(ന്യൂയോര്‍ക്ക്): ക്യൂന്‍സിലെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇമാം മൗലാനാ അക്കോന്‍ജി (55) യേയും, സഹായി തറാവുദ്ദീനെയും (65) വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയളെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും, വെടിവെച്ചതിനു ശേഷം പ്രതി വാഹനത്തില്‍ രക്ഷപ്പെടുന്നതു കണ്ട ദൃക്സാക്ഷിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലും പോലീസ് തയ്യാറാക്കിയ രേഖാ ചിത്രം പ്രദേശത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്യൂന്‍സില്‍ നിന്ന് ഏതാനും മൈലുകള്‍ അകലെയുള്ള ബ്രൂക്ക്‌ലിനിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടത്തില്‍ വെടിവെക്കാനുപയോഗിച്ച റിവോള്‍വറും സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഏറ്റവും കൂടുതല്‍ ബംഗ്ലാദേശ് വംശജര്‍ താമസിക്കുന്ന ക്യൂന്‍സില്‍ വെടിവെപ്പ് നടന്നത്. ഞായറാഴ്ച രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെങ്കിലും, തിങ്കളാഴ്ചയാണ് പോലീസിന് ലഭിച്ച തെളിവുകളുടേയും, ദൃക്സാക്ഷി വിവരണത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതി ഓസ്‌കര്‍ മൊറാലസിന്റെ (35) അറസ്റ്റ് രേഖപ്പെടുത്തുകയും കൊലപാതകക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തത്.
സംഭവസ്ഥലത്തുനിന്ന് തന്റെ വാഹനത്തില്‍ രക്ഷപ്പെടുന്നത് ദൃക്സാക്ഷികള്‍ കണ്ടിരുന്നു. രക്ഷപ്പെടാനുള്ള ധൃതിയില്‍ ഒരു സൈക്കിള്‍ സവാരിക്കാരനുമായി വാക്കുതര്‍ക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് പ്രതി അതേ സൈക്കിള്‍ സവാരിക്കാരനെ മൂന്നു മൈല്‍ അകലെ വെച്ച് ഇടിച്ചു വീഴ്ത്തി. അയാള്‍ പോലീസിനു നല്‍കിയ വിവരവും വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയുടെ വാഹനത്തിന്റെ വിവരവും താരതമ്യപ്പെടുത്തിയ പോലീസിന് രണ്ടും ഒരേ വാഹനമാണെന്ന് മനസ്സിലായതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്റ്റീവ് ചീഫ് റോബര്‍ട്ട് ബോയ്സ് പറഞ്ഞു.
പ്രതി താമസിക്കുന്ന ബ്രൂക്ക്‌ലിനിലെ അപ്പാര്‍ട്ട്മെന്റ് നിരീക്ഷണവലയത്തിലാക്കിയ പോലീസ് ഞായറാഴ്ച രാത്രി 10 മണിക്ക് പ്രതി തന്റെ വാഹനത്തിലേക്ക് കയറുന്ന സമയത്ത് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണുണ്ടായത്. പ്രതിയെ പിന്തുടര്‍ന്ന പോലീസ് വാഹനത്തില്‍ പ്രതി പലതവണ തന്റെ വാഹനം ഇടിപ്പിച്ച് പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവസാനം കീഴടങ്ങേണ്ടി വന്നു എന്ന് ചീഫ് ഡിറ്റക്റ്റിവ് ചീഫ് വെളിപ്പെടുത്തി.
പ്രതി തന്റെ സഹോദരനാണെന്നറിഞ്ഞ ആല്‍വിന്‍ മൊറാലസ് സഹോദരന്‍ നിരപരാധിയാണെന്നും, ഒരു കൊലപാതകം ചെയ്യാനുള്ള കഴിവ് അവന് ഇല്ല എന്നും പ്രതികരിച്ചു. പ്രതി താമസിച്ചിരുന്നു അപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥനും പ്രതിയെക്കുറിച്ച് പറഞ്ഞത് 'അയാള്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല, അവന്‍ ഒരിക്കലും ഒരു മുസ്ലിം വിരോധിയാണെന്നും തോന്നുന്നില്ല' എന്നാണ്.
പ്രതിക്ക് സംഭവം നടന്ന സ്ഥലമായ ക്യൂന്‍സിലേക്കോ, മുസ്ലീം പള്ളിയുടെ അടുത്തേക്കോ വരേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നും, ആരോ അയാളെ അതിനുവേണ്ടി നിയോഗിച്ചതാകാമായിരിക്കും എന്ന് സംശയിക്കുന്നു എന്ന് ഡിറ്റക്റ്റീവുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലേ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാകൂ എന്ന് ഡിറ്റക്റ്റീവ് ചീഫ് റോബര്‍ട്ട് ബോയ്സ് പറഞ്ഞു.
പ്രതിയുടെ അറസ്റ്റു വിവരം അറിഞ്ഞ് ബംഗ്ലാദേശ് വംശജര്‍ പ്രകടനം നടത്തി. അടുത്ത യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ട്രംപിന്റെ ഇസ്ലാം വിരുദ്ധ പ്രസ്താവനകളും, പ്രകോപനപരമായ പ്രസംഗങ്ങളുമാണ് ഈ കൊലപാതകത്തിന് കാരണമെന്ന് പ്രകടനക്കാര്‍ ആരോപിച്ചു. ട്രംപിന്റെ നിരന്തരമായ വംശീയാധിക്ഷേപം മുസ്ലീം വംശജര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ടെന്നും, ഈ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എന്താണ് സുരക്ഷ എന്നാണ് പ്രകടനക്കാര്‍ ചോദിക്കുന്നത്. ട്രംപിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ യാഥാസ്ഥിതികര്‍ മുസ്ലീങ്ങളെ വംശീയപരമായി ആക്ഷേപിക്കാറുണ്ടെന്നും, ഈയ്യടുത്ത കാലത്ത് ഹിസ്പാനിക് വംശജരുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറയുന്നു. 'ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല, നീതി ലഭിക്കും വരെ പ്രതിഷേധം തുടരും' എന്നും അവര്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ച് നിരവധി രാഷ്‌ട്രീയ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്... “The senseless murders of Imam Maulama Akonjee and Thara Uddin are heartbreaking. This kind of heinous act has no place in America.”
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയുടെ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു...“The perpetrators of this heinous crime will be found, and justice will be served.” ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഡെ ബ്ലാസ്യോയും സംഭവത്തെ അപലപിച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വംശീയ വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സംഭവം ഒരു മുന്നറിയിപ്പാണെന്ന് ട്രംപിന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു... “We know there are voices all over this country who are spewing hate, trying to create division, trying to turn one American against another.”
ഇതിനിടെ മരണപ്പെട്ട ഇമാം മൗലാനാ അക്കോന്‍ജിയുടേയും, തറാവുദ്ദീന്റേയും മൃതദേഹങ്ങള്‍ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
No comments:
Post a Comment