Thursday, August 18, 2016

അല്പജ്ഞാനം അപകടകരം (ചിന്താശകലം)

അല്പജ്ഞാനം ആപല്‍ക്കരമാണെന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. അല്പമായ അറിവ്, അവിവേകികളില്‍ അനല്പമായ അഹങ്കാരം ജനിപ്പിക്കാറുണ്ട്.

അറിവിന്റെ മറുകര കണ്ടവര്‍ ആരുമില്ലെന്നിരിക്കിലും, കണ്ടതിനപ്പുറം, കാണാനേറെയുണ്ടെന്ന് വിവേകികള്‍ അറിയുന്നു. താന്‍ സര്‍‌വ്വവിജ്ഞാനഭാണ്ഡമോ, ഭണ്ഡാഗാരമോ ആണെന്ന് അല്പജ്ഞനു മാത്രമേ തൊന്നൂ; അവനങ്ങനെ തോന്നുകയും ചെയ്യും.

അല്പജ്ഞന്മാരും അല്പവിഭവന്മാരും പ്രപഞ്ചശില്പിയുടെ ശില്പചാതുര്യത്തെപ്പോലും വെല്ലുവിളിക്കാനൊരുമ്പെടുന്നതു കാണാം. ലോകത്തെ വികലമാക്കുന്നത് ജ്ഞാനലവദുര്‍‌വിദഗ്ദ്ധതയുടെ വികടത്തമല്ലാതെ മറ്റെന്താണ് ?

ജ്ഞാനം വെളിച്ചത്തിന്റെ വെണ്‍‌മാടങ്ങള്‍ തീര്‍ക്കും; അല്പജ്ഞത ഇരുട്ടിന്റെ ചെറുകൂടാരങ്ങളും. അറിവിന്റെ വെളിച്ചം, മനോമണ്ഡലത്തെയാണ് പ്രകാശമാനമാക്കുന്നത്; ആ വെളിച്ചം കടക്കാത്ത മനസ്സ് വൈജ്ഞാനികന്റേതല്ല.

അഹന്തയും സര്‍‌വ്വജ്ഞഭാവവും വെളിച്ചത്തില്‍ നിന്നുദിക്കുന്നവയല്ല, ഇരുട്ടില്‍ വളരുന്നവയാണ്.

No comments:

Post a Comment