2012 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

നെല്ലിയാമ്പതി സി ബി ഐ അന്വേഷണത്തിന് വിടുമോ?


നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റം സി ബി ഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെട്ട ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയാല്‍ പോരെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. യു ഡി എഫിലെ എം എല്‍ എമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെയും എം എല്‍ എമാരുടെയും നിലപാട് അംഗീകരിച്ച് പ്രശ്‌നം സി ബി ഐയ്ക്ക് വിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുമോ? രാഷ്ട്രീയ ഇഛാശക്തിയോടെ ഭൂമാഫിയക്കെതിരെ നടപടി സ്വീകരിക്കാന്‍ യു ഡി എഫ് ഭരണത്തിന് കഴിയുമോ? പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ?

തോട്ടം ഉടമകളുമായി ഒത്തുകളിക്കുകയും അവരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതില്‍ ധനകാര്യമന്ത്രി കെ എം മാണിയും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജും വിജിലന്‍സ് അന്വേഷണത്തെ നേരിടുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രശ്‌നം നേരത്തെ തന്നെ ഉയര്‍ത്തികൊണ്ട് വന്നിരുന്നു. ഭൂമാഫിയക്കെതിരെ ശക്തമായി ഉയര്‍ന്നുവന്ന പ്രതിഷേധമാണ് ചില നടപടികളിലേക്ക് പോകാന്‍ ഭരണപക്ഷത്തെ ചിലരെയും നിര്‍ബന്ധിതമാക്കിയതും. ഉമ്മന്‍ചാണ്ടിയാവട്ടെ യു ഡി എഫിന്റെ പേരില്‍ എം എം ഹസ്സന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. കൈയേറ്റക്കാരെ സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ ഉപസമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും നെല്ലിയാമ്പതിയിലെ വനമേഖല സ്വന്തമാക്കാന്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് സമിതി അംഗങ്ങളില്‍ ചിലരെന്ന ആക്ഷേപവും ഉയര്‍ന്നു വരികയുമുണ്ടായി. സമിതി അംഗമായ പി സി ജോര്‍ജ്ജും കൂട്ടരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എം എല്‍ എമാരും പ്രസ്താവിച്ചു. യു ഡി എഫിലെ 'ഹരിതവാദികള്‍' എന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തിറങ്ങിയ ഇവര്‍ ജോര്‍ജിന്റെ നിലപാടിനെ കടന്നാക്രമിച്ചു. ഹൈബി ഈഡനും ബല്‍റാമും ശ്രേയംസ്‌കുമാറും അടക്കമുള്ളവരാണ് ജോര്‍ജിന്റെ നിലപാടിനെ എതിര്‍ത്തത്. മന്ത്രി എം കെ മുനീറും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരനും ഇവര്‍ക്ക് ധാര്‍മിക പിന്‍തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എം എല്‍ എമാരെ ഡല്‍ഹിയില്‍ വിളിപ്പിച്ച് രാഹുല്‍ഗാന്ധി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. തോട്ടം മാഫിയയെ സഹായിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഉറക്കം കെടുത്തി.

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ചില തോട്ടമുടമകള്‍ പാട്ടകരാര്‍ ലംഘിച്ച് ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങി. എല്‍ ഡി എഫിന്റെ കാലത്താവട്ടെ 4000 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മാത്രമല്ല സ്വകാര്യ തോട്ടങ്ങളുടെ പാട്ടം നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്തും രാഷ്ട്രീയ ഇച്ഛാശക്തിയോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടും ശക്തമായ നടപടികളാണ് തോട്ടം കൈവശം വെക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചത്. ഇപ്പോഴാവട്ടെ പാട്ടാക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുകയും തോട്ടം മുതലാളിമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകരാവട്ടെ തോട്ടം ഉടമകള്‍ക്ക് വേണ്ടി ഒത്തുകളിച്ചു. ഫലപ്രദമായി കോടതിയില്‍ കേസ് വാദിക്കാന്‍ കഴിയുന്ന സീനിയര്‍ വക്കീലന്മാരെ ചുമതലപ്പെടുത്തിയില്ല. നെല്ലിയാമ്പതി കേസ് ദൈവം തമ്പുരാന്‍ വാദിച്ചാലും സര്‍ക്കാര്‍ ജയിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരെന്ന്  ജനത്തിന് മനസ്സിലായി. നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ എം മാണിയും പി സി ജോര്‍ജും നടത്തിയ അട്ടിമറിയായിരുന്നു ഇത്. തോട്ടം മാഫിയയെ സംരക്ഷിക്കുന്നതിനുള്ള വൃത്തികെട്ട നീക്കം. പി സി ജോര്‍ജാവട്ടെ കര്‍ഷകരെന്ന വ്യാജേന കുറേപ്പേരുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കി. അവരില്‍ 6 പേര്‍ കൃഷിക്കാരല്ലെന്ന് ഇപ്പോള്‍ കണ്ടെത്തി.

ഗുരുതരമായി ഉയര്‍ന്നുവന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ യു ഡി എഫ് കണ്ടെത്തിയ വഴി വിചിത്രമാണ്. എം എം ഹസ്സന്‍ ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചു. പി സി ജോര്‍ജ്ജ് അടക്കമുള്ളവരുടെ സമിതി ഭൂമാഫിയയെ സഹായിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടങ്ങുന്ന ഉപസമിതി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് യു ഡി എഫ് എം എല്‍ എമാര്‍ വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. അവരുടെ റിപ്പോര്‍ട്ട് യു ഡി എഫിന് സമര്‍പ്പിച്ചതായി അറിയാന്‍ കഴിയുന്നു. ടി എന്‍ പ്രതാപന്‍ അയാളുടെ ജാതിയില്‍പ്പെട്ടവരുടെ കാര്യം നോക്കിയാല്‍ മതിയെന്ന പി സി ജോര്‍ജ്ജിന്റെ പ്രഖ്യാപനം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ നടുക്കി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റുമാവട്ടെ ജോര്‍ജ്ജിന്റെ പ്രസ്താവന നിസ്സാരവത്കരിച്ചു. ഇതിനിടയില്‍ ഉപസമിതിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് ആരോപിച്ചു എം എം ഹസ്സന്‍ രാജിവച്ചു. ഉര്‍വശിശാപം ഉപകാരം, ഹസ്സന്റെ രാജി പലര്‍ക്കും ആശ്വാസമായി. ഹസ്സന്‍ കണ്‍വീനറായി തുടരുന്നത് പലര്‍ക്കും അസൗകര്യമായിരുന്നു. നേരത്തെ തന്നെ പലകാരണങ്ങള്‍ കൊണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒറ്റപ്പെട്ട നേതാവാണ് എം എം ഹസ്സന്‍. മുഖ്യമന്ത്രിക്ക് പോലും ഹസ്സന്‍ ചെയര്‍മാനാവുന്നതിന് യോജിപ്പില്ലായിരുന്നുവത്രേ!

ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയാണ് പാമോലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും തുറന്ന് കാട്ടിയത്. ഉമ്മന്‍ചാണ്ടി ആരോപണവിധേയനായ പാമോലിന്‍ കേസ് 1991 ല്‍ സംസ്ഥാന ഖജനാവിന് 4 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് . തന്നെ പ്രതിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടെന്ന് പ്രസ്താവിച്ച് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവായ ടി എച്ച് മുസ്തഫ തന്നെ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്ന് അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് സഹായിയായി ശക്തമായി രംഗത്ത് വന്നത് പി സി ജോര്‍ജായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഉയര്‍ന്ന വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ജഡ്ജിയെ പുകച്ച് പുറത്ത് ചാടിച്ചത് ജോര്‍ജായിരുന്നു . ജഡ്ജിയെ വിരട്ടി, ഉമ്മന്‍ചാണ്ടി അതിന് കൂട്ടുനിന്നു. പാമോലിന്‍കേസ് തീര്‍പ്പാവാതെ ഇപ്പോഴും ഹൈക്കോടതിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇതോടൊപ്പം തന്നെ മറ്റുചില അഴിമതിക്കേസുകളുടെ അന്വേഷണവും നടന്നുവരുന്നു. ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വേഗം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ?

മുഖ്യമന്ത്രിയോടൊപ്പം തന്റെ മന്ത്രിസഭയിലെ 11 മന്ത്രിമാരും അഴിമതി ആരോപണത്തിന് വിധേയരും അന്വേഷണത്തെ നേരിടുന്നവരുമാണ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരെ റേഷന്‍ ഹോള്‍സെയില്‍ കച്ചവടവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചത് മറ്റൊരു കോണ്‍ഗ്രസ് നേതാവായ അബ്ദുറഹിമാനാണ്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാണ്. നിയമസംവിധാനത്തെ തന്നെ വിലയ്ക്ക് വാങ്ങി എന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നു. തദ്ദേശസ്വയംഭരണമന്ത്രി എം കെ മുനീറിന്റെ പേരിലാവട്ടെ ചെക്ക്‌കേസ് ഉള്‍പ്പെടെ നിരവധി വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരും വിജിലന്‍സ് അന്വേഷണത്തെ നേരിടുന്നു. എക്‌സൈസ് മന്ത്രി കെ ബാബു, കൃഷിമന്ത്രി കെ പി മോഹനന്‍, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, ഷിബു ബേബി ജോണ്‍ എന്നിവരും അഴിമതി ആരോപണത്തിന് വിധേയരായി. അഴിമതിയുടെ അഗാധതലങ്ങളിലേക്ക് യു ഡി എഫ് ഭരണം മുങ്ങി താഴുകയാണ്.

ഭൂപരിഷ്‌കരണത്തെ തകിടം മറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. തോട്ടങ്ങളുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതിനാണ്. 2005 ന് മുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും നിയമസാധുത നല്‍കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതിന് തന്നെ. 2008 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമം ഇതിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു. നെല്‍വയലുകളും കുളങ്ങളും നീര്‍ത്തടങ്ങളും കുന്നിടിച്ച് നികത്താന്‍ ലാഭക്കൊതിയന്മാരായ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ശ്രമിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നികത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. മൂന്നാറില്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. യു ഡി എഫ് അതും ഉപേക്ഷിച്ചു. റിയല്‍ എസ്റ്റേറ്റുകാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. സപ്തംബറില്‍ നടക്കുന്ന ''എമര്‍ജിങ്ങ് കേരള'' നിക്ഷേപ സംഗമം ആക്ഷേപത്തിന് വിധേയമായി. 700 കോടി രൂപയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടി രൂപക്ക് വില്‍പ്പന നടത്താന്‍ പോകുന്നു. സംസ്ഥാന ഖജനാവിന് തന്നെ നഷ്ടം വരുത്തി നിക്ഷിപ്തതാല്‍പ്പര്യക്കാരെ വഴിവിട്ട് സഹായിക്കുന്നതിനുള്ള ഉദാരമായ നടപടി. യു ഡി എഫ് ഭരണത്തില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.

ഉമ്മന്‍ചാണ്ടി നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഭൂമാഫിയയെ സഹായിക്കുന്നു എന്ന ആരോപണമുയര്‍ത്തി രംഗത്ത് വന്ന ഭരണകക്ഷി എം എല്‍ എമാരും ഭൂമാഫിയയെ സഹായിക്കുന്നതിനും കോടികള്‍ അഴിമതി നടത്തുന്നതിനും ഇടയാക്കുന്ന പ്രശ്‌നങ്ങളില്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാവുമോ? സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന മാഫിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന യു ഡി എഫ് ഭരണത്തിനെതിരെ നാം ശക്തമായ പോരാട്ടത്തിന് തയ്യാറാവണം.



2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

യു ഡി എഫും നെല്ലിയാമ്പതിയും !!


മുന്നണിക്കുള്ളിലെ കലഹങ്ങളും തര്‍ക്കങ്ങളുംകൊണ്ട് സമ്പന്നമാണ് ഐക്യ ജനാധിപത്യ മുന്നണി എക്കാലവും. ഈ തര്‍ക്കങ്ങളൊന്നും ആശയപരമോ രാഷ്ട്രീയമോ അല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയുമാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം തര്‍ക്കങ്ങളും വഴക്കും രൂക്ഷമാവുകയാണ് പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. മന്ത്രിസഭാ രൂപീകരണ ഘട്ടം മുതല്‍ തുടങ്ങിയ പടല പിണക്കങ്ങള്‍ നെല്ലിയാമ്പതി വിഷയത്തില്‍വരെ എത്തി നില്‍ക്കുകയാണ്.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെ ചൊല്ലി ആദ്യം കലഹിച്ചത് ചീഫ് വിപ്പ് പി സി ജോര്‍ജും, വനം മന്ത്രി ഗണേഷ് കുമാറുമായാണ്. ഈ തര്‍ക്കം രൂക്ഷമായപ്പോഴാണ് മന്ത്രി എന്ന നിലയില്‍ ജോര്‍ജിനെ അനുസരിക്കാന്‍ തനിക്ക് ബാധ്യതയില്ലെന്ന് ഗണേഷ് നിയമസഭയില്‍ പരസ്യമായി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സഭയ്ക്ക് പുറത്ത് പത്രസമ്മേളനം നടത്തിയ ജോര്‍ജ്, ഗണേശന് എതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. സിനിമാക്കാര്‍ ഭരിക്കാന്‍ വരേണ്ട എന്ന് തുറന്നടിച്ച ജോര്‍ജ്, ഗണേശന്റെ സ്വഭാവം മോശമാണെന്നും മാധ്യമങ്ങളിലൂടെ ജനത്തെ അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍വെച്ച് ജോര്‍ജ് ഗണേശന്റെ തന്തയ്ക്ക് വിളിച്ചുവെന്നും മന്ത്രി ഇറങ്ങിപ്പോയി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതിനിടയില്‍ നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ യു ഡി എഫ് ഒരു ഉപസമിതിയെ നിയോഗിച്ചു. സമിതി സന്ദര്‍ശനം നടത്തി തെളിവെടുത്തതിന്റെ പിറ്റേ ദിവസം കോണ്‍ഗ്രസ്സിലെ ഏതാനും എം.എല്‍ എമാര്‍ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ എ മാരുടെ ബദല്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചു. ഇവര്‍ യു ഡി എഫ് സമിതിയുടെ നിഗമനങ്ങള്‍ തള്ളുകയും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.  ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫ് സമിതിയുടെ അധ്യക്ഷ സ്ഥാനം എം എം ഹസ്സന്‍ രാജിവെച്ചു. നെല്ലിയാമ്പതി വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ടി എന്‍ പ്രതാപനോട്, മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പി സി ജോര്‍ജ് ഉപദേശിച്ചത് വിവാദമായി. 

നെല്ലിയാമ്പതി വിഷയം യു ഡി എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാര്‍ നടപടികളില്‍ പരസ്യമായി അവിശ്വാസവും സംശയവും പ്രകടിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി എം സുധീരനും രംഗത്തുവന്നിട്ടുണ്ട്.

യു ഡി എഫിലെ തര്‍ക്കങ്ങള്‍ നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് മാത്രമുള്ളതല്ല. മന്ത്രിസഭാ രൂപീകരണ കാലംമുതല്‍തന്നെ കോണ്‍ഗ്രസ്സിന് ഉള്ളിലും ഘടകകക്ഷികള്‍ തമ്മിലും തര്‍ക്കം നിലനിന്നിരുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍ കോണ്‍ഗ്രസ്  നേരിട്ട പ്രധാന പ്രശ്‌നം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചെന്നിത്തല മന്ത്രിസഭയില്‍ ചേരാനാകാതെ നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ സീറ്റില്‍ അനാഥനായിരിക്കുന്ന ദയനീയ കാഴ്ച കോണ്‍ഗ്രസ്സിന് ഇപ്പോഴും അസ്വസ്ഥത തന്നെയാണ് സൃഷ്ടിക്കുന്നത്. ആഭ്യന്തര വകുപ്പ് കിട്ടിയാല്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ച ചെന്നിത്തലയോട് ആഭ്യന്തരം മുഖ്യമന്ത്രിക്കുതന്നെ വേണമെന്ന കടുംപിടിത്തമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ഒടുവില്‍ ഉമ്മന്‍ചാണ്ടി ആഭ്യന്തരം തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയപ്പോള്‍ ചെന്നിത്തലയോട് ആലോചിച്ചുമില്ല. മന്ത്രിസഭാ രൂപീകരണ വേളയില്‍തന്നെ ലീഗ് ഒരു സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളുകയാണ്. അഞ്ചാം മന്ത്രിക്കായി കാട്ടിക്കൂട്ടിയതൊന്നും കേരളം മറക്കാനിടയില്ല.

ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുന്നു. ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ധനമന്ത്രി സ്വീകരിച്ച എതിര്‍നിലപാടുകള്‍ അന്ന് ചര്‍ച്ചയായിരുന്നു. 
സംസ്ഥാനത്തെ 32 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രിയും അങ്ങിനെ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ധനമന്ത്രി തീരുമാനം എടുക്കാതെ തിരിച്ചയച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതൃത്വം രംഗത്തു വന്നത്. 

നെല്‍വയല്‍-തണ്ണീര്‍തട നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു ഡി എഫില്‍ ശക്തമായ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് പരസ്യമായി പറഞ്ഞത് വി എം സുധീരനാണ്. ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കാലാവസ്ഥയുടെ മറപിടിച്ച് സംശയകരമായ പലതും സംസ്ഥാന ഭരണത്തില്‍ നടന്നുവെന്ന് സൂധീരന്‍ തുറന്നടിച്ചു. താന്‍ അധികാരത്തില്‍ വന്നശേഷം ഒരു വയലും നികത്തിയിട്ടില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തെ സുധീരന്‍ പുഛിച്ചു തള്ളുന്നതും നമുക്ക് കേള്‍ക്കാനായി. സര്‍ക്കാരിന്റെ നടപടികളില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുതന്നെ സംശയാലുവാകുന്നത് ഭരണത്തില്‍ എന്താണ് നടക്കുന്നത് എന്നതിന്റെ തെളിവാണ്. 

സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ച ഘട്ടത്തിലും സമാനമായ വിമര്‍ശനം ഉയര്‍ന്നു. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍ തുടങ്ങി സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം വളരെ കൂടുതലാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ അത് ഇനിയും വര്‍ധിക്കും.
യു.ഡി.എഫിലെ ഘടകകക്ഷികള്‍ സര്‍ക്കാരിനും കോണ്‍ഗ്രസ്സിനും എതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്നു. ബാലകൃഷ്ണപിള്ളയും എം വി രാഘവനും കെ ആര്‍ ഗൗരിയമ്മയും സര്‍ക്കാരിനേയും കോണ്‍ഗ്രസ്സിനേയും രൂക്ഷമായി വിമര്‍ശിച്ച് പലതവണ രംഗത്തു വന്നുകഴിഞ്ഞു. 

യു ഡി എഫില്‍ തന്റെ പാര്‍ട്ടി ഇല്ല എന്നാണ് ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത്. ലീഗിന്റെ അപ്രമാദിത്വത്തേയും പിള്ള ചോദ്യം ചെയ്യുന്നു. കൂടിലായോചനകള്‍ നടക്കുന്നില്ല മുന്നണിയിലെന്നാണ് ഗൗരിയമ്മയുടെ വിമര്‍ശനം. ഫലത്തില്‍ മുന്നണിയിലെ സി എം പി, ജെ എസ് എസ്, പിള്ള ഗ്രൂപ്പ് ഇവയ്‌ക്കൊന്നും മുന്നണിയിലൊരു റോളും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
മന്ത്രിസഭയില്‍ ഒന്നിനുംകൊള്ളാത്തവര്‍ ഉണ്ടെന്ന സുധീരന്റെ വെളിപ്പെടുത്തലുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. മന്ത്രിമാരില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുതന്നെ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. 

ചുരുക്കത്തില്‍ യു ഡി എഫിനുള്ളിലെ അന്തഛിദ്രങ്ങളും പടലപിണക്കങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണുള്ളത്. 'കഴിവുകെട്ട മന്ത്രിമാരും പരസ്പര വിശ്വാസം നഷ്ടപ്പെട്ട കക്ഷികളും എം എല്‍ എ മാരുടെപോലും വിശ്വാസമാര്‍ജിക്കാന്‍ ആവാത്ത കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് നയിക്കുന്ന സര്‍ക്കാരില്‍നിന്നും കേരളം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഉറപ്പായിരിക്കുന്നു.

അമ്മയെ കാണാന്‍


അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആസ്ഥാനത്തെത്തി ബഹളമുണ്ടാക്കി എന്നാരോപിക്കപ്പെട്ട ബീഹാര്‍ സ്വദേശി സത്‌നം സിംഗ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതിഗൗരവമായ ചില ധാര്‍മ്മിക നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കേരളീയര്‍ തല്ലിക്കൊന്ന, ബുദ്ധിമാനും തത്വചിന്താപരമായ ദര്‍ശനങ്ങളില്‍ ആകൃഷ്ടനുമായിരുന്ന യുവാവായിരുന്നു സത്‌നം സിംഗ്. അദ്ദേഹത്തിന്റെ അതിദാരുണാന്ത്യത്തെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങള്‍ തികഞ്ഞ മൗനം പാലിക്കുക മാത്രമല്ല, ആടിനെ പട്ടിയാക്കുന്നു എന്ന് പറയുമ്പോലെ തെളിവുകള്‍ വളച്ചൊടിക്കുകയും യാഥാര്‍ത്ഥ്യത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു.

അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരും അമ്മ ഭക്തിയുണ്ടെന്ന് അഭിനയിച്ചുകാണിക്കാനുള്ള ചില മന്ത്രിമാരും മേല്‍പറഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പം അണിചേര്‍ന്നുകൊണ്ട് സത്‌നം സിംഗിന്റെ മരണം ഒരു കൈയബദ്ധം കൊണ്ടാണെന്ന അതിലഘൂകരണ കഥ പ്രചരിപ്പിക്കുന്നു.

സത്‌നം സിംഗിന്റെ മരണം സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ ചുരുക്കം ഏതാണ്ടിപ്രകാരമാണ്:

സത്‌നം സിംഗ് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അമ്മക്കടുത്തേക്ക് എന്തോ ആക്രോശിച്ചുകൊണ്ടയാള്‍ പാഞ്ഞടുത്തു. ഉടന്‍ സുരക്ഷാഭടന്മാരും ഭക്തന്മാരും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തി. അയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു.

അമൃതാനന്ദമയി കേന്ദ്രത്തില്‍നിന്ന് അയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി പിന്നീട് തിരുവനന്തപുരം ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭ്രാന്തിന് ചികിത്സയില്‍ കഴിയുന്ന ഒരുകൂട്ടം പേരുടെ മുറിയില്‍ അയാളെ കിടത്തി. സത്‌നം സിംഗിന്റെ മുടിയും താടിയും ബലമായി വടിച്ചുകളഞ്ഞു. അയാള്‍ ബഹളമുണ്ടാക്കിയപ്പോള്‍ മനോരോഗികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. സത്‌നം സിംഗ് വെള്ളത്തിനായി യാചിച്ചെങ്കിലും കൊടുത്തില്ല. അയാള്‍ മുട്ടിലിഴഞ്ഞ് കക്കൂസിലേക്ക് പോയി നിലത്തെ നനവ് നക്കിക്കുടിച്ചു. പിന്നെ ചേതനയറ്റ് വീണു. മനോരോഗികളും അവരുടെ കാവല്‍ക്കാരും നോക്കിനിന്നു. അന്വേഷണം വന്നു. നാല് ആശുപത്രി ജീവനക്കാരെ കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്തു. സത്‌നം സിംഗിന്റെ ജഡം ബന്ധുക്കള്‍ ബീഹാറിലേക്ക് കൊണ്ടുപോയി.

അതിക്രൂരമായ ഈ കൃത്യം തീരെ ലഘുവായ ഒരു വാര്‍ത്തയായി ചില മാധ്യമങ്ങളില്‍ മാത്രം ഇടംപിടിച്ചു. എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഇപ്രകാരം ആവര്‍ത്തിക്കുന്നതു കണ്ടു. സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് അമൃതാനന്ദമയി മഠത്തില്‍ വെച്ചല്ല. തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ്. അതായത്, ചില മനോരോഗികളും വാര്‍ഡന്മാരും മാത്രമാണ് ഈ നീചകൃത്യത്തിന് കാരണക്കാരെന്ന് ! അമൃതാനന്ദമയി മഠത്തോട് ദാസ്യഭാവമുള്ള കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു പങ്ക് സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് കൊല്ലം വിട്ടതിനുശേഷമാണെന്ന് പ്രചരിപ്പിക്കാനും പ്രചാരണം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും കൂട്ടയി യത്‌നിച്ചു. നിഷ്‌ക്കളങ്കരായ മാധ്യമപ്രവര്‍ത്തകരില്‍ പലരും അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ വിവരങ്ങളില്‍ വിശ്വസിച്ചു.

അമ്മയെ കാണാന്‍ വള്ളിക്കാവില്‍ എത്തിയ സത്‌നം സിംഗിനെ കേരളീയര്‍ തല്ലിക്കൊന്നു. അത്രതന്നെ കേവലമായ ഒരു മരണം. എല്ലാം കഴിഞ്ഞു. തല്ലിക്കൊന്നവരില്‍ നാലുപേര്‍ കേവലം പ്രതികളായി. എന്നാല്‍, നരഹത്യക്ക് അവര്‍ക്കെതിരെ കേസില്ല ! അമൃതാനന്ദമയി മഠം പതിവുപോലെ അമ്മ മക്കള്‍ക്ക് ദര്‍ശനം കൊടുക്കല്‍ തുടരുന്നു.

എന്നാല്‍, ഇത്രമാത്രമാണോ വസ്തുത? ടി.പി. ചന്ദ്രശേഖരനും ഷുക്കൂറും വധിക്കപ്പെടുമ്പോള്‍ മാത്രം പ്രതികരിക്കേണ്ടവരും അന്വേഷണാത്മക വാര്‍ത്ത രചിക്കേണ്ടവരും മാത്രമാണോ നാം? ഒരു ബീഹാരി യുവാവിനെ തല്ലിക്കൊന്നതിനെ നിസ്സംഗമമായി കാണുക, അമ്മക്കും മഠത്തിനും കൊലയില്‍ പങ്കില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മിണ്ടാതിരിക്കുക. വേണ്ടപ്പെട്ടവരുടെ കാര്യത്തിലുള്ള മൗനവ്രതമാണ് ആധുനിക പത്രപ്രവര്‍ത്തനം.

കേരളത്തില്‍ പേപ്പട്ടിയെ പോലും തല്ലിക്കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ശല്യമുണ്ടാക്കുന്ന പട്ടികളെ നശിപ്പിക്കണമെന്ന് മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. അപ്പോഴാണ് ബീഹാറുകാരനായ താത്വിക ദര്‍ശനങ്ങളോട് ആഭിമുഖ്യമുള്ള ബുദ്ധിമാനായ ഒരു യുവാവ് പേപ്പട്ടിയേക്കാള്‍ ദയനീയമായി കൊല്ലപ്പെട്ടത്. ഈ അറുകൊലയുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങള്‍ നിരവധിയാണ്.

1.അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്‌നം സിംഗ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്‌നം സിംഗിന് ഒരു മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പടെ. 

2.അമൃതാനന്ദമയിയുടെ നേരെ, സത്‌നം സിംഗ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്. 

3.ആക്രോശിച്ച സത്‌നം സിംഗിനെ അമൃതാനന്ദമയി സംഘം കീഴ്‌പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല.

4.സത്‌നം സിംഗിനെ അര്‍ധനഗ്നനാക്കി കൈയും കാലും ബന്ധിച്ചാണ് പോലീസ് ആംബുലന്‍സില്‍ കയറ്റിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷിന്റെ അടുത്ത് പോലീസ് ആംബുലന്‍സിലാണ് സത്‌നം സിംഗിനെ എത്തിച്ചത്. ഡോക്ടര്‍ ആംബുലന്‍സില്‍ കയറി സത്‌നം സിംഗിനെ പരിശോധിച്ചു. കൈയും കാലും ബന്ധിച്ചിരുന്ന നിലയിലാണ് സത്‌നം സിംഗിനെ താന്‍ കണ്ടതെന്ന് ഡോ. ഹരീഷ് ലേഖകനോട് വെളിപ്പെടുത്തി. അര്‍ധരാത്രി കഴിഞ്ഞ സമയത്തായിരുന്നു ഇത്. എന്നാല്‍, ബാഹ്യമായ പരിക്കുകള്‍ താന്‍ കണ്ടില്ലെന്നും മയങ്ങാന്‍ ഇഞ്ചക്ഷന്‍ നല്‍കി വിട്ടയച്ചുവെന്നും ഡോക്ടര്‍ പറയുന്നു. സത്‌നം സിംഗിനെ എന്തിന് കെട്ടിയിട്ടു ? അയാളുടെ ദേഹപരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച് പോലീസ് എന്തു പറയുന്നു?

5.ഈ സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നം സിംഗ് മരിച്ച സ്ഥലത്തു നിന്നാണ്. യഥാര്‍ത്ഥത്തില്‍ സംഭങ്ങളുടെ തുടക്കം അമൃതാനന്ദമയി കേന്ദ്രമാണ്. അവിടെ തുടങ്ങിയ സംഭവങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

6.അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി. ബി. സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളൊന്നില്‍ വിദ്യാര്‍ത്ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു.

7.സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി. സന്ധ്യ തയ്യാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തിപാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി. തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?

8.സത്‌നം സിംഗ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രേ. ശിവവിരിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന ശീലിച്ച സത്‌നം സിംഗ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ത്ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. സ്വന്തം മക്കളുടെ അന്തര്‍ഗതം തിരിച്ചറിയാന്‍ കഴിയാത്ത അമ്മക്ക് കേള്‍ക്കുന്ന പ്രാര്‍ത്ഥനയെങ്കിലും ബോധ്യപ്പെടേണ്ടതല്ലേ? ശിവഗിരിയിലെ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സത്‌നം സിംഗ് പങ്കെടുത്തിരുന്നതായി മുനി നാരായണ പ്രസാദ് വെളിപ്പെടുത്തിയിട്ടുണ്ട്.

അമൃതാനന്ദമയി കേന്ദ്രത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ സത്‌നം സിംഗിന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെദൃശ്യങ്ങള്‍ ഇല്ലെന്നും അതിനാല്‍ വള്ളിക്കാവില്‍ അയാള്‍ സുരക്ഷിതനായിരുന്നുവെന്നുമാണ് പോലീസും അമൃതാനന്ദമയി കേന്ദ്രവും ഭൂരിപക്ഷം മാധ്യമങ്ങളൂം ഒരേ സ്വരത്തില്‍ പറയുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ദൃശ്യങ്ങളുടെ ആധികാരികത എന്നും തര്‍ക്കവിഷയമാണ്. എവിഡന്‍സ് ആക്ട് പ്രകാരം കോടതിയില്‍ ഈ ദൃശ്യങ്ങള്‍ ആധികാരിക രേഖയായി പരിഗണിക്കപ്പെടില്ല. 

മക്കളുടെ അന്തര്‍ഗതങ്ങള്‍ തിരിച്ചറിയുമ്പോഴാണല്ലോ ഒരു അമ്മ, കേവലം ഒരു അമ്മയെന്ന നിലവിട്ട് ഭക്തരുടെ ദിവ്യപരിവേഷമുള്ള അമ്മയായി രൂപാന്തരപ്പെടുന്നത്. എങ്കില്‍ ആക്രോശിച്ചു എന്ന് പറയപ്പെടുന്ന സത്‌നം സിംഗിന്റെ അന്തര്‍ഗതം, അമ്മയ്ക്കു തിരിച്ചറിയാന്‍ കഴിയേണ്ടതായിരുന്നില്ലേ? ആ കുട്ടിക്ക് അമ്മയോട് എന്തോ പറയുവാനുണ്ടായിരുന്നില്ലേ?

അമൃതാനന്ദമയിയെ കാണാന്‍ കേരളത്തിലെത്തിയ ബീഹാറുകാരനായ മകന്‍ ചെയ്ത ഏക കുറ്റം അമ്മയോട് ആക്രോശിച്ചുവെന്നതാണ്. ആക്രോശിക്കുന്നവര്‍ മരണയോഗ്യന്‍ എന്നാവാം പുതിയ ആത്മീയ പ്രഖ്യാപനം. കേരളത്തില്‍ എ.കെ.ജി. സെന്ററിലോ ഇന്ദിരാഭവനിലോ എത്തിയ ഒരാള്‍ അവിടെ ആക്രോശിക്കുകയും തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാം. ഒരിടത്ത് കുറ്റകൃത്യം നടക്കുമെന്നറിവുണ്ടായിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റാരോപണം മുന്‍നിര്‍ത്തി രാഷ്ട്രീയ നേതാവ് അറസ്റ്റിലാകുന്നു. മറ്റൊരിടത്ത് അമ്മയെ നോക്കി മകന്‍ ആക്രോശിക്കുന്നു. മണിക്കൂറുകള്‍ക്കകം തറയിലെ നനവുനക്കി മകന്‍ ചത്തുവീഴുന്നു.

കടപ്പാട്: മാധ്യമം

2012 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

വിചിത്രമീ നിയമം ! വിചിത്രമീ വിധി !!

 
ജലാഹ് വാണ്ടര്‍ഹോഴ്‌സ് ബുധനാഴ്ച വിവാഹം കഴിച്ചു. പക്ഷെ, ജീവപര്യന്തം തടവിനു ശിക്ഷ വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു വിവാഹം എന്നത് അത്ഭുതാവഹം !! ഹണിമൂണും തുടര്‍ന്നുള്ള ജീവിതകാലം മുഴുവനും ജയിലില്‍ കഴിയണം. !! ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ ഇത് അമേരിക്കയിലാണോ നടന്നതെന്ന്സംശയിക്കാം. 

സംഭവം നടന്നത് ആഗസ്റ്റ് 8 ബുധനാഴ്ച ആല്‍ബനി കൗണ്ടി കോടതിയിലാണ്. ഏപ്രില്‍ 30, 2011 ല്‍ ആല്‍ബനിയില്‍ നടന്ന ഒരു കൊലപാതകത്തിലെ പ്രധാനപ്രതിയാണ് കഥാനായകനായ പുതുമണവാളന്‍. അഴികള്‍ക്കുള്ളില്‍ ഏകാന്തവാസം നയിക്കുമ്പോള്‍ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിവാഹത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാമല്ലോ എന്ന് ആ കുറ്റവാളിക്ക് തോന്നിയിരിക്കാം. തന്റെ ദീര്‍ഘകാല പ്രണയിനിയായ ഷാക്വാ വിത്സന് ജയിലിലേക്ക് പോകുന്നതിനു മുന്‍പ് സ്വന്തം ഭാര്യാപദവി നല്‍കാന്‍ ഈ പതിനേഴുകാരന് തോന്നിയ ചേതോവികാരം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.

കഴിഞ്ഞ വര്‍ഷം ആല്‍ബനി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 'ഹോഫ്മാന്‍ പാര്‍ക്കില്‍' വെച്ച് ടൈലര്‍ റോഡ്‌സ് എന്ന പതിനേഴു വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയപ്പോള്‍ ഈ കുറ്റവാളി ഓര്‍ത്തില്ല തന്റെ സമപ്രായക്കാരനെയാണ് താന്‍ കൊലപ്പെടുത്തുന്നതെന്ന്. 

ആല്‍ബനിയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, സാമാധാനകാംക്ഷികളായ ഒട്ടേറെ പേര്‍ക്കിടയില്‍ ഏറെ സംസാരവിഷയമായ ഈ സംഭവത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമയോചിതമായ ഇടപെടലും കൂര്‍മ്മനിരീക്ഷണ പാടവവും കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ സാധിച്ചു. തന്നെയുമല്ല, മറ്റൊരാള്‍ ഈ കൊലപാതക രംഗം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും കേസിന് നിര്‍ണ്ണായക തെളിവുമായി.

കുറ്റം തെളിയിക്കാനായി ജൂറിയുടെ മുമ്പാകെ പ്രദര്‍ശിപ്പിച്ചതും മേല്പറഞ്ഞ വീഡിയോ ദൃശ്യങ്ങളായിരുന്നു. 'ആ ദൃശ്യങ്ങള്‍ക്ക് ഒരു മില്യന്‍ വാക്കുകളുടെ വിലയുണ്ട്' എന്ന് ശിക്ഷ വിധിക്കുന്നതിനു മുന്‍പ് ജഡ്ജി ഡാന്‍ ലമോണ്ട് പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. ''എന്റെ മകന്റെ ജീവനെടുത്ത നീ ഒരമ്മയെ ഓര്‍ത്തില്ല, ഒരു സഹോദരിയെ ഓര്‍ത്തില്ല, ഒരു സഹോദരനെ ഓര്‍ത്തില്ല, എന്തിനു പറയുന്നു ഒരു സമൂഹത്തെപ്പോലും ഓര്‍ത്തില്ല. എന്റെ മകള്‍ക്ക് അവളുടെ സഹോദനെ മാത്രമല്ല അവളുടെ ബെസ്റ്റ് ഫ്രണ്ടിനേയുമാണ് നഷ്ടപ്പെട്ടത്. ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല നീ ദ്രോഹിച്ചിരിക്കുന്നത്. നിന്റെ സ്വന്തം കുടുംബത്തെയാണെന്നുകൂടി ഓര്‍ക്കണം.'' ഗദ്ഗദകണ്ഠയായി ടൈലറുടെ അമ്മ സ്റ്റെയ്‌സി റോഡ്‌സ് കോടതി മുറിയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ജനങ്ങളും ജഡ്ജിയും നിശ്ശബ്ദമായി അതു കേട്ടു. 

ടൈലറിനെ പട്ടാപ്പകല്‍ രണ്ടുപേര്‍ കൂടി വളഞ്ഞുവെച്ച് കുത്തുകയായിരുന്നു. രക്ഷപ്പെടാതിരിക്കാനായി ടൈലറിനെ തടഞ്ഞുവെച്ച ധോറുബാ ഷുഐബ് എന്ന ഇരുപതുകാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ 21 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഒന്നാം പ്രതിയായ ജലാഹ് വാണ്ടര്‍ഹോഴ്‌സിന്റെ ശിക്ഷയാണ് ഇന്ന് (ആഗസ്റ്റ് 8) വിധിച്ചത്. പക്ഷേ, കൗണ്ടി ജഡ്ജ് ഡാന്‍ ലമോണ്ടിന്റെ മുന്‍പില്‍ ഹാജരാകുന്നതിനു തൊട്ടു മുന്‍പ് അതേ കോടതിയിലെ മറ്റൊരു ജഡ്ജിയായ സ്റ്റീഫന്‍ ഹെറിക്കിന്റെ കോടതി മുറിയില്‍ പ്രതി വിവാഹിതനായ വിചിത്ര സംഭവമാണ് അരങ്ങേറിയത്. തീര്‍ന്നില്ല, 'വിവാഹേതര കാര്യങ്ങളൊക്കെ' നടത്താനുള്ള സന്ദര്‍ശനത്തിന് ഈ ജീവപര്യന്ത തടവുകാരന് സൗകര്യവും കോടതി നല്‍കിയിട്ടുണ്ട്.അങ്ങനെ നികുതിദായകരുടെ നികുതിപ്പണം കൊണ്ട് ഈ കുറ്റവാളി ജയിലില്‍ സസുഖം വാഴുകയും ഹണിമൂണ്‍ ആഘോഷിക്കുകയും ചെയ്യും ! പുതുമണവാളന് വെറും പതിനേഴു വയസ്സേ പ്രായമുള്ളൂ എന്നതും, ഇപ്പോള്‍ തന്നെ മൂന്നു കുട്ടികളുടെ പിതാവുമാണെന്നുള്ളതാണ് അതിലേറെ വിചിത്രം !!

ഒരു കൊലയാളിയുടെ ശിക്ഷാവിധിക്ക് തൊട്ടുമുന്‍പേ നടന്ന വിവാഹത്തെ വിചിത്രമായാണ് ആല്‍ബനി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കണ്ടത്. '' ഒരു കുടുംബവും അവരുടെ ബന്ധുക്കളുംതങ്ങള്‍ക്കുണ്ടായ ആഘാതത്തില്‍ നിന്ന് മുക്തി നേടും മുന്‍പേ, ക്ലേശകരമായ നിമിഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍,ആ ക്ലേശത്തിനുത്തരവാദിയായ വ്യക്തിക്ക് ഇങ്ങനെയൊരുപരിഗണന കൊടുക്കുന്നത് തികച്ചുംബാലിശമാണെന്നാണ്'' അദ്ദേഹം പ്രതികരിച്ചത്.

ഇങ്ങനെ ഒരു നിയമം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. കട്ടവന്റെ കൈവെട്ടുകയും കൊന്നവന്റെ തലവെട്ടുകയും ചെയ്യുന്ന കാടന്‍ സമ്പ്രദായം ചില അറബ് രാജ്യങ്ങളിലുണ്ട്. അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ വധശിക്ഷ നിലവിലുണ്ട്.ന്യൂയോര്‍ക്ക് അടക്കം 17 സംസ്ഥാനങ്ങളില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വധശിക്ഷ ഇല്ല.നിയമങ്ങള്‍ കൊണ്ട് മാറാല കെട്ടി അവയില്‍ പൗരന്മാരെ ബന്ധനസ്ഥരാക്കുന്ന സമ്പ്രദായവും അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. പക്ഷേ, പട്ടാപ്പകല്‍ ഒരു പതിനേഴുകാരനെ തടഞ്ഞുവെച്ച് നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയാളിക്ക് ശിക്ഷ വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് അതേ കോടതിയില്‍ വെച്ച് അയാളെ വിവാഹം കഴിപ്പിക്കുകയും ഭാര്യയെ 'സന്ദര്‍ശിക്കാനുള്ള' അനുമതി കൊടുക്കുകയും ചെയ്യുന്നത് ജനാധിപത്യ ഭരണത്തിന്റെകാവലാളുകളെന്ന് വീമ്പിളക്കുന്ന അമേരിക്കയിലെ നിയമവ്യവസ്ഥിതിക്ക് ഭൂഷണമാണോ?

ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെവിവാഹ നിയമപ്രകാരം 18 വയസ്സാണ് വിവാഹത്തിനുള്ള പ്രായപരിധി. 14-15 വയസ്സുള്ളവര്‍ വിവാഹം കഴിക്കണമെങ്കില്‍ ഇരുകൂട്ടരുടെ മാതാപിതാക്കളുടെ സമ്മതപത്രവും സുപ്രീം കോടതി ജഡ്ജിയുടെയോ കുടുംബ കോടതി ജഡ്ജിയുടേയോ അനുമതി പത്രവും വേണം. 16-17 വയസ്സ് പ്രായമുള്ളവരാണെങ്കില്‍ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ സമ്മതപത്രം മതി. 18 വയസ്സുള്ളവര്‍ക്ക് ഇവ രണ്ടിന്റേയും ആവശ്യമില്ല.

പക്ഷേ, മേല്പറഞ്ഞ പ്രതി പതിനേഴു വയസ്സുകാരനാണെന്നതും മൂന്നു കുട്ടികളുടെ പിതാവാണെന്നുള്ളതുമാണ് വിരോധാഭാസം. പതിനേഴു വയസ്സിനിടയ്ക്ക് മൂന്നു കുട്ടികളുടെ പിതാവായ ഈ പ്രതി ആദ്യത്തെ കുട്ടിക്ക് ജന്മം കൊടുത്തപ്പോള്‍ എത്ര വയസ്സുകാരനായിരുന്നു എന്ന് നിയമം ചോദിക്കുന്നില്ല. വിവാഹം കഴിക്കാന്‍ നിയമവും നിയമാവലിയുംസൃഷ്ടിച്ചെടുത്തവര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിഹിത ബന്ധത്തിലേര്‍പ്പെടാതിരിക്കാനും, കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കാനുമുള്ള നിയമനിര്‍മ്മാണം നടത്താന്‍ മറന്നു പോയി.അവിഹിത ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുകയും അതുവഴി കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നു എന്ന നിയമവൈകൃതങ്ങളിലേക്കാണ് ഈ സംഭവംവിരല്‍ ചൂണ്ടുന്നത്.

ദേ പോയി?..ദാ വന്നൂ' (ഫൊക്കാന കണ്‍വന്‍ഷന്‍ കാഴ്‌ചകള്‍)

`മോനേ.... ഈ പൊന്മുടി എവിടാ..?' കിഴക്കേ കോട്ടവഴി (Ballroom Lobby) ഊട്ടുപുര തേടി (San Jacinto) പോകുകയായിരുന്ന ഞാന്‍ ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കി. ഒരു അമ്മച്ചിയാണ്‌ പൊന്മുടി തേടി ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ എത്തിയിരിക്കുന്നത്‌ !

ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‍ വേദിയായി സംഘാടകര്‍ തെരഞ്ഞെടുത്തതുതന്നെ വിപുലമായ സ്ഥലസൗകര്യം കണക്കിലെടുത്താണ്‌. അനന്തപുരിയെ അങ്ങനെതന്നെ പറിച്ചു നടുമെന്നായിരുന്നു പ്രഖ്യാപനം. അതനുസരിച്ച്‌ അനന്തപുരി തപ്പി ഹൂസ്റ്റണിലെത്തിയവര്‍ക്ക്‌ നിരാശരാകേണ്ടി വന്നു. കാരണം, അനന്തപുരിയുടെ പൊടിപോലും എങ്ങും കാണാന്‍ കഴിഞ്ഞില്ല.

പൊന്മുടി അന്വേഷിച്ചു വന്ന അമ്മച്ചിയേയും കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടന്നു. എവിടെയാണ്‌ ഈ പൊന്മുടി എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്നാലും ഞാന്‍ നടന്നു. അപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ ! എന്റെ നെഞ്ചത്തു കുത്തിയിരിക്കുന്ന ബാഡ്‌ജും കഴുത്തില്‍ തൂക്കിയിരിക്കുന്ന ഐഡി കാര്‍ഡുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഔദ്യോഗികവിഭാഗമാണെന്ന്‌ ധരിച്ചതുകൊണ്ടാകാം അയാള്‍ അടുത്തുവന്നു ചോദിച്ചു `ഈ കനകക്കുന്ന്‌ എവിടാ?'. ഞാന്‍ വീണ്ടും കുഴങ്ങി. `ഈ പേരൊക്കെ അങ്ങ്‌ തിരുവനന്തപുരത്താണ്‌' എന്നു പറയണമെന്നു തോന്നി.

നമ്മള്‍ മലയാളികള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. ഒന്നും അറിയാത്ത മണ്ടശിരോമണികളാണെങ്കിലും എല്ലാം അറിയാമെന്ന ഭാവത്തില്‍ വല്ല പൊട്ടത്തരവും വെച്ചു കാച്ചും. സദസ്സിലും സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോള്‍ ഷര്‍ട്ടില്‍ കുത്താന്‍ ഒരു ബാഡ്‌ജ്‌ കിട്ടിയാല്‍ പിന്നെ പറയാനുമില്ല.`എല്ലാം എന്റെ അണ്ടറിലാണെന്ന' ഭാവമായിരിക്കും പിന്നീട്‌. ആദ്യമായി ഹൂസ്റ്റണ്‍ കാണുന്ന ഞാനും ആ ഭാവത്തിന്‌ ഒട്ടും പിശുക്ക്‌ കാണിച്ചില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവസരമല്ലേ. വരുന്നിടത്തുവെച്ചു കാണാം എന്ന മട്ടില്‍ ഞാനും പൊന്മുടിക്കു പോകേണ്ട അമ്മച്ചിയേയും കനകക്കുന്നിലേക്ക്‌ പോകേണ്ട ചേട്ടനേയും കൂട്ടി മുന്നോട്ടു നടന്നു.

അവസാനം ഈ രണ്ടു സ്ഥലത്തും എത്തിയില്ലെങ്കില്‍ എന്റെ ഗതി എന്താകുമെന്ന്‌ മനസ്സില്‍ നല്ല നിശ്ചയമുണ്ട്‌. `സത്യം പറഞ്ഞാല്‍ ബാപ്പ ഉമ്മാനെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ബാപ്പ പട്ടിയിറച്ചി തിന്നും.' എന്നു പറഞ്ഞ അവസ്ഥയായി എന്റേത്‌. ഒന്നുകില്‍ അമ്മച്ചി ചീത്ത പറയും അല്ലെങ്കില്‍ കനകക്കുന്നുകാരന്‍ ചേട്ടന്‍ എനിക്കിട്ട്‌ രണ്ടു തരും. അതുറപ്പ്‌. കാരണം, ചേട്ടന്‍ അല്‌പം വീശിയിട്ടുണ്ടെന്ന്‌ ആ മുഖഭാവം കണ്ടാലറിയാം. ക്രൗണ്‍ പ്ലാസയിലെ മീറ്റിംഗ്‌ റൂമുകള്‍ക്ക്‌ അവരിട്ട പേരുകളുണ്ട്‌. അതു മാറ്റി പകരം തിരുവനന്തപുരത്തെ പേരുകളിടാനുള്ള ബുദ്ധി ആര്‍ക്കാണാവോ തോന്നിയത്‌. ഒരുപക്ഷേ, അമേരിക്കന്‍ പേരുകള്‍ മനസ്സിലാക്കാന്‍ രാജാവിനു ബുദ്ധിമുട്ടായിരിക്കുമെന്നു കരുതി അദ്ദേഹത്തിനു എളുപ്പത്തില്‍ വായിക്കാനുള്ള സൗകര്യത്തിനായിരിക്കാം.

കിഴക്കേ കോട്ട വഴിയാണ്‌ ഞങ്ങള്‍ പോകുന്നത്‌. റോഡിനിരുവശവും (ചുമരില്‍) കേരളത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അനേകം ചുവര്‍ച്ചിത്രങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്‌. അവയിലൊന്ന്‌ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുന്നതായിരുന്നു. അതു കണ്ടപ്പോള്‍ അമ്മച്ചിക്കൊരു സംശയം ! ഈ മഹാബലിയെന്താ കൊച്ചുകുട്ടിയായിരുന്നോ അമ്മച്ചിയുടെ സംശയം ശരിയായിരുന്നു. കൊമ്പന്‍ മീശയും കുടവയറും സര്‍വ്വാഭരണവിഭൂഷിതനുമായ ഒരു ചക്രവര്‍ത്തിയായിരുന്നത്രേ മഹാബലി. പക്ഷേ പടത്തില്‍ വാമനന്‍ വലുതും മഹാബലി ഒരു കൊച്ചു പയ്യനും !! അമ്മച്ചിയുടെ സംശയദൂരീകരണത്തിനായി ഞാന്‍ പറഞ്ഞു `അമ്മച്ചീ...മഹാവിഷ്‌ണു വാമനനായി അവതരിച്ച്‌ മഹാബലിയോട്‌ മൂന്നടി മണ്ണു ചോദിക്കുകയും, കൊടുക്കാമെന്നേറ്റയുടനെ വളര്‍ന്നു്‌ വലുതായി മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥരൂപമാകുകയും ചെയ്‌തെന്നല്ലേ ഐതിഹ്യം. വാമനന്‍ മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥ രൂപഭാവമെടുത്തപ്പോള്‍?മഹാബലി ചെറുതായിപ്പോയതാ....' എന്റെ വിശദീകരണം കേട്ട്‌ അമ്മച്ചി വായുംപൊളിച്ച്‌ എന്നെ രൂക്ഷമായി ഒന്നു നോക്കി. `ഇവനേതു കോത്താഴത്തുകാരനാണെന്ന്‌' അമ്മച്ചിക്കു തോന്നിയതായി ആ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.

സെമിനാറുകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന മുറികളാണ്‌ ആകെ കണ്‍ഫ}ഷനാക്കിയത്‌. അലാമോ 2 എന്ന മുറിക്ക്‌ കനകക്കുന്ന്‌ എന്നും, ട്രിനിറ്റി എന്ന മുറിക്ക്‌ പൊന്മുടി എന്നുമൊക്കെയുള്ള പേര്‌ കൊടുത്തിട്ടുണ്ടെങ്കിലും അതൊക്കെ കടലാസില്‍ മാത്രമേ കണ്ടുള്ളൂ. ഗള്‍ഫ്‌ കോസ്റ്റ്‌ എന്ന പേരില്‍ അഞ്ചു മുറികളുണ്ട്‌. അവയെല്ലാം ശംഖുമുഖം എന്ന പേരിട്ട്‌ മുഖം മാറ്റി. അതിനിടയില്‍ ഗള്‍ഫ്‌ കോസ്റ്റ്‌ 5-ല്‍ നടക്കുന്ന ഇന്‍ഡോര്‍ ഗെയിംസിലേക്ക്‌ വരാന്‍ ആരോ സെല്‍ ഫോണില്‍ വിളിച്ചുപറഞ്ഞത്‌ ഗള്‍ഫ്‌ ഗേറ്റ്‌ എന്ന്‌ തെറ്റായി കേട്ട്‌ ഒരു ചേട്ടന്‍ ഗള്‍ഫ്‌ ഗേറ്റിന്റെ ബൂത്തില്‍ ചെന്ന്‌ ഷാജഹാനോട്‌ തട്ടിക്കയറിയത്രേ ഇന്‍ഡോര്‍ ഗെയിമില്‍ ചീട്ടുകളിക്കാനാണ്‌ അയാള്‍ ഷാജഹാന്റെ അടുത്തു ചെന്നത്‌. മുടി ഫിറ്റു ചെയ്യുന്ന ഗള്‍ഫ്‌ ഗേറ്റാണിതെന്ന്‌ പറഞ്ഞപ്പോഴാണ്‌ വന്നയാള്‍ക്ക്‌ അക്കിടി പറ്റിയത്‌. തലനിറയെ മുടിയുള്ള അയാള്‍ക്കെന്തിനാ വേറെ മുടി

ഏതായാലും ഷെഡ്യൂളുകള്‍ എഴുതിയ ലിസ്റ്റ്‌ എന്റെ പോക്കറ്റിലുണ്ട്‌. ഞാന്‍ ചുളുവില്‍ അത്‌ പുറത്തെടുത്ത്‌ ഒന്നോടിച്ചു നോക്കി. പൊന്മുടിയും കനകക്കുന്നും എവിടെയാണെന്നുപോലും എനിക്കറിയില്ലെന്നുള്ള കാര്യം പുറത്തറിഞ്ഞാല്‍ `എല്ലാം അറിയാം' എന്ന എന്റെ അഹങ്കാരത്തിനു പോറലേല്‍ക്കുകയില്ലേ എന്ന (അഹം)ഭാവം എന്നെ വ്യാകുലനാക്കി. ഏതായാലും അനര്‍ത്ഥങ്ങളൊന്നും സംഭവിക്കാതെ അമ്മച്ചിയെ പൊന്മുടിയിലും ചേട്ടനെ കനകക്കുന്നിലും കൊണ്ടാക്കി ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ലിസ്റ്റിന്‌ സ്‌തോത്രം ചൊല്ലി ഞാന്‍ പിരിഞ്ഞു. കംപ്യൂട്ടറില്‍ അച്ചടിച്ച്‌ ഒട്ടിച്ചുവെച്ച പേരുകള്‍ ആരോ വലിച്ചുകീറിക്കളഞ്ഞതുകൊണ്ട്‌ ഏതൊക്കെ എവിടെ എന്ന്‌ തപ്പി ജനത്തിന്‌ തേരാപാരാ നടക്കേണ്ടി വന്നു. അടുത്ത കണ്‍വന്‍ഷന്‍ വേദിയില്‍ ഈ കുറവ്‌ നികത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ആനയും അമ്പാരിയും ആലവട്ടവും വെഞ്ചാമരവുമൊക്കെയായി മഹാരാജാവ്‌ എഴുന്നെള്ളും, അനന്തപുരിയുടെ പ്രതിരൂപം ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയില്‍ പുനര്‍ജ്ജനിക്കുന്നു, കേരളത്തില്‍ അതിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച്‌ പത്രങ്ങളില്‍ എഴുതിപ്പിടിപ്പിച്ചത്‌ ഞാനായിരുന്നു. അതെനിക്ക്‌ പാരയാകുകയും ചെയ്‌തു. തേനീച്ചകളെപ്പോലെ ഈ ജനങ്ങളൊക്കെ എന്റെ പുറകെ എന്തിനാ വരുന്നതെന്ന്‌ ആലോചിച്ചപ്പോഴാണ്‌ സംഗതിയുടെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയത്‌. ഇതൊക്കെ കണ്‍വന്‍ഷന്‍ കമ്മിറ്റിക്കാര്‍ പറഞ്ഞ്‌ എന്നെക്കൊണ്ട്‌ എഴുതിച്ചതാണെന്നു പറഞ്ഞാല്‍ അവരുണ്ടോ അടങ്ങുന്നു.

ഇക്കണക്കിനുപോയാല്‍ എന്റെ തടി കേടാകും എന്നു കരുതി ഇടക്കിടെ ഞാന്‍ മുങ്ങും. പിന്നെ പൊങ്ങുന്നത്‌ കുറെ കഴിഞ്ഞായിരിക്കും. ഒരിക്കല്‍ മുങ്ങിപ്പൊങ്ങി വടക്കേ കോട്ടവഴി പമ്മി പമ്മി നടന്ന ഞാന്‍ ചെന്നു പെട്ടത്‌ ഫിലഡല്‍ഫിയായില്‍ നിന്നുവന്ന ഒരു പത്രക്കാരന്റെ മുന്‍പിലാണ്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും റെഡിമണിയാക്കി വെച്ചിട്ടുണ്ടെന്ന്‌ അറിയിച്ചത്‌ ഞാനായിരുന്നതുകൊണ്ട്‌ എന്നെത്തേടിയാണ്‌ പുള്ളിക്കാരന്റെ വരവ്‌. `ആകെ ടയേഡ്‌ ആയി. ഒന്നു ഫ്രഷ്‌ ആകണം. എവിടെ എന്റെ മുറി ' ആഗതന്റെ ചോദ്യം കേട്ട്‌ ഞാനൊന്നു പരുങ്ങി. കാരണം, ചക്കയില്‍ ഈച്ച പൊതിഞ്ഞപോലെ പേരു പതിക്കല്‍ വാതായത്തിനടുത്ത്‌ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്‌. അങ്ങോട്ടു ചെന്നാല്‍ ആകെ കലിതുള്ളി നില്‍ക്കുന്ന ജനങ്ങള്‍ പത്രക്കാരനാണെന്നൊന്നും നോക്കാതെ വല്ല ഏനക്കേടും കാണിച്ചാലോ എന്നു ഭയന്ന്‌ ഞാനദ്ദേഹത്തെ ഒരു മൂലയില്‍ നിര്‍ത്തി `ദാ വന്നൂ' എന്നും പറഞ്ഞ്‌ വീണ്ടും മുങ്ങി.

കുറെ കഴിഞ്ഞ്‌ ശംഖുമുഖത്തുകൂടെ കനകക്കുന്നു വഴി കവടിയാറും കഴിഞ്ഞ്‌ കിഴക്കേ കോട്ടയിലെത്തിയപ്പോള്‍ മേപ്പടി പത്രക്കാരന്‍ ദാണ്ടേ ഞാന്‍ നിര്‍ത്തിയിടത്തുതന്നെ നില്‌ക്കുന്നു. മുങ്ങാനുള്ള അവസരം എനിക്കു ലഭിക്കുന്നതിനു മുന്‍പേ അദ്ദേഹം എന്നെ കണ്ടു കഴിഞ്ഞു. നാണക്കേടോര്‍ത്ത്‌ രണ്ടും കല്‌പിച്ച്‌ ഞാന്‍ പേരു പതിക്കല്‍ വാതായനത്തിനടുത്തു ചെന്ന്‌ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞ്‌ ഒരു ബാഡ്‌ജ്‌ തരപ്പെടുത്തി.

പണ്ടൊക്കെ നാട്ടിലെ കല്യാണവീടുകളുടെ മുന്‍പില്‍ ഉയരുന്ന കല്യാണപ്പന്തലിന്റെ കവാടത്തിനിരുവശവും ചെന്തെങ്ങിന്റെ കുലവെട്ടി തൂക്കിയിടുകയോ വാഴ വെട്ടി സ്ഥാപിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. മുകളില്‍ `സ്വാഗതം' എന്നോ `വെല്‍കം' എന്നോ എഴുതിയും വെക്കുമായിരുന്നു. ചില സമ്മേളന നഗരികളുടെ കവാടത്തിലും ഈ കാഴ്‌ച കാണാം. മലയാളിയുടെ പൈതൃക പാരമ്പര്യത്തിന്റേയും അന്തസ്സിന്റേയും പ്രതീകങ്ങളത്രേ വാഴക്കുലയും തേങ്ങാക്കുലയും !

അനന്തപുരിയുടെ (ക്രൗണ്‍ പ്ലാസ) കവാടത്തിലെത്തിയവര്‍ തേങ്ങാക്കൊലയും വാഴക്കൊലയും അനന്തപുരിയും കാണാതെ നിരാശരാകുന്നതു കണ്ടു. `എന്നോടു പറയുകയായിരുന്നെങ്കില്‍ എന്റെ പറമ്പില്‍ നിന്ന്‌ രണ്ടു വാഴകള്‍ വെട്ടി കൊണ്ടുവരുമായിരുന്നല്ലോ' എന്ന്‌ ഒരു ഹൂസ്റ്റണ്‍ മലയാളി പറയുന്നതു കേട്ടു. അദ്ദേഹത്തിന്റെ പറമ്പില്‍ നിറയെ വാഴയുണ്ടത്രേ ! തേങ്ങാക്കൊലയും ഉള്ള മലയാളികളും ഇഷ്ടംപോലെയുണ്ട്‌ ഹൂസ്റ്റണില്‍ എന്നും പറയുന്നതു കേട്ടു. എങ്കില്‍പിന്നെ പോയി കുറച്ചു വെട്ടിക്കൊണ്ടു വരരുതോ എന്നു ചോദിച്ചതിന്‌ ക്രൗണ്‍ പ്ലാസയില്‍ `കൊലകള്‍' നിരോധിച്ചിരിക്കുകയാണെന്ന്‌ സംഘാടകരിലൊരാള്‍ പറഞ്ഞ്‌ ആ രംഗം ശാന്തമാക്കി.

ഊട്ടുപുരയിലേക്കുള്ള വഴി മാത്രം എല്ലാവര്‍ക്കും ബൈഹാര്‍ട്ട്‌ ആയിരുന്നു. കാരണം നാടന്‍ ഭക്ഷണത്തിന്റെ അരോമ അന്തരീക്ഷത്തിലങ്ങനെ വിലയം പ്രാപിച്ചിരിക്കുകയായിരുന്നു. ആ മണം പിടിച്ചങ്ങ്‌ പോയാല്‍ മതി ഊട്ടുപുരയുടെ മുന്‍പില്‍ നാം തനിയെ എത്തും. വിഭവസമൃദ്ധമായ സദ്യ എല്ലാവരും ആസ്വദിച്ചു. പകല്‍ മുഴുവന്‍ വെറും `പച്ച'യായി നടന്നതുകൊണ്ട്‌ വൈകുന്നേരമാകുമ്പോഴേക്കും വിറയലനുഭവപ്പെട്ട ചിലര്‍ `വൈകീട്ടെന്താ പരിപാടി' എന്നന്വേഷിച്ച്‌ നടക്കുന്നത്‌ കൗതുകമായി.

പേരു പതിക്കുന്ന വാതായനത്തിനടുത്ത്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലയുടെ മുന്‍പില്‍ 
ക്യൂ നില്‍ക്കുന്നതുപോലെ കുറെ പേര്‍ അടങ്ങിയൊതുങ്ങി നില്‌പുണ്ട്‌. ചിലരാകട്ടേ മുറുമുറുത്തും പൊട്ടിയും ചീറ്റിയും നില്‌പുണ്ട്‌. അവരുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട്‌ സെക്യൂരിറ്റിയും പോലീസും !! `മാസങ്ങള്‍ക്കു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്‌തതാ....ഇവന്മാര്‌ എന്തെടുക്കുകയായിരുന്നു' എന്ന്‌ ചിലരും, ഭഇതൊരുമാതിരി മണകൊണ എടവാടായിപ്പോയി'എന്നു പറഞ്ഞ്‌ മറ്റു ചിലരും !! സംഗതി പന്തിയല്ലെന്നു കണ്ട്‌ ഞാനവിടെ നിന്നു സ്ഥലം വിട്ടു. തവളകളെ പിടിച്ച്‌ എണ്ണം വെച്ച പോലെ ക്യൂവില്‍ നിന്ന്‌ മാറിപ്പോകുന്നവരെ സെക്യൂരിറ്റി പിടിച്ച്‌ നേരെ നിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങുമ്പോള്‍ മറ്റു ചിലര്‍ വീണ്ടും ക്യൂവില്‍ നിന്ന്‌ മാറും. മലയാളികളുടെ ആ സ്വഭാവത്തിന്‌ ഒരിക്കലും മാറ്റം വരില്ല എന്ന്‌ സെക്യൂരിറ്റിക്കാരുണ്ടോ അറിയുന്നു.

നെഞ്ചില്‍ വട്ടത്തിലുള്ള ബാഡ്‌ജ്‌ കുത്തിയവരോട്‌ വല്ലതും തിരക്കാമെന്നു വെച്ചാല്‍ അവര്‍ `ദാ ഇപ്പ വരാം' എന്നു പറഞ്ഞ്‌ ഒരൊറ്റ പോക്കാണ്‌. പിന്നെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ഫോണ്‍ ചെയ്‌താല്‍ `ദാ വന്നൂ' എന്ന മറുപടിയും കിട്ടും.`കല്യാണത്തിരക്കിനിടക്ക്‌ താലികെട്ടാന്‍ മറന്നുപോയി' എന്നു പറഞ്ഞതുപോലെ ജനറല്‍ കൗണ്‍സില്‍, ഇലക്ഷന്‍ ഇത്യാദി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘാടകര്‍ പുറത്തു നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ പോയി.?

കറങ്ങി നടക്കുന്നതിനിടയില്‍ ചിലര്‍ മുറുമുറുത്തുകൊണ്ട്‌ നടക്കുന്നതു കണ്ടു. `ഇവരെയൊക്കെ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്‌ കെട്ടിയെടുത്തത്‌' എന്ന്‌ മറ്റു ചിലരും പറയുന്നതു കേട്ടു. എന്തോ പന്തികേടുണ്ടല്ലോ എന്നു ഞാനും കരുതി. പിന്നീടാണ്‌ മനസ്സിലായത്‌ ക്രൈസ്‌തവ സഭയില്‍ ഒരു വിഭാഗത്തിന്റെ ബൂത്തും പോസ്റ്ററുമാണ്‌ അവരെ അലോസരപ്പെടുത്തിയിരിക്കുന്നതെന്ന്‌.`തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്‌തു' എന്നു പറഞ്ഞതുപോലെ കുറേ ശെമ്മാശന്മാരും ബിഷപ്പുമാരുമൊക്കെ വരുന്നതുകണ്ട്‌ ഞാനുമൊന്ന്‌ അന്ധാളിച്ചു. മതസൗഹാര്‍ദ്ദ സെമിനാറില്‍ പങ്കെടുത്ത ഇവര്‍ പോയില്ലേ എന്ന്‌ സ്വയം ചോദിക്കുകയും ചെയ്‌തു. അപ്പോഴാണറിയുന്നത്‌ ആ സഭയുടെ ചാനലിന്റെ ഉദ്‌ഘാടനവും നടക്കുന്നു എന്നറിഞ്ഞത്‌. ദൈവമേ...മറ്റൊരു കോലഞ്ചേരി അനന്തപുരിയില്‍ ആവര്‍ത്തിക്കുമോ എന്ന ശങ്കയില്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്നെ ആരോ തള്ളി ഒരു മുറിയിലേക്കു കയറ്റി. ആ ഉദ്‌ഘാടനച്ചടങ്ങുകളുടെ ഫോട്ടോ ഞാനെടുക്കണം. അതാണവരുടേ ആവശ്യം.

ഫൊക്കാന ഓര്‍ത്തഡോക്‌സ്‌ വിഭാഗം കൈയ്യടക്കി എന്ന കിംവദന്തി പരക്കാന്‍ അധികം നേരം വേണ്ടിവന്നില്ല. ആകെ ജഗപൊഗ. പക്ഷേ പൊട്ടുന്നില്ല (പിന്നീട്‌ പൊട്ടി. മനസ്സില്‍ ലഡുവല്ല. വര്‍ഗീയത). `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സംഘടന' യായ ഫൊക്കാനയില്‍ വര്‍ഗീയതയോ അണ്‍സഹിക്കബിള്‍ !! കുറച്ചു മുന്‍പേ `മതസൗഹാര്‍ദ്ദ സെമിനാറില്‍' ഘോരഘോരം പ്രസംഗിച്ച ഞാനടക്കമുള്ളവര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ ഓശാന പാടുകയോ  അസംഭാവ്യം ! അവിശ്വസനീയം ! ആശ്ചര്യം !! ഇതനുവദിച്ചുകൂടാ. പ്രതികരിക്കണം. അല്ലെങ്കില്‍ ഈ അനീതി അവര്‍ വീണ്ടും ആവര്‍ത്തിക്കും.

പ്രതികരിക്കാന്‍ ചെന്ന ഞാന്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നെക്കൊണ്ടുപോയി നിര്‍ത്തിയത്‌ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ മുന്‍പിലാണ്‌ !. ഹൂസ്റ്റണിലെ പ്രസിദ്ധമായ `ശ്രീ ഗുരുവായൂരപ്പന്‍ ടെംബിളിന്റെ' ബൂത്തിനു മുന്‍പില്‍ ഞാന്‍ വിഷണ്ണനായി നിന്നു. വളരെ ഭംഗിയായി പ്രൗഢമായി സജ്ജീകരിച്ചിരിക്കുന്ന ആ അമ്പലത്തിന്റെ ബൂത്തില്‍ ഹൈന്ദവര്‍ക്കു മാത്രമല്ല, അന്യമതസ്ഥര്‍ക്കും കാണാനും പഠിക്കാനും ഏറെയുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തതാ ഷാജഹാന്റെ ബൂത്ത്‌. ക്രൈസ്‌തവ സഭയും, അമ്പലവും, ഷാജഹാനുമൊക്കെ ഫൊക്കാന കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരായിരുന്നു എന്നറിഞ്ഞപ്പോള്‍ `വാനരന്മാരെന്തറിയുന്നു വിഭോ' എന്ന കവിവചനം ഓര്‍മ്മ വന്നു.പണം കൊടുത്ത്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ എടുക്കുന്നവര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌ വിപുലപ്പെടുത്തുന്നതാണ്‌ മുഖ്യലക്ഷ്യമെന്ന സാമാന്യവിവരം നാം മലയാളികള്‍ക്കുണ്ടാകണം. അതിന്‌ റോക്കറ്റ്‌ സയന്റിസ്റ്റിന്റെ ബുദ്ധിയൊന്നും വേണ്ട.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടേയും എം.എല്‍.എ.മാരുടേയും അഭാവം ഇത്തവണത്തെ കണ്‍വന്‍ഷന്റെ ഒരു പ്രത്യേകതയായിരുന്നു. അവരെ ഒഴിവാക്കാനുള്ള അമേരിക്കന്‍ മലയാളികളുടെ മുറവിളിക്ക്‌ ഇനിയെങ്കിലും അറുതി വരുത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ അന്വര്‍ത്ഥങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത്‌ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ പുതിയ ഭരണസമിതിക്ക്‌ കഴിയട്ടേ എന്ന്‌ ആശംസിക്കുന്നു. 

മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കരുത്

ഈ അടുത്ത നാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് ദോഷം ചെയ്യുന്നു എന്നത്. ഒളിഞ്ഞും തെളിഞ്ഞും മതസംഘടനകളുടേയും സാമൂഹ്യ-സാംസ്‌ക്കാരിക സംഘടകളുടേയും നേതാക്കളും വക്താക്കളും പ്രസ്താവനകളിറക്കുകയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 'വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ' എന്നു പറഞ്ഞതുപോലെ ആ വിഷയം ഇപ്പോഴും സജീവമായി നിലകൊള്ളുന്നു.

ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ മാസം വരെ കണ്‍വന്‍ഷനുകളുടെ ഘോഷയാത്ര തന്നെയാണ് അമേരിക്കയിലങ്ങൊളമിങ്ങോളം ! ഒന്നിനോടൊന്ന് മെച്ചപ്പെടുത്താന്‍ സംഘാടകര്‍ പരസ്പരം മത്സരിച്ച് പരക്കം പായുന്നു.സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളുടെ കണ്‍വന്‍ഷനും മതസംഘടനകളുടെ കണ്‍വന്‍ഷനും താരതമ്യപ്പെടുത്തിയാല്‍ രണ്ടാമത്തേതിനാണ് മുന്‍തൂക്കം എന്നു തോന്നുന്നു. ഈ പ്രതിഭാസം വരുംകാലങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനേ തരമുള്ളൂ. 

ഇപ്പോള്‍ സാമൂഹ്യസംഘടനകളുടെ തലപ്പത്തിരിക്കുന്നവരും മറ്റു തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ മതസംഘടനകളില്‍ പ്രവര്‍ത്തിച്ചവരോ ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണ്. മതസംഘടനകളോട് അവര്‍ കൂടുതല്‍ പ്രതിപത്തി കാണിക്കുന്നത് സ്വഭാവികം. പക്ഷേ, അതിന്റെ പേരില്‍ പിന്നീട് കുണ്ഠിതപ്പെട്ടിട്ട് യാതൊരു പ്രയോചനവുമില്ല. സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ അവരവരുടെ മതസംഘടനകളിലേക്ക് ആളെക്കൂട്ടിയവര്‍ ഇപ്പോള്‍ അവര്‍ക്കുതന്നെ പാരയാകുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ പൊതുനന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരേയും സമഭാവനയോടെ കാണാനുള്ള സന്മനസ്സാണ് സാമൂഹ്യസംഘടനാ നേതാക്കള്‍ക്ക് വേണ്ടത്.

മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് വിഘാതമായി എന്നു മുറവിളി കൂട്ടുന്നവര്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ അവര്‍ക്കുതന്നെ അതിന്റെ ഉത്തരം കിട്ടും. രണ്ടു വഞ്ചികളിലും കാലെടുത്തുവെച്ച് തുഴഞ്ഞതിന്റെ തിക്താനുഭവങ്ങളാണ് ഇപ്പോള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലേതിനേക്കാള്‍ ശക്തമായ സാമുദായിക തരംതിരിവുകള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. സാമൂഹിക സംഘടനകളില്‍ സാമുദായിക തത്പരകക്ഷികള്‍ നുഴഞ്ഞു കയറി സ്വന്തം സമുദായക്കാരെ വശത്താക്കുകയോ സംഘടനകളില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കുകയോ ചെയ്യുന്നു.ഈ സങ്കുചിത മനോഭാവത്തിനടിമപ്പെടാത്തവരും, ഈ രാഷ്ട്രീയ ചൂതുകളിയില്‍ താല്പര്യമില്ലാതെ അകന്നുനില്ക്കുന്നവരുമായ സാധാരണ ജനങ്ങള്‍ സംഘടനകളേയും സംഘടനാ നേതാക്കളേയും പുച്ഛിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നേതാക്കള്‍ തന്നെയാണ്. കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണെന്ന് അവര്‍ പോലും അറിയുന്നില്ല. 

മാനവസമൂഹങ്ങള്‍ സാമുദായികമായി വേര്‍തിരിയാന്‍ തുടങ്ങിയതോടെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള മത്സരം തുടങ്ങി. ഇവിടെയും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യസംഘടനയുടെ സാമ്പത്തിക സ്രോതസ്സിന്റെ നല്ലൊരു ഭാഗം സാമുദായിക സംഘടനകളിലേക്ക് ഒഴുകുന്നു, അല്ലെങ്കില്‍ ഒഴുക്കുന്നു. ഇതിനെതിര പ്രതികരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

സാമൂഹ്യസംഘടനകളുടെ അപചയത്തിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടനകള്‍ക്ക് ചരമഗീതം പാടേണ്ടിവരുമെന്നു തീര്‍ച്ച. സാമുദായിക വൈകൃതങ്ങളിലേക്ക് അമേരിക്കന്‍ മലയാളി സംഘടനകള്‍ അധ:പ്പതിക്കാതിരിക്കണമെങ്കില്‍ ഒരൊറ്റ പോംവഴിയേ ഉള്ളൂ. മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കാതിരിക്കുക. അതുപോലെ തിരിച്ചും.

2012 മേയ് 14, തിങ്കളാഴ്‌ച

മാലിന്യം പിടിമുറുക്കിയ കേരളം

കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു എന്ന വാര്‍ത്തയില്‍ അത്ഭുതം തോന്നേണ്ടതില്ല. ഏപ്രില്‍ അവസാനം വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കില്‍ ഡെങ്കിപ്പനിയാണ്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഏകദേശം 560 ! മെയ്‌ മാസം ഇതുവരെ 28 പേര്‍ക്കുകൂടി ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്‌ എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും പറയുന്നു.

എച്ച്‌1എന്‍1, ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളോടൊപ്പം കേട്ടുകേള്‍വി പോലുമില്ലാത്ത അനേകം രോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുവാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്‌. ലോകത്തെങ്ങുമില്ലാത്ത രോഗങ്ങള്‍ കേരളീയരെ പിടിമുറുക്കുമെന്ന്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചാല്‍ നമുക്കു മനസ്സിലാകും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം അജണ്ടയിലിലില്ലാതെ ജീവിക്കുന്ന ജനങ്ങളും അവരെ ഭരിക്കുന്ന ഭരണകര്‍ത്താക്കളുമാണ്‌ കേരളത്തെ ഇന്നത്തെ ദയനീയാവസ്ഥയിലേക്ക്‌ നയിക്കുന്നത്‌. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ രണ്ടാഴ്‌ചയോളം താമസിക്കേണ്ടിവന്ന എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിനെ മാലിന്യങ്ങള്‍ കൊണ്ട്‌ കുഴിച്ചുമൂടാനൊരുങ്ങുന്ന ജനതയെയാണ്‌. ശക്തന്‍ നഗര്‍, വെളിയന്നൂര്‍, കൊക്കാല മുതലായ സ്ഥലങ്ങളില്‍ റോഡരികിലെ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

പ്രസിദ്ധമായ ശക്തന്‍ തമ്പുരാന്‍ നഗറിന്റെ ശോചനീയാവസ്ഥ അതിലേറെ കഷ്ടമാണ്‌. ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത മൈതാനത്ത്‌ കുമിഞ്ഞുകൂടിക്കിടക്കുന്നു. തലങ്ങും വിലങ്ങും ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളും അതിനിടയിലൂടെ അഭ്യാസികളെപ്പോലെ നടക്കുന്ന ജനങ്ങളും റോഡരികില്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങളും തൃശ്ശൂരിന്റെ പ്രസിദ്ധിക്ക്‌ മങ്ങലേല്‌പിക്കുന്നു. എവിടെ നോക്കിയാലും മാലിന്യം ! അഭിമാനത്തോടെ തലയുയര്‍ത്തി നില്‌ക്കുന്ന തൃശ്ശൂര്‍ ഹാര്‍ട്ട്‌ ആശുപത്രിയുടേയും, തൊട്ടടുത്തുള്ള ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിന്റേയും ചുറ്റിലും മാലിന്യമാണ്‌. മൂക്കും വായും പൊത്തിപ്പിടിച്ചല്ലാതെ ആ വഴിയെ നടക്കാന്‍ കഴിയില്ല. തൊട്ടടുത്തുള്ള എം.ഐ.സി.യുടെ ഇസ്ലാമിക്‌ കോളേജും പള്ളിയും സ്ഥിതിചെയ്യുന്നതിനടുത്തുകൂടി മലിനജലം കെട്ടിക്കിടക്കുന്ന കാനയില്‍നിന്നു വമിക്കുന്ന ദുര്‍ക്ഷന്ധം ബോധക്കേടുവരെ ഉണ്ടാക്കും.

നടപ്പാതയില്ലാത്ത റോഡില്‍ അലസമായി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യത്തില്‍ ചവിട്ടിയാണ്‌ കാല്‍നടക്കാര്‍ പോകുന്നത്‌. രാത്രിയും പകലുമെന്നില്ലാതെ കൊതുകുകള്‍ നമ്മുടെ രക്തം ഊറ്റിക്കുടിക്കുന്നു. ഒരു ചായക്കടയില്‍ കയറി വിശ്വാസത്തോടെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ ചായ കുടിക്കാനോ പറ്റാത്ത അവസ്ഥ ! കാരണം, ഹോട്ടലുകളിലും ചായക്കടകളിലും ശുദ്ധജലത്തിനു പകരം മലിനജലമാണ്‌ സപ്ലൈ ചെയ്യുന്നതെന്ന വാര്‍ത്ത തന്നെ. `കുടിവെള്ളം' എന്നെഴുതിയ ടാങ്കറുകള്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നതു കാണാം. അവര്‍ക്ക്‌ കൊയ്‌ത്തുകാലമാണ്‌. ഈ `കുടിവെള്ളം' എവിടെനിന്നു ശേഖരിക്കുന്നു എന്ന്‌ ആരും അന്വേഷിക്കാറില്ല. അഥവാ അന്വേഷിച്ചു ചെന്നാല്‍ അവരെ `ഒതുക്കാന്‍' ക്വട്ടേഷന്‍ സംഘം രംഗത്തുണ്ട്‌.

കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ അലങ്കരിച്ച പുതിയ വസ്‌ത്രാലയങ്ങളും സ്വര്‍ണ്ണാഭരണശാലകളും നഗരത്തില്‍ നിത്യേനയെന്നോണം മുളച്ചുവരുന്നുണ്ട്‌. പക്ഷെ, മാലിന്യങ്ങളുടെ നടുവിലാണെന്നു മാത്രം. പ്രശസ്‌തമായ ഒരു വസ്‌ത്രാലയത്തിന്റെ ഷോറൂമിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയാകുന്നു. തൊട്ടകലെ മറ്റൊരു പ്രവാസിയുടെ സില്‍ക്ക്‌ വസ്‌ത്രാലയത്തിന്റെ പണിയും പുരോഗമിക്കുന്നു. പക്ഷേ, ഇവ രണ്ടിന്റേയും നടുവില്‍ മാസങ്ങളോളം പഴക്കമുള്ള മാലിന്യങ്ങള്‍ ആ പ്രദേശമാകെ ദുഗന്ധപൂരിതമാക്കുന്നത്‌ നഗരവാസികളോ നഗരസഭയോ കണ്ടില്ലെന്നു നടിക്കുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ തൃശ്ശൂരിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. കൊക്കാലയിലുള്ള മെട്രോപൊളിറ്റന്‍ ആശുപത്രിയുടെ അടുത്തുകൂടി ഒഴുകുന്ന കാനയിലെ വെള്ളം ദുര്‍ഗന്ധം വമിക്കുന്നെന്നു മാത്രമല്ല, മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. വീടുകളിലേയും ഹോട്ടലുകളിലേയും ബാര്‍ബര്‍ ഷാപ്പുകളിലേയും മാലിന്യങ്ങള്‍ റോഡില്‍ തള്ളിയിരിക്കുന്നതും നമുക്കു കാണാം.

തൃശ്ശൂരില്‍ മാത്രമല്ല, എറണാകുളം, കൊച്ചി, ആലുവ അങ്കമാലി, ചെങ്ങമനാട്‌ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മാലിന്യം വഴിയരികില്‍ നിക്ഷേപിച്ചിരിക്കുന്നത്‌ നമുക്കു കാണാന്‍ കഴിയും. എറണാകുളം ടൗണ്‍ കൊതുകുകളാണ്‌ കീഴടക്കിയിരിക്കുന്നത്‌. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌ തിരുവനന്തപുരം ജില്ലയിലാണത്രേ.?

ലോകത്തൊരിടത്തും കാണാത്തത്ര മാലിന്യക്കൂമ്പാരങ്ങള്‍?കേരളത്തിന്റെ തെരുവുകളിലും തെരുവോരങ്ങളിലും കുമിഞ്ഞുകൂടിക്കിടക്കുന്ന കാഴ്‌ച നമ്മെ അമ്പരപ്പിക്കും. കൂടാതെ, നിത്യേനയെന്നോണം മാലിന്യങ്ങള്‍ പൊതുവഴികളില്‍ വലിച്ചെറിയുന്ന പ്രവണതയും കൂടി വരുന്നു.?

കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ദിനംപ്രതി ലക്ഷക്കണക്കിനു ജനങ്ങളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വന്നുപോകുന്നത്‌. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഇതര ഭാഗങ്ങളേക്കാള്‍ മാലിന്യങ്ങളും അവിടെ കുന്നുകൂടുന്നു. തദ്ദേശവാസികളും ടൂറിസ്റ്റുകളും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ സമയബന്ധിതമായി സംസ്‌ക്കരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ തിരുവനന്തപുരം പകര്‍ച്ചവ്യാധികളുടെ തലസ്ഥാനമായി മാറും.

തിരഞ്ഞെടുപ്പുകളില്‍ കോടികള്‍ മുടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതുവഴി നാം നമ്മെത്തന്നെ ആക്ഷേപഹാസ്യരാക്കുകയാണെന്ന്‌ അവര്‍ അറിയുന്നില്ല. ഏതു പാര്‍ട്ടി ഭരിച്ചാലും മാലിന്യങ്ങളുടെ നടുവില്‍ മണിമാളികയിലിരുന്നിട്ടെന്തു കാര്യം?

മാലിന്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക്‌ ദുര്‍ഗന്ധം അനുഭപ്പെടുകയില്ല. പക്ഷേ, വിദേശത്തുനിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ കേരളത്തിലെത്തുന്നവര്‍ക്ക്‌ പെട്ടെന്നതു മനസ്സിലാകും. ലോകത്തില്‍ അവശ്യം കണ്ടിരിക്കേണ്ടതായ സ്ഥലങ്ങളില്‍ , ദൈവത്തിന്റെ സ്വന്തം നാടായ, സസ്യശ്യാമളകോമളമായ കേരളത്തിന്റെ ഭൂപടമുണ്ടെങ്കിലും, വീട്ടുമുറ്റത്തെ മാലിന്യം റോഡിലേക്ക്‌ തള്ളുന്നവരും, പൊതു സ്ഥലങ്ങളില്‍ വിസര്‍ജ്യങ്ങള്‍ തള്ളുന്നവരുമാണ്‌ കേരളീയര്‍ എന്നറിഞ്ഞാല്‍?ആരാണ്‌ ഉല്ലാസ യാത്രക്ക്‌ കേരളത്തിലേക്ക്‌ വരുന്നത്‌.

ടൂറിസം വികസനത്തിന്റെ പേരില്‍ ലക്ഷങ്ങളും കോടികളും മുടക്കുന്നുണ്ടെങ്കിലും മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ മുഖം തിരിക്കുന്ന ഭരണാധികാരികളാണ്‌ അധികാരക്കസേരകളിലിരിക്കുന്നത്‌. നാടിന്റെ മുക്കിലും മൂലയിലും വസ്‌ത്രവ്യാപാര ശാലകളും സ്വര്‍ണ്ണാഭരണ ശാലകളും ദിനംപ്രതി മുളച്ചു പൊങ്ങുകയും അവിടെ നിന്നെല്ലാം വസ്‌ത്രങ്ങളും ആഭരണങ്ങളും വാങ്ങി ധരിച്ച്‌ മോടിയായി മലയാളികള്‍ നടക്കുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ വൃത്തിയുടേയും ശുചിത്വത്തിന്റേയും കാര്യത്തില്‍ കേരളീയര്‍ തീര്‍ത്തും പിന്നിലാണ്‌.

ലോകത്തെങ്ങും കേള്‍ക്കാത്ത പകര്‍ച്ചവ്യാധികളും, പുതിയ രോഗങ്ങളും കേരളത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോഴും പ്രതിവിധികള്‍ക്കോ പ്രതിരോധത്തിനോ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. ഓരോ മഴക്കാലത്തും പകര്‍ച്ചവ്യാധി പിടിപെട്ട്‌ ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‌ക്കുന്ന സര്‍ക്കാര്‍ പേരിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്‌ത്‌ വീണ്ടും അടുത്ത അത്യാഹിതത്തിനു കാത്തു നില്‌ക്കുന്നുവെന്നതും ഒരു തുടര്‍ക്കഥപോലെ അവശേഷിക്കുന്നു.

കേരളീയരെപ്പോലെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളാന്‍ മടിയില്ലാത്ത മറ്റൊരു സമൂഹമുണ്ടോ എന്നു സംശയമാണ്‌. അമേരിക്കയിലേയോ മറ്റു വിദേശരാജ്യങ്ങളിലെയോ പോലെയുള്ള റോഡുകളും തെരുവീഥികളും കേരളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു ജനത വിചാരിച്ചാല്‍ നടപ്പിലാക്കാവുന്നതേ ഉള്ളൂ. അതിന്‌ ലക്ഷ്യബോധവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികളും വേണം.

സംസ്ഥാനം രൂപീകരിച്ച്‌ അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും, സാമൂഹിക പുരോഗതിയില്‍ രാജ്യത്തിനുതന്നെ മാതൃകയായി മാറിയിട്ടും നാഗരിക വികസനത്തിന്റെ അടിസ്ഥാന സൂചകമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വം എന്നീ വിഷയങ്ങളില്‍ നമ്മുടെ സംസ്ഥാനം പരാജയമാണ്‌. സ്വന്തം വിസര്‍ജ്യം സ്വന്തമായി സംസ്‌ക്കരിക്കുകയെന്നത്‌ മാന്യതയുള്ള മുഴുവന്‍ ജനസമൂഹങ്ങളുടേയും ലക്ഷണമാണ്‌. ആരാന്റെ ഉമ്മറത്ത്‌ തന്റെ മാലിന്യം വലിച്ചെറിയുന്നത്‌ ഇന്ന്‌ കേരളത്തിലെ ജനങ്ങളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു.

ജനങ്ങള്‍ നേരിടുന്ന നടുക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാണാനുള്ള കണ്ണില്ലാതെ, ശീതീകരിച്ച മുറികളിലിരുന്ന്‌ തടിച്ച നിയമ പുസ്‌തകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മറിച്ചു നോക്കി, അതിലെ സാങ്കേതിക പദാവലികളില്‍ പിടിച്ചു തൂങ്ങി വിധി പ്രസ്‌താവിക്കുന്ന ന്യായാധിപന്മാരും, അവരെ വിലയ്‌ക്കെടുത്ത്‌ തങ്ങളുടെ ചൊല്‌പടിക്കു നിര്‍ത്തുന്ന ഭരണകര്‍ത്താക്കളും കേരളത്തിന്റെ ഈ ദുര്‍ഗതി കണ്ടില്ലെന്നു നടിച്ചാല്‍ തൃശ്ശൂരിലെ ലാലൂര്‍, കണ്ണൂരിലെ ചേലോറ, തലശ്ശേരിയിലെ പെട്ടിപ്പാലം എറണാകുളത്തെ ബ്രഹ്മപുരം, തിരുവനന്തപുരത്തെ വിളപ്പില്‍ശാല മുതലായ സ്ഥലങ്ങളിലെ മാലിന്യവിരുദ്ധ സമരം പോലെ കേരളത്തിലങ്ങോളമിങ്ങോളം സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന്‌ തീര്‍ച്ച.

ഓടയിലേക്കും നദികളിലേക്കും തോടുകളിലേക്കും മാലിന്യങ്ങള്‍ തള്ളുന്നതും പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട്‌ വൃത്തികേടാക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കുറ്റക്കാര്‍ പിടിക്കപ്പെടുമെന്ന ധാരണ ജനങ്ങളിലുണ്ടായാല്‍ കേരളം ഇത്ര വൃത്തിഹീനമാകുകയില്ല. 

2012 മാർച്ച് 31, ശനിയാഴ്‌ച

പുല്ലുമേട്‌ ദുരന്തം ഇനിയും ആവര്‍ത്തിക്കരുത്‌

2011 ജനുവരി 14-ന്‌ ശബരിമല പുല്ലുമേട്ടിലുണ്ടായ അത്യാഹിതത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കാനുണ്ടായ കാരണം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നുള്ള ജസ്റ്റീസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഗൗരവമായി കണക്കാക്കണം. ശബരിമല മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട്ടില്‍ നിന്നിറങ്ങിയ ഭക്തര്‍ക്കാണ്‌ ഈ അത്യാഹിതം സംഭവിച്ചത്‌. അതില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാന ക്കാരായിരുന്നു.

അന്ന്‌ ആ സംഭവം നിസ്സാരവത്‌ക്കരിക്കുകയും അപകടത്തിനുത്തരവാദികളായവര്‍ പരസ്‌പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിനു മാത്രമല്ല അഖണ്ഡഭാരത്തിനുതന്നെ അപമാനമായ ആ സംഭവം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എന്തുകൊണ്ട്‌ എടുത്തില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം കൊടുക്കാന്‍ അന്ന്‌ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഭക്തിയുടേയും വിശ്വാസത്തിന്റേയും പേരു പറഞ്ഞ്‌ വീണ്ടും ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനാണ്‌ ശ്രമിച്ചത്‌.

സന്നിധാനത്തിലോ പതിനെട്ടാം പടിയിലോ ക്ഷേത്രചുറ്റുപാടുകളിലോ അല്ല അപകടം നടന്നത്‌. ആയിരക്കണക്കിന്‌ ഭക്തജനങ്ങള്‍, അതും അന്യസംസ്ഥാനക്കാര്‍, വിശ്വാസത്തിന്റെ ഒരു ഭാഗമായ മകരജ്യോതി ദര്‍ശിക്കാനാണ്‌ പുല്ലുമേട്ടിലേക്ക്‌ നീങ്ങിയത്‌. മകര ജ്യോതി ദര്‍ശനത്തിന്‌ പോകുന്ന ഭക്തര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുക്കേണ്ട കടമ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ടായിരുന്നു.

മകരജ്യോതിയും മകരവിളക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ ദേവസ്വം ബോര്‍ഡ്‌ വ്യക്തമാക്കണമെന്ന്‌ അന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മകര ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നായിരുന്നു അന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ബോധിപ്പിച്ചിരുന്നത്‌. മകരവിളക്കില്‍ സത്യമില്ലെന്നും മകരജ്യോതിയും മകരവിളക്കും അയ്യപ്പചരിത്രത്തില്‍ ഇല്ലെന്നും, ഇവ രണ്ടും തെളിയിക്കുന്നത്‌ സര്‍ക്കാര്‍ വകുപ്പുകളോ അല്ലെങ്കില്‍ സര്‍ക്കാരിനുവേണ്ടി മറ്റാരോ ആണെന്നുമുള്ള പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്റ്‌ രേവതിനാള്‍ പി. രാമവര്‍മ്മരാജയുടെ പ്രസ്‌താവനയും അതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. 

അത്‌ ഭട്ടതിരിപ്പാടിന്റെ (അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌) പണിയാണ്‌' എന്ന്‌ 1989 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ്‌ നായനാര്‍ പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച്‌ ശബരിമല ഏറെ വ്യത്യസ്ഥമാണ്‌. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ലോകപ്രശസ്‌തിയാര്‍ജ്ജിച്ച ഒരു ക്ഷേത്രമാണ്‌ ശബരിമല. അതോടൊപ്പം തന്നെ ഈ ക്ഷേത്രത്തിന്റെ പേരില്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും ഏറെയാണ്‌. മകരജ്യോതി ദര്‍ശിച്ച്‌ വണങ്ങിയാല്‍ ആജന്മമോക്ഷം കിട്ടുമെന്ന വിശ്വാസം ഭക്തരില്‍ ആവാഹിക്കുന്നതാണ്‌ അതിലൊന്ന്‌. ഈ വിശ്വസികളാകട്ടേ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരും.

1999ല്‍ മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട്‌ അയ്യപ്പന്മാര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ മുന്‍ ഡി.ജി.പി. എന്‍. കൃഷ്‌ണന്‍ നായരും, സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങളിലും ഈ മകര ജ്യോതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. 

ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള ശബരിമലയുടെ ചരിത്രത്തില്‍ പൊന്നമ്പലമേട്ടിലെ വാസക്കാരായിരുന്ന ആദിവാസികളില്‍പെട്ട മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാര്‍ അക്കാലങ്ങളില്‍ മകരം ഒന്നിന്‌ വിളക്കു തെളിയിക്കുമായിരുന്നത്രേ. പക്ഷേ, അതിന്റെ ദീപശിഖ ദൃശ്യമാകാറില്ലായിരുന്നു. പക്ഷെ പിന്നീട്‌ പോലീസും വനംവകുപ്പും കെ.എസ്‌.ഇ.ബി.യും ഈ ജോലി ഏറ്റെടുക്കുകയും കര്‍പ്പൂരം കത്തിച്ച്‌ മകരജ്യോതിയെന്ന്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വെന്ന്‌ പറയപ്പെടുന്നു. 

എന്തുതന്നെയായാലും കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ അപകടത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കുകയും, അനേകം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടും ആ അപകടത്തിന്റെ ഉറവിടം കണ്ടെത്തി യുക്തമായ തീരുമാനമെടുക്കാനോ സുരക്ഷാ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ അന്നത്തെ ബന്ധപ്പെട്ട മന്ത്രിയോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. മകരജ്യോതി മാനുഷികമാണോ അമാനുഷികമാണോ എന്നതല്ല ഇവിടെ പ്രശ്‌നം. ദശാബ്ദങ്ങളായി ഭക്തര്‍ വിശ്വസിച്ചുപോരുന്ന ആചാരത്തിന്‌ കോട്ടം തട്ടാതെ നോക്കുകയും, അവര്‍ക്കുവേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതും കോടിക്കണക്കിനു രൂപ വരുമാനമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്‌. 

ഇപ്പോള്‍ ജസ്റ്റീസ്‌ എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പഠിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ആശാവഹമാണ്‌. ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്‌്‌ ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ചെയ്‌തുകൊടുക്കേണ്ടതും സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്വമാണ്‌. 

http://www.youtube.com/watch?v=i58IaLnICrs&feature=player_embedded


2012 മാർച്ച് 29, വ്യാഴാഴ്‌ച

ആന്റണി ഉറങ്ങുകയാണ്‌‍

നിലവാരമില്ലാത്ത ആയുധങ്ങള്‍ വങ്ങാന്‍ മുന്‍ സൈനികന്‍ തേജീന്ദര്‍ ഖ പതിനാലു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നൈതിക മൂല്യങ്ങള്‍ ക്ഷയിക്കുന്നു എന്നതിനു തെളിവാണ്‌.
രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള കരസേനയുടെ സൈന്യാധിപനെപ്പോലും കോഴ കൊടുത്ത്‌ വശത്താക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍‍ കൊണ്ടു വരണമന്നാണ്‌ എല്ലാ ഭാരതീയരുടേയും ആവശ്യ. പക്ഷെ, ആര്‍ ? എങ്ങനെ? എന്ന ചോദ്യങ്ങള്ക്ക്‌ മറുപടി പറയേണ്ടത്‌ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമാണ്‌. കാരണം, ഇവര്‍ക്ക് രണ്ടുപേര്‍ക്കും കാര്യങ്ങളറിയാമായിരുന്നു എ്ന്ന് പ്രതിരോധമന്ത്രിയുടെ രാജ്യസഭയിലെ വെളിപ്പെടുത്തലുകള്‍ തന്നെ തെളിവ്.
ലോകത്തിനു മുന്നില്‍, പ്രത്യേകിച്ച് സ്വേഛാദിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ ആടിക്കളിക്കു അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍, ഇന്ത്യ ജനാധിപത്യത്തിന്റെ  പേരില്‍ ഊറ്റം കൊള്ളാറുണ്ട്. രാജ്യത്തിന്റേയും

ജനങ്ങളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും സമാധാനപൂര്‍ണ്ണവും ഐശ്വര്യദായകവുമായ ഒരിന്ത്യ കെട്ടിപ്പടുക്കാനുമായി ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍, സഭയില്‍ ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങി നാറിയ കഥ ജനങ്ങള്‍ മറന്നിട്ടില്ല. 
പ്രതിരോധത്തിന്റെ മറവില്‍ ബോഫോഴ്സ് തോക്ക് ഇറക്കുമതി മുതല്‍ ശവപ്പെട്ടി കരാര്‍ വരെ കോഴയില്‍ മുക്കി നാണം കെടുത്തിയതും പരമോത നിയമനിര്‍മ്മാണ സഭയിലെ ബഹുമാനപ്പെട്ടവരാണെന്ന സത്യവും ജനങ്ങള്‍ക്കറിയാം. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയും പ്രധാന മന്ത്രിയുടെ മൌനവും കൂട്ടി വായിക്കുമ്പോള്‍ ഉല്പതിഷ്ണുകള്‍ക്ക് ആകാംക്ഷ കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അജ്ഞാത കത്തുകളില്‍പോലും അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നു പറയുന്ന പ്രതിരോധ മന്ത്രി 'ഞാന്‍ ഈ വിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി, എന്റെ തല തരിച്ചുപോയി' എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഒരു സാദാ പോലീസുകാരന്‍ പറയുന്നതുപോലെ 'പരാതി എഴുതി തന്നാലേ കേസെടുക്കൂ' എന്ന ലാഘവത്ത
ോടെ ഒരിക്കലും ഇത്രയും ഗൌരവമുള്ള കാര്യം കാണരുതായിരുന്നു. സത്യസന്ധനാണന്ന് പൊതുവെ അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ അഴിമതി പരമകോടിയിലെത്തി എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്. എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും അഴിമതി നടക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വസാധാരണമാണെങ്കില്‍ കൂടി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുത് വിരളമാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ശവപ്പെട്ടി കുംഭകോണമാണ് രാജ്യസുരക്ഷാ വിഭാഗങ്ങളിലും കോഴ എന്ന സാംക്രമിക രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടന്ന് ജനങ്ങള്‍ അറിയുത്.
കരസേനയുടെ വ്യോമപ്രതിരോധ വിഭാഗവും കാലാള്‍പ്പടയും ടാങ്ക് വിഭാഗവും ഒക്കെ മോശമായ നിലയിലാണുന്നും, ടാങ്ക് വിഭാഗത്തിനു വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലുന്നും, വ്യോമപ്രതിരോധ വിഭാഗത്തിന്റെ സംവിധാനങ്ങള്‍ പഴഞ്ചനാണുന്നും, കാലാള്‍പ്പടയ്ക്കു രാത്രി പോരാട്ടത്തിനു വേണ്ടത്ര ശേഷിയില്ലുന്നും, പ്രത്യേക സേനാവിഭാഗങ്ങള്‍ക്കു വേണ്ട മികച്ച ഉപകരണങ്ങളില്ലുന്നുമൊക്കെ കാണിച്ച് തന്റെ സ്വന്തം പ്രായം തിരുത്തിക്കിട്ടാന്‍ സുപ്രീം കോടതിവരെ പോയ കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ആന്റണിക്കു നേരെ തൊടുത്തുവിട്ട അമ്പായിരുന്നു എന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, കോഴ വിവാദം അപ്പോഴും ബാക്കി നില്ക്കുകയാണ്.
രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോരുന്നത് അപകടകരമായ പ്രവണതയാണുന്നും ഇതേക്കുറിച്ചു പ്രധാനമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമുന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആയുധ ശേഖരത്തെക്കുറിച്ച് സേനാ തലവന്‍ തന്നെ പ്രസ്താവനകളിറക്കുന്നത് ശത്രുരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്കുന്നതിനു സമാനമാണ്.
ഓരോ പ്രശ്നവും അടുത്തറിയുമ്പോഴും ആലോചിക്കുമ്പോഴും നമുക്കു ബോധ്യമാകുന്നത് മൂല്യച|തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ ഇളകിത്തുടങ്ങി എാണ്. പ്രധാന മന്ത്രിക്ക് കരസേനാ മേധാവി വി.കെ. സിംഗ് അയച്ച കത്തിന്റെ പേരില്‍ സഭയില്‍ ബഹളമുണ്ടാക്കി സഭ നിര്‍ത്തിവെപ്പിച്ച പ്രതിപക്ഷവും ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡുവും ഒരു സത്യം വിസ്മരിച്ചിരിക്കുകയാണ്. 
2001-ല്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പാര്‍ലിമെന്റ് ആക്രമിച്ചപ്പോള്‍ എല്‍.കെ. അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. ഗുജറാത്തിലെ കൂട്ടക്കൊല നടക്കുമ്പോഴും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴുമെല്ലാം അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. എന്നിട്ടെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍്ന്ന് മന്‍മോഹന്‍ സിംഗ് ലോക്സഭയില്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ ചില ബി.ജെ.പി. അംഗങ്ങള്‍ അവര്‍ക്ക് കൈക്കൂലിയായി കിട്ടിയതാണെന്നു പറഞ്ഞ് നോട്ടുകെട്ടുകളുമായി പാര്‍ലിമെന്റില്‍ എത്തി അതിന്റെ പ്രതിഛായ തകര്‍ത്തുകളഞ്ഞ സംഭവം പാടെ വിസ്മരിച്ചു. വോട്ടെടുപ്പില്‍ ന്ി വിട്ടുനില്‍ക്കുതിന് മുന്‍കൂറായി ഓരോ കോടി രൂപ വീതം ലഭിച്ചെന്നു പറഞ്ഞാണ് അവര്‍ അ് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത്.
അശോക് അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഫഗന്‍ സിംഗ് എന്നീ അംഗങ്ങളാണ് വിശ്വാസവോട്ടെടുപ്പിനു 
മണിക്കൂറുകള്‍ക്കു മുന്‍പ് സഭയെ സ്തംബ്ധരാക്കിയത്. ഇവര്‍ക്ക് ഒരാള്‍ പണം കൈമാറുത് ഒരു ചാനല്‍ 
വീഡിയോയില്‍ പകര്‍ത്തുകയും അത് സംപ്രേക്ഷണം ചെയ്യുതിനു പകരം ബി.ജെ.പി.ക്ക് പകര്‍പ്പെടുത്ത് നല്‍കുകയും യഥാര്‍ത്ഥ ടേപ്പ് സ്പീക്കറെ ഏല്പിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ഒരു ചാനല്‍ ഒളിക്യാമറ പ്രവര്‍ത്തനം നടത്തിയത് അ് ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. തികച്ചും അധാര്‍മ്മികമായ ഒരു പ്രവൃത്തിയായിരുന്നു അത്. 
കൈക്കൂലി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ിരിക്കു ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കടന്നുപോകുത്. രാജ്യത്തെ ത ഒറ്റുകൊടുക്കു പ്രവണതയും വര്‍ദ്ധിച്ചു വരുന്നു. അഴിമതിക്കാരേയും കള്ളപ്പണക്കാരേയും വളര്‍ത്തിക്കൊണ്ടുവരുത് രാഷ്ട്രീയക്കാരാണെന്നുള്ളതും മറ്റൊരു സത്യം. കര്‍ശനമായ നിയമ നിര്‍മ്മാണവും കടുത്ത ശിക്ഷയുമാണ് ഇതിനു തടയിടാനുള്ള ഏക പോംവഴി. 

2012 മാർച്ച് 25, ഞായറാഴ്‌ച

മക്കള്‍ രാഷ്ട്രീയവും മത രാഷ്ട്രീയവും രാജ്യത്തിന് ആപത്ത്

''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു.....മനസ്സു പങ്കു വെച്ചൂ..''

1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി യേശുദാസ് പാടിയ ഈ ഗാനത്തിന്റെ ഈരടികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇന്ന് കേരളത്തിന്റെ സ്ഥിതി. 'മനുഷ്യരും മതങ്ങളും പാര്‍ട്ടികളും കൂടിഭരണം പങ്കുവെച്ചൂ...' എന്നുകൂടി ചേര്‍ക്കുമ്പോള്‍ ഗാനം പൂര്‍ത്തിയാകും.

ഓരോ തിരഞ്ഞെടുപ്പിലുംപക്വതയും പ്രാപ്തിയുമുള്ള ജനനേതാക്കളെ ഉത്തരവാദിത്വമുള്ള ജനങ്ങള്‍ ജയിപ്പിച്ചു വിടുമ്പോള്‍ അവരെ ഏത് വകുപ്പ് നല്‍കണം, എവിടെയൊക്കെ അവരോധിക്കണം എന്നു തീരുമാനിക്കുന്നത് മതങ്ങളാണ്, അല്ലെങ്കില്‍ മതമേലദ്ധ്യക്ഷന്മാരാണ്. മതനേതാക്കള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കേരളം കത്തിയെരിയും.

പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മതങ്ങള്‍ തമ്മില്‍ വിലപേശല്‍ തുടങ്ങി. ടി.എം. ജേക്കബ്ബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മകനും വമ്പിച്ച ഭൂരിപക്ഷത്തോടെ ഇലക്ഷനില്‍ ജയിച്ചുവന്ന അനൂപ് ജേക്കബ്ബിന് കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (ജെ) വാശി പിടിക്കുന്നുണ്ടെങ്കിലും അവിടെയും പാര്‍ട്ടിയുടെ താല്പര്യത്തിനുപരി കൃസ്ത്യന്‍ സഭയുടേയും താല്പര്യമാണ് പ്രതിഫലിക്കുന്നത്. ഒരു സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താനും താഴെയിറക്കാനും മതനേതാക്കള്‍ വിചാരിച്ചാല്‍ നടക്കുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തില്‍.

വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച ടി.എം. ജേക്കബ്ബിന്റെ തട്ടകത്തിലാണ് അനൂപ് ജേക്കബ്ബ് 12,070 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്നത്. പക്ഷേ, വകുപ്പു കാര്യം വന്നപ്പോള്‍ അവിടെ മുസ്ലീം ലീഗ് കയറി ഇടപെട്ടു. അവര്‍ ആഗ്രഹിച്ച അത്രയും മന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും കിട്ടി. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ ഹിന്ദു സമുദായ സംഘടനകളും അവരവരുടെ വാദമുഖങ്ങളുമായി ഒരു വശത്തുമുണ്ട്. 

ഒരു മതേതര രാഷ്ട്രമായ ഭാരതത്തില്‍ മക്കള്‍ രാഷ്ട്രീയവും, ഗുണ്ടാ രാഷ്ട്രീയവും അരങ്ങു തകര്‍ക്കുമ്പോള്‍ മതരാഷ്ട്രീയവും അവരോടു ചേര്‍ന്ന്രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ശരിയായ പ്രവണതയല്ല. മതങ്ങള്‍ വകുപ്പു വിഭജിച്ച് അവര്‍ക്കിഷ്ടമുള്ള മന്ത്രിമാരെ അവരോധിക്കാനാണെങ്കില്‍ കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ക്ക് എന്തു പ്രസക്തി? ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം സമുദായങ്ങള്‍ അവരവരുടെ മതങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അവരവരുടെ ഇംഗിതത്തിന് നാടു ഭരിച്ചാല്‍ പോരെ. ഒരു മതങ്ങളിലും വിശ്വസിക്കാത്തവര്‍ അവരുടേതായ പ്രതിനിധികളേയും തിരഞ്ഞെടുക്കട്ടേ. 

ഒരു ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേക്കും കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിലപേശലുകളും ഭ്രാന്തന്‍ കൊട്ടിക്കലാശങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും ഓര്‍മ്മ വരുന്നത് ''കേരളം ഒരു ഭ്രാന്താലയം'' എന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനമാണ്. കേരളത്തിലെ സവര്‍ണ്ണ മേധാവിത്വവും ജാതി-മത വ്യവസ്ഥയും കൊടികുത്തി വാഴുന്നതു കണ്ടാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞതെങ്കില്‍ അതേ സംഭവവികാസങ്ങളാണ് നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴുംനടന്നുകൊണ്ടിരിക്കുന്നത്. 

അധികാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളിലാക്കി വില പേശുന്നു. എന്നിട്ടും വഴങ്ങാത്തവരെമതമേലദ്ധ്യക്ഷന്മാരുടെ പിന്‍ബലം കൊണ്ട്ബലിയാടുകളാക്കുന്നു. ഒരു മതത്തെ തകര്‍ക്കുവാനും അവരുടെ വിശ്വാസങ്ങളിലും മതമൂല്ല്യങ്ങളിലും വിഷം കലര്‍ത്തി ഭിന്നതയുണ്ടാക്കാനും അവരെ തമ്മിലടിപ്പിക്കാനും ഇതര മതസ്ഥരെ ഉപയോഗിക്കുന്നു. അതിന്റെ പരിണിതഫലമോ മതസഹിഷ്ണുതയോടെ, പരസ്പരസ്‌നേഹത്തോടെ വിശ്വാസത്തോടെ വസിച്ചിരുന്ന ജനസമൂഹം ഇന്ന് അവരവരുടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍തല്ലുന്നു.

കേരള രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വൃദ്ധരും വയോവൃദ്ധരും തങ്ങളുടെ കാലശേഷം തങ്ങളുടെ മക്കള്‍ നാടു ഭരിച്ചാല്‍ മതി എന്നു നിര്‍വചിക്കുന്നപ്രവണതയും, ജാതി-മത നേതാക്കള്‍ പറയുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തീര്‍ച്ച. അര്‍ഹതയുള്ളവര്‍ അധികാരസ്ഥാനങ്ങളിലെത്തുന്നതിന് ഈ പ്രവണത വിലങ്ങുതടിയാകുകയും ചെയ്യും. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബരാഷ്ട്രീയവും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.