Saturday, May 14, 2011

തന്ത്രങ്ങള്‍ പാളുന്ന കോണ്‍ഗ്രസ്‌ പാളയം

തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ എന്നതാണ്‌ സത്യം. എണ്ണകമ്പിനികളെ ഫലപ്രഖ്യാപനം വരെ അനുനയിപ്പിച്ചു നിര്‍ത്തിയ സര്‍ക്കാരിന്‌ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നതുമില്ല. സമീപകാലത്തെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനക്ക്‌ രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോള്‍ വിലനിര്‍ണ്ണയത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്ത കളഞ്ഞതില്‍ പിന്നീട്‌ 12 രൂപയോളമാണ്‌ പെട്രോളിന്‌ വിലവര്‍ദ്ധിച്ചത്‌. ഇപ്പോഴത്തെ വിലവര്‍ദ്ധന പോരെന്നും ഇനിയും അഞ്ചരൂപകൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു എന്നുമാണ്‌ എണ്ണ കമ്പിനികള്‍ പറയുന്നത്‌. പെട്രോളിന്റെ വില വര്‍ദ്ധനക്ക്‌ ആനുപാതികമായി രാജ്യത്ത്‌ എന്തിനും ഏതിനും വിലവര്‍ദ്ധിക്കുന്ന സാഹചര്യവും സംജാതമാകുന്നു. ഭക്ഷ്യവസ്‌തുകള്‍ക്കും പച്ചക്കറിക്കും തീവിലയാണ്‌ നിലവിലുള്ളത്‌. ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ വിലനിയന്ത്രണത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്‌ പരിമിതികളുണ്ട്‌. ആത്യന്തികമായി അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്‌ പിടിച്ചുനിര്‍ത്തേണ്ടത്‌ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്‌. എന്നാല്‍ പെട്രോള്‍ വില വര്‍ദ്ധനവോടെ രാജ്യമെങ്ങും സാധനവില കുതിച്ചു കയറുന്ന സ്ഥിതിവിശേഷമാണുള്ളത്‌.


കേരളത്തിലും, തമിഴ്‌നാട്ടിലും കേന്ദ്രഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ്‌ ശരിക്കും അനുഭവിച്ചു എന്നു കരുതണം. ബംഗാളില്‍ കോണ്‍ഗ്രസിന്‌ 42സീറ്റ്‌ ലഭിച്ചു എന്നു പറയുമ്പോഴും അത്‌ മമതാ ബാനര്‍ജിയുടെ ചിറകിലേറി നേടിയ വിജയം മാത്രമാണ്‌. അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും നന്നായി അറിയാം
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ നേടിയത്‌ അഞ്ച്‌ സീറ്റ്‌ മാത്രം. കഴിഞ്ഞ വര്‍ഷം 34 സീറ്റ്‌ നേടിയ സ്ഥാനത്താണ്‌ കോണ്‍ഗ്രസ്‌ അഞ്ചിലേക്ക്‌ ഒതുങ്ങിയത്‌. കേരളത്തില്‍ നൂറ്‌ സീറ്റിന്റെ ക്ലീന്‍ വിജയത്തിന്റെ മനപ്പായിസവും കഴിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സര്‍ക്കാരുണ്ടാക്കാന്‍ തന്നെ കഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.


പുതുച്ചേരിയില്‍ കോണ്‍ഗ്രസ്‌ വിട്ടിറങ്ങിയ എന്‍.ആര്‍ കോണ്‍ഗ്രസ്‌ അധികാരം പിടിക്കുമെന്ന്‌ സോണിയാ ഗാന്ധി ഒരിക്കലും വിചാരിച്ചു കാണില്ല. പക്ഷെ ഫലം വന്നപ്പോഴോ ജയലളിത എന്‍.ആര്‍ കോണ്‍ഗ്രസ്‌ സഖ്യം പുതുച്ചേരിയില്‍ ഭരണം നേടി. അസമില്‍ വീണ്ടും അധികാരത്തിലെത്തിയത്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ എടുത്തു പറയാവുന്ന നേട്ടം.


ടുജി സെപെക്‌ട്രം, അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുഭകോണം...അഴിമതികളുടെ നിരനീളുന്ന കാഴ്‌ചമാത്രമേ കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലുള്ളു. ഇതിനൊപ്പം സംസ്ഥാനരാഷ്‌ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ പരാജയപ്പെടുന്നു എന്നതാണ്‌ വാസ്‌തവം. 


കേരളത്തിലെ ഇലക്ഷന്‍ വിജയം ഹൈക്കമാന്‍ഡ്‌ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ഒന്നായിരുന്നു. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നാല്‍ അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഒരു പിടിവള്ളിയാകുമായിരുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ കേരളത്തില്‍ നിയോഗിച്ചതിന്‌ പിന്നിലെ കാരണവും ഇത്‌ തന്നെ. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസിലെ യുവതുര്‍ക്കി രാഹുല്‍ ഗാന്ധി തുടങ്ങിയ എത്രയോ പ്രഗത്ഭര്‍ കേരളത്തില്‍ പ്രചരണത്തിനെത്തി. എന്നിട്ടും പരാജയ സമാനമായ ജയം മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ സമ്മാനിച്ചത്‌. ഇത്‌ സംസ്ഥാനം ഭരിച്ച എല്‍.ഡി.എഫിന്റെ മിടുക്കല്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം. വി.എസ്‌ ഇഫക്‌ട്‌ ഒരു ഘടകം തന്നെ. പക്ഷെ എല്ലാത്തിനും ഉപരിയായി കേന്ദ്രഭരണത്തില്‍ അസംതൃപ്‌തരായ ഒരു ജനതയുടെ വികാരം കൂടിയാണ്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇലക്ഷന്‍ റിസള്‍ട്ട്‌. പെട്രോള്‍ വിലവര്‍ദ്ധന മൂലം ഏറ്റവും അധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. പച്ചക്കറിക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എപ്പോഴും അന്യസംസ്ഥാങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്‌ പെട്രോള്‍ വിലവര്‍ദ്ധന മൂലമുണ്ടാക്കുന്ന അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന താങ്ങാന്‍ കഴിയുന്നതല്ല. സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ സീറ്റുകളെ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ നല്‍കിയുള്ളു എന്നതിന്‌ പിന്നിലെ വികാരം മറ്റൊന്നുമല്ല.


അഴിമതിയുടെ കാര്യത്തിലോ, അവശ്യ വസ്‌തുക്കളുടെ വിലവര്‍ദ്ധനയുടെ കാര്യത്തിലോ ജനങ്ങളോട്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നതേയില്ല. ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്‌ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ സംസ്ഥാനഘടകള്‍ കൂടിയാണ്‌. അതിന്റെ ഉദാഹരണമാണ്‌ കേരളത്തിലെ ജനവിധി. എന്നാല്‍ ജനവിധി എതിരായി എന്ന്‌ മനസിലാക്കുമ്പോഴും ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. എണ്ണകമ്പിനികള്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കുന്ന യുപിഎ ഗവണ്‍മെന്റിനെയാണ്‌ രാജ്യം കാണുന്നത്‌.


ലോകകപ്പ്‌ ക്രക്കിറ്റ്‌ മത്സരങ്ങളും ഇപ്പോള്‍ ഐ.പി.എല്‍ മത്സരങ്ങളും കണ്ട്‌ കയ്യടിക്കുന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയുമൊക്കെ വിഷ്വലുകള്‍ ടിവിയില്‍ കാണുമ്പോള്‍ ജനം കൗതുകത്തോടെ നോക്കുമെന്നത്‌ സത്യം. പക്ഷെ ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന നീതികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തയാറാകുമ്പോള്‍ മുമ്പു പറഞ്ഞ വിഷ്വലുകള്‍ കോണ്‍ഗ്രസിന്റെ രക്ഷക്ക്‌ എത്തുന്നതേയില്ല. മറിച്ച്‌ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.  


ഇതിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു വസ്‌തുത വെറും കെട്ടിപ്പൊക്കിയ രാഷ്‌ട്രീയബിംബം മാത്രമാണ്‌ രാഹുല്‍ ഗാന്ധി എന്നതാണ്‌. രാഷ്‌ട്രീയത്തിലെ യുവജനനീതയുടെ പേരില്‍ എപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയെ കുറെയൊക്കെ ജനങ്ങളും അംഗീകരിച്ചു വരുകയായിരുന്നു. എന്നാല്‍ ജനകീയമായ ഒരു വിഷയത്തിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളില്ല എന്നത്‌ (പ്രത്യേകിച്ചും അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളില്‍) പലപ്പോഴും ഗ്ലാമര്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു.


എന്നാലിപ്പോള്‍ രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്ക്‌ തുടര്‍ച്ചയായ പരാജയങ്ങളാണ്‌ നേരിടുന്നത്‌. ബിഹാറില്‍ രാഹിലിന്റെ യുവജനസ്ഥാനാര്‍ഥികള്‍ എന്ന തന്ത്രത്തിന്‌ പരാജയമായിരുന്നു ഫലം. ഇപ്പോള്‍ കേരളത്തിലും രാഹുല്‍ പരാജയമേറ്റുവാങ്ങിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ നോമിനികളായി എത്തിയവരില്‍ ഏഴു പ്രമുഖരും പരാജയപ്പെട്ടു. പരാജയപ്പെട്ടവരില്‍ രാഹുലിന്റെ വിശ്വസ്ഥരില്‍ കെ.ടി ബെന്നിയും എം.ലിജുവും ഉള്‍പ്പെടുന്നു. കെ.ടി ബെന്നി എന്ന ചെറുപ്പക്കാരന്‌ രാഹുല്‍ ഗാന്ധി നിര്‍ബന്ധം പൂര്‍വ്വം സീറ്റ്‌ നല്‍കിയത്‌ ഏറെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ നിര്‍ബന്ധബുദ്ധിയോടെ രാഹുല്‍ ബെന്നിക്ക്‌ സീറ്റ്‌ നല്‍കുകയായിരുന്നു. ഫലമോ ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്ത ബെന്നി പരാജയത്തിന്റെ രുചിയറിഞ്ഞു.


ഇവിടെ പ്രധാന പ്രശ്‌നം വിദ്യാര്‍ഥി യുവജനരാഷ്‌ട്രീയ പ്രവര്‍ത്തനവും, പാര്‍ലമെന്ററി ഭരണവും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായ അളവില്‍ മനസിലാക്കാന്‍ രാഹുല്‍ തന്ത്രങ്ങള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌. രാഷ്‌ട്രീയത്തിലും, ഭരണപ്രകിയയിലും യുവജനങ്ങളെ കൊണ്ടുവരുക എന്ന രാഹുല്‍ തന്ത്രത്തോട്‌ സത്യത്തില്‍ ഏവര്‍ക്കും മതിപ്പ്‌ തന്നെയായിരുന്നു. പക്ഷെ ത്രിതല പഞ്ചായത്തുകളിലെ അനുഭവസമ്പത്ത്‌ ആര്‍ജ്ജിക്കാതെ നിയമസഭയിലേക്ക്‌ പുതുമുഖങ്ങളുടെ കടന്നുവരവ്‌ ജനം അംഗീരിക്കുകയില്ല എന്നതാണ്‌ രാഹുല്‍ നോമിനികളുടെ പരാജയം വെളിപ്പെടുത്തുന്നത്‌. 


ഇനിയിപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ ഘടകത്തിനും ആശങ്കകളുടെ സമയമാണ്‌. മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കലും ഘടകകക്ഷികളുടെ പ്രീണനവും അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ്‌ നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കാന്‍ പോന്ന വെടി പൊട്ടിക്കാന്‍ വി.എസ്‌ അച്യുതാന്ദന്‌ കഴിഞ്ഞിരിക്കുന്നു. അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നാണ്‌ വി.എസിന്റെ ആവശ്യം. ഇതൊരു മുന്നറിയപ്പാണ്‌ എന്നാണ്‌ വി.എസ്‌ പറഞ്ഞിരിക്കുന്നത്‌. എന്നുവെച്ചാല്‍ വി.എസ്‌ ഉന്നംവെച്ചത്‌ ആരെയൊക്കെയാണ്‌ വ്യക്തം. വി.എസ്‌ ലക്ഷ്യംവെക്കുന്നവരെ ഒഴിവാക്കി ഒരു മന്ത്രിസഭ സ്വപ്‌നത്തില്‍ പോലും പ്രതിക്ഷിക്കുകയും വേണ്ട. വി.എസിനും ആ പ്രതീക്ഷ ഇല്ല.


രാഷ്‌ട്രീയ ശ്രദ്ധ തന്നിലേക്ക്‌ ആകര്‍ഷിക്കുകയും പുതിയ സമരങ്ങള്‍ക്ക്‌ വഴി കണ്ടെത്തുകയുമാണ്‌ വി.എസ്‌ തന്റെ പ്രസ്‌താവനയിലൂടെ ലക്ഷ്യം വെച്ചത്‌. മന്ത്രിസഭയില്‍ വി.എസ്‌ ഉദ്ദേശിച്ചവര്‍ പോലെയുള്ളവര്‍ കടന്നു വന്നാല്‍ പിന്നെ അവര്‍ക്കെതിരെയുള്ള രാഷ്‌ട്രീയ പോരാട്ടം വി.എസ്‌ ആരംഭിക്കുമെന്ന്‌ തീര്‍ച്ച. ഇവിടെ പിണറായി വിജയന്‌ മൗനത്തിന്‌ മാത്രമേ കഴിയു. കാരണം ലാവ്‌ലീന്റെ കരിനിഴല്‍ മാറാതെ പിണറായിക്ക്‌ ഒരിക്കലും വി.എസിന്റെ അഴിമതി വിരുദ്ധ ഇമേജ്‌ സ്വന്തമാക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഭരണം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി ഏറെ ശ്രദ്ധയോടെ നീങ്ങേണ്ടിയിരിക്കുന്നു. അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ സ്‌പോക്ക്‌ പേഴ്‌സണ്‍ എന്തുകൊണ്ടും വി.എസ്‌ മാത്രമായി മാറും. ഇത്‌ തന്നെയാണ്‌ വി.എസ്‌ ലക്ഷ്യം വെക്കുന്നതും. വി.എസിന്റെ രാഷ്‌ട്രീയ താത്‌പര്യം എന്തുതന്നെയായാലും അത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മനസമാധാനം നല്‍കുന്ന കാര്യമല്ല.


ഇതിനൊപ്പം മറ്റൊരു ചുമടു കൂടി ഉമ്മന്‍ചാണ്ടി ചുമക്കേണ്ടി വരുമെന്ന്‌ ഉറപ്പ്‌. പെട്രോള്‍ വില വര്‍ദ്ധന ഉള്‍പ്പെടയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ കൂട്ടുകക്ഷി മന്ത്രിസഭയുടെ എല്ലാ നടപടികള്‍ക്കും കേരളത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാകുക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തന്നെയായിരിക്കും. മാധ്യമങ്ങളോടും ജനങ്ങളോടും ഒരോ കേന്ദ്രഭരണ പ്രവര്‍ത്തനങ്ങളെയും ന്യായീകരിച്ച്‌ വെട്ടിലാവാന്‍ മാത്രമായിരിക്കും ഉമ്മന്‍ചാണ്ടിയുടെ വിധി. 


കേന്ദ്രഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പിന്നെ കേരളത്തില്‍ വരാന്‍ പോകുന്ന ഘടകകക്ഷി സമ്മര്‍ദ്ദങ്ങളും പിന്നെ വി.എസ്‌ അച്യുതാന്ദനും കോണ്‍ഗ്രസിന്‌ എത്രത്തോളം ഭീഷണിയാകും എന്ന്‌ വരും നാളുകളില്‍ കണ്ടറിയാം. 


   

1 comment:

  1. അമ്പാനിയുടെ എണ്ണകമ്പനി പൂട്ടലിന്റെ വക്കിലെത്തിയ സമയത്ത് (നേരത്തേ തന്നെ പമ്പുകളെല്ലാം പൂട്ടിയിട്ടിരുന്നു) ബലഹീനനായ പ്രധാനമന്ത്രിയെ കണ്ടതിന്റെ ഫലമാണ്‌ എണ്ണകമ്പനികള്‍ക്ക് വിലവര്‍ദ്ദിപ്പിക്കാന്‍ കിട്ടിയ അവകാശം. അടിസ്ഥാന വിഭാഗങ്ങളെ പാടെ അവഗണിച്ച് തങ്ങള്‍ക്ക് ഫണ്ടിങ്ങ് നടത്തുന്ന കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് അനിയന്ത്രിതമായി മേയാന്‍ അവസരം കൊടുക്കുകയാണ്‍ സിംഗ് ചെയ്തത്. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കും എന്ന് പറഞ്ഞ് അധികാരത്തിലേറുന്നവര്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളല്ലേ. ഇനി അന്ന് പ്രതിപക്ഷ നേതാവായ ചാണ്ടി സാര്‍ പറഞ്ഞത് പെട്രോള്‍ വില കുറക്കുവാന്‍ വേണ്ടി സംസ്ഥാനം കേന്ദ്രത്തിനെ മാത്രം കുറ്റം പറയരുത് ഇവിടെയും നികുതി കുറക്കണം എന്നാണ്. ഇപ്പോള്‍ ഭരണം കിട്ടിയപ്പോഴെങ്കിലും അതൊന്ന് കാണിച്ചാല്‍ നന്നായിര്ക്കും. (അതിനു മാണി സാര്‍ സമ്മതിക്കുമോ ആവോ?! ധനമന്ത്രിക്കുല്ല കുപ്പായം എപ്പോഴേ തയ്പ്പിച്ച് ഇരിക്കുകയാണ്‌ പാലായുടെ സ്വന്തം കുഞ്ഞു മാണി!)കൂടാതെ പെട്രോള്‍ പരമാവധി കുടിച്ച് വീര്‍ക്കുന്ന ആഡംബര വാഹനങ്ങളുടെ നികുതി പരമാവധി കുറച്ച് പൊതു ഗതാഗതത്തിന്റെ (സ്വകാര്യ ബസ്സ് പോലെ..) നികുതി പരമാവധി കൂട്ടുന്ന ഒരു സത്യം നാം ഓര്‍ക്കേണ്ടതുണ്ട്. ആര്‍ക്കുവേണ്ടിയാണിതെല്ലാം. 80%ത്തിലധികം ജനങ്ങള്‍ 20 രൂപ വരുമാനക്കാരായ ഒരു രാജ്യത്ത് യു.പി.എ. സര്‍ക്കാരിന്റെ ഇത്രയും കാലത്ത് പുരോഗതിയുണ്ടായത് ശത കോടീശ്വരന്മാരുടെ എണ്ണത്തിലാണ്. ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ തലേക്കെട്ടുകാരന്റെ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന്.

    ReplyDelete