Thursday, May 12, 2011

അടിച്ചു തുടങ്ങി; ഒടുവില്‍ അടിച്ചു പിരിഞ്ഞു

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഉപചാരം ചൊല്ലി പിരിഞ്ഞിരിക്കുന്നു. ജനങ്ങള്‍ നിമിഷ നിധി എണ്ണി തെരഞ്ഞെടുപ്പ്‌ ഫലത്തിനായി കാത്തിരിപ്പ്‌ തുടരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനങ്ങളെ പരീക്ഷിച്ചും പരിരക്ഷിച്ചും തുടര്‍ന്ന വി.എസ്‌. മന്ത്രിസഭ അവസാന മന്ത്രിസഭായോഗവും പൂര്‍ത്തിയാക്കി സദ്യ ഉണ്‌ടാണ്‌ പിരിഞ്ഞത്‌.

സദ്യയിലെ വിഭവങ്ങള്‍ പരിമിതമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷവും വിവാദ വിഭവങ്ങള്‍ക്ക്‌ കുറവൊന്നുമുണ്‌ടായിരുന്നില്ല. അവസാന മന്ത്രിസഭാ യോഗവും അതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമായില്ല. വി.എസിന്റെ ബന്ധുവിന്‌ ഭൂദാനം നടത്തിയതിനെച്ചൊല്ലിയായിരുന്നു അവസാന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയും കൊമ്പുകോര്‍ത്തത്‌.

മന്ത്രിസഭയിലെ കലക്കങ്ങള്‍, പാര്‍ട്ടിക്കുള്ളിലെ വഴക്കുകള്‍, മലക്കം മറിയലുകള്‍, പാളയത്തിനുള്ളിലും പട. മന്ത്രിസഭയുടെ കാലാവധിക്കിടയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ഭരണമുന്നണിക്കേറ്റ നാണം കെട്ട പരാജയം. എന്നാല്‍ ഒടുവില്‍, വി എസ്‌ അച്യുതാനന്ദന്റെ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ വിജയത്തിളക്കത്തിലേറി തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷ. ഇതാണ്‌ വി.എസ്‌ മന്ത്രിസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷ ഭരണത്തിന്റെ ആകെത്തുക.

2006 മെയ്‌ പതിനെട്ടിന്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിശാലമായ സ്‌റ്റേജിലായിരുന്നു വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാജ്‌ഭവന്‌ പുറത്തുവെച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടത്തിക്കൊണ്‌ടായിരുന്നു വി.എസ്‌ സര്‍ക്കാര്‍ തുടക്കം ജനകീയമാക്കിയത്‌. എന്നാല്‍ ആ നല്ല തുടക്കത്തില്‍ നിന്ന്‌ മുന്നേറുന്ന കാഴ്‌ചയല്ല പിന്നീട്‌ ജനങ്ങള്‍ കണ്‌ടത്‌.

വി.എസ്‌ ഭരണം തുടങ്ങിയതുതന്നെ പാര്‍ട്ടിയുമായുള്ള കൊമ്പുകോര്‍ത്തുകൊണ്‌ടായിരുന്നു. പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ച്‌ റോഡിലൂടോ നടത്തിക്കുമെന്ന്‌ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ്‌ വേണമെന്ന്‌ വാശിപിടിച്ചു. വി.എസിന്‌ ആഭ്യന്തരവകുപ്പ്‌ നല്‍കുന്നതിനോട്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്‌ യോജിക്കാനായില്ല. ആഭ്യന്തര വകുപ്പ്‌ കൂടി വി.എസിന്‌ നല്‍കിയാല്‍ തങ്ങളില്‍ പലരും ഗോതമ്പുണ്‌ട തിന്നേണ്‌ടി വരുമെന്ന്‌ പോലും പാര്‍ട്ടി യോഗത്തില്‍ ഒരു സഖാവ്‌ തുറന്നടിച്ചു. വകുപ്പുവിഭജനം പിന്നെയും നീണ്‌ടു. ഒടുവില്‍ പൊതുഭരണവും ഐടിയും മാത്രമായി പാര്‍ട്ടി വി എസിനെ ഒതുക്കി.

ഭരണമേറ്റെടുത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ വിമാനയാത്രാ വിവാദത്തെത്തുടര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ ജെ നേതാവായിരുന്ന പി.ജെ.ജോസഫിന്‌ രാജിവെക്കേണ്‌ടി വന്നു. ടി.യു കുരുവിള പകരക്കാരനായി. എന്നാല്‍ ഭൂമിയിടപാടില്‍ വഞ്ചനകാട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ കുരുവിളയ്‌ക്കും രാജിവെയ്‌ക്കേണ്‌ടി വന്നു. മോന്‍സ്‌ ജോസഫാണ്‌ പിന്നെ പകരക്കാരന്റെ പകരക്കാരനായത്‌. ചെന്നൈ കോടതി വെറുതെ വിട്ടപ്പോള്‍ 2009 ഓഗസ്റ്റില്‍ ജോസഫ്‌ തിരിച്ചുവന്നു. മോന്‍സ്‌ മുറുമുറുപ്പൊന്നുമില്ലാതെ സ്ഥാനമൊഴിഞ്ഞു. സ്ഥാനമേറ്റെടുത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു. അതോടെ മന്ത്രിസഭയില്‍ നിന്ന്‌ വീണ്‌ടും രാജി.

ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതിരിക്കെയാണ്‌ മൂന്നാറിലെ കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കാനായി തന്റെ വിശ്വസ്‌തരായ 'മൂന്ന്‌ പൂച്ച'കളെ വി.എസ്‌ മൂന്നാറിലേക്ക്‌ അയച്ചത്‌. മൂന്നാറിലെ തകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍ കണ്‌ട്‌ ജനം കൈയടിച്ചു. ഒപ്പം വി.എസിന്റെ ജനപ്രീതിയുടെ ഗ്രാഫ്‌ റോക്കറ്റ്‌ പോലെ ഉയര്‍ന്നു. എന്നാല്‍ സി.പിഐ ഓഫീസിലേക്ക്‌ ജെസിബിയുടെ കൈ നീണ്‌ടതോടെ ഓപ്പറേഷന്‌ വിരാമമായി.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റ്‌ നല്‍കാതിരുന്നതിനെത്തുടര്‍ന്ന്‌ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഉടക്കി. 2009 മാര്‍ച്ചില്‍ ഗതാഗതമന്ത്രി പാര്‍ട്ടി തീരുമാനമനുസരിച്ച്‌ മാത്യു.ടി.തോമസ്‌ രാജിവെച്ചു. ജനതാദള്‍-എസ്‌ പിളര്‍ന്നു. വീരേന്ദ്രകുമാര്‍ വിഭാഗം യു ഡി എഫിലേക്ക്‌. ദേവഗൗഡ വിഭാഗം എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്നു. മാത്യു.ടി.തോമസിന്‌ പകരം അങ്കമാലിയില്‍ നിന്നും ജയിച്ചുവന്ന ജോസ്‌ തെറ്റയില്‍ ഗതാഗതവകുപ്പ്‌ ഏറ്റെടുത്തു.

പി.ജെ ജോസഫിന്റെ രാജിയെത്തുടര്‍ന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ തല്‍ക്കാലം ധനമന്ത്രി തോമസ്‌ ഐസക്കിനെ ഏല്‍പിച്ചു. പിന്നീട്‌ വിജയകുമാറിന്‌ നല്‍കി. വി.സുരേന്ദ്രന്‍പിള്ള മന്ത്രിയായപ്പോള്‍ വിജയകുമാറിന്റെ സ്‌പോര്‍ട്‌സ്‌ യുവജനകാര്യം പിള്ളയ്‌ക്ക്‌ നല്‍കി. ഇതിനെല്ലാ പുറമെയാണ്‌ മെര്‍ക്കിന്‍സറ്റണ്‍, കിനാലൂര്‍, എച്ച്‌.എം.ടി ഭൂമി വിവാദങ്ങള്‍, സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌, അഴീക്കോട്‌, ഫാരിസ്‌ അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലോട്ടറി വിവാദം, മൂന്നാര്‍ ഭൂമി കയ്യേറ്റം, അട്ടപ്പാടിയിലെ കാറ്റാടിക്കമ്പനി ആദിവാസി ഭൂമി തട്ടിയെടുത്തത്‌, പി എസ്‌.സി.ചോദ്യപേപ്പര്‍ ചോര്‍ച്ച, അധ്യാപകന്റെ കൈ വെട്ടി മാറ്റിയത്‌ തുടങ്ങി തൊട്ടതെല്ലാം വിവാദമാവുന്ന കാഴ്‌ചാണ്‌ പിന്നീട്‌ ജനങ്ങള്‍ കണ്‌ടത്‌. മന്ത്രിസഭായോഗത്തിലെ പരസ്‌പരവഴക്കുകള്‍ പലപ്പോഴും പുറത്തറിഞ്ഞു.

ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയെ ധനമന്ത്രി താന്‍ എന്നു വിളിച്ചുവെന്നും നമ്മള്‍ വായിച്ചറിഞ്ഞു. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും സി പി എം മന്ത്രിമാരും രണ്‌ട്‌ ചേരിയില്‍ നിലയുറപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കരുതെന്ന പാര്‍ട്ടി നിലപാടിനോട്‌ വി എസ്‌ യോജിച്ചില്ല. ഈ നിലപാട്‌ വ്യക്തമായും വ്യംഗ്യമായും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനങ്ങള്‍ പലപ്പോഴും തന്റെ നിലപാടുകള്‍ പറയാനുള്ളതാക്കി വി.എസ്‌ മാറ്റിയെടുത്തു. ഒടുവില്‍ വി.എസിനെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ പടിയടച്ച്‌ പിണ്‌ഡം വെയ്‌ക്കുന്നതും ജനങ്ങള്‍ കണ്‌ടു.

എന്നാല്‍ വിവാദങ്ങളുടെ പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാക്കുമ്പോഴും അവയിലെല്ലാം കേന്ദ്രസ്ഥാനത്ത്‌ വി.എസ്‌ എന്ന രണ്‌ടക്ഷരമാണെന്ന്‌ ആരും സമ്മതിക്കും. അതേ വി.എസിനെ തന്നെയാണ്‌ ഇത്തവണയും പാര്‍ട്ടി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതെന്നും മറ്റൊരു വിരോധഭാസമായി. എന്തായാലും വിവാദങ്ങളെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിഞ്ഞ്‌ ജനങ്ങള്‍ കാത്തിരിക്കുകയാണ്‌. അധികാരത്തിന്റെ കുടമാറ്റമുണ്‌ടാവുമോ എന്നറിയാന്‍. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.

No comments:

Post a Comment