2016 ജൂലൈ 6, ബുധനാഴ്‌ച

മതസംഘടനകള്‍ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളെ കൈയ്യടക്കുമ്പോള്‍.....












മതസംഘടനകള്‍ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളെ കൈയ്യടക്കുന്നു എന്ന ആരോപണം നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2012-ല്‍) ഫൊക്കാന ന്യൂയോര്‍ക്ക് റീജന്‍ കിക്കോഫില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നായിരുന്നു. സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാനുദ്ദേശിക്കുന്ന പല പരിപാടികളും ചില മതസംഘടനകള്‍ അട്ടിമറിക്കുകയും, അത് അവരുടേതായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അക്കാലത്ത് നടന്നിരുന്നതുകൊണ്ടാണ് ഫൊക്കാന ഹൂസ്റ്റണ്‍ റീജന്‍ വൈസ് പ്രസിഡന്റും 2012-ലെ കണ്‍‌വന്‍ഷന്‍ ചെയര്‍മാനുമായിരുന്ന ഏബ്രഹാം ഈപ്പന്‍ ഈ വിഷയം പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, ആ ചോദ്യം അത്ര ഗൗരവമായി ആരും എടുത്തില്ല. എന്നാല്‍, പില്‍ക്കാലത്ത് മതസംഘടനകള്‍ സാമൂഹ്യ-സാംസ്ക്കാരിക സംഘടനയായ ഫൊക്കാനയെത്തന്നെ ഹൈജാക്ക് ചെയ്യുന്നോ എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍.

2012-ലെ ഹൂസ്റ്റണ്‍ കണ്‍‌വന്‍ഷന്‍ തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ കണ്‍‌വന്‍ഷനായിരുന്നു എന്ന് പലരും അടക്കം പറഞ്ഞിരുന്നു. കാരണം, പതിവിനു വിപരീതമായി ഒരുകൂട്ടം കൃസ്ത്യന്‍ പുരോഹിതരുടെ സാന്നിദ്ധ്യവും ഒരു കൃസ്ത്യന്‍ ചാനലിന്റെ ലോഞ്ചിങ്ങും അന്ന് അവിടെ അരങ്ങേറിയിരുന്നു. അങ്ങനെ ഒരു ചടങ്ങ് അവിടെ സംഘടിപ്പിച്ചത് എന്തിനാണെന്ന് അന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആ ചാനല്‍ ഫൊക്കാനയുടെ സ്‌പോണ്‍സര്‍ ആയിരുന്നു എന്നായിരുന്നു അന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് കിട്ടിയ അറിവ്. എന്നാല്‍, മതസംഘടനകള്‍ ഫൊക്കാന കൈയടക്കുന്നതിന്റെ മുന്നോടിയായിരുന്നു ആ പരിപാടി എന്നായിരുന്നു അന്നവിടെ കൂടിയിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞത്.
ഫൊക്കാന എന്ന സാമൂഹ്യ-സാംസ്ക്കാരിക സംഘടനയില്‍ എങ്ങനെ ഒരു മത സംഘടന അംഗത്വമെടുത്തു എന്നത് ഒരു ചോദ്യം തന്നെയാണ്. നായര്‍ മഹാമണ്ഡലം ആന്റ് അസ്സോസിയേറ്റ്സ് (NAMAM) ഒരു മതസംഘടനയാണെന്നും അതിന്റെ സ്ഥാപകനായ മാധവന്‍ നായര്‍ ഒരിക്കലും ഫൊക്കാനയുടെ പ്രസിഡന്റ് ആകുന്നത് ന്യായീകരിക്കാനാവില്ലെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായ തമ്പി ചാക്കോയും അദ്ദേഹത്തിന്റെ പാനലും വാദിക്കുമ്പോള്‍ നാമം ഒരു സാമൂഹ്യ-സാംസ്ക്കാരിക സംഘടനയാണെന്ന് മറുഭാഗവും വാദിക്കുന്നു. ഈ വാഗ്വാദമാണ് കണ്‍‌വന്‍ഷന്‍ വേളയില്‍ നടന്ന ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്നതും അവസാനം ബഹളത്തില്‍ കലാശിച്ചതെന്നും പങ്കെടുത്തവര്‍ പറയുന്നു.

ജൂണ്‍ 1 മുതല്‍ 3 വരെ കാനഡയില്‍ അരങ്ങേറിയ ഫൊക്കാന കണ്‍‌വന്‍ഷനില്‍ നടന്ന സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. ഫൊക്കാനയെ കെട്ടുറപ്പും, സുതാര്യവുമായ ഒരു മഹാസംഘടനയാക്കി മാറ്റും എന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയവര്‍ തന്നെ അധികാരക്കസേരയ്ക്കുവേണ്ടി തമ്മില്‍ത്തല്ലി പിരിഞ്ഞപ്പോള്‍ വാഗ്ദാനം നല്‍കിയവരുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 18-ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാധവന്‍ നായര്‍ പാനലിന്റെ പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഒന്ന് " ഫൊക്കാന ഒരു കണ്‍‌വന്‍ഷന്‍ സംഘടന"യാണെന്നാണല്ലോ അറിയപ്പെടുന്നത് എന്നായിരുന്നു. എന്നാല്‍ അന്ന് അതിന് മറുപടി തന്നവരുടെ സത്യസന്ധതയേയും ആത്മാര്‍ത്ഥതയേയും ഖണ്ഡിക്കുന്നതായിരുന്നു കണ്‍‌വന്‍ഷന്‍ നഗരിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംഭവിച്ചത്.

ഫൊക്കാന തകര്‍ച്ചയിലേക്കോ അതോ പിളര്‍പ്പിലേക്കോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. ഒരു പിളര്‍പ്പിനുകൂടി ഇനി ബാല്യമില്ല എന്നുതന്നെ പറയാം. അപ്പോള്‍ തകരുമോ? ലേഖകന്റെ ചോദ്യങ്ങള്‍ക്ക് ചിലര്‍ തന്ന മറുപടികളാണ് ഇവിടെ കൊടുക്കുന്നത്.

ഫൊക്കാനയുടെ ചിരകാല പ്രവര്‍ത്തകനും, ഹൂസ്റ്റണ്‍ റീജന്‍ മുന്‍ വൈസ് പ്രസിഡന്റും, 2012 ഹൂസ്റ്റണ്‍ കണ്‍‌വന്‍ഷന്‍ ചെയര്‍മാനുമായിരുന്ന ഏബ്രഹാം ഈപ്പന്റെ അഭിപ്രായത്തില്‍ "മരത്തിന്റെ വളവും ആശാരിയുടെ കുറ്റവും കൊണ്ടാണ് തൂണ് വളഞ്ഞുപോയത്" എന്നാണ്....!! നാമം എന്ന സംഘടന ഒരു മതസംഘടനയാണെങ്കില്‍ ഒരിക്കലും ഫൊക്കാനയില്‍ അംഗത്വം കൊടുക്കരുതായിരുന്നു. അല്ലെങ്കില്‍ അവര്‍ ഫൊക്കാനയില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചതിനുശേഷം കൂടിയ ജനറല്‍ കൗണ്‍സിലില്‍ ആ പ്രശ്നം കൊണ്ടുവരികയും കൈയ്യോടെ അത് തിരസ്ക്കരിക്കുകയും ചെയ്യാമായിരുന്നു. അതിനുപകരം ഇലക്ഷന്‍ ദിവസത്തില്‍ ആ പ്രശ്നം കൊണ്ടുവന്നത് ഉചിതമല്ല. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥികളുടെ പേരും വിലാസവും സംഘടനയുടെ പേരും മറ്റും സൂക്ഷ്മമായി പരിശോധിക്കേണ്ട ചുമതല ഇലക്ഷന്‍ കമ്മീഷണര്‍ക്കായിരുന്നു. അദ്ദേഹം എന്തുകൊണ്ട് അത് ചെയ്തില്ല?
തമ്പി ചാക്കോയും മാധവന്‍ നായരെ പിന്തുണയ്ക്കുന്ന ടി.എസ്. ചാക്കോയും ഫൊക്കാനയുടെ ചിരകാലപ്രവര്‍ത്തകരെന്നതിലുപരി സ്ഥാപക നേതാക്കളുമാണ്. അവരുടെ സേവനങ്ങളെ മാനിച്ച് രണ്ടുപേര്‍ക്കും അഡ്വൈസറി ബോര്‍ഡില്‍ സ്ഥാനവും കൊടുത്തു. തമ്പി ചാക്കോ അതിന്റെ ആജീവനാന്ത *ചെയര്‍മാനുമാണ്. പിന്നെ എങ്ങനെ ഈ രണ്ടുപേരും രണ്ടു ചേരികളില്‍ നിന്ന് പ്രസിഡന്റ് പദവിക്കുവേണ്ടി മത്സരബുദ്ധിയോടെ പെരുമാറുന്നു? അത് ഒരിക്കലും സമ്മതിക്കാന്‍ പാടില്ല. അത് സംഘടനയോടും, സംഘടനയെ വളര്‍ത്തി വലുതാക്കിയ പ്രവര്‍ത്തകരോടും ചെയ്യുന്ന നീതികേടാണ് .

എബ്രഹാം ഈപ്പന്റെ അഭിപ്രായത്തില്‍ സമവായത്തിന് ഇനിയും സമയമുണ്ട്. ഫൊക്കാനയുടെ മോസ്റ്റ് സീനിയര്‍ നേതാക്കളുമായി ഒരു ചര്‍ച്ച നടത്തി സമവായം കണ്ടുപിടിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ട വ്യക്തികള്‍ തന്നെ രണ്ടു ചേരിയില്‍ നിന്ന് പോരടിക്കുമ്പോള്‍, അവരെ ഇനി അഡ്വൈസറി ബോര്‍ഡില്‍ നിലനിര്‍ത്തുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് എബ്രഹാം ഈപ്പന്റെ അഭിപ്രായം. വ്യക്തികളല്ല സംഘടനയാണ് പ്രധാനം. അദ്ദേഹം പറഞ്ഞു. ഫൊക്കാനയില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞ പ്രശ്നം ചില തല്പരകക്ഷികളുടെ സ്വാര്‍ത്ഥമനോഭാവമാണെന്ന് എബ്രഹാം ഈപ്പന്‍ പറഞ്ഞു.

(*തമ്പി ചാക്കോ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2016 ജനുവരിയില്‍ തന്നെ രാജിവെച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്)
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വ്യക്തിയുടെ അഭിപ്രായത്തില്‍ ഫൊക്കാന നാഥനില്ലാ കളരിയായതിന്റെ പ്രത്യക്ഷ തെളിവാണ് ഉപദേശക സമിതി അംഗങ്ങള്‍ തന്നെ അധികാരത്തിനുവേണ്ടി രണ്ടു ചേരിയായി തിരിഞ്ഞ് പോരാടിയത് എന്നാണ്. രണ്ടുപേരേയും "ആജീവനാന്ത ഉപദേശക സമിതി"യില്‍ ചേര്‍ത്തതു തന്നെ തഴക്കവും പഴക്കവുമുള്ള നേതാക്കളാണെന്നതിലുപരി, ഫൊക്കാനയുടെ സ്ഥാപക നേതാക്കള്‍ എന്ന പരിഗണന കൂടി കണക്കിലെടുത്താണെന്നാണ് ഫൊക്കാന പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോള്‍ 'വേലി തന്നെ വിളവ് തിന്ന' അവസ്ഥയിലായി കാര്യങ്ങള്‍.

കൂടാതെ, കടുത്ത വ്യക്തിവൈരാഗ്യവും വര്‍ഗീയവാദവും മേമ്പൊടിയായി പണസ്വാധീനവും മലയാളികളുടെ പ്രിയ ഫൊക്കാനയെ ഗ്രസിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഭരണത്തില്‍ തുടര്‍ന്ന ഒരു വിഭാഗം ക്രിസ്ത്യന്‍ വര്‍ഗീയവാദികളോടുകൂടി നായര്‍ സമുദായത്തിന്റെ പേരില്‍ ഒരു സംഘടന കൂടി പണമിറക്കി കളിച്ച് ഫൊക്കാന പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ പരമ്പരാഗതമായി ഫൊക്കാനയെ പിന്തുണക്കുന്നവര്‍ എതിര്‍ത്തതാണ് ഇലക്ഷന്‍ നടക്കാതെ പോകാനുള്ള കാരണമെന്നും ഈ അഭ്യുദയകാംക്ഷി വിശ്വസിക്കുന്നു.

രൂക്ഷമായ ഈ പ്രതിസന്ധി മറികടക്കാന്‍ ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്ത് ഉടന്‍ തന്നെ രമ്യതപ്പെട്ടില്ലെങ്കില്‍ ഫൊക്കാനയുടെ അന്ത്യം അത് നട്ട് വളര്‍ത്തി വലുതാക്കി എന്ന് വീമ്പിളക്കുന്നവരുടെ കൈ കൊണ്ട് തന്നെയായിരിക്കും. മധ്യസ്ഥ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സ്ഥിരം മധ്യസ്ഥരെ മാറ്റി പൊതുജനങ്ങളുടെ ഹൃദയമിടിപ്പ് അറിയാവുന്ന ഫൊക്കാനയുടെ സഹയാത്രികരായ വിവേകമുള്ള പത്ര-മാധ്യമ പ്രവര്‍ത്തകരെ പരീക്ഷിക്കാവുന്നതാണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന് പ്രശ്‌നം എന്താണന്ന് മനസിലാക്കുകയാണ് ആദ്യപടി. ഫൊക്കാനയുടെ ഇന്നത്തെ പ്രശ്‌നം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തനിക്ക് കിട്ടിയ ഭരണം വിട്ടുകൊടുക്കാതെ ഭരണഘടനാവിരുദ്ധമായി വര്‍ഗീയവാദികളോട് കൂട്ടുചേര്‍ന്ന് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായവാദങ്ങള്‍ ജനറല്‍ ബോഡി പൂര്‍ണമായി നിരസിച്ചു. തെറ്റ് മനസിലാക്കി ഭരണഘടന അനുശാസിക്കും‌വിധം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ബോര്‍ഡ് ഓഫ് ട്രസ്റ്റിയും ഇലക്ഷന്‍ കമ്മിഷണര്‍മാരും ജനഹിതമനുസരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയാല്‍ ഫൊക്കാനയിലെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കപ്പെടും.

ഫൊക്കാന ഇക്കാലമത്രയും ഉണ്ടാക്കിയ സല്‍പേര് നിലനിര്‍ത്തണമെങ്കില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന മുതിര്‍ന്ന ഭാരവാഹികള്‍ ഉടനടി പിന്മാറുകയും, നിയമപ്രകാരം ഭരണം ലഭിക്കേണ്ട തമ്പി ചാക്കോ ടീമിനെ ഭരണം നടത്താന്‍ അനുവദിക്കുകയും ചെയ്യണം. ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്ന നേതാക്കന്മാര്‍ക്ക് അടുത്ത ടേമിലേക്ക് അവസരം നല്‍കാന്‍ ധാരണയാവുകയും ചെയ്താല്‍ നേരം ഇരുട്ടിവെളുക്കും മുമ്പ് ഫൊക്കാന പൂര്‍‌വ്വാധികം ഉന്മേഷത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും.

തലനാരിഴ കീറി നിയമവ്യാഖ്യാനവും പ്രതിവ്യാഖ്യാനവുമായി മുന്നോട്ട്‌ പോവാനാണ് ഭാവമെങ്കില്‍ പ്രതികരണശേഷിയുള്ള അമേരിക്കന്‍ മലയാളി അവരുടെ ഫൊക്കാന എന്നന്നേക്കുമായി കുഴിച്ചുമൂടും. അതിനുമുമ്പ് ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഇരുകൂട്ടരെയും വിളിച്ച് ഭരണത്തില്‍ തുടരുന്നവരും തുടരാന്‍ ആഗ്രഹിക്കുന്നവരും ഇനിയും ഭരണം ലഭിക്കാത്തവര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സാമാന്യ മര്യാദ. ഈ മര്യാദ കാണിക്കാന്‍ കൂട്ടാക്കാതെ ഭരണഘടനാ ലംഘനത്തിലൂടെ വീണ്ടും വീണ്ടും തുടരാനുള്ള അധികാരക്കൊതി ഫൊക്കാനയുടെ അന്ത്യത്തിന് ആക്കം കൂട്ടുമെന്നതില്‍ സംശയം വേണ്ട. - ഒരു അഭ്യുദയകാംക്ഷി.

മറ്റൊരാളുടെ അഭിപ്രായം ഫൊക്കാന എന്ന സാമൂഹ്യ-സാംസ്ക്കാരിക സംഘടനയില്‍ കയറിപ്പറ്റാന്‍ ഒരു മതനേതാവ് വഴിവിട്ട മാര്‍ഗം സ്വീകരിച്ചത് വളരെ മോശമായിപ്പോയി എന്നാണ്. അദ്ദേഹത്തിന്റെ NAMAM എന്ന സംഘടന വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരുന്നത്. എന്തോ ബിസിനസ് താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഫൊക്കാനയില്‍ അംഗത്വമെടുക്കാന്‍ വളഞ്ഞ വഴി സ്വീകരിച്ചത്. അതിന് കൂട്ടുപിടിച്ചത് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനേയും. അവര്‍ രണ്ടുപേരുമാണ് ഈ പ്രശ്നത്തിനെല്ലാം കാരണക്കാര്‍. മാധവന്‍ നായര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഫൊക്കാന കണ്‍‌വന്‍ഷന്‍ വരെ ആക്ടീവ് ആയിരുന്ന നാമത്തിന്റെ വെബ്സൈറ്റ് ഫൊക്കാന തിരഞ്ഞെടുപ്പ് കോലാഹലത്തിനുശേഷം പെട്ടെന്ന് അപ്രത്യക്ഷമായത്. www.namam.org എന്ന വെബ്സൈറ്റ് ഇപ്പോള്‍ നിലവിലില്ല എന്നാണ് ഗൂഗിളില്‍ അടിച്ചാല്‍ കിട്ടുന്നത്. അതിനര്‍ത്ഥം നാമം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന സത്യം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണെന്നാണ് അദ്ദേഹം പറയുന്നത്.

ഫൊക്കാനയുടെ അന്തസ്സും ആഭിജാത്യവും കളഞ്ഞുകുളിയ്ക്കാന്‍ ഫൊക്കാനയിലെ തന്നെ ചിലര്‍ ശ്രമിച്ചത് ദൗഭാഗ്യകരമാണ്. അത് അനുവദിച്ചുകൂടെന്നും അദ്ദേഹം പറയുന്നു.കൂടാതെ എത്രയും വേഗം ഒരു സമവായം കണ്ടെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇരുഭാഗത്തേയും പലരുമായി അടുത്ത സ്നേഹബന്ധം വെച്ചുപുലര്‍ത്തുന്നതുകൊണ്ട് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ബനിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്): ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷം ഇസ്ലാം മതവിശ്വാസികള്‍ ലോകമെങ്ങും ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിച്ച ജൂണ്‍ 6 ബുധനാഴ്ച ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റിലെ ഇസ്ലാം മതവിശ്വാസികളും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. നിറഞ്ഞ വ്രതശുദ്ധിയോടും ആത്മസമര്‍പ്പണത്തോടും കൂടി 30 ദിവസം പൂര്‍ത്തിയാക്കിയ വിശ്വാസികളുടെ കൂട്ടായ്മയായി ഈദ് ആഘോഷം.

ഇന്ന് (ജൂണ്‍ 6 ബുധനാഴ്ച) രാവിലെ 6:30 മുതല്‍ ലേഥമിലെ അല്‍-ഹിദായ ഇസ്ലാമിക് സെന്ററിലേക്ക് വിശ്വാസികള്‍ എത്തിത്തുടങ്ങിയിരുന്നു. ആല്‍ബനി, സ്‌കെനക്ടഡി, ട്രോയ്, ലൗഡന്‍‌വില്‍, ലേഥം മുതലായ സ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലേയും ഇസ്ലാം മതവിശ്വാസികളാണ് അല്‍-ഹിദായയില്‍ ഒത്തുകൂടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ഏകദേശം ആയിരത്തി എണ്ണൂറോളം പേരാണ് പെരുന്നാള്‍ നമസ്ക്കാരത്തിനും തുടര്‍ന്നുള്ള ആഘോഷച്ചടങ്ങുകള്‍ക്കുമായി അല്‍-ഹിദായയില്‍ ഒത്തുചേര്‍ന്നത്.

കൃത്യം 7:30-ന് തക്ബീര്‍ ആരംഭിച്ചു. പെരുന്നാള്‍ ദിനത്തിലെ പ്രധാനകര്‍മമായ ഫിത്വര്‍ സക്കാത്ത് നിസ്ക്കാരത്തിനു മുന്‍പുതന്നെ എല്ലാവരും കൊടുത്തു. ഫിത്വര്‍ സക്കാത്ത് സ്വീകരിക്കുവാന്‍ പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ ഫിത്വര്‍ സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നാണ് ഇസ്ലാം മതവിശ്വാസം. പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വര്‍ സക്കാത്ത് കൊടുക്കണമെന്ന് നിര്‍ബ്ബന്ധമാണ്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്വര്‍ സക്കാത്ത് കൂടി നല്‍കി കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്വര്‍ സക്കാത്തിലൂടെ നല്‍കുന്ന സന്ദേശം.

അല്‍-ഹിദായ ഇസ്ലാമിക് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടുകള്‍ നിറഞ്ഞതുകാരണം ദൂരെ ദിക്കില്‍ നിന്ന് വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. എങ്കിലും സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി. ദൈവ മഹത്വമോതുന്ന തക്ബീര്‍ ധ്വനികള്‍കൊണ്ട് പള്ളിയങ്കണം മുഴങ്ങി. ഇമാം ജാഫര്‍ സെബ്‌ഖൗഇയുടെ കാര്‍മ്മികത്വത്തില്‍ കൃത്യം 8 മണിക്ക് പെരുന്നാള്‍ നിസ്കാരം തുടങ്ങി. അതു കഴിഞ്ഞായിരുന്നു ഖുത്ബ.

സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്ന നമ്മള്‍ കഴിഞ്ഞ 30 ദിനങ്ങള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, കോപങ്ങളും വിദ്വേഷങ്ങളും സ്വയം അടക്കിവെച്ച്, തന്നോട് കോപിക്കുന്നവരോടുപോലും സം‌യമനത്തോടെ സ്നേഹത്തിന്റെ മറുവാക്ക് മൊഴിഞ്ഞ്, സ്വന്തമെന്നു കരുതിപ്പോന്ന ധനം മറ്റുള്ളവര്‍ക്കായി പങ്കുവെച്ച് ആത്മനിയന്ത്രണത്തിന്റെ പാഠങ്ങള്‍ സ്വയം പരിശീലിക്കുകയും, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക ശരീരത്തെ കെട്ടിപ്പടുക്കാന്‍ നമുക്കു സാധിച്ചെങ്കില്‍ തീര്‍ച്ചയായും സ്നേഹബന്ധങ്ങളിലൂടെ ഒരു നല്ല രാഷ്‌ട്രത്തെ നമുക്ക് കെട്ടിപ്പടുക്കാനാകുമെന്ന് ഇമാം തന്റെ ഖുത്ബയിലൂടെ ഉദ്ബോധിപ്പിച്ചു.

"അറിഞ്ഞോ അറിയാതെയോ നാം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റബോധത്താല്‍ നിസ്സംഗനാകാതെ ആ പാപങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണ് വേണ്ടത്. പരിശുദ്ധ റമദാന്‍ മാസം പാപമോചനത്തിന്റേയും മാപ്പാക്കലിന്റേയും മാസമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവാതെ, പ്രതീക്ഷയോടെ നാളെയിലേക്ക് നോക്കാനാണ് ഇക്കഴിഞ്ഞ റമദാന്‍ മാസം നമ്മെ പഠിപ്പിച്ചത്. ആ അനുഗ്രഹ മാസത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ഈദുല്‍ഫിത്ര്‍. ഈ ദിനം സന്തോഷിക്കാനുള്ളതാണ്. അല്ലാഹുവിനെ കൂടുതല്‍ ഉച്ചത്തിലും ആഴത്തിലും സ്തുതിക്കാനുള്ളതാണ്. മഹത്തായ ഈ ദിനം സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക. പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കുക. ജാതിമതഭേദമെന്യേ എല്ലാവരെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക. അങ്ങനെ ഭൂമിയില്‍ ആഹ്ലാദം നിറയുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്...." - ഇമാം തന്റെ ഖുത്‌ബയില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അന്യായമായി തടവറകളില്‍ അകപ്പെട്ടവര്‍, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍, അധിനിവേശത്തിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമാവുന്നവര്‍, നിലനില്‍പിനായുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍... അവരെ മറക്കരുത്. പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തുക. ഐക്യദാര്‍ഢ്യത്തിന്റെ കരുത്ത് നിറഞ്ഞ സന്ദേശം അവര്‍ക്ക് കൈമാറുക.

അകലാനല്ല; അടുക്കാനും സ്‌നേഹിക്കാനുമാണ് നമുക്ക് സാധിക്കുക എന്ന സന്ദേശം എല്ലാവരും ഉയര്‍ത്തിപ്പിടിക്കുക. പെരുന്നാള്‍  സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ഒരു മഹാനാളാകും എന്ന് പ്രത്യാശിക്കാം. ഇമാം ജാഫര്‍ സെബ്‌ഖൗഇയുടെ പ്രഭാഷണം പള്ളിയങ്കണം നിറഞ്ഞുകവിഞ്ഞ വിശ്വാസികള്‍ ശ്രദ്ധയോടെ കേട്ടു.

നിസ്കാരത്തിനുശേഷം എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തും, ആശ്ലേഷിച്ചും പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.





2016 ജൂലൈ 4, തിങ്കളാഴ്‌ച

ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയോ ..?


ഈയ്യിടെ അമേരിക്കയിലെ ഒരു അച്ചടി മാധ്യമത്തില്‍ ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനം വായിക്കാനിടയായി. അച്ചടി മാധ്യമങ്ങളുടെ നിലനില്പ് ഓണ്‍‌ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവോടെ ചോദ്യചിഹ്നമായിരിക്കുന്നു എന്ന ധ്വനിയോടെയുള്ള വിമര്‍ശനങ്ങള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്. ആ ഒരു നിഗമനം ഒട്ടും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങളുടെ അന്തകനായിത്തീരുകയാണെന്ന ധാരണയോടെ പല സമ്മേളനങ്ങളിലും ചില അമേരിക്കന്‍ മലയാളി പത്രപ്രതിനിധികള്‍ വേവലാതിയോടെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. സത്യത്തില്‍ ഈ അച്ചടി മാധ്യമങ്ങളുടെ ആരോപണം ശരിയാണോ?

പരസ്യങ്ങള്‍ക്ക് ഭീമമായ തുക വാങ്ങി പ്രസിദ്ധീകരിക്കുന്ന പല പത്രങ്ങളും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നത് സത്യം തന്നെ. ചിലരാകട്ടേ ഓണ്‍‌‌ലൈനിലേക്ക് ചുവടുമാറ്റുകയും, മറ്റു ചിലര്‍ അവ രണ്ടും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകുകയും  ചെയ്യുന്നു. എന്നാല്‍, ഇക്കാരണമൊന്നും പരമ്പരാഗത ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് ഭീഷണിയല്ല, പരസ്യങ്ങള്‍ക്കാണെങ്കിലും വലിയ നിഷ്ക്കര്‍തയില്ല. ടെക്‌നോളജിയുടെ അനന്തസാധ്യത മുതലെടുത്ത്, അത് വേണ്ടുവോളം ഉപയോഗപ്രദമാക്കുകയും ആ ഒഴുക്കിനനുസരിച്ച് നീന്തുന്ന ജനങ്ങളെയാണ് ഇന്ന് നാം കാണുന്നത്. അവര്‍ മൈക്രോ വായനയിലേക്ക് മന്ദം മന്ദം മാറിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ഒരു പത്രം കൈയ്യിലെടുത്ത് അതിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി വായിക്കുന്ന സ്വഭാവം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മൈക്രോ വായനകളാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. പ്രധാന വാര്‍ത്തകള്‍....ഓടിച്ചൊരു വായന..., ടാബ്ലറ്റും, ഐഫോണും, ഐപാഡും, വാട്സ്‌ആപ്പുമൊക്കെയായി, യാത്രയില്‍ പോലും ഒരു ത്വരിത വായന... പത്രം ചുരുട്ടിക്കെട്ടി കക്ഷത്തില്‍ വെച്ച് പോകുന്നിടത്തെല്ലാം നിവര്‍ത്തിപ്പിടിച്ചിരുന്ന് വായിക്കുന്നില്ലെന്ന് ചുരുക്കം.
അച്ചടി മാധ്യമങ്ങളുടെ നിലനില്‍‌പ് പരസ്യങ്ങളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ പല പത്രങ്ങളും ചില വാര്‍ത്തകള്‍ തമസ്ക്കരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. രാഷ്‌ട്രീയ കൂട്ടുകെട്ടോ മതങ്ങളുടെ സ്വാധീനമോ ഒക്കെ ആകാം അതിനു കാരണം. പ്രധാനപ്പെട്ട പല വാര്‍ത്തകളും അച്ചടി മാധ്യമങ്ങള്‍ തിരസ്കരിക്കുമ്പോള്‍ ജനം ആ വാര്‍ത്ത അറിയുന്നത് ഓണ്‍ലൈന്‍ മീഡിയ വഴിയായിരിക്കും. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവ് വെക്കാന്‍ നിര്‍ബന്ധിതമാകുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെ തെളിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ പരസ്യദാതാക്കള്‍ക്കെതിരായ വാര്‍ത്തകളെ പാടേ വിഴുങ്ങുന്ന മുഖ്യധാരാ മാധ്യമ സംസ്കാരത്തിന് വെല്ലുവിളി തന്നെയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍.

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദ്വൈവാര്‍ഷിക സെമിനാറുകളില്‍ കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് അച്ചടി മാധ്യമങ്ങളുടെ പതം പറച്ചില്‍. പല അച്ചടി മാധ്യമങ്ങളും ചരമഗീതം പാടേണ്ട അവസ്ഥയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങളുടെ കടന്നു വരവോടെ സം‌ജാതമായിരിക്കുന്നതെന്നാണ് അവരുടെ പരാതി. എന്നാല്‍, അമേരിക്കയിലെ ഒരു സീനിയര്‍ പത്രാധിപനായ ജോയിച്ചന്‍ പുതുക്കുളം ഒരിക്കല്‍ പറഞ്ഞതുപോലെ 'ഒരാള്‍ മരിച്ചാല്‍ ശവമടക്ക് കഴിഞ്ഞതിനുശേഷമാണോ മരണവാര്‍ത്ത ലോകം അറിയേണ്ടത് ?' -  അദ്ദേഹം അങ്ങനെ ചോദിച്ചതിനു കാരണവുമുണ്ട്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മരണം നടന്നാലും നിമിഷങ്ങള്‍ക്കകം അത് ഓണ്‍‌ലൈനില്‍ ചരമ വാര്‍ത്തയായി പ്രത്യക്ഷപ്പെടും. അമേരിക്കയിലെ എല്ലാ അച്ചടി മാധ്യമങ്ങളും ആഴ്ചയിലൊരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്. ഇവിടെയാണ് ശ്രീ ജോയിച്ചന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത്. ചരമ വാര്‍ത്ത മാത്രമല്ല, മറ്റു പല വാര്‍ത്തകളും ആഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ അറിഞ്ഞിട്ടെന്തു പ്രയോജനം? അപ്പോള്‍ 24 മണിക്കൂറും അപ്‌ഡേറ്റു ചെയ്യുന്ന ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്?

മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ-മത വിഭാഗങ്ങളാല്‍ സ്വാധീനം ചെലുത്തപ്പെട്ടവരോ അല്ലെങ്കില്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരോ ആണെങ്കില്‍ തീര്‍ച്ചയായും വാര്‍ത്തകള്‍ മുക്കാനും ഈ മാധ്യമങ്ങള്‍ ശ്രമിച്ചെന്നിരിക്കും. അഴിമതി, അക്രമം, പീഡനം, കൊലപാതകം എന്നിവ കൊണ്ട് അവര്‍ പേജുകള്‍ നിറയ്ക്കുമ്പോള്‍, ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ അവര്‍ തമസ്ക്കരിക്കുന്നു. ഈ പ്രവണത ആരംഭിച്ചതോടെയാണ് ഒരു ബദല്‍ മാര്‍ഗമെന്ന നിലക്ക് ആരെയും ഭയക്കാതെ, ആരേയും പ്രീണിപ്പിക്കാതെ, ചങ്കൂറ്റത്തോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും രംഗപ്രവേശം ചെയ്തത്. നിലവിലുള്ള മാധ്യമ സംസ്കാരത്തെ തന്നെ തിരുത്തിയെഴുതുകയാണ് പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന ഇത്തരം നവമാധ്യമങ്ങള്‍.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ എന്നെന്നും നിലനില്‍ക്കുമെന്നാണ് ചിലരുടെ വാദം. എത്ര അര്‍ത്ഥശൂന്യമാണ് ഈ ചിന്താഗതി...! ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇങ്ങനെയുള്ള ബാലിശമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നതു തന്നെ അജ്ഞത കൊണ്ടാണ്. ഏത് വാര്‍ത്തയും ഡിജിറ്റലായി ആര്‍കൈവ്സ് ചെയ്യാനുള്ള സം‌വിധാനം ഇന്ന് ലഭ്യമാണ്. ഒരു ഓണ്‍‌ലൈന്‍ മാധ്യമം അവരുടെ ഡാറ്റാബേസ് നശിപ്പിക്കാത്തിടത്തോളം കാലം ആ സൈറ്റിലെ വാര്‍ത്തകള്‍ അവിടെയുണ്ടാകും, എത്ര കാലം കഴിഞ്ഞാലും. ഇനി ആര്‍ക്കെങ്കിലും സ്വന്തം വാര്‍ത്തകളോ മറ്റോ ആര്‍ക്കൈവ്സ് ചെയ്യണമെങ്കില്‍ അതും സ്വന്തം നിലയില്‍ തന്നെ ചെയ്യുകയും ചെയ്യാം. ഈ അടുത്ത കാലത്ത് മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ശ്രീ എ.സി. ജോര്‍ജ്ജ് ഹൂസ്റ്റണില്‍ നിന്ന് എഴുതിയ ഒരു ലേഖനത്തില്‍ കണ്ടു ഒരു ഗ്രോസറിക്കടയില്‍ മീന്‍ വെട്ടുന്നത് ഒരു മലയാള പത്രം നിരത്തി വെച്ചാണെന്ന്. അതാണ് സംഭവിക്കുന്നത്. വായിച്ചു കഴിഞ്ഞാല്‍ മീന്‍ വെട്ടാനോ, ഇറച്ചി പൊതിയാനോ, അതുമല്ലെങ്കില്‍ വല്ല ആക്രിക്കാര്‍ക്കോ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ആ പത്രത്തിന്റെ പൊടിപോലും കാണില്ല. അച്ചടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര കാലം സൂക്ഷിച്ചു വെക്കാനാകും? പേപ്പര്‍ കട്ടിംഗ് സൂക്ഷിച്ചു വെക്കുന്ന കാലവും അസ്തമിക്കുകയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏതു സമയത്തും എവിടെവെച്ചും വായിക്കാനുമുള്ള ടെക്നോളജി ഇന്ന് സുലഭമാണെന്ന് പറഞ്ഞുകഴിഞ്ഞു. അമേരിക്കയിലെ എഴുത്തുകാര്‍ക്ക് അവരുടേ കൃതികള്‍ നിമിഷനേരം കൊണ്ട് ലോകമൊട്ടാകെ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല മീഡിയം ഓണ്‍‌ലൈന്‍ മാധ്യമങ്ങളാണ്. ചിലരുടെ രചനകള്‍ ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്യുമ്പോള്‍ പതിനായിരക്കണക്കിന് പേര്‍ക്കാണ് അത് ഷെയര്‍ ചെയ്ത് പോകുന്നത്. അങ്ങനെ ആ എഴുത്തുകാരനേയും അവരുടെ സാഹിത്യത്തേയും ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രക്രിയ കൂടി ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ ചെയ്തുകൊടുക്കുന്നു. ഈയൊരു സൗകര്യമാണ് അച്ചടി മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും.

ജനങ്ങള്‍ക്ക് അറിയേണ്ടുന്ന പല വാര്‍ത്തകളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം കോടികളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ബിസിനസ് സാമ്രാജ്യം തന്നെ. പ്രമുഖ ബ്രാന്‍ഡ് വിതരണക്കാര്‍ രാജ്യവ്യാപകമായി അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആശ്രയിക്കുന്നത് മാധ്യമങ്ങളേയാണ്, അവയില്‍ കൂടുതലും പത്രങ്ങളും ചാനലുകളുമാണ്. കോടികളുടെ പങ്ക് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും പരസ്യങ്ങള്‍ വഴി അവര്‍ നല്‍കുന്നു. പത്രത്താളുകളില്‍ പരസ്യങ്ങള്‍ നിറയുന്നു. അതുകൊണ്ട് തന്നെ അവര്‍ നടത്തുന്ന അഴിമതിയെക്കുറിച്ചോ, അവരുടെ ഉത്പ്പന്നങ്ങളുടെ ഗുണമില്ലായ്മയെക്കുറിച്ചോ മറ്റോ ഉള്ള വാര്‍ത്തകളും ഈ പരസ്യങ്ങള്‍ക്കു പിന്നില്‍ ഒളിക്കുന്നു. വെബ്സൈറ്റുകള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്.

അമേരിക്കയില്‍ വളര്‍ന്നു വരുന്ന മറ്റൊരു പ്രവണതയാണ് പരസ്യങ്ങള്‍ വാര്‍ത്തകളായി പത്രക്കാര്‍ക്ക് കൊടുക്കുന്നത്. സ്റ്റേജ് ഷോകള്‍, റിയാലിറ്റി ഷോകള്‍ മുതലായ, പ്രവേശന ഫീസ് വെച്ച് നടത്തുന്ന പരിപാടികളുടെ പരസ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളെ ഒഴിവാക്കി സംഘാടകര്‍ അതൊരു വാര്‍ത്തയായി മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. പരസ്യമാണോ വാര്‍ത്തയാണോ എന്ന് വേര്‍തിരിച്ചറിയാനാവാതെ ചില അച്ചടി മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുന്നു, മറ്റു ചിലര്‍ അത് തിരസ്ക്കരിക്കുന്നു. എന്നാല്‍ ഓണ്‍‌ലൈന്‍ മാധ്യമങ്ങളാകട്ടെ അത് അപ്പാടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. അത് പ്രസിദ്ധീകരിക്കരുതെന്ന് പറയാന്‍ ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇല്ല. ഒരു ഓണ്‍‌ലൈന്‍ തിരസ്ക്കരിച്ചാല്‍ മറ്റുള്ളവര്‍ അത് പ്രസിദ്ധീകരിക്കും. പരസ്പരധാരണയും സഹകരണവും ഇല്ലാത്തതാണ് അതിനു കാരണം. പരസ്യവും വാര്‍ത്തയും വേര്‍തിരിച്ചുകണ്ട് അവയെ നിയന്ത്രിക്കാന്‍ ഒരു സംഘടനയും അമേരിക്കയില്‍ നിലവിലില്ല. ഉള്ള സംഘടനയ്ക്കാകട്ടെ അക്കാര്യത്തില്‍ ഇടപെടാന്‍ താല്പര്യവുമില്ല.

ചില പത്രക്കാര്‍ക്ക് പരസ്യങ്ങള്‍ ലഭിക്കുന്നതോടെ വാര്‍ത്ത വാര്‍ത്തയായും പരസ്യം പരസ്യമായും മുന്നോട്ട് പോകുമെന്ന് പറയാനുള്ള ആര്‍ജവം അവര്‍ക്ക് ചോര്‍ന്നു പോകുന്നു. വാര്‍ത്ത വാര്‍ത്തയായിത്തന്നെ മുന്നോട്ട്പോകുമെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടാകുമ്പോഴാണ് മാധ്യമങ്ങളുടെ നേരെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവുക. പരസ്യം തരുന്നവരോടുള്ള കടപ്പാടിനും ബഹുമാനത്തിനും ഒരു ലക്ഷ്മണ രേഖയുണ്ടാകണം. സമൂഹത്തിന് അറിയാനവകാശമുള്ള ഒരു സുപ്രധാന വാര്‍ത്തയെ പാടേ തിരസ്കരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ബഹുമാനവും കടപ്പാടും മാറുമ്പോള്‍ മാധ്യമ ധര്‍മത്തിന്‍റെ അടിവേരുകളിലാണ് കത്തി വീഴുന്നത്.

കോടിക്കണക്കിന് രൂപയൊന്നും അമേരിക്കന്‍ അച്ചടി മാധ്യമങ്ങള്‍ക്ക് കിട്ടാറില്ല. എങ്കിലും, അമേരിക്കയിലെ എല്ലാ സംഘടനകളുടേയും ദൈനംദിന വാര്‍ത്തകളും വിശേഷങ്ങളും മാലോകരെ അറിയിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങള്‍ തന്നെ. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ തന്നെ. അച്ചടി മാധ്യമങ്ങള്‍ പോലെ ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്കും ചിലവുണ്ട്. എന്നാല്‍, വളരെ ചുരുക്കം പരസ്യങ്ങളേ അവര്‍ക്ക് കിട്ടുന്നുള്ളൂ എങ്കിലും, ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും സ്വന്തമായി ജോലി ഉള്ളവരും വരുമാനമുള്ളവരുമാകയാല്‍ ഓണ്‍‌ലൈന്‍ മാധ്യമ പ്രവര്‍ത്തനം ഒരു പാഷന്‍ അല്ലെങ്കില്‍ മലയാള ഭാഷയോടുള്ള ഒരു അഭിനിവേശം അതുമല്ലെങ്കില്‍ ഒരു സാമൂഹ്യസേവനം എന്ന നിലയ്ക്ക് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി അത് നടത്തുന്നു, പരാതിയില്ലാതെ....പരിഭവമില്ലാതെ....!! ചില ഓണ്‍‌ലൈന്‍ മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസുകള്‍ ഉണ്ടെങ്കിലും എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല.

പല സംഘടനകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ നിശ്ചിത തുക നല്‍കാറുണ്ട്. പക്ഷെ, ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ അവര്‍ പാടെ അവഗണിച്ച മട്ടാണ്. അച്ചടി മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ പേരില്‍ അവരുടെ വാര്‍ത്തകളും വിശേഷങ്ങളും എത്തിച്ചുകൊടുക്കുന്നത് ഓണ്‍‌ലൈന്‍ മാധ്യമങ്ങളാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍, മറ്റു  ചില സംഘടനകള്‍ അവര്‍ക്ക് താല്പര്യമുള്ള അച്ചടി/ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടെന്നുള്ളതും സത്യമാണ്. അങ്ങനെ ഒന്നോ രണ്ടോ മാധ്യമങ്ങളെ സ്വാധീനിച്ച് മറ്റു മാധ്യമങ്ങളെ തഴയുന്ന പ്രവണതയും ശരിയല്ല. അതുപോലെതന്നെ ഏതെങ്കിലും ഒരു മാധ്യമത്തിന് 'എക്സ്‌ക്ലൂസീവ് റൈറ്റ്സ്' കൊടുക്കുന്നതും ശരിയല്ല.

അച്ചടി മാധ്യമങ്ങളേക്കാള്‍ കരുത്തും ആര്‍ജ്ജവവും ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്കു തന്നെയാണ്. സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പല മുഖ്യധാരാ മാധ്യമങ്ങളും വിസമ്മതിക്കുമ്പോള്‍
ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അതേറ്റെടുക്കുന്നു, ധൈര്യപൂര്‍‌വ്വം അവ പ്രസിദ്ധീകരിക്കുന്നു. ഭരണകൂടങ്ങളെപ്പോലും വിറപ്പിച്ച ഓണ്‍‌ലൈന്‍ മാധ്യമങ്ങളുണ്ട്. ടെക്‌നോളജിയുടെയും വിവര സാങ്കേതികവിദ്യയുടേയും കരുത്തറിഞ്ഞ് തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാഞ്ജെ ‘വിക്കിലീക്സ്’ ആരംഭിച്ചത്. ലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതുപോലെ എത്രയെത്ര രഹസ്യങ്ങള്‍ 'രഹസ്യ   ഓപ്പറേഷനിലൂടെ' നവമാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതാണ് സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം നടക്കുന്ന ഒരു പരിപാടിയുടെ വാര്‍ത്തകള്‍ ഒരാഴ്ച കഴിഞ്ഞ് പത്രത്തില്‍ വന്നതുകൊണ്ട് എന്തു പ്രയോജനം? വാര്‍ത്തകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സം‌വിധാനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുണ്ട്. പരസ്യം കിട്ടിയോ ഇല്ലയോ എന്ന് അവര്‍ അന്വേഷിക്കാറില്ല. എന്നിരുന്നാലും പല സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ ലോകജനതയെ അറിയിച്ചുകൊണ്ടിരിക്കുന്നു. 

പ്രാദേശിക അച്ചടി മാധ്യമങ്ങളേക്കാള്‍ എന്തുതന്നെയായാലും ലോകമാകെ വായനക്കാരുള്ള ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ തന്നെയാണ് പുതുയുഗത്തിന്റെ ശക്തി. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവെക്കാന്‍ നിര്‍ബന്ധിതമാക്കുന്ന അച്ചടി മാധ്യമങ്ങള്‍ ഏതാണ്ട് അസ്തമനത്തോടടുക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന വാര്‍ത്തകള്‍ മരിക്കുന്ന കാലം അസ്തമിച്ച് കഴിഞ്ഞുവെന്നും വാര്‍ത്ത മുക്കുന്ന പത്രമുതലാളിമാര്‍ നവമാധ്യമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. എന്ത് തന്നെയായാലും മുഖ്യധാരാമാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ എത്ര മൂടിവെച്ചാലും അവ പുറത്തുകൊണ്ടുവരുന്ന നവ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിങ്ങളെ വിചാരണ ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. അല്ലാതെ ജനങ്ങളില്‍ നിന്നും മൂടിവെക്കാനുള്ള സ്വാതന്ത്ര്യമല്ല.

മുന്‍പ് സൂചിപ്പിച്ചപോലെ അമേരിക്കയിലെ ഓണ്‍‌ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിക്കാന്‍ തൊഴിലുണ്ട്. അവര്‍ക്ക് വരുമാനമുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നത് സംഘടനകളുടേയും സംഘടനാ നേതാക്കളുടേയും മനോധര്‍മ്മമനുസരിച്ചിരിക്കും. എന്നാല്‍, അച്ചടി മാധ്യമങ്ങള്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തനം അവരുടെ കുത്തകയാക്കി വെച്ചുകൊണ്ടിരിക്കുന്നതിനെ മാധ്യമ പ്രവര്‍ത്തനമെന്നല്ല പറയേണ്ടത്.

പരസ്യങ്ങളുടെ ദൗര്‍ലഭ്യം മൂലം പത്രങ്ങളുടെ അച്ചടി മുടങ്ങിയാല്‍ അതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവാണെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. സമകാലീനസാഹചര്യത്തില്‍ അച്ചടി- ദൃശ്യമാധ്യമങ്ങളുടെ പ്രസക്തി അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ സാധാരണ മനുഷ്യന്‍ ആശയാവിഷ്കാരത്തിനായി നവമാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയയും പരസ്പരപൂരകമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരം ആശയാവിഷ്കാരത്തിനുള്ള വേദികളാണ്.

2016 ജൂൺ 23, വ്യാഴാഴ്‌ച

'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..'


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിക്കേണ്ടതാണ്. ജനങ്ങളില്‍ ഒരുവനായി അല്ലെങ്കില്‍ ഒരുവളായി ജീവിച്ച്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എം.എല്‍.എ.ആകുകയും പിന്നീട് മന്ത്രിപദത്തിലേക്കെത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്, എന്തിനാണ് അതേ ജനങ്ങളില്‍ നിന്ന് സം‌രക്ഷണമെന്ന് ഇപ്പോഴെങ്കിലും ആലോചിക്കാനുള്ള സത്ബുദ്ധി തോന്നിയല്ലോ എന്നും ആശ്വസിക്കാം.

ജനസേവനമാണ് മന്ത്രിമാരുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക് സം‌രക്ഷണത്തിന്റെ ആവശ്യമേ ഇല്ല. നേരെ മറിച്ച് ജനദ്രോഹപരമായ നടപടികളാണ് അവര്‍ ചെയ്തുകൂട്ടുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സം‌രക്ഷണം വേണം, അതുപക്ഷേ സ്വന്തം ചിലവിലാകണമെന്നു മാത്രം. നികുതിദായകരുടെ പണം കൊണ്ടായിരിക്കരുത് അവര്‍ക്ക് സം‌രക്ഷണം നല്‍കേണ്ടത്.

'അനുഭവം ഗുരു' അതാകാം പിണറായി വിജയന്‍ മാറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. മുന്‍‌കാലങ്ങളിലെ മന്ത്രിസഭകളിലെ മന്ത്രിമാര്‍ക്കെല്ലാം സം‌രക്ഷണഭിത്തി തീര്‍ത്ത് ചുറ്റും പോലീസ് കാവലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ 'ഇതോ ജനനായകന്‍' എന്നു ചിന്തിച്ചുപോകും. സാദാ പോലീസ് കൂടാതെ, കമാന്റോകളും കരിം‌പൂച്ചകളും അകമ്പടി സേവിച്ചിട്ടാണോ ഒരു മന്ത്രി ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെടേണ്ടത്? അല്ലേ അല്ല.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിക്ക് പതിനാറു പോലീസുകാര്‍ വരെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ധൂര്‍ത്തിന് മറ്റൊരു നിര്‍‌വ്വചനത്തിന്റെ ആവശ്യമില്ല. പെഴ്‌സണല്‍ സ്റ്റാഫും, സെക്യൂരിറ്റിയും, ഗാര്‍ഹിക ജോലിക്കാരുമൊക്കെയായി, ജനങ്ങളുടെ ചിലവില്‍ വിലസി നടന്നിരുന്നവര്‍ക്കും, വിലസാന്‍ പ്ലാന്‍ ചെയ്തവര്‍ക്കും ഇരുട്ടടി പോലെയായി ശ്രീ പിണറായി വിജയന്റെ തീരുമാനം.

മന്ത്രിമാര്‍ക്ക് മാത്രമല്ല, ആത്മീയ-മത നേതാക്കള്‍ക്കും സാമുദായിക നേതാക്കള്‍ക്കും വരെ സുരക്ഷ നല്‍കിയിരുന്നത് സര്‍ക്കാരിന്റെ ചിലവിലാണെന്ന് കേള്‍ക്കുമ്പോഴാണ് സാക്ഷര കേരളം ഭരിക്കുന്നവരുടെ വിവരക്കേട് മനസ്സിലാകുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആറ് പോലീസുകാരുടെ സം‌രക്ഷണമാണത്രേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്...!! വെള്ളാപ്പള്ളി നടേശന്‍ ഒരു രാഷ്‌ട്രീയ നേതാവോ ആത്മീയ ഗുരുവോ ഒന്നുമല്ല. ഒരു അബ്‌കാരി എന്ന സ്ഥാനമേ വെള്ളാപ്പള്ളിക്കുള്ളൂ. ആ അബ്‌കാരിക്കാണ് നികുതിദായകരുടെ പണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സം‌രക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഏതായാലും വെള്ളാപ്പള്ളിയുടെ സം‌രക്ഷണത്തിന് നിയോഗിച്ചിരുന്ന ആറു പോലീസുകാരെയും പിന്‍വലിച്ചത് ജനങ്ങളോട് കാണിച്ച നീതിയാണ്. പക്ഷെ, കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷയും വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ടത്രേ....!!

ജനങ്ങളാല്‍ തിരഞ്ഞെടുത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി എന്തിനാണ് പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നാണ് പിണറായി വിജയന്‍ ചോദിക്കുന്നത്. ശരിയല്ലേ... ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണെങ്കില്‍ ഈ പണിക്ക് പോകരുത്.  ഏതായാലും മാതൃകയായി തനിക്കേര്‍പ്പെടുത്തിയ പോലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്ന് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചു കഴിഞ്ഞു. 'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..'

ഇങ്ങനെ വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടി വരുന്നതിനാല്‍ പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിനു പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നുകൂടി കൂട്ടി വായിക്കണം.

ശ്രീ പിണറായി വിജയന്‍ എടുത്ത തീരുമാനം കേരള ജനത ഒന്നടങ്കം സ്വീകരിക്കുമെന്നുറപ്പാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് തോന്നിയപോലെ ഭരണം നടത്തുമ്പോള്‍ അവരെ അവരാക്കിയ സമ്മതിദായകരുടെ നിസ്സഹായവസ്ഥ അവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടും അതിനൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ 'അനുഭവമാണ് ഗുരു' എന്ന ആപ്തവാക്യത്തിന് ഇവിടെ പ്രസക്തിയേറുന്നു.

മുന്‍ എല്‍.ഡി.എഫ്. സാര്‍ക്കാരിനു തോന്നാത്ത സല്‍ബുദ്ധി ഇപ്പോള്‍ പിണറായി വിജയന് തോന്നിയത് തീര്‍ച്ചയായും അദ്ദേഹം മാറ്റത്തില്‍ വിശ്വസിക്കുന്നതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ മുന്‍‌കാല അനുഭവമായിരിക്കാം.  മന്ത്രിമാരുടെ സുരക്ഷാ വലയത്തില്‍ മാത്രമല്ല, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടവും കൊണ്ടുവന്നത് സുതാര്യമായ ഒരു ഭരണം അദ്ദേഹം ജനങ്ങള്‍ക്കായി വാര്‍ത്തെടുക്കുന്നുണ്ടെന്ന സൂചന കൂടിയാണ്.

2016 മേയ് 29, ഞായറാഴ്‌ച

സ്വന്തം മകന്റെ കൈകളാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ദുരന്ത കഥ

ചെങ്ങന്നൂര്‍ സ്വദേശിയും ടെക്സസില്‍ സ്ഥിരതാമസക്കാരനുമായിരുന്ന 68-കാരന്‍ ജോയ് ജോണിന്റെ ദാരുണ അന്ത്യം മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു അമേരിക്കന്‍ മലയാളിയെ നാട്ടില്‍ വെച്ച് സ്വന്തം മകന്‍ തന്നെ കൊലപ്പെടുത്തി എന്നത് അവിശ്വസനീയമായി തോന്നുന്നു. മെയ് 19-നാണ് ജോണും ഭാര്യയും ഇളയ മകന്‍ ഡോ. ഡേവിഡും നാട്ടിലെത്തിയത്. മെയ് 25-ന് ജോണ്‍ കൊല്ലപ്പെടുകയും ചെയ്തു; അതും മൂത്ത മകന്‍ ഷെറിന്‍ (36)ജോണിന്റെ കൈകളാല്‍....!!

ജന്മസ്വദേശമായ ചെങ്ങന്നൂരില്‍ വെച്ചാണ് പിതാവിനെ വെടിവച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതെന്ന് വാര്‍ത്തകളില്‍ പറയുന്നു.  മകനുമായുള്ള സ്വത്തുതര്‍ക്കമെന്ന് സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. മെയ് 25 മുതലാണ് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ്.വി. ജോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ഷെറിന്‍.വി.ജോണ്‍ ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഇന്ത്യയില്‍ സൈനികസേവനം പൂര്‍ത്തിയാക്കിയ ജോയ് ഭാര്യ ടെക്‌സസില്‍ നഴ്‌സായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങോട്ടു താമസം മാറ്റുകയായിരുന്നു. ഇവരുടെ മൂന്നു മക്കളില്‍ രണ്ടു പേര്‍ അമേരിക്കയിലും പിടിയിലായ മകന്‍ ഷെറിന്‍ കേരളത്തിലുമാണ് താമസിക്കുന്നത്. മുന്‍പ് അമേരിക്കയിലായിരുന്ന ഷെറിന്റെ ദുര്‍നടപ്പ് കാരണം ടെക്സസില്‍ നിന്ന് ഡിപ്പോര്‍ട്ട് (നാടുകടത്തല്‍) ചെയ്യുകയായിരുന്നു എന്നും സംസാരമുണ്ട്. തുടര്‍ന്ന് കേരളത്തിലെത്തിയ ഐടി വിദഗ്ധനായ ഷെറിന്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു .

2003 മുതല്‍ നാട്ടില്‍ താമസിക്കുന്ന ഷെറിനും പിതാവ് ജോയ്.വി.ജോണും തമ്മില്‍ സ്വത്തു സംബന്ധിച്ചു നിരവധി തവണ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണു ചെങ്ങന്നൂരില്‍ നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. ഷെറിന്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിവാഹബന്ധം തകര്‍ന്ന ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിനു സമീപത്തെ ഇവരുടെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ചെരിപ്പും ചുമരില്‍ രക്തക്കറയും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ടാണു പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കോട്ടയത്തെ ലോഡ്ജില്‍ നിന്നു മെയ് 26 രാത്രിയോടെ മകനെ പിടികൂടിയത്. ജോയ് വി. ജോണിന്റെ ദുരൂഹമായ തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനു ബലപ്പെട്ടതു പിടിയിലായ മകന്‍ അമ്മ മറിയാമ്മയോടു പറഞ്ഞ കാര്യങ്ങളായിരുന്നു.

മെയ് 25 മുതലാണു ജേണിനെയും മകന്‍ ഷെറിനെയും കാണാതായത്. 26 രാവിലെ എട്ടരയോടെയാണു മറിയാമ്മയുടെ ഫോണിലേക്കു ഷെറിന്റെ വിളിയെത്തിയത്. തലേന്നു രാത്രി മുതല്‍ കാണാതായതിന്റെ വിഷമത്താല്‍ അമ്മയെന്തെങ്കിലും പറയുന്നതിനു മുന്‍പേ മകന്‍ പറഞ്ഞതു ഞെട്ടിക്കുന്ന വാക്കുകളായിരുന്നു. ‘സ്വത്തിനെച്ചൊല്ലി അച്ഛനുമായി വഴക്കുണ്ടായി, എന്നെ തോക്കെടുത്തു വെടിവയ്ക്കാനൊരുങ്ങിയപ്പോള്‍ പിടിച്ചു വാങ്ങി തിരികെ വെടിവച്ചു’. ഇതു കേട്ടതിന്റെ ആഘാതത്തില്‍ സ്തബ്ധയായി നിന്ന മറിയാമ്മ സമനില വീണ്ടെടുക്കുന്നതിനു മുന്‍പേ ഷെറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. ഈ ഫോണ്‍ സന്ദേശം സംബന്ധിച്ച മറിയാമ്മയുടെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതേത്തുടര്‍ന്നാണു പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയതും ഷെറിനെ കസ്റ്റഡിയിലെടുത്തതും.

25നു രാവിലെ കാറിന്റെ എസി നന്നാക്കാനാണു ജോയിയും മകനും തിരുവനന്തപുരത്തേക്കു പോയത്. വൈകിട്ടു നാലരയ്ക്കു തിരിച്ചു മുളക്കുഴയില്‍ എത്തിയപ്പോള്‍ ഭാര്യ ജോയിയെ വിളിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സ്വത്തു സംബന്ധിച്ചു അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതു വെടിവയ്പില്‍ കലാശിക്കുകയും ചെയ്തുവെന്നാണു കരുതുന്നത്. തോക്ക് ജോയിയുടേതാണെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഇവരുടെ ഗോഡൗണിന്റെ താക്കോല്‍ മറ്റൊരു കടക്കാരനില്‍ നിന്നു ഷെറിന്‍ വാങ്ങിച്ചിരുന്നു. ഇതു തിരിച്ചു നല്‍കിയിട്ടില്ല. നാട്ടില്‍ താമസിക്കുന്ന മകന്‍ ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നു ഭാര്യ മറിയാമ്മ 26ന് ആണു പൊലീസില്‍ പരാതി നല്‍കിയത്. 25നു തിരുവനന്തപുരത്തു പോയ ഇരുവരും തിരിച്ചു വീട്ടില്‍ എത്തിയില്ലെന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവിനു ഈ രീതിയിലുള്ള ഒരു ദുരന്തമാണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭര്‍ത്താവ് മകനാലാണ് കൊല്ലപെട്ടതെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ആ അമ്മ ഇപ്പോഴും.

സ്വന്തം പിതാവിനെ വെടിവെച്ചു കൊല്ലാന്‍ ഷെറിനെ പ്രേരിപ്പിച്ചതെന്ത്?

നാട്ടിലെ കോടികളുടെ സമ്പാദ്യങ്ങള്‍ ധൂര്‍ത്തടിക്കാന്‍ വിട്ടുകൊടുക്കാത്തതാണ് പിതാവിനെ കൊലചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നു . ചെങ്ങന്നൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സ്വത്ത് വീതം വയ്ക്കല്‍ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും പിതാവിനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: 

ചാരനിറത്തിലുള്ള കെ.എല്‍ 2-ടി 5550 സ്‌കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്ക്കു 12.30-ന് ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട് 4.30-നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.

തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിന്‍ മാതാവിനെ ഫോണില്‍ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തില്‍ പറഞ്ഞത്.

ഡിവൈ.എസ്‌പി: കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്‌നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്‌പിയുടെ സ്പെഷല്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതല്‍ നെടുമുടി വരെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ കുടുംബവുമായി താമസിക്കുന്ന മലയാളികളില്‍ എത്ര പേര്‍ സ്വന്തം ആണ്‍/പെണ്‍ മക്കളുമായി പൊരുത്തക്കേടില്‍ ജീവിക്കുന്നുണ്ടെന്ന ഒരു സര്‍‌വ്വേ നടത്തിയാല്‍ ഒരുപക്ഷേ ഇതുപോലുള്ള ഷെറിന്‍‌മാരേയും ജോയിമാരേയും കാണാന്‍ സാധിച്ചേക്കും. സമൂഹ ജീവിയായ മനുഷ്യന് പൊതു സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിക്കൊടുക്കുന്നതും പൊതു സമൂഹം ഒരാളെ തിരസ്കരിക്കപ്പെടുന്നതും അയാളുടെ സ്വഭാവം കൂടി മാനദണ്ഡമാക്കിയാണ്. ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത് അവരുടെ രൂപം കൊണ്ട് മാത്രമല്ല, അവരുടെ സ്വഭാവവും വ്യക്തിത്വവും കൊണ്ട് കൂടിയാണ്. എങ്ങിനെയാണ് നമ്മളില്‍ നല്ല സ്വഭാവം ഉണ്ടാകുന്നത്, നല്ല സ്വഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടായില്ലെങ്കില്‍ അതുകൊണ്ട് നമുക്കുണ്ടാവുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് അവനവന്‍ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. ടെക്സസില്‍ മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന ഷെറിന്‍ എന്ന ചെറുപ്പക്കാരനെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇവിടെ സ്വഭാവദൂഷ്യത്തോടെ ജീവിച്ച വ്യക്തിയാണോ ഈ ഷെറിന്‍. മാതാപിതാക്കളേയും സഹോദരന്മാരേയും വിട്ട് 2003 മുതല്‍ കേരളത്തില്‍ ജീവിക്കേണ്ടി വന്നത് എന്തുകൊണ്ട്?

ഷെറിന്റെ സഹോദരന്‍ ഡോക്ടറാണെന്ന് പറയുന്നു. ഷെറിന്‍ ഐ.ടി. വിദഗ്ധനും.. അങ്ങനെയൊരു വ്യക്തിക്ക് അമേരിക്കയില്‍ തന്നെ നല്ല ജീവിതം ലഭിക്കുമായിരുന്നില്ലേ? കോടികളുടെ ആസ്ഥി നാട്ടില്‍ ഉള്ള പിതാവിനെ ആ സ്വത്ത് കൈക്കലാക്കാന്‍ കൊലപ്പെടുത്തി എന്നത് അവിശ്വസനീയമായി തോന്നുന്നു. 36-കാരനായ ഷെറിന്‍ 2003 മുതല്‍ കേരളത്തിലായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അമേരിക്ക വിടുമ്പോള്‍ 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ പ്രായത്തില്‍ പല ചെറുപ്പക്കാരും വഴിവിട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. 'ദുര്‍നടപ്പ്' കാരണം അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് പോയി എന്ന് എന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഷെറിനെ ദുര്‍നടപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ലേ? അമേരിക്കയില്‍ അതിനുള്ള എല്ലാ സം‌വിധാനങ്ങളുമുണ്ട്. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആ ചെറുപ്പക്കാരന്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ തന്നെ ജീവിക്കുമായിരുന്നില്ലേ? നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഈ ഗുണങ്ങള്‍ അനിവാര്യമാണ്. ജോയ് പി. ജോണിന്റെ കുടുംബത്തിന്റെ തീരാനഷ്ടം നികത്താവുന്നതല്ല, എങ്കിലും സ്വന്തം മകന്റെ കൈകളാല്‍ കൊല്ലപ്പെടേണ്ടി വന്ന ഒരു പിതാവ് ചെയ്ത തെറ്റ് എന്താണ്? മക്കളെ വളര്‍ത്തി വലുതാക്കിയതോ? അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതോ? ഇങ്ങനെ എത്ര ജോയ് പി. ജോണുമാര്‍ ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട്?



2016 മേയ് 27, വെള്ളിയാഴ്‌ച

ഫോമയോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഇന്ത്യാ പ്രസ്സ് ക്ലബ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഇനിമുതല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫോമ)യുടെ നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നിസ്സഹകരിക്കാന്‍ തീരുമാനം. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് ഏകകണ്ഠമായി ഈ തീരുമാനമെടുത്തത്. ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫോമയുടെ നിലവിലുള്ള നേതൃത്വവുമായുള്ള ബന്ധത്തില്‍ പ്രസ്സ് ക്ലബ്ബിനുണ്ടായിട്ടുള്ള വിള്ളലുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

2007-ല്‍ ഹൂസ്റ്റണില്‍ രൂപംകൊണ്ട് നാളിതുവരെ ഫോമായുടെ നേതൃത്വം പ്രസ്സ് ക്ലബ്ബുമായി നിലനിര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോമയുടെ വരുംകാല നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് യോഗം പ്രത്യാശിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിരുദ്ധമായിമയാമിയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ നിന്നും അമേരിക്കയിലെ മലയാളി മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തുന്ന ഫോമാ നേതൃത്വത്തിന്റെ നിലപാടാണ് നിസ്സഹകരണത്തിനു പ്രധാന കാരണമായിരിക്കുന്നത്.

നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും തീരുമാനം ഇന്ത്യാ പ്രസ്സ് ക്ലബ് ചാപ്റ്ററുകളെ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് അറിയിക്കുന്നതായിരിക്കും.
ഈ വാര്‍ത്തയില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. കാരണം, ഈ തീരുമാനമെടുത്തവര്‍ തന്നെയാണ് ഫോമയുടെ നിസ്സഹകരണത്തിന് ഉത്തരവാദികള്‍. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനേ ഈ വാര്‍ത്ത കൊണ്ട് ഉപകരിക്കൂ. കൂടാതെ, ആരൊക്കെയോ ഈ സംഘടനയുടെ പേരില്‍ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തം. 

ഇന്ത്യാ പ്രസ് ക്ലബ്ബ് എന്ന് പേരുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ക്കോ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കോ യാതൊരു പരിഗണനയും അവര്‍ നല്‍കാറില്ലെന്നതാണ് സത്യം. ഞാന്‍ ഈ സംഘടനയിലെ അംഗമാണ്. കഴിഞ്ഞ 7-8 വര്‍ഷങ്ങളായി നിരവധി പത്രങ്ങള്‍ക്ക് വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ എഴുതി നല്‍കാറുണ്ട്. നിരവധി സംഘടനകളെ പ്രതിനിധീകരിച്ച് അവര്‍ക്കായി വാര്‍ത്തകള്‍ എഴുതുകയും അത് എല്ലാ പത്രക്കാര്‍ക്കും അയച്ചുകൊടുത്തുമിരുന്നു. ഏതെങ്കിലും പത്രമോ സംഘടനകളോ യാതൊരു പ്രതിഫലവും എനിക്ക് തരാറില്ല (ഫൊക്കാന ഒഴിച്ച്). വര്‍ഷങ്ങളോളം ഞാനിതു തുടാര്‍ന്നുകൊണ്ടിരുന്നു. സാമ്പത്തികമായി യാതൊരു നേട്ടവുമില്ലാത്ത ഈ പണിക്ക് ഞാന്‍ സുല്ലിടാന്‍ തീരുമാനിച്ചത് നാലു വര്‍ഷം മുന്‍പാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണെന്ന് വാര്‍ത്തയില്‍ തന്നെ നിങ്ങള്‍ സമ്മതിക്കുന്നു. എങ്കില്‍ ഫോമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം മേല്പറഞ്ഞ മാധ്യമങ്ങള്‍ക്ക് വീതിച്ചു നല്‍കുകയല്ലേ ചെയ്യേണ്ടത്? പ്രസ് ക്ലബ് അങ്ങനെ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കൊക്കെ ഇതിനു മുന്‍പ് നല്‍കിയിട്ടുണ്ട്? ഇല്ലെങ്കില്‍ ഫോമയെപ്പോലെയുള്ള ദേശീയ സംഘടനകളെ ബഹിഷ്ക്കരിക്കുവാന്‍ പ്രസ് ക്ലബ്ബിന് എന്താണ് അധികാരം? 

ഇത്തരുണത്തില്‍ മറ്റൊരു പ്രധാന കാര്യവും അവരോട് ചോദിക്കുകയാണ്. അമേരിക്കയിലെ ആദ്യത്തെ ദേശീയ സംഘടനയായ ഫൊക്കാനയില്‍ നിന്ന് നിങ്ങള്‍ എത്ര പണം (അല്ലെങ്കില്‍ സ്പെഷ്യ ല്‍ പാക്കേജ്) കൈപ്പറ്റി? ആ കണക്ക് എല്ലാവരേയും ബോധിപ്പിക്കേണ്ട സമയമാണിത്. അല്ലെങ്കില്‍ ഇന്ത്യാ പ്രസ് ക്ലബ് വെറുമൊരു പ്രഹസനമാണെന്നേ ജനങ്ങള്‍ കരുതൂ. 

മാധ്യമങ്ങളുടെ കൂട്ടായ്മയാണെന്ന് പറയുന്നതല്ലാതെ അതിലെ അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, അവര്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ നാളിതുവരെ യാതൊരു പരിഗണനയും നല്‍കാന്‍ തയ്യാറാകാത്ത പ്രസ് ക്ലബ്ബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ വാര്‍ത്തയില്‍ പ്രതിഫലിച്ചു കാണുന്നത്. നിഷ്പക്ഷതയാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍. അതറിയാത്തവര്‍ മാധ്യമപ്രവര്‍ത്തനത്തിനിറങ്ങരുത്. സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിച്ചതിനു തുല്യമായി ഈ വാര്‍ത്ത. 

ഓര്‍മ്മകള്‍ മരിക്കുമോ ?

വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ ഗ്രാമപാതയിലൂടെ നടന്നു. തന്റെ വസന്തകാലത്തില്‍ അയാള്‍ക്കു കിട്ടിയ ഒരുപിടി ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്ന സത്യം തന്റെ ജീവിതത്തിലും സത്യമായി ഭവിച്ചു എന്നോര്‍ത്ത് ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു. നേരിയ നിലാവെളിച്ചത്തിലൂടെ നടക്കുമ്പോള്‍ അയാളുടെ മനസ്സ് ഗതകാലത്തിലേക്ക് ഊളിയിട്ടു. ഗ്രാമപാത അവസാനിക്കുന്ന പുഴയുടെ ഓരത്ത് നിര്‍‌വ്വികാരനായി അയാള്‍ നിന്നു.

അതെ, ഈ പുഴയും പുഴയുടേ തീരവും ... ഇവിടെയാണ് അയാള്‍ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ കൊണ്ട് പൂമാല കോര്‍ത്തത്. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.....മനസ്സുനിറയെ. ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നയാള്‍ ഓര്‍ത്തു...

ഇരുളും വെളിച്ചവും നിറഞ്ഞ വഴിത്താരകളിലൂടെ പലപ്പോഴായി ചെയ്ത യാത്രകള്‍, വേദനകള്‍ പലപ്പോഴും മനസ്സിനെ കീഴടക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ ജീവിക്കുകയായിരുന്നു. ഏകാന്തമായ ഈ ജീവിതത്തില്‍ കൂട്ടിനു യാത്ര ചെയ്യാന്‍ ഒരുപിടി ഓര്‍മ്മകള്‍ മാത്രം.

സ്വയം ഉരുകുമ്പോഴും തന്റെ മുഖത്ത് ഒരു പ്രസന്നഭാവം നിലനിര്‍ത്തുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. വേദനകള്‍ അയാളെ തളര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടി…. ഇനിയെന്തു ചെയ്യണം എന്നു സ്വയം ചോദിച്ചുകൊണ്ടുള്ള യാത്രകള്‍, ചിന്തകള്‍…!

തന്റെ ജീവിതത്തില്‍ എവിടെയൊക്കെയോ എത്തിപ്പെടണം എന്നയാള്‍ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടണം എന്നയാളും ഒരിക്കല്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചിലര്‍ക്ക് ചിലത് വിധിച്ചിട്ടുണ്ട്.

വിധിയെന്നത് നമ്മള്‍ സ്വയം വരുത്തി വെയ്ക്കുന്നതാണെന്ന് പലരും ഘോരഘോരം പ്രസംഗിക്കുമ്പോഴും ജീവിതത്തിലെ സംഭവങ്ങള്‍ ഒരാളില്‍ വരുത്തിവെയ്ക്കുന്ന മാറ്റങ്ങളിലൂടെയാണ് ആ വ്യക്തിയുടെ വിധി എഴുതപ്പെടുന്നത് എന്നാണ് അയാളുടെ തത്വം. അതാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത് എന്നയാള്‍ക്കു ഉത്തമ ബോധ്യവും ഉണ്ടായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ന്യൂയോര്‍ക്കില്‍ വെച്ച് അയാള്‍ അവളെ പരിചയപ്പെടുന്നത്. പോര്‍ട്ട്ചെസ്റ്ററിലെ ഒരു ഷോപ്പിംഗ് മാളില്‍ വെച്ചാണത്. ടി.സി.എസ്സിന്റെ കോണ്‍‌ട്രാക്റ്റില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോയില്‍ സോഫ്‌റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കാലം. ഒരു മദ്ധ്യാഹ്നവേളയില്‍ മാളില്‍ അലസമായി കാഴ്ചകള്‍ കണ്ട് ചുറ്റി നടന്ന അയാളുടെ മുന്‍പില്‍ അവള്‍ വന്നു പെട്ടതറിയാതെ അവളുടെ ദേഹത്തു മുട്ടിയതും കൈയിലിരുന്ന ഷോപ്പിംഗ് ബാഗുകള്‍ അവളില്‍ നിന്ന് താഴെ വീണതും,  ‘സോറി’  പറഞ്ഞ് അവയെല്ലാം എടുത്തുകൊടുത്തതും ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.

പിന്നീടൊരു ദിവസം സുഹൃത്തിന്റെ ഭാര്യയെ പിക്കപ്പ് ചെയ്യാന്‍ അവന്റെ കൂടെ അവര്‍ ജോലി ചെയ്യുന്ന പോര്‍ട്ട്‌ചെസ്റ്റര്‍ നഴ്സിംഗ് ഹോമില്‍ വെച്ചാണ് വീണ്ടും അവളെ കാണുന്നത്. അന്ന് ഒരു പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങിയ അവളെ ആരാധനയോടെ അയാള്‍ നോക്കി നിന്നു. പിന്നീടതൊരു പതിവായി….. എല്ലാറ്റിന്റെയും തുടക്കവും !!

കൂടിക്കാഴ്ചകള്‍ പതിവായപ്പോള്‍ സുഹൃത്ത് വിലക്കി. ‘അനാവശ്യമായ പ്രവണതകള്‍ക്ക് ‘ വളം വെച്ചുകൊടുക്കരുതെന്ന് അവന്‍ ഉപദേശിച്ചു. പക്ഷെ, അവളെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ മത്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

വീക്കെന്റുകളില്‍ തമ്മില്‍ കാണാതിരിക്കാന്‍ വയ്യെന്നായത് അയാള്‍ മനസ്സിലാക്കി. അവള്‍ എഴുതിയ കൊച്ചു കൊച്ചു കവിതകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയുന്നത് പതിവാക്കിയതോടെ അവളുടെ എഴുത്തുകളുടെ ഭംഗി അയാളെ അവളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അതിലൂടെ അവളുടെ രേഖാചിത്രം തന്റെ മനസ്സിലേക്ക് കോറിയിടുവാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

രാത്രികളില്‍ പലപ്പോഴും ഉറങ്ങാതിരുന്ന് അവള്‍ എന്തു ചെയ്യുകയായിരിക്കും എന്നയാള്‍ ചിന്തിച്ചു. വല്ലപ്പോഴും വീണുകിട്ടുന്ന സംഭാഷണങ്ങളിലൂടെ അവളെ കൂടുതല്‍ അറിയാന്‍ അയാള്‍ ശ്രമിച്ചു. എവിടെവെച്ചു കണ്ടാലും ആരാധനയോടെ അയാളവളെ വീക്ഷിക്കുക പതിവായി… തിരിച്ചു അവളും. രാഗാര്‍ദ്രമായൊരു പുഞ്ചിരി സമ്മാനിച്ച് അവള്‍ അയാളുടെ നിഴലിലേക്കു ചേരും.

പിടിതരാതെ ഒഴിഞ്ഞു മാറുന്ന ഒരു തുമ്പിയെപ്പോലെ അവളുടെ മനസ്സ് അയാളില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ആരോടും പറയാതെ വെച്ച, ആകാശം കാണിക്കാതെ പുസ്തകത്തിന്റെ താളുകളിലെവിടെയോ ഒളിപ്പിച്ചുവെച്ച ഒരു മയില്‍‌പ്പീലിത്തുണ്ടുപോലെ അവളുമായിട്ടുള്ള സൗഹൃദം അയാള്‍ അടുത്ത കൂട്ടുകാരില്‍ നിന്നുപോലും മറച്ചു പിടിച്ചു. പിന്നെയെപ്പോഴോ അവളുമായുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

അവളെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് അയാള്‍ തന്റെ ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ തേടി.

വിവാഹിതയാണെന്നറിഞ്ഞിട്ടും അവളെ നേടണമെന്നുതന്നെ അയാള്‍ അതിയായി ആഗ്രഹിച്ച കുറെ നാളുകള്‍. പിന്നെയെപ്പോഴോ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവള്‍ക്ക് മറുപടിയുണ്ടായില്ല. ഒരിക്കലും തന്നെ സ്നേഹിക്കുന്നുണ്ടോ എന്നയാള്‍ അവളോടു ചോദിച്ചിട്ടുമില്ല. പക്ഷേ, അവളുടെ മനസ്സ് അതിനാഗ്രഹിക്കുന്നുണ്ടെന്ന സത്യം അയാള്‍ മനസ്സിലാക്കി.

എങ്ങനേയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തിയുമായി നെട്ടോട്ടമോടുന്ന ഭര്‍ത്താവ് അവളുടെ മോഹന സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചു. അവളുടെ ഇഷ്ടാനിഷ്ടങ്ങളെ മ:നപ്പൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. ഭര്‍ത്താവിന്റെ നിസ്സംഗത അവളെ അവളില്‍തന്നെ ഒതുക്കി നിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് ഒരു നിമിത്തമെന്നോണം അയാളുമായി അടുക്കാന്‍ സാഹചര്യമൊരുക്കിയത്.

എന്നത്തേയും പോലെ എവിടെവെച്ചു കണ്ടാലും കുസൃതിച്ചോദ്യങ്ങളുമായി അവളെ ചിരിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. സ്വന്തം ഭര്‍ത്താവിന്റെ മുന്‍പില്‍ തന്റെ അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങള്‍ അവള്‍ക്കു മനസ്സിലാകുമെങ്കിലും മനസ്സിലാകാത്തപോലെ നടിക്കുന്നതായിരിക്കുമോ എന്ന ചിന്ത അയാളെ പലപ്പോഴും അസ്വസ്ഥനാക്കി. മനസ്സിലേക്കു ചൂഴ്‌ന്നിറങ്ങുന്ന അവളുടെ അര്‍ത്ഥം വെച്ചുള്ള നോട്ടവും ആംഗ്യഭാഷയും തനിക്കു മനസ്സിലായില്ല എന്നയാള്‍ അഭിനയിക്കും.

തന്റെ ഉള്ളുപിടഞ്ഞാലും അവളെ ചിരിപ്പിക്കുക എന്നത് അയാള്‍ സന്തോഷപൂര്‍‌വ്വം ചെയ്തു തീര്‍ക്കുന്നത് അയാള്‍ക്കൊരു പതിവായി.

ഒരു വിദൂഷകന്റെ റോള്‍ ആടിത്തീര്‍ക്കുന്ന ലാഘവത്തോടെ. നഷ്ടപ്പെടരുതെന്ന് താനും അവളും ആഗ്രഹിച്ച ആ ബന്ധം എന്നോ ഒരിക്കല്‍ മുറിഞ്ഞു. വിധിയായിരിക്കും….!

ഓര്‍മ്മകള്‍ ഇടമുറിയാതെ കടന്നുവന്നുകൊണ്ടിരുന്നു. വീണ്ടും പുഴക്കരയിലേക്ക് അയാള്‍ കണ്ണോടിച്ചു. യാത്രകള്‍ക്കിടയില്‍ താന്‍ ധാരാളം പുഴക്കരകളില്‍ പോയി ഇരുന്നിട്ടുണ്ട്.

ഹഡ്സണ്‍ നദിക്കരയില്‍ നില്‍ക്കുമ്പോള്‍ നഗരത്തിന്റെ വിഹ്വലതകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു മഹാനഗരത്തിലെ പെണ്‍കുട്ടിയുടെ അടുത്ത് ഇരിക്കുന്നപോലെയാണ് അയാള്‍ക്ക് തോന്നിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് റോച്ചസ്റ്ററിലേക്കുള്ള യാത്രയില്‍ ഹഡ്സണ്‍ നദിയുടെ ഓരം ചേര്‍ന്ന് ആംട്രാക്ക് ട്രെയിന്‍ വേഗത കുറച്ച് ഓടുമ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ വശ്യമായ പുഞ്ചിരിപോലെ സൂര്യപ്രകാശമേറ്റ് നദിയിലെ ഓളങ്ങള്‍ വെട്ടിത്തിളങ്ങുന്ന കാഴ്ച.

കാമുകിയുടെ ചുംബനം ഏറ്റുവാങ്ങി പുളകിതതരളിതമായി വീണ്ടും വീണ്ടും ചുംബനങ്ങള്‍ക്കായി കാത്തിരിക്കുന്ന കാമുകനെപ്പോലെ കരയിലെ മണല്‍ത്തരികള്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ച !!

പിന്നീടൊരിക്കല്‍ നദിയുടെ മാറിലൂടെ ടാപ്പന്‍സീ ബ്രിഡ്ജ് താണ്ടി അക്കരെയെത്തിയപ്പോള്‍ നദിയിലെ ഓളപ്പരപ്പുകള്‍ അവളുടെ മാറിലൂടെ അലസമായി പടര്‍ന്നു കിടക്കുന്ന കാര്‍കൂന്തലാണെന്നയാള്‍ക്കു തോന്നി.

വിരസത തോന്നുന്ന സന്ധ്യകളില്‍ അവളുടെ സാമീപ്യം അയാള്‍ക്ക് അനിര്‍‌വചനീയമായ ആനന്ദം പകര്‍ന്നു. ജാക്സണ്‍ ഹൈറ്റ്സിലേക്കുള്ള യാത്രയില്‍ പാസഞ്ചര്‍ സീറ്റിലിരുന്ന് അലസമായി പുറത്തേക്കു കണ്ണുകള്‍ പായിച്ച് എന്തോ അഗാധ ചിന്തയിലാണ്ട അവളുടെ കരങ്ങള്‍ പുകര്‍ന്നുകൊണ്ട് അയാള്‍ ചോദിച്ച ചോദ്യത്തിന് അവള്‍ കൊടുത്ത മറുപടിയില്‍ നൈരാശ്യത്തിന്റെ ചുവയുണ്ടായിരുന്നോ?

കൃഷ്ണാ ജ്വല്ലറിയില്‍ നിന്ന് അവള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ സെലക്ട് ചെയ്തപ്പോള്‍ ആ കണ്ണുകളിലെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. തന്തൂര്‍ പാലസിലെ ഇരുണ്ട വെളിച്ചത്തിലിരുന്ന് ഐസ്‌ക്രീം നുണയുമ്പോള്‍ അവളുടെ വശ്യമായ ശോണിമയാര്‍ന്ന കവിളിണകളില്‍ തെളിഞ്ഞുനിന്ന നുണക്കുഴികള്‍ അയാളില്‍ അനുരാഗത്തിന്റെ വിത്തുകള്‍ വീണ്ടും പാകി.

നൈരാശ്യത്തിന്റേയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ അയാള്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍...

ലക്ഷ്യങ്ങളിലേക്ക് ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിക്കാന്‍, മനസ്സു തുറന്ന് ഒന്ന് പശ്ചാത്തപിക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖം മൂടികള്‍ വലിച്ചെറിയാന്‍ …. അവളുടെ സാമീപ്യം അയാള്‍ക്കെന്നും ശക്തി പകര്‍ന്നിരുന്നു.

അകലാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ അവളുമായി അടുക്കാന്‍ സാഹചര്യമൊരുക്കുന്നതും അവളായിരുന്നു. ‘സ്നേഹിക്കാനും അടുത്തറിയാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് നിങ്ങളെയാണ്…..’ മുന്തിരിവള്ളിപോലെ അയാളില്‍ ചുറ്റിപ്പടര്‍ന്ന്,  അയാളുടെ ആലിംഗനത്തിലമര്‍ന്ന് ഒരുനാള്‍ അവള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.

തന്റെ ബലഹീനതകളെ അവള്‍ സ്നേഹിക്കുന്നതു അയാള്‍ സ്വപ്നം കണ്ടിരുന്നു…. അവളുടെ ഇ-മെയിലുകളില്‍…. ടെലഫോണ്‍ സംഭാഷണങ്ങളില്‍, അയാളുടെ കുസൃതിത്തരങ്ങള്‍ക്ക് തരുന്ന കുസൃതികള്‍ നിറഞ്ഞ മറുപടികളില്‍ എല്ലാം അവളുടെ മനസ്സില്‍ അയാള്‍ക്കുള്ള സ്ഥാനം അയാള്‍ മനസ്സിലാക്കിയിരുന്നു.

മറ്റുള്ളവര്‍ അഹങ്കാരിയായി ചിത്രീകരിച്ചപ്പോഴും ആ വ്യക്തിത്വത്തെ അയാള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരിച്ച് അവളും.

താന്‍ ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല എന്ന തോന്നല്‍…. പുതിയൊരു തുടക്കത്തിലേക്കുള്ള പ്രയാണമായി മനസ്സ് വ്യാപരിച്ചു. തന്നിലെ തന്നെ… മുഖം മൂടിയണിയാത്ത തന്നെ അവള്‍ക്കെപ്പോഴും ഇഷ്ടമാണെന്ന് അറിഞ്ഞ നിമിഷം, അവളെ കോരിയെടുത്ത് മാറോടണയ്ക്കാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.

മലയാളി അസോസ്സിയേഷന്റെ ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരക്കുകളിലെപ്പോഴോ വീണുകിട്ടിയ അവസരം പാഴാക്കാതെ അയാളെ അവാഹിക്കാനുള്ള വെമ്പലുകളുടെ സൂചന തന്ന് ഇരുട്ടിന്റെ മറവില്‍ അവള്‍ കാത്തുനിന്നതും ചുടുനിശ്വാസങ്ങള്‍ പരസ്പരം ഏറ്റു വാങ്ങിയതും അയാളെ ഒഴിവാക്കാനല്ല എന്ന് അയാള്‍ മനസ്സിലാക്കി.

ഇരമ്പുന്ന ഒരു കടല്‍ എല്ലാ ഭിത്തികളും തകര്‍ത്ത് ഒരു വേലിയേറ്റം പോലെ ലാര്‍ച്ച്മണ്ടിലെ അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ ആദ്യം കയറിവന്നത് അവളുടെ രൂപത്തിലായിരുന്നു. ആ വേലിയേറ്റം പതുക്കെ വളര്‍ന്നു വളര്‍ന്ന് പ്രളയമായി മാറിയപ്പോഴേക്കും അവര്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ് ജലമായിത്തീര്‍ന്നിരുന്നു.

 തിരമാലകളായി, നുരകളും പതകളുമായി പരസ്പരം അലിഞ്ഞുചേര്‍ന്നും ഇഴുകി മാറിയും അവരുടെ ശ്വാസോച്ഛാസങ്ങള്‍ യോജിച്ച് കൊടുങ്കാറ്റുകളായി കടനിനു മീതെ പറന്നു നടന്നു. ഹൃദയമിടിപ്പുകള്‍ യോജിച്ച് ഇടിമുഴക്കങ്ങളായിത്തീര്‍ന്നു. തളര്‍ച്ചയുടെ ആലസ്യത്തിനിടയില്‍ അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു….. ’ഞാനീ നിമിഷം ധന്യയായി….!!’

അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ അവള്‍ നിത്യ സന്ദര്‍ശകയായതും യാദൃശ്ചികമല്ല എന്നയാള്‍ മനസ്സിലാക്കി. പ്രണയിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായപ്പോള്‍ അവളിലെ പ്രണയപാരവശ്യം എത്ര അഗാധമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

അവള്‍ വിവാഹിതയാണെന്നറിഞ്ഞിട്ടും അവളില്‍ ലയിച്ചു ചേരാന്‍ അയാളുടെ മനസ്സ് എപ്പോഴും വെമ്പല്‍ പൂണ്ടു. തന്റെ സാമീപ്യം കൊതിക്കുന്നതുപോലെയുള്ള അവളുടെ നോട്ടവും ഭാവവും പലപ്രാവശ്യം അതിരുവിട്ടു സഞ്ചരിച്ചു. ഒരുപക്ഷേ അയാള്‍ കണ്ടില്ലെന്നു നടിച്ച് കടന്നുപോയ കാലങ്ങളോടുള്ള സ്നേഹപ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്ന് അയാളെ കീഴടക്കുന്നത്……?

ജീവിതാവസാനം വരെ നമുക്കിങ്ങനെ തുടരാമെന്ന അവളുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതെങ്ങനെ എന്ന് അയാള്‍ വ്യാകുലപ്പെട്ടു. തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ അവള്‍ക്ക് ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ലെന്നു അയാള്‍ മനസ്സിലാക്കി. അവളുടെ സ്‌ത്രീത്വത്തെ തൊട്ടറിഞ്ഞ നാള്‍ മുതല്‍ അവളയാളുടേതായിക്കഴിഞ്ഞിരുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അവളുടെ ഭര്‍ത്താവ് ടൂറിലായിരിക്കുന്ന സമയങ്ങളിലെല്ലാം അവരിരുവരും അവരുടേതായ ലോകത്തിലേക്ക് ഊളിയിട്ടു. മധുരാനുഭൂതികള്‍ നുണഞ്ഞാസ്വദിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കിട്ടെടുത്തു. തനിക്കിഷ്ടപ്പെട്ട ആഹാരം വിളമ്പി,  വാത്സല്യത്തോടെ ഊട്ടുകയും തന്റെ ആത്മാവിന്റെ ചൂടു നുകരുകയും ചെയ്ത അവളെ അയാള്‍ക്ക് മറക്കാന്‍ കഴിയാതെയായി.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ഹാര്‍ട്ട്ഫോര്‍ഡിലെ ലാര്‍സണ്‍ ആന്റ് ടൂബ്രോയിലും വന്നു പതിച്ചു. ഡല്‍ഹിയിലെ അവരുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ച വിവരം അറിഞ്ഞ അവള്‍ നിര്‍‌വ്വികാരയായി നിന്നു. ഒരു സന്ധ്യാസമയത്ത് ഒരിക്കള്‍കൂടി അവളെ കാണാന്‍ പോയി. അവസാനത്തെ കൂടിക്കാഴ്ചയാണെന്നു മനസ്സില്‍ തീരുമാനിച്ചാണ് പോയത്. കാണുമ്പോള്‍ പരസ്പരം ചിരിക്കാന്‍ തന്നെ മറന്നുപോയ രണ്ടുപേര്‍ .

ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ ഒഴിഞ്ഞ കോണിലെ ബഞ്ചില്‍ അയാളുടെ തോളില്‍ തലചായ്ച്ച് അവള്‍ വിതുമ്പി. നിസ്സഹായനെപ്പോലെ അവളെ തന്നോടു ചേര്‍ത്തിരുത്തി കഴിഞ്ഞുപോയ നല്ല നാളുകളെയോര്‍ത്ത് കുറെനേരം ദു:ഖിച്ചിരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കൂടെയിരിക്കുന്ന ഓരോ നിമിഷവും ഇനി ഏതാനും മിനിറ്റുകള്‍കൂടി മാത്രമേ അവളോടു കൂടിയിരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഓര്‍മ്മ അയാളെ അലട്ടുന്നുണ്ടായിരുന്നു. ഇനിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയില്ലെന്ന സത്യം അവളുടെ വായില്‍നിന്നു കേട്ടതോടെ ജീവിതം നിശ്ചലമായതുപോലെ. പിരിയേണ്ടത് ആവശ്യമാണെന്നു അപ്പോള്‍ അയാള്‍ക്കു തോന്നി.

അയാളുടെ ജീവന്റെ തുടിപ്പ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്ന് അവള്‍ പറഞ്ഞ നിമിഷം ഇനി എന്ത് എന്ന ചോദ്യം ഡമോക്ലിസിസിന്റെ വാള്‍ പോലെ തലക്കു മുകളില്‍ തൂങ്ങിയാടി. മുന്നോട്ടുള്ള ജീവിതം എന്താകും എന്ന വ്യഥ അയാളെ വല്ലാതെ അലട്ടി. എങ്ങുമെത്താത്ത ജീവിതത്തിലേക്ക് അവളെക്കൂടി വിളിക്കാന്‍ അയാളുടെ മനസ്സനുവദിച്ചില്ല. എന്തുവന്നാലും ധൈര്യപൂര്‍‌വ്വം നേരിടും എന്ന അവളുടെ ദൃഢനിശ്ചയം അയാളില്‍ ആത്മവിശ്വാസം പകര്‍ന്നു.

ഭര്‍ത്താവറിഞ്ഞാല്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പ്. അതിന്റെ അവസാനം വിവാഹമോചനത്തില്‍ അവസാനിക്കുമെന്നും അവള്‍ക്കറിയാമായിരുന്നു. എല്ലാം നേരിടാനുള്ള അവളുടെ കരുത്ത് അയാളെ തെല്ല് ആശ്ചര്യപ്പെടുത്തി. ഡല്‍ഹിയിലായാലും ഒരുമിച്ചുതന്നെ ജീവിക്കാമെന്ന ശുഭാപ്തി വിശ്വാസം പങ്കിട്ട് യാത്രപറഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇരുളടഞ്ഞ വഴിയില്‍ ഇനി ആരുണ്ടാവും എന്ന ചോദ്യം വീണ്ടും വീണ്ടും അയാളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ പറന്നുയരുമ്പോള്‍ അയാളുടെ മനസ്സ് തിരിച്ചു പറക്കുകയായിരുന്നു. പഞ്ഞിക്കെട്ടുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന മേഘപാളികള്‍ക്കിടയിലൂടെ……. അങ്ങകലെ പൊട്ടുപോലെ നഗരം അപ്രത്യക്ഷമാകുന്നതുവരെ അയാള്‍ നോക്കിയിരുന്നു.

ആദ്യനാളുകളില്‍ അവളില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന ഇ-മെയിലുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ദു:ഖസത്യം അയാളില്‍ വേദനയുളവാക്കിയെങ്കിലും കാലക്രമേണ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സില്‍ പുകപടലം സൃഷ്ടിക്കുന്നതും അത് പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ ലയിക്കുന്നതും അയാള്‍ മനസ്സിലാക്കി.

ഇപ്പോഴിതാ ഈ പുഴയുടെ തീരങ്ങളില്‍ വന്നുനില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ അവളുടെ വ്യക്തമായ ചിത്രം തെളിഞ്ഞു വരുന്നതുപോലെ തോന്നി. ന്യൂയോര്‍ക്കില്‍ അവളുമായി പങ്കിട്ട രാവുകളും പകലുകളും അയാളില്‍ മധുരാനുഭൂതി പകര്‍ന്നു. അവള്‍ മനസ്സിലാക്കിയപോലെ തന്നെ മനസ്സിലാക്കുന്നത് ഈ പുഴയാണെന്നു അയാള്‍ക്കു തോന്നി. എല്ലാ കാര്യങ്ങളും അയാള്‍ ആ പുഴയുമായി പങ്കുവെയ്ക്കുകയായിരുന്നു.

ഓളങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുന്നില്ലെങ്കില്‍‌പോലും അയാളെ ആ പുഴ തലോടുകയായിരുന്നു. കാല്പാദങ്ങളെ തൊട്ടൊഴുകുന്ന പുഴ തന്റെ മനസ്സിനെ തൊട്ടറിഞ്ഞപോലെ അയാള്‍ക്കു തോന്നി. ഓര്‍മ്മകള്‍ അപ്പോഴും കൂടെയുണ്ടായിരുന്നു…!

രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം

200 ജന്‍ ഔഷധി സെന്റര്‍, വിവിധ പദ്ധതികള്‍ക്കായി 1000 കോടി, *പ്ലാസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ട് * പ്ലാസ്റ്റിക് പാര്‍ക്ക് * ഫാര്‍മ പാര്‍ക്ക്, സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തില്‍ വന്‍കിട കേന്ദ്ര പദ്ധതികള്‍: കേന്ദ്രമന്ത്രി അനന്തകുമാര്‍

തിരുവനന്തപുരം: സദ്ഭരണം കാഴ്ചവച്ച മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തിന് സമ്മാനമായി വന്‍കിട കേന്ദ്ര പദ്ധതികള്‍.  സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും നൂറുകണക്കിന് ഉദ്യോഗാര്‍ത്തികള്‍ക്കും തൊഴിലവസരം നല്‍കുന്ന മൂന്ന് ബൃഹത് പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി സെന്റര്‍, പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മാ പാര്‍ക്ക് എന്നിവ  ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിന് പുറമേ കുറഞ്ഞ വിലക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന 200 ജന്‍ ഔഷധി സെന്ററുകള്‍ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി അനന്തകുമാര്‍ പറഞ്ഞു. 70 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുമെന്നതിനാല്‍ പദ്ധതി സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും. 100 രൂപയുടെ മരുന്നുകള്‍ക്ക് 30 രൂപ നല്‍കിയാല്‍ മതിയെന്നതാണ് ജന്‍ ഔഷധി കേന്ദ്രത്തിന്റെ പ്രത്യേകത. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ രാജ്യത്ത് ഇത്തരത്തിലുള്ള 3000 സെന്ററുകളാണ് ആരംഭിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ത്സാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും, പഌസ്റ്റിക് പാര്‍ക്കും, ഫാര്‍മ പാര്‍ക്കും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉടനനടി നടപടിയെടുക്കും,  ഇതിന് സ്ഥലം കണ്ടത്തെി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ഒരുമാസത്തിനകം ധാരണാ പത്രം ഒപ്പുവയ്ക്കും. പഌസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 വരെ ഏക്കര്‍ സ്ഥലമാണ് ആവശ്യമായി വരുന്നത്. ഐഐടി മാതൃകയിലാണ് സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയുടെ സ്ഥാപിക്കുക. പഌസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പഌസ്റ്റിക് പാര്‍ക്ക്. വിവിധ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പഌസ്റ്റിക വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത. ആരോഗ്യകാര്‍ഷിക വ്യോമയാന മേഖലകളിലടക്കം പഌസ്റ്റികിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളുരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. കയറ്റുമതി സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഫാര്‍മ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.

പാത ഇരട്ടിപ്പിക്കല്‍, വൈദ്യൂതീകരണം, പുതിയ സര്‍വീസുകള്‍ എന്നിങ്ങനെ വിവിദോദ്ദേശ പദ്ധതികള്‍ക്കായി കേരളവും റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2008 മുതല്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും എ.കെ ആന്റണി മുതല്‍ ശശി തരൂര്‍ വരെ മന്ത്രിമാരുണ്ടായിട്ടും അക്കാലത്ത് ഇത് അവഗണിക്കപ്പെടുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എട്ടു കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നു. എന്നിട്ടുപോലും കേരളത്തില്‍ വികസനമെന്തെന്നറിഞ്ഞിട്ടില്ലെന്നും അനന്തകുമാര്‍ പരിസഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളായ വി.മുരളീധരന്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.


ബി.ജെ.പി. മീഡിയ സെല്‍ 

2016 മേയ് 26, വ്യാഴാഴ്‌ച

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

കോഴിക്കോട്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം കാലിക്കറ്റ് ബീച്ച് ഹോട്ടലില്‍ നടന്നു. ഖത്തര്‍ കെ.എം.സി.സി നേതാവും കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് ഡയറക്ടറി പ്രകാശനം ചെയ്തത്. 

വെബ്‌സൈറ്റ് ലോഞ്ചിംഗ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആന്റ് നാഷണല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. കെ മൊയ്തു നിര്‍വഹിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചിംഗ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ രമേശന്‍ പാലേരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മീഡിയ പ്ലസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമാനുല്ല വടക്കാങ്ങര, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ്, റിയ ട്രാവല്‍സ് ഡയറക്ടര്‍ സാമുവല്‍ തോമസ്, ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ഹെയ്ല്‍ (ഖത്തര്‍), മുഹമ്മദുണ്ണി ഒളകര, ജോസ് ഫിലിപ്പ്, ഖത്തര്‍ ഐ.എം.എഫ് മുന്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി, മീഡിയ പ്ലസ് ഇന്ത്യന്‍ ഓപറേഷന്‍സ് മാനേജര്‍ ഷാജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടാര്‍ജറ്റഡ് മാര്‍ക്കറ്റിഗിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. www.gbcdonline.com എന്ന വിലാസത്തില്‍ ഓണ്‍ലൈനിലും ഗൂഗില്‍ പ്ലേ സ്റ്റോറില്‍ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.

പാറക്കലിന്റെ ആദ്യ പൊതുപരിപാടി ഖത്തറില്‍ നിന്നും

കോഴിക്കോട് : എം.എല്‍.എ ആയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടി മൂന്ന് പതിറ്റാണ്ട് കാലം സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറില്‍ നിന്നുള്ള ഒരു ഡയറക്ടറി പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് അതീവ സന്തോഷമുണ്ടെന്ന് കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. അതും രണ്ട് പതിറ്റാണ്ട് കാലമായി ആത്മബന്ധമുള്ള അമാനുല്ല വടക്കാങ്ങര നേതൃത്വം നല്‍കുന്ന മീഡിയ പ്ളസിന്റെ ഡയറക്ടറി പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു നിയോഗമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌മോള്‍ ആന്റ് മീഡിയം സെക്ടറില്‍ സ്ഥാപനങ്ങളുടെ വിവരങ്ങളുമായി പുറത്തിറങ്ങുന്ന ഡയറക്ടറി തൊഴിലന്വേഷകര്‍ക്കും സംരഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒന്നാണെന്നും ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് ബിസിനസ് കോറിഡോറായി പ്രവര്‍ത്തിക്കുന്ന ഈ ഡയറക്ടറി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.