സൗമ്യയുടെ മരണമൊഴി, സഹയാത്രികരുടെയും സമീപവാസികളുടെയും സാക്ഷിമൊഴി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ര്‍ട്ട്, അന്വേഷണ ഉദ്യോഗസ്ഥനോട് പ്രതി നടത്തിയ കുറ്റസമ്മതം തുടങ്ങിയ തെളിവുകള്‍ മുതലായവ സമര്‍ത്ഥമായി നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതിക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്. കേരളത്തില്‍ത്തന്നെ സിസ്റ്റര്‍ അഭയക്കേസ്, രാജ്യത്തിന്‍റെ മനഃസാക്ഷി മരവിപ്പിച്ച ഡല്‍ഹി നിര്‍ഭയ കേസ് തുടങ്ങി ഒട്ടേറെ വിവാദ വ്യവഹാരങ്ങളില്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. സാഹചര്യങ്ങളുടെയും സാക്ഷികളുടെയും പിന്‍ബലത്തില്‍ സൗമ്യക്കേസിലെ യഥാര്‍ത്ഥ പ്രതിയെ വളരെ വേഗം കണ്ടാത്താന്‍ കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരുടെ നേട്ടമായിരിക്കാം. ലഭ്യമായ തെളിവുകളുടെ സാന്നിധ്യത്തില്‍ ഹൈക്കോടതിവരെ കേസ് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞത് പ്രോസിക്യൂഷന്‍റെ നേട്ടവും. എന്നാല്‍ പിന്നീടത് അട്ടിമറിക്കപ്പെട്ടു എങ്കില്‍ അതിനും വേണം വളരെ ശക്തമായ അന്വേഷണം.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സൗമ്യ കേസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തിയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതുമെല്ലാം. അന്ന് കോടതികളില്‍ ഹാജരായിരുന്ന എല്ലാവരേയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാറ്റി പകരം അവരുടെ മാനദണ്ഡങ്ങളനുസരിക്കുന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളും അതാണ്. എന്തുകൊണ്ട് സൗമ്യ കേസിലെങ്കിലും അന്നത്തെ അഭിഭാഷകരെ കോടതിയില്‍ നിയോഗിച്ചില്ല? സൗമ്യയ്ക്ക് വേണ്ടി അന്ന് ഹാജരായ അഭിഭാഷകനില്‍ നിന്നും വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാനോ സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ സഹായം തേടാനോ ശ്രമിച്ചില്ല എന്നാണ് പ്രധാന ആക്ഷേപം. തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രസ്തുത അഭിഭാഷകനും അദ്ദേഹത്തിന് സമയമുണ്ടാവില്ലെന്ന് അറിയിച്ചതായി സംസ്ഥാന നിയമവകുപ്പ് മന്ത്രി എ. കെ. ബാലനും പറഞ്ഞതിന്റെ യഥാര്‍ത്ഥ സത്യം ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. ഡി.എന്‍.എ പരിശോധനകളില്‍ ലഭിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഗോവിന്ദച്ചാമിക്കുള്ള പങ്ക് വ്യക്തമായിട്ടും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോയതിലുള്ള ദുഖവും അമര്‍ഷവും അങ്കലാപ്പും പെട്ടെന്നോന്നും സമൂഹത്തിന്റെ മനസില്‍ നിന്നും മാഞ്ഞു പോവില്ല.

വാദിയും പ്രതിയും നീതിപീഠവും സര്‍ക്കാരുമൊക്കെ ഒരേ അച്ചുതണ്ടില്‍ കറങ്ങുകയാണിവിടെ. ആരെയാണ് നാം പഴിക്കേണ്ടത്? ഒരു സാധു പെണ്‍കുട്ടിയെ ഒരു കാപാലികന്‍ പിച്ചിച്ചീന്തിയപ്പോള്‍ അതിനെ ചെറുക്കാനോ ആ പെണ്‍‌കുട്ടിയെ രക്ഷിക്കാനോ സഹയാത്രികര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളത് ഭയാനകമാണ്. അതോടൊപ്പം ആ കാപാലികന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഗോവിന്ദച്ചാമിമാരെപ്പോലെയുള്ള ക്രൂരന്മാര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന അജ്ഞാത സംഘവും ആ സംഘത്തില്‍ പെട്ട അഭിഭാഷകരും പുറത്തുള്ളിടത്തോളം കാലം ഇനിയും സൗമ്യമാര്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യും. കേസുകള്‍ കോടതിയിലെത്തിയാല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവ തള്ളിക്കളയുന്ന ന്യായാധിപര്‍..... ഇവരെല്ലാം ഒരേ കോക്കസില്‍ പെടുന്നവരല്ലേ എന്നാണ് ഈ സന്ദര്‍ഭത്തില്‍ ചോദിക്കാനുള്ളത്.

Friday, September 16, 2016

This Dog Is Having One Mad Adventure

A son moved away to go to college, taking leave of his family and the family dog, Blue. A few months later, his father got a call from his son.

"Dad," he said, "there's an amazing program here that teaches dogs to talk!"

That's amazing!' his dad said. 'How do I get Blue into that program?'

'Just send him down here with $2,000,' the son said. 'I'll get him into the course.'

So his father sent the dog and $2,000.

About two-thirds through the semester, the boy called home again.

'So, how's Blue doing, son?' his father enquired.

'Awesome! Dad, he's talking up a storm... But you just won't believe this. They've had such good results with talking, they've begun to teach the dogs how to read.'

'Read?' exclaimed his father. 'No kidding! How do we get Blue into that program?'

'Just send $4,500. I'll get him into the class.'

The money promptly arrived.

But our hero noticed an impending problem. At the end of the year, his father would find out that the dog can neither talk nor read.

Then, finally, he came up with a plan. First he gave the dog to a nice family. Then he went home at the end of the year to see his excited father.

'Where's Blue? I just can't wait to talk with him, and see him read something!'

'Dad,' the boy said. 'I have some grim news. Yesterday morning, just before we left to drive home, Blue kicked back in the recliner to read the Wall Street Journal. Then he suddenly turned to me and asked, 'So, is your dad still seeing that little redhead barmaid at the pub?''

The father groaned and whispered, 'I hope you shot that bastard before he talked to your mother!'

'I sure did, dad!'

'That's my boy!'

The lad went on to be a successful lawyer.

Thursday, September 15, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം എട്ട്

രവി പടിപ്പുര കടന്ന് മുറ്റത്തെത്തി. വരാന്തയിലും പടിപ്പുരവാതിലിനടുത്തും ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. താന്‍ നാടുവിടുമ്പോള്‍ മണ്ണെണ്ണ വിളക്കായിരുന്നു കത്തിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ പ്രദേശത്തൊന്നും ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. അക്കാലത്താണ് ദൂരെ നിന്നെവിടന്നോ ഒരു പുതിയ താമസക്കാര്‍ ഈ ഗ്രാമത്തില്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി വന്നതാണ് ഗൃഹനാഥന്‍. ഉണ്ണിത്താന്‍ മാഷ് എന്നാണെന്നു തോന്നുന്നു അന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു മനുഷ്യന്‍. ഇരുളടഞ്ഞ ഈ ഗ്രാമത്തില്‍ പ്രകാശത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിച്ചത് അദ്ദേഹമായിരുന്നു.
 
ഇരുളടഞ്ഞ ഗ്രാമത്തിന് പ്രകാശമേകാന്‍ വന്ന ഒരു ദൂതനെപ്പോലെയായിരുന്നു അദ്ദേഹം. സ്കൂളില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല, അദ്ദേഹം എവിടെ ചെല്ലുന്നുവോ ആ നാട്ടുകാര്‍ക്ക് ഗുണകരമായ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുന്ന പ്രകൃതക്കാരനാണെന്ന് അന്നാളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഈ ഗ്രാമത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം ഗ്രാമത്തെ അന്ധകാരത്തില്‍ നിന്ന് മുക്തി നേടിക്കൊടുക്കുക എന്നതായിരുന്നു. ഗ്രാമവാസികള്‍ എല്ലാവരും അദ്ദേഹത്തിന് പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
 
അച്ഛനെ കാണാന്‍ പല പ്രാവശ്യം വീട്ടില്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. ഗ്രാമവാസികളെക്കൊണ്ട് പെറ്റീഷന്‍ എഴുതി ഒപ്പിട്ടുവാങ്ങാന്‍ അച്ഛന്‍റെ സഹായമഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം വന്നിരുന്നത്. ഒരു പക്ഷേ അച്ഛന്‍ സഹായിച്ചിരിക്കാം. അപ്പോഴേക്കും താന്‍ നാടുവിട്ടു കഴിഞ്ഞിരുന്നു.
 
രവി വീട്ടിലെത്തിയപ്പോള്‍ ഗായത്രി കതകു തുറന്നു.
 
"അച്ഛമ്മ ഉറങ്ങിയോ" അയാള്‍ ചോദിച്ചു.
 
"ഇല്ല, അച്ഛമ്മ കിടക്കുകയാണ്. രവിയേട്ടന്‍ എവിടെ പോയിരുന്നു?"
 
"ഓ....ഞാന്‍ ആ കവല വരെയൊന്നു പോയി. രാജുവിനെ കണ്ടു. വെറുതെ ഓരോന്നു പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല."
 
"ഈ വാതത്തിന്‍റെ ശല്യംണ്ടേ. കൊറച്ചു നേരം ഒന്നു കെടക്കാന്ന് നിരീച്ചു." നടുവിന് കൈകൊടുത്തുകൊണ്ട് അച്ഛമ്മ എഴുന്നേറ്റു വന്നു.
 
"അച്ഛന്‍ ഉറങ്ങിയോ?" രവി ചോദിച്ചു.
 
"ഇല്യാന്നാ തോന്നണേ." ഗായത്രി മറുപടി പറഞ്ഞു.
 
രവി അപ്പോഴേയ്ക്കും ഡ്രസ്സു മാറി കൈയും മുഖവുമൊക്കെ കഴുകി വന്നു.
 
"രവിയേട്ടന് കുടിക്കാന്‍ വല്ലതും വേണോ?"
 
"ഒന്നും വേണ്ട ഗായത്രി."
 
"ഇനിയിപ്പൊ അത്താഴം കഴിയ്ക്കാറായില്യേ" അച്ഛമ്മ ഗായത്രിയെ നോക്കി പറഞ്ഞു.
 
"ന്നാ പിന്നെ വെളമ്പ്ആ"
 
ഗായത്രി അടുക്കളയിലേക്കു നീങ്ങി. അച്ഛമ്മ രവിയുടെ അടുത്തു വന്നിരുന്നു. കൈകള്‍ രണ്ടും പിടിച്ചു നോക്കി. തലയില്‍ തലോടിക്കൊണ്ട് ചോദിച്ചു....

"ന്നാലും ന്‍റെ കുട്ട്യേ..നീ ഇത്രേം നാള് എങ്ങന്യാ എല്ലാരേം മറന്ന് ജീവിച്ചേ? ബാക്കിയുള്ളോര് തീ തിന്നതിന് കൈയും കണക്കുമുണ്ടോ? എവിടാന്നച്ചാ തെരക്കണെ? ന്‍റെ ഭഗോതീ....നീ കാത്തു"

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ പറഞ്ഞു. അപ്പോഴും രവിയുടെ മുഖത്തുനിന്ന് കണ്ണെടുക്കുന്നില്ലായിരുന്നു.

"രവിയേട്ടാ ഊണു കഴിക്കാന്‍ വാ" ഗായത്രി എല്ലാം വിളമ്പി വെച്ച് വിളിച്ചു.

രവി ഊണുമുറിയിലേക്കു ചെന്നു. ചോറും കറികളുമൊക്കെയുണ്ട്.
 
"ഞാന്‍ രാത്രി അങ്ങനെയൊന്നും കഴിക്കാറില്ല. വല്ല ചപ്പാത്തിയോ മറ്റോ മതിയായിരുന്നു." വിഭവങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.
 
"ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട്." ഗായത്രി ഒരു പാത്രം തുറന്നു. ഭക്ഷണം ചൂടാറാതെ വെക്കാവുന്ന പാത്രം.
 
ആവൂ ആശ്വാസമായി.
 
"അച്ഛന്‍ ഭക്ഷണം കഴിച്ചോ?" രവി ചോദിച്ചു.
 
"മരുന്നു കഴിക്കുന്നതുകൊണ്ട് അച്ഛന്‍ നേരത്തെ കഴിച്ച് കിടക്കും." ഗായത്രി പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് രവി ഉമ്മറത്തെ കസേരയില്‍ വന്നിരുന്നു. പകല്‍ചൂടില്‍ വെന്തുരുകിയ ഭൂമി അല്പം തണുത്തെന്നു തോന്നുന്നു.
 
കസേരയില്‍ ചാരിക്കിടന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന ഒരു ചെറുതെന്നല്‍ അയാളെ തഴുകിത്തലോടി കടന്നുപോയി. പുറത്ത് പതിവില്ലാത്തവണ്ണം നല്ല നിലാവുണ്ട്. അത് വല്ലാതെ തന്നെ കൊതിപ്പിക്കുന്നു.

ഡല്‍ഹിയിലായിരുന്നപ്പോള്‍ കരോള്‍ ബാഗിലെ ഫ്ളാറ്റിന്‍റെ ടെറസ്സിലായിരിക്കും ഇങ്ങനെയുള്ള രാത്രികളില്‍ തന്‍റെ ഉറക്കം. രവി ഓര്‍ത്തു. അടച്ചിട്ട മുറിയില്‍ ഫാനിന്‍റെ കാറ്റേറ്റ് കിടക്കുന്നതിലും ഭേദം ടെറസ്സിലെ ഉറക്കമാണ് തനിക്കേറെ ഇഷ്ടം. നേരിയ മഞ്ഞും സുഖമുള്ള തണുപ്പുമേറ്റ് പുതച്ചു കിടക്കാന്‍ തന്നെ ഒരു രസമാണ്. ഞാന്‍ മാത്രമല്ല, വേറെയും രണ്ടു മൂന്നു വാടകക്കാരും ആ കെട്ടിടത്തിലുണ്ടായിരുന്നു. പുരുഷന്മാര്‍ രാത്രി ടെറസ്സിലാണ് കിടക്കാറ്. പല രാത്രികളിലും പരസ്പരം എന്തെങ്കിലുമൊക്കെ പറഞ്ഞ് സമയം നീക്കും. സംസാരത്തിനിടയ്ക്കുതന്നെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.

 തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തന്‍റെ നേരെ നോക്കി കണ്ണു ചിമ്മുന്നതുപോലെ. നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്. ഉള്ളതാകട്ടേ ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു. കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും അവയെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആകാശത്തേക്കു നോക്കി എന്തൊക്കെയോ ആലോചിച്ചു കിടന്നു അയാള്‍.
 
നിലാവു പെയ്യുന്ന ഇങ്ങനെയുള്ള നിശകളില്‍, അങ്ങ് ഡല്‍ഹിയില്‍ ലോധി ഗാര്‍ഡനിലെ പുല്‍ത്തകിടിയില്‍ പ്രശാന്ത സുന്ദരമായ ഏകാന്തതയുടെ പ്രസാദമധുരിമയിലലിഞ്ഞു ചേര്‍ന്ന് അവളൂടെ മടിയില്‍ തലവെച്ച് കിടന്ന് മധുരാനുഭൂതികള്‍ നുണഞ്ഞിറക്കുമ്പോള്‍, തന്‍റെ തലമുടിയിഴകളില്‍ കൂടി വിരലുകളോടിച്ച് അവള്‍ പറയുമായിരുന്നു ..

"രവിയേട്ടാ, ഈ ജന്മം മുഴുവനും നമുക്കിങ്ങനെ ജീവിക്കാന്‍ കഴിയുമോ?"
 
"നമുക്കെന്നും കൃഷ്ണപ്പക്ഷിയിണകളെപ്പോലെ ഇങ്ങനെ ജീവിക്കാം." താന്‍ മറുപടി പറയും.

മഞ്ഞില്‍ കുളിച്ചു ഈറനണിഞ്ഞ്, മാദകത്വം തുളുമ്പി നില്‍ക്കുന്ന നിലാവുള്ള അനേക രാത്രികള്‍, യൗവനത്തെ കുളിരണിയിച്ചു മദോന്മത്തയായി, വശ്യമായ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന പ്രകൃതിയെ സാക്ഷി നിര്‍ത്തി അവളുടെ കാതില്‍ താന്‍ മന്ത്രിക്കുമ്പോള്‍ വിശ്വാസം വരാതെ അവളെന്‍റെ കണ്ണുകളില്‍ത്തന്നെ നോക്കിയിരിക്കും.
 
"നമ്മളെ വേര്‍പിരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല."

തന്‍റെ കരവലയത്തിലൊതുങ്ങി ഒരു മാടപ്രാവിനെപ്പോലെ അവള്‍ കുറുങ്ങും. മേഘപാളികള്‍ക്കിടയിലൂടെ എത്തിനോക്കുന്ന പൂനിലാവിന്‍റെ നിശ്ശബ്ദ സാന്നിദ്ധ്യത്തില്‍ ഒന്നായ തങ്ങളുടേതായ സ്വകാര്യ നിമിഷങ്ങള്‍.

താല്‍ക്കത്തോറ ഗാര്‍ഡനിലും സജ്ഞയ് ഗാന്ധി പാര്‍ക്കിലുമെല്ലാം ഇണപിരിയാത്ത കിളികളെപ്പോലെ തങ്ങള്‍ സമയം ചിലവഴിച്ചു. രാഷ്ട്രപതിഭവനിടയില്‍കൂടിയുള്ള സായാഹ്ന സവാരി ഒരു പതിവാക്കിയിരുന്നു. നോര്‍ത്ത് ബ്ലോക്കിലൂടെ നടന്ന് രാഷ്ട്രപതിഭവന്‍റെ കൈവഴികളില്‍ കൂടി ഇന്ത്യാ ഗേറ്റിനരികിലുള്ള പുല്‍ത്തകിടിയിലെത്തുന്നതുവരെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
 
"ന്താ കുട്ട്യേ, സ്വപ്നം കാണ്വാണോ?" അച്ഛമ്മ വെറ്റിലച്ചെല്ലവുമായി ഉമ്മറത്തേക്കു വന്നു.
 
"ഇല്ല അച്ഛമ്മേ, ഞാന്‍ വെറുതെ ഓരോന്നാലോചിച്ചു കെടന്നതാ." രവി മറുപടി പറഞ്ഞു.
 
"എല്ലാം ഒരു ദുസ്വപ്നായിരുന്നെന്നങ്ങു വിചാരിക്യ"
 
എല്ലാം ഒരു ദു:സ്വപ്നമായിരുന്നെന്നു വിചാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അച്ഛമ്മയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്ന് രവിക്ക് അറിയാം. അത്ര ലാഘവത്തോടെ വിസ്മരിക്കാന്‍ കഴിയുന്ന സംഭവങ്ങളല്ലല്ലോ രണ്ടു പതിറ്റാണ്ടുകാലം കൊണ്ട് തന്‍റെ ജീവിതത്തില്‍ സംഭവിച്ചത്.
 
തന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളുടേയും അര്‍ത്ഥമറിയാമെന്നു പറഞ്ഞവള്‍.... പ്രണയസരോവരത്തില്‍ തന്നോടൊപ്പം നീന്തിയവള്‍.... പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്‍റെ തണുപ്പിലും ചൂടിലും തന്നോടൊപ്പം കളിച്ചും ചിരിച്ചും നടന്നവള്‍, മാലാഖമാരുടെ വെണ്‍ചിറകുകളിലെ തൂവലുകളെക്കാള്‍ മാര്‍ദ്ദവമുള്ളവള്‍, ആകാശത്ത് മേഖങ്ങളുള്ള കാലത്തോളം തന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് തനിക്കായി പകര്‍ന്നു തന്നവള്‍, ജീവിതത്തിന്‍റെ മുന്തിരിച്ചാറില്‍ നിന്ന് തന്നോടൊപ്പമിരുന്ന് വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍..... അവളിന്ന് തന്നില്‍ നിന്നകന്നിരിക്കുന്നു...!!
 
"അച്ഛമ്മേ.... വാസ്തവത്തില്‍ എന്തിനാണ് എന്നെ ഇത്ര ധൃതിയില്‍ വിളിപ്പിച്ചത്?" രവി ആകാംക്ഷയോടെ ചോദിച്ചു.
 
അടുത്തുവെച്ചിരിക്കുന്ന കോളാമ്പിയില്‍ തുപ്പിയിട്ട് അച്ഛമ്മ ദീര്‍ഘനിശ്വാസം വിട്ടു.
 
"കൊറെ അധികം പറയാനുണ്ടെന്ന് കൂട്ടിയ്ക്കോ. ഇത്രടം വന്ന സ്ഥിതിക്ക് കുട്ടന്‍ കാര്യങ്ങള്‍ക്കൊക്കെ ഒരറുതി വരുത്തീട്ട് പോയാ മതി."
 
അച്ഛമ്മ എന്നിട്ടും കാര്യം പറയുന്നില്ല.
 
"അച്ഛന് തീരെ വയ്യാണ്ടായിരിക്ക്ണൂ. കുടുംബം കൊളം തോണ്ടാന്‍ അധിക സമയോന്നും വേണ്ടാലോ."

ഒരു നെടുവീര്‍പ്പോടെ അച്ഛമ്മ കാലുകള്‍ രണ്ടും നീട്ടി ഏതോ അഗാധചിന്തയില്‍ ദൂരെ വയലില്‍ വെള്ളിപ്പൊട്ടുകള്‍ പോലെ മിന്നിമറയുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരുന്നു. എന്തൊക്കെയോ ദുരൂഹതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ഈ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷം അതിനു തെളിവാണ്. എന്തെല്ലാമോ അച്ഛമ്മയുടെ മനസ്സിനെ അലട്ടുന്നുണ്ടാകാം.
 
തന്‍റെ ജീവിതത്തില്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞു എന്ന് തോന്നിയ സമയത്ത് ഒരു പ്രചോദന സ്രോതസ്സായി അവിചാരിതമായി കടന്നുവന്ന ഒരു നല്ല മനുഷ്യനാണ് ജീവിതത്തില്‍ തനിക്കിനിയുമൊരു അവസരമുണ്ടെന്ന് മനസ്സിലാക്കിത്തന്നത്. നാടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും തന്‍റെ മനസ്സില്‍ അന്ന് ഇടമില്ലായിരുന്നു. പുറം ലോകം ഒരു നരകമാണെന്നു ധരിച്ചിരുന്ന കാലമായിരുന്നു അത്. ആത്മഹത്യയുടെ വക്കിലായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയ ആ മനുഷ്യനാണ് വര്‍ഷങ്ങളോളം മദം പൊട്ടിയലഞ്ഞ മനസ്സിന്‍റെ കടിഞ്ഞാണ്‍ തനിക്കു തിരിച്ചു വാങ്ങിത്തന്നത്. തന്നെ സ്നേഹിക്കുന്ന ആ പഴയ തറവാട്ടിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം ഉപദേശിച്ചു. പക്ഷെ, വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇതാ താന്‍ തിരിച്ചു വന്നിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. ദുരൂഹതകളുടെ നടുവിലേക്കാണ് താന്‍ എടുത്തു ചാടിയിരിക്കുന്നത്.
 
"നീ ഇനിയും പലതും കേള്‍ക്കും." ശ്രീധരന്‍റെ വാക്കുകള്‍ രവിയുടെ മനസ്സിന്‍റെ ക്യാന്‍വാസില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിയിട്ടു.
 
"ന്നാ, ഇനി കുട്ടന്‍ പോയിക്കെടന്ന് ഒറങ്ങാന്‍ നോക്ക്. ക്ഷീണം കാണും." അച്ഛമ്മ വെറ്റിലച്ചെല്ലവുമായി എഴുന്നേറ്റു.
 
"അച്ഛമ്മ പോയി കിടന്നോളൂ. ഞാന്‍ അല്പസമയം കൂടി കഴിഞ്ഞ് കിടന്നോളാം."

രവി കസേരയില്‍ ചാരിക്കിടന്നു. കണ്ണടച്ചു കിടന്നപ്പോള്‍ ചിന്തകള്‍ വീണ്ടും കാടുകയറാന്‍ തുടങ്ങി. പുറത്ത് നിലാവുണ്ട്. നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും തന്‍റെ വ്യഥയെ ശമിപ്പിക്കാന്‍ കഴിയുന്നില്ല. ഹൃദയത്തിന്‍റെ സ്ഥാനത്ത് എന്തോ നീറിപ്പുകയുന്നു. അവള്‍ പോയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം കഴിയുന്നു.  അവള്‍... അതെ... തന്‍റെ സ്വപ്ന സുന്ദരി എന്ന് താന്‍ വിളിക്കാറുള്ള, തന്‍റെ നിമിഷങ്ങള്‍ക്ക് നിറം ചാലിച്ചവള്‍. സ്വപ്നത്തിലെന്നപോലെ കണ്ടുമുട്ടുകയും, അതുപോലെ വളര്‍ന്ന സൗഹൃദം രാഗാനുരാഗങ്ങളിലെത്തിയപ്പോള്‍ അവളെനിക്കെല്ലാമായി.
 
കൈവിട്ടുപോകുന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ട് എല്ലാ പകലുകളും, എല്ലാ രാവുകളും, ഞങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. ഹൃദയം ഹൃദയത്തോടു ചേര്‍ന്നു. പരസ്പരം കൈമാറിയ വികാരങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു. എവിടെയാണ് പാളിച്ചകളുണ്ടായത്? ഓര്‍മ്മയില്ല. ഒട്ടേറെ ചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു മറിഞ്ഞു. ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപകലില്ലാതെ അധ്വാനിക്കുമ്പോള്‍ താന്‍ അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച്.... ആഗ്രഹങ്ങളെക്കുറിച്ച്. തനിക്കെന്നും വലുത് അവരായിരുന്നു. അവരുടെ സന്തോഷങ്ങളായിരുന്നു..... അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മീതെ തനിക്കു മാത്രമായി ഒന്നുമുണ്ടായിരുന്നില്ല.
 
(....തുടരും)


Sunday, September 11, 2016

ആശയും വിശ്വാസവും (ചിന്താശകലം)

'ഒന്നിലും വിശ്വാസമില്ലാത്ത അവസ്ഥ അടിമത്തെത്തേക്കാള്‍ ഭീകരമാണ്' - എന്ന് ഇഖ്ബാലിന്റെ ഒരു കവിതയില്‍ പറയുന്നു.

ഒന്നിലും വിശ്വസിക്കാതെ, ഏതെങ്കിലും ചില വിശ്വാസങ്ങളെ മുറുകെപ്പിടിക്കാതെ, മനുഷ്യന് ജീവിക്കാനാവുകയില്ല.

പരീക്ഷിച്ചറിഞ്ഞേ വിശ്വസിക്കൂ എന്നു ശഠിച്ചാല്‍ ഒരു അപ്പക്കഷണം പോലും ഭക്ഷിക്കാന്‍ കഴിയാതെ പോകും. അത് ദോഷകരമല്ലെന്നോ പോഷകഗുണമുള്ളതാണെന്നോ എങ്ങനെ അറിയാന്‍ കഴിയും?

നേരിട്ടു കാണാതെയും, അവ്യക്തമായിപ്പോലും കേള്‍ക്കാതെയും പരീക്ഷിച്ച് ബോധ്യപ്പെടാതെയും പലതും വിശ്വസിച്ചാണ് നാം ഓരോ ദിവസവും തള്ളി നീക്കുന്നത്.

എന്തിനേയും വിശ്വസിക്കുന്നതും ആപത്ക്കരമാകുമെങ്കില്‍ എന്തിനെയും അവിശ്വസിക്കുന്നതും ആപത്ക്കരം തന്നെ.

ജീവിതത്തെ താങ്ങി നിര്‍ത്തുന്ന രണ്ട് നെടും‌തൂണുകളാണ് ആശയും വിശ്വാസവും.

ആശയറ്റാല്‍ ജീവിതം തകരുന്നു; വിശ്വാസമറ്റാലും അതു തന്നെയാണ് സംഭവിക്കുക.

ആശകള്‍ തന്നെ ചില ചില വിശ്വാസങ്ങളെ ആശ്രയിച്ചാണ് ഉയരുന്നതും വളരുന്നതും.

വിശ്വാസം ആശിക്കാന്‍ വക നല്‍കുന്നു; മനസ്സിനു സമാധാനവും; പ്രഭാതത്തില്‍ ഉണരുമെന്ന വിശ്വാസമില്ലെങ്കില്‍ രാത്രി ആര്‍ക്കാണുറങ്ങാന്‍ കഴിയുക !

Thursday, September 8, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം ഏഴ്

കിഴക്കെ ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പ്രഭാപൂരം പരത്തിക്കൊണ്ട് ചന്ദ്രക്കല ഭൂമിയിലേക്കെത്തി നോക്കി. കൂട്ടം തെറ്റിയ കാക്കകള്‍ ഒരോന്നായി കൂടണയാന്‍ തിടുക്കത്തില്‍ പറന്നു പൊയ്ക്കൊണ്ടിരുന്നു. പകലിനേക്കാള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്. രാത്രി സുന്ദരിയാണ്. ഡല്‍ഹിയില്‍ ജീവിതം ആരംഭിച്ചതിനുശേഷമാണ് രാത്രികളെ സ്നേഹിക്കാന്‍ പഠിച്ചത്.
 
സന്ധ്യയുടെ ചുവപ്പില്‍ നിന്നും കുളിര്‍മ്മയുടെ കറുപ്പോടെ കയറി വരുന്ന തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. തന്‍റെ ഏകാന്തതയില്‍ നിശ്ശബ്ദമായി തനിക്ക് കൂട്ടായെത്തുന്നവള്‍. വിരസമായ പകലുകള്‍ക്കു ശേഷം തന്‍റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ സുഖം നല്‍കുന്നവള്‍.
 
കറുത്തതായാലും അവള്‍ അതിസുന്ദരിയാണ്. കാട്ടുപെണ്ണിനെപ്പോലെ നിഷ്ക്കളങ്കയാണ്. നിശ്ശബ്ദതയെ കീറിമുറിച്ച് കിളികള്‍ ചിലക്കുമ്പോള്‍ അവള്‍ ഞെട്ടി എഴുന്നേല്‍ക്കും. തിടുക്കപ്പെട്ട് യാത്രപോലും പറയാതെ ഓടി മറയും. രാത്രിയുടെ യാമങ്ങളില്‍ ഏകാന്തനാകുമ്പോള്‍ അവളുടെ സാമീപ്യം അനുഭൂതിയുളവാക്കും. അവള്‍ ചിരിക്കുന്നത് നിലാവുള്ള രാത്രികളിലാണ്. നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി കാവലായി താനും ഉറങ്ങാതിരിക്കും.
 
"നീ ഇപ്പോഴും ആലോചനയിലാണോ?" ശ്രീധരന്‍റെ ചോദ്യം രവിയെ ചിന്തയില്‍ നിന്നുണര്‍ത്തി.
 
"ഏയ്" മുഖത്തെ ജാള്യത മറച്ച് രവി പറഞ്ഞു.
 
പഞ്ചായത്ത് റോഡ് ചെന്നവസാനിക്കുന്നത് മെയിന്‍ റോഡിലാണ്. അതൊരു കവലയാണെന്നു വേണമെങ്കില്‍ പറയാം. പണ്ടവിടെ ഒന്നുരണ്ടു പലചരക്കു കടകളും ഒരു ചായക്കടയും രണ്ടുമൂന്നു പെട്ടിക്കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ജംഗ്ഷനില്‍ തന്നെ ഒരു പഞ്ചായത്തു കിണറും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ഞങ്ങള്‍ കുറച്ചുപേരുടെ സമ്മേളന സ്ഥലമായിരുന്നു അവിടം. ആ പഞ്ചായത്തു കിണറിനു ചുറ്റുമിരുന്ന് വഴിയേ പോകുന്നവരെ കമന്‍റടിച്ചും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും സമയം കളയുമായിരുന്നു. ആകെയുള്ള രണ്ടുനിലക്കെട്ടിടം വര്‍ഗീസ് ചേട്ടന്‍റേതായിരുന്നു. രണ്ടുനിലയെന്നു പറഞ്ഞാല്‍ പഴയ കാലത്തെ ഓടിട്ട ഒരു കട. അതിനു മുകളില്‍ ഒരു മുറി. ഗ്രാമീണ വായനശാല പ്രവര്‍ത്തിച്ചിരുന്നത് ആ മുറിയില്‍ ആയിരുന്നു. വൈകീട്ട് ഞങ്ങളുടെ സമ്മേളനം അവിടെയും നടക്കുമായിരുന്നു.
 
ഇന്ന് ആ സ്ഥലം പാടേ മാറിയിരിക്കുന്നു. പഴയ ഓടിട്ട കടയുടെ സ്ഥാനത്ത് രണ്ടു നിലകളിലായി എട്ടുപത്തു മുറികളുള്ള ഒരു ബില്‍ഡിംഗ്. പിന്നേയും പല കടകളും ഹോട്ടലുകളും, ചായക്കട, മുറുക്കാന്‍ കട, ബേക്കറി, ചിക്കന്‍ സെന്‍റര്‍, വീഡിയോ ലൈബ്രറി, ടെലഫോണ്‍ ബൂത്ത് എന്നുവേണ്ട പലതരം ബിസിനസ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു വശത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍റും മറുവശത്ത് ഓട്ടോ സ്റ്റാന്‍റും. കാലങ്ങള്‍ മാറിയതോടെ നാടിന്‍റെ മാറ്റവും കണ്ട് രവി അത്ഭുതപ്പെട്ടു.
 
"അല്ലാ, ഇതാരാ? അറിയുമോടോ?" ഒരാള്‍ അടുത്തു വന്നു ചോദിച്ചു. ആളെ മനസ്സിലാകാതെ രവി പരുങ്ങി.
 
"നീ മറന്നു കാണും. ഇതാണ് നമ്മുടെ രാജു...ഓര്‍ക്കുന്നോ?" ശ്രീധരന്‍ ചോദിച്ചു.
 
"ഓ.....മൈ ഗോഡ്. രാജു..കണ്ടിട്ട് മനസ്സിലായില്ല കേട്ടോ" രവി അത്ഭുതം കൂറി.
 
"നീ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഒന്നുരണ്ടു ദിവസം കഴിഞ്ഞിട്ട് കാണാമെന്നു വിചാരിച്ചു. ഏതായാലും ഇപ്പോള്‍ കണ്ടതില്‍ വളരെ സന്തോഷം"
 
രാജുവും ശ്രീധരനും താനും ഒരേ ക്ലാസ്സില്‍ പഠിച്ചവരായിരുന്നു. രവി ഓര്‍ത്തു.
 
"പണ്ട് ശ്രീരാമന്‍ വനവാസത്തിനു പോയ പോലെയായല്ലോ നിന്‍റെ കാര്യം. എന്നാലും നാടിനോടും നാട്ടുകാരോടും അത്രയ്ക്ക് വെറുപ്പായോ നിനക്ക്. വീടിന്‍റെ കാര്യം പറയുന്നില്ല." രാജുവിന്‍റെ പരിഭവം.
 
തന്‍റെ മനസ്സില്‍ പുകയുന്ന നെരിപ്പോടിന്‍റെ ശക്തി എത്രയാണെന്ന് ഇവനറിയില്ലല്ലോ. രവി മനസ്സില്‍ ഓര്‍ത്തു......................

വര്‍ഷങ്ങള്‍ക്കുമുന്‍പ് പെട്ടെന്നൊരു ദിവസം സ്വന്തം അച്ഛന്‍റെ തിരസ്ക്കാരത്തില്‍ മനം പിടഞ്ഞുമരിച്ചപ്പോള്‍ ഇളകി മറിഞ്ഞു വീണത് ഒരു പതിനഞ്ചുകാരന്‍റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കരയാന്‍ പോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്‍റെ അലര്‍ച്ചകള്‍ മാറ്റൊലിക്കൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ചിതാഭസ്മം മണക്കുന്ന ഇടനാഴികളിലായിരുന്നു. അതിനു താന്‍ വില നല്‍കേണ്ടിവന്നത് ചില നല്ല മനുഷ്യരുടെ സ്നേഹബന്ധങ്ങളായിരുന്നു. ഒപ്പം മനസ്സിനേല്പിച്ച വൃണങ്ങളില്‍ തിരസ്ക്കാരത്തിന്‍റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകളും. പിന്നൊരു ഒളിച്ചോട്ടമായിരുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് തന്‍റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ചു. ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി, എന്തിനെന്നറിയാതെ. എത്തിപ്പെട്ടത് നഗരത്തിന്‍റെ നിശാവസ്ത്രം പുതച്ച, മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്‍വീഥികളിലായിരുന്നു. ആ കഥയൊക്കെ ഇവരുണ്ടോ അറിയുന്നു. രവി ആത്മഗതം ചെയ്തു.
 
"ഏയ്, അതൊന്നുമല്ലെടാ...എല്ലാം വിശദമായി ഒരിക്കല്‍ സംസാരിക്കാം." രവി പറഞ്ഞു.
 
"എങ്കില്‍ വാ....നമുക്കോരോ കാപ്പി കുടിക്കാം." അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. മൂന്നു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തു.

"പിന്നെ, പറയെടാ നിന്‍റെ വിശേഷം. നീ ആളാകെ മാറിപ്പോയി. തടി അല്പം കൂടുതലാണോ എന്നൊരു സംശയം." രാജു വിടാനുള്ള ഭാവമില്ല.
 
"നീ ഇപ്പോള്‍ എന്തു ചെയ്യുന്നു?" രവിയുടെ ചോദ്യം കേട്ട് രാജു ശ്രീധരന്‍റെ മുഖത്തേക്കു നോക്കി.
 
"അവന്‍റെ കഥ ഒരു നീണ്ട കഥ തന്നെയാണ് രവീ. സൗകര്യം പോലെ അവന്‍ തന്നെ അതു പറയും." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"അതൊക്കെ പോകട്ടെ. നിന്‍റെ കാര്യം പറഞ്ഞില്ല......" രാജു ചോദിച്ചു.
 
"അതും ഒരു നീണ്ടകഥയാണ്. പിന്നെ പറയാം." മൂന്നു പേരും ചിരിച്ചു.
 
"വാസുവേട്ടാ, ഇങ്ങോട്ടൊന്നു വന്നേ. ഒരാളെ പരിചയപ്പെടുത്താം." കൗണ്ടറിലിരുന്ന ആളെ ശ്രീധരന്‍ വിളിച്ചു. അയാള്‍ അടുത്തു വന്നു.
 
"വാസുവേട്ടന്‍ ഈ ഇരിക്കുന്ന ആളെ അറിയുമോ?" ശ്രീധരന്‍റെ ചോദ്യത്തിന് ഇല്ല എന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
 
"ആരാ, മനസ്സിലായില്ല."
 
"വാസുവേട്ടാ, ഇത് നമ്മുടെ വില്വമംഗലത്തെ......."

ശ്രീധരന്‍ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അയാള്‍ രവിയെ രണ്ടുകൈകള്‍ കൊണ്ടു പൊക്കി നിര്‍ത്തി ഇരു തോളുകളിലും കൈകള്‍ വെച്ച് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ചിരിക്കുകയാണെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് രവി ശ്രദ്ധിച്ചു. വല്ലാത്തൊരവസ്ഥയില്‍ അന്തംവിട്ടു നില്‍ക്കുന്ന രവിയെ കെട്ടിപ്പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു....

"നീ എന്നെങ്കിലുമൊരിക്കല്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലും ഇത്രയും നാള്‍....?"

 
ചോദ്യഭാവേന രവി ശ്രീധരനെ നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ ശ്രീധരനും രാജുവും ഇരിക്കുകയാണ്. വാസുവേട്ടനും അടുത്തുള്ള കസേരയിലിരുന്നു.
 
"വാസുവേട്ടാ...അവനെ വെറുതെ വിഷമിപ്പിക്കാതെ ആരാണെന്നൊന്നു പറഞ്ഞു കൊടുക്ക്. അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ പറയാം." ശ്രീധരന്‍ വാസുവേട്ടനെ നോക്കി പറഞ്ഞു നിര്‍ത്തി.

അപ്പോഴും വാസുവേട്ടന്‍ രവിയെത്തന്നെ നോക്കിയിരിക്കുകയാണ്. ആ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് അപ്പോഴാണ് രവിയുടെ ശ്രദ്ധയില്‍ പെട്ടത്. എത്ര ആലോചിച്ചിട്ടും രവിക്ക് ആളെ മനസ്സിലായില്ല.
 
"നിന്‍റെ ശേഖരന്‍ മാമന്‍റെ മൂത്ത മകനെപ്പറ്റി നീ കേട്ടിട്ടുണ്ടോ? പണ്ടത്തെ ബോംബെവാല?"

 ശ്രീധരന്‍റെ ചോദ്യം കേട്ട് രവി അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ തന്‍റെ മുന്‍പിലിരിക്കുന്ന ആളെ നോക്കി. താന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഒരിക്കല്‍ നാട്ടില്‍ വന്നതു കണ്ടത് ചെറിയൊരോര്‍മ്മയുണ്ട്. അന്ന് ബോംബെയിലാണെന്നു പറഞ്ഞാല്‍ ഇന്നത്തെ ഗള്‍ഫുകാരെക്കാള്‍ ഗമയായിരുന്നു. അമ്മയുടെ മൂത്ത സഹോദരനാണ് ശേഖരമാമ. ആ അമ്മാവന്‍റെ മകനാണ് തന്‍റെ മുന്‍പിലിരിക്കുന്ന വാസുദേവനെന്ന വാസുവേട്ടന്‍ ! രവി തന്‍റെ കുട്ടിക്കാലത്തേക്ക് ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി.
 
എന്താണ് പറയേണ്ടതെന്നറിയാതെ രവി കുഴഞ്ഞു. ബോംബെയിലെവിടെയോ ബിസിനസ്സാണെന്നു അന്നത്തെ കാലത്ത് പറയുന്നതു കേട്ടിട്ടുണ്ട്. നാട്ടില്‍ അങ്ങനെയൊന്നും വരാറില്ല. ചെറുപ്പത്തിലേ നാടുവിട്ട് ബോംബെയിലെത്തിയതാണ്. ഒരിക്കല്‍ വന്നപ്പോഴാണ് വീട്ടിലും വന്നത്. അഞ്ചാം ക്ലാസ്സുകാരനായ തന്നെ അടുത്തു വിളിച്ചു നിര്‍ത്തി ഒരു പേന സമ്മാനമായി തന്നിട്ട് പറഞ്ഞു 'മിടുക്കനായി പഠിക്കണം' എന്ന്. ആ ഓര്‍മ്മയേ ഉള്ളൂ.
 
"നീയെന്താ രവീ ആലോചിക്കുന്നത്? ഇനിയും വിശ്വാസമായില്ലേ?" വാസുവേട്ടന്‍റെ ചോദ്യം കേട്ട് രവി പരിസരബോധം വീണ്ടെടുത്തു.
 
"ഏയ് ഒന്നുമില്ല. ഞാന്‍ പഴയ കാര്യങ്ങള്‍....?"
 
"എനിക്കറിയാം നിനക്കെന്നെ മനസ്സിലായില്ലെന്ന്. വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ?"
 
"അച്ഛന് കലശലാണെന്ന വിവരം അറിഞ്ഞിട്ടു വന്നതാണ്." രവി പറഞ്ഞു.
 
"കലശലോ? എന്തു കലശല്?" അത്ര സുഖകരമല്ലാത്ത രീതിയില്‍ വാസുവേട്ടന്‍ പറഞ്ഞു.
 
"അനുഭവിക്കണം. എല്ലാം അനുഭവിപ്പിച്ചേ ദൈവം തിരിച്ചു വിളിയ്‌ക്കൂ. അത്രയ്ക്കും ദ്രോഹമല്ലേ എന്‍റെ അമ്മായിയോട് അയാള്‍ ചെയ്തത്." കോപവും സങ്കടവും ആ ശബ്ദത്തില്‍ ധ്വനിച്ചിരുന്നു.
   രവി ഒന്നും ഉരിയിടാതെ അയാളെത്തന്നെ നോക്കിയിരുന്നു.
 
"വാസുവേട്ടാ, എന്താ ഇത്?" ശ്രീധരന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
 
"സോറി രവീ, എന്‍റെ വിഷമം കൊണ്ട് പറഞ്ഞുപോയതാണ്. നിങ്ങള്‍ കാപ്പി കുടിക്കൂ." വാസുവേട്ടന്‍ കൗണ്ടറിനകത്തേക്കു കയറി.
 
അച്ഛന്‍റെ ചെയ്തികളില്‍ താന്‍ മാത്രമല്ല മറ്റു പലര്‍ക്കും മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. രവി സ്വയം പറഞ്ഞു. പ്രഹരമേറ്റ പ്രതീക്ഷകള്‍ കലമ്പിക്കൂടിയ മനസ്സുമായി രവി ഇരുന്നു. ചിന്തകള്‍ക്കു മേലെ ഒരുപിടി മോഹങ്ങളും സ്വപ്നങ്ങളും ചേര്‍ത്ത് വെച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തുമ്പോള്‍ ഇന്നോ നാളെയോ അവ പ്രാവര്‍ത്തികമാവുമെന്ന് താന്‍ വിശ്വസിച്ചു. ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റുന്നില്ല. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പലായനങ്ങള്‍.....ആഗ്രഹങ്ങള്‍ എവിടെയൊക്കെയോ ചെന്നിടിച്ച് ചിതറിത്തെറിച്ച വെള്ളാരം കല്ലുകള്‍ പോലെയായി.
 
"രവീ, നീ ഇനിയും പലതും കേള്‍ക്കും. മനസ്സു തളരരുത്. സംയമനം പാലിക്കണം." രാജു ഉപദേശിച്ചു.
 
കാപ്പി കുടി കഴിഞ്ഞ് മൂന്നുപേരും എഴുന്നേറ്റു. പണം കൊടുക്കാന്‍ ശ്രീധരന്‍ കൗണ്ടറിനടുത്തേക്കു ചെന്നപ്പോഴേക്കും വാസുവേട്ടന്‍ പുറത്തിറങ്ങി വന്നു. ശ്രീധരന്‍ കൊടുത്ത കാശ് തിരിച്ചു കൊടുത്തിട്ടു പറഞ്ഞു.... "കണക്കിലെഴുതിക്കൊള്ളാം." എല്ലാവരും ചിരിച്ചു.
 
"രവീ നീ വന്നെന്നറിഞ്ഞാല്‍ അമ്മ എനിക്ക് ഇരിക്കപ്പൊറുതി തരികയില്ല. അതുകൊണ്ട് നാളെത്തന്നെ നീ വീട്ടിലേക്കു വരണം."
 
നോക്കട്ടെ വാസുവേട്ടാ എന്നും പറഞ്ഞ് രവി അവിടെ നിന്നിറങ്ങി.
 
"രവീ, കാര്യങ്ങളുടെ ഗൗരവം നിനക്കേതാണ്ട് മനസ്സിലായിക്കാണുമല്ലോ?" ശ്രീധരനും രാജുവും ചോദിച്ചു.
 
"എന്നുവെച്ച് നീ വേവലാതിപ്പെടുകയൊന്നും വേണ്ട. നാളെ നേരം വെളുക്കുമ്പോള്‍ നീ വന്നിട്ടുണ്ടെന്ന വിവരം എല്ലാവരും അറിയും. പല കഥകളുമായി പലരും വരാന്‍ സാധ്യതയുണ്ട്. വളരെ ആലോചിച്ചേ എല്ലാവരോടും മറുപടി പറയാവൂ. നമുക്ക് സൗകര്യമായി പിന്നീടൊരിക്കല്‍ സംസാരിക്കാം. ഇപ്പോള്‍ നിന്നെ വീട്ടില്‍ കൊണ്ടുവിടാം. ഈ നാട്ടില്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ പാതിരാത്രിയാണ്." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.

"ആ കുന്ത ചാലില്‍ ചെന്ന് തെയ്യന്താരേ...
ആ കുന്ത വേരെടുത്ത് തെയ്യന്താരേ..
വെയിലത്തിട്ടൊന്നു വാട്ടി തെയ്യന്താരേ..
മെയ്യണി കുഞ്ഞഴി തെയ്യന്താരേ
വട്ടിയും നെയ്യുവാണേ തെയ്യന്താരേ..."

ആരോ രണ്ടുപേര്‍ മതിമറന്നു പാടിക്കൊണ്ട് മുന്നില്‍ നടന്നുപോകുന്നു. ഒരാണും ഒരു പെണ്ണും.
 
"ആരാണവര്‍?"
 
"കഞ്ഞേലായിയേ..., ഇന്നു രണ്ടും നല്ല ഫിറ്റാണല്ലോ?" അടുത്തു ചെന്ന് ശ്രീധരന്‍ ചോദിച്ചു.

വേലായുധന്‍ എന്ന പേര് നാട്ടുകാര്‍ വിളിച്ച് വിളിച്ച് കുഞ്ഞേലായി എന്നായി മാറിയതാണ്. പണിക്കുപോകുന്ന വീടുകളില്‍ എല്ലാവരും വേലായി എന്നു വിളിച്ച് കൂട്ടത്തില്‍ ഒരു കുഞ്ഞും കൂടെ ചേര്‍ത്ത് അങ്ങനെ കുഞ്ഞു വേലായി 'കുഞ്ഞേലായി'യായി.

കുഞ്ഞേലായി തിരിഞ്ഞു നിന്നു. കൂട്ടത്തില്‍ ഭാര്യ കുറുമ്പയുമുണ്ട്.

"ങ്ആ, തമ്പ്രാനേ...ഇന്നിച്ചിരി കൂടിപ്പോയി." കുഞ്ഞേലായിയും കുറുമ്പയും വഴിയോരത്തേക്ക് മാറി ഒതുങ്ങി നിന്നു. തോളില്‍ തോര്‍ത്തില്‍ കെട്ടിയ നിലയില്‍ രണ്ടു കെട്ടുകളുമുണ്ട്. ഒന്ന് പുറകിലേക്കും ഒന്നു മുന്‍പിലേക്കും ഇട്ടിരിക്കുന്നു. കുറുമ്പയുടെ കൈയില്‍ മുഷിഞ്ഞ ഒരു സഞ്ചിയുണ്ട്. സഞ്ചിക്കുള്ളില്‍ എന്തൊക്കെയോ പലവ്യജ്ഞനങ്ങളാണെന്നു തോന്നുന്നു.

രവിക്ക് അവരെ മനസ്സിലായി. വര്‍ഷങ്ങളുടെ പഴക്കം അവരുടെ ശരീരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പക്ഷേ, കാലചക്രം കറങ്ങിയപ്പോഴും അവരുടെ ദിനചര്യകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെ. പണ്ടും ഇങ്ങനെയായിരുന്നു. നേരം വെളുക്കുമ്പോള്‍ രണ്ടും പണിക്കിറങ്ങും. സന്ധ്യയാകുമ്പോള്‍ കൂലിയും വാങ്ങി വീട്ടിലേക്കുള്ള അരിയും സാധനങ്ങളുമൊക്കെ വാങ്ങി അടുത്ത ഷാപ്പില്‍ കയറി അല്പം അകത്താക്കി പാട്ടും പാടി റോഡിലൂടെ നടന്നു നീങ്ങും. എത്ര സന്തോഷകരമായ ജീവിതം. ആരോടും പരാതിയില്ല, പരിഭവവുമില്ല. പണ്ട് അച്ഛന്‍റെ പണിക്കാരായിരുന്നു രണ്ടുപേരും. ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നു.
 
"എന്താ കുഞ്ഞേലായി അറിയോ?" രവിയുടേ ചോദ്യം കേട്ട് ബഹുമാനത്തോടെ ശ്രീധരന്‍റെ മുഖത്തേക്കു നോക്കി. കാലുറയ്ക്കാതെ ആടിയാടിയാണ് നില്പ്. തന്നെ മനസ്സിലാകാതെ സൂക്ഷിച്ചു നോക്കുന്നുണ്ടെങ്കിലും വീണ്ടും ശ്രീധരന്‍റെ നേരെ തിരിഞ്ഞു.
 
"കുഞ്ഞേലായീ ഇതു ഞാനാ. പഴയ രവിക്കുഞ്ഞ്"
 
"യ്യോ രവിക്കുഞ്ഞേ....."കുഞ്ഞേലായിക്ക് വിശ്വാസം വരാതെ രവിയുടെ കൈകളില്‍ കയറിപ്പിടിച്ചു. പെട്ടെന്ന് വിടുകയും ചെയ്തു.
 
"എന്താ കുഞ്ഞേലായി .....എന്തു പറ്റി?" രവി ചോദിച്ചു.
 
"യ്യോ ഇപ്പ രവിക്കുഞ്ഞല്ല, തമ്പ്രാനായില്ലേ? അതുകൊണ്ടാ." കുഞ്ഞേലായി ഭവ്യതയോടെ മാറി നിന്നു.
 
"അതുകൊണ്ടെന്താ കുഞ്ഞേലായി ..ഞാന്‍ രവിക്കുഞ്ഞു തന്നെയാണ്."
 
"ഓ...... " കുഞ്ഞേലായി തലചൊറിഞ്ഞുകൊണ്ട് ചിരിച്ചു. മുമ്പിലെ പല്ലുകള്‍ കൊഴിഞ്ഞു പോയതുകൊണ്ട് ആ ചിരി കാണാനും ഒരു രസമുണ്ടായിരുന്നു.
 
"എന്താ കുഞ്ഞേലായി ...പല്ലൊക്കെ കുറുമ്പ തല്ലിക്കളഞ്ഞതാണോ?" രവി ചോദിച്ചു. കുഞ്ഞേലായി തലതല്ലി ചിരിച്ചു.
 
"യ്യോ തമ്പ്രാ, ഏനൊന്ന്വല്ലേ.." കുറുമ്പ ദയനീയതയോടെ രവിയെ നോക്കി പറഞ്ഞു.
 
"ങ്ആ, നിങ്ങള്‍ പൊയ്ക്കോ. പിന്നെ കാണാം" രവി പറഞ്ഞു. രണ്ടുപേരും ആടിയാടി നടന്നു നീങ്ങി.
 
"നമ്മുടെ തമ്പ്രാനും തെയ്യന്താരേ
കുഞ്ഞുണ്ണിത്തമ്പ്രാനും തെയ്യന്താരേ
വട്ടി തരികവേണം തെയ്യന്താരേ
മെല്ലണ കുഞ്ഞഴകി തെയ്യന്താരേ...."

രണ്ടുപേരും പാടിപ്പാടി അകന്നുപോകുന്നതും നോക്കി രവിയും ശ്രീധരനും രാജുവും ചിരിച്ചു.
 
"പാവങ്ങളാണ്. പകലന്തിയോളം അദ്ധ്വാനിച്ച് കഷ്ടപ്പെട്ടു ജീവിക്കുന്നു." രാജു പറഞ്ഞു.
 
"ശരിയാണ്. പണ്ട് വീട്ടിലെ സ്ഥിരം പണിക്കാരായിരുന്നല്ലോ രണ്ടുപേരും." രവി ഓര്‍ത്തു.
 
"നീ വാ" ശ്രീധരനും രാജുവും പടിപ്പുരവരെ അനുഗമിച്ചു. പിറ്റേന്ന് കാണാമെന്നു പറഞ്ഞ് രണ്ടുപേരും പോയി.



(........തുടരും.)

Tuesday, September 6, 2016

ക്ഷേത്രത്തില്‍ മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന ഹിന്ദു പെണ്‍‌കുട്ടി

മതവൈര്യവും അസഹിഷ്ണുതയും വര്‍ഗീയ ലഹളയും ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍, ഭാഷയും അധ്യാപനവും ജാതി-മത ചിന്തകള്‍ക്കതീതമാണെന്ന് കാണിച്ചുകൊടുക്കുകയാണ് പൂജ ഖുശ്‌വാഹ എന്ന പതിനെട്ടുകാരി.

ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയിലാണ് ഈ അത്യപൂര്‍‌വ്വ കാഴ്ച. കോളനിയിലെ താമസക്കാരിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി പൂജ ഖുശ്‌വാഹയാണ് 35 മുസ്ലീം കുട്ടികളുടെ അറബി അദ്ധ്യാപികയായി അവര്‍ക്ക് ഖുര്‍‌ആന്‍ പഠിപ്പിക്കുന്നത്.

മറ്റേതു ഭാഷയെക്കാളും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പൂജയ്ക്ക് കഴിയുന്നുവെന്നുള്ളതാണ് ഞങ്ങളുടെ കുട്ടികളെ പൂജയുടെ അടുത്ത് പഠിക്കാന്‍ വിടുന്നതെന്ന് അഞ്ചു വയസ്സുകാരി അലീഷയുടെ മാതാവ് രേഷ്മ ബീഗം പറയുന്നു. ഇത്രയും ചെറുപ്രായത്തില്‍ മറ്റേതു കുട്ടികളും ചെയ്യാത്ത ഈ സല്‍‌പ്രവൃത്തി തീര്‍ച്ചയായും പൂജയെ ഞങ്ങളുടെ കുട്ടികളുടെ അദ്ധ്യാപികയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലീം മാതാപിതാക്കള്‍ പറയുന്നു. അവളുടെ ജാതിയോ മതമോ ഞങ്ങള്‍ക്കൊരു പ്രശ്നമേ അല്ലെന്നും അവര്‍ പറയുന്നു.

എങ്ങനെയാണ് പൂജ ഖുര്‍‌ആനും അറബി ഭാഷയും സ്വായത്തമാക്കിയത്? കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളില്‍ ഒരു വനിത ഇതുപോലെ അറബി പഠിപ്പിച്ചിരുന്നു എന്ന് പൂജ പറയുന്നു. മുസ്ലീം പിതാവിന് ഹിന്ദു മാതാവില്‍ ജനിച്ച സംഗീത ബീഗം ആയിരുന്നു അവര്‍. എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്ന അവര്‍ അക്കാലത്ത് അറബി ക്ലാസ് എടുത്തിരുന്നു. പൂജയുടെ ബാല്യകാലത്ത് സംഗീത ബീഗത്തിന്റെ ക്ലാസുകളില്‍ അറ്റന്റ് ചെയ്തിരുന്നു എന്നും, അങ്ങനെയാണ് അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതെന്നും പൂജ പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ചില വ്യക്തിപരമായ കാരണങ്ങളാല്‍ സംഗീത ബീഗത്തിന് പഠിപ്പിക്കാന്‍ കഴിയാതെ വന്നു. അന്ന് പൂജയെയാണ് തന്റെ പിന്തുടര്‍ച്ചാവകാശിയായി സംഗീത ബീഗം ചുമതലയേല്പിച്ചത്. "അറിവ് ലഭിക്കുന്നത് ഒരു കുറ്റമല്ല, ലഭിച്ച അറിവുകള്‍ പകര്‍ന്നു കൊടുക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ അറിവു നേടുന്നത്.." സംഗീത ബീഗത്തിന്റെ ഈ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് പൂജ പറയുന്നു.

പ്രദേശവാസികളായ 35 കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതില്‍ പൂജ വളരെ സന്തോഷവതിയാണ്. പരിമിത സൗകര്യമുള്ള തന്റെ ഭവനത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു പ്രതിഫലവും പൂജ കൈപ്പറ്റുന്നില്ല. അത് കണ്ടറിഞ്ഞ പ്രദേശത്തെ മുതിര്‍ന്നവര്‍ ക്ഷേത്രത്തില്‍ സൗകര്യം ചെയ്തു കൊടുത്തു. അവിടെയാണ് പൂജയുടെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അറബി പഠനം നടത്തുന്നത്. പൂജയുടെ മൂത്ത സഹോദരിയും ഗ്രാജ്വേറ്റുമായ നന്ദിനി ഹിന്ദി പഠിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ഭഗവത്‌ഗീഥയും പഠിപ്പിക്കുന്നു.

ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു ഫീസും ഇവര്‍ ഈടാക്കുന്നില്ലെന്നു മാത്രമല്ല, ഈ സഹോദരിമാരുടെ നിശ്ചയദാര്‍ഢ്യത്തിലും, മതസൗഹാര്‍ദ്ദത്തിലും ആകൃഷ്ടരായി നിരവധി പേര്‍ രംഗത്തു വന്ന് അവര്‍ക്ക് പ്രോത്സഹനം നല്‍കുന്നു. "എന്റെ പെണ്‍‌മക്കള്‍ രണ്ടുപേരും ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്" - പൂജയുടേയും നന്ദിനിയുടേയും മാതാവ് റാണി ഖുശ്‌വാഹ പറയുന്നു.

പ്രദേശവാസികളായ മുസ്ലീം സമൂഹം ഈ പെണ്‍‌കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം വര്‍ഗീയതയുടെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍ ഈ പ്രദേശത്ത് ഇങ്ങനെയൊരു അപൂര്‍‌വ്വ സംഭവം നടക്കുന്നത് തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് പ്രമുഖ മുസ്ലീം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ എഴുപതുകാരന്‍ ജമാലുദ്ദീന്‍ ഖുറൈശിയുടെ അഭിപ്രായം.

"ഈ മതസൗഹാര്‍ദ്ദമാണ് ഈ പ്രദേശത്തെ ധന്യമാക്കുന്നത്. കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ജാതിയോ മതമോ നോക്കേണ്ടതില്ല. ജാതിമതങ്ങള്‍ക്ക് അതീതരാണവര്‍. ഇവിടെ ഒരു പൂജ ഖുശ്‌വാഹ എന്ന ഹിന്ദു പെണ്‍‌കുട്ടി മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്നു. ആര്‍ക്കു വേണമെങ്കിലും അറബി പഠിക്കാം. ഖുര്‍‌ആനും പഠിക്കാം.... ഇവ രണ്ടും പഠിക്കുന്നതില്‍ നിന്ന് ആരേയും ഇസ്ലാം വിലക്കുന്നില്ല..." ഖുറൈശി പറയുന്നു !

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം !!

Sunday, September 4, 2016

അത്തപ്പൂക്കളവും പിണറായി വിജയനും (ലേഖനം)

അത്തപ്പൂക്കളത്തിന്റെയും ഓണാഘോഷത്തിന്റെയും പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് ഈയ്യിടെ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ദൈവവിശ്വാസികളല്ലെന്നും, മതവൈരികളാണെന്നുവരെ ചിലര്‍ പറഞ്ഞു വെച്ചു. കാലാകാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്ന പതിവുണ്ടെന്നും, ഇത്തവണ അത് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് പ്രചരണം കൊഴുക്കുന്നത്.

എന്നാല്‍, താന്‍ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് മനസ്സിലാക്കാതെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് ഇത്തരം ആരോപണങ്ങളുടെ ഉറവിടമെന്ന് മുഖ്യമന്ത്രി പറയുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞതെന്ത്? മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്ത്? അതറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കില്ലേ? അപ്പോള്‍ ശരിയായ റിപ്പോര്‍ട്ടിംഗാണ് ഇവിടെ ആവശ്യം. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നു പറഞ്ഞപോലെ മുന്‍ സര്‍ക്കാരുകള്‍ പുലര്‍ത്തി വന്നിരുന്ന ചില കീഴ്‌വഴക്കങ്ങള്‍ ശരിയല്ല എന്നു തോന്നിയപ്പോള്‍ അത് മാറ്റിയെഴുതാന്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ഭരണപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചപ്പോള്‍, അതിന്റെ ഗുണവശങ്ങള്‍ മനസ്സിലാക്കാതെ അല്ലെങ്കില്‍ അവ എത്രത്തോളം ജനോപകാരവും ജനപ്രിയവും ആകുമെന്ന് വിലയിരുത്താതെ നെഗേറ്റീവ് വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ല.

ഓണാഘോഷവും അനുബന്ധമായ പൂക്കളമിടലിലുമൊക്കെ മുഖ്യമന്ത്രി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് സെക്രട്ടേറിയറ്റിലെ വെള്ളക്കോളര്‍ ഉദ്യോഗസ്ഥര്‍ക്ക് ദഹിക്കാതെ പോയത്. സര്‍ക്കാര്‍ ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. മഹാബലി ഏതെങ്കിലും ഒരു ജാതിയുടേയോ മതത്തിന്റേയോ സ്വന്തവുമല്ല. ഓണം ഏതെങ്കിലും ഒരു മതത്തിനു മാത്രം അവകാശപ്പെട്ടതുമല്ല. അമേരിക്കയില്‍ ചില കൃസ്ത്യന്‍ പള്ളികളില്‍ ഓണം ആഘോഷിക്കുന്നതിനെതിരെ ചിലര്‍ ആരോപണങ്ങളുമായി രംഗത്തു വന്നത് ഓര്‍ക്കുന്നു. ഓണത്തിന്റെ ഉത്ഭവവും അത് കേരളീയരുടെ മാത്രം ആഘോഷമായതെങ്ങനെയെന്നും അറിയാവുന്നവരായിരുന്നെങ്കില്‍ അത്തരത്തിലൊരു പ്രതികരണം ഉണ്ടാകുകയില്ലായിരുന്നു.

അസുര രാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകനായിരുന്നു മഹാബലി എന്നാണ് ചരിത്രം. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലമത്രെ. പ്രജകള്‍ എല്ലാവരും സമൃദ്ധിയോടും സന്തോഷത്തോടും കൂടി ജീവിച്ചിരുന്ന കാലം. മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടുകയും മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് ദാനശീലനായ മഹാബലിയോട് ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെടുകയും മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കുകയും, നിമിഷനേരം കൊണ്ട് ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുക്കുകയും, മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുക്കുകയും വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്നും, ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി എന്നുമാണല്ലോ ഐതിഹ്യം. ഇവിടെ ദേവന്മാരും, അസുരന്മാരും, മഹാവിഷ്ണുവുമൊക്കെ ഹൈന്ദവ വിശ്വാസികളുടെ ആരാധ്യരാണെങ്കിലും, മഹാബലി നാടു വാണ ഒരു ചക്രവര്‍ത്തിയായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസല്‍മാനുമൊക്കെ പ്രജകളില്‍ പെട്ടവരുമായിരുന്നു. അപ്പോള്‍ മഹാബലി ആണ്ടിലൊരിക്കല്‍ തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുമ്പോള്‍ 'ഞങ്ങള്‍ ഇപ്പോഴും സുഭിക്ഷരായി കഴിയുന്നു' എന്ന് ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്താന്‍ ഓണം ആഘോഷിക്കുന്നത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. കൃസ്ത്യന്‍ പള്ളികളില്‍ മാത്രമല്ല എല്ലാ ജാതി മതസ്ഥരും ഓണം ആഘോഷിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഓണം മലയാളിയുടെ മാത്രം ആഘോഷമാണെന്ന് നാം അഹങ്കരിക്കുമ്പോള്‍, അത് ചില സന്ദേശങ്ങള്‍ കൂടി നമുക്ക് നല്‍കുന്നുണ്ട്. മഹാബലി ചക്രവര്‍ത്തിയുടെ കാലം ലോകത്തിനുതന്നെ പ്രതീക്ഷ നല്‍കുന്നതാണ്. ലോകത്തെവിടേയും അശാന്തിയും അവഗണനയുമൊക്കെ കൂടിവരുന്ന കാലഘട്ടത്തിലാണ് മഹാബലി ചക്രവര്‍ത്തിയുടെ പ്രസക്തി. സോഷ്യലിസമോ, മാര്‍ക്സിസമോ, മതേതരമോ ഏത് രാഷ്ട്രമായാലും ഏത് തത്വസംഹിതയുടെ ഭരണമായാലും ലക്ഷ്യബോധത്തിലെത്തുവാന്‍ ഇന്നും സാധിക്കാത്ത അവസ്ഥയുടെ പശ്ചാത്തലത്തിലാണ് നാം. ഇതിനൊക്കെ അതീതമായി എല്ലാ 'ഇസ'ങ്ങളേയും ചേര്‍ത്തുപിടിച്ച് സഹജീവികളെ ഒന്നായി കണ്ട് സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സത്യത്തിന്റേയും ശാന്തിയുടേയുമൊക്കെ ഒരനുഭവകാലം. സ്വപ്നത്തിലാണെങ്കിലും പ്രതീക്ഷയിലാണെങ്കിലും പ്രവര്‍ത്തിയിലാണെങ്കിലും ആ തത്വസംഹിതയാണ് നാം ചേര്‍ത്തുപിടിച്ച് പഠിക്കേണ്ടതും അറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. ഇവിടെയാണ് മഹാബലി ചക്രവര്‍ത്തിയുടെ രാഷ്ട്രബോധം. ആ ബോധമാണ് ഏത് രാഷ്ട്രമായാലും ഉള്‍ക്കൊള്ളേണ്ടത്.

ഇവിടെ ഇപ്പോള്‍ വിഷയമായിരിക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണം ആഘോഷിക്കേണ്ടതുണ്ടോ എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ക്ക് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് നികുതിദായകരുടെ പണം കൊണ്ടാണെന്ന് മനസ്സിലാക്കാത്തവരാണോ ഈ ഉദ്യോഗസ്ഥവൃന്ദം? രാവിലെ 9 മണിക്കോ 10 മണിക്കോ ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തി മുങ്ങി നടക്കുന്നവരാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരുമെന്ന് അറിയാത്തവര്‍ ആരുണ്ട് കേരളത്തില്‍. ജോലി ചെയ്യാതെ ശമ്പളം പറ്റുന്ന രീതിക്ക് സുല്ലിടാനാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു മാറ്റം വരുത്തിയത്.
എന്നാല്‍, ഓഫീസുകളില്‍ ഓണാഘോഷം നടത്തുന്നതിനോ പൂക്കളമിടുന്നതിനോ അദ്ദേഹം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാ ജാതിമതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ, ഓണക്കാലമാകുമ്പോള്‍ ജോലിക്കു വന്ന് ഹാജര്‍ രേഖപ്പെടുത്തി ജോലി ചെയ്യാതെ പൂക്കളമിടാനും തിരുവാതിര കളിക്കാനും നിന്നാല്‍ അത് സര്‍ക്കാരിനോടും ജനങ്ങളോടും ചെയ്യുന്ന അനീതിയല്ലേ? അതൊഴിവാക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ പരിപാടികളില്‍ മതത്തെ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കള്‍ ഒഴിവാക്കണമെന്ന്. അദ്ദേഹം പറഞ്ഞതാണ് ശരി.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷത്തിന്‍െറ പേരില്‍ പ്രവൃത്തിസമയം നഷ്ടപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്? കേരളത്തില്‍ ഓണത്തിന് ഒട്ടേറെ അവധി ദിനങ്ങളുണ്ട്. പൂക്കളം ഇട്ടേ പറ്റൂ എന്ന് നിര്‍ബ്ബന്ധമുള്ളവര്‍ക്ക് ഓഫീസ് സമയത്തിനു മുന്‍പ് നേരത്തെ എത്തി ആ ആഗ്രഹം നിറവേറ്റാമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ, ഓണസമയത്ത് കച്ചവടക്കാര്‍ പല സാധനങ്ങളും വിറ്റഴിക്കാന്‍ ഓഫീസുകളില്‍ കയറിയിറങ്ങാറുണ്ടത്രേ. ജീവനക്കാര്‍ക്ക് ഷോപ്പിംഗും മറ്റും നടത്താന്‍ അവധികളുണ്ട്. പിന്നെ എന്തിന് പ്രവൃത്തി സമയങ്ങളില്‍ ഓഫിസുകളില്‍ അനാവശ്യമായ പ്രവണതകള്‍ക്ക് പ്രോത്സാഹനം കൊടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആ പ്രവണതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാണ് മുഖ്യമന്ത്രി ഓണോഘോഷത്തെ എതിര്‍ത്തുവെന്ന തരത്തില്‍ പ്രചരണം നടക്കുന്നത്.

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ ‍...."

സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ കുമാരനാശാന്റെ ഈ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സമൂഹം തയ്യാറല്ല. ചട്ടങ്ങളെ മാറ്റുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് മനസ്സില്ല എന്നതിന്റെ തെളിവാണ് ഈ ഓണനാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അസഹിഷ്ണുത. മുന്‍‌സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അങ്ങനെയായിരുന്നു... ഇങ്ങനെയായിരുന്നു...അത് മാറ്റാന്‍ പറ്റില്ല എന്ന് ശഠിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ഒരു മുന്നറിയിപ്പു കൂടിയാണ് ഇപ്പോള്‍ നടത്തിവരുന്ന ഈ മാറ്റങ്ങള്‍.

Saturday, September 3, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം ആറ്

നേരം ഇരുട്ടാകുന്നതേ ഉള്ളൂ. ഒരു പറ്റം കാക്കകള്‍ കൂടണയാനുള്ള തിരക്കില്‍ കാകാ എന്ന ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. പടിപ്പുര കടന്ന് രണ്ടുപേരും പഞ്ചായത്തു റോഡിലൂടെ നടന്നു. പണ്ട് ഈ വഴി ചെറിയൊരു കൈവഴി ആയിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാമെന്നു മാത്രം. ഇരുവശവും മുള്ളുവേലികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ മതിലുകളായി. അന്നൊക്കെ നേരം ഇരുട്ടിയാല്‍ ഒറ്റയ്ക്ക് ഈ വഴിയെ നടക്കാന്‍ ഭയമായിരുന്നു. രവി ഓര്‍ത്തു. പട്ടികളുടേയും പാമ്പുകളുടേയും ശല്യം കാരണം വെട്ടവും വെളിച്ചവുമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ വഴിവെളിച്ചമുണ്ടെന്നു മാത്രമല്ല, മൂന്നു നാലു വീടുകളും വഴിക്കിരുവശവും ഉണ്ട്.
 
"ഹൊ...എങ്ങനെ കിടന്ന വഴിയായിരുന്നു ഇത്." രവി ആത്മഗതമെന്നോണം പറഞ്ഞു.
 
"ശരിയാ...ഇപ്പോള്‍ കാറും ലോറിയും ഒക്കെ ഓടുന്ന ഒന്നാന്തരം വഴിയായി." ശ്രീധരന്‍റെ മറുപടി.
 
"നീ ആ വീടുകള്‍ കണ്ടോ?" വലതു വശത്തു കണ്ട രണ്ടു വീടുകള്‍ ചൂണ്ടി ശ്രീധരന്‍ ചോദിച്ചു.
 
"ഒരു കാലത്ത് നിന്‍റെ അച്ഛന്‍റെ വകയായിരുന്നു ആ സ്ഥലം. നിനക്കോര്‍മ്മയുണ്ടോ?"
 
"ഓര്‍മ്മയുണ്ട് ശ്രീധരാ. അതൊരു തെങ്ങിന്‍ തോപ്പായിരുന്നില്ലേ?" എന്നും പറമ്പു നിറയെ പണിക്കാരുണ്ടായിരുന്നു അക്കാലത്ത്. ആ പറമ്പിലാണ് പരസ്പരം സാമ്യമുള്ള രണ്ടു വീടുകള്‍.
 
"ഒന്ന് ബഷീര്‍ ഹാജിയുടേയും മറ്റേത് ബീരാന്‍ ഹാജിയുടേതുമാണ്" ശ്രീധരന്‍ തുടര്‍ന്നു.
 
"ഏതു ബീരാന്‍ ഹാജി, ഏതു ബഷീര്‍ ഹാജി?" സംശയത്തോടെ രവി ചോദിച്ചു.
 
"ഓ...അങ്ങനെ പറഞ്ഞാല്‍ നീ അറിയുകയില്ല. പണ്ട് നിന്‍റെ അച്ഛന്‍റെ റേഷന്‍ കട നടത്തിയിരുന്ന ഒരു പരീതിനെ നിനക്ക് ഓര്‍മ്മയുണ്ടോ?"
 
"ങ്ആ...ഓര്‍മ്മയുണ്ട്." രവി മറുപടി പറഞ്ഞു.
 
"ആ റേഷന്‍ കടയില്‍ അരിയും മറ്റും തൂക്കിക്കൊടുത്തിരുന്ന ഒരു പയ്യനെ ഓര്‍മ്മയുണ്ടോ?" ശ്രീധരന്‍ വീണ്ടും.
 
"ഓര്‍മ്മയുണ്ട്"
 
"ആ പയ്യനാണ് ഇന്നത്തെ ബീരാന്‍ ഹാജി. അയാളുടെ അനിയനാണ് ബഷീര്‍ ഹാജി. മനസ്സിലായോ?"
 
"എടാ ഹാജി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വല്ല വയസ്സന്മാരുമായിരിക്കുമെന്ന്. അവര്‍ക്കതിന് അത്രയൊക്കെ പ്രായമായോ?"
 
"അതു പണ്ട്. ഇക്കാലത്ത് ഹാജിയാകാന്‍ പ്രായമൊന്നും ഒരു പ്രശ്നമല്ല. അവര്‍ രണ്ടുപേരും സൗദിയിലാണ്. അതുകൊണ്ടുതന്നെ ഹജ്ജിനു പോകാന്‍ കൂടുതല്‍ സൗകര്യവുമായല്ലോ. പിന്നെ, അതിനു മുന്‍പുതന്നെ പരീത് ഈ തെങ്ങിന്‍തോപ്പ് നിന്‍റെ അച്ഛന്‍റെ കൈയില്‍നിന്ന് അടിച്ചു മാറ്റിയിരുന്നു. മക്കള്‍ രണ്ടുപേരും ഗള്‍ഫിലെത്തിയതോടെ അയാള്‍ റേഷന്‍ കട ഉപേക്ഷിച്ചു. അച്ഛനേറ്റ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. അയാളെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് പലരും പറഞ്ഞതാണ്. എന്നാല്‍ അച്ഛനതു കേട്ടില്ല. അയാളെ അത്രയ്ക്കു വിശ്വാസമായിരുന്നു. അച്ഛനെ തളര്‍ത്തിയതും ആ സംഭവം തന്നെ." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"ആരാ മാഷേ കൂടെ?" മുന്നില്‍ ടോര്‍ച്ചടിച്ചുകൊണ്ട് ഒരു കാരണവര്‍.
 
"ങ്ആ, ഇതാര് പൊന്നാരിയോ? ഇന്നെത്ര വീശി?" ശ്രീധരന്‍റെ ചോദ്യം കേട്ട് അയാളൊന്നു ചമ്മി.
 
"ഇയ്യാളെ അറിയോ? പഴയ ചങ്ങാതീടെ മകനാ."

ശ്രീധരന്‍റെ സംസാരം കേട്ട് ആഗതന്‍ രവിയെ സൂക്ഷിച്ചു നോക്കി. ചിരിയടക്കാന്‍ പാടുപെട്ടു നില്‍ക്കുന്ന രവിയെത്തന്നെ നോക്കി നില്പാണ് പൊന്നാരി. പ്രായമേറെ ആയി. അതുകൊണ്ട് കണ്ണിനും അല്പം കാഴ്ചക്കുറവുണ്ടെന്നു തോന്നി. തന്‍റെ ചെറുപ്പകാലത്ത് പലപല നുറുങ്ങു കഥകളും പറഞ്ഞ് ഞങ്ങളെയൊക്കെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ഔസേപ്പ് ചേട്ടന്‍. പൊന്നാരിയില്‍ എന്ന വീട്ടുപേരായതുകൊണ്ട്  എല്ലാവരും പൊന്നാരിച്ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്.
 
അച്ഛന്‍റെ അടുത്ത സഹചാരിയായിരുന്നു. മുന്‍കോപക്കാരനായ അച്ഛനില്‍ നിന്ന് താന്‍ പലപ്പോഴും രക്ഷപ്പെട്ടിരുന്നത് ഈ പൊന്നാരിച്ചേട്ടനില്‍ കൂടിയാണ്. ഓര്‍മ്മകളുടേ ഓളങ്ങളിലേക്ക് ഒരു നിമിഷം രവി ഊളിയിട്ടിറങ്ങി. പൊന്നാരിച്ചേട്ടനെക്കുറിച്ച് പറയാനാണെങ്കില്‍ കുറെയേറെയുണ്ട്. താനന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്നകാലം. കാവിലെ ഉത്സവത്തിന് കൂട്ടുകാരെല്ലാവരും എത്തുമെന്നറിഞ്ഞു. തനിക്ക് പോകണമെങ്കില്‍ അച്ഛന്‍റെ അനുവാദം വേണം. അച്ഛനാണെങ്കില്‍ അങ്ങിനെയൊന്നും അനുവാദം തരികയുമില്ല. അമ്മയോടു പറഞ്ഞു നോക്കി. പക്ഷേ, അമ്മ കൈമലര്‍ത്തി. ഒടുവില്‍ താന്‍ പൊന്നാരിച്ചേട്ടനെ അഭയം പ്രാപിച്ചു.

പൊന്നാരിച്ചേട്ടന്‍ അച്ഛനുമായി സംസാരിച്ച് എങ്ങനെയോ എനിക്ക് പോകാനുള്ള അനുമതി വാങ്ങി. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ഉത്സവപ്പറമ്പില്‍ കറങ്ങി നടക്കാനൊന്നും പാടില്ല.  പോയാല്‍ സന്ധ്യ മയങ്ങുന്നതിനുമുന്‍പ് തിരിച്ച് വരണമെന്ന നിബന്ധനയും വെച്ചു. പൊന്നാരിച്ചേട്ടന്‍ സമ്മതിച്ചു. കാവിലേക്ക് പൊന്നാരിച്ചേട്ടന്‍റെ ഓരം ചേര്‍ന്നു നടന്നു. കാവിലെ ഉത്സവം പ്രമാണിച്ച് അന്ന് ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. അത് അനുഗ്രഹവുമായി. അകലെ നിന്നുതന്നെ കാവിലെ ചെണ്ടകൊട്ടിന്‍റേയും പഞ്ചവാദ്യത്തിന്‍റേയും ശബ്ദം കേള്‍ക്കാം.
 
പുഴ കടന്നുവേണം അക്കരെയെത്താന്‍. അവിടെ എത്തിയപ്പോള്‍ കടത്തുവള്ളത്തില്‍ നിറയെ ആളുകളായിരുന്നു.
 
"പൊന്നാരിച്ചേട്ടാ....ആളായല്ലോ?" കടത്തുവള്ളക്കാരന്‍ പറഞ്ഞു.
 
"ആരെങ്കിലും ഒന്നു ഇറങ്ങി നില്‍ക്കാമോ?" വള്ളക്കാരന്‍ വള്ളത്തിലുള്ളവരോട് ചോദിച്ചു. ആരോ രണ്ടുപേര്‍ ഇറങ്ങാന്‍ തയ്യാറായി. പൊന്നാരിച്ചേട്ടന്‍ അവരെ തടഞ്ഞു. തനിക്ക് കയറാന്‍ വള്ളത്തില്‍ സ്ഥലമുണ്ടായിരുന്നു. അരയ്ക്ക് തോര്‍ത്തുമുണ്ട് ചുറ്റിയിട്ട് ഷര്‍ട്ടും മുണ്ടും അഴിച്ച് തന്‍റെ കൈയില്‍ തന്ന് 'ഞാന്‍ നീന്തിക്കൊള്ളാം' എന്നു പറഞ്ഞ് പൊന്നാരിച്ചേട്ടന്‍ വള്ളം തള്ളിക്കൊടുത്തു. പൊന്നാരിച്ചേട്ടന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. കടത്തുവള്ളം അക്കരെ അടുക്കാറായിരുന്നു. തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വള്ളം അക്കരെ അടുക്കുന്നതിനു മുന്‍പ് പൊന്നാരിച്ചേട്ടന്‍ അക്കരെ എത്തിയിരുന്നു.
 
"നീയെന്താ ഇത്രയും ആലോചിക്കുന്നത്?" ശ്രീധരന്‍റെ ചോദ്യം രവിയെ ഓര്‍മ്മയില്‍നിന്ന് തിരികെ കൊണ്ടു വന്നു.
 
"ഹേയ് ഒന്നുമില്ല."  രവി മറുപടി പറഞ്ഞു.

പൊന്നാരിച്ചേട്ടന്‍ അപ്പോഴും രവിയെത്തന്നെ നോക്കി നില്പാണ്. ആളെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇടയ്ക്ക് ടോര്‍ച്ച് തെളിയിച്ചു നോക്കുന്നുണ്ട്.
 
"കണ്ണ് തീരെ പിടിക്കുന്നില്ല. അതാ."  പൊന്നാരി ഒന്നുകൂടി അടുത്തു നിന്നു. കള്ളിന്‍റെ മണം മുഖത്തടിക്കുന്നുണ്ടായിരുന്നു.
 
"എന്താ പൊന്നാരിച്ചേട്ടാ ഇന്ന് അല്പം കൂടുതലായോ?" രവി ചോദിച്ചു.
 
"ഇത് പൊന്നാരിയുടെ പഴയ ചങ്ങാതിയുടെ മകനാ. രവിയെ ഓര്‍മ്മയുണ്ടോ?"  ശ്രീധരന്‍ ചോദിച്ചു തീര്‍ന്നില്ല. രവിയെ വട്ടം കെട്ടിപ്പിടിച്ച് പൊന്നാരി കരയാന്‍ തുടങ്ങി.
 
"എന്താ പൊന്നാരിച്ചേട്ടാ ഇത്? കൊച്ചുകുട്ടികളെപ്പോലെ?" രവി ചോദിച്ചു.
 
"എന്നാലും എന്‍റെ മോനെ, നീ നാടുവിട്ടെന്നറിഞ്ഞതു മുതല്‍ ഇപ്പൊ ഈ നിമിഷം വരെ മോന്‍റെ കാര്യം എപ്പോഴും ഈ പൊന്നാരിച്ചേട്ടന്‍ പറയുമായിരുന്നു. എന്നാലും ആരോടും പറയാതെ നാടുവിട്ടു പോയി ഇക്കണ്ട കാലമൊക്കെ മോന്‍ ഞങ്ങളെയൊക്കെ മറന്നു ജീവിച്ചതെങ്ങനെ?"
 
"നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ ചേട്ടന്‍ വീട്ടില്‍ പോ" രവി സമാധാനിപ്പിച്ചു. കാലുകള്‍ നിലത്തുറക്കാതെ വേച്ചു വേച്ചു നടന്നുപോകുന്ന പൊന്നാരിയെ കണ്ടപ്പോള്‍ രവിയുടെ അന്തരാത്മാവില്‍ പഴയകാല ചിന്തകള്‍ വീണ്ടും മുളപൊട്ടി.
 
എന്നും സന്ധ്യക്ക് ഷാപ്പില്‍ നിന്ന് പൊന്നാരിച്ചേട്ടന്‍ നേരെ വരുന്നത് റേഷന്‍ കടയിലേക്കായിരിക്കും. സന്ധ്യക്ക് അച്ഛന്‍ കണക്കു നോക്കാന്‍ റേഷന്‍ കടയിലുണ്ടായിരിക്കും. അച്ഛനുമായി തര്‍ക്കവും വാക്കേറ്റവുമൊക്കെയായി കുറെ നേരം ചിലവഴിക്കും. ആ സമയത്ത് താനും ഉണ്ടാകും കടയില്‍. രവി ഓര്‍ത്തു. തന്നെക്കാണുമ്പോള്‍ വാത്സല്യത്തോടെ അടുത്തുവിളിച്ച് ചില പാട്ടുകള്‍ പാടി കേള്‍പ്പിക്കും.  'എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ' എന്ന പാട്ടായിരിക്കും മിക്കവാറും പാടുക. കള്ള് അകത്തുചെന്നാല്‍ ഈ പാട്ടു മാത്രമേ വായില്‍ വരൂ.
 
അതുപോലെ യേശുവിനെ കുരിശില്‍ തറച്ചതിന് ഉത്തരവാദി യേശു തന്നെയാണെന്നാണ് പുള്ളിക്കാരന്‍റെ വാദം. അതിനു കണ്ടുപിടിച്ച കാരണവും പുള്ളി പറയും. 'എല്ലാരേം വിശ്വസിച്ചോണ്ട് അങ്ങേര് കൂടെക്കൊണ്ടു നടന്നു. അതിലൊരുത്തന്‍ തലതെറിച്ചവനായിരുന്നെന്ന് അങ്ങേര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അവന്‍റെ കരണത്തൊന്നു പൊട്ടിച്ച് കുത്തിനു പിടിച്ച് രണ്ടു ചവിട്ടും കൊടുത്ത് പുറത്താക്കിയോ? ഇല്ല. എന്നിട്ട് കോഴി കൂകാന്‍ കാത്തിരുന്നു. അവസാനം അവന്‍ തന്നെ അങ്ങേര്‍ക്ക് പാരയായില്ലേ? ഒറ്റിക്കൊടുക്കേം ചെയ്തു. അതുകൊണ്ടല്ലേ മറ്റവന്മാര്‍ക്ക് പാവം കര്‍ത്താവിനെ കുരിശില്‍ തറയ്ക്കാന്‍ പറ്റിയത്.
 
പൊന്നാരിയുടെ വാദം കേട്ട് അച്ഛന്‍ പറയും "കള്ളും കുടിച്ച് വായില്‍തോന്നിയതൊക്കെ പറഞ്ഞ് പിള്ളാരെ വഴിതെറ്റിക്കാന്‍ നോക്കല്ലേ പൊന്നാരീ. വീട്ടില്‍ പോ."
 
"ഞാന്‍ പോകാണെടോ. തനിയ്ക്കും കര്‍ത്താവിന്‍റെ ഗതി ഒരിക്കല്‍ വരും."
 
അന്നൊന്നും തനിക്ക് പൊന്നാരി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതു വെച്ചു നോക്കുമ്പോള്‍ അന്ന് പൊന്നാരി പറഞ്ഞ വാക്കുകള്‍ അറം പറ്റിയതുപോലെ അച്ഛനില്‍ വന്നു പതിച്ചതാവാന്‍ സാധ്യതയുണ്ട്.
 
പിറ്റേന്ന് കാണാമെന്ന ഉറപ്പില്‍ പൊന്നാരിയെ പറഞ്ഞയച്ചു.

(തുടരും.....)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്): അദ്ധ്യായം അഞ്ച്