Tuesday, August 9, 2016

ചുട്ടുപഴുക്കുമ്പോള്‍ (ചിന്താശകലം)

മറ്റുള്ളവരുടെ ദുഃഖത്തില്‍ അലിവും അനുതാപവുമില്ലാത്തവരാണ് കഠിനഹൃദയര്‍. അവരില്‍ തന്നെ പല ഇനക്കാരുണ്ട്; പരപീഡനത്തില്‍ ആഹ്ലാദം കൊള്ളുന്നവരാണ് അതിലെ ഒന്നാം‌കിടക്കാര്‍.

തടിമിടുക്കും പണക്കൊഴുപ്പുമുള്ളപ്പോള്‍ പരദ്രോഹവാസനയും മുന്തി നില്‍ക്കും ചിലരില്‍. ദുര്‍ബലനെ പ്രഹരിച്ച് മേന്മ നടിക്കുന്ന ബലവാന്മാരുമുണ്ട്. ഏതു കൃത്യത്തിനും പ്രോത്സാഹനം ലഭിക്കുമ്പോഴാണ്‌ കൂടുതല്‍ കൃത്യങ്ങളിലേക്ക് മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്; സല്‍‌പ്രവൃത്തിയായാലും ദുഷ്‌പ്രവൃത്തിയായാലും. സല്‍പ്രവൃത്തിയേക്കാള്‍ കൂടുതല്‍ പ്രോത്സാഹനമാണ് ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ അപകടകാരികളും കഠിനഹൃദയരുമായിത്തീരുന്നു.

ആ കാഴ്ച കണ്ട് രസിക്കുകയും അതു കാണാന്‍ കൊതിക്കുകയും ചെയ്യുന്നവരുമില്ലേ. പക്ഷെ, ഏതു ശിലാഹൃദയവും, ഏതു കഠിനചിത്തവും സ്വയം അലിഞ്ഞുപോകുന്ന ചില ഘട്ടങ്ങളുണ്ട്.

മറ്റൊരാളുടെ മരണപ്പിടച്ചില്‍ കണ്ടാല്‍ ഹൃദയാലുവിന്റെ ഹൃദയം പിടയും.

കാരിരുമ്പുപോലും മൃദുവായിത്തീരുന്ന നിമിഷമുണ്ടല്ലോ, ചുട്ടുപഴുക്കുന്ന നിമിഷം. ചുട്ടുപഴുക്കുന്ന നിമിഷത്തില്‍, കഠോരമായ വേദനയിലും കഠിനമായ യാതനയിലും അമര്‍ന്നുപോകുമ്പോള്‍, ഏതു കഠിനഹൃദയവും പതുപതുത്തു പോകും.

'അഭിതപ്തമയോപി മാര്‍ദ്ദവം ഭജതേ,
കൈവ കഥാ ശരീരിഷു'  ....... എന്നു പറഞ്ഞ കാളിദാസന്‍ ജീവിതം കണ്ട കവിയായിരുന്നു 

No comments:

Post a Comment