Wednesday, August 10, 2016

ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളേക്കാള്‍ ഭയാനകം (ചിന്താശകലം)

"ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാന്‍, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാന്‍, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാന്‍, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാന്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തില്‍ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയില്‍ നിന്ന് അയാളെ മോചിപ്പിക്കാന്‍ എനിക്കു സാദ്ധ്യമായതൊക്കെ ഞാന്‍ ചെയ്യുമെന്നും- എന്നു പറഞ്ഞാല്‍, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ...."

ലിയോ ടോള്‍സ്റ്റോയിയുടെ വചനങ്ങളാണ് മേല്പറഞ്ഞവ. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ഇന്ന് ലോകത്ത് നടക്കുന്നതൊക്കെയും ഇങ്ങനെ തന്നെയല്ലേ..? കപട നേതാക്കള്‍, കപട മിത്രങ്ങള്‍, കപട ബന്ധുക്കള്‍, കപട ജനങ്ങള്‍ എന്നിവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകം. ആരെ എപ്പോള്‍ എങ്ങനെ വിശ്വസിക്കണമെന്ന് യാതൊരു ഗ്രാഹ്യവുമില്ലാതെ നാം ചിലപ്പോള്‍ കണ്‍‌ഫ്യൂഷനിലാകാറുണ്ട്. കൂടെ നടന്ന് കാലില്‍ ചവിട്ടുന്നവരാണ് നമുക്കു ചുറ്റുമെന്നറിയാതെ അവരുടെ വാക്കുകളില്‍, അവരുടെ പ്രവൃത്തികളില്‍ അറിഞ്ഞോ അറിയാതെയോ നാം ആകൃഷ്ടരാകുന്നു. ഫലമോ, നാം അറിയാതെ ആപത്തുകളില്‍ ചെന്നു ചാടുന്നു. എന്നിട്ടോ, അങ്ങനെയൊരു സാഹാചര്യം സൃഷ്ടിച്ചവര്‍ ഒന്നുമറിയാത്തതുപോലെ അഭിനയിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ അവസാന നാളുകള്‍ വരെ അവരങ്ങനെ തുടരും. പിടിക്കപ്പെടുമെന്ന് ബോധ്യമായാല്‍ അപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്യും.

"സുഹൃദ് ബന്ധങ്ങള്‍ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക, എന്നാല്‍ സഥാപിച്ചു കഴിഞ്ഞാലോ അതില്‍ ദൃഢമായി ഉറച്ചു നില്‍ക്കുക..." (സോക്രട്ടീസ്).

തന്‍‌കാര്യം സാധിതമാകാന്‍ "ഇത്തിക്കണ്ണികള്‍" പോലെ ചുറ്റിവരിഞ്ഞ് നമ്മെ കഷ്ടപ്പെടുത്തുന്നവരേയും, മുതുകത്തു കയറിയിരുന്ന് നമ്മെ നിയന്ത്രിക്കുന്നവരെയും എപ്പോഴും സൂക്ഷിക്കണം. ഇക്കൂട്ടരുടെ ആജ്ഞാനുവര്‍ത്തികളായി, മറ്റുള്ളവരുടെ നാശത്തിലേക്ക് വഴിവെട്ടാന്‍ നാം ഒരിക്കലും ഒരു കാരണക്കാരനാകരുത്. നമ്മെ ചുറ്റിപ്പറ്റി നിന്ന് മറ്റുള്ളവരുടെ കുറ്റവും കുറവുകളും ചൂണ്ടിക്കാണിച്ച് അവരെ മ്‌ളേച്ഛരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ എപ്പോഴും സൂക്ഷിക്കണം.

അതുകൊണ്ടാണ് ശ്രീബുദ്ധന്‍ പറഞ്ഞിരിക്കുന്നത്..... "ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും....!"

No comments:

Post a Comment