Wednesday, August 10, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം നാല്


മനസ്സ് തീര്‍ത്തും നിസ്സംഗമാവുന്നത്, അത് കലുഷിതമാവുന്നതിനേക്കാള്‍ ഭീകരമാണ്. ഓര്‍ത്തെടുക്കാനും തീരുമാനത്തിലെത്താനും മറവിയുടെ നിഴല്‍ വീഴാതെ ശ്രദ്ധിക്കാനും ഒത്തിരിയുണ്ടായിട്ടും അവയൊക്കെ ഏതൊക്കെയോ നിഗൂഢമായ മറവില്‍ പറ്റി കുടുങ്ങിക്കിടക്കുന്നു. അകാരണമായി, അനാവശ്യമായി കുറെ കല്പിത ആശങ്കകള്‍ സൃഷ്ടിച്ചെടുക്കാന്‍ മനസ്സ് വെമ്പുന്നു. അനിഷ്ടമായതും മറക്കാന്‍ ശ്രമിക്കുന്നതും എന്തോ അവ മാത്രം ഇടക്കിടെ മനസ്സിലൂടെ ചെറു ഓളങ്ങള്‍ പോലെ ക്ഷണികമായ ചലനങ്ങളുണ്ടാക്കുന്നു.

ഇവിടെ വരുമ്പോഴെല്ലാം ചേച്ചിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അക്ഷരമാലകള്‍ പരതുന്ന തനിക്ക് വാക്കുകള്‍ കൂട്ടി യോജിപ്പിക്കാനോ വാചകങ്ങള്‍ മുഴുമിപ്പിക്കാനോ കഴിയാറില്ല. വിഷാദമാണ് തന്റെ സ്വാഭാവികമായ ഹൃദയഭാവം എന്നൊരു മുന്‍‌വിധി മനസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നതും ചെയ്യുന്ന പ്രവൃത്തികളോടും പറയുന്ന വാക്കുകളോടും, തന്നെ സംബന്ധിച്ചിരിക്കുന്നതിനോടൊക്കെയും അകാരണമായി അവജ്ഞയും മടുപ്പും കല്പിച്ചു നല്‍കുന്നതും തല്‍‌ഫലമായിത്തന്നെ. തന്റെ മനസ്സ് ഇടയ്ക്കൊക്കെ എന്തേ ഇങ്ങനെ എന്ന് താന്‍ പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ മനസ്സ് തികച്ചും ശൂന്യമാകും.

"നീയെന്താ ആലോചിക്കണേ?" പാത്രത്തിലെ ചോറ് കുഴച്ചുകൊണ്ട് ആലോചനയിലിരിക്കുന്ന രവിയോട് അച്ഛമ്മ ചോദിച്ചു.

"ഏയ് ഒന്നുമില്ല അച്ഛമ്മേ....ഓരോന്നോര്‍ത്തു പോയതാ."

"ഒന്നും ഇപ്പൊ ഓര്‍ക്കണ്ടാ."

സുഭിക്ഷമായ ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകി വീണ്ടും ഉമ്മറത്തേക്ക് വന്നു.

"ന്നാ ഞാനങ്ങ് ഇറങ്ങ്വാ. പിന്നെ വരാം..." കണാരന്‍ ചേട്ടന്‍ യാത്ര പറഞ്ഞിറങ്ങി.

ഗായത്രി അച്ഛന്റെ കൈകളില്‍ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുവന്ന് ചാരുകസേരയില്‍ ഇരുത്തി. പ്രതാപകാലത്തും അച്ഛന്റെ സന്തതസഹചാരിയായിരുന്നു ആ ചാരുകസേര. ഗായത്രി അകത്തേക്ക് പോയി. പ്രായാധിക്യം കൂടാതെ രോഗവും അച്ഛനെ ആകെ തളര്‍ത്തിയിരിക്കുന്നു. രൂപവും ഭാവവുമെല്ലാം വളരെ പരിതാപകരമാണെന്ന് ആ മുഖത്തു നോക്കിയാലറിയാം. എന്തൊക്കെയോ ആ മനസ്സില്‍ ഉരുണ്ടുകൂടുന്നുണ്ടെന്നു ആ മുഖം വിളിച്ചോതുന്നു.

ചാരുകസേരയില്‍ കണ്ണടച്ചു കിടക്കുന്ന ഈ മനുഷ്യന്‍ ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെട്ടിരുന്ന ജന്മിയായിരുന്നു. എന്തിനും ഏതിനും തന്റേടത്തോടെ ഇറങ്ങിപ്പുറപ്പെടുന്ന 'ജി.എം.' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗംഗാധര മേനോന്‍ അന്നും ഈ ചാരുകസേരയിലായിരുന്നു വിശ്രമിച്ചിരുന്നത്. അരികില്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയുമായും. തൊട്ടരികില്‍ പാടിപ്പുകഴ്ത്തിയും വങ്കത്തരമെഴുന്നെള്ളിച്ചും അച്ഛനെ പ്രീതിപ്പെടുത്തി എന്തെങ്കിലും കൈമണി അടിച്ചു മാറ്റാന്‍ ഒന്നു രണ്ടുപേരും. മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കാര്യസ്ഥന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി വന്നുകൊണ്ടിരിക്കുന്നവരും. എല്ലാം കൊണ്ടും ഒരു നാട്ടുപ്രമാണിയുടെ മട്ടും ഭാവവും ഒത്തിണങ്ങിയ അച്ഛന് ആഢ്യത്തത്തേക്കാള്‍ അഹങ്കാരമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ആ ഗംഗാധര മേനോനാണ് അതേ കസേരയില്‍ സടകൊഴിഞ്ഞ സിംഹത്തെപ്പോലെ നിസ്സഹായനായി കിടക്കുന്നത്.

ഓഛാനിച്ച് നില്‍ക്കാന്‍ കാര്യസ്ഥരോ സ്വന്തം കാര്യസാദ്ധ്യത്തിനായി പുകഴ്ത്തിപ്പാടിയവരോ ആരും ഇന്ന് അടുത്തില്ല. എല്ലാവരും കൈയൊഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് അഛന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ കൂട്ടാക്കാതിരുന്ന താന്‍ മാത്രം അടുത്ത്...!

"കരന്‍റ് വന്നൂന്നാ തോന്നണേ." അച്ഛമ്മ ഉമ്മറത്തേക്കു വന്നു പറഞ്ഞു.

"അച്ഛനെന്താ അച്ഛമ്മേ ഇത്ര വലിയ അസുഖം? എന്നെ അര്‍ജന്റായി വരുത്താന്‍ തക്ക അസുഖമൊന്നും കാണുന്നില്ലല്ലോ?" രവി ചോദിച്ചു
 
"ന്‍റെ കുട്ട്യേ....രണ്ടു ദെവസായിട്ടൊള്ളൂ അച്ഛന്‍ ഇങ്ങനെ എണീറ്റു നടക്കാന്‍ തൊടങ്ങീട്ട്. കുട്ടന്‍ വരൂംന്ന് തന്ന്യാ എപ്പളും പറച്ചില്. എന്തോരംന്ന്ച്ചിട്ടാ കാത്തിരിക്കണെ. ആ മുറീലിരിക്കണ എണ്ണേം കൊഴമ്പൂം കുട്ടി കണ്ടില്യേ? അലോപ്പതി ചികിത്സ്യാര്‍ന്നു ഇത്രേം നാളും. പക്ഷേങ്കി പഴേ ഡോക്ടറ് പോയേപ്പിന്നെ അച്ഛന് വേറെ ഒരു ഡോക്ടറേം പിടിക്കില്യ. എത്രേന്നച്ചാ പറേണെ. ദീനത്തിനു ഒരു കൊറവൂംല്യ. അപ്പഴാ കേട്ടെ ചേറ്റിപ്പറമ്പന്‍ ബഹുകേമനാന്ന്. അങ്ങേര്ടെ ചികിത്സ കൊണ്ടാ ഇത്രേംങ്കില് രക്ഷപ്പെട്ടേ. രാത്രീല് ഒറക്കംല്യാ. എപ്പളും കുട്ടന്‍റെ കാര്യംതന്നെ പറച്ചില്. സഹിക്കണേന് ഒരറ്തി വേണോലോ. അതുകൊണ്ടാ ഗായത്രീടെ നിര്‍ബ്ബന്ധം കൊണ്ട് കുട്ടനെ വിവരമറിയിച്ചേ. ചേറ്റിപ്പറമ്പന്‍റെ കഷായോം അരീഷ്ടോമൊക്കെയായിട്ട് ഇതു തൊടങ്ങീട്ട് നാളെത്രയായീന്നോ? ഇപ്പോ ച്ചിരി ആശ്വാസോണ്ടെന്ന് കൂട്ടിയ്ക്കോ." അച്ഛമ്മ വിവരിച്ചു.
 
"എത്ര നാളായി അസുഖം തുടങ്ങിയ്ട്ട്?" രവി ചോദിച്ചു.
 
"അതിപ്പോ എങ്ങന്യാ പറയ്ആ. ദീനം വരാന്‍ കാലോം സമയോമൊന്നും വേണ്ടാലോ. തലേലെഴുത്ത് മായ്ച്ചാല്‍ മായ്യോ?"
 
"മുത്തശ്ശീ കരന്‍റു വന്നൂട്ടോ. രവിയേട്ടന് കെടക്കണെങ്കില്‍ കെടന്നോട്ടെ." ഗായത്രി അകത്തുനിന്ന് വിളിച്ചു പറയുകയാണ്.
 
"കുട്ടന്‍ പോയൊന്ന് കെടക്ക്. ഒന്നൊറങ്ങിക്കഴിയുമ്പോ ക്ഷീണൊക്കെ മാറും" അച്ഛമ്മ രവിയോടു പറഞ്ഞു.

അപ്പോഴും അച്ഛന്‍ ഏതോ അഗാധ ചിന്തയില്‍ കണ്ണുമടച്ച് ചാരുകസേരയില്‍ കിടക്കുകയാണ്.
 
രവി അകത്തേക്കു കയറി. തെക്കേ മുറിയിലെ കട്ടിലില്‍ പുതിയ കിടക്കവിരിയും തലയിണയും തനിക്കുവേണ്ടി വിരിച്ചിട്ടിട്ടുണ്ട്. ഫാനിന്റെ സ്പീഡ് അല്പമൊന്നു കൂട്ടി. തെക്കുവശത്തെ ജനല്‍പാളികള്‍ തുറന്നിട്ടു. ചൂടുകാറ്റാണ് പുറത്തു നിന്ന് അകത്തേക്ക് വീശുന്നത്. കട്ടിലില്‍ കയറിക്കിടന്നു. യാത്രാക്ഷീണം നന്നായുണ്ട്. ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എല്ലാം മാറും. രണ്ടു ദിവസത്തെ യാത്രയായിരുന്നല്ലോ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ജയന്തി ജനതയില്‍ കയറുമ്പോള്‍ ഗോകുലനും ചന്ദ്രനുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു.
 
"രവീ, കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തുകൊള്ളണം. നിന്റെ മുന്‍വിധികളും എടുത്തുചാട്ടവും മാറ്റിവെച്ച് നല്ല മോനായിട്ടുവേണം ആ വീട്ടില്‍ നില്‍ക്കാന്‍...അച്ഛനെ നേരിടാന്‍. കഴിഞ്ഞ കാര്യങ്ങളുടെ പേരില്‍ ആരോടും പകപോക്കാനോ പകരം വീട്ടാനോ തുനിയരുത്.." രണ്ടുപേരും ആവര്‍ത്തിച്ച് തന്നോടു പറഞ്ഞ കാര്യങ്ങള്‍.
 
"ഏയ്, അതൊന്നുമില്ലെടാ. കൊല്ലം പത്തിരുപതായില്ലേ ജനിച്ച നാടിനോടു വിട പറഞ്ഞിട്ട്. അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു. എല്ലാം വിധി. അല്ലാതെന്തു പറയാന്‍." താന്‍ അവരെ ആശ്വസിപ്പിച്ചു.

ഫാനിന്റെ കാറ്റും പുറത്തെ ചൂടും കൂടിയായപ്പോള്‍ ശരീരം പൊള്ളുന്നതുപോലെ തോന്നി. ജനലിനു നേരെ തിരിഞ്ഞുകിടന്നു. ഉറക്കം പതിയെ കണ്ണുകളെ തലോടി കടന്നുപോയി.
************************
......വീടിനു മുന്നില്‍ വിസ്തൃതമായിക്കിടക്കുന്ന പാടവരമ്പത്തുകൂടെ ഒരു സ്ത്രീ നടന്നു വരുന്നു. മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ നിന്ന് താന്‍ ഇലഞ്ഞിപ്പൂ പെറുക്കുകയാണ്. കൂട്ടിന് ഗായത്രിയുമുണ്ട്. തന്‍റെ നിഴല്‍ പോലെ ഗായത്രി എപ്പോഴും കൂടെയുണ്ടാകും. ഞാനാണോ ഗായത്രിയാണോ കൂടുതല്‍ പൂ പെറുക്കുന്നതെന്നുള്ള വാശിയിലാണ് രണ്ടുപേരും. അമ്മ അടുക്കളയിലോ മറ്റോ ആണെന്നു തോന്നുന്നു. ഇലഞ്ഞിപ്പൂമാല ഗായത്രിക്ക് വലിയ ഇഷ്ടമാണ്.
 
മാലകോര്‍ത്ത് അവളുടെ മുടിയില്‍ ചൂടിയാല്‍ നല്ല മണമായിരിക്കും. അതുകൊണ്ട് താന്‍ എപ്പോഴും അവള്‍ക്ക് ഇലഞ്ഞിപ്പൂ പെറുക്കിക്കൊടുക്കും.
 
പാടത്തുനിന്ന് ആ സ്ത്രീ പടിപ്പുരയ്ക്കടുത്തെത്തി. ഒരു പരിഷ്ക്കാരി സ്‌ത്രീയുടെ മട്ടും ഭാവവുമൊക്കെയുണ്ട്. സ്ലീവ്‌ലെസ് ബ്ലൗസും സാരിയുമാണ് വേഷം. ഒരു വാനിറ്റി ബാഗ് തോളില്‍ തൂക്കിയിട്ടിട്ടുണ്ട്. നെറ്റിയില്‍ വലിയൊരു പൊട്ടുമുണ്ട്. ഏതോ കുറിക്കമ്പനിയില്‍നിന്ന് ആളുകളെ ചേര്‍ക്കാന്‍ വന്നതായിരിക്കും. താനും ഗായത്രിയും മുഖത്തോടുമുഖം നോക്കി. അപ്പോഴേക്കും ആ സ്ത്രീ പടിപ്പുര കടന്ന് മുറ്റത്തെത്തിയിരുന്നു.
 
"മേനോന്‍ ചേട്ടനില്ലേ ഇവിടെ?" അവര്‍ തന്നോടാണ് ചോദിക്കുന്നത്.
 
അച്ഛനെ ജി.എം. എന്നേ എല്ലാവരും വിളിക്കാറുള്ളൂ. ഏറ്റവും അടുപ്പമുള്ളവരേ മേനോന്‍ ചേട്ടനെന്നു വിളിക്കൂ. അച്ഛനെ മേനോന്‍ ചേട്ടനെന്നു വിളിക്കണമെങ്കില്‍ ഈ സ്ത്രീ വളരെ അടുപ്പമുള്ളവരായിരിക്കണമല്ലോ ! ആരാണിവര്‍? താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ..! തന്‍റേയും ഗായത്രിയുടേയും നില്പു കണ്ടിട്ടാകണം അവര്‍ വീണ്ടും ചോദിച്ചു...
 
"രണ്ടുപേരുമെന്താ കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുന്നേ? ചോദിച്ചത് കേട്ടില്ലേ?"
 
"അച്ഛന്‍ ഇവിടെയില്ല."  താന്‍ മറുപടി പറഞ്ഞു.
 
"എവിടെപ്പോയതാണെന്നറിയാമോ?"
 
"എനിക്കറിയില്ല. കുറെ ദൂരെയെങ്ങാണ്ടാ പോയിരിക്കണെ. അമ്മയുണ്ട്, വിളിക്കട്ടേ?"  താന്‍ ചോദിച്ചു.
 
"വേണ്ട. അച്ഛന്‍ വരുമ്പോ സരസു വന്നിരുന്നെന്ന് പറഞ്ഞാല്‍ മതി."  അവര്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അമ്മ പുറത്തേക്കിറങ്ങി വന്നു.

"ആരാ മോനെ" എന്ന ചോദ്യവുമായി ഇറങ്ങി വന്ന അമ്മ പെട്ടെന്നു നിന്നു. ആ സ്ത്രീയെ കണ്ടയുടനെ അമ്മയെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്?!! തനിക്കൊന്നും മനസ്സിലായില്ല.
 
"എടീ മൂധേവീ, നീ വന്നുവന്ന് ഇവിടെയുമെത്തിയോ? എന്തു കല്പിച്ചാടീ നീ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?" അമ്മ ദ്വേഷ്യത്തോടെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നടുത്തു.
 
"ഞാന്‍ മേനോന്‍ ചേട്ടനെ അന്വേഷിച്ചു വന്നതാണ്. അല്ലാതെ നിങ്ങളെയല്ല."  ഒരു കൂസലുമില്ലാതെ അവര്‍ അമ്മയോടു പറഞ്ഞു.
 
"ഓ അവടെയൊരു ചാട്ടന്‍. പ്‌ഫൂ... അമ്മ നീട്ടിത്തുപ്പി.. ഈ പടിക്കകത്ത് കാലുകുത്തിയാല്‍ നീയെന്‍റെ തനി നിറം കാണും. കുടുംബം കലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുമ്പെട്ടവള്‍."  അമ്മ നിന്നു കലിതുള്ളുകയാണ്. കാര്യമെന്താണെന്ന് പിടികിട്ടാതെ താനും ഗായത്രിയും പകച്ചു നിന്നു.
 
"അതെ, സരസു ഒരുമ്പെട്ടു തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാനൊന്നു വിചാരിച്ചാല്‍ അതു നടത്തിയിരിക്കും."
 
ഇത്രയും പറഞ്ഞ് അവര്‍ വെട്ടിത്തിരിഞ്ഞ് നടന്നുപോയി. നിന്ന നില്‍‌പില്‍ അമ്മ പുറകോട്ടു മറിയുന്നത് കണ്ടത് പെട്ടെന്നാണ്.
 
"അമ്മേ......."  താന്‍ ഓടിച്ചെന്ന് അമ്മയെ താങ്ങിപ്പിടിച്ചു.

(തുടരും....)


No comments:

Post a Comment