Friday, August 26, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) അദ്ധ്യായം അഞ്ച്

"ന്താ കുട്ടാ ദുസ്വപ്നം വല്ലോം കണ്ടോ?" അച്ഛമ്മ കട്ടിലിനടുത്തു നില്‍ക്കുകയാണ്. വാതില്‍ക്കല്‍ ഗായത്രിയുമുണ്ട്.
 
"ഒറക്കത്തില് എന്തൊക്ക്യോ പറേണെന്ന് ഇവളാ വന്നു പറഞ്ഞേ.." തെല്ലു ജാള്യതയോടെ രവി എഴുന്നേറ്റിരുന്നു.
 
സമയം സന്ധ്യയായിരിക്കുന്നു. നല്ലൊരുറക്കം കിട്ടിയെങ്കിലും ക്ഷീണം വിട്ടു മാറിയില്ല. എഴുന്നേറ്റു ചെന്ന് മുഖം കഴുകി വന്നു. ഗായത്രി കൊണ്ടുവന്ന ചായ മൊത്തിക്കുടിച്ചു. ഇടയ്ക്ക് തന്‍റെ കണ്ണുകള്‍ കുറ്റബോധത്തോടെ അവളുടെ നേരെ പായിച്ചു.
 
"അപ്പൊ എന്നെ മറന്നിട്ടില്ലാന്ന് മനസ്സിലായി." ഗായത്രി ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു.
 
ഇവളെന്തൊക്കെയാണീ പറയുന്നത്? രവിക്കൊന്നും മനസ്സിലായില്ല. ചോദ്യരൂപത്തിലുള്ള അയാളുടെ നോട്ടം കണ്ടിട്ടാവണം അവള്‍ പറഞ്ഞു.....

"ഉറക്കത്തില്‍ കിടന്ന് എന്‍റെ പേരു വിളിക്കുന്നതു കേട്ടാ ഞാനിങ്ങോട്ടു വന്നത്. അപ്പോഴല്ലേ സാറ് ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണെന്ന് മനസ്സിലായത്." അവള്‍ പരിഹാസരൂപത്തില്‍ പറഞ്ഞ് അപ്പുറത്തേക്കു പോയി.
 
"ശ്ശേ, ഇതു കഷ്ടമായിപ്പോയി. എന്തൊക്കെയാണാവോ താന്‍ ഉറക്കത്തില്‍ വിളിച്ചു പറഞ്ഞത്." രവി ഉത്കണ്ഠാകുലനായി.
 
"ദീപം.....ദീപം.....ദീപം" ഗായത്രിയുടെ ശബ്ദമാണ്. സന്ധ്യാവിളക്കു കൊളുത്താന്‍ സമയമായി. ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്ന അമ്മയുടെ സന്ധ്യാനാമം കേട്ടു വളര്‍ന്ന താന്‍, ലൗകീക സുഖങ്ങളുടെ പുറകെ പാഞ്ഞു കാലങ്ങള്‍ കഴിച്ചുകൂട്ടി. ബോംബെയിലും ഡല്‍ഹിയിലുമായി അലഞ്ഞുതിരിഞ്ഞു നടന്നപ്പോള്‍ സന്ധ്യാനാമം പോയിട്ട് 'ദൈവമേ' എന്നുപോലും വിളിക്കാന്‍ തോന്നിയിട്ടില്ല.
ബാല്യവും കൗമാരവും വിസ്മരിച്ചു. ബാല്യം കഴിഞ്ഞ് കൗമാരത്തിന്‍റെയും യൗവനത്തിന്‍റേയും അതിര്‍വരമ്പുകളിലെത്തി നില്‍ക്കുന്ന പ്രായം. ആരും ഒന്നും ചോദിക്കാനില്ല എന്ന അഹന്ത മനസ്സില്‍ മുറ്റി നില്‍ക്കുന്ന പ്രായം.
 
ആരേയും കൂസാത്ത പ്രകൃതമായിരുന്നു തന്‍റേത്. കുറെ സാധാരണ മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഈ പ്രദേശം. ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന കാലം. ഉത്സവമായാലും കൃസ്തുമസ്സായാലും പെരുന്നാളായാലും എല്ലാവരും ആ സന്തോഷങ്ങളില്‍ പങ്കെടുത്ത് പരസ്പരം പങ്കുവെച്ച് ജീവിച്ചിരുന്ന കാലം. ഇവിടെ വളര്‍ന്നു വരുന്ന ഓരോ കുട്ടിയുടേയും രക്ഷകര്‍ത്താക്കള്‍ ഗ്രാമത്തിന്‍റെ മുഴുവന്‍ രക്ഷകര്‍ത്താക്കളായിരുന്നു.
 
ആരെന്തു ചെയ്താലും പറഞ്ഞാലും നിമിഷനേരം കൊണ്ട് അതവരുടെ വീടുകളിലെത്തിയിരിക്കും. സ്കൂളില്‍ എന്തെങ്കിലും വികൃതി കാണിച്ചാല്‍ അദ്ധ്യാപകര്‍ നേരിട്ട് രക്ഷകര്‍ത്താക്കളെ വിവരമറിയിക്കുമായിരുന്നു. അദ്ധ്യാപകരുടെ ഈ പ്രവൃത്തികള്‍ പല വിരുതന്മാര്‍ക്കും പാരയായിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയുടെ ഒരേയൊരു മകനായ തനിക്കും അല്പം ഗര്‍വ്വും അഹങ്കാരവും ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ക്ലാസ്സില്‍ അല്ലറ ചില്ലറ കുസൃതികള്‍ കാണിക്കുന്നവരുടെ ലിസ്റ്റില്‍ തന്‍റെ പേരും ഉള്‍പ്പെട്ടത് അങ്ങനെയാണ്. അച്ഛന്‍റെ കൈയില്‍ നിന്ന് നല്ല ചൂരല്‍പ്രയോഗവും അതുകാരണം താന്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.  മാതാപിതാക്കളുടെ സംരക്ഷണയില്‍ പാറപോലെ വളര്‍ന്നപ്പോഴും പഠിപ്പോ തന്‍റെ ഭാവിയോ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല.
 
"എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ !
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ...."
 
ഉമ്മറക്കോലായില്‍ അച്ഛമ്മ രാമായണം വായിക്കുന്നത് കേട്ടുകൊണ്ട് കറങ്ങുന്ന ഫാനിലേക്കു നോക്കി കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ് അപ്പോഴും അയാള്‍. പകലുറക്കത്തിന്‍റെ ക്ഷീണമുണ്ടെങ്കിലും ഇങ്ങനെ കിടക്കുന്നത് ശരിയല്ലെന്നു തോന്നി. അപ്പോഴേക്കും ആരോ വന്നു അച്ഛമ്മയോടു സംസാരിക്കുന്നതു കേട്ടു. എഴുന്നേറ്റ് മുന്‍വശത്തേക്കു ചെന്നു.
 
"ഞാനാ മുത്തശ്ശീ" വന്ന ആള്‍ പരിചയപ്പെടുത്തി ഉമ്മറത്തേക്കു കയറി.
 
"ങ്ആ....നീയ്യോ?" വാ കേറിയിരിക്ക്" അപ്പോഴേക്കും രവി വരാന്തയിലേക്കു ചെന്നു. രവിയെ കണ്ടപാടെ ആഗതന്‍ എഴുന്നേറ്റു നിന്നു. ഒറ്റ നോട്ടത്തില്‍ രവിക്ക് ആളെ മനസ്സിലായില്ല. ഉയരം കുറഞ്ഞ് കഷണ്ടി കയറിയ തലയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന നരച്ച മുടി. ഒരു കാവി വസ്ത്രധാരി. ഉയരം കുറഞ്ഞതു  കൊണ്ടാകാം കുടവയര്‍ അല്പം കൂടുതലായി തോന്നിക്കും. ആകെ ഒരു ഇരുണ്ട നിറം.

ആളെ മനസ്സിലാകാതെ രവിയുടെ നില്പു കണ്ടിട്ടാകണം അയാള്‍ അടുത്തേക്കു വന്നു. രവിയുടെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ നില്‍ക്കുകയാണ്.
 
"ഓര്‍മ്മ വരുന്നില്ല അല്ലേ?" അയാള്‍ രവിയോടൂ ചോദിക്കുകയാണ്. അച്ഛമ്മയും ഊറിച്ചിരിച്ചുകൊണ്ട് രാമായണം മടക്കി എഴുന്നേറ്റു.
 
"എല്ലാം ഇനി ആദ്യേ കൂദ്യേ തൊടങ്ങണംന്നാ തോന്നണേ." അത്രയും പറഞ്ഞ് അച്ഛമ്മ അകത്തേക്കു പോയി.
 
"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നോക്കുന്നത്?" എന്നിട്ടും രവിക്ക് ആളെ മനസ്സിലായില്ല.
 
"എനിക്ക്....!!" രവി വിക്കി വിക്കി പറഞ്ഞു.
 
"ആരാണെന്നു ശരിക്കങ്ങു മനസ്സിലായില്ല. ക്ഷമിക്കണം." രവി വീണ്ടും പറഞ്ഞു.
 
"അപ്പോള്‍ അതാണു കാര്യം. കാലം മാറുമ്പോള്‍ കോലവും മാറുമെന്നു കേട്ടിട്ടുണ്ടോ? കാലം മാറി, എന്റെ കോലവും മാറി." ആഗതന്‍ പറഞ്ഞു.
 
"എന്തിനാ ശ്രീധരാ നീ അവനെ വെഷമിപ്പിക്കണെ?" അച്ഛമ്മയുടെ ചോദ്യം കേട്ട് രവി അത്ഭുതത്തോടെ അയാളെ നോക്കി.
 
"ശ്രീധരന്‍....!!" രവി സ്വയം പറഞ്ഞു.
 
"അതെ ശ്രീധരന്‍ തന്നെ. അച്ഛന്‍ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്. ഇന്ന് തിരക്കോടു തിരക്കായിരുന്നു. പകല്‍ നിന്നെ വന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ, ഇന്ന് കൃഷിഭവനില്‍ നിന്ന് കൃഷി ഓഫീസര്‍ വരുന്ന ദിവസമായിരുന്നു. അവര്‍ വരുമ്പോള്‍ ഞാന്‍ സ്ഥലത്തില്ലെങ്കില്‍ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അവമ്മാരെ പിന്നെ മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. അതുകൊണ്ടാ പകല്‍ വരാതിരുന്നത്."
 
"ശ്രീധരാ, നീ ആകെ മാറിപ്പോയല്ലോ. എനിക്ക് നിന്നെ തീരെ മനസ്സിലായില്ല കേട്ടോ. ഇതെന്തു വേഷമാടാ. ഒരുമാതിരി സ്വാമി വേഷം" രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ.. അടുത്ത ശ്രീനാരായണഗുരുവാകാന്‍ പോകുന്ന ആളല്ലേ. അപ്പോള്‍ ഇപ്പഴേ തൊടങ്ങി വേഷം കെട്ടണമല്ലോ." ചായയുമായി വന്ന ഗായത്രിയാണ്.
 
"എന്തിനാ ഗായത്രീ ഈ പരിഹാസം? ഈയുള്ളവനെ വെറുതെ വിട്ടേര്. ജീവിച്ചു പൊയ്ക്കോട്ടെ." ശ്രീധരന്‍ ദയനീയമായി ഗായത്രിയോടു അപേക്ഷിക്കുകയാണ്.
 
"ങൂം...ജീവിച്ചാല്‍ മതി" അവള്‍ അകത്തേക്കു പോയി.
 
അപ്പോഴും രവി ശ്രീധരനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
 
"നീയങ്ങു വല്ലാതായിപ്പോയല്ലോ. എന്തു പറ്റി? രവി ചോദിച്ചു.
 
"പിന്നെ നിന്നെപ്പോലെ സായിപ്പിന്‍റെ പണിയൊന്നുമല്ലല്ലോ എനിക്ക്. വെള്ളക്കോളര്‍ ജോലിയുമല്ല. ഈ പാടത്തും പറമ്പിലും വെയിലും മഴയുമൊക്കെ കൊണ്ട് അലഞ്ഞു തിരിയുമ്പോള്‍ മനുഷ്യന്‍റെ ആകൃതിയും പ്രകൃതിയുമൊക്കെ അങ്ങു മാറും."ശ്രീധരന്‍റെ ന്യായീകരണം.
 
"നീയെന്തിനാ ഈ കാവി വേഷമിട്ടു നടക്കുന്നത്?"രവിയുടെ ചോദ്യം കേട്ട് ശ്രീധരന്‍ പുഞ്ചിരിച്ചു.
 
"ലൗകീക ജീവിതം കഴിഞ്ഞ് അല്പം ആത്മീയമാകാം എന്നു തോന്നി. പിന്നെ ഈ ഏരിയായിലെ എസ്.എന്‍.ഡി.പി.യുടെ സെക്രട്ടറിയെന്നുള്ള ഒരു ഭാരവും എന്‍റെ ചുമലിലായിപ്പോയില്ലേ." ശ്രീധരന്‍ വിശദീകരിച്ചു.
 
"ഉവ്വുവ്വേ....രാഷ്ട്രീയക്കാരുടെയും നാട്ടുകാരുടേയും കണ്ണില്‍ പൊടിയിടാനല്ലേ കാവിയും പുതച്ചുകൊണ്ടു നടക്കുന്നത്. പിന്നെ അല്ലറ ചില്ലറ തടയാനും ഇങ്ങനെയുള്ള നമ്പറുകളൊക്കെ വേണമല്ലോ?" ഗായത്രി ഒരു പ്ലേറ്റില്‍ ഉപ്പേരിയുമായി വന്നു.
 
"കേട്ടോടാ രവീ...ലോകത്തെല്ലാവരും ഗുണം പിടിച്ചാലും ഇവള് ഗുണം പിടിക്കുകയില്ല." ശ്രീധരന്‍ കളിയാക്കിക്കൊണ്ട് ഗായത്രിയുടെ നേരെ തിരിഞ്ഞു.
 
കൊഞ്ഞനം കുത്തി ഒരു ചിരിയും പാസാക്കി ഗായത്രി അകത്തേക്കു പോയി.
 
"പാവമാണെടാ അവള്‍. ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചവളാ. ആ മനസ്സിലെ ദു:ഖങ്ങളുടെ ആഴവും പരപ്പും ചില നേരത്തെ അവളുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. എന്നെക്കാണുമ്പോഴൊക്കെ അവള്‍ പഴയ ഗായത്രിയായി മാറും. അതാണവളുടെ രീതി. നിന്‍റെ വിവരങ്ങള്‍ എപ്പോഴും തിരക്കുമായിരുന്നു." ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
 
"നീയും ആളാകെ മാറിപ്പോയി കേട്ടോ. വിവരങ്ങള്‍ കുറച്ചൊക്കെ ഞാനറിഞ്ഞു." തന്‍റെ നെടുവീര്‍പ്പിനു മറുപടിയായി ശ്രീധരന്‍ പറഞ്ഞു.
 
"ഇന്നുച്ചയ്ക്ക് നിന്‍റെ അച്ഛന്‍ വന്നിരുന്നു." രവി പറഞ്ഞു നിര്‍ത്തി.
 
"ങ്ആ അച്ഛനാണ് നീ വന്ന കാര്യം എന്നോടു പറഞ്ഞത്. എനിക്കാദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആരോടും പറയാതെയുള്ള നിന്‍റെ ഈ വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നീയെന്തേ ഇത്രയും നാള്‍ വനവാസം നയിച്ചു? വീട്ടുകാരോടുള്ള എതിര്‍പ്പ് കൂട്ടുകാരോടും നാട്ടുകാരോടും കാണിച്ചത് തീരെ ശരിയായില്ല." ശ്രീധരന്‍റെ പരിഭവത്തിന് മറുപടി പറയാന്‍ കഴിയാതെ രവി നിന്നു.
 
"ഞാന്‍ കുറച്ചു നാള്‍ ഖത്തറിലായിരുന്നു. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച എന്നു പറഞ്ഞതുപോലെയായിരുന്നു എന്‍റെ കാര്യം." ശ്രീധരന്‍ തുടര്‍ന്നു.
 
"എനിക്കോര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ ബോംബെയിലുണ്ടായിരുന്നു. നമ്മള്‍ ഒന്നുരണ്ടു കത്തിടപാടുകളും നടത്തിയിരുന്നു." രവി പറഞ്ഞു.
 
"നീ ബോംബെയില്‍ നിന്ന് പോയ വിവരം പിന്നീട് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ യാതൊരു അഡ്രസ്സും അതിനുശേഷമില്ലായിരുന്നു.
 
"എടാ അച്ഛനെങ്ങനെയുണ്ട്? നിന്നോടു സംസാരിച്ചോ?" ശ്രീധരന്‍ ചോദിച്ചു.
 
"സംസാരിച്ചു. പുള്ളി ആകെ മാറിപ്പോയി. ഇപ്പോള്‍ തീര്‍ത്തും അവശതയിലാണ്."
 
"നമുക്ക് പുറത്തേക്കൊന്നിറങ്ങിയാലോ. നീ വന്നിട്ട് പുറത്തിറങ്ങിയില്ലല്ലോ?" ശ്രീധരന്‍ പറഞ്ഞതു ശരിയാണ്. വന്നിട്ട് പുറത്തിറങ്ങാന്‍ സമയം കിട്ടിയില്ല. നാളെ ഒന്നു പുറത്തേക്കിറങ്ങാമെന്നു കരുതിയിരിക്കുകയായിരുന്നു. ഏതായാലും രാത്രിയില്‍ ആരും പെട്ടെന്ന് കണ്ടാല്‍ മനസ്സിലാകുകയില്ലല്ലോ. പകലാണെങ്കില്‍ നാട്ടുകാരുടെ നൂറുനൂരു ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം കൊടുക്കേണ്ടി വരും. രവി സ്വയം പറഞ്ഞു.
 
"അച്ഛമ്മേ..ഞങ്ങളൊന്നു പുറത്തേക്കിറങ്ങുവാ." രവി അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

(തുടരും....)

Thursday, August 18, 2016

വര്‍ഗീയത വളര്‍ത്തുന്നത് മാധ്യമങ്ങളോ ?

വഴിയേ പോകുന്നവരുടെ ഉടുമുണ്ട് പൊക്കിക്കാണിച്ച് മറ്റുള്ളവരെക്കൊണ്ട് പരിഹസിപ്പിക്കുന്നവരെ എന്തിനോടുപമിക്കാം എന്നറിയില്ല. എന്നാല്‍, അമേരിക്കയിലും അത്തരക്കാര്‍ ഉണ്ടെന്നതിന് തെളിവാണ് ഈ വാര്‍ത്ത.

വര്‍ഗീയതയെ വളര്‍ത്തുന്നത് മാധ്യമങ്ങളാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍, എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല.

ഹൂസ്റ്റണില്‍ അരങ്ങേറുന്ന നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി നടനും എം.പി.യുമായ സുരേഷ് ഗോപി പങ്കെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് അമേരിക്കയിലെ ഒരു ഓണ്‍‌ലൈന്‍ മാധ്യമത്തില്‍ വന്ന ചില കമന്റുകളാണ് ചുവടെ. ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ഞാനാണ്. എന്റെ ഒരു ചിരകാല സുഹൃത്താണ് ഈ വാര്‍ത്ത എനിക്കയച്ചുതന്നത്. അല്പസ്വല്പം എഡിറ്റിംഗ് വേണമെന്നതിനാല്‍ എന്നെയാണ് വാര്‍ത്തകള്‍ ഏല്പിക്കുന്നത്. അത് വേണ്ടവിധം എഡിറ്റ് ചെയ്ത് അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, കേരളം എന്നിവിടങ്ങളിലുള്ള മാധ്യമങ്ങള്‍ക്ക് ഞാന്‍ അയച്ചുകൊടുക്കും. ഈ വാര്‍ത്തയും അങ്ങനെ അയച്ചതാണ്. എന്നാല്‍, മറ്റൊരു മാധ്യമങ്ങളിലും കമന്റുകള്‍ ആരും എഴുതാറില്ല, അതും നികൃഷ്ടഭാഷയില്‍.

ഇവിടെ വാര്‍ത്തയല്ല പ്രാധാന്യം...കമന്റുകളാണ്. ആ കമന്റുകള്‍ വായിച്ചപ്പോള്‍ അവരില്‍ ചിലര്‍ 'പിതൃശൂന്യരാണോ' എന്നെനിക്കു തോന്നിയതില്‍ എന്നെ കുറ്റം പറയാന്‍ പറ്റില്ല. കാരണം, അവരുടെ യഥാര്‍ത്ഥ പേരല്ല കൊടുത്തിരിക്കുന്നത്. ഇങ്ങനെയുള്ളവരും പോന്നു അമേരിക്കയിലേക്ക്, മാനം മര്യാദക്ക് ജീവിക്കുന്നവരുടെ പേരു ചീത്തയാക്കാന്‍.

വാര്‍ത്ത
നായര്‍ സംഗമത്തില്‍ സുരേഷ് ഗോപി മുഖ്യാതിഥി                  12-Jul-2016

ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ശ്രീവിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, 8686 കിര്‍ബി െ്രെഡവ്, ഹ്യൂസ്റ്റണ്‍) അരങ്ങേറുന്ന 'നായര്‍ സംഗമം 2016'ന് ശുഭാരംഭം കുറിക്കാന്‍ പ്രശസ്ത നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തുന്നുവെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു.

നായര്‍ സംഗമം 2016 ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി എത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. നമ്മുടെ സംഘടനയുടെ അഭ്യുദയകാംക്ഷിയായതുകൊണ്ടാണ് ഈ തിരക്കിനിടയിലും അദ്ദേഹം ഈ പരിപാടിയില്‍ സംബന്ധിക്കാമെന്ന് സമ്മതിച്ചത് എന്നും സുനില്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ നായര്‍ സംഗമത്തിലും സുരേഷ് ഗോപി ആദ്യാവസാനം വളരെ സജീവമായി പങ്കെടുത്ത കാര്യം ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള അനുസ്മരിച്ചു.

അമേരിക്കയിലും കാനഡയിലുമുള്ള നായര്‍ കുടുംബങ്ങളെ പരിചയപ്പെടാനും തമ്മില്‍ കാണുന്നതിനും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ. മോഹന്‍ കുമാര്‍ എല്ലാ നായര്‍ സാമുദായാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


കമന്റുകള്‍ 
വിദ്യാധരൻ 2016-07-13 10:13:30

അഭ്യസ്‌തവിദ്യരെന്നഭിമാനിക്കുമ്പോഴും അഭ്യാസത്തിലൊട്ടും പുറകിലല്ല നാം. നായരും ക്രിസ്ത്യനും യവനനും പിന്നെ നായക്കൾ ലജ്ജിക്കും മറ്റു മതസ്ഥരും നാടിന്റെ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നു -
നാടകമിതു  തുടരുന്നു തുടർക്കഥപോലെ

മതമേതായാലും ജാതിഒന്നായാൽ -
മതിയെന്നു പറഞ്ഞോരാ   ഗുരുദേവൻ,
ഓർമ്മയായിട്ട് വര്ഷമേറെ ആയെങ്കിലും
ഓർമ്മയാകാതെ നിൽക്കുന്നവൻ ചൊന്ന സത്യം
ജാതിമത ചിന്തകൾക്കപ്പുറം പോവാതെ
യാതൊന്നിനും വളർച്ചയില്ലന്നോർക്കണം നാം.

രാമചന്ദ്രൻ      2016-07-13 14:55:35
ഒരു സിനിമാ നടനും ജനപ്രതിനിധിയുമായ സുരേഷ്ഗോപിയെ നായന്മാരുടെ സംഗമത്തിന് വിളിച്ചു പൊക്കി കാണിയ്ക്കണ്ട ആവശ്യകഥ എന്താണ് എന്നു മനസിലാകുന്നില്ല.  വിദ്യാധരൻ പറഞ്ഞതുപോലെ അഭ്യസ്തവിദ്യരായ മലയാളികൾ,  വർഗ്ഗീയത ഏതു നേരവും ഭാരതാംബയുടെ രക്തധമനിയിൽ കുത്തി കയറ്റാൻ ശ്രമിക്കുന്ന വടക്കന്മാരുടെ ഒപ്പം താഴണ്ടായിരുന്നു.  അമേരിക്കയിൽ എന്ത് നായര് എന്ത് ക്രിസ്ത്യാനി എന്തു മഹമ്മദീയൻ, എന്തു കറുമ്പൻ എന്തു വെളുമ്പൻ. ഇവിടെ പേരിട്ടിരിക്കുന്നവന്മാരെ കുറിച്ചു ഇപ്പോൾ അവജ്ഞ തോന്നുന്നു. കഷ്ടം തന്നെ

"ഈ നാം നിരീക്ഷിപ്പതിലൊന്നുപോലും
യഥാർത്ഥമല്ലൊതൊക്കെ ഇന്ദ്രജാലം
ഹേ! മർത്ത്യ, നീയിന്നവ നോക്കിനിന്ന്
മദിപ്പതല്ലല്ലീ മഹാജളത്വം "  (ചങ്ങമ്പുഴ )

വിദ്യാധരൻ    2016-07-14 06:37:42
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർട്ട് ബാർബോസാ എന്ന പോർച്ചുഗീസ്സുകാരനാണു്. ഒരാൾക്കു് നായർ സ്ഥാനം കൽപ്പിച്ചുകൊടുത്തിരുന്ന വിധം തന്റെ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.

“മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും നായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല...."

ഇവിടെ ഇപ്പോൾ രാജാവും പ്രഭുവും പോയി വാളിന്റെ വായ്ത്തലയും പോയി നായർ എന്നു മൂന്നു വട്ടം വിളിക്കാൻ ആളും ഇല്ലാതായി --- അപ്പോൾ പിന്നെ നായർ സംഗമം എന്നു പറയുന്നതിൽ എന്ത് അർത്ഥം ? എന്റ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടായിരുന്നു' എന്നു പറഞ്ഞോണ്ട് നടക്കാം.  അത്ര മാത്രം .

Observer 2016-07-14 08:20:01

നായര് പിടിച്ചൊരു പുലിവാല്
പുലിവാല് പിടിച്ചൊരു നായരച്ചൻ
നായരേം നരിയേം ഒന്നിച്ചു കെട്ടും
നാവു വളർന്നൊരു വിദ്യാധരൻ

vayanakaaran  2016-07-14 09:38:39
ഇനി മുതൽ മാതാപിതാക്കൾക്ക് ഡോക്ടർ അല്ലെങ്കിൽ പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ വിശേഷങ്ങൾ  ഉണ്ടെങ്കിൽ മക്കളും അവരുടെ പേരിനു ശേഷം  അത് ചേർക്കണം.

Ramachandaran Nair          2016-07-14 10:17:39
If orthodox people can have an association as fokkana and invite their bishop all the time and Chair of BD is glued to the chair with gorilla glue and they keep electing same people in music chair  and give award to orthodox guys why not S.gopi.

Balan Pilla  2016-07-14 12:42:38

Christian brothers  സംഘടനകള്‍  എന്നും  മോങ്ങും , മോന്തും  പിന്നെ എളിക്കുന്ന  ഫോട്ടോയും. മോങ്ങാതെ  ഇരുന്ന  നായരുടെ  തലയില്‍  വിധ്യദരന്‍  ഒരു കുല  പുലബിയം. വിധ്യദര കണ്ടോളു  എഡിറ്റര്‍  സാറെ  കണ്ടോളും . നായരും പിള്ളയും  മേനോനും കുറുപ്പും  പിന്നെ പലതരം ......ഞങ്ങള്‍  ഒന്നാണ് . ഓണം  വിഷു  അങ്ങനെ പലതും  കൂട്ടം കൂടി  അടിപൊളിയായി  അടിക്കും ഞങ്ങള്‍ .
കുമ്മനം ഉണ്ടേ കൂടെ വരാന്‍ ,

ഗോപി  2016-07-14 13:05:16
ഈ പുല്ലുകളോട് പോം  പറ രാമചന്ദ്രൻ നായരെ. ഷിറ്റ് .   നമ്മക്ക് RSS നെ അമേരിക്കൻ മണ്ണിൽ മുളപ്പിക്കണം മോദിയുടെ കയ്യ്ക്ക് ബലം വർദ്ധിപ്പിക്കണം .അടുത്ത തവണ അദ്ദേഹം കോൺഗ്രസിനോട് സംസാരിക്കുമ്പോൾ നമ്മളുടെ ഒരാൾ അമേരിക്കൻ കോൺഗ്രസ്സിൽ എഴുനേറ്റു നിൽക്കാൻ ഉണ്ടടയിരിക്കണം.  ബിഷപ്പുമാരുടെ കാലു നക്കി നാലുനേരം മൃഷ്ടാന ഭോജനം അടിച്ചു കഴിയുന്ന തൊമ്മനും ചാണ്ടിയും ആന്തണിയും ഒന്നും നമ്മളെ ഒരു പുല്ലും ചെയ്യാൻ പോകുന്നില്ല . ഷിറ്റ്

ചന്ദ്രചൂടൻ  2016-07-14 13:35:46
വിദ്യാധരൻ എത്ര കിടന്നു കളിച്ചാലും നാരായണനേം, പല്പുവിനേം, ആശനേം ഈ മീറ്റിങ്ങിൽ കൂട്ടില്ല.

pappachi    2016-07-14 18:22:37
Anybody can do anything is USA. But any hindu/nair do anything why all these people had an itch in their ass.

കീലേരി ഗോപാലന്‍   2016-07-15 07:02:44

സരിത നായരെക്കൂടി ക്ഷണിക്കാമായിരുന്നു. 'എന്‍റെ സത്യാന്വേഷണ കഥകള്‍' തമിഴില്‍ എഴുതിക്കൊടുത്തുകൊണ്ട്  സാഹിത്യത്തിലും കൈവെച്ചിട്ടുള്ള  ഒരു മഹതിയല്ലെ.

അല്പജ്ഞാനം അപകടകരം (ചിന്താശകലം)

അല്പജ്ഞാനം ആപല്‍ക്കരമാണെന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. അല്പമായ അറിവ്, അവിവേകികളില്‍ അനല്പമായ അഹങ്കാരം ജനിപ്പിക്കാറുണ്ട്.

അറിവിന്റെ മറുകര കണ്ടവര്‍ ആരുമില്ലെന്നിരിക്കിലും, കണ്ടതിനപ്പുറം, കാണാനേറെയുണ്ടെന്ന് വിവേകികള്‍ അറിയുന്നു. താന്‍ സര്‍‌വ്വവിജ്ഞാനഭാണ്ഡമോ, ഭണ്ഡാഗാരമോ ആണെന്ന് അല്പജ്ഞനു മാത്രമേ തൊന്നൂ; അവനങ്ങനെ തോന്നുകയും ചെയ്യും.

അല്പജ്ഞന്മാരും അല്പവിഭവന്മാരും പ്രപഞ്ചശില്പിയുടെ ശില്പചാതുര്യത്തെപ്പോലും വെല്ലുവിളിക്കാനൊരുമ്പെടുന്നതു കാണാം. ലോകത്തെ വികലമാക്കുന്നത് ജ്ഞാനലവദുര്‍‌വിദഗ്ദ്ധതയുടെ വികടത്തമല്ലാതെ മറ്റെന്താണ് ?

ജ്ഞാനം വെളിച്ചത്തിന്റെ വെണ്‍‌മാടങ്ങള്‍ തീര്‍ക്കും; അല്പജ്ഞത ഇരുട്ടിന്റെ ചെറുകൂടാരങ്ങളും. അറിവിന്റെ വെളിച്ചം, മനോമണ്ഡലത്തെയാണ് പ്രകാശമാനമാക്കുന്നത്; ആ വെളിച്ചം കടക്കാത്ത മനസ്സ് വൈജ്ഞാനികന്റേതല്ല.

അഹന്തയും സര്‍‌വ്വജ്ഞഭാവവും വെളിച്ചത്തില്‍ നിന്നുദിക്കുന്നവയല്ല, ഇരുട്ടില്‍ വളരുന്നവയാണ്.

Tuesday, August 16, 2016

ന്യൂയോര്‍ക്കില്‍ ഇമാമിനേയും സഹായിയേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

(ന്യൂയോര്‍ക്ക്): ക്യൂന്‍സിലെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇമാം മൗലാനാ അക്കോന്‍‌ജി (55) യേയും, സഹായി തറാവുദ്ദീനെയും (65) വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയളെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും, വെടിവെച്ചതിനു ശേഷം പ്രതി വാഹനത്തില്‍ രക്ഷപ്പെടുന്നതു കണ്ട ദൃക്സാക്ഷിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലും പോലീസ് തയ്യാറാക്കിയ രേഖാ ചിത്രം പ്രദേശത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്യൂന്‍സില്‍ നിന്ന് ഏതാനും മൈലുകള്‍ അകലെയുള്ള ബ്രൂക്ക്‌ലിനിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടത്തില്‍ വെടിവെക്കാനുപയോഗിച്ച റിവോള്‍‌വറും സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഏറ്റവും കൂടുതല്‍ ബംഗ്ലാദേശ് വംശജര്‍ താമസിക്കുന്ന ക്യൂന്‍സില്‍ വെടിവെപ്പ് നടന്നത്. ഞായറാഴ്ച രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെങ്കിലും, തിങ്കളാഴ്ചയാണ് പോലീസിന് ലഭിച്ച തെളിവുകളുടേയും, ദൃക്സാക്ഷി വിവരണത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതി   ഓസ്‌കര്‍ മൊറാലസിന്റെ (35) അറസ്റ്റ് രേഖപ്പെടുത്തുകയും കൊലപാതകക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തത്.

സംഭവസ്ഥലത്തുനിന്ന് തന്റെ വാഹനത്തില്‍ രക്ഷപ്പെടുന്നത് ദൃക്സാക്ഷികള്‍ കണ്ടിരുന്നു. രക്ഷപ്പെടാനുള്ള ധൃതിയില്‍ ഒരു  സൈക്കിള്‍ സവാരിക്കാരനുമായി  വാക്കുതര്‍ക്കമുണ്ടായതായി     പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് പ്രതി അതേ സൈക്കിള്‍ സവാരിക്കാരനെ മൂന്നു മൈല്‍ അകലെ വെച്ച് ഇടിച്ചു വീഴ്ത്തി. അയാള്‍ പോലീസിനു നല്‍കിയ വിവരവും വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയുടെ വാഹനത്തിന്റെ വിവരവും താരതമ്യപ്പെടുത്തിയ പോലീസിന് രണ്ടും ഒരേ വാഹനമാണെന്ന് മനസ്സിലായതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്റ്റീവ് ചീഫ് റോബര്‍ട്ട് ബോയ്സ് പറഞ്ഞു.

പ്രതി താമസിക്കുന്ന ബ്രൂക്ക്‌ലിനിലെ അപ്പാര്‍ട്ട്മെന്റ് നിരീക്ഷണവലയത്തിലാക്കിയ പോലീസ് ഞായറാഴ്ച രാത്രി 10 മണിക്ക് പ്രതി തന്റെ വാഹനത്തിലേക്ക് കയറുന്ന സമയത്ത് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണുണ്ടായത്. പ്രതിയെ പിന്തുടര്‍ന്ന പോലീസ് വാഹനത്തില്‍ പ്രതി പലതവണ തന്റെ വാഹനം ഇടിപ്പിച്ച് പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവസാനം കീഴടങ്ങേണ്ടി വന്നു എന്ന് ചീഫ് ഡിറ്റക്റ്റിവ് ചീഫ് വെളിപ്പെടുത്തി.

പ്രതി തന്റെ സഹോദരനാണെന്നറിഞ്ഞ ആല്‍‌വിന്‍ മൊറാലസ് സഹോദരന്‍ നിരപരാധിയാണെന്നും, ഒരു കൊലപാതകം ചെയ്യാനുള്ള കഴിവ് അവന് ഇല്ല എന്നും പ്രതികരിച്ചു. പ്രതി താമസിച്ചിരുന്നു അപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥനും പ്രതിയെക്കുറിച്ച് പറഞ്ഞത് 'അയാള്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല, അവന്‍ ഒരിക്കലും ഒരു മുസ്ലിം വിരോധിയാണെന്നും തോന്നുന്നില്ല' എന്നാണ്.

പ്രതിക്ക് സംഭവം നടന്ന സ്ഥലമായ ക്യൂന്‍സിലേക്കോ, മുസ്ലീം പള്ളിയുടെ അടുത്തേക്കോ വരേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നും, ആരോ അയാളെ അതിനുവേണ്ടി നിയോഗിച്ചതാകാമായിരിക്കും എന്ന് സംശയിക്കുന്നു എന്ന് ഡിറ്റക്റ്റീവുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലേ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാകൂ എന്ന് ഡിറ്റക്റ്റീവ് ചീഫ് റോബര്‍ട്ട് ബോയ്സ് പറഞ്ഞു.

പ്രതിയുടെ അറസ്റ്റു വിവരം അറിഞ്ഞ് ബംഗ്ലാദേശ് വംശജര്‍ പ്രകടനം നടത്തി. അടുത്ത യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രം‌പിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ട്രം‌പിന്റെ ഇസ്ലാം വിരുദ്ധ പ്രസ്താവനകളും, പ്രകോപനപരമായ പ്രസംഗങ്ങളുമാണ് ഈ കൊലപാതകത്തിന് കാരണമെന്ന് പ്രകടനക്കാര്‍ ആരോപിച്ചു. ട്രം‌പിന്റെ നിരന്തരമായ വംശീയാധിക്ഷേപം മുസ്ലീം വംശജര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ടെന്നും, ഈ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എന്താണ് സുരക്ഷ എന്നാണ് പ്രകടനക്കാര്‍ ചോദിക്കുന്നത്. ട്രം‌പിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ യാഥാസ്ഥിതികര്‍ മുസ്ലീങ്ങളെ വംശീയപരമായി ആക്ഷേപിക്കാറുണ്ടെന്നും, ഈയ്യടുത്ത കാലത്ത് ഹിസ്പാനിക് വംശജരുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറയുന്നു. 'ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല, നീതി ലഭിക്കും വരെ പ്രതിഷേധം തുടരും' എന്നും അവര്‍ പറഞ്ഞു.

സംഭവത്തെ അപലപിച്ച് നിരവധി രാഷ്‌ട്രീയ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.  പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്... “The senseless murders of Imam Maulama Akonjee and Thara Uddin are heartbreaking. This kind of heinous act has no place in America.”

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍‌ഡ്രൂ ക്വോമോയുടെ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു...“The perpetrators of this heinous crime will be found, and justice will be served.” ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഡെ ബ്ലാസ്യോയും സംഭവത്തെ അപലപിച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍‌കരുതലുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വംശീയ വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സംഭവം ഒരു മുന്നറിയിപ്പാണെന്ന് ട്രം‌പിന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു... “We know there are voices all over this country who are spewing hate, trying to create division, trying to turn one American against another.”

ഇതിനിടെ മരണപ്പെട്ട ഇമാം മൗലാനാ അക്കോന്‍‌ജിയുടേയും, തറാവുദ്ദീന്റേയും മൃതദേഹങ്ങള്‍ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.


Monday, August 15, 2016

ഒളിമ്പിക്സ് മെഡല്‍ കിട്ടാക്കനിയായ ഇന്ത്യന്‍ താരങ്ങള്‍

ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഒളിമ്പിക്സ് മെഡലിന്റെ കാര്യത്തില്‍ പിറകോട്ട് തള്ളപ്പെടുന്നതെന്ന് സ്‌പോര്‍ട്സ് അഥോറിറ്റി ഗൗരവമായി എടുക്കേണ്ട വിഷയമാണ്. പ്രതീക്ഷകളോടെ റിയോയിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ അത്‌ലറ്റുകളുടെ നിരാശാജനകമായ അവസ്ഥ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. എന്തുകൊണ്ടാണ് ഒളിമ്പിക്സ് മെഡല്‍ ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുന്നു എന്ന പ്രശ്നത്തിന് കാരണമന്വേഷിച്ച് കായിക സംഘാടകരും ആരാധകരും നെട്ടോട്ടമോടുമ്പോള്‍ അവര്‍ക്കെല്ലാം വ്യക്തമായ ഉത്തരവുമായി ചൈന രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടും എന്ന പ്രതീക്ഷിച്ചില്ലെങ്കിലും, ഇത്രയും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറച്ചെങ്കിലും മെഡലുകള്‍ നേടും എന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ട് റിയോയില്‍ ചെന്ന് വഴിതെറ്റി തിരിച്ചു നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്ന കാഴ്ചയാണ് അവരിപ്പോള്‍ കാണുന്നത്. റിയോയില്‍ ഒളിമ്പിക്സ് തുടങ്ങിയ ദിവസം മുതല്‍ നിരാശ മാത്രം സമ്മാനിച്ച ഇന്ത്യന്‍ സംഘം കൂട്ട പുറത്താക്കല്‍ ചടങ്ങ് കാഴ്ച വച്ച ദിവസമായിരുന്നു ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ നടന്നത്. എന്നാല്‍, ഇന്ത്യ മുഴുവനായും പുറത്തായിട്ടില്ല എന്ന് ലോകത്തെ അറിയിച്ച് രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജിംനാസ്റ്റിക്സ്‌ താരം ദീപ കര്‍മ്മാര്‍ക്കറിന്   കഴിഞ്ഞത് അല്പമെങ്കിലും അഭിമാനിക്കാന്‍ വക നല്‍കുന്നു.

വെങ്കല മെഡല്‍ മത്സരത്തിലായിരുന്ന സാനിയ-ബൊപ്പണ സഖ്യത്തിന്റെ ദയനീയ തോല്‍വി ഒരു തിരിച്ചടി തന്നെയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപനാക് - ലൂസി ഹ്രാഡെക്ക സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ തോറ്റത്. നേരത്തെ ലിയാന്‍ഡര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പുരുഷ ഡബിള്‍സിലും സാനിയ മിര്‍സ-പ്രാര്‍ത്ഥന സഖ്യം വനിതാ ഡബിള്‍സിലും തോറ്റിരുന്നു. എന്തുകൊണ്ടാണ് തുടര്‍ച്ചയായുള്ള തോല്‍‌വിക്ക് കാരണമെന്ന് കായിക മത്സരങ്ങള്‍ക്ക് ഉത്തരവാദികളായ സര്‍ക്കാര്‍/ ഭരണാധികാരികള്‍ ഗൗരവമായി ചിന്തിക്കുകയും പ്രതിവിധികള്‍ തേടുകയും ചെയ്യണം. അതല്ലെങ്കില്‍ കായിക ലോകത്ത് ഇന്ത്യയുടെ അപചയത്തിന് അധിക നാള്‍ കാത്തുനില്‍ക്കേണ്ടിവരികയില്ല.

കായിക മേഖലയില്‍ മാത്രമല്ല, അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഇന്ത്യയുടെ ദയനീയ പരാജയത്തിനു കാരണം ഇന്ത്യന്‍ ജനതയുടെ 'ക്രിക്കറ്റ്' ഭ്രമമാണെന്നാണ് ചൈന വിലയിരുത്തിയിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ അധികാരക്കസേരകളിലിരുന്ന് ആള് കളിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു. പട്ടിണി, ആരോഗ്യക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കായികരംഗത്ത് നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്നത്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ ആണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത് ഇതൊക്കെയാണ് ചൈന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒളിമ്പിക്സിനെ കുറിച്ച് വേണ്ടത്ര അവബോധവും ഇല്ലത്രേ.

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതമാണെന്നും ക്രിക്കറ്റ് അറിയാത്തവരെ അവിശ്വാസികളായാണ് കണക്കാക്കുന്നതെന്നുമാണ് ചൈന പറയുന്നത്. ജനസംഖ്യയില്‍ രണ്ടാമതായവര്‍ക്ക് ലഭിക്കുന്ന മെഡലുമായി തട്ടിച്ചുനോക്കിയാല്‍ ഏറ്റവും അവസാനക്കാരാണ് ഇന്ത്യ എന്നാണ് ചൈനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് കായികമത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരം ഉണ്ടാകുന്നില്ലെന്നും അവര്‍. അവര്‍ പറയുന്നതിലെന്താണ് തെറ്റ്? കായിക രംഗത്തെ ഈ ന്യൂനത എത്രയോ കാലങ്ങളായി തുടരുന്നു. ഇന്ത്യയില്‍ ഒരു കായിക സംസ്‌കാരം ഇല്ലാത്തതാണ് ഒളിമ്പിക്സില്‍ തിരിച്ചടിയായതെന്ന് പറയാതെ വയ്യ. ജനസംഖ്യയുടെ വലിയൊരു വിഭാഗം പട്ടിണിയിലും പരാധീനതയിലും കഴിയുന്നവരാണ്. അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ പോഷകാഹാരമോ ലഭിക്കുന്നില്ല. ഒളിമ്പിക്സില്‍ പങ്കെടുത്തവരില്‍ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ചുറ്റുപാടുകളില്‍ നിന്ന് വന്നവരാണ്.

റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനക്കാരായി ക്വാട്ടറില്‍ കയറിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, തങ്ങളേക്കാള്‍ റാങ്കിംഗില്‍ താഴെയുള്ള ബെല്‍ജിയം ടീമിനോട് 3-1ന് തോറ്റ അത്ഭുതക്കാഴ്ചയാണ് ലോകം കണ്ടത്. ആദ്യ പകുതിയില്‍ 1-0 ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യയുടെ തോല്‍വി എന്നതും ശ്രദ്ധേയമാണ്. പന്തടക്കം ഇല്ലായ്‌മയും ലക്ഷ്യബോധമില്ലാത്ത പാസുകളും ഇന്ത്യയെ പിന്നോട്ടടിച്ചു. മറുവശത്ത് ബെല്‍ജിയത്തിന്റെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചിതറിപ്പോകുന്ന ഇന്ത്യന്‍ പ്രതിരോധനിരയെയാണ് കാണാനായത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഹോക്കി ടീമുകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല എന്ന് കളി കണ്ടവര്‍ക്കെല്ലാം മനസ്സിലായി.

റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്നൊന്നായി തോല്‍‌വിയുടെ നിരാശയില്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ പതാക ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയെ സ്വരാജില്‍ നിന്ന് സുരാജ്യമാക്കാനുള്ള പ്രയത്നത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറയുകയുണ്ടായി. തീവ്രവാദത്തെക്കുറിച്ചും, പാക്കിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചും അദ്ദേഹം കത്തിക്കയറി. വെല്ലുവിളികള്‍ നിരവധി നേരിടുന്ന രാജ്യത്തിന് അത് നേരിടാന്‍ 125 കോടി തലച്ചോറുകളുണ്ടെന്നും ഇത് ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ 125 കോടി തലച്ചോറുകള്‍ വെല്ലുവിളി നേരിടാന്‍ മാത്രമാണോ ഉപയോഗിക്കേണ്ടത്? ഊര്‍ജോത്പാദന രംഗത്തും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ നേട്ടം കൈവരിച്ചുവെന്നും, പതിനായിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചുവെന്നും പറഞ്ഞുവെച്ച പ്രധാനമന്ത്രി, ഈ ഊര്‍ജ്ജം ആരാണ് നല്‍കുന്നതെന്നു മാത്രം പറഞ്ഞില്ല. രാജ്യത്തെ ഊര്‍ജ്ജോത്പാദനം അദാനി, റിലയന്‍സ് മുതലായ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്താണ് ഈ പുരോഗമനത്തെക്കുറിച്ച് താന്‍ പറയുന്നതെന്ന് അദ്ദേഹം തന്നെ അറിയാതെ പോയി.

കായിക രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനുള്ള യാതൊരു പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചില്ല. കേരളത്തില്‍ തന്നെയുള്ള കായിക സ്‌കൂളുകളും അക്കാദമികളും അഴിമതികൊണ്ട് നിറഞ്ഞിരിക്കുകയാണ്. കായിക രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇപ്പോള്‍ ഉള്ളവര്‍ക്കും മാനസികവും ശാരീരികവുമായ ഉന്മേഷം പകരാനും, അവരെ ലോക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പര്യാപ്തമാക്കാനുമുള്ള സം‌വിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നതിനു പകരം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ അധികാരക്കസേരകള്‍ കൊടുത്ത് ആദരിക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കാത്തിടത്തോളം കാലം ഭാവിയില്‍ ഒളിമ്പിക്സ് മാത്രമല്ല ഏതൊരു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്.

Wednesday, August 10, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം നാല്


മനസ്സ് തീര്‍ത്തും നിസ്സംഗമാവുന്നത്, അത് കലുഷിതമാവുന്നതിനേക്കാള്‍ ഭീകരമാണ്. ഓര്‍ത്തെടുക്കാനും തീരുമാനത്തിലെത്താനും മറവിയുടെ നിഴല്‍ വീഴാതെ ശ്രദ്ധിക്കാനും ഒത്തിരിയുണ്ടായിട്ടും അവയൊക്കെ ഏതൊക്കെയോ നിഗൂഢമായ മറവില്‍ പറ്റി കുടുങ്ങിക്കിടക്കുന്നു. അകാരണമായി, അനാവശ്യമായി കുറെ കല്പിത ആശങ്കകള്‍ സൃഷ്ടിച്ചെടുക്കാന്‍ മനസ്സ് വെമ്പുന്നു. അനിഷ്ടമായതും മറക്കാന്‍ ശ്രമിക്കുന്നതും എന്തോ അവ മാത്രം ഇടക്കിടെ മനസ്സിലൂടെ ചെറു ഓളങ്ങള്‍ പോലെ ക്ഷണികമായ ചലനങ്ങളുണ്ടാക്കുന്നു.

ഇവിടെ വരുമ്പോഴെല്ലാം ചേച്ചിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അക്ഷരമാലകള്‍ പരതുന്ന തനിക്ക് വാക്കുകള്‍ കൂട്ടി യോജിപ്പിക്കാനോ വാചകങ്ങള്‍ മുഴുമിപ്പിക്കാനോ കഴിയാറില്ല. വിഷാദമാണ് തന്റെ സ്വാഭാവികമായ ഹൃദയഭാവം എന്നൊരു മുന്‍‌വിധി മനസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നതും ചെയ്യുന്ന പ്രവൃത്തികളോടും പറയുന്ന വാക്കുകളോടും, തന്നെ സംബന്ധിച്ചിരിക്കുന്നതിനോടൊക്കെയും അകാരണമായി അവജ്ഞയും മടുപ്പും കല്പിച്ചു നല്‍കുന്നതും തല്‍‌ഫലമായിത്തന്നെ. തന്റെ മനസ്സ് ഇടയ്ക്കൊക്കെ എന്തേ ഇങ്ങനെ എന്ന് താന്‍ പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ മനസ്സ് തികച്ചും ശൂന്യമാകും.

"നീയെന്താ ആലോചിക്കണേ?" പാത്രത്തിലെ ചോറ് കുഴച്ചുകൊണ്ട് ആലോചനയിലിരിക്കുന്ന രവിയോട് അച്ഛമ്മ ചോദിച്ചു.

"ഏയ് ഒന്നുമില്ല അച്ഛമ്മേ....ഓരോന്നോര്‍ത്തു പോയതാ."

"ഒന്നും ഇപ്പൊ ഓര്‍ക്കണ്ടാ."

സുഭിക്ഷമായ ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകി വീണ്ടും ഉമ്മറത്തേക്ക് വന്നു.

"ന്നാ ഞാനങ്ങ് ഇറങ്ങ്വാ. പിന്നെ വരാം..." കണാരന്‍ ചേട്ടന്‍ യാത്ര പറഞ്ഞിറങ്ങി.

ഗായത്രി അച്ഛന്റെ കൈകളില്‍ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുവന്ന് ചാരുകസേരയില്‍ ഇരുത്തി. പ്രതാപകാലത്തും അച്ഛന്റെ സന്തതസഹചാരിയായിരുന്നു ആ ചാരുകസേര. ഗായത്രി അകത്തേക്ക് പോയി. പ്രായാധിക്യം കൂടാതെ രോഗവും അച്ഛനെ ആകെ തളര്‍ത്തിയിരിക്കുന്നു. രൂപവും ഭാവവുമെല്ലാം വളരെ പരിതാപകരമാണെന്ന് ആ മുഖത്തു നോക്കിയാലറിയാം. എന്തൊക്കെയോ ആ മനസ്സില്‍ ഉരുണ്ടുകൂടുന്നുണ്ടെന്നു ആ മുഖം വിളിച്ചോതുന്നു.

ചാരുകസേരയില്‍ കണ്ണടച്ചു കിടക്കുന്ന ഈ മനുഷ്യന്‍ ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെട്ടിരുന്ന ജന്മിയായിരുന്നു. എന്തിനും ഏതിനും തന്റേടത്തോടെ ഇറങ്ങിപ്പുറപ്പെടുന്ന 'ജി.എം.' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗംഗാധര മേനോന്‍ അന്നും ഈ ചാരുകസേരയിലായിരുന്നു വിശ്രമിച്ചിരുന്നത്. അരികില്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയുമായും. തൊട്ടരികില്‍ പാടിപ്പുകഴ്ത്തിയും വങ്കത്തരമെഴുന്നെള്ളിച്ചും അച്ഛനെ പ്രീതിപ്പെടുത്തി എന്തെങ്കിലും കൈമണി അടിച്ചു മാറ്റാന്‍ ഒന്നു രണ്ടുപേരും. മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി വന്നുകൊണ്ടിരിക്കുന്നവരും. എല്ലാം കൊണ്ടും ഒരു നാട്ടുപ്രമാണിയുടെ മട്ടും ഭാവവും ഒത്തിണങ്ങിയ അച്ഛന് ആഢ്യത്തത്തേക്കാള്‍ അഹങ്കാരമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ആ ഗംഗാധര മേനോനാണ് അതേ കസേരയില്‍ സടകൊഴിഞ്ഞ സിംഹത്തെപ്പോലെ നിസ്സഹായനായി കിടക്കുന്നത്.

ഓഛാനിച്ച് നില്‍ക്കാന്‍ കാര്യസ്ഥരോ സ്വന്തം കാര്യസാദ്ധ്യത്തിനായി പുകഴ്ത്തിപ്പാടിയവരോ ആരും ഇന്ന് അടുത്തില്ല. എല്ലാവരും കൈയൊഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് അഛന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ കൂട്ടാക്കാതിരുന്ന താന്‍ മാത്രം അടുത്ത്...!

"കരന്‍റ് വന്നൂന്നാ തോന്നണേ." അച്ഛമ്മ ഉമ്മറത്തേക്കു വന്നു പറഞ്ഞു.

"അച്ഛനെന്താ അച്ഛമ്മേ ഇത്ര വലിയ അസുഖം? എന്നെ അര്‍ജന്റായി വരുത്താന്‍ തക്ക അസുഖമൊന്നും കാണുന്നില്ലല്ലോ?" രവി ചോദിച്ചു
 
"ന്‍റെ കുട്ട്യേ....രണ്ടു ദെവസായിട്ടൊള്ളൂ അച്ഛന്‍ ഇങ്ങനെ എണീറ്റു നടക്കാന്‍ തൊടങ്ങീട്ട്. കുട്ടന്‍ വരൂംന്ന് തന്ന്യാ എപ്പളും പറച്ചില്. എന്തോരംന്ന്ച്ചിട്ടാ കാത്തിരിക്കണെ. ആ മുറീലിരിക്കണ എണ്ണേം കൊഴമ്പൂം കുട്ടി കണ്ടില്യേ? അലോപ്പതി ചികിത്സ്യാര്‍ന്നു ഇത്രേം നാളും. പക്ഷേങ്കി പഴേ ഡോക്ടറ് പോയേപ്പിന്നെ അച്ഛന് വേറെ ഒരു ഡോക്ടറേം പിടിക്കില്യ. എത്രേന്നച്ചാ പറേണെ. ദീനത്തിനു ഒരു കൊറവൂംല്യ. അപ്പഴാ കേട്ടെ ചേറ്റിപ്പറമ്പന്‍ ബഹുകേമനാന്ന്. അങ്ങേര്ടെ ചികിത്സ കൊണ്ടാ ഇത്രേംങ്കില് രക്ഷപ്പെട്ടേ. രാത്രീല് ഒറക്കംല്യാ. എപ്പളും കുട്ടന്‍റെ കാര്യംതന്നെ പറച്ചില്. സഹിക്കണേന് ഒരറ്തി വേണോലോ. അതുകൊണ്ടാ ഗായത്രീടെ നിര്‍ബ്ബന്ധം കൊണ്ട് കുട്ടനെ വിവരമറിയിച്ചേ. ചേറ്റിപ്പറമ്പന്‍റെ കഷായോം അരീഷ്ടോമൊക്കെയായിട്ട് ഇതു തൊടങ്ങീട്ട് നാളെത്രയായീന്നോ? ഇപ്പോ ച്ചിരി ആശ്വാസോണ്ടെന്ന് കൂട്ടിയ്ക്കോ." അച്ഛമ്മ വിവരിച്ചു.
 
"എത്ര നാളായി അസുഖം തുടങ്ങിയ്ട്ട്?" രവി ചോദിച്ചു.
 
"അതിപ്പോ എങ്ങന്യാ പറയ്ആ. ദീനം വരാന്‍ കാലോം സമയോമൊന്നും വേണ്ടാലോ. തലേലെഴുത്ത് മായ്ച്ചാല്‍ മായ്യോ?"
 
"മുത്തശ്ശീ കരന്‍റു വന്നൂട്ടോ. രവിയേട്ടന് കെടക്കണെങ്കില്‍ കെടന്നോട്ടെ." ഗായത്രി അകത്തുനിന്ന് വിളിച്ചു പറയുകയാണ്.
 
"കുട്ടന്‍ പോയൊന്ന് കെടക്ക്. ഒന്നൊറങ്ങിക്കഴിയുമ്പോ ക്ഷീണൊക്കെ മാറും" അച്ഛമ്മ രവിയോടു പറഞ്ഞു.

അപ്പോഴും അച്ഛന്‍ ഏതോ അഗാധ ചിന്തയില്‍ കണ്ണുമടച്ച് ചാരുകസേരയില്‍ കിടക്കുകയാണ്.
 
രവി അകത്തേക്കു കയറി. തെക്കേ മുറിയിലെ കട്ടിലില്‍ പുതിയ കിടക്കവിരിയും തലയിണയും തനിക്കുവേണ്ടി വിരിച്ചിട്ടിട്ടുണ്ട്. ഫാനിന്റെ സ്പീഡ് അല്പമൊന്നു കൂട്ടി. തെക്കുവശത്തെ ജനല്‍പാളികള്‍ തുറന്നിട്ടു. ചൂടുകാറ്റാണ് പുറത്തു നിന്ന് അകത്തേക്ക് വീശുന്നത്. കട്ടിലില്‍ കയറിക്കിടന്നു. യാത്രാക്ഷീണം നന്നായുണ്ട്. ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എല്ലാം മാറും. രണ്ടു ദിവസത്തെ യാത്രയായിരുന്നല്ലോ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ജയന്തി ജനതയില്‍ കയറുമ്പോള്‍ ഗോകുലനും ചന്ദ്രനുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു.
 
"രവീ, കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തുകൊള്ളണം. നിന്റെ മുന്‍വിധികളും എടുത്തുചാട്ടവും മാറ്റിവെച്ച് നല്ല മോനായിട്ടുവേണം ആ വീട്ടില്‍ നില്‍ക്കാന്‍...അച്ഛനെ നേരിടാന്‍. കഴിഞ്ഞ കാര്യങ്ങളുടെ പേരില്‍ ആരോടും പകപോക്കാനോ പകരം വീട്ടാനോ തുനിയരുത്.." രണ്ടുപേരും ആവര്‍ത്തിച്ച് തന്നോടു പറഞ്ഞ കാര്യങ്ങള്‍.
 
"ഏയ്, അതൊന്നുമില്ലെടാ. കൊല്ലം പത്തിരുപതായില്ലേ ജനിച്ച നാടിനോടു വിട പറഞ്ഞിട്ട്. അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു. എല്ലാം വിധി. അല്ലാതെന്തു പറയാന്‍." താന്‍ അവരെ ആശ്വസിപ്പിച്ചു.

ഫാനിന്റെ കാറ്റും പുറത്തെ ചൂടും കൂടിയായപ്പോള്‍ ശരീരം പൊള്ളുന്നതുപോലെ തോന്നി. ജനലിനു നേരെ തിരിഞ്ഞുകിടന്നു. ഉറക്കം പതിയെ കണ്ണുകളെ തലോടി കടന്നുപോയി.
************************
......വീടിനു മുന്നില്‍ വിസ്തൃതമായിക്കിടക്കുന്ന പാടവരമ്പത്തുകൂടെ ഒരു സ്ത്രീ നടന്നു വരുന്നു. മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ നിന്ന് താന്‍ ഇലഞ്ഞിപ്പൂ പെറുക്കുകയാണ്. കൂട്ടിന് ഗായത്രിയുമുണ്ട്. തന്‍റെ നിഴല്‍ പോലെ ഗായത്രി എപ്പോഴും കൂടെയുണ്ടാകും. ഞാനാണോ ഗായത്രിയാണോ കൂടുതല്‍ പൂ പെറുക്കുന്നതെന്നുള്ള വാശിയിലാണ് രണ്ടുപേരും. അമ്മ അടുക്കളയിലോ മറ്റോ ആണെന്നു തോന്നുന്നു. ഇലഞ്ഞിപ്പൂമാല ഗായത്രിക്ക് വലിയ ഇഷ്ടമാണ്.
 
മാലകോര്‍ത്ത് അവളുടെ മുടിയില്‍ ചൂടിയാല്‍ നല്ല മണമായിരിക്കും. അതുകൊണ്ട് താന്‍ എപ്പോഴും അവള്‍ക്ക് ഇലഞ്ഞിപ്പൂ പെറുക്കിക്കൊടുക്കും.
 
പാടത്തുനിന്ന് ആ സ്ത്രീ പടിപ്പുരയ്ക്കടുത്തെത്തി. ഒരു പരിഷ്ക്കാരി സ്‌ത്രീയുടെ മട്ടും ഭാവവുമൊക്കെയുണ്ട്. സ്ലീവ്‌ലെസ് ബ്ലൗസും സാരിയുമാണ് വേഷം. ഒരു വാനിറ്റി ബാഗ് തോളില്‍ തൂക്കിയിട്ടിട്ടുണ്ട്. നെറ്റിയില്‍ വലിയൊരു പൊട്ടുമുണ്ട്. ഏതോ കുറിക്കമ്പനിയില്‍നിന്ന് ആളുകളെ ചേര്‍ക്കാന്‍ വന്നതായിരിക്കും. താനും ഗായത്രിയും മുഖത്തോടുമുഖം നോക്കി. അപ്പോഴേക്കും ആ സ്ത്രീ പടിപ്പുര കടന്ന് മുറ്റത്തെത്തിയിരുന്നു.
 
"മേനോന്‍ ചേട്ടനില്ലേ ഇവിടെ?" അവര്‍ തന്നോടാണ് ചോദിക്കുന്നത്.
 
അച്ഛനെ ജി.എം. എന്നേ എല്ലാവരും വിളിക്കാറുള്ളൂ. ഏറ്റവും അടുപ്പമുള്ളവരേ മേനോന്‍ ചേട്ടനെന്നു വിളിക്കൂ. അച്ഛനെ മേനോന്‍ ചേട്ടനെന്നു വിളിക്കണമെങ്കില്‍ ഈ സ്ത്രീ വളരെ അടുപ്പമുള്ളവരായിരിക്കണമല്ലോ ! ആരാണിവര്‍? താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ..! തന്‍റേയും ഗായത്രിയുടേയും നില്പു കണ്ടിട്ടാകണം അവര്‍ വീണ്ടും ചോദിച്ചു...
 
"രണ്ടുപേരുമെന്താ കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുന്നേ? ചോദിച്ചത് കേട്ടില്ലേ?"
 
"അച്ഛന്‍ ഇവിടെയില്ല."  താന്‍ മറുപടി പറഞ്ഞു.
 
"എവിടെപ്പോയതാണെന്നറിയാമോ?"
 
"എനിക്കറിയില്ല. കുറെ ദൂരെയെങ്ങാണ്ടാ പോയിരിക്കണെ. അമ്മയുണ്ട്, വിളിക്കട്ടേ?"  താന്‍ ചോദിച്ചു.
 
"വേണ്ട. അച്ഛന്‍ വരുമ്പോ സരസു വന്നിരുന്നെന്ന് പറഞ്ഞാല്‍ മതി."  അവര്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അമ്മ പുറത്തേക്കിറങ്ങി വന്നു.

"ആരാ മോനെ" എന്ന ചോദ്യവുമായി ഇറങ്ങി വന്ന അമ്മ പെട്ടെന്നു നിന്നു. ആ സ്ത്രീയെ കണ്ടയുടനെ അമ്മയെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്?!! തനിക്കൊന്നും മനസ്സിലായില്ല.
 
"എടീ മൂധേവീ, നീ വന്നുവന്ന് ഇവിടെയുമെത്തിയോ? എന്തു കല്പിച്ചാടീ നീ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?" അമ്മ ദ്വേഷ്യത്തോടെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നടുത്തു.
 
"ഞാന്‍ മേനോന്‍ ചേട്ടനെ അന്വേഷിച്ചു വന്നതാണ്. അല്ലാതെ നിങ്ങളെയല്ല."  ഒരു കൂസലുമില്ലാതെ അവര്‍ അമ്മയോടു പറഞ്ഞു.
 
"ഓ അവടെയൊരു ചാട്ടന്‍. പ്‌ഫൂ... അമ്മ നീട്ടിത്തുപ്പി.. ഈ പടിക്കകത്ത് കാലുകുത്തിയാല്‍ നീയെന്‍റെ തനി നിറം കാണും. കുടുംബം കലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുമ്പെട്ടവള്‍."  അമ്മ നിന്നു കലിതുള്ളുകയാണ്. കാര്യമെന്താണെന്ന് പിടികിട്ടാതെ താനും ഗായത്രിയും പകച്ചു നിന്നു.
 
"അതെ, സരസു ഒരുമ്പെട്ടു തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാനൊന്നു വിചാരിച്ചാല്‍ അതു നടത്തിയിരിക്കും."
 
ഇത്രയും പറഞ്ഞ് അവര്‍ വെട്ടിത്തിരിഞ്ഞ് നടന്നുപോയി. നിന്ന നില്‍‌പില്‍ അമ്മ പുറകോട്ടു മറിയുന്നത് കണ്ടത് പെട്ടെന്നാണ്.
 
"അമ്മേ......."  താന്‍ ഓടിച്ചെന്ന് അമ്മയെ താങ്ങിപ്പിടിച്ചു.

(തുടരും....)


ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളേക്കാള്‍ ഭയാനകം (ചിന്താശകലം)

"ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാന്‍, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാന്‍, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാന്‍, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാന്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തില്‍ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയില്‍ നിന്ന് അയാളെ മോചിപ്പിക്കാന്‍ എനിക്കു സാദ്ധ്യമായതൊക്കെ ഞാന്‍ ചെയ്യുമെന്നും- എന്നു പറഞ്ഞാല്‍, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ...."

ലിയോ ടോള്‍സ്റ്റോയിയുടെ വചനങ്ങളാണ് മേല്പറഞ്ഞവ. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ഇന്ന് ലോകത്ത് നടക്കുന്നതൊക്കെയും ഇങ്ങനെ തന്നെയല്ലേ..? കപട നേതാക്കള്‍, കപട മിത്രങ്ങള്‍, കപട ബന്ധുക്കള്‍, കപട ജനങ്ങള്‍ എന്നിവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകം. ആരെ എപ്പോള്‍ എങ്ങനെ വിശ്വസിക്കണമെന്ന് യാതൊരു ഗ്രാഹ്യവുമില്ലാതെ നാം ചിലപ്പോള്‍ കണ്‍‌ഫ്യൂഷനിലാകാറുണ്ട്. കൂടെ നടന്ന് കാലില്‍ ചവിട്ടുന്നവരാണ് നമുക്കു ചുറ്റുമെന്നറിയാതെ അവരുടെ വാക്കുകളില്‍, അവരുടെ പ്രവൃത്തികളില്‍ അറിഞ്ഞോ അറിയാതെയോ നാം ആകൃഷ്ടരാകുന്നു. ഫലമോ, നാം അറിയാതെ ആപത്തുകളില്‍ ചെന്നു ചാടുന്നു. എന്നിട്ടോ, അങ്ങനെയൊരു സാഹാചര്യം സൃഷ്ടിച്ചവര്‍ ഒന്നുമറിയാത്തതുപോലെ അഭിനയിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ അവസാന നാളുകള്‍ വരെ അവരങ്ങനെ തുടരും. പിടിക്കപ്പെടുമെന്ന് ബോധ്യമായാല്‍ അപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്യും.

"സുഹൃദ് ബന്ധങ്ങള്‍ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക, എന്നാല്‍ സഥാപിച്ചു കഴിഞ്ഞാലോ അതില്‍ ദൃഢമായി ഉറച്ചു നില്‍ക്കുക..." (സോക്രട്ടീസ്).

തന്‍‌കാര്യം സാധിതമാകാന്‍ "ഇത്തിക്കണ്ണികള്‍" പോലെ ചുറ്റിവരിഞ്ഞ് നമ്മെ കഷ്ടപ്പെടുത്തുന്നവരേയും, മുതുകത്തു കയറിയിരുന്ന് നമ്മെ നിയന്ത്രിക്കുന്നവരെയും എപ്പോഴും സൂക്ഷിക്കണം. ഇക്കൂട്ടരുടെ ആജ്ഞാനുവര്‍ത്തികളായി, മറ്റുള്ളവരുടെ നാശത്തിലേക്ക് വഴിവെട്ടാന്‍ നാം ഒരിക്കലും ഒരു കാരണക്കാരനാകരുത്. നമ്മെ ചുറ്റിപ്പറ്റി നിന്ന് മറ്റുള്ളവരുടെ കുറ്റവും കുറവുകളും ചൂണ്ടിക്കാണിച്ച് അവരെ മ്‌ളേച്ഛരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ എപ്പോഴും സൂക്ഷിക്കണം.

അതുകൊണ്ടാണ് ശ്രീബുദ്ധന്‍ പറഞ്ഞിരിക്കുന്നത്..... "ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും....!"

Tuesday, August 9, 2016

ചുട്ടുപഴുക്കുമ്പോള്‍ (ചിന്താശകലം)

മറ്റുള്ളവരുടെ ദുഃഖത്തില്‍ അലിവും അനുതാപവുമില്ലാത്തവരാണ് കഠിനഹൃദയര്‍. അവരില്‍ തന്നെ പല ഇനക്കാരുണ്ട്; പരപീഡനത്തില്‍ ആഹ്ലാദം കൊള്ളുന്നവരാണ് അതിലെ ഒന്നാം‌കിടക്കാര്‍.

തടിമിടുക്കും പണക്കൊഴുപ്പുമുള്ളപ്പോള്‍ പരദ്രോഹവാസനയും മുന്തി നില്‍ക്കും ചിലരില്‍. ദുര്‍ബലനെ പ്രഹരിച്ച് മേന്മ നടിക്കുന്ന ബലവാന്മാരുമുണ്ട്. ഏതു കൃത്യത്തിനും പ്രോത്സാഹനം ലഭിക്കുമ്പോഴാണ്‌ കൂടുതല്‍ കൃത്യങ്ങളിലേക്ക് മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്; സല്‍‌പ്രവൃത്തിയായാലും ദുഷ്‌പ്രവൃത്തിയായാലും. സല്‍പ്രവൃത്തിയേക്കാള്‍ കൂടുതല്‍ പ്രോത്സാഹനമാണ് ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ അപകടകാരികളും കഠിനഹൃദയരുമായിത്തീരുന്നു.

ആ കാഴ്ച കണ്ട് രസിക്കുകയും അതു കാണാന്‍ കൊതിക്കുകയും ചെയ്യുന്നവരുമില്ലേ. പക്ഷെ, ഏതു ശിലാഹൃദയവും, ഏതു കഠിനചിത്തവും സ്വയം അലിഞ്ഞുപോകുന്ന ചില ഘട്ടങ്ങളുണ്ട്.

മറ്റൊരാളുടെ മരണപ്പിടച്ചില്‍ കണ്ടാല്‍ ഹൃദയാലുവിന്റെ ഹൃദയം പിടയും.

കാരിരുമ്പുപോലും മൃദുവായിത്തീരുന്ന നിമിഷമുണ്ടല്ലോ, ചുട്ടുപഴുക്കുന്ന നിമിഷം. ചുട്ടുപഴുക്കുന്ന നിമിഷത്തില്‍, കഠോരമായ വേദനയിലും കഠിനമായ യാതനയിലും അമര്‍ന്നുപോകുമ്പോള്‍, ഏതു കഠിനഹൃദയവും പതുപതുത്തു പോകും.

'അഭിതപ്തമയോപി മാര്‍ദ്ദവം ഭജതേ,
കൈവ കഥാ ശരീരിഷു'  ....... എന്നു പറഞ്ഞ കാളിദാസന്‍ ജീവിതം കണ്ട കവിയായിരുന്നു 

Friday, August 5, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം മൂന്ന്

തിരക്കു പിടിച്ച അജ്‌മല്‍ഖാന്‍  റോഡിലൂടെ നടന്ന് മെസ്സിലെത്താന്‍ തന്നെ വളരെ ബുദ്ധിമുട്ടാണ്. എന്നാലും താന്‍ അവിടെ പോകും. ചിലപ്പോള്‍ ഗോകുലന്റെ ദേവ്നഗറില്‍ താമസിക്കുന്ന അമ്മാവന്റെ വീട്ടിലേക്ക് പോകും. അതുമല്ലെങ്കില്‍ ഗോള്‍മാര്‍ക്കറ്റിലെ ഡോക്ടേഴ്സ് ലെയ്‌നില്‍ താമസിക്കുന്ന അപ്പുക്കുട്ടന്‍ ചേട്ടന്റെ വീട്ടിലേക്ക് പോകും. ഗോകുലന്റെ അമ്മായി നല്ലൊരു പാചകക്കാരിയാണ്. നാടന്‍ ഭക്ഷണമുണ്ടാക്കാന്‍ നിന്റെ അമ്മായിയിയെ കടത്തിവെട്ടാന്‍ മറ്റാരുമില്ല എന്ന് പലപ്പോഴും ഗോകുലനോട് താന്‍ പറഞ്ഞിട്ടുണ്ട്. മനസ്സുതുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ഏക സുഹൃത്ത് ഗോകുലനാണ്. മറ്റുള്ളവരൊക്കെ തന്റെ പ്രയാസങ്ങള്‍ കണ്ട് പുറമെ സങ്കടഭാവം പ്രകടിപ്പിക്കുകയും ഉള്ളാലെ സന്തോഷിക്കുന്നവരുമാണെന്ന് തനിക്കറിയാം. പക്ഷെ, ഗോകുലന്‍ അവരില്‍നിന്ന് വ്യത്യസ്ഥനാണ്. തന്റെ അവസ്ഥ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍. ഒരു ദിവസം പത്തുപ്രാവശ്യമെങ്കിലും ഓഫീസിലേക്ക് ഫോണ്‍ ചെയ്യും. താനെന്തെടുക്കുകയാണ്...ആരെങ്കിലും വിളിച്ചോ.......ആരെയെങ്കിലും വിളിച്ചോ എന്നൊക്കെയാണ് അവന് അറിയേണ്ടത്.

ഒരു ദിവസം ഓഫീസിലെ റിസപ്ഷനിസ്റ്റ് കഞ്ചന്‍ കക്കര്‍ അവന്റെയടുത്ത് തട്ടിക്കയറുകയും ചെയ്തു. കൂടെക്കൂടെ അവന്റെ ഫോണ്‍ വിളി അവള്‍ക്കത്ര രസിച്ചില്ലെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കണം അവന്റെ ഊരും പേരുമൊക്കെ അവള്‍ ചോദിച്ചത്.

"കോന്‍ ബോല്‍‌രഹാഹേ?" അവളൊരിക്കല്‍ അവനോടു ചോദിച്ചതാണ്.

"മേം ഉസ്‌കാ തന്താ ബോല്‍‌രഹാ ഹും." അവന്‍ മറുപടിയും കൊടുത്തു.

ഞാനൊരു മീറ്റിംഗിലായിരുന്നു അപ്പോള്‍. മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ലഞ്ച് കഴിക്കാന്‍ സാധാരണ പോകാറ് കോണാട്ട് പ്ലേസിലെ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള രാഘവന്‍ ചേട്ടന്റെ നവകേരള റസ്റ്റോറന്റിലേക്കായിരിക്കും. ആ ചുറ്റുപാടില്‍ നിന്നുള്ള ഓഫീസുകളിലെ മലയാളികള്‍ ലഞ്ചു കഴിക്കാന്‍ അവിടെയാണ് വരാറ്. കഷ്ടിച്ച് പത്തു പേര്‍ക്കിരിക്കാവുന്ന ഒരു ഇടുങ്ങിയ മുറിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ലഞ്ചിനു പുറത്തേക്കിറങ്ങാന്‍ നേരമാണ് കഞ്ചന്‍ പറഞ്ഞത്....

"ആപ് കേലിയേ ഏക് മെസ്സേജ് ഹേ" എന്ന്.

"കിസ്‌കാ?" ഞാന്‍ ചോദിച്ചു.

"ആപ്കാ തന്താ കാ..." ഞാന്‍ ഞെട്ടിപ്പോയി ഇവളെന്താ എന്റെ തന്തയ്ക്കു വിളിക്കുന്നോ? എന്റെ നോട്ടവും ഭാവവും കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവള്‍ക്കു മനസ്സിലായി.

"ക്യാ ഹുവാ?" അവള്‍ ചോദിച്ചു.

"കുച്ച് നഹീം.." ഞാന്‍ മറുപടി പറഞ്ഞു.

"ആപ്കോ മാലുംഹേ ക്യാ തന്താ കാ മത്‌ലബ് ക്യാ ഹെ..?" ഞാന്‍ ചോദിച്ചു.

"നഹീം, ക്യാ ഹേ?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"തന്താ കാ മത്‌ലബ് ബാപ്, സമച്‌ഗയാ?" അവളാകെ ചമ്മിപ്പോയി.

"കോയി ബാത് നഹീ.." എന്നു പറഞ്ഞ് ഞാന്‍ പുറത്തേക്ക് പോകുകയും ചെയ്തു.

ആ സമയത്താണ് ഗോകുലന്‍ വീണ്ടും വിളിച്ചത്. കഞ്ചന് ആളെ മനസ്സിലായി. ഗോകുലനെ അവള്‍ ശരിക്കൊന്നു കുടഞ്ഞു. അതിനുശേഷം അവനെ കാണുമ്പോള്‍ അവള്‍ ചോദിക്കും..

"കൈസേ ഹേ തന്താ, ഠീക് ഹേ നാ?"

"ഇതു കുരിശായല്ലോ ഭഗവാനേ..."

തലയില്‍ കൈവെച്ചുകൊണ്ടുള്ള അവന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ എല്ലാവരും കൂട്ടച്ചിരിയായിരിക്കും. കഞ്ചനും കൂടെ കൂടും.

ഗോകുലന്റെ അമ്മാവന്‍ അപ്പുക്കുട്ടനും അമ്മായി ഉഷയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് തന്നെ കണ്ടിരുന്നത്. രവി ഓര്‍ത്തു. രണ്ടു കുട്ടികളാണവര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുന്ന അംബികയും നാലാം ക്ലാസില്‍ പഠിക്കുന്ന അഭിഷേകും. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും രവിയങ്കിളെന്നാല്‍ ജീവനാണ്. താന്‍ എപ്പോള്‍ ചെന്നാലും രണ്ടുപേരും തന്റെ അടുത്തുകൂടാന്‍ മത്സരമായിരിക്കും.

"അങ്കിള്‍, ദീദീ നേ മുഛേ മാര്‍ ദിയാ" അഭിഷേകിന്റെ പതിവു പരാതിയാണ്.

"തൂനേ മുഛേ ഗാലി ക്യോം ദിയാ?" അതാ വരുന്നു അംബികയുടെ വക പരാതി.

"ദേഖോ, തും ദോനോം നേ ഐസാ ജഗ്ഡാ മത് കിയാ കരോ. ദോനോം ഭായീ ബഹന്‍ ഹേ നാ?"  രണ്ടുപേരേയും അടുത്തു വിളിച്ച് താന്‍ സമാധാനിപ്പിക്കും.

"ലേക്കിന്‍ ദീദി ഹമേശാ പെന്‍സില്‍ ചോരീ കര്‍ത്തീഹേ." അഭിഷേകിന്റെ പരാതിയാണ്.

"അങ്കിള്‍, യേ അഭിഷേക്‌നെ മേരി കളര്‍ പെന്‍സില്‍ ചോരി കര്‍ക്കേ അപ്നാ ബാഗ് മേം ഡാല്‍തേ ഹുവേ മെം നേ പകട് ലിയാ"  അംബികയും വിടാനുള്ള ഭാവമില്ല.

"തൊടങ്ങി രണ്ടും കൂടെ. രണ്ടും നേരെ കണ്ടാല്‍ കീരിയും പാമ്പും പോലെയാ. എന്റെ ദൈവമേ ഇവറ്റകള്‍ രണ്ടിനേം കൊണ്ട് ഞാന്‍ തോറ്റു."

 ഉഷച്ചേച്ചി അടുക്കളയില്‍ നിന്ന് ഓടിവരും.

"യേ കീരി ക്യാ ഹോതീ ഹേ മമ്മീ?"അഭിഷേകിന്റെ ചോദ്യം കേട്ട് താന്‍ ചിരിക്കും.

"നിന്റെ അച്ഛനോട് ചോദിക്ക്"

 ദ്വേഷ്യപ്പെട്ട് ചേച്ചി അടുക്കളയിലേക്ക് പോകും.

"അങ്കിള്‍, ആപ്കോ മാലും‌ഹേ ക്യാ കീരി ക്യാ ഹോത്തേ ഹേ?" അഭിഷേക് എന്റെ നേരെ തിരിയും.

"യേ ലോ ചോക്ക്ലേറ്റ്"

രണ്ടുപേര്‍ക്കും ഓരോ ചോക്ക്ലേറ്റ് കൊടുത്ത് കഴിയുമ്പോള്‍ സന്തോഷമാകും. പരസ്പരം കൊഞ്ഞനം കുത്തി രണ്ടുപേരും അകത്തേക്കു പോകും. അതാണ് സ്ഥിരം പരിപാടി.

"എന്തിനാ രവീ, നീ വരുമ്പോഴൊക്കെ ഇങ്ങനെ ചോക്ക്ലേറ്റു വാങ്ങി കൊണ്ടുവരുന്നത്?" ചേച്ചി കാപ്പിയുമായി വന്ന് ചോദിക്കും.

"അതു സാരമില്ല ചേച്ചി, കുട്ടികളല്ലേ. അവര്‍ക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍ വാങ്ങിക്കൊടുക്കേണ്ടത്. ഇതൊക്കെയല്ലേ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍. ഇവിടെ വരുമ്പോഴാണ് എന്റെ മനസ്സിന് അല്പമെങ്കിലും ശാന്തത ലഭിക്കുന്നത്."

"രവിയോടു ചോദിക്കുന്നതുകൊണ്ട് വിഷമമൊന്നും തോന്നരുത്. പലതവണ ഞാന്‍ ഓര്‍ത്തതാ. എത്ര നാളെന്നുവെച്ചാ ഇങ്ങനെ ജീവിക്കുന്നത്? എന്തിനും ഒരു തീര്‍ച്ചയും തീരുമാനവുമൊക്കെ വേണ്ടെ? ഇങ്ങനെ ജീവിതകാലം മുഴുവന്‍ തുടരാനാണോ ഭാവം?"

ചേച്ചിയുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കൊടുക്കാന്‍ തനിക്കു കഴിയാറില്ല. എങ്കിലും അവരുടെ വിഷമവും താന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ വാശിപിടിച്ചിരുന്നാല്‍ മക്കളുടെ ഭാവിയാണ് തകരുന്നതെന്ന് ഓര്‍മ്മവേണം." ചേച്ചി തുടരുകയാണ്.

"ഞാനെന്തു വിട്ടുവീഴ്ചക്കും തയ്യാറാണ് ചേച്ചീ. പക്ഷെ അവള്‍.........!!"

"എങ്ങനെ ജീവിച്ചവരായിരുന്നു. എനിക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. എന്നിട്ടിപ്പോ....." ചേച്ചിയുടെ മുഖത്ത് വിഷമം.

"മഹാബലി ചക്രവര്‍ത്തിയുടെ ഭരണത്തില്‍ അസൂയ മൂത്തതുകൊണ്ടല്ലേ ചേച്ചി മഹാവിഷ്ണു വാമനനായി വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്?"

തന്റെ മറുപടി ചേച്ചിയെ ശുണ്ഠി പിടിപ്പിക്കും.

"രവിയോട് എന്തു പറഞ്ഞാലും അതിനൊരു ഉപമയും ഉല്‍‌പ്രേക്ഷയുമൊക്കെ കണ്ടുപിടിക്കും..." പരിഭവത്തോടെ ചേച്ചി എഴുന്നേറ്റു പോകും.

തനിക്കറിയാം, അത്ര ആത്മാര്‍ത്ഥതയോടെയാണ്  അവരെന്നോടു പെരുമാറുന്നത്.

(തുടരും)

ബന്ധങ്ങള്‍ ബന്ധനങ്ങള്‍  - അദ്ധ്യായം രണ്ട് 


Thursday, August 4, 2016

മനസ്സിനെ മറന്നാല്‍ (ചിന്താശകലം)

രോഗം ശരീരത്തേയും ശരീരാവസ്ഥകളേയും അസ്വസ്ഥമാക്കുന്നു. ആരോഗ്യമാണ് മുഖ്യമായ ധനമെന്നു പറയാറുണ്ടെങ്കിലും അതു പറയുന്നവര്‍ പോലും ആരോഗ്യപരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല.

അന്നപാനാദികളിലുള്ള ശ്രദ്ധകൊണ്ടുമാത്രം ആര്‍ക്കും രോഗത്തെ അകറ്റിനിര്‍ത്താനാവില്ല. ശരീരത്തിന്റേയും മനസ്സിന്റേയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചാണ് ആരോഗ്യത്തെ നിലനിര്‍ത്തുന്നതും തളര്‍ത്തുന്നതും.

അരോഗമായ മനസ്സുള്ളവനേ ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയൂ. ഹിതകരണങ്ങളാകണം ആഹാരവിഹാരങ്ങള്‍. അത്യാസക്തിയും മതിഭ്രമങ്ങളും ഒഴിവാക്കുകയും വേണം.

മാത്രമല്ല, ആരോഗ്യം നിലനില്‍ക്കണമെന്നുള്ളവന്‍ ദാനശീലനും സത്യപരനും സമചിത്തനും ക്ഷമാവാനുമായിരിക്കണമെന്നാണ് ആര്‍ഷസൂക്തം.

മനസ്സിനെ സമനിലയില്‍ നിര്‍ത്താന്‍ ഈ ഗുണങ്ങളുള്ളവനേ കഴിയൂ. കോപിഷ്ഠനും, അത്യാസക്തനുമുണ്ടോ മനസ്സ് നേരെ നില്‍ക്കുന്നു !

ക്ഷോഭം ആരോഗ്യത്തെ കെടുത്തും; മനഃശ്ശക്തിയെ തളര്‍ത്തും. അതുതന്നെ രോഗകാരണവുമാകും. മനസ്സിനെ മറന്നിട്ട് ശരീരത്തെ രക്ഷിക്കാമെന്ന് ആരും വ്യാമോഹിക്കരുത്.

Wednesday, August 3, 2016

മരണം തൊട്ടുമുന്‍പില്‍ എത്തിയിട്ടും ലഗേജുകള്‍ക്ക് വേണ്ടി പിടിവലി കൂടിയ മലയാളികള്‍

തിരുവനന്തപുരത്തുനിന്ന് ഇന്ന് രാവിലെ 10.19 ന് ദുബൈയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം ബോയിംഗ് 777 ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തീപിടിക്കുകയും യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങിയതിനുശേഷം പൊട്ടിത്തെറിച്ചു എന്നുമുള്ള വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.  ലാന്‍ഡിങ് ഗിയറിന്‍െറ തകരാറാണ് അപകടത്തിന് കാരണമെന്നും, 20 രാജ്യങ്ങളില്‍ നിന്നുള്ള 282 യാത്രക്കാരും 18 ജോലിക്കാരുമുള്‍പ്പടെ 300 പേരും പുറത്തിറങ്ങിയ ശേഷമായിരുന്നു തീ ആളിപ്പടര്‍ന്നതെന്ന് കേട്ടപ്പോള്‍ ആശ്വാസമായി. തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും, ഒരു മിനിറ്റ് കൂടി താമസിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ അഗ്നിഗോളത്തില്‍ ചാരമായി മാറുമായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരു ഹൊറര്‍ മൂവി കാണുന്ന പ്രതീതിയാണ് ജനിപ്പിച്ചത്.

വിമാന ദുരന്തങ്ങള്‍ ഒന്നിനൊന്നായി വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് എമിറേറ്റ്സ് പോലുള്ള വിമാനക്കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടത് അനിവാര്യവുമാണ്. ഇപ്പോള്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകളും അവര്‍ എടുക്കേണ്ടതാണ്. സമുദ്രയാത്ര പോലെയോ റോഡ് യാത്ര പോലെയോ ട്രെയ്ന്‍ യാത്ര പോലെയോ അല്ലല്ലോ വിമാന യാത്ര. ഒരു വിമാനം അഗ്നിഗോളമാകാന്‍ ഒരു മിനിറ്റു മതി എന്നാണ് വ്യോമയാന മേഖലകളിലുള്ളവര്‍ പറയുന്നത്.

എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരുടെ ഞെട്ടല്‍ മാറണമെങ്കില്‍ സമയമെടുക്കും. നാട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ കൂടെ കൊണ്ടുവന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത് കൂടാതെ പലര്‍ക്കും ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗേജുകള്‍ മിക്കതും കത്തിയമര്‍ന്നിരുന്നു. ഇക്കൂട്ടത്തിലാണ് പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായത്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കത്തിയമര്‍ന്ന രേഖയില്‍ ഉള്‍പ്പെടും. ഇത് തങ്ങളുടെ ഭാവിയെ ബാധിക്കമെന്ന ആശങ്ക ഇവര്‍ക്കുണ്ടെങ്കിലും ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും.  പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സം‌വിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിക്കാന്‍ കാരണമെന്ന് പറയുന്നു. ഏതായാലും പൈലറ്റ് സമയോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ട് യാത്രക്കാരേയും വിമാനജോലിക്കാരേയും മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ കരുതല്‍ ഉണ്ടായതുകൊണ്ടു മാത്രമാണ്.

എന്നാല്‍, മരണം തൊട്ടുമുന്‍പില്‍ എത്തിയിട്ടുപോലും അത് ഗൗനിക്കാതെ തങ്ങളുടെ ലഗേജുകള്‍ക്കുവേണ്ടി വിമാനത്തിനകത്ത് പിടിവലി കൂടിയ മലയാളികള്‍ നാടിനെന്നല്ല, രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കി. "വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചിരിക്കുന്നു....യാത്രക്കാര്‍ എത്രയും പെട്ടെന്ന് പുറത്തേക്കിറങ്ങുക" എന്ന അറിയിപ്പു കിട്ടിയിട്ടുപോലും, വിമാനത്തിനകത്ത് പുക നിറഞ്ഞിട്ടുപോലും തങ്ങളുടെ ലഗേജുകള്‍ തപ്പുന്ന മലയാളികളുടെ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളുടെ വെപ്രാളം കാണുന്നത്.

"പുറത്തേക്ക് പോകൂ.....പുറത്തേക്ക് പോകൂ..." എന്ന് വിമാന ജോലിക്കാര്‍ ഉച്ചത്തില്‍ പറയുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാതെ ലഗേജുകള്‍ തപ്പി നടക്കുകയാണ് മലയാളികള്‍. കുഞ്ഞുങ്ങളുടെ കരച്ചിലും, അമ്മേ അമ്മേ പെട്ടെന്നു പുറത്ത് കടക്കൂ എന്ന് പറയുന്നതും, പ്രാര്‍ത്ഥനയും എല്ലാം വീഡിയോയില്‍ കേള്‍ക്കാം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തേക്കെത്തിക്കുക എന്ന ദുഷ്ക്കരമായ ജോലി വിമാന ജോലിക്കാരുടേതാണ്. അവര്‍ക്ക് അവരുടെ ജീവനേക്കാള്‍ വലുത് യാത്രക്കാരുടെ ജീവനാണ്. അതുകൊണ്ടുതന്നെ അവര്‍ പരമാവധി ശ്രമിച്ചിട്ടും അത് ചെവിക്കൊള്ളാതെ തങ്ങളുടെ ബാഗും ലാപ്‌ടോപ്പുമൊക്കെ തപ്പി, രക്ഷപ്പെടാന്‍ ധൃതികൂട്ടിയവരെപ്പോലും അവഗണിച്ച് വിമാനത്തിനകത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച മലയാളികള്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ലോകമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ മലയാളികളുടെ അച്ചടക്കമില്ലായ്മയേയാണ് സൂചിപ്പിക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ തന്റെ രക്ഷപ്പെടല്‍ ചിത്രീകരിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പക്ഷെ, എന്തു ദുരന്തമുണ്ടായാലും മലയാളികള്‍ തങ്ങളുടെ സ്വഭാവം പുറത്തെടുക്കുമെന്നു കാണിക്കുന്ന വീഡിയോയായി അത് മാറിയെന്ന് മാത്രം. കാബിനുള്ളിലെ വലിപ്പിനുള്ളില്‍നിന്ന് ലഗേജുകള്‍ വലിച്ച്‌ പുറത്തിട്ട് സ്വന്തം ലഗേജ് തിരയുന്ന തിരക്കിലായിരുന്നു പലരും. ഇങ്ങനെ ലഗേജ് തിരഞ്ഞു പോയപ്പോഴാണ് വിമാന ജീവനക്കാര്‍ ഉച്ചത്തില്‍ പുറത്തേക്ക് ചാടി രക്ഷപെടൂവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. വീഡിയോ എടുത്ത യാത്രക്കാരന്‍ പുറത്തെത്തിയപ്പോള്‍ തീപിടിച്ച വിമാനത്തിന്റെ പിന്‍ഭാഗവും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ഒരു ദുരന്തം വരുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും, എപ്രകാരമാണ് അതിനെ അഭിമുഖീകരിക്കേണ്ടതെന്നുമുള്ള സാമാന്യ പരിജ്ഞാനം ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നാം വെപ്രാളപ്പെടുന്നത്. സം‌യമനത്തോടെ കാര്യങ്ങള്‍ ഗ്രഹിച്ച് അതിനനുസരിച്ച് പെരുമാറാന്‍ നാം പഠിക്കണം. ദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരെ കൂടി സഹായിക്കാനുള്ള മനഃസ്ഥിതിയുണ്ടെങ്കില്‍ ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാം.

Tuesday, August 2, 2016

"പള്ളിയിലെ ബാങ്കു വിളി നായ കുരയ്ക്കുന്നതുപോലെ" - ബാലകൃഷ്ണ പിള്ള

പള്ളിയിലെ ബാങ്കുവിളി നായ കുരയ്ക്കുന്നതുപോലെയാണെന്ന് ബാലകൃഷ്ണ പിള്ള പ്രസംഗിച്ചത് ഇപ്പോള്‍ "ചൂടേറിയ" ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ്. പിള്ള പ്രസംഗിച്ചെന്നു പറഞ്ഞ് ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്ത വീഡിയോ ആണിത്. ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കൊരു സംശയം. പിള്ള പ്രസംഗിച്ച സ്റ്റേജിലെ വീഡിയോയില്‍ ഓഡിയോ ഡബ്ബ് ചെയ്ത് എഡിറ്റു ചെയ്തതാണോ എന്നൊരു സംശയം. ആരുടേയും ശബ്ദം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ അനുകരിക്കാന്‍ കഴിവുള്ള മിമിക്രിക്കാര്‍ ധാരാളമുള്ള നാടാണ് കേരളം. അത്തരത്തിലുള്ള എന്തെങ്കിലും കുനിഷ്ട് ഒപ്പിച്ചാണോ ഏഷ്യാനെറ്റ് ഈ ന്യൂസ് ഉണ്ടാക്കിയത്. അങ്ങനെയെങ്കില്‍ അത് ഗൗരവമായ ക്രിമിനല്‍ കുറ്റമാണ്. ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടത് ഏഷ്യാനെറ്റ് സ്റ്റുഡിയോയിലെ അവതാരകയുടേയും  വ്യാഖ്യാതാവിന്റേയും ശബ്ദമല്ല, ബാലകൃഷ്ണ പിള്ളയുടെ ഒറിജിനല്‍ ശബ്ദമാണ്. ആ വീഡിയോ കൈയ്യിലുണ്ടെങ്കില്‍ അതാണ് ചാനലിലൂടെ കാണിക്കേണ്ടത്.

മേല്പറഞ്ഞ വിവാദ പ്രസംഗത്തെക്കുറിച്ച് ബാലകൃഷ്ണപിള്ളയുടെ വിശദീകരണം:

"താന്‍ നടത്തിയതായി പ്രചരിക്കുന്ന വിവാദപ്രസംഗം ആസൂത്രിതമായി ഫോണില്‍ റെക്കോഡ് ചെയ്തതാരാണെന്നും ഈ രീതിയില്‍ എഡിറ്റ് ചെയ്തതാരാണെന്നുമൊക്കെ അറിയാമെന്ന് ബാലകൃഷ്ണപിള്ള. താന്‍ ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ആര്‍ക്കെങ്കിലും തന്‍െറ പ്രസംഗം മൂലം ബുദ്ധിമുട്ടോ പ്രയാസമോ ദുഃഖമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള പറഞ്ഞു. താന്‍ മനസ്സാവാചാ ചെയ്യാത്ത കുറ്റത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഖേദം പ്രകടിപ്പിക്കുകയാണ്.

ഇടതുമുന്നണിയെ അപകീര്‍ത്തിപ്പെടുത്തുകയാകാം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം. പ്രചരിക്കുന്നത് പൂര്‍ണമായും തന്‍െറ പ്രസംഗമാണോ എന്ന സംശയവുമുണ്ട്. താന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും മുസ്ലിം വിരോധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ വൈരനിര്യാതനബുദ്ധിയോടെ നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കുപിന്നില്‍.

തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസില്‍ പോകുമ്പോള്‍ പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ കഴിയില്ല എന്നു പറഞ്ഞതിനെ ബാങ്കുവിളിയുമായി ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. സ്വന്തമായി ഹജ്ജിന് പോകാന്‍ കഴിയാത്തതിനാല്‍ കൊട്ടാരക്കര സ്വദേശി സുബൈര്‍ മൗലവിയെ എല്ലാ ചെലവും വഹിച്ച് ഹജ്ജിനയച്ച ആളാണ് താന്‍. ന്യൂനപക്ഷത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതാണ് തന്‍െറ രാഷ്ട്രീയ ജീവിതം. മുസ്ലിംകളുടെ ഏതാവശ്യത്തിനും എന്നും നിലകൊണ്ട വക്താവാണ് താന്‍. ഇതൊക്കെ കാണുമ്പോള്‍ ദുഃഖമുണ്ട്.

ആസൂത്രിതമായി ഇത് ഫോണില്‍ റെക്കോഡ് ചെയ്തതാരാണെന്നും ഈ രീതിയില്‍ എഡിറ്റ് ചെയ്തതാരാണെന്നുമൊക്കെ അറിയാം. ഒരു ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരു ശ്രമിച്ചാലും തന്‍െറ കഴിഞ്ഞകാല ചരിത്രം അറിയാവുന്നവര്‍ അംഗീകരിക്കില്ല. ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്താന്‍ ഒരു പത്രം നടത്തിയ കടന്നാക്രമണം തെറ്റാണ്. രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും ദുഃഖമുള്ള ദിവസമായിരുന്നു കഴിഞ്ഞുപോയത്. ബാങ്കുവിളിക്കുന്നത് പട്ടിയെപ്പോലെയാണെന്ന് പറയാന്‍ തനിക്ക് ഭ്രാന്തില്ല. അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല. ബാങ്കുവിളിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികള്‍ നിര്‍ത്തുന്നതാണ് നമ്മുടെ സംസ്കാരമെന്ന് മാത്രമാണ് പറഞ്ഞത്. മനഃസാക്ഷിക്കുമുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ന്യൂനപക്ഷസ്നേഹം വെടിഞ്ഞിട്ടില്ല. മരണം വരെ തുടരും. മഅ്ദനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായ കാലത്ത് അദ്ദേഹത്തെ സഹായിച്ചതിന് എത്ര ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെ ഫയല്‍ ചെയ്തത്. മഅ്ദനിയെ ജയിലില്‍ പോയി ആദ്യമായി കണ്ടത് താനാണ്."