Sunday, May 29, 2011

ഇതാണോ സഖാവെ വൈരുദ്ധ്യാത്മക ഭൗതികവാദം!

നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്‌തു. അപ്പോഴാണ്‌ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക്‌ ചില വെളിപാടുകളുണ്‌ടായത്‌. പണ്‌ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ്‌ തോല്‍വിയെ താത്വികമായി അവലോകനം ചെയ്യാനും തോല്‍വിയെപോലും വിജയമാക്കി അവതരിപ്പിക്കാനുമെല്ലാം ഇ.എം.എസ്‌ എന്ന താത്വിക ആചാര്യന്‍ ഉണ്‌ടായിരുന്നു. ഇന്ന്‌ അതുപോലെയല്ല. എല്ലാം ഈ വിജയന്‍ തനിച്ചു തന്നെ വേണം. അങ്ങനെയാണ്‌ തെരഞ്ഞെടുപ്പില്‍ വി.എസ്‌.പ്രഭാവം ഉണ്‌ടായിരുന്നില്ലെന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചത്‌. തൃശൂര്‍ പൂരം കഴിഞ്ഞ സമയമായതുകൊണ്‌ണ്‌ടാണോ എന്നറിയില്ല ആ സിദ്ധാന്തം എട്ടു നിലയില്‍ തന്നെ പൊട്ടി. അപ്പോഴാണ്‌ പുതിയ വെളിപാടുണ്‌ടായത്‌. പഴയ സിദ്ധാന്തം പോലെയല്ല ഇത്‌. സംഗതി കുറച്ച്‌ ഗൗരവമുള്ളതാണ്‌. മത, ജാതി, സമുദായ സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ കൈകടത്തുന്നതാണ്‌ അച്യുതാനന്ദന്റെ പ്രതിച്ഛായ വളരുന്നതിനേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ പെട്ടെന്ന്‌ ആശങ്കാകുലനാക്കിയത്‌.
മനസ്സില്‍ തോന്നിയത്‌ മുഖത്തു നോക്കിപറയുന്ന ശീലം പണ്‌ടേ ഉള്ളതാണ്‌. അങ്ങനെയാണ്‌ ചില മതമേലധ്യക്ഷന്‍മാരെ മുമ്പ്‌ നികൃഷ്‌ട ജീവിയെന്നുപോലും വിളിക്കേണ്‌ടിവന്നത്‌. ഇപ്പോള്‍ മനസ്സില്‍ തോന്നിയത്‌ പച്ചയ്‌ക്ക്‌ പറഞ്ഞതും ഒന്നും ഒളിക്കാനില്ലാത്തതുകൊണ്‌ടാണ്‌. തെരഞ്ഞെടുപ്പ്‌ പൂരം കഴിഞ്ഞാട്ടാണെങ്കിലും പറയാനുള്ളത്‌ പറയാതിരിക്കാനാവില്ലല്ലോ. സ്വഭാവം അതായിപ്പോയില്ലെ. അങ്ങനെയാണ്‌ മതമേലധ്യക്ഷന്‍മാരും ജാതി സംഘടനകളും സമുദായ നേതാക്കളും രാഷ്‌ട്രീയത്തില്‍ ഇടപെടേണ്‌ടെന്ന്‌ പച്ചയ്‌ക്കങ്ങ്‌ വിളിച്ചുപറഞ്ഞത്‌. സമീപകാലത്ത്‌ തെരഞ്ഞെടുപ്പൊന്നും നടക്കാനിടയില്ലെന്ന്‌ ഉറപ്പുള്ളതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്തും പറയാം. കാരണം ഇതിന്റെ പേരില്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും ഇടയലേഖനമോ ശരിദൂരമോ പുറത്തുവരില്ല.
ഇനി ഇത്‌ വിളിച്ചു പറയാന്‍ എന്താണ്‌ അര്‍ഹത എന്നു ചോദിച്ചാല്‍ പിണറായിയോ സിപിഎമ്മോ അല്ലാതെ അതിന്‌ അര്‍ഹതയുള്ളവര്‍ കേരളത്തിലില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. കോണ്‍ഗ്രസിലെ പല മന്ത്രിമാരെയും സമുദായ സംഘടനകള്‍ തീരുമാനിക്കുന്നതും വി.ഡി.സതീശനെയും കെ.മുരളീധരനെയും പോലുള്ള അര്‍ഹരായവര്‍ പടിപ്പുറത്ത്‌ നില്‍ക്കുന്നതുമാണ്‌ യുഡിഎഫില്‍ നിന്ന്‌ നമ്മള്‍ കാണുന്ന കാഴ്‌ച. ഇത്തരമൊരു സാഹചര്യത്തില്‍ ജാതി, മത, സമുദായ സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടരുതെന്ന്‌ പറയാന്‍ പിണറായിക്കല്ലാതെ മറ്റാര്‍ക്കാണ്‌ യോഗ്യത. 
പത്തുവോട്ട്‌ അധികം പെട്ടിയില്‍ വീഴാനായാലും പാര്‍ട്ടിയില്‍ വി.എസിനെ ഒതുക്കാനായാലും പി.ഡി.പിയുടെ തോളില്‍ കയ്യിടുകയും ജമാഅത്തിനെ തലയില്‍ മുണ്‌ടിട്ട്‌ കാണുകയും എന്‍.എസ്‌.എസിനു വേണ്‌ടി ദേവസ്വം ബില്‍ പോലും വേണ്‌ടെന്ന്‌ വെയ്‌ക്കുകയും എന്നിട്ടും പിണങ്ങി നിന്ന നായന്‍മാരെ കൂടെനിര്‍ത്താന്‍ പെരുന്നയിലേക്ക്‌ പാര്‍ട്ടി ദൂതന്‍മാരെ അയക്കുകയുമെല്ലാം ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറി തന്നെയാണ്‌ അതിന്‌ സര്‍വ്വദാ യോഗ്യന്‍.
തെരഞ്ഞെടുപ്പ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ സെക്രട്ടറി ഇപ്പോള്‍ വിമര്‍ശിച്ച ജാതി, മത, സമുദായ സംഘടനകളുടെ വോട്ട്‌ വേണ്‌ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവം കാണിക്കുമോ എന്ന്‌ ചോദിച്ചാല്‍ പിണറായി സഖാവ്‌ വലിയ ജനാധിപത്യവാദിയാകും. ജനാധിപത്യത്തില്‍ ആരുടെയെങ്കിലും വോട്ട്‌ വേണ്‌ടെന്ന്‌ പറയുമോ എന്ന്‌ തിരിച്ച്‌ ചോദിച്ച്‌ മാധ്യമപ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കും. ഇനി മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ അത്‌ ഞങ്ങടെ പാര്‍ട്ടി കാര്യമാണ്‌. ഞങ്ങള്‌ തീരുമാനിച്ചോളാം എന്ന്‌ ധാര്‍ഷ്‌ഠ്യത്തിന്റെ ഭാഷയില്‍ മൊഴിയും. ഒരുവിധപ്പെട്ട ചോദ്യങ്ങളൊക്കെ അതോടെ നിലയ്‌ക്കും.
ഒരു പാലമിടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകേണ്‌ടി വരുമെന്ന്‌ അറിയാതെയല്ല പാര്‍ട്ടി സഖാക്കള്‍ ഇതിനെല്ലാം തുനിയുന്നത്‌. തങ്ങളുടെ വിശ്വാസികളോ അനുയായികളോ വോട്ട്‌ ചെയ്‌ത്‌ ജയിപ്പിച്ചതിന്‌ പ്രതിഫലമായി അവര്‍ നിര്‍ദേശിക്കുന്നവരെ മന്ത്രിപദത്തിലോ മറ്റ്‌ ഏതെങ്കിലും അധികാര സ്ഥാനങ്ങളിലോ ഇരുത്തേണ്‌ടിവരുമെന്നും അറിയാതെയല്ല. എങ്കിലും ആത്മരോഷം തിളച്ചുവരുമ്പോള്‍ ചിലതൊക്കെയങ്ങ്‌ പറഞ്ഞുപോവുന്നതാണ്‌. അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ ജനങ്ങളും സമുദായ നേതാക്കളുമെല്ലാം അതങ്ങ്‌ മറക്കും. 
ഇനി സഖാവ്‌ ആത്മാര്‍ത്ഥമായിതന്നെ പറഞ്ഞതാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഇടയലേഖനമിറക്കാതിരിക്കാനായി സ്ഥാനാര്‍ത്ഥികളെക്കൊണ്‌ട്‌ തിരുമേനിമാരുടെ കൈമുത്താനും തലയില്‍ മുണ്‌ടിട്ട്‌ പാതിരാത്രി സമുദായ സംഘടനകളുടെ ആസ്ഥാനത്ത്‌ കയറി ഇറങ്ങാതിരിക്കാനും സെക്രട്ടറി നിര്‍ദേശിക്കുമോ.
തെരഞ്ഞെടുപ്പില്‍ ജാതി, മത, സമുദായ സംഘടനകള്‍ സ്വീകരിച്ച നിലപാട്‌ ശരിയാണോ എന്ന്‌ ആത്മപരിശോധന നടത്തണമെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നത്‌. ആത്മപരിശോധന സത്യത്തില്‍ ആവശ്യമുള്ളത്‌ സി.പി.എം അടക്കമുള്ള സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാണ്‌. ഇടയലേഖനമിറക്കുമ്പോഴേക്കും മുട്ടിടിക്കുകയും സമദൂരത്തില്‍ നിന്ന്‌ ശരിദൂരം എന്നു പറയുമ്പോള്‍ ഭാസ്‌കര പട്ടേലരുടെ മുന്നില്‍ നില്‍ക്കുന്ന തൊമ്മിമാരാകുകയും ചെയ്യുന്നത്‌ ഇതേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെയാണെന്ന്‌ സെക്രട്ടറി മറക്കരുത്‌.
തങ്ങളുടെ പിന്തുണ കൊണ്‌ടാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതെന്ന്‌ കരുതേണ്‌ടെന്നാണ്‌ സെക്രട്ടറി പറയുന്നത്‌. കേരളത്തിലെ ഒരു ജാതി, മത, സമുദായ സംഘടനയും അത്തരമൊരു മൂഢസ്വര്‍ഗത്തിലാണ്‌ കഴിയുന്നതെന്ന്‌ ആരും കരുതുന്നില്ല. കാരണം ജനാധിപത്യത്തില്‍ വോട്ടു ബാങ്കെന്ന ഓല പാമ്പ്‌ കാട്ടിയാല്‍ ഏത്‌ രാഷ്‌ട്രീയ മൂര്‍ഖനും നീര്‍ക്കോലിയാവുമെന്ന്‌ അവര്‍ നല്ലപോലെ തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. ഈ ഓലപാമ്പിനെയും കൊണ്‌ട്‌ നമ്മുടെ രാഷ്‌ട്രീയ കുഞ്ഞിരാമന്‍മാരെ എത്രകാലം വേണമെങ്കിലും ചാടിക്കളിപ്പിക്കാമെന്ന്‌ അവര്‍ക്ക്‌ നല്ലബോധ്യമുണ്‌ട്‌. അതുകൊണ്‌ട്‌ ആത്മപരിശോധന വേണ്‌ടത്‌ സമുദായ നേതാക്കള്‍ക്കോ മതമേലധ്യക്ഷന്‍മാര്‍ക്കോ അല്ല. സി.പി.എം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ തന്നെയാണ്‌.  



No comments:

Post a Comment