അതെ, തമിഴകത്ത് കാര്യങ്ങള്‍ മാറി മറിയാന്‍ ഒറ്റ ദിവസമേ വേണ്ടി വന്നുള്ളു. ഡി.എം.കെ മുന്നണിയും എ.ഡി.എം.കെ മുന്നണിയും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന എക്‌സിറ്റ് പോളുകളെയും കാറ്റില്‍ പറത്തി എന്തിന് ജയലളിതയെ പോലും അമ്പരപ്പിച്ചുകൊണ്ട് അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയതോടെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ പതനത്തിന് തുടക്കമായിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.
ഇനിയിപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിതയുടെ വാഴ്‌ച തന്നെയാവും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം കേരളമല്ല തമിഴ്‌നാട്. അവിടെ ഭരണം എന്നു പറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും ഭരിക്കുന്നവന്റേതാണ്. തമിഴ്‌നാട്ടില്‍ കാലകാലങ്ങളായി കണ്ടുവരുന്നതും ഈ ഭരിക്കുന്നവന്റെ കാഴ്‌ചകളുമാണ്.
എന്നാല്‍ ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത് ജയലളിത തമിഴ്‌നാട് നിയമസഭയിലേക്ക് നേടിയ അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷമാണ്. അക്ഷരാര്‍ഥത്തില്‍ തമിഴ്‌നാട് ജയലളിത തൂത്തുവാരുകയായിരുന്നു എന്നു പറയാം. 91 - 96 കാലഘട്ടത്തിലാണ് ജയലളിത ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്. എന്നാല്‍ പിന്നീട് 96ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ 2001ല്‍ 193 സീറ്റുകള്‍ നേടിക്കൊണ്ടാണ് ജയലളിത അധികാരത്തിലെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അതിലും വലിജയ വിജയമാണ് അവര്‍ നേടിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ 203 സീറ്റുകള്‍ അണ്ണാഡി.എം.കെ നേടിയപ്പോള്‍ അത് ജയലളിതയുടെ എക്കാലത്തെയും വലിയ വിജയമായിരിക്കുന്നു. ~ഒപ്പം കരുണാനിധി നേരിട്ട ഏറ്റവും വലിയ പരാജയവും.
2ജി സ്‌പെക്‌ട്രം തന്നെയാണ് കരുണാനിധിക്ക് ഏറ്റവും വലിയ കെണിയൊരുക്കിയത് എന്നതില്‍ സംശയമില്ല. സ്‌പെക്‌ട്രം കേസില്‍ കുരുങ്ങി കരുണാനിധി കുടുംബം പ്രത്യേകിച്ചും മകള്‍ കനിമൊഴി ശ്വാസം മുട്ടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതിനൊപ്പം തമിഴകത്തെ ജീവവായുവായ സിനിമമേഖലയില്‍ കരുണാനിധി കുടുംബം നടത്തിയ അനാവശ്യ കടന്നു കയറ്റവും പിടിവാശികളും ജനങ്ങള്‍ക്കിടയില്‍ സ്വാധീനുള്ള മറ്റു താരങ്ങള്‍ക്ക് രസിച്ചതേയില്ല. അവര്‍ ജയലളിതക്കൊപ്പം നിന്നു. അതോടെ ചരിത്ര വിജയം നേടാന്‍ ജയലളിതക്കായി.
ഇനിയിപ്പോള്‍ ജയലളിതയുടെ ഏറ്റവും പ്രഥമ ലക്ഷ്യം കരുണാനിധിയെ ഒതുക്കുകയും ഡിഎംകെയെ ഇല്ലാതാക്കുകയുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയങ്ങളില്ല. കഴിഞ്ഞ തവണ മുഖ്യമന്ത്രി കസരേയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ കരുണാധിനിയെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യച്ച കഥ പറയാനുണ്ട് ജയലളിതക്ക്. പകയുടെ കാര്യത്തില്‍ ഏത് രാഷ്‌ട്രീയക്കാരനേക്കാളും മുമ്പില്‍ നില്‍ക്കും ജയലളിത.
എന്നാല്‍ ആവേശവും വികാരവും മാറ്റിവെച്ച് ചാണിക്യ തന്ത്രത്തോടെ രാഷ്‌ട്രീയം കളിക്കുന്ന ജയലളിതയെയാണ് ഇത്തവണ കാണാന്‍ കഴിയുന്നത്. കാരണം അണ്ണാ ഡിഎംകെ മുന്നണി വിജയം നേടിക്കഴിഞ്ഞപ്പോഴേക്കും ആരെയും അമ്പരപ്പിക്കുന്ന ഒരു രാഷ്‌ട്രീയ നീക്കമുണ്ടായി തമിഴ്‌നാട്ടില്‍. അണ്ണാ ഡി.എം.കെ മുന്നണിയിലെ പ്രധാന കക്ഷിയായിരുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ പ്രതിപക്ഷ കക്ഷിയാവാന്‍ തീരുമാനിച്ചതാണ് ഈ രാഷ്‌ട്രീയ നീക്കം.
സിനിമയില്‍ നിന്നും രാഷ്‌ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വന്നതാണ് വിജയകാന്ത്. ലോക്‌സഭാ ഇലക്ഷനില്‍ വിജയകാന്തിന്റെ പാര്‍ട്ടി വന്‍ പരാജയം നേരിടുകയും ചെയ്‌തു. എന്നാലും തമിഴ്‌നാട്ടില്‍ ക്യാപ്‌റ്റന്‍ എന്ന് വിളിക്കപ്പെടുന്ന വിജയകാന്തിന് വലിയ സ്വാധീനം തന്നെയുണ്ട്. പ്രത്യേകിച്ചും മധുര മേഖലയിലെ ദളിത് കേന്ദ്രങ്ങളില്‍. ഇതുകൊണ്ടു തന്നെയാണ് ജയലളിത വിജയകാന്തിനെ തന്റെ മുന്നണയിലേക്ക് ക്ഷണിച്ചത്. വിജയകാന്ത് ജയലളിതക്കൊപ്പം ചേര്‍ന്നപ്പോള്‍ അത് ഉപമുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. സത്യത്തില്‍ തുടക്കത്തില്‍ അങ്ങനെയായിരുന്നു താനും. വിജയകാന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന കരാര്‍ ഉറപ്പിച്ചാണ് ജയലളിത മുന്നണി സംവിധാനം രൂപപ്പെടുത്തിയത്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വിജയകാന്ത് പ്രതിപക്ഷത്തേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു.
ഇതിനു പിന്നിലെ രാഷ്‌ട്രീയം മറ്റൊന്നുമല്ല. ജയലളിത മുന്നണിയില്‍ 40 സീറ്റുകളില്‍ മത്സരിച്ച വിജയകാന്തിന്റെ പാര്‍ട്ടി 29 സീറ്റുകളില്‍ വിജയിച്ചു. വന്‍ തിരിച്ചടി നേരിട്ട കരുണാനിധിയുടെ ഡി.എം.കെ നേടിയത് വെറും 23 സീറ്റുകള്‍. വിജയകാന്ത് പ്രതിപക്ഷത്തേക്ക് മാറുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷമായി വരേണ്ടിയിരുന്ന ഡി.എം.കെക്ക് ആ റോള്‍ കൂടി നഷ്‌ടമാകും. ചുരുക്കത്തില്‍ കരുണാനിധിയുടെ പാര്‍ട്ടി നിയമസഭക്കുള്ള ഒന്നുമല്ലാതായി മാറും. ഇത് തന്നെയാണ് ജയലളിതയും ലക്ഷ്യം വെക്കുന്നത്. വിജയകാന്തിനെ മന്ത്രിസഭയില്‍ ചേരാതെ പ്രതിപക്ഷമാവാന്‍ ഉപദേശിച്ചതും ജയലളിത തന്നെ.
പ്രതിപക്ഷത്ത് നിന്നുകൊണ്ട് ഡിഎംകെയെ കൂടുതല്‍ ഒതുക്കിയാല്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ രാഷ്‌ട്രീയ കക്ഷിയായി വരുന്ന അഞ്ചുവര്‍ഷം കൊണ്ട് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന് വിജയകാന്തും കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ തമിഴക രാഷ്‌ട്രീയത്തിലെ സമവാക്യങ്ങള്‍ ഏറെ മാറി മറിയും. പക്ഷെ താരത്തിളക്കത്തിന് അപ്പുറം വലിയ നേതൃത്വപാടവമോ, സംഘടനാ ശേഷിയോ വിജയകാന്തിനില്ല എന്നത് വലിയ പോരായ്‌മ തന്നെയാണ്.
തമിഴ് സിനിമ വ്യവസായത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കരുണാനിധിക്ക് വലിയ പരാജയം നേരിടാനുള്ള ഒരു കാരണം. കരുണാനിധി കുടുംബത്തിന്റെ ഏതാണ്ട് ഒമ്പതോളം നിര്‍മ്മാണ കമ്പിനികളാണ് (ചെറുമകളായ ഉദയനിധി സ്റ്റാലിന്റെ ദയാനിധി അളഗിരിയുടെയും അടക്കം) തമിഴകത്ത് സിനിമയ നിയന്ത്രിക്കുന്നത്. ഇതിനിടയില്‍ കരുണാനിധി കുടുംബം സിനിമയിലെ പല പ്രമുഖരുമായും ഇടഞ്ഞു. അതില്‍ പ്രധാനിയായിരുന്നു ഇളയദളപതി എന്ന് വിളിക്കപ്പെടുന്ന വിജയ്. തമിഴകത്ത് രജനും കമലും കഴിഞ്ഞാല്‍ ഏറ്റവും വിലയുള്ള താരം. വിജയ്‌ക്കെതിരെ ശക്തമായ പ്രതിബന്ധങ്ങളാണ് കരുണാനിധി കുടുംബം വെറും ഈഗോ നിന്നും സൃഷ്‌ടിച്ചത്. വിജയ്‌യുടെ സിനിമകള്‍ റിലീസിന് ചെയ്യുന്നതിന് തടസങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. അതോടെ വിജയ് ജയലളിതക്കൊപ്പം ഉറച്ച് നിന്നു. തന്റെ ഫാന്‍സ് അസോസിയേഷനെ ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നിയോഗിച്ചു. വലിയ മുന്നേറ്റം ജയലളിതക്ക് നേടിക്കൊടുക്കാന്‍ വിജയ്‌ക്ക് കഴിഞ്ഞു.
ഭരണത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജയലളിത വിജയ് നല്‍കിയ പിന്തുണക്ക് പ്രത്യുപകാരം ചെയ്‌തു. തമിഴകത്തെ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റായി വിജയ്‌യുടെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ എസ്.എ ചന്ദ്രശേഖര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയലളിതയുടെ ആശിര്‍വാദത്തോടെയായിരുന്നു ഇത്. ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിക്കുടുംബത്തിന്റെ കൈകളിലായിരുന്നു കൗണ്‍സിലിന്റെ നിയന്ത്രണം. തമിഴ്‌നാട്ടില്‍ ഏറ്റവും ശക്തമായ സിനിമ സംഘടന കൂടിയാണ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍. സിനിമാ മേഖലയില്‍ കരുണാനിധിയുടെ സ്വാധീനം നഷ്‌ടമാകുന്നതിന്റെ തുടക്കം കൂടിയാണിത്.
സിനിമക്കായി കരുണാനിധികുടുംബം ഇറക്കിയ വന്‍ കോടികള്‍ക്ക് കണക്കുകള്‍ കാണിക്കേണ്ടി വരുമെന്ന് ജയലളിത ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സ്‌പെക്‌ട്രം അഴിമതിക്ക് പിന്നാലെ കേസുകളുടെ ഒരു പെരുമഴ തന്നെയാവും കരുണാനിധിയെയും മകന്‍ സ്റ്റാലിനെയും ഡി.എം.കെയെയുമൊക്കെ ഇനി കാത്തിരിക്കുന്നത്.
എന്തിനേറെ പറയുന്ന തമിഴകമാകെ ജയലളിതയുടെ വിജയം ആഘോഷിക്കുകയാണിപ്പോള്‍. കരുണാനിധിയുടെ അടുത്ത സുഹൃത്തും തമിഴ് ജനതക്കിടയില്‍ ഏറ്റവും സ്വാധീനവുമുള്ള രജനികാന്ത് പോലും തന്റെ ആശംസകള്‍ ജയലളിതയെ അറിയിക്കാന്‍ ഇക്കുറി മടിച്ചില്ല. കാലങ്ങളായി ജയലളിതയും രജനികാന്തും ശീത സമരത്തിലായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.
അധികാരത്തിലേറിയപ്പോള്‍ തന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മെഗാ ഓഫറുകള്‍ നിറവേറ്റിക്കൊണ്ടാണ് ജയലളിത തുടങ്ങിയിരിക്കുന്നത്. പ്രത്യേക പദ്ധതി നടത്തിപ്പ് വകുപ്പിനും അവര്‍ രൂപം നല്‍കുന്നുണ്ട്. പക്ഷെ പാവപ്പെട്ട ജനങ്ങള്‍ക്ക് ടെലിവിഷന്‍ നല്‍കി വഞ്ചിക്കുന്ന സ്ഥിരം രാഷ്‌ട്രീയ നാടകമായി ജയലളിതയുടെ കോമ്പോ ഓഫറുകളും അവസാനിക്കുമോ എന്നത് മാത്രമേ കാത്തിരുന്നു കാണേണ്ടതുള്ളു. കാരണം അഴിമതിയുടെ കാര്യത്തില്‍ കരുണാനിധി സര്‍ക്കാരിനേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല കഴിഞ്ഞ പോയ രണ്ട് ജയലളിത സര്‍ക്കാരുകളും. ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമാകുമോ ജയലളിതയുടെ മൂന്നാം ഊഴം എന്നതാണ് അറിയേണ്ടത്.
ജയലളിതയുടെ വരവ് മുല്ലപ്പെരിയാല്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് തിരിച്ചടിയാവാനും സാധ്യതയുണ്ട് എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. ആദ്യം മുതല്‍ തന്നെ മുല്ലപ്പെരിയാല്‍ വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ ഒരു നിലപാടും ജയലളിത സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ നിയമസഭയില്‍ വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ജയലളിതയുടെ നിലപാടുകളില്‍ കാര്യമായ വിത്യാസങ്ങളൊന്നും കേരളം പ്രതീക്ഷിക്കേണ്ടതുമില്ല.
No comments:
Post a Comment