2017 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

വിരിയട്ടേ സൗഹൃദപ്പൂക്കള്‍

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം ഒരു ചരിത്ര നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. ഒരു വിദേശ രാഷ്ട്രത്തലവനെന്നതിലുപരി അദ്ദേഹത്തിന്റെ വരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കു നല്‍കുന്ന സ്നേഹവും കരുതലുമാണ് മലയാളികള്‍ അദ്ദേഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പല മതങ്ങളിലും ജാതിയിലും രാഷ്ട്രീയത്തിലും ഭിന്ന സംസ്കാരങ്ങളിലും വളര്‍ന്ന മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജീവനോപാധി നല്‍കുന്ന ഒരു രാജ്യത്തിന്‍റെ സാരഥി എന്ന നിലയിലാണ് കേരളീയര്‍ ഷാര്‍ജ ഭരണാധികാരിയെ കാണുന്നതും ആദരിക്കുന്നതും.

ഏഴ് എമിറേറ്റുകളായി ഭിന്നിച്ചു നിന്ന ഒരു ഭൂപ്രദേശം, നാല്‍പ്പത്താറു വര്‍ഷം മുന്‍പാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ ഐക്യപ്പെട്ടത്. അതിലെ ശക്തമായ സാന്നിധ്യമാണ് ഷാര്‍ജ. യുഎഇ എന്ന രാജ്യത്തിന്‍റെ സാസ്കാരിക തലസ്ഥാനം. യുഎഇയിലെ പുരാതനവും വൈവിധ്യമാര്‍ന്നതുമായ എമിറേറ്റാണത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഈ മേഖലയുമായി കേരളത്തിനു വാണിജ്യ ബന്ധങ്ങളുണ്ട്. ഐക്യ യുഎഇ രൂപപ്പെട്ടശേഷം, ആ രാജ്യത്തിന്‍റെ ഇന്നു കാണുന്ന പ്രൗഢിയുടെയും സമൃദ്ധിയുടെയും പിന്നില്‍ ലക്ഷക്കണക്കിനു മലയാളികളുടെ വിയര്‍പ്പുണ്ട്. മണലാരണ്യത്തില്‍ നിന്ന് ഇന്നത്തെ യുഎഇയെ പടുത്തുയര്‍ത്തിയതിന്‍റെ പ്രതിഫലമാണ് ഓരോ വര്‍ഷവും അവിടെനിന്ന് മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന ഏതാണ്ട് ഒരു ലക്ഷത്തോളം കോടി രൂപ.

എന്നാല്‍, ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നു എന്ന ആശങ്കയിലാണ് മലയാളികള്‍. പ്രാദേശിക തൊഴില്‍വാദവും താരതമ്യേന കുറഞ്ഞ വേതനവും, കുറയുന്ന തൊഴിലവസരങ്ങളും സാമ്പത്തിക മാന്ദ്യവുമൊക്കെ ചേര്‍ന്ന് പഴയ പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗള്‍ഫ് മലയാളികള്‍. അവര്‍ക്കും ഷാര്‍ജയിലെ തദ്ദേശവാസികള്‍ക്കും വളരെക്കൂടുതല്‍ പ്രയോജനം ചെയ്തേക്കാവുന്ന നിരവധി പദ്ധതികളും നിര്‍ദേശങ്ങളുമാണ് കേരളത്തിലെത്തിയ അല്‍ ഖാസിമിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം മുന്നോട്ടു വച്ചത്.

യുഎഇയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നതു ഷാര്‍ജയിലാണ്. മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ഏറെ ദൂരം സഞ്ചരിച്ച് ഷാര്‍ജയിലെത്തി രാത്രി തങ്ങുന്നതു സുരക്ഷിതത്വം മാത്രം നോക്കിയല്ല. താരതമ്യേന കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ലഭിക്കുമെന്നതാണു മുഖ്യകാരണം. ഈ സാധ്യത മുന്‍നിര്‍ത്തി, ഷാര്‍ജയില്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ ഷാര്‍ജ ഫാമിലി സിറ്റി എന്ന പേരില്‍ വലിയ പാര്‍പ്പിട സമുച്ചയമാണു കേരളം മുന്നോട്ടു വയ്ക്കുന്ന വലിയ പദ്ധതി. പത്ത് ഏക്കര്‍ സ്ഥലത്ത് ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്മെന്‍റുകളും കേരളം വിഭാവന ചെയ്യുന്നു. ഇതു സാധ്യമായാല്‍, ഡോര്‍മെട്രികളിലും സുരക്ഷിതമല്ലാത്ത വെളിസ്ഥലങ്ങളിലുമൊക്കെ അന്തിയുറങ്ങുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു പ്രയോജനം ചെയ്യും.

ചികിത്സച്ചെലവാണ് ഗള്‍ഫില്‍ താങ്ങാന്‍ കഴിയാത്ത മറ്റൊരിനം. അല്‍പ്പവരുമാനക്കാരായ മലയാളികള്‍ ചെറിയ രോഗങ്ങള്‍ക്കു പോലും നാട്ടിലേക്കു വരേണ്ട അവസ്ഥയുണ്ട്. ഷാര്‍ജ ഫാമിലി സിറ്റി ആസ്ഥാനമായി മികച്ച ആശുപത്രികള്‍ സ്ഥാപിച്ച് കേരളത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്റ്റര്‍മാരെയും ജീവനക്കാരെയും എത്തിച്ചു കുറഞ്ഞ ചെലവില്‍ ചികിത്സ സാധ്യമാക്കുന്ന പദ്ധതിയും ഷാര്‍ജ ഭരണാധികാരിക്കു മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ത്തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളെജുകളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാനും ആലോചിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്‍റെയും ഷാര്‍ജയുടെയും സംയുക്ത സംരംഭമായി വേറെയും ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഷാര്‍ജ ഭരണാധികാരിയുടെ അനുവാദവും പ്രവാസി മലയാളികളുടെ സഹകരണവും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയുമുണ്ടെങ്കില്‍, ഗള്‍ഫ് സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെല്ലാം വലിയ അളവില്‍ അതിജീവിക്കാന്‍ കഴിയും. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം അതിനുള്ള ഉത്പ്രേരകമാവട്ടെ എന്ന് ആശിക്കാം.

2017 സെപ്റ്റംബർ 25, തിങ്കളാഴ്‌ച

വടി കൊടുത്ത് അടി വാങ്ങി നാണം കെടുന്ന പാക്കിസ്ഥാന്‍

ഇന്ത്യക്കെതിരേ അടിക്കാന്‍ കിട്ടുന്ന ഒരു വടിയും പാക്കിസ്ഥാന്‍ പാഴാക്കാറില്ല. പക്ഷേ, അവര്‍ വെട്ടുന്ന വടിയുടെ അടി വാങ്ങുന്നതും അവര്‍ തന്നെ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധി മലീഹ ലോധിക്കു പറ്റിയ വിഡ്ഢിത്തം.

കശ്മീരിലെ മുസ്‌ലിംകള്‍ ഇന്ത്യന്‍ സേനയുടെ പീഡനത്തിനും ആക്രമണത്തിനും ഇരയാകുന്നു എന്നായിരുന്നു ലോധിയുടെ പ്രധാന ആരോപണം. ഇന്ത്യക്കെതിരേ മാത്രമല്ല, ലോകത്തിനു മൊത്തത്തില്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളെ വളര്‍ത്തുന്ന ഭീകരസ്ഥാനാണു പാക്കിസ്ഥാന്‍ എന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു, പാക് നയതന്ത്ര പ്രതിനിധി. തന്‍റെ ആരോപണത്തിനു മൂര്‍ച്ച കൂട്ടാന്‍ കശ്മീരില്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തില്‍ മുഖം തകര്‍ന്ന ഒരു യുവതിയുടെ ചിത്രവും അവര്‍ ഉയര്‍ത്തിക്കാട്ടി.

കശ്മീരിലെ നിരപരാധികളായ മുസ്‌ലിംകളെ ഇന്ത്യന്‍ സേന വേട്ടയാടുകയാണെന്നും ഇന്ത്യയുടെ നടപടി അപലപിക്കണമെന്നുമായിരുന്നു ലോധിയുടെ ആവശ്യം. എന്നാല്‍, ഇന്ത്യക്കെതിരേ അവര്‍ ആയുധമാക്കിയ ചിത്രം, 2014ല്‍ ഗാസയില്‍ ഭീകരര്‍ വര്‍ഷിച്ച ഷെല്ലു പതിച്ചു മുഖം നഷ്ടപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. ഇന്ത്യക്കെതിരേ ലോധി ഉയര്‍ത്തിക്കാണിച്ച ഈ ചിത്രം ഇപ്പോള്‍ ആഗോള മാധ്യമങ്ങള്‍ പാക്കിസ്ഥാന്‍റെ കള്ളത്തരങ്ങള്‍ക്കുള്ള തെളിവായി ആഘോഷിക്കുകയാണ്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഈ സംസ്ഥാനത്തെ ജനങ്ങളാണ്. പാക്കിസ്ഥാനില്‍ നിന്നടക്കം വലിയ തോതില്‍ ഭീഷണി ഉയര്‍ന്നിട്ടും കശ്മീര്‍ നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും ചിട്ടയോടെ ക്യൂ പാലിച്ചു നിന്നാണ് കശ്മീരികള്‍ വോട്ട് രേഖപ്പെടുത്തുന്നത്. പാക്കിസ്ഥാനിലെപ്പോലെ പട്ടാളഭരണകൂടങ്ങളല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കു കീഴിലാണു കശ്മീരികള്‍ ജീവിക്കുന്നത്.

ആഗോളതലത്തില്‍ത്തന്നെ ഭീഷണിയായ ഭീകരര്‍ക്ക് ആളും അര്‍ഥവും നല്‍കി, കശ്മീരിലേക്കു കടത്തിവിട്ട് ജനജീവിതം അട്ടിമറിക്കുന്ന പാക്കിസ്ഥാന്‍റെ ചെയ്തികളെ ബാലറ്റിലൂടെയാണു കശ്മീരികള്‍ ചെറുക്കുന്നത്. അവരുടെ മധ്യസ്ഥത ചമഞ്ഞ് ഇന്ത്യയുടെ സമാധാനം കെടുത്തുന്ന പാക്കിസ്ഥാന്‍റെ യഥാര്‍ഥ ചിത്രമാണ് സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടിയത്. അതിനു മറുപടി പറയാന്‍ വ്യാജ ചിത്രവുമായി വന്ന പാക് പ്രതിനിധി സ്വയം നാണം കെടുകയായിരുന്നു.

പാക്കിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കു വളം വയ്ക്കുകയാണെന്ന വാദം ഇന്ത്യയുടേതു മാത്രമല്ല. പാക്കിസ്ഥാനു സൈനിക സഹായം വരെ നല്‍കിയിരുന്ന യുഎസ് അടക്കം സുഹൃത്തുക്കള്‍ എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന് ലോധി ആലോചിക്കണം. ഒട്ടും സുരക്ഷിതമല്ലാത്ത കൈകളിലാണ് പാക്കിസ്ഥാന്‍റെ ആണവ പരീക്ഷണം എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് അഭയമൊരുക്കുന്നു എന്നും പാക്കിസ്ഥാനു നല്‍കിവരുന്ന എല്ലാ സഹായങ്ങളും റദ്ദാക്കുന്നു എന്നും പറഞ്ഞത് ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും.

പാക്കിസ്ഥാന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കുന്നതു ചൈന മാത്രമാണ്. അതും ചൈനയുടെ താത്കാലികാവശ്യങ്ങള്‍ക്കു വേണ്ടി. അതെല്ലാം മറന്ന് അന്ധമായ ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ഇനിയും പാക്കിസ്ഥാന്‍ മുന്നോട്ടുവന്നാല്‍ സ്വയം നാണംകെടുകയേ ഉള്ളൂ. അതാണിപ്പോള്‍ യുഎന്നില്‍ കണ്ടതും.

2017 സെപ്റ്റംബർ 20, ബുധനാഴ്‌ച

പി.സി. ജോര്‍ജിന്റെ വിടുവായത്തരം അവസാനിപ്പിക്കണം

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. ഔദ്യോഗിക സന്ദര്‍ശനമല്ല, തികച്ചും വ്യക്തിപരവും നാട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ സന്ദര്‍ശിക്കാനായിരിക്കും അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ നാശം വിതച്ച ഹാര്‍‌വി ചുഴലിക്കാറ്റ് അവസാനിക്കാറായപ്പോഴാണ് അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം എന്നത് തികച്ചും യാദൃശ്ചികമാകാം. ഫ്ലോറിഡയിലെ ഇര്‍മ ചുഴലിക്കാറ്റും അദ്ദേഹത്തിന്റെ വരവോടെ ആരംഭിക്കുകയും ചെയ്തു.

കേരളത്തിലായിരുന്നപ്പോള്‍ ദിലീപ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാട് മാധ്യമങ്ങളില്‍കൂടി നാം നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ എന്തുകൊണ്ടാണ് പി.സി. ജോര്‍ജ് സം‌യമനം പാലിക്കാത്തതെന്ന് എന്നെപ്പോലെ പലരും ചിന്തിച്ചിട്ടുണ്ടാകാം. പിന്നെ കേരളമല്ലേ, അവിടത്തെ സാഹചര്യമായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിക്കുന്നത് എന്നൊക്കെ ചിന്തിച്ച് സ്വയം സമാധാനിച്ചു. പക്ഷെ അമേരിക്കയില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ ആ നിലപാടില്‍ യാതൊരു മാറ്റവും കാണാതിരുന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇത് അഹങ്കാരമോ ധാര്‍ഷ്ട്യമോ ആണ്.

അമേരിക്കയില്‍ നടത്തിയ പത്രസമ്മേളനങ്ങളിലും ആമുഖങ്ങളിലുമൊക്കെ പി.സി. ജോര്‍ജ് കേരള പോലീസിനേയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിക്കുകയായിരുന്നു. ദിലീപിനാല്‍ ആക്രമിക്കപ്പെട്ട നടിയെ നിശിതമായി വിമര്‍ശിക്കുകയും ദിലീപിനെ പുണ്യവാളനായി ചിത്രീകരിക്കാനും പി.സി. ജോര്‍ജ് കാണിക്കുന്ന വ്യഗ്രത എന്തുകൊണ്ടാണെന്ന് ഇന്നുവരെ ആരും ചോദിച്ചിട്ടുമില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല. അമേരിക്കയിലെ പത്രപ്രവര്‍ത്തകരാകട്ടേ പി.സി. ജോര്‍ജ് പറയുന്നത് വായും പൊളിച്ചിരുന്ന് കേട്ട് അത് പത്രങ്ങളില്‍ ഛര്‍ദ്ദിച്ചു വെച്ചു.

കേരളത്തില്‍ വെച്ച് പി.സി. ജോര്‍ജ്ജ് നിരന്തരം പറഞ്ഞിരുന്നത് നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞുവെന്നാണ്. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്, സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നൊക്കെയാണ് ജോര്‍ജിന്റെ ചോദ്യം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിര് ലംഘിച്ചപ്പോഴാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതോടെ ജോര്‍ജിന്റെ ആവേശം ആളിക്കത്തുകയും നിലപാട് കടുപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. പക്ഷെ വനിതാ കമ്മീഷനേയും അധിക്ഷേപിക്കാനാണ് ജോര്‍ജ് തുനിഞ്ഞത്.

യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നതെന്നും, പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടതെന്നും, തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ജോര്‍ജ് പിന്നീട് പറഞ്ഞത്. "നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് പരാതി നല്‍കുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. ഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍‌കുട്ടിയെ പീഡിപ്പിച്ചതിനേക്കാള്‍ അതിക്രൂരമായാണ് നടിയെ പീഡിപ്പിച്ചതെങ്കില്‍ പിന്നെ എങ്ങനെ അവര്‍ പിറ്റേ ദിവസം അഭിനയിക്കാന്‍ പോയി. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതി" എന്ന ജോര്‍ജിന്റെ പ്രസ്താവന കേട്ടാല്‍ ജോര്‍ജിന് മാനസികമായി എന്തോ തകരാറുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. നിര്‍ഭയയെക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. അത് ജോര്‍ജിന്റെ ഭാവനാ സൃഷ്ടിയാണ്. തന്നെയുമല്ല, ഇന്നുവരെ ഈ നടിയെ ജോര്‍ജ് സന്ദര്‍ശിക്കുകയോ ആശ്വാസവാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല. നടിയെ അറിയില്ല, കേട്ടിട്ടില്ല എന്നൊക്കെ പറയുന്നത് ഒരുതരം സാഡിസമാണ്.

നടിക്കെതിരെ ജോര്‍ജ് നടത്തുന്ന നിരന്തരമായ പരാമര്‍ശങ്ങള്‍ സ്പീക്കറുടെ രൂക്ഷ വിമര്‍ശനത്തിനിടയായതാണ്. "വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പലാണ് പിസി ജോര്‍ജ് ഇപ്പോള്‍ ചെയ്യുന്നതെന്നും, മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട് ആരും അത് മറക്കരുത്' എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

ഏതൊരു പൗരനെയും പോലെ പി.സി. ജോര്‍ജിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അദ്ദേഹം ഒരു ജനപ്രതിനിധിയായ നിലക്ക് നിയന്ത്രണങ്ങളുമുണ്ട്. പോലീസിനേയും, നീതിന്യായ കോടതിയേയും, ഭരണവ്യവസ്ഥയേയും വെല്ലുവിളിക്കുന്നവര്‍ ജനപ്രതിനിധിയല്ല. പൂഞ്ഞാറിലെ 90 ശതമാനം സ്ത്രീകളും ജോര്‍ജിനാണ് വോട്ടു ചെയ്തതെന്ന പ്രസ്താവന അമേരിക്കയിലെ ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നടത്തിയിരുന്നു. പൂഞ്ഞാറില്‍ നിന്ന് വോട്ടു നേടി വിജയിച്ചെങ്കിലും അദ്ദേഹം കേരളത്തിലെ മൊത്തം ജനങ്ങളുടെ പ്രതിനിധിയാണെന്ന ബോധമില്ലാതെയാണോ ഈ വെളിപ്പെടുത്തല്‍? അമേരിക്കയിലിരുന്ന് പിണറായി വിജയന് ദിലീപിന്റെ വിഷയത്തില്‍ പരാതിയയച്ചു എന്നൊക്കെ ഒരു ഇന്റര്‍‌വ്യൂവില്‍ പറഞ്ഞതായി കേട്ടു. എന്നാല്‍, അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ തിരിച്ചൊരു ചോദ്യം ചോദിക്കാനോ, ജോര്‍ജിനെ പറഞ്ഞു മനസ്സിലാക്കാനോ ശ്രമിച്ചതായി കണ്ടില്ല. ഓണാഘോഷവും, സ്വീകരണച്ചടങ്ങുകളും പൊന്നാടയണിയിക്കലും, അവാര്‍ഡ് ദാനവുമൊക്കെയായി സംഘടനകള്‍ ജോര്‍ജിനെ പൊക്കിക്കൊണ്ടു നടന്നു.

ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജോര്‍ജിന്റെ കൈയ്യിലുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നതല്ലാതെ എന്ത് തെളിവുകളാണ് കൈയ്യിലുള്ളതെന്ന് പറയുന്നില്ല. തന്നെയുമല്ല, അങ്ങനെ തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അവ കോടതിയില്‍ ഹാജരാക്കി ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നില്ല? 'ഞാനൊരു ഒറ്റയാനാണെന്ന്' എല്ലാവരേയും ബോധ്യപ്പെടുത്താനാണോ അതോ 'എന്നെത്തൊട്ടാല്‍ വിവരമറിയും' എന്നറിയിക്കാനാണോ ഈ നമ്പറുകളിറക്കുന്നതെന്ന് സംശയമുണ്ട്. ഇത്തരം സ്വഭാവ വൈകൃതമുള്ളവര്‍ ജനപ്രതിനിധികളാകുമ്പോഴാണ് കേരളത്തില്‍ ഗുണ്ടായിസവും അക്രമവും സ്ത്രീകള്‍ക്കു നേരെയുള്ള ആഭാസത്തരങ്ങളും വര്‍ദ്ധിക്കുന്നത്. കാരണം ആര് എന്ത് ക്രൂരത കാണിച്ചാലും പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികള്‍ അവരുടെ രക്ഷകരാകുമല്ലോ.

ദിലീപിന് എന്തുകൊണ്ടാണ് നാലാം തവണയും ജാമ്യം നിഷേധിക്കുന്നതെന്ന് ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ആദ്യത്തേയോ രണ്ടാമത്തേയോ പ്രാവശ്യം ജാമ്യം കിട്ടിയേനെ എന്നൊക്കെ സമൂഹത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സഹതാപ വാക്കുകളെ കുരുക്കിട്ട് പിടിച്ചുകെട്ടിയിരിക്കുകയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി.  പി.സി. ജോര്‍ജിനെപ്പോലെയോ സാധാരണ ജനങ്ങളെപ്പോലെയുള്ളവരോ അല്ലല്ലോ അന്വേഷണ സംഘവും മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ. ദിലീപിനെ ജയിലില്‍ തന്നെ പൂട്ടിയിടണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധവുമില്ല. ശക്തമായ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയെ അന്വേഷണ സംഘം ഏല്പിച്ചു കഴിഞ്ഞു. സാധാരണ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതിനു പകരം അടച്ചിട്ട കോടതിയിലാണ് ഈ കേസ് കേള്‍ക്കുന്നത്. അതിന്റെ കാരണം പലതാണ്. ഇതെല്ലാം അറിയാത്ത വ്യക്തിയാണ് പി.സി. ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ തക്കതായ കുറ്റം തന്നെയാണ് ദിലീപിനെതിരെയുള്ളതെന്ന്‌ കോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാലാം തവണയും ജാമ്യാപേക്ഷ തള്ളിയത്. അപ്പോള്‍ പി.സി. ജോര്‍ജിനെപ്പോലെയുള്ളവര്‍ കോടതിയുടെ ഉത്തരവിനെ മാനിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്ന പ്രസ്താവനകളിറക്കുകയല്ല വേണ്ടത്. തന്നെയുമല്ല, കൈയ്യിലുള്ള തെളിവുകള്‍ ജോര്‍ജ് കോടതിയില്‍ ഹാജരാക്കി ദിലീപിന് നീതി ലഭ്യമാക്കണം. അതല്ലാതെ ആള് കളിയ്ക്കാന്‍ വിടുവായത്തം പറയുകയല്ല.

ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ പക്കല്‍ മതിയായ തെളിവില്ലെന്ന വാദവും ഇവിടെ അപ്രസക്തമാണ്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികളടക്കമുള്ളവര്‍ പറയുമ്പോള്‍ കേസ് ഡയറി വായിച്ച കോടതികള്‍ പ്രോസിക്യൂഷന്റെ തെളിവുകള്‍ നിസ്സാരമല്ലെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ദിലീപ് ഒരു സെലിബ്രിറ്റിയാണ്, ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെയെന്നും സഹതാപ തരംഗം ഒഴുക്കുന്നവര്‍ വാദിക്കുന്നു. ദിലീപ് ഒരു സെലിബ്രിറ്റിയാണെന്നത് തന്നെയാണ് പ്രശ്‌നം. ജയിലില്‍ കഴിയുമ്പോള്‍ തന്നെ അദ്ദേഹത്തിന് ആളുകളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായി സഹതാപ തരംഗം ഒഴുക്കാനും കഴിയുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി കണക്കാക്കേണ്ടതാണ്. ഈ കേസില്‍ ആക്രമിക്കപ്പെട്ട വ്യക്തിയും കുറ്റം നടപ്പാക്കിയ ആളുകളും അതിന് ഗൂഢാലോചന നടത്തിയവരും സാക്ഷികളും എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ദിലീപിനെ കാണുവാനായി ജയിലില്‍ വന്നും പോയുമിരിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം സഹതാപതരംഗത്തില്‍ പങ്കുചേരുന്നു. ഇത്രമാത്രം സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കി. തുടരെത്തുടരെയുള്ള ജാമ്യാപേക്ഷകള്‍ തള്ളി കീഴ്‌ക്കോടതികളും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. ജാമ്യാപേക്ഷ തള്ളിയതുകൊണ്ട് കുറ്റാരോപിതന് നീതി നിഷേധിക്കപ്പെടുന്നുവെന്ന വാദം ശരിയല്ല.

പി.സി. ജോര്‍ജ് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി മാത്രമല്ല എത്തിക്സ് കമ്മീഷന്‍ അംഗവുമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എത്തിക്സ് കമ്മീഷന്‍ അഥവാ ധാര്‍മ്മിക ന്യായസഭയിലെ അംഗമെന്ന നിലയ്ക്ക് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ജോര്‍ജ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള വ്യക്തികളെ ഈ കമ്മീഷനില്‍ വെച്ചുകൊണ്ടിരിക്കുന്നതും ധാര്‍മ്മികമല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്ക്

തോക്കിന്‍‌മുനയുടെ ഭീഷണികള്‍ നേരിട്ട് മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്കുള്ള ആ പലായനം. ഒന്നും രണ്ടുമല്ല; ഒരു വര്‍ഷം, ആറു മാസം, എട്ടു ദിവസങ്ങള്‍. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ കത്തോലിക്കാ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ ജീവിതത്തിലെ പ്രക്ഷുബ്ധമായ ഈ ഒരേട് ആരിലും നടുക്കം ജനിപ്പിക്കും. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം രാപകലുകളല്ലാതെ തനിക്കു ചുറ്റും സംഭവിച്ചതൊന്നും അദ്ദേഹം അറിഞ്ഞില്ല. യെമനിലെ ഭീകര താവളത്തില്‍ ബന്ദിയാക്കി, ജീവനു വില നിശ്ചയിക്കപ്പെട്ട ഇരയാണെന്നു മാത്രം അദ്ദേഹം മനസിലാക്കി. ജീവന്‍ തിരികെ തരണമെന്നു സാധ്യമായ എല്ലാ സമയത്തും എല്ലാവരോടും അഭ്യര്‍ഥിച്ചു. അതിനായി അകമഴിഞ്ഞു പ്രാര്‍ഥിച്ചു. അദ്ദേഹത്തോടൊപ്പം ഇന്ത്യ ഒന്നടങ്കമുണ്ടായിരുന്നു. കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മതാചാര്യന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍… പിന്നെ അദ്ദേഹത്തെ മിഷനറി ദൗത്യം ഏല്‍പ്പിച്ചു കൊടുത്ത കത്തോലിക്കാ സഭാ നേതൃത്വവും. എല്ലാവരുടെയും ഒറ്റയ്ക്കും കൂട്ടായുമുള്ള അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം. അതിനുവേണ്ടി പരിശ്രമിച്ച എല്ലാവരും കൃതജ്ഞതയും ആദരവും അര്‍ഹിക്കുന്നു. പ്രത്യേകിച്ച് വൈദികന്‍റെ മോചനത്തിനു മധ്യസ്ഥ ശ്രമം നടത്തിയ ഒമാന്‍ ഭരണകൂടവും സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയീദ് അല്‍ സയീദും.

ഫാ. ടോമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങളും പ്രചരിക്കുന്നുണ്ട്. ഒന്ന്: മോചന ദ്രവ്യമായി ഭീകരര്‍ക്ക് വന്‍തുക നല്‍കേണ്ടി വന്നു. രണ്ട്: മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല, വത്തിക്കാന്‍റെ ഇടപെടലാണ്. യെമനില്‍ വൈദികനെ തട്ടിയെടുത്ത ഭീകര സംഘത്തിന് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കിയെന്ന വാര്‍ത്ത ഇന്ത്യ തുടക്കത്തിലേ നിഷേധിച്ചു. ഈ ഇനത്തില്‍ പണമൊന്നും നല്‍കിയിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് വാർത്താസമ്മേളനം വിളിച്ചു രാജ്യത്തെ അറിയിച്ചു. വത്തിക്കാന്‍റെ അഭ്യര്‍ഥന മാനിച്ചാണ് വൈദികന്‍റെ മോചനത്തിന് ഇടപെട്ടതെന്ന് ഒമാന്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടുണ്ട്. സഭ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ പോയ വൈദികന്‍റെ മോചനത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് ഇതു സംബന്ധിച്ച വത്തിക്കാന്‍റെ പ്രതികരണം. വൈദികന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഏതു സാഹചര്യത്തിലും വിദേശത്ത് അപകടത്തില്‍പ്പെടുന്ന ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ പഴുതും ഉപയോഗിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ മികവ് സുവദിതമാണ്. പ്രത്യേകിച്ചും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഓഫിസ്.

2014-ല്‍ ഇറാഖില്‍ അകപ്പെട്ടുപോയ 46 മലയാളി നഴ്സുമാരുടെ മോചനം മാത്രം മതി, ഈ കാര്യക്ഷമതയ്ക്കു മാറ്റു കൂട്ടാന്‍. ഐഎസ് ഭീകരരുടെ പിടിയില്‍പ്പെട്ടുപോയ ഇവരുടെ ജീവനെക്കാള്‍ വില നിശ്ചയിക്കപ്പെട്ടത് അവരുടെ അഭിമാനത്തിനായിരുന്നു. പിടിയിലായ നഴ്സുമാരെ മാംസക്കച്ചവടത്തിനു വിട്ടുകൊടുക്കാനുള്ള തീവ്രവാദികളുടെ നീക്കത്തിനു തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ചില വിദേശ രാജ്യങ്ങളും അന്ന് ഇന്ത്യയുടെ നീക്കങ്ങളെ പ്രശംസിച്ചു. ഇറാഖില്‍ ഇന്ത്യയ്ക്കു സ്വാധീനിക്കാന്‍ കഴിയുന്ന ഭരണകൂടവും ബാഗ്ദാദില്‍ ഇന്ത്യയുടെ നയതന്ത്ര കാര്യാലയവുമുണ്ടായതുകൊണ്ടാണ് അതു സാധ്യമായത്.എന്നാല്‍ ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ട യെമനിലെ സ്ഥിതി അതല്ല. അവിടെ പരമാധികാരമുള്ള ഒരു ഭരണകൂടമില്ല. വിവിധ തീവ്രവാദ വിഭാഗങ്ങള്‍ പല ഭാഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കയാണ്. വടക്കു പടിഞ്ഞാറ് ഹൗതി ഷിയാ വിമതർ, തെക്ക് വിഘടന വാദികളായ ഗോത്ര വര്‍ഗക്കാര്‍, കിഴക്ക് ഐഎസ് ആഭിമുഖ്യമുള്ള തീവ്ര മുസ്‌ലിം വിഭാഗക്കാര്‍. ഇവരില്‍ അവസാനത്തെ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു ഫാ. ഉഴുന്നാലില്‍. ഇക്കൂട്ടര്‍ക്കു മേല്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ല.

അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നത് ഒമാനിലെ സുല്‍ത്താനേറ്റിനു മാത്രമാണ്. ഫാ. ഉഴുന്നാലില്‍ പിടിയിലാകുന്നതിനു മുന്‍പ് ഒരു ഓസ്ട്രേലിയന്‍ കായിക പരിശീലകനെ ഭീകരര്‍ റാഞ്ചി. ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ഒമാന്‍ ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിച്ചു. ഈ മുന്‍വിധിയാകാം, ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനും ഒമാന്‍ സുല്‍ത്താനേറ്റിന്‍റെ സഹായം തേടാന്‍ എല്ലാവരെയും പ്രേരിപ്പിച്ചത്. അദ്ദേഹം അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാര്‍ ജോസഫ് ചിന്നയ്യ തുടങ്ങിയവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി നിരന്തരം സമ്പര്‍ക്കപ്പെട്ടു. ഒപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായവും തേടി.

ഒന്നിലേറെത്തവണ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വന്നു. നിരവധി തവണ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വിദേശ ഇടപെടലുകള്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. ഒരു വ്യക്തിയുടെ മോചനത്തിനുവേണ്ടി ഇത്ര ശക്തമായ സമ്മര്‍ദം പാര്‍ലമെന്‍റിലോ പുറത്തോ നയതന്ത്രതലത്തില്‍ അപൂര്‍വമാണ്. എന്നിട്ടും ഫാ. ഉഴുന്നാലിലിന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്നു വാദിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

ലോകത്തിന്‍റെ ഏതു കോണിലുമുള്ള ഏത് ഇന്ത്യന്‍ പൗരനും സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തേണ്ട പ്രതിബദ്ധത ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ട്. ഫാ. ഉഴുന്നാലിലിന്‍റെ കാര്യത്തിലും അത് അങ്ങനെ തന്നെ. അദ്ദേഹത്തെ സുരക്ഷിതനായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതില്‍ വത്തിക്കാന്‍റെ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രാര്‍ഥനാ ശുശ്രൂഷകളടക്കം, സാധ്യമായ എല്ലാ പരിശ്രമങ്ങളും സഭാ സമൂഹത്തില്‍ നിന്നുണ്ടായത് വൈദികനു കൂടുതല്‍ കരുത്തു പകര്‍ന്നേക്കാം. ഏതായാലും വത്തിക്കാനില്‍ സുരക്ഷിതനായി കഴിയുന്ന അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു കാത്തിരിക്കാം. വിവാദങ്ങളില്ലാതെ, പ്രാര്‍ഥനയും ആശ്വാസവും പകരുന്ന പ്രശാന്തിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം.

2017 ഓഗസ്റ്റ് 26, ശനിയാഴ്‌ച

പൗരസ്വാതന്ത്ര്യം കീറിമുറിക്കുന്ന ഡിജിറ്റല്‍ യുഗത്തിന്റെ അന്ത്യം

അന്തസോടെ ജീവിക്കാനുള്ള പൗരന്‍റെ മൗലികാവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി അവകാശങ്ങളെക്കുറിച്ചു സന്ദേഹം ജനിപ്പിക്കുന്ന ചുറ്റുപാടുകളില്‍ ജനങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതാണ്. ജീവിതസ്വാതന്ത്ര്യത്തിന്‍റെ അവിഭാജ്യ ഘടകമായി സ്വകാര്യതയെ നിര്‍വചിക്കുക വഴി പൗരന്‍റെ ആ മൗലികാവകാശം സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും 547 പേജുള്ള വിധിന്യായത്തിലെ ആറു പ്രത്യേക വിധികളിലൂടെ പരമോന്നത കോടതി വ്യക്തമാക്കുന്നു. ചരിത്രപരമായ ഈ വിധി ന്യായം രാജ്യത്തിന്‍റെ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിനും കൂടുതല്‍ കരുത്തു പകരുമെന്നതിൽ സംശയമില്ല.

സ്വകാര്യതയുടെ അതിര്‍വരമ്പുകൾ നിർവചിക്കുകയെന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയാണ്. വ്യക്തിക്കും സര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച് വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണുള്ളത്. സ്വകാര്യത മൗലികാവകാശമല്ലെന്ന 1954 ലെയും 1962 ലെയും വിധിപ്രസ്താവങ്ങളെ അസാധുവാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യത പ്രശ്നമായി കടന്നുവന്നത്. കാര്‍ഡ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വകാര്യതയുടെ ലംഘനമാണു നടത്തുന്നതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം. അതിനാല്‍ സ്വകാര്യത നിര്‍വചിക്കേണ്ടത് ആവശ്യമായിവന്നു. ഒരു പൗരന് തന്നെ സംബന്ധിച്ച സ്വകാര്യവിവരങ്ങളുടെ മേല്‍ എത്രത്തോളം അവകാശമുണ്ടെന്നു നിര്‍ണയിക്കാന്‍ സാധിക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് പ്രശ്നം ഭരണഘടനാ ബഞ്ചിനു വിട്ടത്. സ്വകാര്യത നിര്‍വചിക്കപ്പെടുകയും ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ പല പുതിയ നിയമങ്ങളും ഇനി ഉണ്ടാകേണ്ടതുണ്ട്.

ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അവിഭാജ്യഭാഗമാണ് സ്വകാര്യതയെന്നതിനാല്‍ അതിന്‍റെ ലംഘനം ഗൗരവമായി അധികാരികളും കോടതികളും കാണേണ്ടിവരും. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശം നിഷേധിക്കപ്പെടുന്ന ഏതു സാധാരണക്കാരനും, വിദേശപൗരനു തന്നെയും, നീതിക്കായി ഭരണഘടനയുടെ 32, 226 വകുപ്പുകള്‍ പ്രകാരം കോടതികളെ അഭയം പ്രാപിക്കാം. എല്ലാ മൗലികാവകാശങ്ങളും ഇനി സ്വകാര്യതയുമായി ചേര്‍ത്തുവായിക്കേണ്ടിവരുമെന്നതാണ് മറ്റൊരു കാര്യം. തുല്യത, അഭിപ്രായ സ്വാതന്ത്യം, സംസാര സ്വാതന്ത്ര്യം, മതവിശ്വാസം, ലൈംഗികത തുടങ്ങി അന്തസോടെ ജീവിക്കുന്നതിനു വേണ്ട എല്ലാ മേഖലകളിലും സ്വകാര്യതയ്ക്കുള്ള സ്ഥാനം ഇതോടെ വര്‍ധിക്കുകയാണ്.

ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍റെ സ്വകാര്യത വല്ലാതെ കീറിമുറിക്കപ്പെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ അതിനു സഹായിക്കുകയും ചെയ്യുന്നു. നവമാധ്യമങ്ങളുടെ വരവോടെ ആപത്തിലായ മേഖലയാണ് സ്വകാര്യത. ആരുടെ വ്യക്തിജീവിതത്തിലും എത്തിനോക്കുന്നതിനുള്ള സാങ്കേതികജ്ഞാനം കൈവന്നപ്പോള്‍ സ്വകാര്യതയെന്നതു പലര്‍ക്കും സങ്കല്‍പ്പമായി. സര്‍ക്കാരും സാധാരണ ജീവിതങ്ങളില്‍ കടന്നുകയറാന്‍ തുടങ്ങി. ജനങ്ങളില്‍നിന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ അവര്‍തന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുന്ന പ്രവണതയും വര്‍ധിച്ചു. ഇത്തരം ഏര്‍പ്പാടുകള്‍ യഥേഷ്ടം നടക്കുമ്പോള്‍ അതിനു മുന്നില്‍ നിസഹായതയോടെ നില്‍ക്കാന്‍ മാത്രമേ ജനങ്ങള്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. ഭരണഘടനയ്ക്കു രൂപം നല്‍കിയവര്‍ സ്വകാര്യതയെ വ്യക്തമായി നിര്‍വചിക്കാതിരുന്നതു മനഃപൂര്‍വമാണെന്നു കരുതാനാവില്ല. സ്വകാര്യതയ്ക്ക് അവര്‍ പ്രാധാന്യം കല്‍പ്പിക്കാതിരുന്നതുകൊണ്ടുമല്ല. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും അവ സ്വകാര്യ കച്ചവടക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്ന കാലം അവര്‍ സ്വപ്നത്തില്‍പോലും കണ്ടിട്ടുണ്ടാവില്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമായാണ് അവര്‍ കണ്ടത്. എന്നാല്‍ ഡിജിറ്റല്‍ യുഗ ഭീകരതയില്‍ സര്‍ക്കാരും വഴിമാറി. ഭരണകൂടങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സ്വകാര്യത ഭഞ്ജിക്കുമ്പോള്‍ സേവനദാതാക്കള്‍ സ്വകാര്യ വിവരങ്ങള്‍ ഉപയോക്താക്കളെ കുരുക്കാനുള്ള ചൂണ്ടയാക്കുന്നു.

സ്വകാര്യത മൗലികാവകാശമായി കാണാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേരളത്തിന്‍റെ നിലപാട് മറിച്ചുമായിരുന്നു. രാജ്യത്തെ കോടിക്കണക്കായ നിര്‍ധനരുടെ ജീവിതത്തെക്കാള്‍ വലുതല്ല, വരേണ്യവര്‍ഗത്തില്‍പ്പെട്ട ചിലരുടെ സ്വകാര്യതയെന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനവാദം. ഭൂരിപക്ഷം പൗരന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കു ക്ഷേമപദ്ധതികള്‍ എത്തിക്കാനുള്ള നീക്കങ്ങളെ തടയുന്നതിനാണ് സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. മാറിവരുന്ന ഭരണകൂടങ്ങളുടെ ദയാരഹിതമായ കടന്നുകയറ്റങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ വിധിന്യായം വഴിതെളിക്കുമ്പോള്‍ ഇന്നലെ വരെ കാണാതിരുന്ന നീതിയുടെ പ്രകാശം പല മേഖലകളിലേക്കും കടന്നുചെല്ലുന്നത് വരുംനാളുകളില്‍ ദൃശ്യമാകും.

2017 ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും അഴിമതിയിലും പൊലിയുന്ന ജീവിതങ്ങള്‍

അശുഭകരമായ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നു വരുന്നത്. ഗൊരഖ്പുര്‍ മെഡിക്കല്‍ കോളെജില്‍ കുരുന്നുകളുടെ കൂട്ടക്കൊലയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്, മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗളിയില്‍ രണ്ടു ഡസനോളം ആളുകളുടെ ജീവനെടുത്ത ട്രെയ്ന്‍ ദുരന്തമാണ് യുപിയെ രാജ്യത്തിന്‍റെ സവിശേഷ ശ്രദ്ധയിലേക്കു കൊണ്ടു വരുന്നത്. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 23 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 156 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുണ്ട്. മരണ സംഖ്യ ഉയരുമെന്ന ആശങ്ക തുടരുന്നു. ഒഡിഷയിലെ പുരിയില്‍ നിന്ന് ഉത്തരഖണ്ഡിലെ ഹരിദ്വാറിലേക്കു പോയ ഉത്കല്‍ ഹൈസ്പീഡ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയ്ന്‍ ആണ് അപകടത്തില്‍പ്പെട്ടത്. റെയ്‌ലുകളും സ്ലീപ്പറുകളുമടക്കം ട്രാക്കില്‍ വന്‍ അഴിച്ചുപണി നടക്കുമ്പോള്‍, മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞെത്തിയ ട്രെയ്ന്‍ പൊടുന്നനെ അപകടത്തില്‍പ്പെട്ടു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്നു കുതിച്ചുയര്‍ന്ന കോച്ചുകള്‍ അടുത്തുള്ള വീടുകളിലേക്കും കോളെജ് മന്ദിരത്തിലേക്കും പാഞ്ഞുകയറി. ഖതൗളി ചെറു പട്ടണത്തില്‍ ജനത്തിരക്കുണ്ടായിരുന്നെങ്കിലും അപകടസ്ഥലത്ത് പൊതുനിരത്തോ, മാര്‍ക്കറ്റോ ഇല്ലാതിരുന്നതു തുണയായി. കോളെജ് സമയം കഴിഞ്ഞതിനാല്‍, മതിലും തകര്‍ത്ത് ക്യാംപസിലേക്കു പാഞ്ഞുകയറിയ കോച്ചുകള്‍ അതിനു പുറത്തുള്ളവര്‍ക്ക് അപകടം വരുത്തിയില്ല.

ഖതൗളി ട്രെയ്ന്‍ അപകടം അട്ടിമറിയാണെന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, അതിനു പിന്നില്‍ ഭീകരരടക്കമുള്ള ബാഹ്യ ശക്തികള്‍ക്കു വലിയ പങ്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷണ രംഗത്തുണ്ട്. റെയ്‌ല്‍വേയുടെ തന്നെ പിഴവുകളാണ് അപകടത്തിനു കാരണമെന്നും പറയുന്നുണ്ട്. ഖതൗളി സ്റ്റേഷന്‍ അധികൃതരും റെയ്ല്‍‌വേ എന്‍ജിനീയറിങ് വിഭാഗവും തമ്മില്‍ അതിന്‍റെ പേരിലുള്ള തര്‍ക്കവും രൂക്ഷം. അപകടമുണ്ടായ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം തങ്ങള്‍ ഖതൗളി സ്റ്റേഷന്‍ അധികൃതരെ അറിയിച്ചെന്ന് എന്‍ജിനീയറിങ് വിഭാഗം വിശദീകരിക്കുന്നു. അപകടത്തില്‍പ്പെട്ട ഉത്കല്‍ എക്സ്പ്രസിനു തൊട്ടുമുന്‍പ് ട്രെയ്നുകള്‍ വേഗം കുറച്ചാണു കടന്നുപോയത്. ഖതൗളി സ്റ്റേഷനില്‍ നിന്നു നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നത്രേ, ഇത്. എന്നാല്‍, ഈ മുന്നറിയിപ്പ് ഉത്കല്‍ എക്സ്പ്രസ് ട്രെയ്‌നിന്‍റെ ലോക്കോ പൈലറ്റിനു ലഭിച്ചില്ല. പണി നടക്കുന്ന കാര്യം അറിയാതെ, പരമാവധി വേഗത്തില്‍ വന്ന ട്രെയ്ന്‍ പാളം തെറ്റി, കംപാര്‍ട്ട്മെന്‍റുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവത്രേ. ഇടിയുടെ ആഘാതം ഏറെ കനത്തതായതു മൂലമാണ് ഒരു കോച്ച് മറ്റുള്ളവയുടെ മേല്‍ പതിച്ചതും ഒരെണ്ണം ട്രാക്കില്‍ നിന്നു തെറിച്ച് മീറ്ററുകള്‍ അകലെയുള്ള വീടിനു മുകളിലേക്കും കോളെജ് കെട്ടിടത്തിലേക്കും പാഞ്ഞു കയറിയതും.

സുരക്ഷിതത്വത്തില്‍ ഒരുറപ്പും പാലിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല ഇന്ത്യന്‍ റെയ്‌ൽവേയ്ക്ക്. അപകടങ്ങളില്ലാത്ത ഒരൊറ്റ വര്‍ഷം പോലും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഓപ്പറേഷനിലും വരുമാനത്തിലും എന്‍ജിനീയറിങ് വൈഭവത്തിലുമെല്ലാം കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ റെയ്‌‌ല്‍വേ, സുരക്ഷയുടെ കാര്യത്തില്‍ ബഹുദൂരം പുറകിലാണ്. അതില്‍ മിക്കതും റെയ്‌ൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലവും. സിഗ്നലിങ് സംവിധാനത്തിലെ തകരാർ മൂലം ഒരേ ട്രാക്കില്‍ മുഖാമുഖം വന്ന ട്രെയ്നുകള്‍ അനവധി. ട്രാക്കു മാറി അപകടത്തില്‍പ്പെട്ടതും ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയ്ന്‍ ഓടിയതും ട്രെയ്നുകള്‍ സിഗ്നല്‍ മറികടന്നു പോകുന്നതുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്‍റെ എന്‍ജിന്‍ ബോഗിയില്‍ നിന്നു വേര്‍പെട്ട് ഓടിയതു വലിയ വാര്‍ത്തയായിരുന്നു. ട്രെയ്‌നിന്‍റെ വേഗം കുറവായതു കൊണ്ടു മാത്രമാണ് അപകടത്തിന്‍റെ ആഴം കുറഞ്ഞത്. ഉത്കല്‍ എക്സ്പ്രസിന്‍റെ വേഗത്തിലായിരുന്നു ചെന്നൈ എക്സ്പ്രസ് എങ്കില്‍, കേരളത്തില്‍ ഇന്നു കണ്ണീര്‍ കടലിരമ്പുമായിരുന്നു.

ഓരോ അപകടം ഉണ്ടാകുമ്പോഴും ശരിയായ കാരണം കണ്ടുപിടിക്കുകയും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍, പതിനായിരങ്ങള്‍ ശമ്പളം പറ്റി, റെയ്‌ല്‍വേ ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അട്ടിമറിയും അനാസ്ഥയും അവസാനിപ്പിക്കാമായിരുന്നു. ഖതൗളി അപകടത്തിന്‍റെ ശരിയായ കാരണത്തെക്കുറിച്ച് റെയ്‌ല്‍വേ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രഥമദൃഷ്ട്യാ കുറ്റക്കാരായവരെ കണ്ടെത്തണമെന്നു റെയ്‌ല്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശിച്ചിട്ടുണ്ട്. അതുപ്രകാരം അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പണ്ട് പെരുമണ്‍ കായലില്‍ ഐലന്‍റ് എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞതിനെക്കുറിച്ച് അന്വേഷിച്ച റെയ്‌ല്‍വേ സേഫ്റ്റി കമ്മിഷണര്‍ കണ്ടെത്തിയ കാരണം മാത്രം ഉദാഹരണമാക്കിയാല്‍ മതി, എത്ര അപകടങ്ങള്‍ നടന്നാലും ഇന്ത്യന്‍ റെയ്‌ല്‍വേ പാഠം പഠിക്കില്ല എന്നു തിരിച്ചറിയാന്‍. കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും കേട്ടിട്ടില്ലാത്ത ടൊര്‍ണാഡോ ചുഴലിക്കാറ്റാണ് ഐലന്‍റ് എക്സ്പ്രസിനെ പൊക്കിയെടുത്ത് അഷ്ടമുടിക്കായലിലെറിഞ്ഞതെന്നായിരുന്നു അന്നത്തെ കണ്ടുപിടിത്തം. ഇത്തരം വിചിത്രമായ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും തുടര്‍നടപടികളുമാണ് റെയ്‌ൽവേയില്‍ ഉണ്ടാകുന്നതെങ്കില്‍ ദുരന്തങ്ങള്‍ കുറയാന്‍ ഒരു വഴിയുമില്ല. യാത്രക്കാരുടെ ആയുസിനായി മനസറിഞ്ഞു പ്രാര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ.

2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

ആളെക്കൊല്ലുന്ന ആശുപത്രികള്‍

ചികിത്സയെന്നല്ല, അൽപ്പം മനുഷ്യത്വം പോലും ലഭിക്കില്ല നമ്മുടെ സംസ്ഥാനത്തെ പല ആശുപത്രികളിലും എന്ന പരാതി പഴക്കം ചെന്നതാണ്. എത്രയെത്ര അനുഭവങ്ങൾ നിരത്താനുണ്ട് ഇതുമായി ബന്ധപ്പെട്ട്. തലവേദനയൊഴിവാക്കാൻ വാതിലുകൾ കൊട്ടിയടച്ച് കർത്തവ്യത്തിൽ നിന്ന് തടിതപ്പുന്നവയിൽ സർക്കാർ ആശുപത്രികൾ വരെയുണ്ട്. ഇത്തരം ആശുപത്രികൾക്കെതിരേ പരാതികൾ ഉയരുമ്പോൾ അന്വേഷണവും നടപടികളുമെല്ലാം പ്രഖ്യാപിക്കാറുമുണ്ട്. പക്ഷേ, അതൊന്നും ആരുടെയും മനം മാറ്റുന്നില്ല എന്നതിനു പ്രകടമായ ഉദാഹരണമാണ് മുരുകന്‍റെ ദാരുണാന്ത്യം. ഇനിയും ഇതാവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കാത്ത സുമനസുകളുണ്ടാവില്ല. പക്ഷേ, അതിലൊരുറപ്പും അവർക്കു തന്നെയും ഉണ്ടാവുകയുമില്ല. നമ്മുടെ ആതുര സേവന രംഗം അത്തരത്തിലായിപ്പോയിരിക്കുന്നു.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകന് അടിയന്തര ചികിത്സ നൽകാൻ തയാറാകാതിരുന്ന വിവിധ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് വരെ ഉൾപ്പെടുന്നുണ്ട്. കൂട്ടിരിക്കാൻ ആളില്ല, വെന്‍റിലേറ്റർ സൗകര്യമില്ല തുടങ്ങി പലവിധ കാരണങ്ങൾ പറഞ്ഞ് മുരുകനെ മടക്കിയയച്ച ആശുപത്രികൾ ആ യുവാവിന്‍റെ ജീവനെടുക്കുകയായിരുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു രാത്രിയുടെ പരക്കം പാച്ചിലിനെ അര ഡസനോളം സ്വകാര്യ, സർക്കാർ ആശുപത്രികൾ യാതൊരു വിലയും കൽപ്പിക്കാതെ അവഗണിച്ചു എന്നത് അതീവ ഗുരുതരമായ സാഹചര്യത്തെയാണു കാണിക്കുന്നത്. ഒന്നു പ്രവേശിപ്പിക്കാമോ എന്ന് ഫോൺ വഴി അന്വേഷിച്ചപ്പോൾ മറ്റു നിരവധി ആശുപത്രികളും രക്ഷപെടാനുള്ള കാരണങ്ങൾ കണ്ടെത്തി ഒഴിഞ്ഞുമാറി എന്നാണു റിപ്പോർട്ടുകൾ. കൈനിറയെ പണവും ആവശ്യത്തിന് ആൾബലവും എല്ലാമായാണ് മുരുകനെ കൊണ്ടുചെന്നിരുന്നതെങ്കിൽ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോ. സ്വാധീനശക്തിയുള്ള ആരെങ്കിലുമെല്ലാം രംഗത്തുണ്ടായിരുന്നെങ്കിൽ മെഡിക്കൽ കോളെജിൽ വെന്‍റിലേറ്റർ ഒഴിവില്ലാതെ വരുമായിരുന്നോ. മുരുകനെ കൊണ്ടുവന്നവർക്ക് അതിനൊന്നുമുള്ള ത്രാണിയില്ലാതെ പോയി.

എന്തിനേറെ, മുരുകന്‍റെ മൃതദേഹത്തോടു പോലും ക്രൂരത കാണിച്ചു മറ്റൊരു സർക്കാർ ആശുപത്രിയെന്നാണു റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിരാവിലെ മുരുകൻ സന്നദ്ധസംഘടനയുടെ ആംബുലൻസിൽത്തന്നെ മരിക്കുന്നത്. പിന്നീട് ഈ ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ ജില്ലാ ആശുപത്രി മൃതദേഹം വിട്ടുനൽകിയില്ലത്രേ. ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ആംബുലൻസ് സ്ഥലത്തില്ലെന്നു പറഞ്ഞു ജില്ലാ ആശുപത്രി അധികൃതർ. ഇതര സംസ്ഥാനക്കാരനായതുകൊണ്ട് ഇത്രയൊക്കെ മതി എന്നാണോ മനോഭാവം. ഏതു ഭാഷക്കാരൻ, ഏതു ദേശക്കാരൻ, ഏതു വിഭാഗക്കാരൻ എന്നൊക്കെ നോക്കിയിട്ടാണോ ആശുപത്രി സൗകര്യങ്ങൾ തീരുമാനിക്കേണ്ടത്.

ഇപ്പോൾ ഈ സംഭവം സംസ്ഥാനമൊട്ടാകെ ചർച്ചാവിഷയമായിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ടവരെല്ലാം ഞെട്ടൽ പ്രകടിപ്പിക്കുന്നുണ്ട്. ക്രൂരതയെ അപലപിക്കുന്നുണ്ട്. ആശുപത്രികള്‍ക്കെതിരേ പൊലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഈ ചൂടെല്ലാം കഴിയുമ്പോൾ വീണ്ടും പഴയപടിയാവാതിരിക്കണം ആശുപത്രികൾ. അതിനുള്ള ജാഗ്രതയും നടപടികളും വീഴ്ചയില്ലാതെ ഉണ്ടാവുകയാണു വേണ്ടത്. ചികിത്സ നിഷേധിച്ച രോഗി മരിച്ചു, ആശുപത്രികൾ തള്ളിപ്പുറത്താക്കിയതിനാൽ ഓട്ടൊറിക്ഷയിൽ പ്രസവിച്ചു, കടവരാന്തയിൽ പുഴുവരിച്ചു കിടന്നു എന്നിങ്ങനെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ ദൈവത്തിന്‍റെ സ്വന്തം നാടെന്ന നമ്മുടെ അവകാശവാദത്തിനു മേലുള്ള കരിനിഴലുകളാണ്.

അപകടങ്ങളിൽ പരുക്കേറ്റവരെ ആരാണു കൊണ്ടുവന്നതെന്നുപോലും നോക്കാതെ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നാണ് കഴിഞ്ഞവർഷം സുപ്രീം കോടതി പുറപ്പെടുവിച്ച ഏറെ ശ്രദ്ധേയമായ മാർഗനിർദേശം. അതീവ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നവരെയും കൊണ്ട് ആശുപത്രിയിലെത്തുന്ന സുമനസുകളെ ആശുപത്രി അധികൃതരും പൊലീസും എല്ലാം പലവിധത്തിൽ കഷ്ടപ്പെടുത്തുന്നതു മൂലം അപകടം കണ്ടാലും ജനങ്ങൾ മാറിപ്പോകുന്ന അവസ്ഥ മാറ്റിയെടുക്കാനായിരുന്നു ഇങ്ങനെയൊരു മാർഗനിർദേശം. ഇതൊന്നും അറിയാത്തവരല്ല കണ്ണിൽ ചോരയില്ലാതെ ചികിത്സാ സൗകര്യങ്ങൾ കണ്ണടച്ചു നിഷേധിക്കുന്നത്. ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുക എന്നതാണ് ആതുര സേവന രംഗത്തുള്ളവരുടെ ദൗത്യം. അല്ലാതെ ജീവൻ നഷ്ടപ്പെടുത്താൻ ഇടവരുത്തുകയല്ല. ഇനിയും ഇത് ആവർത്തിച്ചു ബോധ്യപ്പെടുത്തേണ്ടതുണ്ടോ നമ്മുടെ ആശുപത്രികളെ.

2017 ജൂലൈ 11, ചൊവ്വാഴ്ച

പെണ്‍‌കരുത്തറിഞ്ഞ 'അമ്മ'

അവസാനം ഒരു പ്രമുഖനെങ്കിലും മുഖമുണ്ടായി. പല സുപ്രധാന കേസുകളിലും പ്രമുഖര്‍ പലരും വന്നുപോയെങ്കിലും അവരെല്ലാം പ്രമുഖ സ്ഥാനങ്ങളില്‍ ഭദ്രമായിത്തന്നെ ഇരുന്നു. എന്നാല്‍ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ഒത്തൊരുമ ഈ കേസില്‍ കണ്ടു. പരാതിക്കാരിയും പൊലീസും സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഒരുമിച്ച് നിന്നപ്പോള്‍ അതിശക്തനായ ഒരു പ്രമുഖന്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.

ഈ കേസില്‍ പരാതിക്കാരിയായ, കേരളത്തിന് മുഴുവന്‍ പരിചയക്കാരിയായ നടി കാണിച്ചത് അസാമാന്യ ധൈര്യമാണ്. ആ ധൈര്യമാണ് കേസിന് നട്ടെല്ല് നല്‍കിയതും. അവള്‍ തന്റെ പരാതിയില്‍ ഉറച്ചുനിന്നപ്പോള്‍ സമൂഹത്തിന് അവളോടൊപ്പം നില്‍ക്കാതെ വേറെ വഴിയില്ലെന്നായി. തന്റെ വിവാഹത്തിന് തൊട്ടുമുമ്പ് താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തുവാനും തന്നെ ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കാനും ആ പെണ്‍കുട്ടി കാണിച്ച ധൈര്യം സകല സ്ത്രീകള്‍ക്കും വലിയൊരു മാതൃകയാണ്.

ആക്രമിക്കപ്പെട്ടതിന് ശേഷം എല്ലാം നിശബ്ദമായി സഹിക്കാതെ ആദ്യം സംവിധായകന്‍ ലാലിനോടും പിന്നീട് പൊലീസിനോടും സംഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ അവള്‍ മന:ക്കരുത്ത് കാണിച്ചു. കേസിന്റെ ഓരോ ഘട്ടത്തിലും തളരാതെ ഉറച്ചുനില്‍ക്കുക മാത്രമല്ല, അതേ കരുത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി തന്റെ ജോലി തുടരാനും അവള്‍ തയ്യാറായി. സഹപ്രവര്‍ത്തകര്‍ തന്നെ ഇരയെന്ന് വിളിച്ചപ്പോഴും പല വിവാദങ്ങളിലേക്കും തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോഴും അവള്‍ നിശബ്ദത പാലിച്ചു. ഒരു ഘട്ടത്തില്‍പ്പോലും ദിലീപിന്റെ പേര് പറയാനോ ആരോപണങ്ങള്‍ ഉന്നയിക്കാനോ അവള്‍ തയ്യാറായില്ലെന്നതാണ് കൈകൂപ്പേണ്ട വസ്തുത. പകരം പൊലീസിനോട് അറിയാവുന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. തന്റെ രൂക്ഷമായ ഒരു പ്രതികരണം കൊണ്ടല്ല തന്നെ ആക്രമിച്ചവരെ നേരിടേണ്ടതെന്ന് അവള്‍ക്കറിയാമായിരുന്നു. അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുക എന്നതില്‍ കുറഞ്ഞൊന്നും അവള്‍ക്ക് വേണ്ടായിരുന്നു. തന്റെ ഉള്ളിലെ തീ അണയാതെ മരണം വരെ താനിതിന് വേണ്ടി പോരാടുമെന്നായിരുന്നു അവള്‍ സുഹൃത്തുക്കളോട് പറഞ്ഞതും അതുകൊണ്ടാണ്.

ആ പെണ്‍കുട്ടി ഒരു ചുവടെടുത്ത് വെച്ചപ്പോള്‍ അവളോടൊപ്പം മുന്നോട്ടുവെച്ചത് ലക്ഷക്കണക്കിന് ചുവടുകളായിരുന്നു. ഇവരില്‍ 'വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ'യിലെ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ ഇടതും വലതും കോട്ടകെട്ടി, അവള്‍ ഒറ്റപ്പെടാതെ കാവല്‍ നിന്നു. മുഖ്യമന്ത്രിയോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മാത്രമല്ല, ഒരു പെണ്‍കുട്ടിയ്ക്ക് നീതി തേടിക്കൊടുക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു. അതിനെല്ലാം പുറമേ, പുരുഷാധിപത്യം അതിന്റെ എല്ലാ രൂക്ഷ ഭാവങ്ങളോടെയും കത്തി നില്‍ക്കുന്ന 'അമ്മ' എന്ന സംഘടനയുടെ യഥാര്‍ത്ഥ മുഖം സമൂഹത്തിന് മുമ്പില്‍ വലിച്ചുകീറാനും സിനിമയിലെ സ്ത്രീക്കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

ജനങ്ങള്‍ ഇപ്പോള്‍ കൈയ്യടി ലഭിക്കുന്നത് കേരള പൊലീസിനും വേണ്ടിക്കൂടിയാണ്. ജനപ്രിയ നായകന്റെ അപ്രിയ മുഖം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കാന്‍ അഹോരാത്രം പണിയെടുത്തവരാണ് പൊലീസ്. പള്‍സര്‍ സുനിയുടെ അറസ്റ്റോടെ എല്ലാം അവസാനിച്ചുവെന്ന് ജനങ്ങള്‍ കരുതിയപ്പോള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ വല വിരിക്കുകയായിരുന്നു പൊലീസ്. ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി സുദര്‍ശന്‍, സിഐ ബിജു പൗലോസ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിന്റെ പഴുതുകള്‍ അടച്ചുള്ള വിദഗ്ധമായ അന്വേഷണമാണ് കേസിലെ സൂത്രധാരനെ വെള്ളിവെളിച്ചത്തില്‍ നിന്നും പകല്‍വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്.

പണവും സ്വാധീനവും ആവശ്യത്തില്‍ അധികമുള്ള ഒരു സിനിമാ താരത്തെ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും വിവാദങ്ങളുമെല്ലാം അതിജീവിച്ചുവേണം ഇത്തരമൊരു കൃത്യത്തിലേക്ക് ചെന്നെത്താന്‍. ഇതിനായി പിഴവുകളില്ലാതെ അന്വേഷണം നടത്തുകയും ശക്തമായ തെളിവുകള്‍ കണ്ടെത്തുകയും ചെയ്യേണ്ടിയിരുന്നു. തുടക്കത്തില്‍ ദിലീപിലേക്കെത്താന്‍ സംശയത്തിന്റെയും സാഹചര്യത്തിന്റെയും നൂല്‍പ്പാലം മാത്രമേ പൊലീസിന് മുമ്പിലുണ്ടായിരുന്നുള്ളൂ. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ആ പ്രസ്താവനയെ ഉപയോഗിക്കാന്‍ പൊലീസ് കാണിച്ച ബുദ്ധിയാണ് പ്രശംസനീയം. കേസ് പള്‍സര്‍ സുനിയില്‍ അവസാനിച്ചുവെന്ന് എല്ലാവരെയും ദിലീപിനെയടക്കം വിശ്വസിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷണം അവിടം കൊണ്ട് നിര്‍ത്തിയിരുന്നില്ല. രഹസ്യമായി അന്വേഷണം തുടരുകയും അവസാനം ബലവത്തായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് കേരളത്തിന് അഭിമാനമായി കേരള പൊലീസ്.

കേരള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ആദ്യം മുതല്‍ മാധ്യമങ്ങളെല്ലാം നടിക്കൊപ്പമായിരുന്നു. ദിലീപിന് കേസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളാണ് സൂചന നല്‍കിയത്. പൊലീസിനൊപ്പം സമാന്തര അന്വേഷണം നടത്തി കേസിനെ ചവറ്റുകൊട്ടിയിലാക്കാതെ മാധ്യമങ്ങള്‍ സംരക്ഷിച്ചു. അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയും അഭിനന്ദനാര്‍ഹം.

അതിനിടയില്‍ ദിലീപ് അറസ്റ്റിലായതോടെ നാണംകെട്ട പ്രതിസന്ധിയാണ് 'അമ്മ' നേരിട്ടുകൊണ്ടിരിക്കുന്നത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍, ആക്രമിക്കപ്പെട്ട നടിയെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ കല്ലെറിയണം. ആദ്യം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കാന്‍ സംഘടന തയ്യാറായിരുന്നില്ല. സംഘടനയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് സംഘടനയിലെ വനിതാ താരങ്ങളായ മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ രൂപീകരിക്കേണ്ടി വന്നത്. കേസില്‍ ദിലീപിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു 'അമ്മ'. അത് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലേക്ക് വരെ നയിച്ചു. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നുവെന്ന് മാത്രമല്ല, തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ മുകേഷും ഗണേഷ് കുമാറും പരിധി വിട്ട് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതരാവുകയും ചെയ്തു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മൗനം അവലംബിച്ചതും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ഇന്നിപ്പോള്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത്. സംഘടനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുള്ളത് നാണക്കേടാണെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. കേസ് നടക്കുന്നതിനാലാണ് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കാതിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അമ്മയുടെ ഈ മലക്കം മറിച്ചില്‍ തികഞ്ഞ നാണക്കേടു തന്നെയാണ്. കുറ്റാരോപിതനാണെങ്കില്‍ പോലും നടനും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണെന്നും അവരെ ഒരുപോലെ സംരക്ഷിക്കുമെന്നും പറഞ്ഞ അമ്മയുടെ ഇരട്ടത്താപ്പിനേറ്റ ശക്തമായ പ്രഹരമാണ് ദിലീപിന്റെ അറസ്റ്റ്.

2017 ജൂൺ 6, ചൊവ്വാഴ്ച

ഖത്തര്‍ ഉപരോധം അമേരിക്കയുടെ പദ്ധതിയോ? അതോ മറ്റൊരു ഇറാഖ് സൃഷ്ടിക്കാനുള്ള പടയൊരുക്കമോ?

ഖത്തറിനെ അയല്‍‌രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനുവേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രം‌പ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്.

https://twitter.com/realDonaldTrump/status/872062159789985792

തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്‍. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന്‍ നിലനില്‍ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും നയിക്കുന്നു. ഇക്കാരണത്താല്‍ സൗദിയുടെ സമ്മര്‍ദ്ദമായിരിക്കാം ട്രം‌പിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തന്നെയുമല്ല, അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. അവര്‍ക്കും അറബ് രാജ്യങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നത് കാണാനാണ് ആഗ്രഹവും. അങ്ങനെ വരുമ്പോള്‍ ട്രം‌പ് അഡ്‌മിനിസ്‌ട്രേഷനില്‍ ഭൂരിഭാഗവും ജൂത വംശജരും അറബ് രാജ്യങ്ങളോട് പ്രതിപത്തിയില്ലാത്തവരുമായ സ്ഥിതിക്ക് അങ്ങനെയൊരു നീക്കം ട്രം‌പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

https://twitter.com/realDonaldTrump/status/872086906804240384

ഭീകരര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അറബ് രാജ്യങ്ങളോട് താന്‍  ആവശ്യപ്പെട്ടിരുന്നതായി ട്രം‌പ് വ്യക്തമാക്കുന്നു. അതനുസരിച്ചാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജിസിസി രാജ്യങ്ങള്‍ പ്രതിരോധം ഏര്‍പ്പെടുത്തിയതെന്ന ട്രം‌പിന്റെ പ്രതികരണം കേട്ടപ്പോള്‍ ഇറാഖിനു മേല്‍ വ്യാജ ആരോപണമുന്നയിച്ച് ആ രാജ്യത്തെ നാമാവശേഷമാക്കിയ ജോര്‍ജ് ബുഷിനെയാണ് ഓര്‍മ്മ വരുന്നത്.

'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്‌ട്രക്‌ഷന്‍' അതായത് കൂട്ട നശീകരണായുധങ്ങളുടെ സംഭരണികള്‍ സദ്ദാം ഹുസൈന്‍ ഇറാഖില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവ തേടിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും 2003-ല്‍ ഇറാഖ് അധിനിവേശം ആരംഭിച്ചത്.  അതിന് കാരണമാകട്ടേ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും. സ്വന്തം സഹോദര രാജ്യങ്ങളെപ്പോലെ കഴിഞ്ഞിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ മറ്റൊരു രാജ്യം പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു തന്നെ തെറ്റാണ്. കുവൈത്തില്‍ സദ്ദാം പടയാളികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ കുറച്ചൊന്നുമല്ല. 'മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണു' എന്നു പറഞ്ഞപോലെയായി സദ്ദാമിന്റെ അവസ്ഥ പിന്നീട്. ഏകാധിപതിയായി ഇറാഖില്‍ വാണിരുന്ന സദ്ദാമിന്റെ ദുര്‍ബുദ്ധിയായിരുന്നു കുവൈത്തിനെ ആക്രമിക്കാന്‍ പ്രേരകമായത്. ഗള്‍ഫ് രാജ്യങ്ങള്‍, പ്രത്യേകിച്ച് സൗദി അറേബ്യ, സദ്ദാം ഹുസൈന്‍ തലവേദനയായിരുന്നു. കൂട്ടത്തില്‍ ഇസ്രയേലിനും തലവേദനയായിരുന്നു. എങ്ങനെയെങ്കിലും സദ്ദാമിനെ ഒതുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്കക്ക് കിട്ടിയ പിടിവള്ളിയായിരുന്നു അവ. ഇറാഖില്‍ കടന്നുകൂടാന്‍ ഒരു കാരണം തേടി നടന്ന അമേരിക്ക അത് ശരിക്കും മുതലെടുത്തു. ഏകദേശം ഒന്നര ലക്ഷത്തിലധികം ഡിപ്ലോമാറ്റുകളെയും നാലായിരത്തോളം സൈനികരെയും കുടിയിരുത്തി അമേരിക്കന്‍ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര കാര്യാലയം ബഗ്ദാദില്‍ സ്ഥാപിച്ചാണ് അമേരിക്ക അധിനിവേശം പൂര്‍ത്തിയാക്കിയത്. എന്നാല്‍, നശീകരണായുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ ഏജന്‍സി വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും തെളിഞ്ഞു. ഇറാഖില്‍ അധിനിവേശം നടത്താന്‍ അന്ന് അമേരിക്കയ്ക്ക് കൂട്ടു ചേര്‍ന്നത് സൗദി അറേബ്യയും കുവൈത്തുമാണെന്ന് പില്‍ക്കാലത്ത് ലോകം അറിഞ്ഞു. സമ്പന്നതയിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഇറാഖി ജനതയെ മുഴുവന്‍ പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിട്ടാണ് യുദ്ധം അവസാനിപ്പിച്ച് സഖ്യസേനയ്ക്കൊപ്പം അമേരിക്കന്‍ സേനയും പിന്‍‌വാങ്ങിയത്. ശേഷം നടന്നതോ? ഭീകരതയുടെ വിത്തുകള്‍ മുളച്ചു പൊങ്ങുന്ന രാജ്യമായി ഇറാഖ് മാറി. മൂന്നു മില്യനിലധികം വിധവകളെ സൃഷ്ടിച്ചു,  നാല് മില്യനിലധികം ഇറാഖികള്‍ ഭവന രഹിതരായി, നാലര മില്യനോളം കുട്ടികള്‍ അനാഥരായി, എഴുപതുകളില്‍ കുട്ടികളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മധ്യപൗരസ്ത്യ ദേശത്തെ മികച്ച രാജ്യങ്ങളിലൊന്നായിരുന്ന ഇറാഖില്‍ 6,000,000ത്തിലധികം കുട്ടികള്‍ തെരുവില്‍ ജീവിക്കേണ്ട അവസ്ഥയിലായി. പോഷകാഹാരക്കുറവു മൂലം ഒന്നര മില്യനോളം കുട്ടികള്‍ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്നു. തൊണ്ണൂറു ശതമാനം ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ മരുഭൂമിയായി.
ഭീകരരുടെ കാടത്ത നിയമങ്ങള്‍ നടപ്പാക്കുന്ന നവപരീക്ഷണങ്ങള്‍ക്കുള്ള വേദിയായി മാറി സമാധാനപ്രിയരുടെ സ്വന്തം രാജ്യം. കുവെത്താകട്ടെ, അധിനിവേശവും യുദ്ധവും അതിജീവിച്ച് വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ചരിത്രമെഴുതുന്നു.

അമേരിക്ക പറഞ്ഞത് കണ്ണടച്ച് വിശ്വസിച്ച് പടക്കപ്പലുകളും ബോംബറുകളും അയച്ച് ഇറാഖിനെ ആക്രമിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ തനിക്ക് തെറ്റു പറ്റിയെന്ന് സി‌എന്‍‌എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് നാമെല്ലാം കണ്ടതാണ്. യുദ്ധം അനിവാര്യമാണെന്നും താനതില്‍ അഭിമാനം കൊള്ളുന്നു എന്നും ഗീര്‍‌വാണം മുഴക്കിയ ടോണി ബ്ലയര്‍, അമേരിക്ക തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും പരസ്യമായി പറഞ്ഞു.. "ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരങ്ങള്‍ തെറ്റായിരുന്നു. തന്റെ നയങ്ങള്‍ ഇറാഖില്‍ പ്രാവര്‍ത്തികമായില്ല. ആസൂത്രണത്തില്‍ കാര്യമായ പിഴവു സംഭവിച്ചു. താന്‍ യുദ്ധക്കുറ്റം ചെയ്തിട്ടില്ല. എന്നാല്‍, യുദ്ധക്കുറ്റ വിചാരണ നേരിടാന്‍ തയ്യാറാണ്. ഭരണകൂടത്തെ പുറത്താക്കിയാല്‍ ഇറാഖില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും തെറ്റായി. സദ്ദാം ഭരണകൂടം പുറത്താക്കപ്പെട്ടതാണ് ഐഎസിന്റെ വളര്‍ച്ചയ്ക്കു കാരണമെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട്...." ഇതാണ് ടോണി ബ്ലയര്‍ 2015-ല്‍ സി‌എന്‍‌എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ലിങ്ക് കാണുക https://youtu.be/LtagJGAoxFE

അധിനിവേശം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയര്‍ കുറ്റമേല്‍ക്കുന്നത്. അഭിമുഖത്തില്‍ അധിനിവേശത്തെ ന്യായീകരിക്കാനും ബ്ലെയര്‍ ശ്രമിക്കുന്നുണ്ട്. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ ക്ഷമ ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന അദ്ദേഹം അധിനിവേശം നടന്നില്ലായിരുന്നെങ്കില്‍ സിറിയയുടെ ഇന്നത്തെ അവസ്ഥ ഇറാഖിനുണ്ടാവുമായിരുന്നെന്നും അവകാശപ്പെടുന്നു. ഇറാഖ് അധിനിവേശം തുടങ്ങുന്നതിന് ഒരുവര്‍ഷം മുമ്പു തന്നെ ബ്ലെയറും ബുഷും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ച വൈറ്റ്ഹൗസ് രേഖ ദി ഡെയ്‌ലി മെയില്‍ പുറത്തുവിട്ടിരുന്നു. നയതന്ത്ര പരിഹാരത്തിന്റെ മറവില്‍ അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ പിന്തുണയ്ക്കാമെന്ന് ബ്ലെയര്‍ സമ്മതിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍, പ്രസിഡന്റ് ബുഷിന് കൈമാറിയ രേഖ.



ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് വരുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ ട്രം‌പ് സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്താതിരുന്നതില്‍ ദുരൂഹതയുണ്ടായിരുന്നു. ആ ഏഴു രാജ്യങ്ങളുടെ പട്ടികയില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നു. പിന്നീടത് വെട്ടിച്ചുരുക്കി ഇറാഖിനെ ഒഴിവാക്കിയെങ്കിലും സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്തിയില്ല. ഭീകരാക്രമണം തടയുകയായിരുന്നു ലക്ഷ്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും സൗദിയേയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാരണം വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരര്‍ സൗദികളായിരുന്നു എന്നതു തന്നെ. അല്‍ഖ്വയ്ദയുടെ സാമ്പത്തിക സ്രോതസ്സും സൗദിയായിരുന്നു. എന്തുകൊണ്ട് അവരെ മാത്രം ട്രാവല്‍ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കി എന്ന കാരണം ഇതുവരെ പറഞ്ഞിട്ടില്ല. അല്‍‌ഖ്വയ്ദയുടെ ഉറവിടം സൗദി അറേബ്യയാണെന്നിരിക്കെ അവര്‍ക്ക് ഖത്തറിനെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല. മധ്യ‌പൂര്‍‌വ്വ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (മിന) വെച്ച് ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുള്ള ഖത്തറിനെ കൂട്ടമായി ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയത് സൗദി അറേബ്യയാണെന്ന് നിസ്സംശയം പറയാം. 163 രാജ്യങ്ങളുള്‍പ്പെട്ട മിനയില്‍ ഖത്തറിന്റെ സ്ഥാനം മുപ്പതാണ്. കുവൈത്തിന് 58-ഉം, യു‌എ‌ഇ‌യ്ക്ക് 65-ഉം സൗദി അറേബ്യക്ക് 133-ഉം ആണ്. ഈ രാജ്യങ്ങളാണ് തങ്ങളെക്കാള്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഖത്തറിനെ ക്രൂശിക്കാന്‍ അമേരിക്കയെ കൂട്ടുപിടിച്ചതും അവര്‍ക്ക് അമേരിക്ക ഒത്താശ ചെയ്തതും. അത്തരമൊരു ഉപരോധമാണെന്ന സൂചന നല്‍കും വിധമാണ് ഇപ്പോള്‍ ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്. അധികാരമേറ്റയുടന്‍ ട്രംപിന്റെ ആദ്യ പറക്കല്‍ സൗദിയിലേക്കായിരുന്നു. ഒബാമയുടെ നയങ്ങള്‍ പൊളിച്ചെഴുതുമെന്നും തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തീവ്രവാദത്തിനായി പണമൊഴുകുന്നെന്ന ആരോപണം നേരത്തേയും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. അത് സൗദി അറേബ്യയാണെന്നും അറിയാം. പിന്നെ എന്തുകൊണ്ട് ട്രം‌പ് സൗദി അറേബ്യക്ക് തന്നെ പറന്നു? ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി തീവ്രവാദത്തിന്റെ വേരറുക്കാനാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയം തന്നെയാണ്.

ട്രം‌പ് ഖത്തര്‍ അമീറുമായി സൗദിയില്‍ കൂടിക്കാഴ്ച നടത്തുന്നു 
2022ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്തുക, പുരോഗമനപാതയില്‍ അവരെ തകര്‍ക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ ബഹിഷ്ക്കരണം ഏര്‍പ്പെടുത്തിയ അഞ്ച് അറബ് രാജ്യങ്ങളുടേതെന്ന് ആര്‍ക്കറിയാം? മില്യണ്‍ കണക്കിന് ഡോളര്‍ ചിലവിട്ടാണ് ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. നിര്‍മ്മാണ മേഖലയിലേക്ക് സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നത്. മത്സരങ്ങള്‍ക്കായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ തയ്യാറാകുന്നത്. അതില്‍ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം മാത്രമാണ് പൂര്‍ത്തിയായത്. ആഴ്ചയില്‍ അമ്പതുകോടി ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഖത്തര്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ശക്തരായ സൗദി അറേബ്യ ഇങ്ങനെയൊരു നീക്കം നടത്തുന്നതിലൂടെ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിന് ഖത്തര്‍ വേദിയാകുന്നതിനെ അട്ടിമറിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കുന്നതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകും എന്ന് അവര്‍ കണക്കുകൂട്ടിക്കാണും. പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ഖത്തറിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയും സൗദിയും യു‌എ‌ഇയും നിര്‍ത്തി വെച്ചതും ഖത്തറിനെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്.

അതേസമയം, ജിസിസിയിലോ റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറയുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും, ഒരു ജിസിസി രാജ്യത്തെ മറ്റു ജിസിസി രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും അദ്ദേഹം പറയുന്നു.  ഖത്തറിനെ മറ്റൊരു തീവ്രവാദ രാജ്യമാക്കി മാറ്റാന്‍ നടത്തുന്ന ഗൂഡാലോചന പുറത്തുവന്നതിന്റെ ക്ഷീണം മാറ്റാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതെന്നും,  അമേരിക്കയുമായി ചേര്‍ന്ന് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ജിസിസി അംഗരാജ്യങ്ങള്‍ നടത്തിയതെന്നും ഖത്തര്‍ ആരോപിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഖത്തര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുതന്നെയാണ് സമാധാന രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

"ലോക പോലീസാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല, മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്‌ന്‍" എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച ട്രം‌പ് പിന്നെ എന്തുകൊണ്ട് സൗദിയെ കൂട്ടുപിടിച്ച്, അല്ലെങ്കില്‍ സൗദി പറയുന്നത് കണ്ണടച്ച് വിശ്വസിച്ച് ഇങ്ങനെയൊരു നീക്കം നടത്തി എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം. ഖത്തറിനെ മറ്റൊരു ഇറാഖ് ആക്കുകയാണോ ലക്ഷ്യം? അതല്ല, ഗള്‍ഫ് മേഖലയില്‍ സമാധാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ പ്രശ്നം ഉടനടി പരിഹരിക്കപ്പെടേണ്ടതാണ്. അതല്ലാ എങ്കില്‍ അമേരിക്ക വീണ്ടും ലോക പോലീസിന്റെ വേഷം കെട്ടുകയാണെന്നു വേണം കരുതാന്‍. 

2017 മേയ് 9, ചൊവ്വാഴ്ച

ജനാധിപത്യത്തിലെ നാലാം തൂണിന്റെ ആണിക്കല്ല് ഇളകുന്നുവോ?

ലജിസ്ലേച്ചര്‍, എക്സിക്യൂട്ടിവ്, പ്രസ് എന്നിങ്ങനെ ജനാധിപത്യത്തിന്‍റെ മൂന്നു നെടുംതൂണുകള്‍ക്കും പൊതുജനങ്ങള്‍ക്കും തെറ്റു പറ്റുമ്പോള്‍, തിരുത്താനും തിരുത്തിക്കാനുമുള്ള അവസാനത്തെ ആയുധമാണു ജുഡീഷ്യറി. അതിശക്തവും പരമ പവിത്രവുമാണ് ഇന്ത്യയുടെ ജുഡീഷ്യറി. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് പരമാധികാര രാഷ്‌ട്രമായതോടെ, മഹാനായ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭരണഘടനയാണു ജുഡീഷ്യറിയുടെ ആണിക്കല്ല്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭരണഘടന അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി ആഴത്തില്‍ പഠിച്ചിരുന്നു. അതിന്‍റെ നല്ലതും ചീത്തയും പരിശോധിച്ച് ഏറ്റവും അനുയോജ്യമെന്നു കരുതിയ നിയമങ്ങളാണ് ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പികള്‍ കടം കൊണ്ടത്. അതുകൊണ്ടു തന്നെ, ലോകത്തെ ഏറ്റവും മികച്ച ഭരണഘടനകളില്‍ ഒന്നാണു ഇന്ത്യയുടേതെന്നും കരുതപ്പെടുന്നു.

ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അതില്‍ കാലാകാലങ്ങളായി നിയമനിര്‍മാണ സഭകള്‍ വരുത്തുന്ന ഭേദഗതികളും അടിസ്ഥാനമാക്കിയുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയാണ് ന്യായാസനങ്ങളുടെ കടമ. നിലവിലുള്ള നിയമം സംരക്ഷിക്കുക, നിഷേധിക്കപ്പെടുന്ന നീതി നടപ്പാക്കുക എന്നീ ധര്‍മങ്ങളാണു കോടതികള്‍ പൊതുവേ നിര്‍വഹിക്കുന്നത്. നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെങ്കിലും പുതിയ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഒരു കോടതിക്കും കഴിയില്ല. സാധാരണ മജിസ്ട്രേട്ട് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വരെ നീളുന്ന അതിസമ്പന്നമായ ജുഡീഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യക്കുണ്ട്.

സാധാരണക്കാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, മന്ത്രിമാര്‍, പ്രധാനമന്ത്രിമാര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാ മുഖങ്ങളില്‍പ്പെട്ടവരെല്ലാം പല അവസരങ്ങളില്‍ കോടതികളുടെ പരാമര്‍ശങ്ങള്‍ക്കും ചിലപ്പോഴെല്ലാം കോടതിവിധികള്‍ക്കും ഇരകളായിട്ടുണ്ട്. കേരളത്തിലെ സമുദ്രതീരത്ത് ഏതാനും മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇറ്റാലിയന്‍ മറീനുകളെ സുപ്രീം കോടതി നിര്‍ത്തിപ്പൊരിച്ചു. അന്താരാഷ്‌ട്ര കോടതികളും ഉന്നതതലത്തിലുള്ള നയതന്ത്ര ഇടപെടലുകളും വന്നിട്ടുപോലും കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നടപടികള്‍ക്കും മാത്രമായിരുന്നു പ്രസക്തി. അത്ര ശക്തവും കര്‍ക്കശവുമായതിനാലാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ജനം അംഗീകരിക്കുന്നതും ആദരിക്കുന്നതും.

മുകളില്‍പ്പറഞ്ഞ എല്ലാവരും നിയമത്തിന്‍റെ പരിധിയില്‍ വരുമ്പോള്‍, ഇന്ത്യയിലെ ഒരു ന്യായാധിപന്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയും വിചിത്രമായ വിധിന്യായങ്ങള്‍ പറഞ്ഞ് ഭരണകൂടത്തെയും കോടതികളെയും വട്ടം കറക്കുകയും ചെയ്ത സംഭവ വികാസങ്ങളാണ് കോല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ കാട്ടിക്കൂട്ടിയത്. അദ്ദേഹത്തിനു മാനസിക വൈകല്യമുണ്ടെന്നായിരുന്നു ഒരു ഘട്ടത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം. കോടതി നിയോഗിച്ച മെഡിക്കല്‍ സംഘത്തിനു മുന്നില്‍ ഹാജരാകാതിരുന്ന ജസ്റ്റിസ് കര്‍ണന്‍ തനിക്ക് ഒരു തകരാറുമില്ലെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഇല്ലാത്തയാള്‍ ചെയ്യുന്നതെല്ലാം ഉത്തമ വിശ്വാസത്തോടെയായിരിക്കണം. അതുകൊണ്ടു തന്നെ, ജസ്റ്റിസ് കര്‍ണനെതിരേ സുപ്രീം കോടതി സ്വീകരിച്ച നടപടികളെ അദ്ദേഹം സ്വമേധയാ ഉള്‍ക്കൊള്ളേണ്ടതായിരുന്നു. അതു ചെയ്യാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏതാനും ജഡ്ജിമാരെ തുറുങ്കിലടയ്ക്കാനുള്ള സമാന്തര വിധി, ഒരു സാധാരണ സംഭവമായി കാണാന്‍ കഴിയില്ല.

ജസ്റ്റിസ് കര്‍ണന്‍റെ വിധി സുപ്രീം കോടതിയിലെ ജസ്റ്റിസ്മാര്‍ക്കെതിരേ ആയതുകൊണ്ടുമാത്രമാണ് നടപ്പിലാക്കാന്‍ കഴിയാതെ പോയത്. ഏതെങ്കിലും സാധാരണക്കാരനോ, ഉദ്യോഗസ്ഥനോ, ജനപ്രതിനിധിക്കോ മന്ത്രിക്കു പോലുമോ എതിരായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ഏതെങ്കിലും ജസ്റ്റിസിന്‍റെ മനോനില അളക്കാനോ ചോദ്യം ചെയ്യാനോ, അദ്ദേഹം പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് അധികമാരമില്ല. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുന്ന ഉത്തരവ് പരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കു മാത്രമാണ്. അങ്ങനെ ഒരു പരിശോധന നടത്തുന്നതിനു തന്നെ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അതുവരെ ശിക്ഷിക്കപ്പെട്ടയാള്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ആ‍യിരം അപരാധികള്‍ വിട്ടയയ്ക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നു ഭരണഘടന നല്‍കുന്ന ഉറപ്പ് ഇത്തരം ജഡ്ജിമാരുടെയും അവര്‍ നടത്തുന്ന വിധിന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെ പാലിക്കപ്പെടും?

വിധിന്യായങ്ങള്‍ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും പൗരന് അവകാശമുണ്ട്. എന്നാല്‍ വിധി പറഞ്ഞ ജഡ്ജിയെ വിമര്‍ശിക്കുന്നതു കോടതിയലക്ഷ്യമാണ്. ജസ്റ്റിസ് കര്‍ണന്‍ ഇനി പുറപ്പെടുവിക്കുന്ന വിധ്യന്യായങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഭരണഘടനയോടു കൂറു പുലര്‍ത്താത്തവരും നീതി നിഷേധിക്കുന്നവരുമായ ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനും നിയമമുള്ള രാജ്യത്ത് ജസ്റ്റിസ് കർണന്‍റെ കാര്യത്തില്‍ എന്തിനാണിത്ര കാലതാമസം എന്നതും പരിഗണിക്കപ്പെടണം. എന്നാല്‍ ഇതുവരെ പുറപ്പെടുവിച്ച വിധികളോ? കേരളത്തിലെ ഹൈക്കോടതിയിലും വിവിധ കോടതികളിലും നടക്കുന്ന കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ വിധി വന്നിട്ടു മാസങ്ങളായി. പക്ഷേ, ഇപ്പോഴും മാധ്യമങ്ങളെ കോടതിയില്‍ പ്രവേശിക്കാന്‍ അഭിഭാഷകര്‍ സമ്മതിക്കുന്നില്ല. കോടതികളെ മാനിക്കാന്‍ അതിന്‍റെ തന്നെ ഭാഗങ്ങളായ ന്യായാധിപനും അഭിഭാഷകനുമൊന്നും തയാറാകുന്നില്ലെങ്കില്‍, നമ്മുടെ ജുഡീഷ്യറിയുടെ വിശ്വാസ്യത മാത്രമല്ല, കെട്ടുറപ്പിനെയും വല്ലാതെ ബാധിക്കും.