Wednesday, August 3, 2016

മരണം തൊട്ടുമുന്‍പില്‍ എത്തിയിട്ടും ലഗേജുകള്‍ക്ക് വേണ്ടി പിടിവലി കൂടിയ മലയാളികള്‍

തിരുവനന്തപുരത്തുനിന്ന് ഇന്ന് രാവിലെ 10.19 ന് ദുബൈയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം ബോയിംഗ് 777 ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തീപിടിക്കുകയും യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങിയതിനുശേഷം പൊട്ടിത്തെറിച്ചു എന്നുമുള്ള വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.  ലാന്‍ഡിങ് ഗിയറിന്‍െറ തകരാറാണ് അപകടത്തിന് കാരണമെന്നും, 20 രാജ്യങ്ങളില്‍ നിന്നുള്ള 282 യാത്രക്കാരും 18 ജോലിക്കാരുമുള്‍പ്പടെ 300 പേരും പുറത്തിറങ്ങിയ ശേഷമായിരുന്നു തീ ആളിപ്പടര്‍ന്നതെന്ന് കേട്ടപ്പോള്‍ ആശ്വാസമായി. തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും, ഒരു മിനിറ്റ് കൂടി താമസിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ അഗ്നിഗോളത്തില്‍ ചാരമായി മാറുമായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരു ഹൊറര്‍ മൂവി കാണുന്ന പ്രതീതിയാണ് ജനിപ്പിച്ചത്.

വിമാന ദുരന്തങ്ങള്‍ ഒന്നിനൊന്നായി വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് എമിറേറ്റ്സ് പോലുള്ള വിമാനക്കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടത് അനിവാര്യവുമാണ്. ഇപ്പോള്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകളും അവര്‍ എടുക്കേണ്ടതാണ്. സമുദ്രയാത്ര പോലെയോ റോഡ് യാത്ര പോലെയോ ട്രെയ്ന്‍ യാത്ര പോലെയോ അല്ലല്ലോ വിമാന യാത്ര. ഒരു വിമാനം അഗ്നിഗോളമാകാന്‍ ഒരു മിനിറ്റു മതി എന്നാണ് വ്യോമയാന മേഖലകളിലുള്ളവര്‍ പറയുന്നത്.

എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരുടെ ഞെട്ടല്‍ മാറണമെങ്കില്‍ സമയമെടുക്കും. നാട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ കൂടെ കൊണ്ടുവന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത് കൂടാതെ പലര്‍ക്കും ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗേജുകള്‍ മിക്കതും കത്തിയമര്‍ന്നിരുന്നു. ഇക്കൂട്ടത്തിലാണ് പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായത്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കത്തിയമര്‍ന്ന രേഖയില്‍ ഉള്‍പ്പെടും. ഇത് തങ്ങളുടെ ഭാവിയെ ബാധിക്കമെന്ന ആശങ്ക ഇവര്‍ക്കുണ്ടെങ്കിലും ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും.  പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സം‌വിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിക്കാന്‍ കാരണമെന്ന് പറയുന്നു. ഏതായാലും പൈലറ്റ് സമയോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ട് യാത്രക്കാരേയും വിമാനജോലിക്കാരേയും മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ കരുതല്‍ ഉണ്ടായതുകൊണ്ടു മാത്രമാണ്.

എന്നാല്‍, മരണം തൊട്ടുമുന്‍പില്‍ എത്തിയിട്ടുപോലും അത് ഗൗനിക്കാതെ തങ്ങളുടെ ലഗേജുകള്‍ക്കുവേണ്ടി വിമാനത്തിനകത്ത് പിടിവലി കൂടിയ മലയാളികള്‍ നാടിനെന്നല്ല, രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കി. "വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചിരിക്കുന്നു....യാത്രക്കാര്‍ എത്രയും പെട്ടെന്ന് പുറത്തേക്കിറങ്ങുക" എന്ന അറിയിപ്പു കിട്ടിയിട്ടുപോലും, വിമാനത്തിനകത്ത് പുക നിറഞ്ഞിട്ടുപോലും തങ്ങളുടെ ലഗേജുകള്‍ തപ്പുന്ന മലയാളികളുടെ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളുടെ വെപ്രാളം കാണുന്നത്.

"പുറത്തേക്ക് പോകൂ.....പുറത്തേക്ക് പോകൂ..." എന്ന് വിമാന ജോലിക്കാര്‍ ഉച്ചത്തില്‍ പറയുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാതെ ലഗേജുകള്‍ തപ്പി നടക്കുകയാണ് മലയാളികള്‍. കുഞ്ഞുങ്ങളുടെ കരച്ചിലും, അമ്മേ അമ്മേ പെട്ടെന്നു പുറത്ത് കടക്കൂ എന്ന് പറയുന്നതും, പ്രാര്‍ത്ഥനയും എല്ലാം വീഡിയോയില്‍ കേള്‍ക്കാം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തേക്കെത്തിക്കുക എന്ന ദുഷ്ക്കരമായ ജോലി വിമാന ജോലിക്കാരുടേതാണ്. അവര്‍ക്ക് അവരുടെ ജീവനേക്കാള്‍ വലുത് യാത്രക്കാരുടെ ജീവനാണ്. അതുകൊണ്ടുതന്നെ അവര്‍ പരമാവധി ശ്രമിച്ചിട്ടും അത് ചെവിക്കൊള്ളാതെ തങ്ങളുടെ ബാഗും ലാപ്‌ടോപ്പുമൊക്കെ തപ്പി, രക്ഷപ്പെടാന്‍ ധൃതികൂട്ടിയവരെപ്പോലും അവഗണിച്ച് വിമാനത്തിനകത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച മലയാളികള്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ലോകമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ മലയാളികളുടെ അച്ചടക്കമില്ലായ്മയേയാണ് സൂചിപ്പിക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ തന്റെ രക്ഷപ്പെടല്‍ ചിത്രീകരിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പക്ഷെ, എന്തു ദുരന്തമുണ്ടായാലും മലയാളികള്‍ തങ്ങളുടെ സ്വഭാവം പുറത്തെടുക്കുമെന്നു കാണിക്കുന്ന വീഡിയോയായി അത് മാറിയെന്ന് മാത്രം. കാബിനുള്ളിലെ വലിപ്പിനുള്ളില്‍നിന്ന് ലഗേജുകള്‍ വലിച്ച്‌ പുറത്തിട്ട് സ്വന്തം ലഗേജ് തിരയുന്ന തിരക്കിലായിരുന്നു പലരും. ഇങ്ങനെ ലഗേജ് തിരഞ്ഞു പോയപ്പോഴാണ് വിമാന ജീവനക്കാര്‍ ഉച്ചത്തില്‍ പുറത്തേക്ക് ചാടി രക്ഷപെടൂവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. വീഡിയോ എടുത്ത യാത്രക്കാരന്‍ പുറത്തെത്തിയപ്പോള്‍ തീപിടിച്ച വിമാനത്തിന്റെ പിന്‍ഭാഗവും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ഒരു ദുരന്തം വരുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും, എപ്രകാരമാണ് അതിനെ അഭിമുഖീകരിക്കേണ്ടതെന്നുമുള്ള സാമാന്യ പരിജ്ഞാനം ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നാം വെപ്രാളപ്പെടുന്നത്. സം‌യമനത്തോടെ കാര്യങ്ങള്‍ ഗ്രഹിച്ച് അതിനനുസരിച്ച് പെരുമാറാന്‍ നാം പഠിക്കണം. ദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരെ കൂടി സഹായിക്കാനുള്ള മനഃസ്ഥിതിയുണ്ടെങ്കില്‍ ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാം.

No comments:

Post a Comment