Tuesday, October 31, 2017

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടപ്പാതയിലേക്ക് വാഹനമിടിച്ചു കയറ്റിയുള്ള ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ തിരക്കേറിയ നടപ്പാതയിലെക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിനടുത്തുള്ള വെസ്റ്റ് സൈഡ് ഹൈവേയിലാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു.

ഇന്ന് (ഒക്ടോബര്‍ 31 ചൊവ്വ) ഉച്ച കഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. ഉസ്ബക്കിസ്ഥാന്‍ സ്വദേശി 29-കാരന്‍ സെയ്ഫുള്ളൊ ഹബിബുല്ലേവിക് സായിപൊവ് ആണ് അക്രമി. 2010 ലാണ് ഇയ്യാള്‍ അമേരിക്കയിലെത്തിയ്ത്. നിയമാനുസൃതമായി അമേരിക്കയിലെത്തിയ ഇയ്യാള്‍ക്ക് ഗ്രീന്‍ കാര്‍ഡും ഉണ്ട്. ന്യൂജെഴ്സിയിലും ഫ്ലോറിഡയിലും മാറി മാടി താമസിക്കുന്ന ഇയ്യാല്‍ ന്യൂജെഴ്സിയിലെ ഹോം ഡിപ്പോയില്‍ നിന്ന് പിക്ക്‌അപ്പ് ട്രക്ക് വാടകയ്ക്കെടുത്താണ് ന്യൂയോര്‍ക്ക് സിറ്റിയിലെത്തി അക്രമം അഴിച്ചുവിട്ടത്. ഐസിസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നെഴുതിയ കടലാസ് വാഹനത്തില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

അക്രമി വാഹനമോടിച്ചു കയറ്റിയതോടെ സൈക്കിള്‍ യാത്രക്കാരും കാല്‍‌നട യാത്രക്കാരും ചിതറിത്തെറിച്ചു. ഏകദേശം ഒരു മൈല്‍ ദൂരത്തോളം ഓടിയ വാഹനം ഒരു സ്കൂള്‍ ബസ്സില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തോക്കുകളുമായി പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇതൊരു ഭീകരാക്രമണമാകാനാണ് സാധ്യതയെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോയും സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഓനീലും പറഞ്ഞു. "അസുഖം ബാധിച്ച ഒരാളുടെ മറ്റൊരു ആക്രമണം പോലെ തോന്നുന്നു" എന്ന് പ്രസിഡന്റ് ട്രം‌പ് ട്വിറ്ററില്‍ കുറിച്ചു.

പോലീസിന്റെ വെടിവെപ്പില്‍ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമത്തില്‍ 6 പേര്‍ സംഭവ സ്ഥലത്ത് വെച്ചു രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അക്രമിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് ഓണ്‍‌ലൈന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു. മിസോറിയിലും പെൻസിൽവേനിയയിലും ട്രാഫിക് നിയമ ലംഘനം നടത്തിയതിന് കേസുകളുണ്ട്. മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ 2016 ഒക്ടോബറില്‍ സായ്‌പൊവിനെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നവംബറിൽ അടുത്ത വിചാരണയ്ക്കായി ഹാജരാകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് 200 ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചെങ്കിലും കോടതിയില്‍ ഹാജരായില്ല.

ആക്രമണത്തിനു പിന്നില്‍ ഐ.എസ്. ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല, പിക്ക്‌അപ് ട്രക്കില്‍ നിന്ന് കിട്ടിയത് സമാനമായ പതാകയും ലേഖനങ്ങളും

അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സായ്‌പോവിനെ പൊലീസ് വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.  ന്യൂജെഴ്സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്‌ളോറിഡയിലെ ലൈസന്‍സാണ്.

സ്വന്തമായി ട്രക്ക് കമ്പനിയുള്ളയാളാണ് സായ്‌പോവ്. എന്നാല്‍, ന്യൂജെഴ്സിയിലെ ഹോം ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ട്രക്കുമായാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള തെരുവുകള്‍ പോലീസ് അടച്ചിട്ടു. തുടര്‍ന്ന് ഹാലോവീന്‍ ആഘോഷങ്ങളും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചില്‍ പോലീസ് പരിശോധന നടത്തി. അപകടത്തിന് പിന്നില്‍ ഭീകരരാണെന്ന് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അറിയിച്ചു. ആക്രമണത്തിനുള്ള കാരണം പോലും അറിയാത്ത പാവങ്ങളോടാണ് ഭീകരരുടെ ക്രൂരതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപ കാലത്ത് പല രാജ്യങ്ങളിലും ഐഎസ് സമാന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍, ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐഎസിന് ശ്ക്തമായി താക്കീതും നല്‍കി. അമേരിക്കയില്‍ ഐഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ല. ഇവരെ വേരോടെ പറിച്ചെറിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മരിച്ചവരില്‍ അര്‍ജന്റീനയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അര്‍ജന്റീനിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Saturday, October 28, 2017

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം മെഡിക്കല്‍ എക്സാമിനര്‍ വിട്ടുകൊടുത്തു

റിച്ചാര്‍ഡ്‌സണ്‍ (ടെക്സസ്) : ഒക്ടോബര്‍ 7-ന് വീട്ടില്‍ നിന്ന് കാണാതായി രണ്ടാഴ്ചകള്‍ക്ക് ശേഷം കണ്ടെടുത്ത മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം മെഡിക്കല്‍ എക്‌സാമിനര്‍ വിട്ടു കൊടുത്തു. ആര്‍ക്കാണ് മൃതദേഹം കൊടുത്തതെന്ന് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചനയുണ്ട്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒക്ടോബര്‍ 7നാണ് കുട്ടിയെ റിച്ചാര്‍ഡ്സണിലെ വെസ്ലി-സിനി ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ (37) റിച്ചാര്‍ഡ്സണ്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടയ്ക്കിടെ പാല്‍കൊടുക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തുനിര്‍ത്തിയെന്നും പതിനഞ്ചു മിനിറ്റിനുശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നു കരുതി മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

അതിഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചുമുതല്‍ 99 വര്‍ഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

വെസ്ലിയുടെ ഭാര്യ സിനി പോലീസുമായി തുടക്കത്തില്‍ സഹകരിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ പോലീസുമായി സഹകരിച്ചു എന്നാണ് സിനിയുടെ അറ്റോര്‍ണി പറയുന്നത്. കുഞ്ഞിനെ കാണാതായതിലോ മരണപ്പെട്ടതിലോ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സിനി പറഞ്ഞതായി അറ്റോര്‍ണി പറയുന്നു. അതേസമയം കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് വ്യക്തമാക്കി.

ഷെറിന്റെ മൃതദേഹം വെസ്ലി കുടുംബത്തിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു പെറ്റീഷന്‍ change.org ല്‍ ഒപ്പുശേഖരണം നടത്തുന്നുണ്ട്. പ്രദേശവാസിയായ ഒമര്‍ സിദ്ദിഖിയാണ് പെറ്റീഷന് തുടക്കമിട്ടത്. മൃതദേഹം ഇന്റര്‍ഫെയ്ത്ത് പ്രാര്‍ത്ഥനകളോടെ സംസ്കാരം നടത്താമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ പേര് സരസ്വതിയെന്നായിരുന്നതുകൊണ്ട് ഹിന്ദു ആചാര പ്രകാരം സംസ്ക്കാരം നടത്തണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

ഷെറിന്‍ വീട്ടിനകത്തുവെച്ചു തന്നെ മരണപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ വെസ്ലിയെ വീണ്ടും അറസ്റ്റു ചെയ്ത് ഡാളസ് കൗണ്ടി ജയിലില്‍ അടച്ചിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതുകൊണ്ട് പ്രത്യേക സെല്ലില്‍ 24 മണിക്കൂറും ജാഗ്രതയിലാണ് ജയിലധികൃതര്‍.

Friday, October 27, 2017

മലയാളികള്‍ കൂകും... കൂകിക്കൊണ്ടേയിരിക്കും

ഒരിക്കല്‍ എറണാകുളം ലോ കോളേജിലെ കോളേജ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോനെ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിച്ചാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്നുള്ള പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു..."പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍‌വിന്‍ തന്റെ സിദ്ധാന്തം രൂപപ്പെടുത്തുന്നതിനായി ലോകം മുഴുവന്‍ സന്ദര്‍ശിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് അദ്ദേഹം സിദ്ധാന്തത്തിനുള്ള തെളിവുകള്‍ സമ്പാദിച്ചത്. പക്ഷെ, അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി, കേരളം സന്ദര്‍ശിക്കാന്‍ വിട്ടുപോയി. ഡാര്‍‌വിന്‍ ഈ നാടു കാണുകയും മലയാളികളെപ്പറ്റി പഠിക്കുകയും ചെയ്തിരുന്നെങ്കില്‍ കുരങ്ങില്‍ നിന്നല്ല യഥാര്‍ത്ഥത്തില്‍ കുറുക്കനില്‍ നിന്നാണ് മനുഷ്യന്‍ വന്നതെന്ന് അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു. കുറുക്കന്മാരില്‍ നിന്ന് അത്ര വളരെ അകലെയൊന്നുമല്ലാത്ത ഒരു ജന്തുസമൂഹം മനുഷ്യരെന്ന പേരില്‍ ഇവിടെ താമസമുണ്ട്. മലയാളികള്‍ സങ്കടം വന്നാലും കൂകും, സന്തോഷം വന്നാലും കൂകും...."

മുഖ്യമന്ത്രിയുടെ കല്ലുവെച്ച വാക്കുകള്‍ കൊണ്ടുള്ള മറുപടി ഭാവി വക്കീല്‍മാരുടെ നീണ്ട കൂകല്‍ഘോഷമായിരുന്നു. അച്യുതമേനോന്‍ ചിന്തിച്ചതുപോലെ അത്ര കടന്നു ചിന്തിച്ചില്ലെങ്കില്‍ പോലും മലയാളികളുടെ വിചിത്ര സ്വഭാവങ്ങളില്‍ ഒന്നാണ് കൂകലിനോടുള്ള താല്പര്യം. ഒരു നല്ല സിനിമ കണ്ടാലും മോശം സിനിമ കണ്ടാലും മലയാളികളുടെ പ്രതികരണം ഒന്നു തന്നെ, കൂകല്‍. അവര്‍ മുഖ്യമന്ത്രിയേയും കൂകും, പ്രതിപക്ഷ നേതാവിനെയും കൂകും. ഒരു ലോക്കല്‍ ഗായകന്റെ ആദ്യ ഗാനസം‌രംഭത്തെ മലയാളികള്‍ കൂകിയാണ് അഭിനന്ദിക്കുന്നത്. മലയാളത്തിന്റെ വരദാനമെന്നു ഭൂമി മലയാളമാകെ സമ്മതിക്കുന്ന യേശുദാസിനേയും അവര്‍ കൂകും. മീന്‍ വില്‍ക്കാന്‍ നടക്കുന്ന മത്തായി കൂകും. അക്കരെ നില്‍ക്കുന്ന വള്ളക്കാരന്‍ മജീദിനെ വിളിക്കാന്‍ റിട്ടയേര്‍ഡ് പാര്‍‌വ്വത്യകാര്‍ അപ്പുണ്ണി നായരും കൂകും. തിയ്യേറ്ററില്‍ കറന്റു പോയാല്‍ മലയാളികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൂകും. പവര്‍കട്ട് വരുമ്പോള്‍ സിനിമാ പ്രേമികളുടെ ചില വീടുകളില്‍ നിന്ന് ഈ കൂവല്‍ കേള്‍ക്കാം. നിയമ സഭയിലും ചിലപ്പോള്‍ മലയാളികളുടെ വികാര പ്രകടനം കൂവലിലൂടെയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമഅയ ഒരു അവകാശമായിട്ടാണ് മലയാളി കൂവലിനെ കരുതുന്നത്. എന്തിന്, ഒരു വിവാഹം നടക്കുമ്പോള്‍ പോലും മലയാളികളുടെ സ്വാഭാവിക പ്രതികരണം ഒരു നീണ്ട കൂവലാണ്. വായില്‍ വിരലുകള്‍ കൊണ്ട് പൊത്തി അതിനെ താളാത്മകമാക്കിയാന് കൂവല്‍. അതിനെ കുരവ എന്നൊരു ഓമനപ്പേരിട്ടുണ്ടെന്നു മാത്രം.

അമേരിക്കയിലേക്ക് വന്നപ്പോള്‍ ലഗേജുകള്‍ മാത്രമല്ല ഈ കൂവലും കൊണ്ടുപോന്ന മലയാളികളുമുണ്ട്. മലയാളി അസ്സോസിയേഷനുകളുടെ പരിപാടികളില്‍ ഈ കൂവലുകാരെ കാണാം. കൂകലില്‍ താല്പര്യമുള്ളവര്‍ ഹാളിനകത്ത് ഇരിക്കില്ല. അവര്‍ പുറകില്‍ നിരനിരയായി പൂരപ്പറമ്പില്‍ കതിനകള്‍ നിരത്തി വെച്ചപോലെ നിരന്നു നില്‍ക്കുകയേ ഉള്ളൂ. ഇരിക്കാന്‍ കസേരയുണ്ടായാലും, സംഘാടകര്‍ ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചാലും ഇവര്‍ ഇരിക്കില്ല. അഥവാ ഇരുന്നാല്‍ തന്നെ ഏറ്റവും പുറകില്‍ ഒരു മൂലയില്‍ എല്ലാവരും കൂട്ടം കൂടിയിരിക്കും. സ്റ്റേജില്‍ ഓരോ പരിപാടികള്‍ നടക്കുമ്പോഴും നടന്നു കഴിയുമ്പോഴും സദസ്സ് കൈയ്യടിക്കും, ഇക്കൂട്ടരാകട്ടേ കൂകും, അല്ലെങ്കില്‍ ചൂളമടിക്കും. ആരെങ്കിലും ഇവരെ ഉപദേശിക്കാന്‍ ചെന്നാല്‍ അവരുടെ നേരെയായിരിക്കും കൂകല്‍. അച്യുതമേനോന്‍ പറഞ്ഞതുപോലെ ഡാര്‍‌വിന്‍ ഇക്കൂട്ടരെ കാണാതിരുന്നത് ഭാഗ്യമായി.

Thursday, October 26, 2017

ഐ.വി. ശശി - അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാപ്രതിഭ

ആ​വി​ഷ്കാ​ര ക​ല​യു​ടെ കു​ല​പ​തി ഐ.​വി. ശ​ശി ച​ല​ച്ചി​ത്ര സം​വി​ധാ​ന​ക​ല​യു​ടെ സിം​ഹാ​സ​നം ഒ​ഴി​ച്ചി​ട്ട് ക​ഥാ​വ​ശേ​ഷ​നാ​യി​രി​ക്കു​ന്നു. ആ​ക​സ്മി​ക​മാ​യ ഈ ​വേ​ര്‍​പാ​ടി​ന്‍റെ വേ​ദ​ന​യി​ലാ​ണ് തെ​ന്നി​ന്ത്യന്‍ൻ ച​ല​ച്ചി​ത്ര ലോ​കം ഒ​ന്നാ​കെ. ശ​ശി​യു​ടെ ക​ര​സ്പര്‍​ശ​മേ​റ്റ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളാ​കെ തീ​രാ​ന​ഷ്ട​ത്തി​ല്‍ പ​രി​ത​പി​ക്കു​ന്നു.

വെ​ള്ളി​ത്തി​ര​യി​ല്‍ താ​ര​ങ്ങ​ളും മെ​ഗാ​സ്റ്റാ​റു​ക​ളു​മൊ​ക്കെ ഉ​ദ​യം ചെ​യ്യു​ന്ന​തി​നു മു​ന്‍​പ് സം​വി​ധാ​യ​ക​ന്‍റെ ക​ല​യാ​യി​രു​ന്നു സി​നി​മ. തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ ഭാ​വ​ന​യി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും ഓ​ജ​സും തേ​ജ​സും നല്‍​കി ജീ​വ​സു​റ്റ ച​ല​ച്ചി​ത്ര​മാ​ക്കാ​നു​ള്ള ക​ഴി​വില്‍ ഐ.​വി. ശ​ശി​യോ​ളം വൈ​വി​ധ്യം പു​ല​ര്‍​ത്തി​യ മ​റ്റൊ​രു സം​വി​ധാ​യ​ക​നി​ല്ല, മ​ല​യാ​ള​ത്തി​ല്‍. എം.​ടി. വാ​സു​ദേ​വന്‍ നാ​യര്‍, ടി. ​ദാ​മോ​ദ​ര​ന്‍, പ​ത്മ​രാ​ജ​ന്‍, ജോ​ണ്‍ പോ​ള്‍, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളു​ടെ തൂ​ലി​ക​യില്‍ പി​റ​ന്നു വീ​ണ നൂ​റ്റ​മ്പ​തി​ല്‍​പ്പ​രം ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത​ത്.

പ്ര​മേ​യ​ങ്ങ​ളും അ​വ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ മ​റ്റു സം​വി​ധാ​യ​ക​രി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കി. അ​ന്നോ​ളം വി​ല്ലന്‍ വേ​ഷ​ങ്ങ​ള്‍ മാ​ത്രം ചെ​യ്തി​ട്ടു​ള്ള കെ.​പി. ഉ​മ്മ​റി​നെ സ്വ​ഭാ​വ ന​ട​നാ​ക്കി 1975ല്‍ ​പു​റ​ത്തി​റ​ക്കി​യ “ഉ​ത്സ​വ’​മാ​ണ് ശ​ശി​യു​ടെ റി​ലീ​സ് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ ച​ല​ച്ചി​ത്രം. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വര്‍​ക്കു മാ​ത്രം കാ​ണാ​ന്‍ അ​നു​വാ​ദ​മു​ള്ള മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ എ ​സ​ര്‍​ട്ടി​ഫൈ​ഡ് ച​ല​ച്ചി​ത്രം- അ​വ​ളു​ടെ രാ​വു​ക​ള്‍ റി​ലീ​സ് ചെ​യ്ത​പ്പോള്‍ അ​ന്നോ​ള​മു​ണ്ടാ​യി​രു​ന്ന പ്രേ​ക്ഷ​ക​രു​ടെ ആ​സ്വാ​ദ​നാ​നു​ഭ​വം കീ​ഴ്മേല്‍ മ​റി​ഞ്ഞു. ക​പ​ട സ​ദാ​ചാ​രം മു​ഖം മ​റ​ച്ച ആ​ദ്യ​ത്തെ ആ​ഴ്ച ഈ ​ചി​ത്രം തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും സ്ത്രീ ​ലൈം​ഗി​ക​ത​യു​ടെ​യു​മൊ​ന്നും പേ​രി​ല്‍ ഇ​ന്ന​ത്തെ​പ്പോ​ലെ ആ​രും വാ​ളോ​ങ്ങി​യി​ല്ലെ​ങ്കി​ലും പ​ല​രു​ടെ​യും നെ​റ്റി ചു​ളി​ഞ്ഞു. നാ​യ​ക​പ്രാ​ധാ​ന്യം തീ​രെ‍‍യി​ല്ലാ​തെ, നാ​യി​കാ പ്രാ​മു​ഖ്യ​വും സ്ത്രീ ​ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വു​മൊ​ക്കെ​യാ​യി ക​ട​ന്നു​വ​ന്ന അ​വ​ളു​ടെ രാ​വു​ക​ള്‍ പി​ന്നീ​ട് മ​ല​യാ​ളി ഉ​ള്ളി​ട​ത്തെ​ല്ലാം ത​രം​ഗ​മാ​യി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മൊ​ക്കെ​യാ​യി മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളില്‍ മെ​ഗാ​ഹി​റ്റ് ആ​യ ആ​ദ്യ​മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​ണ​ത്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യി​കാ പ​ദ​വി​യി​ലെ​ത്തി​യ സീ​മ‍‍യെ ജീ​വി​ത സ​ഖി​യാ​ക്കി, മ​ര​ണം വ​രെ ഒ​പ്പം കൂ​ട്ടു​ക​യും ചെ​യ്തു, ശ​ശി.

ഉ​ത്സ​വ​വും അ​വ​ളു​ടെ രാ​വു​ക​ളും ശ​ശി​യു​ടെ വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാല്‍ അ​ങ്ങാ​ടി, അ​തി​രാ​ത്രം, ഇ​താ ഇ​വി​ടെ​വ​രെ, ഇ​ന്‍​സ്‌​പെ​ക്റ്റ​ർ ബ​ല്‍​റാം, ആള്‍​ക്കൂ​ട്ട​ത്തില്‍ ത​നി​യേ, മൃ​ഗ​യാ, തൃ​ഷ്ണ, ദേ​വാ​സു​രം തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര​ങ്ങള്‍ അ​ദ്ദേ​ഹ​ത്തെ ഇ​തി​ഹാ​സ തു​ല്യ​നാ​ക്കി. ആ​രൂ​ഢം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​നു ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു. ര​ണ്ടു ത​വ​ണ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും 2015ല്‍ ​ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്കാ​ര​വും ല​ഭി​ച്ചു. രാ​ജേ​ഷ് ഖ​ന്ന, ര​ജ​നീ​കാ​ന്ത്, ക​മ​ല്‍​ഹാ​സന്‍, മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ചി​ര​ഞ്ജീ​വി, ശ്രീ​ദേ​വി, സ്മി​താ പാ​ട്ടീ​ല്‍, സീ​മ, ഷീ​ല തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം നാ​യി​കാ നാ​യ​ക​ന്മാ​രാ​ക്കി സി​നി​മ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ന്മാ​ര്‍ ഇ​ന്ത്യ​യി​ല്‍​ത്ത​ന്നെ വി​ര​ളം. ഇ​വ​രി​ല്‍ പ​ല​രെ​യും സ്റ്റാ​റു​ക​ളും സൂ​പ്പര്‍ സ്റ്റാ​റു​ക​ളും മെ​ഗാ​സ്റ്റാ​റു​ക​ളു​മാ​ക്കി​യ​തി​ലും ഐ.​വി. ശ​ശി​യെ​ന്ന ച​ല​ച്ചി​ത്ര പ്ര​തി​ഭ​യു​ടെ കൈ​യൊ​പ്പു​ണ്ട്.

മ​ല​യാ​ള ച​ല​ച്ചി​ത്ര ​ലോ​ക​ത്തെ വ​സ​ന്ത​കാ​ല​ത്താ​ണു ഐ.​വി. ശ​ശി ആ ​മേ​ഖ​ല​യില്‍ അ​ഭി​ര​മി​ച്ച​ത്. അ​ത​ല്ല, അ​നു​ഷ്ഠാ​ന​ശൈ​ലി​ക​ളില്‍ നി​ന്നു വ്യ​തി​ച​ലി​ച്ച് വേ​റി​ട്ട ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യ്ക്ക് അ​ദ്ദേ​ഹ​വും സ​ഹ​പ്ര​വര്‍​ത്ത​ക​രും ന​വ​വ​സ​ന്തം സ​മ്മാ​നി​ച്ചു എ​ന്നു പ​റ​യു​ന്ന​താ​വും കൂ​ടു​തല്‍ ശ​രി. ഒ​രു വര്‍​ഷം പ​തി​ന​ഞ്ചു സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം.

സി​നി​മ​യ്ക്കു വേ​ണ്ടി ജ​നി​ക്കു​ക​യും സി​നി​മ​യ്ക്കു വേ​ണ്ടി ജീ​വി​ക്കു​ക​യും ചെ​യ്ത​യാ​ളാ​ണ് ഇ​രു​പ്പം വീ​ട്ടി​ല്‍ ശ​ശി എ​ന്ന ഐ.​വി. ശ​ശി. ക​ലാ​സം​വി​ധാ​യ​കന്‍, ക്യാ​മ​റാ​മാ​ന്‍, എ​ഡി​റ്റ​ര്‍, ടെ​ക്നീ​ഷ്യ​ന്‍, സ​ഹ സം​വി​ധാ​യ​ക​ന്‍ തു​ട​ങ്ങി​യ പ​ട​വു​ക​ള്‍ പ​ല​തു പി​ന്നി​ട്ടാ​ണ് അ​ദ്ദേ​ഹം നാ​ല​ര പ​തി​റ്റാ​ണ്ടോ​ളം സം​വി​ധാ​യ​ക​ന്‍റെ സിം​ഹാ​സ​നം വ​ലി​ച്ചി​ട്ടി​രു​ന്ന​ത്. മ​ര​ണ​ത്തി​ന്‍റെ മാ​യാ​ത്ത​ണ​ലി​ല്‍ മ​യ​ങ്ങു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യു​ള്ളി​ല്‍ പു​തി​യൊ​രു സി​നി​മ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ടു​ത്ത സു​ഹൃ​ത്തു​ക്കള്‍ പ​റ​യു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു മാ​ത്രം ആ​ലോ​ചി​ക്കു​ക​യും അ​തി​നു വേ​ണ്ടി മാ​ത്രം ജീ​വി​ക്കു​ക​യും ചെ​യ്ത ഒ​രാ​ളു​ടെ മ​ന​സി​ല്‍ മ​ര​ണം വ​രെ​യും വേ​റെ​ന്തു ക​ട​ന്നു​വ​രാന്‍. ഈ ​അ​ന​ശ്വ​ര ച​ല​ച്ചി​ത്ര​കാ​ര​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍.

ഷെറിന്‍ മാത്യൂസ്: രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 2)

പ്രശസ്ത മനഃശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. പി.പി. വിജയന്റെ 'പാരന്റിംഗ്' എന്ന ലേഖനത്തില്‍ "ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാള്‍ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാള്‍ ആഴവുമുണ്ട്" എന്ന ശീര്‍ഷകത്തില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കുട്ടികള്‍ ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അറിഞ്ഞു തന്നെയാണ് നിങ്ങളുടെ മക്കളെ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. പരിപാലിക്കുന്നതില്‍ രക്ഷകര്‍ത്താവായ നിങ്ങള്‍ക്ക് എത്രമാത്രം കഴിവുണ്ടോ അതിലധികം കുട്ടികളെ ദൈവം തരാറില്ല. അതായത് നാം ആഗ്രഹിക്കുന്നത് നമുക്കു ലഭിക്കുന്നു എന്നും പറയാം.

സാമൂഹിക ശാസ്ത്രത്തില്‍ ഇക്കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടില്‍ ഏറ്റവും അധികം ഗവേഷണങ്ങള്‍ നടന്ന മേഖലയാണ് പേരന്റിംഗ്. ശാസ്ത്രീയ ഗവേഷണങ്ങള്‍ ഏതു വഴിക്കു നടന്നാലും ശരി, അത്ര ശാസ്ത്രീയമായി പഠിക്കേണ്ട കാര്യമൊന്നുമല്ല പേരന്റിംഗ് എന്നാണ് ഒട്ടുമുക്കാല്‍പേരും കരുതുന്നത് . 'കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ ഇത്രയധികം ശ്രദ്ധിക്കാനെന്തിരിക്കുന്നു. അവര്‍ അങ്ങ് വളരുകയില്ലേ' എന്ന് പല രക്ഷകര്‍ത്താക്കളും ചോദിക്കുന്നത് കേട്ടിട്ടുണ്ട് . പക്ഷേ പുതിയ തലമുറ കെട്ടിപ്പടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പങ്ക് ഗണിക്കുമ്പോള്‍ പേരന്റിംഗ് അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാമൂഹിക ധർമ്മമാണെന്നു പറയേണ്ടി വരുന്നു. "യഥാര്‍ത്ഥത്തില്‍ പേരന്റിങ്ങിനെക്കാള്‍ അര്‍ത്ഥപൂര്‍ണമായ ഒരു ധര്‍മ്മം സമൂഹത്തിനില്ല. മാതാപിതാക്കള്‍ക്കുപരി കുട്ടികളെ സ്വാധീനിക്കുന്നവര്‍ ആരുമില്ല" എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ സ്റ്റൈയിന്‍ബർഗ് പറയുന്നതോര്‍ക്കുക.

പേരന്റിംഗ് എന്നത് ഒരൊറ്റക്കാര്യമല്ല. മറിച്ച് കുട്ടികളെ വളര്‍ത്താനും അവരുടെ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നാനുമായി മാതാപിതാക്കളെടുക്കുന്ന നിലപാടുകളുടെയും സ്വഭാവരീതികളുടെയും ആകെത്തുകയാണത്. അങ്ങനെ ചിന്തിക്കുമ്പോള്‍ മാതാപിതാക്കളുടെ ജീവിതം തന്നെയാണ് പേരന്റിംഗ്. മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കുന്നതല്ല, അവര്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്ന് മനശാസ്ത്രജ്ഞനായ കാല്‍ യുങ്ങ് പഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്.

വിദ്യാഭ്യാസപ്രവര്‍ത്തകരും ശിശുമനശാസ്ത്രജ്ഞരും വളരെ മുമ്പ് തന്നെ കണ്ടെത്തിയ ഒരു കാര്യമുണ്ട് . കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ആത്മബോധം രൂപം കൊള്ളുന്നു. അതോടൊപ്പം വ്യക്തിത്വവും സ്വയം മതിപ്പുമൊക്കെ അവരില്‍ കരുപ്പിടിപ്പിക്കപ്പെടുന്നു. പിന്നീട് കുട്ടികളില്‍ ഈ ലോകത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമയം വരും. ഒരു പേരന്റ് എന്ന നിലയില്‍ സംരക്ഷണത്തിന്റെ നിഴല്‍പോലും നല്‍കേണ്ടാത്ത സമയം. ശരിയായ പേരന്റിംഗിലൂടെ നിങ്ങളുടെ കുട്ടിയുടെ ഉള്ളില്‍ വിതച്ച നന്മകളുടെ വിത്തുകള്‍ വളര്‍ന്ന് ശാഖ വീശി വളരുന്നതും പൂവണിയുന്നതുമൊക്കെ അന്ന് നിങ്ങള്‍ക്ക് ആഹ്ലാദത്തോടെ ദര്‍ശിക്കാം . അതുകൊണ്ട് ഇപ്പോള്‍ എല്ലാ കഴിവുകളുമുപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച പേരന്റിംഗ് നല്‍കുക. പോന്നോമനകള്‍ക്ക് വേണ്ടി തുടങ്ങാവുന്ന ഏറ്റവും നല്ല സമ്പാദ്യം അതാണ്.

പേരന്റിംഗ് അതീവ ദുഷ്കരമാണ്. അതേസമയം അങ്ങേയറ്റം ആസ്വാദ്യകരവുമാണത്. ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാള്‍ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാള്‍ ആഴവുമുണ്ട് എന്ന് പറയാറുണ്ട്. അതിനര്‍ത്ഥം മാതാപിതാക്കളുടെ പ്രാഥമികമായ കടമയും ഉത്തരവാദിത്തവും തന്നെ അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതാണല്ലോ. സ്വയം മാതാപിതാക്കളായിത്തീരാതെ മാതാപിതാക്കളുടെ സ്നേഹമെന്തെന്നു നാം ഒരിക്കലും അറിയുന്നില്ല എന്ന് ഹെന്റി ബീച്ചര്‍ പറഞ്ഞതോര്‍ക്കുന്നു. അറിയുന്ന സ്നേഹം അതിന്റെ പത്തിരട്ടിയായി നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ നല്ല പേരന്റിംഗ് സഹായിക്കുന്നു.

തന്റെ കുട്ടി എങ്ങനെയുള്ളവനാകണമെന്ന് നല്ല പേരന്റ് മുന്‍കൂട്ടി തീരുമാനിക്കുന്നു. ആരോഗ്യം, പഠനം, കാരുണ്യം, സ്വാശ്രയത്വം, നീതിബോധം എന്നിവയിലൊക്കെ തന്റെ കുട്ടി മറ്റെല്ലാവരെക്കാള്‍ മേലെയായിരിക്കണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ ? എന്നാല്‍ മറക്കേണ്ട. ഇവയൊക്കെ നേടാന്‍ സഹായിക്കുന്ന സുരക്ഷിതത്വബോധം, ലക്ഷ്യബോധം, വ്യക്തിപരമായ കഴിവിനെപ്പറ്റിയുള്ള ബോധം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് രക്ഷകര്‍ത്താക്കളാണ്. ഉത്തരവാദിത്ത്വം, അധികാര കേന്ദ്രങ്ങളോടുള്ള ആദരം, അച്ചടക്കം, മുതിര്‍ന്നവരില്‍ വിശ്വാസം, പരാജയത്തെ സ്വീകരിക്കാനുള്ള ധൈര്യം, ആശങ്കയോ ഉത്കണ്ഠയോ കാര്യമായി അലട്ടാത്ത സ്വഭാവം എന്നിവയെല്ലാം മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വബോധത്തില്‍ നിന്ന് ഉടലെടുക്കുന്നവയാണ്. അതുപോലെ വ്യക്തിത്വബോധത്തില്‍ നിന്നാണ് സ്നേഹം, പരക്ലേശവിവേകം, സഹഭാവം, കാരുണ്യം, സ്വയം അംഗീകാരം, ആത്മനിയന്ത്രണം, വൈകാരിക സ്ഥിരത, വികാരങ്ങള്‍ സ്വാഭാവികമായി പ്രകടിപ്പിക്കാനുള്ള ധീരത എന്നിവ ഉണ്ടാവുക. ഈ ഗുണങ്ങളെല്ലാം നല്ല മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടവും മാതാപിതാക്കള്‍ സൂക്ഷ്മമായി വിലയിരുത്തുകയും വേണ്ടിടത്ത് പ്രോത്സാഹനവും വിലക്കും തിരുത്തുമൊക്കെ നല്‍കുകയും കുട്ടികളെ മാതൃകാപരമായി മുന്നില്‍ നിന്ന് നയിക്കുകയും വേണം. (കടപ്പാട് ഡോ. പി.പി. വിജയന്‍, പേരന്റിംഗ്).

ഒരു പിതാവിന് അല്ലെങ്കില്‍ മാതാവിന് അവരുടെ കുഞ്ഞുങ്ങളില്‍ എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന് മേല്‍‌വിവരിച്ച ഉപദേശ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും ഒരു പെണ്‍‌കുട്ടി ജനിച്ചതിനു ശേഷമാണ് മറ്റൊരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ഉടലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടി ജനിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജൂണ്‍ 23, 2016-ല്‍ അവര്‍ ബീഹാറിലെ നളന്ദയിലുള്ള ഒരു സന്നദ്ധ സംഘടനാ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുക്കുന്നത്. ഗയയിലെ ഒരു പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ പെണ്‍‌കുഞ്ഞിനെ സന്നദ്ധ സേവകര്‍ക്ക്  കിട്ടുന്നത്. അവരവള്‍ക്ക് സരസ്വതി എന്ന പേരു നല്‍കി. രണ്ടു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഈ കുഞ്ഞ് ഈ കുഞ്ഞിനെയാണ് വെസ്ലി ദമ്പതികള്‍ ദത്തെടുത്തത്.

ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ടെങ്കിലും ഇവര്‍ എന്തുകൊണ്ടാണ് ബീഹാറിലെ നളന്ദയിലേക്ക് വന്നതെന്ന് അറിയില്ലെന്നാണ് സംഘടനാ സെക്രട്ടറി ബബിതാ കുമാരി പറഞ്ഞതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന 'മദര്‍ തെരേസ ആനന്ദ് സേവാ സന്‍‌സ്ഥാന്‍' എന്ന ഈ കേന്ദ്രത്തോട് വൈകാരികമായി അടുപ്പമുള്ളതുകൊണ്ടാകാം അവര്‍ അവിടം തിരഞ്ഞെടുത്തതെന്നാണ് ബബിത കുമാരി പറയുന്നത്. കുട്ടിയെ ദത്തെടുക്കുന്ന സമയത്ത് ബുദ്ധി വളര്‍ച്ചയെത്തിയിട്ടില്ലെന്നോ, മറ്റു ശാരീരിക വൈകല്യങ്ങളുണ്ടെന്നോ അവര്‍ക്കറിയില്ലെന്നും പറയുന്നു. രാവിലെ ഏകദേശം അന്‍പതോളം കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നുണ്ട്. സരസ്വതിയും അക്കൂട്ടത്തിലുണ്ട്. പാല്‍ കുടിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ യാതൊരു തടസ്സമോ ബുദ്ധിമുട്ടോ അവര്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പറയുന്നു. വെസ്ലി-സിനി ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നതിനുശേഷം അവള്‍ക്ക് ഒരു സഹോദരിയെ വേണമെന്ന ആഗ്രഹത്താലാണത്രേ സരസ്വതിയെ ദത്തെടുത്തത്. അമേരിക്കയിലേക്ക് കൊണ്ടുവന്നതിനു ശേഷം പേര് ഷെറിന്‍ എന്നാക്കി.

സുഖസമ്പന്നമായ ജീവിത ചുറ്റുപാടില്‍ ആ കുഞ്ഞ് വളര്‍ന്നു. വാക്സിനേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കുട്ടിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയപ്പോഴാണ് കുട്ടിക്ക് ചില അംഗ വൈകല്യങ്ങളുണ്ടെന്ന കാര്യവും, ഒരു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്ന കാര്യവും വെസ്ലി ദമ്പതികള്‍ അറിയുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ, ആശുപത്രി അധികൃതര്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍‌വീസിനെ (സി‌.പി‌.എസ്) വിവരമറിയിക്കുകയും അവര്‍ കുട്ടിയെ നിരീക്ഷണത്തിലിടുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ സിപി‌എസ് വെസ്ലിയുടെ വീട് സന്ദര്‍ശിക്കുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്യാറുണ്ടെന്നും പറയുന്നു. കുട്ടിക്ക് പോഷകാഹാരക്കുറവു കൊണ്ട് വളര്‍ച്ചയും മന്ദഗതിയിലായിരുന്നു. സംസാര ശേഷിയും കുറവായിരുന്നു. ഒക്ടോബര്‍ 7ന് കുട്ടിയെ കാണാതായ ദിവസം പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സി.പി.എസും ഇടപെട്ടിരുന്നു. വെസ്ലിയുടെ വീട്ടില്‍ സി.പി.എസ്. സന്ദര്‍ശനം നടത്താറുണ്ടെന്ന് പറഞ്ഞതല്ലാതെ കാരണം പോലീസിനോട് വ്യക്തമാക്കിയിരുന്നില്ല.

ഒക്ടോബര്‍ 7 മുതല്‍ വെസ്ലിയുടെ വീടിനു ചുറ്റും ജനങ്ങള്‍ തടിച്ചുകൂടുകയും കുട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഒരിക്കല്‍ പോലും വെസ്ലിയോ സിനിയോ വീടിനു പുറത്തേക്ക് വരികയോ ജനങ്ങളെയോ വാര്‍ത്താ മാധ്യമങ്ങളേയോ അഭിമുഖീകരിച്ചില്ല. അവരുടേ ഈ പ്രവര്‍ത്തി ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്തു. കൂടാതെ തങ്ങളുമായി അത്ര അടുപ്പമില്ലാത്ത കുടുംബമാണ് വെസ്ലിയുടേതെന്ന് അയല്‍ക്കാരും പറയുന്നു. ഷെറിന്‍ എന്ന കുട്ടിയെയോ സഹോദരി 4 വയസ്സുകാരിയേയോ പുറത്തേക്കൊന്നും കാണാറില്ലെന്നും അയല്‍ക്കാര്‍.

കുട്ടിയെ കാണാതായ അതേ ദിവസം തന്നെ വെസ്ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടെങ്കിലും, വീട്ടില്‍ താമസിക്കാന്‍ പോലീസ് അനുവദിച്ചില്ല. പകരം മറ്റെവിടെയോ ആണ് താമസിപ്പിച്ചത്. അതും ശരീരത്തില്‍ ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിച്ച്. സിനിയാകട്ടേ ഒരു അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ സിനി രക്ഷപ്പെടുകയും ചെയ്തു.

കുട്ടിയെ പുലര്‍ച്ചെ 3:15ന് കാണാതായ ശേഷം ഏകദേശം 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തേക്ക് പോകുകയും 5 മണിയോടെ തിരിച്ചു വരികയും ചെയ്തിരുന്നു. അടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇത് കണ്ടുപിടിച്ചത്. ആ സമയത്ത് എന്തിനാണ് പുറത്തുപോയതെന്നോ എങ്ങോട്ടാണ് പോയതെന്നോ ഉള്ള ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നല്‍കാന്‍ വെസ്ലിക്ക് കഴിയാതിരുന്നതും പോലീസിന് സംശയം കൂടാന്‍ കാരണമായി. എഫ്ബിഐയുടെ ഇടപെടലോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായിത്തന്നെ മുന്നോട്ടു പോയി.

ഇതിനിടെ വെസ്ലിയുടെ വീടിനു മുന്‍പിലും കുട്ടിയെ നിര്‍ത്തിയെന്നു പറയുന്ന സ്ഥലത്തും ജനങ്ങള്‍ തടിച്ചു കൂടാനും പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കാനും തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ജനരോഷം ആളിക്കത്തുകയും വെസ്ലിയുടെ കുടുംബത്തിനു നേരെ അമര്‍ഷം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. സ്വാഭാവികമായും അങ്ങനെയേ സംഭവിക്കൂ. വെറും മൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതായിട്ടും യാതൊരു സങ്കോചവുമില്ലാതിരിക്കുന്ന മാതാപിതാക്കളോട് പൊതുജനം അങ്ങനെയേ പ്രതികരിക്കൂ.

എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഒരു കുഴപ്പമുണ്ട്....'അമ്മയെ തല്ലിയാലും രണ്ടു പക്ഷം' പിടിക്കുന്ന സ്വഭാവം പൊതുവെ ഇന്ത്യാക്കാര്‍ക്ക് അല്പം കൂടുതലാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡാളസ്, ഹ്യൂസ്റ്റണ്‍, ഷുഗര്‍‌ലാന്റ് എന്നിവിടങ്ങളിലുള്ള നിരവധി മലയാളികളുമായി ലേഖകന് സംസാരിക്കാന്‍ അവസരം കിട്ടി. എല്ലാവരും 'സങ്കടം' പങ്കുവെക്കുകയും അതോടൊപ്പം 'പോയതു പോയില്ലെ, ഇനി ജീവിച്ചിരിക്കുന്നവരെ ക്രൂശിക്കുന്നതെന്തിനാ. അവരെ ജീവിക്കാന്‍ അനുവദിച്ചൂടെ' എന്ന ചോദ്യത്തോടെ ആ സംഭാഷണം അവസാനിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ചിലര്‍ പറയുന്നു ആ കുട്ടിയോട് ചെയ്ത ക്രൂരതയ്ക്ക് വെസ്ലിയും സിനിയും ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും, വേറൊരു വിഭാഗം പറയുന്നു ഒന്നും മനഃപൂര്‍വ്വമല്ലായിരിക്കും, അതിനവര്‍ക്ക് നിയമാനുസൃതമുള്ള ശിക്ഷ ലഭിക്കണമെന്നും പറയുന്നു. പക്ഷെ, ആ കുടുംബത്തിന് വന്ന 'ദുരന്തം' മറക്കരുതെന്നു കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മനഃസ്സാക്ഷിയില്ലാത്തവരാണ് മേല്പറഞ്ഞ കൂട്ടരെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല തന്നെ.

(തുടരും.......)

Wednesday, October 25, 2017

രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 1)

അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ നിന്ന് കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം. ഈ കുരുന്ന് മനഃപ്പൂര്‍‌വ്വം വീടു വിട്ട് ഒളിച്ചോടിയതല്ല, മറിച്ച് സ്വന്തം പിതാവിന്റെ (രണ്ടാനച്ഛന്‍ എന്നു പറയുന്നതായിരിക്കും ഉചിതം) ബുദ്ധിമോശം കൊണ്ട് കാണാതായതാണ്.

ഒക്ടോബര്‍ 7 ശനിയാഴ്ച വാര്‍ത്താ മാധ്യമങ്ങളിലൂടെ മൂന്നു വയസ്സുള്ള പെണ്‍‌കുഞ്ഞിനെ കാണ്മാനില്ല എന്ന വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അമേരിക്കയില്‍ ഇത് നിത്യ സംഭവമാണല്ലോ എന്ന് തോന്നിയെങ്കിലും, കുട്ടിയെ കാണാതായ സാഹചര്യങ്ങള്‍ വായിച്ചപ്പോള്‍ സ്വാഭാവികമായും സംശയങ്ങളുടലെടുത്തു. അതിരാവിലെ 3 മണിക്ക് കുട്ടിയെ സ്വന്തം വീടിന്റെ 100 മീറ്റര്‍ അകലെയുള്ള മരത്തിനടിയില്‍ പിതാവ് കൊണ്ടു നിര്‍ത്തി വീട്ടിലേക്ക് പോന്നു എന്നു കേട്ടപ്പോള്‍ അത്ഭുതവും അതിലുപരി അമര്‍ഷവും തോന്നി. കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ശിക്ഷാ നടപടിയെന്ന നിലയിലാണത്രേ അങ്ങനെ കൊണ്ടു നിര്‍ത്തിയത്! അപ്പോഴും വിശ്വസിക്കാന്‍ പ്രയാസം തോന്നി. കേവലം മൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആരെങ്കിലും അങ്ങനെയൊരു ശിക്ഷ വിധിക്കുമോ? തീര്‍ന്നില്ല. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് പിതാവ് ചെന്നു നോക്കുമ്പോള്‍ കുഞ്ഞ് അപ്രത്യക്ഷയായിരിക്കുന്നു!

സാധാരണ രീതിയില്‍ അങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ ഉടനെ പോലീസില്‍ വിവരമറിയിക്കുകയാണ് ബുദ്ധിയും വിവേകവുമുള്ളവര്‍ ചെയ്യുക. എന്നാല്‍ ഈ പിതാവാകട്ടേ രാവിലെ 8 മണിവരെ കാത്തിരുന്നതിനു ശേഷമാണ് പോലീസിനെ വിളിക്കുന്നത്! ആര് കേട്ടാലും അവിശ്വസനീയമായി തോന്നുന്ന സംഭവം. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണ് പിന്നീട് മനസ്സില്‍ തോന്നിയത്.

ഒരു പിതാവും ചെയ്യാത്ത കുറ്റകൃത്യം. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഒരു മലയാളി ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയായിപ്പോയി അത്. ശാഠ്യങ്ങളും ദുശ്ശാഠ്യങ്ങളും ഇല്ലാത്ത ഏതൊരു കുഞ്ഞാണ് ഈ ലോകത്തുള്ളത്? എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാണ്. അക്കാര്യം ഈ പിതാവിന് അറിയില്ലെന്നുണ്ടോ? അതോ മനഃപ്പൂര്‍‌വ്വം ചെയ്തതാണോ? നമ്മുടെ ചിന്തകള്‍ക്കതീതമായി മനസ്സില്‍ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നു അല്ലെങ്കില്‍ സംഭവിക്കുന്നു. ധാര്‍മ്മികതയോ മനുഷ്യത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, നമുക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങള്‍. ഈ മൂന്നു വയസ്സുകാരിയെ എന്തിനാണ് പുലര്‍ച്ചെ മൂന്നു മണിക്ക് പുറത്ത് നിര്‍ത്തിയതെന്ന പോലീസിന്റെ ചോദ്യത്തിന് പിതാവ് നല്‍കിയ മറുപടി ഇങ്ങനെ..."അര്‍ദ്ധരാത്രിക്ക് എഴുന്നേറ്റ് പാലു കുടിയ്ക്കുന്ന സ്വഭാവം കുട്ടിക്ക് ഉണ്ടായിരുന്നു. അങ്ങനെ എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ ശിക്ഷ കൊടുക്കാനാണ് മരത്തിന്റെ ചുവട്ടില്‍ കൊണ്ടു നിര്‍ത്തിയത്.." കൂടാതെ, ആ പ്രദേശത്ത് കയോട്ടീസിനെ (ചെന്നായ്ക്കള്‍) കാണാറുണ്ടെന്നും പിതാവ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞു. പുലര്‍ച്ചെ 3:15ന് കുട്ടിയെ കാണാതായിട്ട് രാവിലെ 8 മണിവരെ എന്തു ചെയ്തു എന്ന ചോദ്യത്തിന് 'തുണി കഴുകുകയായിരുന്നു' എന്ന ഉത്തരമാണ് വെസ്ലി നല്‍കിയത്. ആ സമയത്ത് ഭാര്യ ഉറക്കമായിരുന്നുവെന്നും പറഞ്ഞു..!

അവിശ്വസനീയമായ വിവരണമാണ് വെസ്ലി നല്‍കിയിരിക്കുന്നതെന്ന് ഏതൊരാള്‍ക്കും തോന്നും. കാരണം 1) രാവിലെ 3 മണിക്ക് പാല്‍ കുടിക്കാത്ത ഒരു കുഞ്ഞിനെ ആരും ചെന്നായ വിഹരിക്കുന്ന സ്ഥലത്ത് കൊണ്ടു നിര്‍ത്തുകയില്ല, അതും ബുദ്ധി വളര്‍ച്ചയെത്താത്ത കുട്ടിയെ 2) 15 മിനുട്ട് കഴിഞ്ഞപ്പോള്‍ കുട്ടി അപ്രത്യക്ഷമായെങ്കില്‍ ഉടനെ പോലീസിനെ അറിയിക്കണമായിരുന്നു 3) രാവിലെ 8 മണിവരെ കാത്തിരുന്ന് ആ സമയം മുഴുവന്‍ തുണി കഴുകിയെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല 4) ആ സമയം മുഴുവന്‍ ഭാര്യ ഉറക്കമായിരുന്നു എന്നു പറഞ്ഞത്.

കുറ്റകൃത്യം ചെയ്തുവെന്ന് തോന്നുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന അടവുനയങ്ങളാണ് വെസ്ലി പറഞ്ഞതെന്ന് പോലീസിന് അപ്പോഴേ തോന്നിക്കാണണം. അതുകൊണ്ടു തന്നെ എഫ്ബിഐ ഇടപെട്ടു. അവര്‍ വന്ന് വെസ്ലിയുടെ വീടു മുഴുവന്‍ അരിച്ചു പെറുക്കി കഴുകിയിട്ട തുണികളടക്കം കൊണ്ടുപോയി. കൂടാതെ, സെല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, കം‌പ്യൂട്ടര്‍, മൂന്ന് വാഹനങ്ങള്‍ എല്ലാം..... കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിന് വെസ്ലിയെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തിന് വിട്ടയക്കുകയും ചെയ്തു......! വെസ്ലി-സിനി ദമ്പതികള്‍ക്കുണ്ടായ നാലു വയസ്സുള്ള മറ്റൊരു പെണ്‍‌കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍‌വ്വീസ് കൊണ്ടുപോകുകയും ചെയ്തു. അതാണ് അമേരിക്കയിലെ നിയമം. ഏത് വലിയവന്റെ വീട്ടിലായാലും കുട്ടികള്‍ ഭദ്രമല്ലെന്നു കണ്ടാല്‍ ശിശു സം‌രക്ഷണ ഏജന്‍സികള്‍ കുട്ടികളെ കൊണ്ടുപോകും. കോടതി കനിഞ്ഞാലേ ആ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടു കിട്ടൂ. അതും വളരെ കര്‍ശനമായ നിരീക്ഷണത്തോടെയും നിര്‍ദ്ദേശത്തോടെയും മാത്രം.

ഒക്ടോബര്‍ 7 ശനിയാഴ്ച നടന്ന ഈ സംഭവത്തിനുശേഷം നിരവധി സംഭവ വികാസങ്ങള്‍ നടന്നു. ദിവസങ്ങള്‍ കഴിയുന്തോറും 3 വയസ്സുകാരി ഷെറിനെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. റിച്ചാര്‍ഡ്സണ്‍ പോലീസും എഫ് ബി ഐയും ആ പ്രദേശമാകെ അരിച്ചു പെറുക്കി. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി, പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളെക്കൊണ്ട് പരിസരമാകെ പരതിച്ചു... ഷെറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ പലതവണ റിച്ചാര്‍ഡ്സണ്‍ പോലീസ് വെസ്ലിയേയും ഭാര്യ സിനിയേയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും അവര്‍ രണ്ടുപേരും അഭിഭാഷകരെ നിയോഗിച്ചു കഴിഞ്ഞിരുന്നു. അതോടെ അവര്‍ പോലീസുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. വെസ്ലിയെ ചോദ്യം ചെയ്ത സമയത്ത് മകള്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേവലാതിയൊന്നു വെസ്ലിയില്‍ പ്രകടമായില്ല എന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്. അവര്‍ക്ക് വെസ്ലിയില്‍ സംശയം കൂടാന്‍ കാരണവും അതാണ്.

സമൂഹത്തില്‍ മാന്യത നടിച്ച് ജീവിച്ചിരുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്നത് ഒക്ടോബര്‍ 23-നാണ്. അന്നാണ് ഷെറിന്‍ എന്ന ആ പിഞ്ചോമനയുടെ മൃതശരീരം വെസ്ലിയുടെ വീട്ടില്‍ നിന്ന് കേവലം ഒന്നര മൈല്‍ അകലെ ഒരു ഓവു ചാലില്‍ നിന്ന് ലഭിക്കുന്നത്. അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പിന്നീട് കേട്ടുകൊണ്ടിരിക്കുന്നത്......!

(തുടരും....)

Tuesday, October 24, 2017

ഷെറിന്റെ മരണം കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് കുറ്റസമ്മതം നടത്തി

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഒക്ടോബര്‍ 7-ന് കാണാതാകുകയും രണ്ടാഴ്ചക്കു ശേഷം വീടിനടുത്തുള്ള കലുങ്കിനിടയില്‍ നിന്ന്  കണ്ടെടുത്ത മൃതദേഹം മൂന്നു വയസ്സുകാരി ബാലിക ഷെറിന്‍ മാത്യൂസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് കസ്റ്റഡിയിലെടുത്ത വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍! വെസ്ലി കുട്ടിയെ അപായപ്പെടുത്തിയിരിക്കാമെന്ന് പോലീസിനും എഫ്ബിഐക്കും ഉറപ്പായിരുന്നു. അതനുസരിച്ചാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നത്.

ഇന്ന് (ചൊവ്വാഴ്ച) വെസ്ലി സത്യം തുറന്നു പറഞ്ഞു. പോഷകാഹാരക്കുറവു മൂലം കുട്ടിക്ക് രാത്രിയും പാല്‍ കുടിപ്പിക്കുന്ന പതിവുണ്ടായിരുന്നുവത്രേ. അതനുസരിച്ചാണ് ഒക്ടോബര്‍ 7-ന് കുട്ടിക്ക് പാല്‍ നല്‍കിയത്. എന്നാല്‍ കുട്ടി കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ചു. കുട്ടി പാല്‍ കുടിക്കുന്നതിനിടയില്‍ ചുമയും ശ്വാസ തടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി പുറത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വെസ്ലി പോലീസിന് നല്‍കിയ മൊഴി. 

ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് അന്ന് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമുണ്ടായിരുന്നില്ല. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തിൽ വിട്ടിരുന്നു. ഇപ്പോള്‍ വീടിന് രണ്ടു മൈല്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ വീണ്ടും അറസ്റ്റു ചെയ്തിരിക്കുന്നത്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

കുട്ടിയെ കാണാതായതിനു ശേഷം രാവിലെ 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തുപോകുകയും 5 മണിയോടെ തിരിച്ചു വരികയും ചെയ്തതായി സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൂടാതെ എഫ്ബിഐ വെസ്ലിയുടെ വീട് റെയ്ഡ് ചെയ്യുകയും കഴുകാനിട്ടിരുന്ന തുണികളടക്കം അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപുകള്‍, ഒരു ടാബ്‌, ഒരു ക്യാമറ, മൂന്നു വാഹനങ്ങള്‍ നിരവധി മറ്റു സാധനങ്ങളും പിടിച്ചെടുത്തിരുന്നു. ഷെറിന്റെ മരണം കൊലപാതകമാണെന്ന് എഫ്ബിഐ കണ്ടുപിടിച്ചത് വെസ്ലിയുടെ ഒരു വാഹനത്തില്‍ നിന്ന് ലഭിച്ച ഡി‌എന്‍‌എ സാമ്പിളുകളാണെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നു. 

ഷെറിനെ കാണാതായ ദിവസം തന്നെ വെസ്ലി-സിനി ദമ്പതികളില്‍ ജനിച്ച നാലു വയസ്സുള്ള പെണ്‍‌കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച കുട്ടിയെ വിട്ടു കിട്ടാന്‍ കോടതിയില്‍ വെസ്ലിയും സിനിയും അഭിഭാഷകരോടൊപ്പം ഹാജരായിരുന്നു. എന്നാല്‍, നവംബര്‍ 13-ലേക്ക് കേസ് മാറ്റുകയായിരുന്നു. അതുവരെ കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗത്തിന്റെ മേല്‍‌നോട്ടത്തില്‍ ഫോസ്റ്റര്‍ ഹോമില്‍ താമസിപ്പിക്കും. കുട്ടിയെ ഏറ്റെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ മുന്നോട്ടു വന്നാല്‍ അവരെ ഏല്പിക്കാനും സാധ്യതയുണ്ട്. അതും സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം മാത്രം.

കുറ്റക്കാര്‍ ആരായാലും കടുത്ത ശിക്ഷ നല്‍കുമെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് ചീഫ് ട്വീറ്റ് ചെയ്തിരുന്നു.



Monday, October 23, 2017

റിച്ചാര്‍ഡ്സണില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഷെറിന്‍ മാത്യൂസിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു; പിതാവ് വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്തു

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഇന്നലെ (ഞായറാഴ്ച) കലുങ്കിനടിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം ഒക്ടോബര്‍ 7-ന് കാണാതായ ബാലിക ഷെറിന്‍ മാത്യൂസിന്റേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന. വെസ്‌ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് വിവരം.

ഷെറിനെ കാണാതായ ദിവസം തന്നെ വെസ്ലി-സിനി ദമ്പതികളില്‍ ജനിച്ച നാലു വയസ്സുള്ള പെണ്‍‌കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഇന്ന് (തിങ്കളാഴ്ച) കുട്ടിയെ വിട്ടു കിട്ടാന്‍ കോടതിയില്‍ വെസ്ലിയും സിനിയും അഭിഭാഷകരോടൊപ്പം ഹാജരായിരുന്നു. എന്നാല്‍, നവംബര്‍ 13-ലേക്ക് കേസ് മാറ്റുകയായിരുന്നു. അതുവരെ കുട്ടിയെ ശിശു സം‌രക്ഷണ വിഭാഗത്തിന്റെ മേല്‍‌നോട്ടത്തില്‍ ഫോസ്റ്റര്‍ ഹോമില്‍ താമസിപ്പിക്കും. കുട്ടിയെ ഏറ്റെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ മുന്നോട്ടു വന്നാല്‍ അവരെ ഏല്പിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ച മൃതദേഹം കണ്ടെടുത്തതു മുതല്‍ വെസ്ലി പരിഭ്രാന്തനായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു. മറ്റൊരു സഭാ വിശ്വാസികളായ വെസ്ലിയേയും കുടുംബത്തേയും അറിയാവുന്ന വ്യക്തി പറയുന്നത് -കുട്ടിയെ കാണാതായ വിവരം വെസ്ലി പോലീസിനോട് പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്നാണ്. ആ കുട്ടിയെ അവര്‍ തന്നെ അപായപ്പെടുത്തിയിരിക്കാമെന്ന് മറ്റു പലരേയും പോലെ തനിക്കും അറിയാമായിരുന്നു. എന്നാല്‍, പോലീസില്‍ അറിയിക്കാന്‍ തക്ക തെളിവുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് അതിന് തുനിഞ്ഞില്ല. ഇപ്പോള്‍ സത്യം പുറത്തു വന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. മറ്റുള്ളവരുമായി അടുപ്പമുള്ള ആളായിരുന്നില്ല വെസ്‌ലി മാത്യുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

'പോലീസിനോട് കള്ളം പറഞ്ഞ് നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്കേണ്ട, സത്യം തുറന്നു പറയൂ. ഏത് വക്കീല്‍ വിചാരിച്ചാലും നിങ്ങള്‍ രക്ഷപ്പെടുകയില്ല' എന്നെഴുതിയ ബോര്‍ഡുകള്‍ വെസ്ലിയുടെ വീടിന്റെ പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്. പ്രദേശ വാസികളില്‍ ഭൂരിഭാഗവും വെസ്ലിയേയും ഭാര്യ സിനിയേയും കുറ്റക്കാരായി ചിത്രീകരിക്കുമ്പോള്‍ മലയാളികളില്‍ ചിലര്‍ അവരെ നിരപരാധികളായിട്ടായിരുന്നു കണ്ടതെന്ന് പറയുന്നു.
മൃതദേഹം ഷെറിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വെസ്ലി പോലീസിന് കൊടുത്ത മൊഴി മാറ്റിപ്പറഞ്ഞതായി ഡിറ്റക്ടീവുകള്‍ പറഞ്ഞു. അറസ്റ്റു ചെയ്ത വെസ്ലിയെ ജയിലിലടച്ചു. ജീവപര്യന്തം മുതല്‍ 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

വെസ്ലിയുടെ വീടിന് ഒന്നര മൈല്‍ മാറി റെയില്‍‌വേ ക്രോസിംഗിനടുത്ത് റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ഏഴിനാണു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.

കുട്ടിയെ കാണാതായ ദിവസം വെസ്ലിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.

വെസ്ലിയുടെ വീട് എഫ്ബിഐ റെയ്ഡ് ചെയ്ത് നിരവധി സാധനങ്ങളും മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ സമീപപ്രദേശങ്ങളിലെ എല്ലാ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

Sunday, October 22, 2017

ഒക്ടോബര്‍ 7-ന് കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ്

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്):  അമേരിക്കയിലെ ടെക്സസില്‍ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍ നിന്ന് അപ്രത്യക്ഷയായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനുവേണ്ടി 16 ദിവസമായി നടന്നുവരുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിച്ചാർഡ്സണ്‍ പോലീസ്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് (ഞായറാഴ്ച) രാവിലെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.  മൃതദേഹം  മിക്കവാറും ഷെറിന്റേതാകാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്, എന്നാല്‍ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഷെറിന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ എഫ്.ബി.ഐയുടെ അന്തിമ തിരിച്ചറിയലിനായി കാത്തിരിക്കേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.

 ഇന്ന് (ഒക്ടോബര്‍ 22 ഞായറാഴ്ച) മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ്. ഒക്ടോബര്‍ 7 ന് ഷെറിന്‍ മാത്യൂസ് കാണാതായതിനു ശേഷം ആദ്യമായാണ് പോലീസ് മാധ്യമങ്ങളോട് സംസാരിക്കുന്നത്.  ഷെറിന്റെ  മാതാപിതാക്കളായ വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും നോട്ടീസ് അയച്ചിട്ടുണ്ടെന്നും, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ വെസ്ലിയുടെ വീട്ടില്‍ നിന്ന് ഏകദേശം ഒന്നര മൈല്‍ അകലെ റെയില്‍വേ ട്രാക്കിനടുത്ത് ഒരു പൈപ്പിനകത്താണ് മൃതദേഹം കണ്ടതെന്ന് ഡാളസ്സില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍ പറഞ്ഞു. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കുട്ടിയുടെ മൃതദേഹം പൈപ്പിനകത്ത് കിടക്കുന്നത് ആദ്യം കണ്ടത്. അവരാണ് പോലീസിനെ വിവരമറിയിച്ചതെന്നും ചെറിയാന്‍ പറഞ്ഞു. കുട്ടിയുടെ മരണത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.

ഒക്ടോബര്‍ 7 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് പാല്‍ കുടിക്കാതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയെ 100 മീറ്റര്‍ അകലെയുള്ള മരത്തിനടിയില്‍ നിര്‍ത്തുകയും പതിനഞ്ച് മിനിറ്റു കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞറ്റ്. എന്നാല്‍, 8 മണിക്കാണ് പോലീസിനെ വിവരമറിയിക്കുന്നത്.  കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസ് ഉറക്കത്തിലായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്.

കുട്ടിയെ കാണാതായ ദിവസം മുതല്‍ റിച്ചാര്‍ഡ്സണ്‍ പോലീസും എഫ്.ബി.ഐയും അന്വേഷണം ത്വരിതപ്പെടുത്തുകയും  അയല്‍വാസികളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ കുട്ടിയെ കണ്ടെത്തുന്നതിനായി നിരവധി തിരച്ചിലുകളും നടത്തിയിരുന്നു.

അതേസമയം, കുട്ടിയെ കാണാതായ ദിവസം റിച്ചാര്‍ഡ്സണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് (സിപി‌എസ്) കൊണ്ടുപോയ വെസ്ലിയുടേയും സിനിയുടേയും നാലു വയസ്സുള്ള മകളെ വിട്ടുകിട്ടുന്നതിനായി വെസ്ലി സമര്‍പ്പിച്ച ഹര്‍ജി കോടതിയില്‍ വിചാരണയ്ക്കെടുക്കും. കുട്ടിയെ ഇവര്‍ക്ക് വിട്ടുകൊടുക്കുമോ ഇല്ലയോ എന്ന് കോടതി വിധി വന്നതിനു ശേഷമേ പറയാന്‍ കഴിയൂ.


Friday, October 20, 2017

ആ പിഞ്ചുകുഞ്ഞിനെ അവര്‍ എന്തു ചെയ്തു?

ടെക്സസിലെ റിച്ചാര്‍ഡ്സണ്‍ എന്ന സ്ഥലത്തുനിന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികളെ കാണാതാകുന്നത് ലോകത്തെല്ലായിടത്തും നടക്കുന്ന സംഭവമാണെങ്കിലും ഈ കുട്ടിയെ കാണാതായതില്‍ ദുരൂഹതകള്‍ ഏറെയാണ്. കാരണം സ്വന്തം മാതാപിതാക്കളുടെ നിരുത്തരവാദിത്വമാണ് ഈ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ തിരോധാനത്തിനു പിന്നില്‍. കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കാതിരുന്നാലോ ദുശ്ശാഠ്യമെടുത്താലോ മാതാപിതാക്കള്‍ വഴക്കു പറയുക സാധാരണയാണ്. പക്ഷെ പുലര്‍ച്ചെ മൂന്നു മണിക്ക് പാല്‍ കുടിച്ചില്ല എന്ന കാരണം പറഞ്ഞ് മൂന്നു വയസ്സുള്ള ഈ കുഞ്ഞിനെ പുറത്ത് ഒരു മരത്തിനു കീഴെ പിതാവ് കൊണ്ടു നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോന്നു, എന്നിട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക ! അഥവാ ഇനി കണ്ടില്ലെന്നു തന്നെ ഇരിക്കട്ടെ. സംഭ്രമിച്ച പിതാവ് ഉടനെ പോലീസില്‍ അറിയിക്കുകയല്ലേ വെണ്ടത്? അതും ചെയ്യാതെ 'ങാ.... വേണമെങ്കില്‍ തനിയെ വന്നോളും' എന്നു കരുതി രാവിലെ എട്ട് മണിവരെ തുണി കഴുകി (വാഷിംഗ് മെഷീനില്‍) എന്ന മുട്ടാപ്പോക്ക് ന്യായീകരണവും കൂടിയായാലോ? കുഞ്ഞ് തിരിച്ചു വന്നതുമില്ല. എട്ടു മണി കഴിഞ്ഞാണ് ഈ പിതാവ് പോലീസിനെ അറിയിക്കുന്നത്. കുഞ്ഞിന്റെ അമ്മ (രണ്ടാനമ്മ) ആ സമയം മുഴുവന്‍ ഉറങ്ങുകയായിരുന്നുവത്രേ... !! വീട്ടില്‍ നടന്ന സംഭവങ്ങളൊന്നും അവര്‍ അറിഞ്ഞതേ ഇല്ല.

ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ താമസിക്കുന്ന വെസ്ലി മാത്യൂസിന്റേയും സിനി മാത്യൂസിന്റേയും പുത്രി (ദത്തു പുത്രി)യാണ് ഷെറിന്‍. കുട്ടിയെ കാണാതായ വിവരം അറിഞ്ഞവര്‍ അന്നുമുതല്‍ പരിസരങ്ങളില്‍ തടിച്ചുകൂടുകയും പ്രാര്‍ത്ഥനകളും മറ്റുമായി പ്രചരണവും നടത്തുന്നുണ്ട്.  ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. ഈ കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ മാനസിക വളര്‍ച്ചയെത്തിയിട്ടുണ്ടായിരുന്നില്ല. കൂടാതെ ഇടത്തെ കണ്ണിന് അല്പം കാഴ്ചക്കുറവുമുണ്ട്. അങ്ങനെയുള്ള ഒരു കുട്ടിയെയാണ് വെസ്ലി പുറത്തുകൊണ്ടുപോയി നിര്‍ത്തിയെന്നും പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ശുദ്ധ നുണയാണതെന്ന്. കുട്ടിയെ കാണാതായത് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിടുകയും ചെയ്തു. പ്രദേശം വിട്ടു പോകാതിരിക്കാന്‍ മുന്‍കരുതലായി ഇലക്ട്രോണിക് ഉപകരണം ശരീരത്തില്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ എഫ്ബിഐയുടെ 'എവിഡന്‍സ് റെസ്പോണ്‍സ്' സംഘം വെസ്ലി മാത്യൂസിന്റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുന്‍പ് റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകള്‍ക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചില്‍ നടത്തി. അന്വേഷണത്തിന്റെ സ്വാഭാവിക പുരോഗതി എവിടെ വരെയെത്തിയെന്നോ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചുവെന്നോ റിച്ചാര്‍ഡ്സണ്‍ പോലീസ് വിശദീകരിച്ചിട്ടില്ല. എഫ്ബിഐ സംഘം എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.  വെസ്ലി മാത്യൂസിന്റെ മൂന്ന് വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.

കുട്ടിയെ കാണാതായ സമയത്തുതന്നെ പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അപ്പോള്‍ തന്നെ അന്വേഷണം നടത്തി കുട്ടിയെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അത്രയും സമയദൈര്‍ഘ്യത്തെക്കുറിച്ചാണ് പോലീസിന് സംശയം. പുലര്‍ച്ചെ 3:15 മുതല്‍ 8 മണിവരെ എന്തുകൊണ്ടാണ് വിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. തീര്‍ച്ചയായും അതുതന്നെയാണ് വെസ്ലിയിലേക്കും സിനിയിലേക്കും വിരല്‍ ചൂണ്ടുന്നത്. കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള, അതും ബുദ്ധി വളര്‍ച്ചയെത്താത്ത, മകളെ കാണാതായിട്ടും യാതൊരു പരിഭ്രമമോ വേവലാതിയോ ഇല്ലാതെ 8 മണിവരെ തുണി കഴുകുന്ന ഭര്‍ത്താവും സുഖനിദ്രയിലാകുന്ന ഭാര്യയും ഈ ലോകത്ത് മറ്റെങ്ങും കാണാനിടയില്ല. 'കാക്കയ്ക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്' എന്നാണല്ലോ ചൊല്ല്. വെസ്ലിക്കും സിനിയ്ക്കും അവരില്‍ പിറന്ന നാലു വയസ്സുള്ള മറ്റൊരു പെണ്‍‌കുഞ്ഞു കൂടി ഉണ്ട്. ഷെറിന്‍ ഒരു അധികപ്പറ്റാണെന്നു തോന്നി ആ കുട്ടിയെ അവര്‍ തന്നെ അപായപ്പെടുത്തിയതാണോ എന്ന് ഇപ്പോള്‍ പരക്കെ സംസാരമുണ്ട്.

കുഞ്ഞിനെ 100 മീറ്റര്‍ അകലെയുള്ള മരത്തിന്റെ ചുവട്ടില്‍ കൊണ്ടു നിര്‍ത്തി എന്ന് വെസ്ലി പറയുന്നത് പച്ചക്കള്ളമാണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മെനഞ്ഞെടുത്ത കള്ളക്കഥ. കൂട്ടത്തില്‍ വെസ്ലി മറ്റൊരു വിഢിത്തരവും പറഞ്ഞു..'ആ മരത്തിനു ചുറ്റും ചെന്നായ്ക്കളെ കണ്ടിട്ടുണ്ടെന്ന്....!!' എന്നാല്‍ അങ്ങനെ ചെന്നായ്ക്കളെയൊന്നും ആ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് അയല്‍‌വാസികളും പ്രദേശവാസികളും പറയുന്നു. അപ്പോള്‍ തീര്‍ച്ചയായും ആ കുട്ടിയെ വെസ്ലിയും സിനിയും ചേര്‍ന്ന് അപകടപ്പെടുത്തിയതാണ്. അതിന് ചെന്നായയെ കൂട്ടുപിടിച്ചു. ചെന്നായ പിടിച്ചുകൊണ്ടുപോയാല്‍ പിന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നവര്‍ വിശ്വസിച്ചു. കുഞ്ഞിനെ ചെന്നായ പിടിക്കുകയായിരുന്നെങ്കില്‍ തന്നെ തുണിയില്‍ പൊതിഞ്ഞല്ലല്ലോ കൊണ്ടുപോകുന്നത്. കടിച്ചു പിടിക്കുമ്പോള്‍ രക്തം ചീന്തുകയില്ലേ? അങ്ങനെ യാതൊരു അടയാളവും അവിടെയെങ്ങുമില്ല.


"സ്വന്തം കുട്ടിയെ കാണാതാകുമ്പോള്‍ ഒരു പിതാവിനുണ്ടാകാവുന്ന മാനസിക വിഭ്രാന്തിയൊന്നും വെസ്ലി കാണിച്ചില്ലെന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ് പറയുന്നത്. കുട്ടിയെ കാണാതായ അന്നുതന്നെ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപി‌എസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപി‌എസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. കേസിന് തീരുമാനമുണ്ടാകുന്നതുവരെ അവരുടെ കസ്റ്റഡിയിലായിരിക്കും ആ കുഞ്ഞ്. ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ നിബന്ധനകളോടെ കുഞ്ഞിനെ അവരെ ഏല്പിക്കും.

ഷെറിന്‍ മാത്യൂസിന് 3 അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അതുകൊണ്ടുതന്നെ വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉണ്ട്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയാണെങ്കിലും അധിക ദൂരം കൊണ്ടുപോകാനിടയില്ല. വെസ്ലിയുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പക്കാരുമൊക്കെ പല കഥകളും മെനഞ്ഞ് വെസ്ലിയേയും ഭാര്യയേയും പുണ്യവാളനും പുണ്യവാളത്തിയാക്കാനുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു കാര്യം തീര്‍ച്ചയാണ്. മനഃസ്സാക്ഷിയില്ലാത്തവരുടെ വാക്കുകള്‍ വിശ്വസിച്ച് ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെസ്ലിക്കാവില്ല.

2016 ജൂലൈയിലാണ് ബീഹാറിലെ നളന്ദയില്‍ നിന്ന് ഷെറിനെ വെസ്ലി ദമ്പതികള്‍ ദത്തെടുക്കുന്നത്. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കു ശേഷം ഒരു പെണ്‍‌കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്ക് കൂട്ടായി ഒരു പെണ്‍‌കുട്ടി കൂടി വേണമെന്ന ആഗ്രഹത്താലാണ് നളന്ദയിലെ മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് രണ്ടു വയസ്സുകാരി ഷെറിനെ ദത്തെടുക്കുന്നത്. സരസ്വതി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഗയയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സരസ്വതിയെ കണ്ടെത്തിയത്. ആ സരസ്വതിയെയാണ് വെസ്ലി ദത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതും ഷെറിന്‍ എന്ന് നാമകരണം ചെയ്തതും.  അമേരിക്കയില്‍ വന്നതിനു ശേഷമാണ് ഷെറിന്റെ വൈകല്യങ്ങള്‍ ഈ കുടുംബം മനസ്സിലാക്കിയതെന്നാണ് പറയുന്നത്. അതോ ദത്തെടുക്കുന്ന സമയത്തുതന്നെ അറിയാമായിരുന്നോ എന്നും സംശയമുണ്ട്.

കുട്ടിയെ കാണാതായിട്ടും വെസ്ലിക്കോ ഭാര്യ സിനിയ്ക്കോ യാതൊരു ഭാവഭേദവുമില്ലെന്നു മാത്രമല്ല, പോലീസുമായി സഹകരിക്കുന്നുമില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരവും വെസ്ലി നല്‍കുന്നില്ലെന്നു പറയുന്നു. കുട്ടിയെ നിര്‍ത്തിയെന്നു പറയുന്ന സ്ഥലത്തും വീടിനു ചുറ്റും നാനാജാതി മതസ്ഥരായ ജനങ്ങള്‍ തടിച്ചുകൂടി പ്രാര്‍ത്ഥനാ യജ്ഞങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും വെസ്ലിയോ സിനിയോ ആ പ്രദേശത്തേക്ക് ചെന്നില്ലെന്നും, ജനങ്ങളുമായി സഹകരിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. തന്നെയുമല്ല, പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചവരെ ഭീഷണിപ്പെടുത്തുന്നതായും പറയപ്പെടുന്നു. എന്നിരുന്നാലും, വെസ്ലിക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. വെസ്ലിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നാണ് എല്ലാവരുടേയും അഭിപ്രായം.

 ഷെറിനെ കാണാതായതിനു തൊട്ടുപിന്നാലെ, അതായത് പുലര്‍ച്ചെ 4 മണിക്ക് വെസ്ലിയുടെ ഒരു എസ്‌യുവി പുറത്തേക്ക് പോകുകയും ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വരികയും അതുകഴിഞ്ഞ് വെസ്ലി പോലീസിനെ വിളിക്കുകയും ചെയ്തതാണ് ഇപ്പോള്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആരാണ് വാഹനം ഓടിച്ചത്, എവിടേക്കാണ് പോയത്, എന്തിനാണ് പോയത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പോലീസിന് ലഭിക്കേണ്ടത്. അതിനൊന്നിനും വെസ്ലി പ്രതികരിച്ചിട്ടില്ല.

ഈ വാഹനം പുറത്തേക്ക് പോയതും തിരിച്ചുവന്നതുമൊക്കെ അടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് പോലീസിന് സംശയം ജനിപ്പിക്കാന്‍ കാരണം. വെസ്ലിയുടെ സമീപ പ്രദേശങ്ങളിലെ ചിലരുമായും ടെക്സസിലെ ചില സുഹൃത്തുക്കളുമായും ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ഈ സിസിടിവി ക്യാമറ സ്ഥിതിചെയ്യുന്നത് വെസ്ലിയുടെ വീടിന് തൊട്ടടുത്താണെന്നും, മേല്പറഞ്ഞ മരവും ചുറ്റുപാടും വ്യക്തമായി കാണാവുന്ന തരത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെയെങ്കില്‍ വെസ്ലി കുഞ്ഞിനെ കൊണ്ടു നിര്‍ത്തുന്നതും ക്യാമറയില്‍ പതിയേണ്ടതല്ലേ? അങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കില്‍ പോലീസ് കാണുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. അപ്പോള്‍ തീര്‍ച്ചയായും കുഞ്ഞിനെ വെസ്ലി അപായപ്പെടുത്തി ദൂരെയെവിടെയോ തള്ളിയിട്ടുണ്ട്.

മറ്റൊരു ട്വിസ്റ്റ് ഈ കേസില്‍ വന്നിരിക്കുന്നത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രഗത്ഭരായ രണ്ട് ക്രിമിനല്‍ അഭിഭാഷകരേയാണ് വെസ്ലിയും സിനിയും നിയമിച്ചിരിക്കുന്നതെന്നാണ്. സാധാരണ ഒരു അഭിഭാഷകന്‍ മതിയെന്നിരിക്കേ രണ്ടുപേരും വെവ്വേറെയാണ് ഈ അഭിഭാഷകരെ നിയമിച്ചിരിക്കുന്നതെന്നുള്ളതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇവര്‍ തെറ്റുകാരല്ലെങ്കില്‍ പിന്നെ എന്തിന് അഭിഭാഷകര്‍? ആ ചോദ്യമാണ് ഇപ്പോള്‍ ജനങ്ങളും ചോദിക്കുന്നത്. പോലീസുമായോ അന്വേഷണ ഉദ്യോഗസ്ഥരുമായോ സഹകരിക്കാന്‍ കൂട്ടാക്കാത്ത വെസ്ലിയും സിനിയും എത്രനാള്‍ പിടിച്ചു നില്‍ക്കും? ഇപ്പോള്‍ തന്നെ ഇവരുടെ വീടിനു ചുറ്റും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്.  എല്ലാവരും വിരല്‍ ചൂണ്ടുന്നത് വെസ്ലി കുടുംബത്തിലേക്കാണ്. മൂന്നു വയസ്സു മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വെളുപ്പാന്‍ കാലത്ത് 3 മണിക്ക് പുറത്തേക്കിറക്കിവിട്ട ഇവര്‍ മനുഷ്യരാണോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതെ, ഇവര്‍ മനുഷ്യര്‍ തന്നെയാണോ? 

Tuesday, October 17, 2017

അരങ്ങില്‍ വിസ്മയം തീര്‍ത്ത "സ്വാമി അയ്യപ്പൻ" ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്കിലെ കലാസ്വാദകരുടെ മുന്‍പില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ "സ്വാമി അയ്യപ്പന്‍ " നൃത്ത സംഗീത നാടകം അരങ്ങേറുന്നു. ബ്രോഡ്‍വേ ഷോകളെ വെല്ലുന്ന ദീപ സജ്ജീകരണവും, രംഗ സംവിധാനങ്ങളും "സ്വാമി അയ്യപ്പനെ" നാളിതുവരെ അമേരിക്കന്‍ മലയാളികള്‍ കണ്ട നാടകങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കും.

മഹിമയുടെ ധനശേഖരണാര്‍ത്ഥം  ഒക്ടോബര്‍ 21ശനിയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്റിലെ പോര്‍ട്ട് വാഷിംഗ്ടണിലുള്ള  ജെന്നി റിംസ്കി തിയേറ്ററില്‍ സ്വാമി അയ്യപ്പന്‍ അരങ്ങേറുന്നത്.  ചടങ്ങില്‍ പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മന്യ മുഖ്യാഥിതി ആയിരിക്കും.

നിരവധി സാമൂഹിക ചരിത്ര നാടകങ്ങളും, ടെലിഫിലിമുകളും സംവിധാനം ചെയ്ത അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ, പ്രശസ്ത ഗായകന്‍ ശബരിനാഥ് നായര്‍ ആണ് സ്വാമി അയ്യപ്പന്‍ നാടകം സംവിധാനം ചെയ്തു അരങ്ങില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജുലൈ മാസം ഡിട്രോയിറ്റില്‍ കെ എച് എന്‍ എ കണ്‍‌വന്‍ഷഹില്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ നാടകമാണ് "സ്വാമി അയ്യപ്പന്‍." നാല്പത്തഞ്ചില്‍ പരം കലാകാരന്മാരെ അണിനിരത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയാണ് സംവിധായകന്‍ ശബരിനാഥ് സ്വാമി അയ്യപ്പനെ അണിയിച്ചൊരുക്കുന്നത്. നയനാനന്ദകരമായ നൃത്തങ്ങളും സംഗീതവും നാടകത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. നിരവധി വേദികളില്‍ കമനീയ നൃത്തരൂപങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള സ്മിത ഹരിദാസ് ആണ് നൃത്ത സംവിധായിക. പാര്‍ഥസാരഥി പിള്ള , കൃഷ്ണരാജ് മോഹന്‍, ബാഹുലേയന്‍ രാഘവന്‍, രവി നായര്‍, കിരണ്‍ പിള്ള, ഹരിലാല്‍ നായര്‍, സ്മിത ഹരിദാസ്, പ്രിന്‍സി സന്ദീപ്, ചിത്ര നായര്‍, ബിന്ദു സുന്ദരം, ദിവ്യാ രതീഷ്, സുരേഷ് ഷണ്മുഖം, വിനോദ് പ്രീത്, രാധ മുകുന്ദന്‍, ജയപ്രകാശ് നായര്‍, സൂരജ് പറമ്പത്, ഡോ. ഉണ്ണികൃഷ്‌ണന്‍ തമ്പി, ഡോ. ജയകുമാര്‍ മേനോന്‍, രാംദാസ് കൊച്ചുപറമ്പില്‍, ആനന്ദന്‍ ഭാസ്‌കരന്‍, അര്‍പ്പിത വിനോദ്, നിതിന്‍ കെയാര്‍കെ, നേഹല്‍ നായര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന നാടകത്തില്‍ നിരവധി പ്രമുഖ നര്‍ത്തകികളും പങ്കെടുക്കുന്നു.

പരാമാവധി വിഷ്വല്‍ എഫക്ട് ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തോടു വളരെ  അടുത്തു നില്‍ക്കുന്ന രീതിയിലാണ് നാടകത്തിന്റെ അവതരണം. ചടുലമായ രംഗങ്ങളും പശ്ചാത്തല മികവും ആസ്വാദകനെ വേറിട്ട തലങ്ങളിലേക്ക് ഉയര്‍ത്തും. ജാതി മത ഭേദങ്ങളേതുമില്ലാതെ മാനവരാശിയെ ഒന്നായി കാണുന്ന, നീയും ഞാനും ഒന്നെന്ന തത്വമസി മന്ത്രം ലോകത്തിനു സമ്മാനിച്ച കലിയുഗ വരദനായ ശ്രീ അയ്യപ്പന്റെ ജീവചരിത്രം അടയാളപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നുള്ളതാണ് ഈ നാടകത്തിന്റെ കാലിക പ്രസക്തി. സ്വാമി അയ്യപ്പന്‍ നാടകത്തിനു പുറമെ പ്രശസ്ത ഗായിക ശ്രീമതി അനിത കൃഷ്ണയുടെ മ്യൂസിക് മെലഡിയും, നൂപുര ഡാന്‍സ് അക്കാദമിയുടെ നൃത്തരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

വിശദ വിവരങ്ങൾക്കും പാസ്സുകള്‍ക്കും ബന്ധപ്പെടുക: രവി നായര്‍ 516 589 3822, വിനോദ് കെയാര്‍കെ 516 633 5208, സുരേഷ് ഷണ്മുഖം 917 971 0871.

Sunday, October 15, 2017

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം; ദുരൂഹതകള്‍ തുടരുന്നു

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ടെക്സസിലെ വസതിയില്‍ നിന്ന് കാണാതായിട്ട് ഏഴ് ദിവസങ്ങള്‍ കഴിഞ്ഞു.

റിച്ചാര്‍ഡ്സണ്‍ പോലീസും എഫ്.ബി.ഐയും ജനങ്ങളും കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും വെസ്ലി മാത്യൂസിന്റെ കുടുംബത്തില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. വെസ്ലിയുടെ കൊച്ചിയിലുള്ള മാതാപിതാക്കള്‍ സംഭവമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പറഞ്ഞു. ഷെറിന്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പുറത്തു പോയി നില്‍ക്കാന്‍ വെസ്ലി ആവശ്യപ്പെട്ടുവെന്നും പിന്നീട് കാണാതായെന്നുമാണ് അവര്‍ അറിഞ്ഞ വിവരം.

കൊച്ചിയിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ രണ്ടു നില കെട്ടിടത്തില്‍ താമസിക്കുന്ന വെസ്ലിയുടെ മാതാപിതാക്കളായ സാം മാത്യൂസും ഭാര്യ വത്സമ്മയും മാധ്യമങ്ങളോട് സംസാരിക്കാന്‍ ആദ്യം വിസമ്മതിച്ചുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.   നഗരത്തിലെ ഒരു സാമ്പത്തിക കമ്പനിയില്‍ ഉദ്യോഗസ്ഥനായ സാം, സംസാരിക്കാന്‍ ആദ്യം വിസമ്മതിച്ചു. ഷെറിന് എന്തു സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമേ അറിയൂ എന്നും സാം പറഞ്ഞു.

2016 ജൂലൈയില്‍ ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ്  ഷെറിനെ ദത്തെടുത്തതെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. വെസ്ലി-സിനി ദമ്പതികള്‍ക്ക് മറ്റൊരു പെണ്‍‌കുട്ടി ജനിച്ചതിനു ശേഷമാണ് ഷെറിനെ ദത്തെടുത്തതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഷെറിന് ജനിതക വൈകല്യങ്ങളുണ്ടായിരുന്നെന്നും, അതുകൊണ്ടുതന്നെ വെസ്ലിയും കുടുംബവും പ്രയാസങ്ങള്‍ നേരിട്ടിരുന്നെന്നും അവര്‍ പറയുന്നു.

കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് റിച്ചാര്‍ഡ്സണ്‍ പോലീസ് വെസ്ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ദിനം‌പ്രതി വര്‍ദ്ധിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

എന്നിരുന്നാലും, വെസ്ലിക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. വെസ്ലിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഷെറിനെ കാണാതായതിനു തൊട്ടുപിന്നാലെ വെസ്ലിയുടെ ഒരു വാഹനം പുറത്തേക്കു പോയത് എവിടേക്കാണെന്നും അന്വേഷിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നുണ്ട്. ഈ ഒരൊറ്റ സംശയം വിരല്‍ ചൂണ്ടുന്നത് വെസ്ലിയിലേക്കാണെന്നും അവര്‍ പറയുന്നു.

പുലര്‍ച്ചെ 3:15-ന് കുട്ടിയെ കാണാതായതിനുശേഷം 4 മണിക്ക് വെസ്ലിയുടെ ഒരു എസ്‌യുവി പുറത്തേക്ക് പോകുകയും ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വരികയും അതുകഴിഞ്ഞ് വെസ്ലി പോലീസിനെ വിളിക്കുകയും ചെയ്തതാണ് ഇപ്പോള്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആരാണ് വാഹനം ഓടിച്ചത്, എവിടേക്കാണ് പോയത്, എന്തിനാണ് പോയത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പോലീസിന് ലഭിക്കേണ്ടത്. ചുറ്റുപാടുമുള്ള സിസിടിവി ക്യാമറകളെല്ലാം പോലീസ് അരിച്ചു പെറുക്കി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ  വെസ്ലി മാത്യുസ് കുട്ടിയെ കൊണ്ടുനിര്‍ത്തിയെന്നു പറയുന്ന മരത്തിനു സമീപം വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഇരുന്നൂറില്‍‌പരം ജനങ്ങള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെല്ലാം ഗദ്ഗദത്തോടെ, മെഴുകുതിരി കത്തിച്ച് ഷെറിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.

വെസ്ലി മാത്യൂസിന്റെ വീടിനു മുന്‍പില്‍ ചിലര്‍ പ്രതിഷേധവുമായെത്തുകയും കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. "വീ വാണ്ട് ജസ്റ്റീസ് ഫോര്‍ ഷെറിന്‍" എന്ന മുദ്രാവാക്യവുമായെത്തിയ ജനം ഷെറിന്‍ എവിടെയെന്നും ഇനി സത്യം തുറന്നു പറയുന്നതാണു നല്ലതെന്നും ആക്രോശിച്ചു. വെസ്ലിയുടെ ഭാര്യ സിനിയും മാതാപിതാക്കളും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. വെസ്ലിയെ പോലീസ് അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

എഫ്ബിഐയും റിച്ചാര്‍ഡ്സണ്‍ പോലീസും പത്തു മൈല്‍ ചുറ്റളവിലുള്ള എല്ലാ നിരീക്ഷണ ക്യാമറകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയെ കാണാതായ ദിവസം രാവിലെ 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തുപോയതായും ഏകദേശം അഞ്ച് മണിയോടെ തിരിച്ചുവന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ വാഹനം എങ്ങോട്ട്, എന്തിന് പോയി എന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നു. വെസ്ലിയുടെ അയല്‍ക്കാരനായ ഒബെയ്ദ് ജബ്ബാറിന്റെ വീട്ടില്‍ അഞ്ചു പ്രാവശ്യം പോലീസ് വന്ന് അവരുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് ഒബെയ്ദ് മാധ്യമങ്ങളോട് പറഞ്ഞു. "എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു കൊടുക്കും, കുട്ടിയെ കണ്ടു കിട്ടിയാല്‍ മതി..." - ഒബെയ്ദ് വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു.

യാതൊരു ആപത്തും കൂടാതെ ആ കുട്ടി തിരിച്ചു വരണമെന്ന പ്രാര്‍ത്ഥനയിലാണ് താനെന്ന് ഇന്ത്യന്‍ വംശജയായ ചൈല്‍ഡ് വെല്‍ഫെയര്‍ കണ്‍സള്‍ട്ടന്റ് ഗൗതമി വെമുല പറഞ്ഞു. ആ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ഏതോ അജ്ജ്ഞാതന്‍ നല്‍കിയ സൂചനയനുസരിച്ച് റിച്ചാര്‍ഡ്സണ്‍ പോലീസ് ഷെറിന്റെ വീടിനു രണ്ടു മൈല്‍ അകലെയുള്ള സെമിത്തേരിയിലും പരിശോധന നടത്തി. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

വെസ്ലിയുടെ വീടിനു മുന്‍പില്‍ ജനങ്ങള്‍ പ്രതിഷേധവുമായി ഇപ്പോഴും തടിച്ചുകൂടുകയാണ്. കുട്ടിക്ക് എന്തു സംഭവിച്ചു എന്നാണ് അവര്‍ക്കറിയേണ്ടത്. അമേരിക്കക്കാരാണ് കൂടുതലും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷെ, വിരലിലെണ്ണാവുന്ന ഇന്ത്യക്കാര്‍ മാത്രമേ അക്കൂട്ടത്തിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.

Wednesday, October 11, 2017

മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്ബിഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാര്‍ഡ്സണ്‍ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് എഫ്ബിഐയുടെ 'എവിഡന്‍സ് റെസ്പോണ്‍സ്' സംഘം വെസ്ലി മാത്യൂസിന്റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുന്‍പ് റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകള്‍ക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചില്‍ നടത്തി. അന്വേഷണത്തിന്റെ സ്വാഭാവിക പുരോഗതി എവിടെ വരെയെത്തിയെന്നോ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചുവെന്നോ റിച്ചാര്‍ഡ്സണ്‍ പോലീസ് വിശദീകരിച്ചിട്ടില്ല. എഫ്ബിഐ സംഘം എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഷെറിന്‍ ഇപ്പോഴും കാണാതായതായവരുടെ ലിസ്റ്റിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ക്രിമിനല്‍ കേസുകള്‍ വാദിക്കുന്ന ഒരു അഭിഭാഷകന്‍ വെസ്‌ലി മാത്യൂസിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒരു മണിക്കൂറിനുശേഷം വീടിന് പുറത്തേക്കു വന്ന അഭിഭാഷകന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി.

അതേസമയം, ഷെറിന്‍ മാത്യൂസിനെ കാണാതായതിന്റെ വിശദാംശങ്ങള്‍ റിച്ചാർഡ്സണ്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയെ കാണാതായതു മുതല്‍ പോലീസിനെ അറിയിച്ച സമയദൈര്‍ഘ്യത്തെക്കുറിച്ചാണ് പോലീസിന് സംശയം. പുലര്‍ച്ചെ 3:15 മുതല്‍ 8 മണിവരെ എന്തുകൊണ്ടാണ് വിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. കുട്ടിയെ കാണാതായ ആ നിമിഷം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ കണ്ടെത്താമായിരുന്നു എന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിര്‍ദ്ദേശം തിങ്കളാഴ്ച ഉച്ചക്ക് നിര്‍ത്തിവച്ചിരുന്നു. കാരണം, കേസില്‍ പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുള്ളതു തന്നെ. എന്നാല്‍ ഭാവിയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം ആവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വീടിനു പുറകുവശത്തെ വേലിക്ക് പിന്നിലുള്ള മരത്തിനടിയില്‍ നിര്‍ത്തിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഏകദേശം 100 അടി അകലെയാണ് ഈ മരം നിലകൊള്ളുന്നത്. 15 മിനിറ്റ് കഴിഞ്ഞ് ചെല്ലുമ്പോള്‍ കുട്ടി അപ്രത്യക്ഷയായിരുന്നുവെന്നും വെസ്ലിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടി തനിയെ വീട്ടിലേക്ക് വന്നുകൊള്ളുമെന്നു വിചാരിച്ച് താന്‍ തിരിച്ചു പോന്നു എന്നാണ് വെസ്ലി പറയുന്നതെന്ന് പോലീസ് സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

എന്നും പെര്‍ച്ച് ചോദിക്കുന്നു. "ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു" - പെര്‍ലിച്ച് പറഞ്ഞു. "സ്വന്തം കുട്ടിയെ കാണാതാകുമ്പോള്‍ ഒരു പിതാവിനുണ്ടാകാവുന്ന മാനസിക വ്യഥയില്‍ നിന്നുള്ള പ്രതികരണമല്ല വെസ്ലിയില്‍ നിന്ന് കിട്ടിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഈ സംഭവമെല്ലാം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ നല്ല ഉറക്കത്തിലായിരുന്നുവെന്നു പറയുന്നു.

വെസ്ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപി‌എസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപി‌എസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. അപ്രത്യക്ഷയായ കുഞ്ഞിനെ അന്വേഷിച്ച് പോലീസ് ഇപ്പൊഴും അന്വേഷണം തുടരുകയാണ്. മാത്യൂസിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതര്‍ പറഞ്ഞിരുന്നു, എന്നാല്‍ വിശദാംശങ്ങള്‍ രഹസ്യാത്മകമാണെന്നും അവര്‍ പറഞ്ഞു.

തന്റെ മകളെ ഉപേക്ഷിച്ച സ്ഥലത്ത് പലപ്പോഴും ചെന്നായകളെ കണ്ടിട്ടുള്ളതായി വെസ്ലി മാത്യൂസിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷേ, ചെന്നായ ആക്രമിക്കുകയായിരുന്നെങ്കില്‍ കുട്ടിയെ വലിച്ചിഴച്ചതിന്റെ യാതൊരു അടയാളമോ തെളിവുകളോ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അയല്‍പക്കത്തും ചുറ്റുപാടും കുട്ടിയെ തിരയുന്നത് വ്യാപകമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ മേഖലയിലുള്ള ലൈംഗിക കുറ്റവാളികളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. കൂടാതെ ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കാണാതായ ഷെറിന്‍ മാത്യൂസിന് 3 അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. ഒരു പിങ്ക് ടോപ്പും, കറുത്ത പജാമയും, പിങ്ക് ഫ്ലിപ് ഫ്ലോപ്പും ധരിച്ചായിരുന്നു അവസാനമായി കണ്ടത്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അതുകൊണ്ടുതന്നെ വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

ഷെറിന് പോഷകാഹാരക്കുറവുണ്ടായിരുന്നതായി മാത്യൂസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കുട്ടിയുടെ ഭാരം വര്‍ദ്ധിപ്പിക്കാനായിരുന്നു അതെന്ന് സാര്‍ജന്റ് പെർലിച്ച് പറഞ്ഞു. മൂന്ന് മണിക്ക് എന്തിനാണ് കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചതെന്ന ചോദ്യത്തിന് ആ വിശദീകരണം ഉചിതമാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാലും കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു.

പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ അതോ വെസ്ലി മാത്യൂസ് പറഞ്ഞതുപോലെ ചെന്നായകള്‍ പിടിച്ചതാണോ എന്നൊന്നും ഇതുവരെ പറയാറായിട്ടില്ല. പ്രദേശത്തെ എല്ലാ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ, വെസ്ലി മാത്യൂസിന്റെ മൂന്ന് വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.

"എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഞാനും മറ്റുള്ളവരും തിങ്കളാഴ്ച വൈകുന്നേരം ഇവിടെ എത്തിയപ്പോള്‍ ആരും വാതില്‍ തുറന്നില്ലെന്ന്" വെസ്ലിയുടെ ബന്ധു ഫിലിപ്പ് മാത്യു പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്ല ആളുകളാണെന്നും മാത്യു പറഞ്ഞു.

ഇതിനിടെ, വെസ്ലിയും കുടുംബവും അംഗങ്ങളായുള്ള ഇമ്മാനുവേല്‍ സഭാംഗങ്ങള്‍ കുട്ടിയുടെ വിവരങ്ങളടങ്ങിയ ഫ്ലയര്‍ പ്രദേശം മുഴുവന്‍ വിതരണം ചെയ്തിട്ടുണ്ട്. ഷെറിന്‍ എന്ന പിഞ്ചു ബാലികയെ കാണാതായ വിവരം എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നിയെന്ന് സഭാംഗങ്ങള്‍ പറയുന്നു.

ഷെറിന്റെ പിതാവിനെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റൊരു സഭാംഗമായ ജോസ് ചെറിയാന്‍ പ്രതികരിച്ചില്ല. അതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല, എന്നാല്‍ കുട്ടിയുടെ മാതാവ് ആകെ വിഷാദത്തിലാണെന്ന് ജോസ് പറഞ്ഞു. "ആരുടെയെങ്കിലും കൈവശം ഈ കുഞ്ഞ് ഉണ്ടെങ്കില്‍ ദയവു ചെയ്ത് തിരിച്ചു കൊണ്ടുവന്ന് പോലീസില്‍ വിവരമറിയിക്കണം. അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കും. ദൈവം പ്രതിഫലവും നല്‍കും..." ജോസ് ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഷെറിന്‍ മാത്യൂസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ 972-744-4800.