Tuesday, August 2, 2016

"പള്ളിയിലെ ബാങ്കു വിളി നായ കുരയ്ക്കുന്നതുപോലെ" - ബാലകൃഷ്ണ പിള്ള

പള്ളിയിലെ ബാങ്കുവിളി നായ കുരയ്ക്കുന്നതുപോലെയാണെന്ന് ബാലകൃഷ്ണ പിള്ള പ്രസംഗിച്ചത് ഇപ്പോള്‍ "ചൂടേറിയ" ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ്. പിള്ള പ്രസംഗിച്ചെന്നു പറഞ്ഞ് ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്ത വീഡിയോ ആണിത്. ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കൊരു സംശയം. പിള്ള പ്രസംഗിച്ച സ്റ്റേജിലെ വീഡിയോയില്‍ ഓഡിയോ ഡബ്ബ് ചെയ്ത് എഡിറ്റു ചെയ്തതാണോ എന്നൊരു സംശയം. ആരുടേയും ശബ്ദം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ അനുകരിക്കാന്‍ കഴിവുള്ള മിമിക്രിക്കാര്‍ ധാരാളമുള്ള നാടാണ് കേരളം. അത്തരത്തിലുള്ള എന്തെങ്കിലും കുനിഷ്ട് ഒപ്പിച്ചാണോ ഏഷ്യാനെറ്റ് ഈ ന്യൂസ് ഉണ്ടാക്കിയത്. അങ്ങനെയെങ്കില്‍ അത് ഗൗരവമായ ക്രിമിനല്‍ കുറ്റമാണ്. ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടത് ഏഷ്യാനെറ്റ് സ്റ്റുഡിയോയിലെ അവതാരകയുടേയും  വ്യാഖ്യാതാവിന്റേയും ശബ്ദമല്ല, ബാലകൃഷ്ണ പിള്ളയുടെ ഒറിജിനല്‍ ശബ്ദമാണ്. ആ വീഡിയോ കൈയ്യിലുണ്ടെങ്കില്‍ അതാണ് ചാനലിലൂടെ കാണിക്കേണ്ടത്.

മേല്പറഞ്ഞ വിവാദ പ്രസംഗത്തെക്കുറിച്ച് ബാലകൃഷ്ണപിള്ളയുടെ വിശദീകരണം:

"താന്‍ നടത്തിയതായി പ്രചരിക്കുന്ന വിവാദപ്രസംഗം ആസൂത്രിതമായി ഫോണില്‍ റെക്കോഡ് ചെയ്തതാരാണെന്നും ഈ രീതിയില്‍ എഡിറ്റ് ചെയ്തതാരാണെന്നുമൊക്കെ അറിയാമെന്ന് ബാലകൃഷ്ണപിള്ള. താന്‍ ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ആര്‍ക്കെങ്കിലും തന്‍െറ പ്രസംഗം മൂലം ബുദ്ധിമുട്ടോ പ്രയാസമോ ദുഃഖമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള പറഞ്ഞു. താന്‍ മനസ്സാവാചാ ചെയ്യാത്ത കുറ്റത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഖേദം പ്രകടിപ്പിക്കുകയാണ്.

ഇടതുമുന്നണിയെ അപകീര്‍ത്തിപ്പെടുത്തുകയാകാം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം. പ്രചരിക്കുന്നത് പൂര്‍ണമായും തന്‍െറ പ്രസംഗമാണോ എന്ന സംശയവുമുണ്ട്. താന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും മുസ്ലിം വിരോധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ വൈരനിര്യാതനബുദ്ധിയോടെ നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കുപിന്നില്‍.

തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസില്‍ പോകുമ്പോള്‍ പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ കഴിയില്ല എന്നു പറഞ്ഞതിനെ ബാങ്കുവിളിയുമായി ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. സ്വന്തമായി ഹജ്ജിന് പോകാന്‍ കഴിയാത്തതിനാല്‍ കൊട്ടാരക്കര സ്വദേശി സുബൈര്‍ മൗലവിയെ എല്ലാ ചെലവും വഹിച്ച് ഹജ്ജിനയച്ച ആളാണ് താന്‍. ന്യൂനപക്ഷത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതാണ് തന്‍െറ രാഷ്ട്രീയ ജീവിതം. മുസ്ലിംകളുടെ ഏതാവശ്യത്തിനും എന്നും നിലകൊണ്ട വക്താവാണ് താന്‍. ഇതൊക്കെ കാണുമ്പോള്‍ ദുഃഖമുണ്ട്.

ആസൂത്രിതമായി ഇത് ഫോണില്‍ റെക്കോഡ് ചെയ്തതാരാണെന്നും ഈ രീതിയില്‍ എഡിറ്റ് ചെയ്തതാരാണെന്നുമൊക്കെ അറിയാം. ഒരു ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരു ശ്രമിച്ചാലും തന്‍െറ കഴിഞ്ഞകാല ചരിത്രം അറിയാവുന്നവര്‍ അംഗീകരിക്കില്ല. ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്താന്‍ ഒരു പത്രം നടത്തിയ കടന്നാക്രമണം തെറ്റാണ്. രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും ദുഃഖമുള്ള ദിവസമായിരുന്നു കഴിഞ്ഞുപോയത്. ബാങ്കുവിളിക്കുന്നത് പട്ടിയെപ്പോലെയാണെന്ന് പറയാന്‍ തനിക്ക് ഭ്രാന്തില്ല. അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല. ബാങ്കുവിളിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികള്‍ നിര്‍ത്തുന്നതാണ് നമ്മുടെ സംസ്കാരമെന്ന് മാത്രമാണ് പറഞ്ഞത്. മനഃസാക്ഷിക്കുമുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ന്യൂനപക്ഷസ്നേഹം വെടിഞ്ഞിട്ടില്ല. മരണം വരെ തുടരും. മഅ്ദനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായ കാലത്ത് അദ്ദേഹത്തെ സഹായിച്ചതിന് എത്ര ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെ ഫയല്‍ ചെയ്തത്. മഅ്ദനിയെ ജയിലില്‍ പോയി ആദ്യമായി കണ്ടത് താനാണ്."


No comments:

Post a Comment