Monday, August 15, 2016

ഒളിമ്പിക്സ് മെഡല്‍ കിട്ടാക്കനിയായ ഇന്ത്യന്‍ താരങ്ങള്‍

ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഒളിമ്പിക്സ് മെഡലിന്റെ കാര്യത്തില്‍ പിറകോട്ട് തള്ളപ്പെടുന്നതെന്ന് സ്‌പോര്‍ട്സ് അഥോറിറ്റി ഗൗരവമായി എടുക്കേണ്ട വിഷയമാണ്. പ്രതീക്ഷകളോടെ റിയോയിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ അത്‌ലറ്റുകളുടെ നിരാശാജനകമായ അവസ്ഥ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. എന്തുകൊണ്ടാണ് ഒളിമ്പിക്സ് മെഡല്‍ ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുന്നു എന്ന പ്രശ്നത്തിന് കാരണമന്വേഷിച്ച് കായിക സംഘാടകരും ആരാധകരും നെട്ടോട്ടമോടുമ്പോള്‍ അവര്‍ക്കെല്ലാം വ്യക്തമായ ഉത്തരവുമായി ചൈന രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടും എന്ന പ്രതീക്ഷിച്ചില്ലെങ്കിലും, ഇത്രയും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറച്ചെങ്കിലും മെഡലുകള്‍ നേടും എന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ട് റിയോയില്‍ ചെന്ന് വഴിതെറ്റി തിരിച്ചു നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്ന കാഴ്ചയാണ് അവരിപ്പോള്‍ കാണുന്നത്. റിയോയില്‍ ഒളിമ്പിക്സ് തുടങ്ങിയ ദിവസം മുതല്‍ നിരാശ മാത്രം സമ്മാനിച്ച ഇന്ത്യന്‍ സംഘം കൂട്ട പുറത്താക്കല്‍ ചടങ്ങ് കാഴ്ച വച്ച ദിവസമായിരുന്നു ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ നടന്നത്. എന്നാല്‍, ഇന്ത്യ മുഴുവനായും പുറത്തായിട്ടില്ല എന്ന് ലോകത്തെ അറിയിച്ച് രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജിംനാസ്റ്റിക്സ്‌ താരം ദീപ കര്‍മ്മാര്‍ക്കറിന്   കഴിഞ്ഞത് അല്പമെങ്കിലും അഭിമാനിക്കാന്‍ വക നല്‍കുന്നു.

വെങ്കല മെഡല്‍ മത്സരത്തിലായിരുന്ന സാനിയ-ബൊപ്പണ സഖ്യത്തിന്റെ ദയനീയ തോല്‍വി ഒരു തിരിച്ചടി തന്നെയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപനാക് - ലൂസി ഹ്രാഡെക്ക സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ തോറ്റത്. നേരത്തെ ലിയാന്‍ഡര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പുരുഷ ഡബിള്‍സിലും സാനിയ മിര്‍സ-പ്രാര്‍ത്ഥന സഖ്യം വനിതാ ഡബിള്‍സിലും തോറ്റിരുന്നു. എന്തുകൊണ്ടാണ് തുടര്‍ച്ചയായുള്ള തോല്‍‌വിക്ക് കാരണമെന്ന് കായിക മത്സരങ്ങള്‍ക്ക് ഉത്തരവാദികളായ സര്‍ക്കാര്‍/ ഭരണാധികാരികള്‍ ഗൗരവമായി ചിന്തിക്കുകയും പ്രതിവിധികള്‍ തേടുകയും ചെയ്യണം. അതല്ലെങ്കില്‍ കായിക ലോകത്ത് ഇന്ത്യയുടെ അപചയത്തിന് അധിക നാള്‍ കാത്തുനില്‍ക്കേണ്ടിവരികയില്ല.

കായിക മേഖലയില്‍ മാത്രമല്ല, അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഇന്ത്യയുടെ ദയനീയ പരാജയത്തിനു കാരണം ഇന്ത്യന്‍ ജനതയുടെ 'ക്രിക്കറ്റ്' ഭ്രമമാണെന്നാണ് ചൈന വിലയിരുത്തിയിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ അധികാരക്കസേരകളിലിരുന്ന് ആള് കളിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു. പട്ടിണി, ആരോഗ്യക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കായികരംഗത്ത് നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്നത്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ ആണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത് ഇതൊക്കെയാണ് ചൈന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒളിമ്പിക്സിനെ കുറിച്ച് വേണ്ടത്ര അവബോധവും ഇല്ലത്രേ.

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതമാണെന്നും ക്രിക്കറ്റ് അറിയാത്തവരെ അവിശ്വാസികളായാണ് കണക്കാക്കുന്നതെന്നുമാണ് ചൈന പറയുന്നത്. ജനസംഖ്യയില്‍ രണ്ടാമതായവര്‍ക്ക് ലഭിക്കുന്ന മെഡലുമായി തട്ടിച്ചുനോക്കിയാല്‍ ഏറ്റവും അവസാനക്കാരാണ് ഇന്ത്യ എന്നാണ് ചൈനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് കായികമത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരം ഉണ്ടാകുന്നില്ലെന്നും അവര്‍. അവര്‍ പറയുന്നതിലെന്താണ് തെറ്റ്? കായിക രംഗത്തെ ഈ ന്യൂനത എത്രയോ കാലങ്ങളായി തുടരുന്നു. ഇന്ത്യയില്‍ ഒരു കായിക സംസ്‌കാരം ഇല്ലാത്തതാണ് ഒളിമ്പിക്സില്‍ തിരിച്ചടിയായതെന്ന് പറയാതെ വയ്യ. ജനസംഖ്യയുടെ വലിയൊരു വിഭാഗം പട്ടിണിയിലും പരാധീനതയിലും കഴിയുന്നവരാണ്. അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ പോഷകാഹാരമോ ലഭിക്കുന്നില്ല. ഒളിമ്പിക്സില്‍ പങ്കെടുത്തവരില്‍ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ചുറ്റുപാടുകളില്‍ നിന്ന് വന്നവരാണ്.

റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനക്കാരായി ക്വാട്ടറില്‍ കയറിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, തങ്ങളേക്കാള്‍ റാങ്കിംഗില്‍ താഴെയുള്ള ബെല്‍ജിയം ടീമിനോട് 3-1ന് തോറ്റ അത്ഭുതക്കാഴ്ചയാണ് ലോകം കണ്ടത്. ആദ്യ പകുതിയില്‍ 1-0 ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യയുടെ തോല്‍വി എന്നതും ശ്രദ്ധേയമാണ്. പന്തടക്കം ഇല്ലായ്‌മയും ലക്ഷ്യബോധമില്ലാത്ത പാസുകളും ഇന്ത്യയെ പിന്നോട്ടടിച്ചു. മറുവശത്ത് ബെല്‍ജിയത്തിന്റെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചിതറിപ്പോകുന്ന ഇന്ത്യന്‍ പ്രതിരോധനിരയെയാണ് കാണാനായത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഹോക്കി ടീമുകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല എന്ന് കളി കണ്ടവര്‍ക്കെല്ലാം മനസ്സിലായി.

റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്നൊന്നായി തോല്‍‌വിയുടെ നിരാശയില്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ പതാക ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയെ സ്വരാജില്‍ നിന്ന് സുരാജ്യമാക്കാനുള്ള പ്രയത്നത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറയുകയുണ്ടായി. തീവ്രവാദത്തെക്കുറിച്ചും, പാക്കിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചും അദ്ദേഹം കത്തിക്കയറി. വെല്ലുവിളികള്‍ നിരവധി നേരിടുന്ന രാജ്യത്തിന് അത് നേരിടാന്‍ 125 കോടി തലച്ചോറുകളുണ്ടെന്നും ഇത് ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ 125 കോടി തലച്ചോറുകള്‍ വെല്ലുവിളി നേരിടാന്‍ മാത്രമാണോ ഉപയോഗിക്കേണ്ടത്? ഊര്‍ജോത്പാദന രംഗത്തും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ നേട്ടം കൈവരിച്ചുവെന്നും, പതിനായിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചുവെന്നും പറഞ്ഞുവെച്ച പ്രധാനമന്ത്രി, ഈ ഊര്‍ജ്ജം ആരാണ് നല്‍കുന്നതെന്നു മാത്രം പറഞ്ഞില്ല. രാജ്യത്തെ ഊര്‍ജ്ജോത്പാദനം അദാനി, റിലയന്‍സ് മുതലായ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്താണ് ഈ പുരോഗമനത്തെക്കുറിച്ച് താന്‍ പറയുന്നതെന്ന് അദ്ദേഹം തന്നെ അറിയാതെ പോയി.

കായിക രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനുള്ള യാതൊരു പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചില്ല. കേരളത്തില്‍ തന്നെയുള്ള കായിക സ്‌കൂളുകളും അക്കാദമികളും അഴിമതികൊണ്ട് നിറഞ്ഞിരിക്കുകയാണ്. കായിക രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇപ്പോള്‍ ഉള്ളവര്‍ക്കും മാനസികവും ശാരീരികവുമായ ഉന്മേഷം പകരാനും, അവരെ ലോക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പര്യാപ്തമാക്കാനുമുള്ള സം‌വിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നതിനു പകരം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ അധികാരക്കസേരകള്‍ കൊടുത്ത് ആദരിക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കാത്തിടത്തോളം കാലം ഭാവിയില്‍ ഒളിമ്പിക്സ് മാത്രമല്ല ഏതൊരു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്.

No comments:

Post a Comment