2011 മേയ് 22, ഞായറാഴ്‌ച

തൊപ്പിയില്‍ അഴിമതിയുടെ കരിന്തൂവല്‍


അഴിമതിയും വിലക്കയറ്റവും റെക്കോഡ് തിരുത്തി മുന്നേറിയ നാളുകള്‍ പിന്നിട്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്. 

നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബാലന്‍സ് ഷീറ്റില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഞെട്ടിക്കുന്ന അഴിമതികളും നടുവൊടിക്കുന്ന വിലക്കയറ്റവും കുതിച്ചുയരുന്ന ഇന്ധനവിലയും പാലിക്കാത്ത വാഗ്ദാനങ്ങളും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെ ശുഷ്കം. 

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയും റിപ്പോര്‍ട്ട് കാര്‍ഡും താരതമ്യപ്പെടുത്തുമ്പോള്‍ ദയനീയത തെളിയും. കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ എല്ലാ ബിപിഎല്‍ കുടുംബത്തിനും പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയായിരുന്നു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇത് എങ്ങുമെത്തിയിട്ടില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ദേശീയ വികസനസമിതിയും ആസൂത്രണകമീഷനുമായുള്ള നയപരമായ ഭിന്നത തുടരുകയാണ്. സബ്സിഡി ഇല്ലാതാക്കുക എന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയപരമായ തീരുമാനം. പെട്രോളിയം വിലനിയന്ത്രണവും വളം വിലനിയന്ത്രണവും എടുത്തുകളഞ്ഞത് ഇതിന്റെ ഭാഗം. ഏറ്റവും കുറഞ്ഞ ചെലവില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന ഗവേഷണത്തിലാണ് സര്‍ക്കാര്‍ . ദരിദ്രരുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള മാര്‍ഗവും തേടുന്നു. 

2010 ഏപ്രില്‍ ഒന്നുമുതല്‍ ചരക്കുസേവനനികുതി നടപ്പാക്കുമെന്നത് ശ്രദ്ധേയ വാഗ്ദാനമായിരുന്നു. ധനമന്ത്രാലയത്തിന്റെ അനാസ്ഥ കാരണം സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച വഴിമുട്ടി. ഊര്‍ജസുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവും പാഴായി. മാത്രമല്ല ആണവോര്‍ജംപോലുള്ള അപകടകരമായ സ്രോതസ്സുകള്‍ക്കുപിന്നാലെ പായുകയാണ് സര്‍ക്കാര്‍ . സംയോജിത ശിശുക്ഷേമപദ്ധതി സാര്‍വത്രികമാക്കുക, എല്ലാ ഗ്രാമത്തിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ , കര്‍ഷകര്‍ക്കും അസംഘടിതമേഖലയ്ക്കും വിപുലമായ പദ്ധതി തുടങ്ങി നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. 

വന്‍ അഴിമതികളുടെ പരമ്പരകൊണ്ട്  രണ്ടാംയുപിഎ സര്‍ക്കാര്‍ ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. മന്ത്രിമാരും എംപിമാരുമടക്കം പ്രമുഖര്‍ ജയിലിലേക്ക് നീങ്ങുകയാണ്. 2ജി സ്പെക്ട്രം, എസ്ബാന്‍ഡ് സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതികളില്‍ റെക്കോഡാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണപരാജയം. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുവേണ്ടി പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. കുത്തകകളെ സഹായിക്കുന്ന സാമ്പത്തികപരിഷ്കരണ നയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം തുടരുന്നതിനൊപ്പം ബാങ്ക്- ഇന്‍ഷുറന്‍സ് മേഖലകള്‍കൂടി സ്വകാര്യമേഖലയുടെ കൈകളില്‍ എത്തിക്കുന്ന നിയമഭേദഗതികളാണ് നടപ്പാക്കുന്നത്.


നാണം കെട്ട കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതിരിക്കുന്നതും ഒരു ഗ്രൂപ്പാണെന്ന്‌ ഒടുവില്‍ മന്ത്രിമാരെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ കെ.മുരളീധരനും ജി.കാര്‍ത്തികേയനുമെല്ലാം തിരച്ചറിഞ്ഞു. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ അധികാരസ്ഥാനത്തെത്തണമെങ്കില്‍ ഗ്രൂപ്പിന്റെ നിറം വേണമെന്ന്‌ അറിയാത്തവരല്ല മുരളിയും കാര്‍ത്തികേയനും. എന്നിട്ടും ഒരു ഗ്രൂപ്പിലുംപെടാത്തിന്റെ പേരില്‍ മാത്രം ഇവരെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയത്‌ കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫ്‌ ഭരണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ജനങ്ങളെപോലും നിരാശരാക്കി.

കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഏതെങ്കിലും പദവി നേടണമെങ്കില്‍ ഒന്നുകില്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയാവണം. അല്ലെങ്കില്‍ വിശാല ഐയുടെ പ്രതിനിധിയാകണം. ഇതൊന്നുമില്ലെങ്കിലും പി.കെ.ജയലക്ഷമിയെപ്പോലെ രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പിലെങ്കിലും ഉള്‍പ്പെടാന്‍ ശ്രദ്ധിക്കണം. ഇതൊന്നും ചെയ്‌തില്ലെങ്കില്‍ ആരു ശ്രദ്ധിക്കാനില്ലാതെ ഒരുമൂലയില്‍ ഒതുങ്ങിക്കഴിയേണ്‌ടിവരുമെന്ന്‌ മുരളീധരനും കാര്‍ത്തികേയനുമെല്ലാം ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക എന്നാണ്‌ ഇവരെ വോട്ടു ചെയ്‌ത്‌ ജയിപ്പിച്ച വോട്ടര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്‌.

ഗ്രൂപ്പ്‌ പോരില്‍ പി.എച്ച്‌.ഡി നേടിയിട്ടുള്ള ആളാണ്‌ കെ.മുരളീധരന്‍. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ നേടിയ അധികാര സ്ഥാനങ്ങള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവോ ആറുവര്‍ഷക്കാലത്തെ വനവാസമോ എന്തായാലും മുരളീധരന്‍ ഇപ്പോള്‍ വി.എം.സുധീരന്‌ പഠിച്ചുക്കൊണ്‌ടിരിക്കുകയാണ്‌. ഗ്രൂപ്പ്‌ കളിയുടെ പേരില്‍ മുമ്പ്‌ ബലിയാടായിട്ടുള്ള മുരളി ഒടുവില്‍ ഗ്രൂപ്പില്ലാത്തതിന്റെ പേരിലും മന്ത്രിസഭാ വികസനത്തില്‍ ബലിയാടായിരിക്കുന്നു എന്നത്‌ മറ്റൊരു വിരോധാഭാസമാകും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉമ്മന്‍ ചാണ്‌ടിയുമായി ബലപരീക്ഷണം നടത്താനായി കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത വിശാല ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ സംബന്ധിച്ചില്ല എന്നതാണ്‌ കെ.മുരളീധരനും ജി.കാര്‍ത്തികേയനും മന്ത്രിമാരാവാനുള്ള അയോഗ്യതയായത്‌. കേവലം ഗ്രൂപ്പ്‌ യോഗത്തില്‍ പങ്കെടുത്തത്‌ കൊണ്‌ട്‌ മാത്രം വീതിക്കപ്പെടേണ്‌ടതാണോ സംസ്ഥാനത്തെ മന്ത്രിസ്ഥാനമെന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പുനരാലോചന നടത്തുമോ എന്ന്‌ നമുക്ക്‌ ആശിക്കാനാവില്ല. കാരണം കേവലം ഗ്രൂപ്പ്‌ കൂറിന്റെ പേരില്‍ മാത്രം വിജിലന്‍സ്‌ അന്വേഷണം നേടരിടുന്ന അടൂര്‍ പ്രകാശിനെപ്പോലുള്ളവരെ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന്‌ ജനങ്ങള്‍ ഇതില്‍ക്കൂടുതല്‍ എന്താണ്‌ പ്രതീക്ഷിക്കേണ്‌ടത്‌. 

പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷവും എല്‍ഡിഎഫിന്റെ പൊള്ളത്തരങ്ങളെ ശക്തമായി തുറന്നു കാണിക്കുകയും ലോട്ടറി കേസില്‍ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്കിനെ മുള്‍മുനയില്‍ നിര്‍ത്തുകയും യുഡിഎഫിന്റെ ശക്തനായ വക്താവെന്ന നിലയില്‍ തിളങ്ങുകയും ചെയ്‌ത വി.ഡി.സതീശനെപ്പോലുള്ളവര്‍ ഒഴിവാക്കപ്പെടുമ്പോള്‍ കഴിവല്ല മന്ത്രിയാവാനുള്ള യോഗ്യതയെന്ന്‌ ജനം തിരിച്ചറിയുന്നു. സ്‌പീക്കര്‍ പദവിയുടെ അന്തസ്‌ കുറച്ചു കാണുന്നില്ലെങ്കിലും വി.ഡി.സതീശനെപ്പോലെ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുകയും പഠിച്ചവതിരിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ സ്‌പീക്കര്‍ പദവിയിലിരുത്തി നിശബ്‌ദനാക്കേണ്‌ടതുണ്‌ടോ എന്ന്‌ ചിന്തിക്കാന്‍ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ കൃത്യമാക്കുന്നതിനിടയില്‍ ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും മറന്നു പോയിരിക്കുന്നു.

യുഡിഎഫ്‌ അധികാരം വീണെ്‌ടടുത്തതിനെ ഹര്‍ഷാരവങ്ങളോടെ വരവേറ്റവരുടെ മുഖങ്ങള്‍ ഇപ്പോള്‍ കാര്‍മേഘാവൃതമാണ്‌. ഭൂരിപക്ഷം നേരിയതെങ്കിലും ഭരണം ഗംഭീരമാക്കുമെന്ന മുഖ്യമന്ത്രിയുടെ ആദ്യമൊഴി ഗൗരവമായെടുത്തവരാകട്ടെ തുടക്കത്തിലേ നിരാശരായിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനു ജനങ്ങളുടെ ക്ഷമയെ പരിശോധിച്ച കോണ്‍ഗ്രസ്‌ മന്ത്രിപ്പട്ടികയിലും അതേ വീഴ്‌ച ആവര്‍ത്തിക്കുകയാണ്‌. 

കെപിസിസി പ്രസിഡന്റിന്‌ താല്‍പര്യമുള്ളവര്‍, മുഖ്യമന്ത്രിക്കു താല്‍പ്പര്യമുള്ളവര്‍, ഹൈക്കമാന്‍ഡിന്റെ പൊന്നോമനകള്‍ ഇവര്‍ക്കു പുറമെ കത്തോലിക്കര്‍, നായര്‍, ഈഴവര്‍, മുസ്ലിംകള്‍, ലത്തീന്‍ പ്രാതിനിധ്യം എന്നൊക്കെ കള്ളിതിരിച്ചുള്ള വീതംവെയപ്പ്‌ ആദ്യന്തികമായി നഷ്‌ടപ്പെടുത്തുന്നത്‌ മതേതര ജനാധിപത്യത്തിന്‍ന്റെയും സംശുദ്ധ ഭരണത്തിന്റെയും അന്തസത്തയെയാണ്‌. ഭരിക്കാനറിയുന്നവര്‍ ആരൊക്കെ എന്നതാണ്‌ അടിസ്ഥാനമെങ്കില്‍ പത്തുമിനിറ്റുകൊണ്‌ടു തീരുമാനിക്കാവുന്ന കാര്യത്തിനായി മൂന്ന്‌ ദിവസമാണ്‌ കോണ്‍ഗ്രസ്‌ നീക്കിവെച്ചത്‌. എന്നിട്ട്‌ തെരഞ്ഞെടുത്തതോ പാദസേവാ പ്രാവീണ്യവും മതനേതാക്കളുടെ ചീട്ടുമുള്ള ഒരുപറ്റം നേതാക്കളെയും. മുരളീധരനെയും വി.ഡി.സതീശനെയും മന്ത്രിമാരാക്കാത്തതിലൂടെ മന്ത്രിസഭയുടെ കാലാവധി തികച്ചു തീര്‍ത്താലും തീരാത്ത വീതംവയ്‌പ്പിന്റെ നാണക്കേടിലാണ്‌ കോണ്‍ഗ്രസ്‌ അകപ്പെട്ടത്‌.

ജനം കല്‍പ്പിച്ചു തന്ന അധികാരത്തെ തുടക്കത്തില്‍ത്തന്നെ അതര്‍ഹിക്കുന്ന ആദരവോടെ ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കൃത്യമായി തിരിച്ചറിയുന്നവരാണു നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുമെന്നത്‌ കോണ്‍ഗ്രസിന്‌ ഇനി എന്നാണ്‌ തിരിച്ചറിവുണ്‌ടാകുക. ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ മതവും ജാതിയും ഉപജാതിയും കൊണ്‌ട്‌ അളന്നുമുറിച്ച്‌ യുഡിഎഫ്‌ നേതൃത്വം ആദ്യമന്ത്രിസഭായോഗം കൈക്കൊണ്‌ട തീരുമാനങ്ങളിലൂടെ നേടിയ പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതില്‍ വീണ്‌ടും മിടുക്ക്‌ തെളിയിച്ചിരിക്കുന്നു.

2011 മേയ് 18, ബുധനാഴ്‌ച

ഇനി പുരട്ചി തലൈവിയുടെ കാലം

അതെ, തമിഴകത്ത്‌ കാര്യങ്ങള്‍ മാറി മറിയാന്‍ ഒറ്റ ദിവസമേ വേണ്ടി വന്നുള്ളു. ഡി.എം.കെ മുന്നണിയും എ.ഡി.എം.കെ മുന്നണിയും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന എക്‌സിറ്റ്‌ പോളുകളെയും കാറ്റില്‍ പറത്തി എന്തിന്‌ ജയലളിതയെ പോലും അമ്പരപ്പിച്ചുകൊണ്ട്‌ അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയതോടെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ പതനത്തിന്‌ തുടക്കമായിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.
ഇനിയിപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിതയുടെ വാഴ്‌ച തന്നെയാവും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം കേരളമല്ല തമിഴ്‌നാട്‌. അവിടെ ഭരണം എന്നു പറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും ഭരിക്കുന്നവന്റേതാണ്‌. തമിഴ്‌നാട്ടില്‍ കാലകാലങ്ങളായി കണ്ടുവരുന്നതും ഈ ഭരിക്കുന്നവന്റെ കാഴ്‌ചകളുമാണ്‌. 
എന്നാല്‍ ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്‌ ജയലളിത തമിഴ്‌നാട്‌ നിയമസഭയിലേക്ക്‌ നേടിയ അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷമാണ്‌. അക്ഷരാര്‍ഥത്തില്‍ തമിഴ്‌നാട്‌ ജയലളിത തൂത്തുവാരുകയായിരുന്നു എന്നു പറയാം. 91 - 96 കാലഘട്ടത്തിലാണ്‌ ജയലളിത ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്ത്‌ എത്തുന്നത്‌. എന്നാല്‍ പിന്നീട്‌ 96ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ 2001ല്‍ 193 സീറ്റുകള്‍ നേടിക്കൊണ്ടാണ്‌ ജയലളിത അധികാരത്തിലെത്തിയത്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലും വലിജയ വിജയമാണ്‌ അവര്‍ നേടിയിരിക്കുന്നത്‌. എന്നാല്‍ ഇത്തവണ 203 സീറ്റുകള്‍ അണ്ണാഡി.എം.കെ നേടിയപ്പോള്‍ അത്‌ ജയലളിതയുടെ എക്കാലത്തെയും വലിയ വിജയമായിരിക്കുന്നു. ~ഒപ്പം കരുണാനിധി നേരിട്ട ഏറ്റവും വലിയ പരാജയവും.
2ജി സ്‌പെക്‌ട്രം തന്നെയാണ്‌ കരുണാനിധിക്ക്‌ ഏറ്റവും വലിയ കെണിയൊരുക്കിയത്‌ എന്നതില്‍ സംശയമില്ല. സ്‌പെക്‌ട്രം കേസില്‍ കുരുങ്ങി കരുണാനിധി കുടുംബം പ്രത്യേകിച്ചും മകള്‍ കനിമൊഴി ശ്വാസം മുട്ടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഇതിനൊപ്പം തമിഴകത്തെ ജീവവായുവായ സിനിമമേഖലയില്‍ കരുണാനിധി കുടുംബം നടത്തിയ അനാവശ്യ കടന്നു കയറ്റവും പിടിവാശികളും ജനങ്ങള്‍ക്കിടയില്‍ സ്വാധീനുള്ള മറ്റു താരങ്ങള്‍ക്ക്‌ രസിച്ചതേയില്ല. അവര്‍ ജയലളിതക്കൊപ്പം നിന്നു. അതോടെ ചരിത്ര വിജയം നേടാന്‍ ജയലളിതക്കായി. 
ഇനിയിപ്പോള്‍ ജയലളിതയുടെ ഏറ്റവും പ്രഥമ ലക്ഷ്യം കരുണാനിധിയെ ഒതുക്കുകയും ഡിഎംകെയെ ഇല്ലാതാക്കുകയുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയങ്ങളില്ല. കഴിഞ്ഞ തവണ മുഖ്യമന്ത്രി കസരേയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ കരുണാധിനിയെ പോലീസിനെ ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്യച്ച കഥ പറയാനുണ്ട്‌ ജയലളിതക്ക്‌. പകയുടെ കാര്യത്തില്‍ ഏത്‌ രാഷ്‌ട്രീയക്കാരനേക്കാളും മുമ്പില്‍ നില്‍ക്കും ജയലളിത. 
എന്നാല്‍ ആവേശവും വികാരവും മാറ്റിവെച്ച്‌ ചാണിക്യ തന്ത്രത്തോടെ രാഷ്‌ട്രീയം കളിക്കുന്ന ജയലളിതയെയാണ്‌ ഇത്തവണ കാണാന്‍ കഴിയുന്നത്‌. കാരണം അണ്ണാ ഡിഎംകെ മുന്നണി വിജയം നേടിക്കഴിഞ്ഞപ്പോഴേക്കും ആരെയും അമ്പരപ്പിക്കുന്ന ഒരു രാഷ്‌ട്രീയ നീക്കമുണ്ടായി തമിഴ്‌നാട്ടില്‍. അണ്ണാ ഡി.എം.കെ മുന്നണിയിലെ പ്രധാന കക്ഷിയായിരുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ പ്രതിപക്ഷ കക്ഷിയാവാന്‍ തീരുമാനിച്ചതാണ്‌ ഈ രാഷ്‌ട്രീയ നീക്കം. 
സിനിമയില്‍ നിന്നും രാഷ്‌ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വന്നതാണ്‌ വിജയകാന്ത്‌. ലോക്‌സഭാ ഇലക്ഷനില്‍ വിജയകാന്തിന്റെ പാര്‍ട്ടി വന്‍ പരാജയം നേരിടുകയും ചെയ്‌തു. എന്നാലും തമിഴ്‌നാട്ടില്‍ ക്യാപ്‌റ്റന്‍ എന്ന്‌ വിളിക്കപ്പെടുന്ന വിജയകാന്തിന്‌ വലിയ സ്വാധീനം തന്നെയുണ്ട്‌. പ്രത്യേകിച്ചും മധുര മേഖലയിലെ ദളിത്‌ കേന്ദ്രങ്ങളില്‍. ഇതുകൊണ്ടു തന്നെയാണ്‌ ജയലളിത വിജയകാന്തിനെ തന്റെ മുന്നണയിലേക്ക്‌ ക്ഷണിച്ചത്‌. വിജയകാന്ത്‌ ജയലളിതക്കൊപ്പം ചേര്‍ന്നപ്പോള്‍ അത്‌ ഉപമുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. സത്യത്തില്‍ തുടക്കത്തില്‍ അങ്ങനെയായിരുന്നു താനും. വിജയകാന്തിന്‌ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന കരാര്‍ ഉറപ്പിച്ചാണ്‌ ജയലളിത മുന്നണി സംവിധാനം രൂപപ്പെടുത്തിയത്‌. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വിജയകാന്ത്‌ പ്രതിപക്ഷത്തേക്ക്‌ മാറുകയാണെന്ന്‌ പ്രഖ്യാപിച്ചു. 
ഇതിനു പിന്നിലെ രാഷ്‌ട്രീയം മറ്റൊന്നുമല്ല. ജയലളിത മുന്നണിയില്‍ 40 സീറ്റുകളില്‍ മത്സരിച്ച വിജയകാന്തിന്റെ പാര്‍ട്ടി 29 സീറ്റുകളില്‍ വിജയിച്ചു. വന്‍ തിരിച്ചടി നേരിട്ട കരുണാനിധിയുടെ ഡി.എം.കെ നേടിയത്‌ വെറും 23 സീറ്റുകള്‍. വിജയകാന്ത്‌ പ്രതിപക്ഷത്തേക്ക്‌ മാറുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷമായി വരേണ്ടിയിരുന്ന ഡി.എം.കെക്ക്‌ ആ റോള്‍ കൂടി നഷ്‌ടമാകും. ചുരുക്കത്തില്‍ കരുണാനിധിയുടെ പാര്‍ട്ടി നിയമസഭക്കുള്ള ഒന്നുമല്ലാതായി മാറും. ഇത്‌ തന്നെയാണ്‌ ജയലളിതയും ലക്ഷ്യം വെക്കുന്നത്‌. വിജയകാന്തിനെ മന്ത്രിസഭയില്‍ ചേരാതെ പ്രതിപക്ഷമാവാന്‍ ഉപദേശിച്ചതും ജയലളിത തന്നെ.
പ്രതിപക്ഷത്ത്‌ നിന്നുകൊണ്ട്‌ ഡിഎംകെയെ കൂടുതല്‍ ഒതുക്കിയാല്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ രാഷ്‌ട്രീയ കക്ഷിയായി വരുന്ന അഞ്ചുവര്‍ഷം കൊണ്ട്‌ ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന്‌ വിജയകാന്തും കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ തമിഴക രാഷ്‌ട്രീയത്തിലെ സമവാക്യങ്ങള്‍ ഏറെ മാറി മറിയും. പക്ഷെ താരത്തിളക്കത്തിന്‌ അപ്പുറം വലിയ നേതൃത്വപാടവമോ, സംഘടനാ ശേഷിയോ വിജയകാന്തിനില്ല എന്നത്‌ വലിയ പോരായ്‌മ തന്നെയാണ്‌. 
തമിഴ്‌ സിനിമ വ്യവസായത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ്‌ കരുണാനിധിക്ക്‌ വലിയ പരാജയം നേരിടാനുള്ള ഒരു കാരണം. കരുണാനിധി കുടുംബത്തിന്റെ ഏതാണ്ട്‌ ഒമ്പതോളം നിര്‍മ്മാണ കമ്പിനികളാണ്‌ (ചെറുമകളായ ഉദയനിധി സ്റ്റാലിന്റെ ദയാനിധി അളഗിരിയുടെയും അടക്കം) തമിഴകത്ത്‌ സിനിമയ നിയന്ത്രിക്കുന്നത്‌. ഇതിനിടയില്‍ കരുണാനിധി കുടുംബം സിനിമയിലെ പല പ്രമുഖരുമായും ഇടഞ്ഞു. അതില്‍ പ്രധാനിയായിരുന്നു ഇളയദളപതി എന്ന്‌ വിളിക്കപ്പെടുന്ന വിജയ്‌. തമിഴകത്ത്‌ രജനും കമലും കഴിഞ്ഞാല്‍ ഏറ്റവും വിലയുള്ള താരം. വിജയ്‌ക്കെതിരെ ശക്തമായ പ്രതിബന്ധങ്ങളാണ്‌ കരുണാനിധി കുടുംബം വെറും ഈഗോ നിന്നും സൃഷ്‌ടിച്ചത്‌. വിജയ്‌യുടെ സിനിമകള്‍ റിലീസിന്‌ ചെയ്യുന്നതിന്‌ തടസങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. അതോടെ വിജയ്‌ ജയലളിതക്കൊപ്പം ഉറച്ച്‌ നിന്നു. തന്റെ ഫാന്‍സ്‌ അസോസിയേഷനെ ജയലളിതയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ നിയോഗിച്ചു. വലിയ മുന്നേറ്റം ജയലളിതക്ക്‌ നേടിക്കൊടുക്കാന്‍ വിജയ്‌ക്ക്‌ കഴിഞ്ഞു.
ഭരണത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജയലളിത വിജയ്‌ നല്‍കിയ പിന്തുണക്ക്‌ പ്രത്യുപകാരം ചെയ്‌തു. തമിഴകത്തെ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റായി വിജയ്‌യുടെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ എസ്‌.എ ചന്ദ്രശേഖര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയലളിതയുടെ ആശിര്‍വാദത്തോടെയായിരുന്നു ഇത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കരുണാനിധിക്കുടുംബത്തിന്റെ കൈകളിലായിരുന്നു കൗണ്‍സിലിന്റെ നിയന്ത്രണം. തമിഴ്‌നാട്ടില്‍ ഏറ്റവും ശക്തമായ സിനിമ സംഘടന കൂടിയാണ്‌ പ്രൊഡ്യൂസര്‍ കൗണ്‍സില്‍. സിനിമാ മേഖലയില്‍ കരുണാനിധിയുടെ സ്വാധീനം നഷ്‌ടമാകുന്നതിന്റെ തുടക്കം കൂടിയാണിത്‌.
സിനിമക്കായി കരുണാനിധികുടുംബം ഇറക്കിയ വന്‍ കോടികള്‍ക്ക്‌ കണക്കുകള്‍ കാണിക്കേണ്ടി വരുമെന്ന്‌ ജയലളിത ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതായത്‌ സ്‌പെക്‌ട്രം അഴിമതിക്ക്‌ പിന്നാലെ കേസുകളുടെ ഒരു പെരുമഴ തന്നെയാവും കരുണാനിധിയെയും മകന്‍ സ്റ്റാലിനെയും ഡി.എം.കെയെയുമൊക്കെ ഇനി കാത്തിരിക്കുന്നത്‌. 
എന്തിനേറെ പറയുന്ന തമിഴകമാകെ ജയലളിതയുടെ വിജയം ആഘോഷിക്കുകയാണിപ്പോള്‍. കരുണാനിധിയുടെ അടുത്ത സുഹൃത്തും തമിഴ്‌ ജനതക്കിടയില്‍ ഏറ്റവും സ്വാധീനവുമുള്ള രജനികാന്ത്‌ പോലും തന്റെ ആശംസകള്‍ ജയലളിതയെ അറിയിക്കാന്‍ ഇക്കുറി മടിച്ചില്ല. കാലങ്ങളായി ജയലളിതയും രജനികാന്തും ശീത സമരത്തിലായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്‌. 
അധികാരത്തിലേറിയപ്പോള്‍ തന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മെഗാ ഓഫറുകള്‍ നിറവേറ്റിക്കൊണ്ടാണ്‌ ജയലളിത തുടങ്ങിയിരിക്കുന്നത്‌. പ്രത്യേക പദ്ധതി നടത്തിപ്പ്‌ വകുപ്പിനും അവര്‍ രൂപം നല്‍കുന്നുണ്ട്‌. പക്ഷെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ടെലിവിഷന്‍ നല്‍കി വഞ്ചിക്കുന്ന സ്ഥിരം രാഷ്‌ട്രീയ നാടകമായി ജയലളിതയുടെ കോമ്പോ ഓഫറുകളും അവസാനിക്കുമോ എന്നത്‌ മാത്രമേ കാത്തിരുന്നു കാണേണ്ടതുള്ളു. കാരണം അഴിമതിയുടെ കാര്യത്തില്‍ കരുണാനിധി സര്‍ക്കാരിനേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല കഴിഞ്ഞ പോയ രണ്ട്‌ ജയലളിത സര്‍ക്കാരുകളും. ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമാകുമോ ജയലളിതയുടെ മൂന്നാം ഊഴം എന്നതാണ്‌ അറിയേണ്ടത്‌.
ജയലളിതയുടെ വരവ്‌ മുല്ലപ്പെരിയാല്‍ അണക്കെട്ട്‌ വിഷയത്തില്‍ കേരളത്തിന്‌ തിരിച്ചടിയാവാനും സാധ്യതയുണ്ട്‌ എന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. ആദ്യം മുതല്‍ തന്നെ മുല്ലപ്പെരിയാല്‍ വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ ഒരു നിലപാടും ജയലളിത സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ നിയമസഭയില്‍ വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ജയലളിതയുടെ നിലപാടുകളില്‍ കാര്യമായ വിത്യാസങ്ങളൊന്നും കേരളം പ്രതീക്ഷിക്കേണ്ടതുമില്ല.

2011 മേയ് 16, തിങ്കളാഴ്‌ച

പന്തയം വച്ച ആമയും മുയലും

ആമയുടേയും മുയലിന്റേയും കഥ അറിയാത്തവരായി ആരുംതന്നെ കാണുകയില്ല. ഇലക്‌ഷന്‌ ഏതാണ്ട്‌ മൂന്നുനാല്‌ മാസംമുമ്പുവരെ യു.ഡി.എഫ്‌ മുയലിനെപ്പോലെ ബഹുദൂരം മുന്നിലും, എല്‍.ഡി.എഫ്‌ ആമയെപ്പോലെ പിന്നിലും ആയിരുന്നു. ആരുടെ നോട്ടത്തിലും യു.ഡി.എഫ്‌ തന്നെ വിജയിക്കും. അവരും ആത്മാര്‍ത്ഥമായി അതുതന്നെ വിശ്വസിച്ചു. ആത്മവിശ്വാസം കൂടിയ മുയലിന്‌ സംഭവിച്ചതുതന്നെ ഇവിടെ യു.ഡി.എഫിനും സംഭവിച്ചു.
പക്ഷെ, ഈ അമിത ആത്മവിശ്വാസം മാത്രമാണോ യു.ഡി.എഫിന്റെ ഈ (പരാ)ജയത്തിന്‌ കാരണം.? ഇപ്പോള്‍ യു.ഡി.എഫ്‌ നേതാക്കള്‍ പോലും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നു `അച്യുതാനന്ദന്‍ ഫാക്‌ടര്‍' ആണ്‌ കാരണമെന്ന്‌. ആരാണ്‌ അച്യുതാനന്ദന്‌ ഈ ഇലക്ഷനില്‍ അപ്രമാദിത്വം ഉണ്ടാക്കിക്കൊടുത്തത്‌? അതും യു.ഡി.എഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും തന്നെയല്ലേ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചു. അതു വെറും കോടതിവിധിയായി മാത്രം കാണാതെ അച്യുതാനന്ദനാണ്‌ വിധിച്ചത്‌ എന്ന മട്ടിലുള്ള പ്രചാരണം തുടങ്ങിവെച്ചത്‌ യു.ഡി.എഫ്‌. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ തന്നെയല്ലേ. നാടുനീളെ മൈക്ക്‌ കെട്ടി, പിള്ളയെ ജയിലിലടച്ചതിന്‌ അച്യുതാനന്ദനെ ചീത്ത വിളിച്ചപ്പോള്‍ ജനത്തിനു തോന്നിക്കാണണം അഴിമതിക്കാരെ ശിക്ഷിക്കുന്ന ഏക ഭരണാധികാരി അച്യുതാനന്ദന്‍ മാത്രമായിരിക്കുമെന്ന്‌. 
കൂടാതെ രാജ്യംമുഴുവന്‍ അഴിമതിയില്‍ കുളിച്ച്‌ നില്‍ക്കുന്ന ഒരു കാലഘട്ടം, അഴിമതിക്കെതിരേ ചെറുതും, വലുതുമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തെങ്ങും അലയടിക്കുന്ന സമയം. `അണ്ണാ ഹസ്സാരെ' ലോക്‌പാല്‍ ബില്ലിനുവേണ്ടി മരണംവരെ നിരാഹാരം കിടക്കുന്ന അവസരത്തില്‍, പിള്ളയുടെ ശിക്ഷയെ അച്യുതാനന്ദനുമായി ബന്ധിച്ച യു.ഡി.എഫ്‌ തന്ത്രം തീര്‍ച്ചയായും യു.ഡി.എഫിനുതന്നെ 
തിരിച്ചടിയായി. 
അതുപോലെതന്നെ 15 വര്‍ഷം കഴിഞ്ഞ ഐസ്‌ക്രീം കേസ്‌ പൊക്കിക്കൊണ്ടുവന്നതും മുസ്‌ലീം ലീഗിന്റെ തന്നെ നേതാവ്‌ തലവനായ ചാനല്‍ ആണ്‌. അതു വെറും കുഞ്ഞിലിക്കുട്ടിയും, അയാളുടെ ബന്ധുവായ റൗഫും തമ്മിലുള്ള വിഴുപ്പലക്കല്‍ മാത്രമായി കാണാതെ, അതിനും അച്യുതാനന്ദനാണ്‌ ഉത്തരവാദി എന്നു സ്ഥാപിക്കാനാണ്‌ യു.ഡി.എഫില്‍ ചിലരെങ്കിലും, പ്രത്യേകിച്ച്‌ കുഞ്ഞാലിക്കുട്ടിയെങ്കിലും ശ്രമിച്ചത്‌. ആ അവസരം അച്യുതാനന്ദനും നന്നായി മുതലെടുത്തു. പെണ്‍വാണിഭക്കാരുടെ അന്തകന്‍ താണാനെന്ന മട്ടില്‍ അച്യുതാനന്ദനും പ്രചാരണം തുടങ്ങി. കാശുകൊടുത്ത്‌ റോഡ്‌ മുഴുവന്‍ `ഇവര്‍ പുലിയാണ്‌' എന്ന്‌ ബോര്‍ഡ്‌ വെച്ചതുകൊണ്ട്‌ കാര്യമുണ്ടോ? ജനം വിചാരിക്കണം ആരാണ്‌ പുലിയെന്ന്‌. പെണ്‍വാണിഭക്കാരെ തുറങ്കലില്‍ അടയ്‌ക്കുമെന്ന്‌ പ്രസ്‌താവിച്ച മുഖ്യനാണ്‌ യഥാര്‍ത്ഥ `പുലി'യെന്ന്‌ ജനം ധരിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ? 
ഈ നിറംമങ്ങിയ വിജയത്തിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. യു.ഡി.എഫ്‌ ഉറപ്പായി അധികാരത്തില്‍ വരുമെന്നും, ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്നും എല്ലാവരും വിശ്വസിച്ചിരുന്ന ഒരു സമയത്ത്‌, എന്തിനാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ അനുമതിയും വാങ്ങി മത്സരത്തിനിറങ്ങിയത്‌. അതും നിലത്ത്‌ നില്‍ക്കാതെ പറന്നുള്ള മത്സരം. അധികാരത്തില്‍ വരാന്‍പോകുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍, മന്ത്രിസഭയെ വരെ നിയന്ത്രിക്കേണ്ട വ്യക്തി. അല്ലെങ്കില്‍, മറ്റൊരു `പിണറായി' ആയി വാഴേണ്ട ആള്‍ എന്തിനാണ്‌ മത്സരത്തിനിറങ്ങിയത്‌? കേവലം ഒരു എം.എല്‍.എ ആകാനോ? അതോ ഒരു മന്ത്രിയായി മാത്രം ഒതുങ്ങാനോ? (അല്ലെങ്കില്‍ പോലും ആരും അത്‌ വിശ്വസിക്കുന്നില്ല). ഹൈക്കമാന്റിനെ സ്വാധീനിച്ച്‌, ഉമ്മന്‍ചാണ്ടിയെ `വെട്ടി' മുഖ്യമന്ത്രിയാകാനാണ്‌ ചെന്നിത്തലയുടെ ശ്രമമെന്ന്‌ കുറച്ചാള്‍ക്കാരെങ്കിലും വിശ്വസിച്ചു എങ്കില്‍ അവരെ കുറ്റംപറയരുത്‌. ഒന്നുമല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരെങ്കിലും അങ്ങനെ കരുതികാണണം. അപ്പോള്‍ രമേശ്‌ ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല `ഐ' ഗ്രൂപ്പിന്‌ എം.എല്‍.എമാര്‍ കുറയണമെന്ന്‌ `എ' വിഭാഗവും, മറിച്ച്‌ `എ' വിഭാഗത്തിന്‌ എംഎല്‍എമാര്‍ കുറയണമെന്ന്‌ `ഐ' വിഭാഗവും ചിന്തിച്ചോയെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇനിയെങ്കിലും 
അന്വേഷിക്കട്ടെ!
കൂട്ടത്തില്‍ മറ്റൊരു കാര്യംകൂടി. കണ്ണുകാണാന്‍ വയ്യാത്തവും, സംസാരിക്കാന്‍ വയ്യാത്തവരും, എണീറ്റ്‌ നടക്കാന്‍ വയ്യാത്തവരുമായ എം.വി. രാഘവനും, കെ.ആര്‍. ഗൗരിയമ്മയുമൊക്കെ ഇനി വീട്ടില്‍ വിശ്രമിക്കേണ്ടവരല്ലേ? അവരുടെ മുന്‍കാല ത്യാഗങ്ങളേയും സേവനങ്ങളേയും വളരെ ബഹുമാനത്തോടെ കാണുമ്പോഴും ഇപ്പോഴത്തെ പ്രായവും, അവശതയും പരിഗണിക്കുമ്പോള്‍ വീണ്ടും മത്സരത്തിനിറങ്ങുന്നത്‌ ജനങ്ങളെ സേവിക്കാനല്ല, മറിച്ച്‌ മന്ത്രിയാകാനുള്ള അത്യാഗ്രഹംകൊണ്ടാണെന്ന്‌ സാധാരണ ജനങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടാകും. 
കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ചപ്പോള്‍ നാട്ടില്‍ എന്തു ബഹളമായിരുന്നു. പാവം കെ.എം. മാണിയുടേയും, പി.ജെ. ജോസഫിന്റേയും എത്ര കോലങ്ങള്‍ ആണ്‌ കോണ്‍ഗ്രസുകാര്‍ തെരുവില്‍ കത്തിച്ചത്‌. പി.ജെ. ജോസഫുകൂടി ഇങ്ങോട്ടുവന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായേനെ. തൊടുപുഴയില്‍ റോഡില്‍ കിടന്ന്‌ തല്ലുകൊണ്ട കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഇപ്പോള്‍ 
അഭിമാനിക്കാം. 
ഈ തലനാരിഴ വിജയത്തില്‍ ഹൈക്കമാന്‍ഡിന്റെ പങ്കും എടുത്തുപറയേണ്ടതുതന്നെയാണ്‌. എരിതീയില്‍ എണ്ണയൊഴിക്കാന്‍ രാഹുല്‍ എന്ന സൂപ്പര്‍ ഹൈക്കമാന്‍ഡും എത്തി. സംസ്ഥാന നേതാക്കളെ മുഖവിലയ്‌ക്ക്‌ എടുക്കാതെ (മുഖത്തടിച്ചതുമാതിരി) എന്റെ പാര്‍ട്ടി, അല്ലെങ്കില്‍ എന്റെ മമ്മിയുടെ പാര്‍ട്ടി എന്ന അധികാരത്തില്‍ (ധിക്കാരത്തില്‍) ചില സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയതും സാധാരണ ജനങ്ങളില്‍ മാത്രമല്ല, `നടന്ന്‌ നടന്ന്‌ ചെരുപ്പ്‌ തേഞ്ഞ'കോണ്‍ഗ്രസുകാരിലും അമര്‍ഷം ഉളവാക്കി. 
ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും, ഭരിക്കുവാനുള്ള കേവല ഭൂരിപക്ഷം `ദൈവം' നല്‍കി. ഇനി അതെങ്കിലും തല്ലി, തൂകി കളായാതെ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കണം. പക്ഷെ `കുറുക്കനും, കോഴിയും, പിന്നെ നെല്ലും' എല്ലാംകൂടി ഒരു വള്ളത്തില്‍ എത്രദൂരം കൊണ്ടുപോകാന്‍ സാധിക്കുമെന്ന്‌ കണ്ടറിയണം. നാടിനും, നാട്ടാര്‍ക്കും പ്രയോജനം ഉണ്ടാകുന്ന അഴിമതിയില്ലാത്ത ഒരു നല്ല ഭരണം കാഴ്‌ചവെയ്‌ക്കാന്‍ യു.ഡി.എഫിന്‌ സാധിക്കട്ടെയെന്ന്‌ ഒരു ജനാധിപത്യവിശ്വാസിയായ  ഞാനും ആശംസിക്കുന്നു.



2011 മേയ് 14, ശനിയാഴ്‌ച

തന്ത്രങ്ങള്‍ പാളുന്ന കോണ്‍ഗ്രസ്‌ പാളയം

തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ എന്നതാണ്‌ സത്യം. എണ്ണകമ്പിനികളെ ഫലപ്രഖ്യാപനം വരെ അനുനയിപ്പിച്ചു നിര്‍ത്തിയ സര്‍ക്കാരിന്‌ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നതുമില്ല. സമീപകാലത്തെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനക്ക്‌ രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോള്‍ വിലനിര്‍ണ്ണയത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്ത കളഞ്ഞതില്‍ പിന്നീട്‌ 12 രൂപയോളമാണ്‌ പെട്രോളിന്‌ വിലവര്‍ദ്ധിച്ചത്‌. ഇപ്പോഴത്തെ വിലവര്‍ദ്ധന പോരെന്നും ഇനിയും അഞ്ചരൂപകൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു എന്നുമാണ്‌ എണ്ണ കമ്പിനികള്‍ പറയുന്നത്‌. പെട്രോളിന്റെ വില വര്‍ദ്ധനക്ക്‌ ആനുപാതികമായി രാജ്യത്ത്‌ എന്തിനും ഏതിനും വിലവര്‍ദ്ധിക്കുന്ന സാഹചര്യവും സംജാതമാകുന്നു. ഭക്ഷ്യവസ്‌തുകള്‍ക്കും പച്ചക്കറിക്കും തീവിലയാണ്‌ നിലവിലുള്ളത്‌. ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ വിലനിയന്ത്രണത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്‌ പരിമിതികളുണ്ട്‌. ആത്യന്തികമായി അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്‌ പിടിച്ചുനിര്‍ത്തേണ്ടത്‌ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്‌. എന്നാല്‍ പെട്രോള്‍ വില വര്‍ദ്ധനവോടെ രാജ്യമെങ്ങും സാധനവില കുതിച്ചു കയറുന്ന സ്ഥിതിവിശേഷമാണുള്ളത്‌.


കേരളത്തിലും, തമിഴ്‌നാട്ടിലും കേന്ദ്രഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ്‌ ശരിക്കും അനുഭവിച്ചു എന്നു കരുതണം. ബംഗാളില്‍ കോണ്‍ഗ്രസിന്‌ 42സീറ്റ്‌ ലഭിച്ചു എന്നു പറയുമ്പോഴും അത്‌ മമതാ ബാനര്‍ജിയുടെ ചിറകിലേറി നേടിയ വിജയം മാത്രമാണ്‌. അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും നന്നായി അറിയാം
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ നേടിയത്‌ അഞ്ച്‌ സീറ്റ്‌ മാത്രം. കഴിഞ്ഞ വര്‍ഷം 34 സീറ്റ്‌ നേടിയ സ്ഥാനത്താണ്‌ കോണ്‍ഗ്രസ്‌ അഞ്ചിലേക്ക്‌ ഒതുങ്ങിയത്‌. കേരളത്തില്‍ നൂറ്‌ സീറ്റിന്റെ ക്ലീന്‍ വിജയത്തിന്റെ മനപ്പായിസവും കഴിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സര്‍ക്കാരുണ്ടാക്കാന്‍ തന്നെ കഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.


പുതുച്ചേരിയില്‍ കോണ്‍ഗ്രസ്‌ വിട്ടിറങ്ങിയ എന്‍.ആര്‍ കോണ്‍ഗ്രസ്‌ അധികാരം പിടിക്കുമെന്ന്‌ സോണിയാ ഗാന്ധി ഒരിക്കലും വിചാരിച്ചു കാണില്ല. പക്ഷെ ഫലം വന്നപ്പോഴോ ജയലളിത എന്‍.ആര്‍ കോണ്‍ഗ്രസ്‌ സഖ്യം പുതുച്ചേരിയില്‍ ഭരണം നേടി. അസമില്‍ വീണ്ടും അധികാരത്തിലെത്തിയത്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ എടുത്തു പറയാവുന്ന നേട്ടം.


ടുജി സെപെക്‌ട്രം, അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുഭകോണം...അഴിമതികളുടെ നിരനീളുന്ന കാഴ്‌ചമാത്രമേ കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലുള്ളു. ഇതിനൊപ്പം സംസ്ഥാനരാഷ്‌ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ പരാജയപ്പെടുന്നു എന്നതാണ്‌ വാസ്‌തവം. 


കേരളത്തിലെ ഇലക്ഷന്‍ വിജയം ഹൈക്കമാന്‍ഡ്‌ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ഒന്നായിരുന്നു. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നാല്‍ അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഒരു പിടിവള്ളിയാകുമായിരുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ കേരളത്തില്‍ നിയോഗിച്ചതിന്‌ പിന്നിലെ കാരണവും ഇത്‌ തന്നെ. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസിലെ യുവതുര്‍ക്കി രാഹുല്‍ ഗാന്ധി തുടങ്ങിയ എത്രയോ പ്രഗത്ഭര്‍ കേരളത്തില്‍ പ്രചരണത്തിനെത്തി. എന്നിട്ടും പരാജയ സമാനമായ ജയം മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ സമ്മാനിച്ചത്‌. ഇത്‌ സംസ്ഥാനം ഭരിച്ച എല്‍.ഡി.എഫിന്റെ മിടുക്കല്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം. വി.എസ്‌ ഇഫക്‌ട്‌ ഒരു ഘടകം തന്നെ. പക്ഷെ എല്ലാത്തിനും ഉപരിയായി കേന്ദ്രഭരണത്തില്‍ അസംതൃപ്‌തരായ ഒരു ജനതയുടെ വികാരം കൂടിയാണ്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇലക്ഷന്‍ റിസള്‍ട്ട്‌. പെട്രോള്‍ വിലവര്‍ദ്ധന മൂലം ഏറ്റവും അധികം ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. പച്ചക്കറിക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എപ്പോഴും അന്യസംസ്ഥാങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്‌ പെട്രോള്‍ വിലവര്‍ദ്ധന മൂലമുണ്ടാക്കുന്ന അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന താങ്ങാന്‍ കഴിയുന്നതല്ല. സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ സീറ്റുകളെ കോണ്‍ഗ്രസിന്‌ ജനങ്ങള്‍ നല്‍കിയുള്ളു എന്നതിന്‌ പിന്നിലെ വികാരം മറ്റൊന്നുമല്ല.


അഴിമതിയുടെ കാര്യത്തിലോ, അവശ്യ വസ്‌തുക്കളുടെ വിലവര്‍ദ്ധനയുടെ കാര്യത്തിലോ ജനങ്ങളോട്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നതേയില്ല. ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്‌ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ സംസ്ഥാനഘടകള്‍ കൂടിയാണ്‌. അതിന്റെ ഉദാഹരണമാണ്‌ കേരളത്തിലെ ജനവിധി. എന്നാല്‍ ജനവിധി എതിരായി എന്ന്‌ മനസിലാക്കുമ്പോഴും ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. എണ്ണകമ്പിനികള്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കുന്ന യുപിഎ ഗവണ്‍മെന്റിനെയാണ്‌ രാജ്യം കാണുന്നത്‌.


ലോകകപ്പ്‌ ക്രക്കിറ്റ്‌ മത്സരങ്ങളും ഇപ്പോള്‍ ഐ.പി.എല്‍ മത്സരങ്ങളും കണ്ട്‌ കയ്യടിക്കുന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയുമൊക്കെ വിഷ്വലുകള്‍ ടിവിയില്‍ കാണുമ്പോള്‍ ജനം കൗതുകത്തോടെ നോക്കുമെന്നത്‌ സത്യം. പക്ഷെ ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന നീതികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തയാറാകുമ്പോള്‍ മുമ്പു പറഞ്ഞ വിഷ്വലുകള്‍ കോണ്‍ഗ്രസിന്റെ രക്ഷക്ക്‌ എത്തുന്നതേയില്ല. മറിച്ച്‌ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.  


ഇതിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു വസ്‌തുത വെറും കെട്ടിപ്പൊക്കിയ രാഷ്‌ട്രീയബിംബം മാത്രമാണ്‌ രാഹുല്‍ ഗാന്ധി എന്നതാണ്‌. രാഷ്‌ട്രീയത്തിലെ യുവജനനീതയുടെ പേരില്‍ എപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയെ കുറെയൊക്കെ ജനങ്ങളും അംഗീകരിച്ചു വരുകയായിരുന്നു. എന്നാല്‍ ജനകീയമായ ഒരു വിഷയത്തിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളില്ല എന്നത്‌ (പ്രത്യേകിച്ചും അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളില്‍) പലപ്പോഴും ഗ്ലാമര്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു.


എന്നാലിപ്പോള്‍ രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്ക്‌ തുടര്‍ച്ചയായ പരാജയങ്ങളാണ്‌ നേരിടുന്നത്‌. ബിഹാറില്‍ രാഹിലിന്റെ യുവജനസ്ഥാനാര്‍ഥികള്‍ എന്ന തന്ത്രത്തിന്‌ പരാജയമായിരുന്നു ഫലം. ഇപ്പോള്‍ കേരളത്തിലും രാഹുല്‍ പരാജയമേറ്റുവാങ്ങിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ നോമിനികളായി എത്തിയവരില്‍ ഏഴു പ്രമുഖരും പരാജയപ്പെട്ടു. പരാജയപ്പെട്ടവരില്‍ രാഹുലിന്റെ വിശ്വസ്ഥരില്‍ കെ.ടി ബെന്നിയും എം.ലിജുവും ഉള്‍പ്പെടുന്നു. കെ.ടി ബെന്നി എന്ന ചെറുപ്പക്കാരന്‌ രാഹുല്‍ ഗാന്ധി നിര്‍ബന്ധം പൂര്‍വ്വം സീറ്റ്‌ നല്‍കിയത്‌ ഏറെ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ നിര്‍ബന്ധബുദ്ധിയോടെ രാഹുല്‍ ബെന്നിക്ക്‌ സീറ്റ്‌ നല്‍കുകയായിരുന്നു. ഫലമോ ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്ത ബെന്നി പരാജയത്തിന്റെ രുചിയറിഞ്ഞു.


ഇവിടെ പ്രധാന പ്രശ്‌നം വിദ്യാര്‍ഥി യുവജനരാഷ്‌ട്രീയ പ്രവര്‍ത്തനവും, പാര്‍ലമെന്ററി ഭരണവും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായ അളവില്‍ മനസിലാക്കാന്‍ രാഹുല്‍ തന്ത്രങ്ങള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌. രാഷ്‌ട്രീയത്തിലും, ഭരണപ്രകിയയിലും യുവജനങ്ങളെ കൊണ്ടുവരുക എന്ന രാഹുല്‍ തന്ത്രത്തോട്‌ സത്യത്തില്‍ ഏവര്‍ക്കും മതിപ്പ്‌ തന്നെയായിരുന്നു. പക്ഷെ ത്രിതല പഞ്ചായത്തുകളിലെ അനുഭവസമ്പത്ത്‌ ആര്‍ജ്ജിക്കാതെ നിയമസഭയിലേക്ക്‌ പുതുമുഖങ്ങളുടെ കടന്നുവരവ്‌ ജനം അംഗീരിക്കുകയില്ല എന്നതാണ്‌ രാഹുല്‍ നോമിനികളുടെ പരാജയം വെളിപ്പെടുത്തുന്നത്‌. 


ഇനിയിപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ ഘടകത്തിനും ആശങ്കകളുടെ സമയമാണ്‌. മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കലും ഘടകകക്ഷികളുടെ പ്രീണനവും അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ്‌ നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കാന്‍ പോന്ന വെടി പൊട്ടിക്കാന്‍ വി.എസ്‌ അച്യുതാന്ദന്‌ കഴിഞ്ഞിരിക്കുന്നു. അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നാണ്‌ വി.എസിന്റെ ആവശ്യം. ഇതൊരു മുന്നറിയപ്പാണ്‌ എന്നാണ്‌ വി.എസ്‌ പറഞ്ഞിരിക്കുന്നത്‌. എന്നുവെച്ചാല്‍ വി.എസ്‌ ഉന്നംവെച്ചത്‌ ആരെയൊക്കെയാണ്‌ വ്യക്തം. വി.എസ്‌ ലക്ഷ്യംവെക്കുന്നവരെ ഒഴിവാക്കി ഒരു മന്ത്രിസഭ സ്വപ്‌നത്തില്‍ പോലും പ്രതിക്ഷിക്കുകയും വേണ്ട. വി.എസിനും ആ പ്രതീക്ഷ ഇല്ല.


രാഷ്‌ട്രീയ ശ്രദ്ധ തന്നിലേക്ക്‌ ആകര്‍ഷിക്കുകയും പുതിയ സമരങ്ങള്‍ക്ക്‌ വഴി കണ്ടെത്തുകയുമാണ്‌ വി.എസ്‌ തന്റെ പ്രസ്‌താവനയിലൂടെ ലക്ഷ്യം വെച്ചത്‌. മന്ത്രിസഭയില്‍ വി.എസ്‌ ഉദ്ദേശിച്ചവര്‍ പോലെയുള്ളവര്‍ കടന്നു വന്നാല്‍ പിന്നെ അവര്‍ക്കെതിരെയുള്ള രാഷ്‌ട്രീയ പോരാട്ടം വി.എസ്‌ ആരംഭിക്കുമെന്ന്‌ തീര്‍ച്ച. ഇവിടെ പിണറായി വിജയന്‌ മൗനത്തിന്‌ മാത്രമേ കഴിയു. കാരണം ലാവ്‌ലീന്റെ കരിനിഴല്‍ മാറാതെ പിണറായിക്ക്‌ ഒരിക്കലും വി.എസിന്റെ അഴിമതി വിരുദ്ധ ഇമേജ്‌ സ്വന്തമാക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഭരണം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി ഏറെ ശ്രദ്ധയോടെ നീങ്ങേണ്ടിയിരിക്കുന്നു. അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ സ്‌പോക്ക്‌ പേഴ്‌സണ്‍ എന്തുകൊണ്ടും വി.എസ്‌ മാത്രമായി മാറും. ഇത്‌ തന്നെയാണ്‌ വി.എസ്‌ ലക്ഷ്യം വെക്കുന്നതും. വി.എസിന്റെ രാഷ്‌ട്രീയ താത്‌പര്യം എന്തുതന്നെയായാലും അത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മനസമാധാനം നല്‍കുന്ന കാര്യമല്ല.


ഇതിനൊപ്പം മറ്റൊരു ചുമടു കൂടി ഉമ്മന്‍ചാണ്ടി ചുമക്കേണ്ടി വരുമെന്ന്‌ ഉറപ്പ്‌. പെട്രോള്‍ വില വര്‍ദ്ധന ഉള്‍പ്പെടയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ കൂട്ടുകക്ഷി മന്ത്രിസഭയുടെ എല്ലാ നടപടികള്‍ക്കും കേരളത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാകുക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തന്നെയായിരിക്കും. മാധ്യമങ്ങളോടും ജനങ്ങളോടും ഒരോ കേന്ദ്രഭരണ പ്രവര്‍ത്തനങ്ങളെയും ന്യായീകരിച്ച്‌ വെട്ടിലാവാന്‍ മാത്രമായിരിക്കും ഉമ്മന്‍ചാണ്ടിയുടെ വിധി. 


കേന്ദ്രഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പിന്നെ കേരളത്തില്‍ വരാന്‍ പോകുന്ന ഘടകകക്ഷി സമ്മര്‍ദ്ദങ്ങളും പിന്നെ വി.എസ്‌ അച്യുതാന്ദനും കോണ്‍ഗ്രസിന്‌ എത്രത്തോളം ഭീഷണിയാകും എന്ന്‌ വരും നാളുകളില്‍ കണ്ടറിയാം. 


   

വരാന്‍ പോകുന്നത്‌ - സമര്‍ദ്ദ ഗ്രൂപ്പുകളുടെ ഭരണ പക്ഷം, കരുത്തുറ്റ പ്രതിപക്ഷം

തല്ലിക്കൂട്ടി ഒരു സര്‍ക്കാരിനായി ശ്രമിക്കില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും വി.എസ്‌ അച്യുതാനന്ദനും, പിണറായി വിജയനും തുറന്ന്‌ പറഞ്ഞതോടെ കോണ്‍ഗ്രസ്‌ സുഗമമായി അധികാരത്തിലേക്ക്‌ എത്തുമെന്ന്‌ തീര്‍ച്ചയായി. എന്നാല്‍ നിയമസഭയെ കാത്തിരിക്കുന്നത്‌ സമര്‍ദ്ദഗ്രൂപ്പുകളാല്‍ ഞെരിഞ്ഞമരുന്ന ഒരു മന്ത്രിസഭയെ തന്നെയാണ്‌ എന്നതാണ്‌ സൂചനകള്‍. അധികാരത്തില്‍ വരുന്ന യുഡിഎഫ്‌ മന്ത്രിസഭയുടെ ഭരണം അത്രത്തോളം സുഗമമാകില്ല എന്നത്‌ തന്നെയാണ്‌ ഇലക്ഷന്‍ റിസള്‍ട്ട്‌ വ്യക്തമാക്കുന്നത്‌. 
പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച ഇടതുപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എമ്മിനേക്കാള്‍ കുറഞ്ഞ എം.എല്‍.എമാര്‍ മാത്രമേയ ഭരണത്തിലേക്ക്‌ കയറാന്‍ പോകുന്ന കോണ്‍ഗ്രസിനുള്ളു എന്ന വിരോധാഭാസവും 2011 ഇലക്ഷന്റെ പ്രത്യേകതയാണ്‌. 45 സീറ്റ്‌ നേടി സി.പി.എമ്മം തന്നെയാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സിപിഎമ്മിനേക്കാള്‍ ദുര്‍ബലമാണ്‌ കോണ്‍ഗ്രസ്‌ എന്നത്‌ തന്നെയാണ്‌ ഇതിനര്‍ഥം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നെങ്കില്‍ അത്‌ ഭാഗ്യം കൊണ്ടാണ്‌ എന്നത്‌ മറ്റൊരു വാസ്‌തവവും. 
നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടപ്പോഴും ഏവരും പ്രകീര്‍ത്തിക്കുന്നത്‌ എല്‍.ഡി.എഫ്‌ നേടിയ ചരിത്ര വിജയത്തെ തന്നെ. ഇതുപോലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്‌ വരുത്തിവെക്കുന്നത്‌. 
ഇവിടെ കോണ്‍ഗ്രസ്‌ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷിണി ഘടകകക്ഷികളാണ്‌ കേരളാ കോണ്‍ഗ്രസ്‌ മാണിഗ്രൂപ്പില്‍ നിന്നും പിന്നെ മുസ്ലിംലീഗില്‍ നിന്നും നേരിടാന്‍ പോകുന്ന സമര്‍ദ്ദ തന്ത്രങ്ങള്‍ തന്നെയാണ്‌. ഒറ്റ എം.എല്‍.എ എന്ന ലേബലില്‍ എത്തുന്ന ടി.എം ജേക്കബ്ബിനും, ഗണേഷ്‌കുമാറിനും പോലും കോണ്‍ഗ്രസിന്റെ മേല്‍ ഒരു സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ ഭീഷിണി. 
കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ്‌ മാത്രം കൂടുതലുള്ള യുഡിഎഫ്‌ മുന്നണിയിലെ കോണ്‍ഗ്രസ്‌ എന്ന വലിയേട്ടന്‌ ഘടകകക്ഷികളുടെ സമര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ വഴങ്ങുക മാത്രമാണ്‌ പോംവഴി. തന്ത്രപ്രധാനമായ മന്ത്രിസ്ഥസ്ഥാനങ്ങളെല്ലാം വിട്ടുകൊടുക്കേണ്ടി വരുന്ന കോണ്‍ഗ്രസിനെയാവും ഇനി കാണേണ്ടി വരുക. ഗൗരിയമ്മയും, എം.വി രാഘവനും അവരുടെ പാര്‍ട്ടികളും കേരളാ നിമയസഭയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടതില്‍ കോണ്‍ഗ്രസ്‌ സത്യത്തില്‍ ആശ്വസിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഏറ്റവും വലിയ സമര്‍ദ്ദഗ്രൂപ്പായി മാറാന്‍ സാധ്യതയുള്ളവര്‍ അവരായിരുന്നേനെ. 
ഇലക്ഷന്‌ ശേഷം കെ.എം മാണിയുടെ പ്രസ്‌താവനകളില്‍ മുമ്പ്‌ തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ്‌ തരാതിരുന്നതിലുള്ള നീരസം പ്രകടമായിരുന്നുവെന്ന്‌ വേണം കരുതാന്‍. മാണിഗ്രൂപ്പും, ജോസഫ്‌ ഗ്രൂപ്പും ലയിച്ചപ്പോള്‍ കെ.എം മാണി ആവശ്യപ്പെട്ടത്‌ 25 സീറ്റാണ്‌. എന്നാല്‍ നല്‍കിയത്‌ 15 സീറ്റും. ഇതില്‍ കെ.എം മാണി ഏറെ അസംതൃപ്‌തനായിരുന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ വരെ ആലോചനകള്‍ കേരളാ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി സീറ്റ്‌ പ്രഖ്യാപന വേളയില്‍ നിലനിന്നിരുന്നു. അവസാനം കോണ്‍ഗ്രസിനു മുന്നില്‍ അടിയറവ്‌ പറയേണ്ടിയും വന്നു. തങ്ങളോട്‌ ആലോചിക്കാതെ പി.സി ജോസഫിനെ പാര്‍ട്ടിയില്‍ ലയിപ്പിച്ച്‌ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു കോണ്‍ഗ്രസിന്‌ മാണിയോടുള്ള അനിഷ്‌ടം. 
എന്നാലിപ്പോള്‍ കെ.എം മാണിയുടെ ടേണ്‍ വന്നിരിക്കുന്നു. വലിയ വിജയം തന്നെയാണ്‌ ഘടകകക്ഷിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ നേടിയിരിക്കുന്നത്‌. ഇതുകൊണ്ട്‌ തന്നെ മന്ത്രിസഭയില്‍ കടുത്ത വിലപേശലിനാവും മാണിഗ്രൂപ്പ്‌ മുതിരുക. രാഷ്‌ട്രീയ തന്ത്രങ്ങളുടെ ആചാര്യനായ കെ.എം മാണി രാഷ്‌ട്രീയ നില കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മാണിയുടെ സമര്‍ദ്ദതന്ത്രങ്ങള്‍ക്ക്‌ മുമ്പില്‍ മുട്ടുമടക്കുക മാത്രമേ കോണ്‍ഗ്രസിന്‌ വഴിയുള്ളു. അങ്ങനെയെങ്കില്‍ ഈ ഇലക്ഷന്‍ വിജയം കെ.എം മാണിക്ക്‌ ഇരട്ടി മധുരം സമ്മാനിക്കും.
ഇലക്ഷനില്‍ വന്‍ വിജയം നേടിയ മുസ്ലിംലീഗാണ്‌ യുഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസുമായി പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടിയുമായി വലിയ ബന്ധമാണ്‌ മുസ്ലിംലീഗ്‌ നേതാക്കള്‍ പുലര്‍ത്തുന്നതെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായ അവസ്ഥയില്‍ വിലപേശലിന്‌ മുസ്ലിം ലീഗും മുതിരുമെന്ന്‌ തന്നെ കരുതണം. അതിന്റെ സൂചനകളാണ്‌ മുസ്ലിംലീഗ്‌ ക്യാപുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിംലീഗ്‌ ഇല്ലെങ്കില്‍ യുഡിഎഫ്‌ ഇല്ല എന്ന അവസ്ഥ തന്നെയാണ്‌ തത്ത്വത്തില്‍ വന്നിരിക്കുന്നതും. 
മുഖമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ ലഭിക്കുമെങ്കിലും തന്ത്രപ്രധാനമായ മന്ത്രിസ്ഥാനങ്ങളെല്ലാം ഘടകകക്ഷികള്‍ക്ക്‌ മുന്നില്‍ കോണ്‍ഗ്രസിന്‌ അടിയറ വെക്കേണ്ടിവന്നേക്കാം. ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെടുന്നതും ഈ പ്രതിസന്ധിയെയാണ്‌. ഇനി മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം അവരോധിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. നാളെ നടക്കുന്ന കെ.പി.സി.സി യോഗത്തില്‍ ഹൈക്കമാന്‍ഡ്‌ പ്രതിനിധികളടക്കം പങ്കെടുത്ത്‌ നടക്കുന്ന ചര്‍ച്ചയില്‍ എന്താണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യം വെക്കുന്ന ചിത്രമെന്നത്‌ വ്യക്തമാകും. പിന്നീട്‌ നടക്കുന്ന യു.ഡി.എഫ്‌ യോഗമാണ്‌ നിര്‍ണ്ണായകമാകുക. ഈ യോഗത്തില്‍ മന്ത്രിസഭ രൂപീകരിക്കാനും മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും തീരുമാനമായാലും പിന്നീടുള്ള മന്ത്രിസ്ഥാനങ്ങളുടെ വീതംവെപ്പ്‌ അല്‌പം പോലും എളുപ്പമാവില്ല എന്ന്‌ ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബും, പിള്ള ഗ്രൂപ്പും തങ്ങള്‍ക്ക്‌ മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തി വരുമ്പോള്‍ കോണ്‍ഗ്രസ്‌ വളരെയധികം ദുര്‍ബലപ്പെടുമെന്ന കാര്യം തീര്‍ച്ചയുമാണ്‌. ഇതിനുപുറമെ മന്ത്രിസ്ഥാനങ്ങളെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പു തിരിഞ്ഞ്‌ നടക്കാന്‍ പോകുന്ന പോരാട്ടങ്ങള്‍ വേറെയുമുണ്ട്‌. ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പിന്നെ മുരളിധരനുമെല്ലാം കടുത്ത ഗ്രൂപ്പ്‌ സമവാക്യങ്ങളിലൂടെയാവും ഇനിയുള്ള ദിവസങ്ങളില്‍ കടന്നു പോകുക. 
മന്ത്രിസഭാ രൂപീകരണത്തിന്‌ ശേഷം വീണ്ടും വിപുലപ്പെടുത്തലും, സ്ഥാനമാറ്റങ്ങളുമെല്ലാം നമുക്ക്‌ പ്രതീക്ഷിക്കുകയും ചെയ്യാം. 82 സീറ്റുകളില്‍ മത്സരിച്ചിട്ട്‌ ദയനീയ പരാജയത്തിലെത്തിയ കോണ്‍ഗ്രസിന്‌ ഘടകകക്ഷികളെ നിയന്ത്രിക്കുക ഒരു രീതിയിലും എളുപ്പമല്ല. 
മറുവശത്ത്‌ ഇടതുപക്ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്‌ കൈവരിച്ചിരിക്കുന്നത്‌. ഒപ്പം സി.പി.എം എന്ന പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ ചുവപ്പന്‍ കോട്ട ബംഗാളില്‍ തകര്‍ന്നു വീണതിന്റെ നിരാശ കേരളത്തിലുമുണ്ട്‌ താനും. ബംഗാളില്‍ അസ്‌തമിച്ചത്‌ സി.പി.എം എന്ന പാര്‍ട്ടിയുടെയും മൊത്തത്തില്‍ ഇടതപക്ഷത്തിന്റെയും വലിയൊരു പാരമ്പര്യം തന്നെയാണ്‌. സത്യത്തില്‍ കേരളത്തില്‍ സിപിഎമ്മും ഇടതുപക്ഷവും മുന്നോട്ടുവെച്ച ഇലക്ഷന്‍ തന്ത്രങ്ങളേക്കാള്‍ വിജയിച്ചത്‌ വി.എസ്‌ എന്ന ജനകീയ നേതാവ്‌ തന്നെയാണ്‌. 
കേരളത്തിന്റെ ചരിത്രത്തിലെ വലിയ നേതാക്കളും ഭരണാധികാരികളുമായിരുന്ന ഇഎംഎസ്‌, ഇ.കെ നായനാര്‍, കെ.കരുണാകരന്‍ പോലുള്ളവരെക്കാള്‍ വലിയ നേട്ടം വി.എസ്‌ അച്യുതാനന്ദന്‍ കൈവരിച്ചു എന്നത്‌ അംഗീകരിച്ചേ മതിയാവു. വി.എസ്‌ മുന്നോട്ടു വെച്ച ആശയങ്ങളും സമരങ്ങളും തന്നെയാണ്‌ ഇടതുപക്ഷത്തെ ഇത്രത്തോളം മുന്നോട്ടു കൊണ്ടുപോയത്‌. 
ഗവണ്‍മെന്റിനായി ശ്രമിക്കാനില്ല മറിച്ച ശക്തമായ പ്രതിപക്ഷമാകാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന വി.എസിന്റെ പ്രസ്‌താവനയില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു എന്നതാണ്‌ സത്യം. പ്രതിപക്ഷ നേതാവായി തുടര്‍ന്നുകൊണ്ട്‌ തന്റെ സമരങ്ങളും മുന്നേറ്റങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ്‌ വി.എസ്‌ ഉറച്ചുനില്‍ക്കുന്നത്‌. 
പ്രതിപക്ഷത്തേക്ക്‌ മാറുമ്പോള്‍ സി.പി.എമ്മിലെ വിഭാഗീയത ഒരു കുറവും കൂടാതെ തുടരും എന്നത്‌ തന്നെയാണ്‌ സൂചന. എന്നാല്‍ പോയകാലത്തില്‍ നിന്നും വ്യത്യസ്‌തമായി വി.എസ്‌ പാര്‍ട്ടിയില്‍ കരുത്തനാകാന്‍ പോകുന്നു എന്നതാണ്‌ ഇനി സംഭവിക്കാന്‍ പോകുന്നത്‌ എന്ന്‌ തന്നെ ഉറപ്പിക്കാം. വി.എസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത്‌ നിന്നും ഒഴിവാക്കാന്‍ നിലവില്‍ സി.പി.എമ്മിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. 
പ്രതിപക്ഷ നേതാവാകുമ്പോള്‍ വി.എസ്‌ വീണ്ടും കരുത്തനാകുന്നു. വി.എസിന്റെ ചുമലിലേറി ഇടതുപക്ഷം നേടിയ വിജയം പിണറായി വിജയനെ ദുര്‍ബലനാക്കുകയും ചെയ്യുന്നു. മാത്രമല്ല കടുത്ത പിണറായി പക്ഷക്കാരില്‍ ചിലര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്‌തു. 
ഇതിനെല്ലാം പുറമേ ബംഗാളിലെ തോല്‍വി സിപിഎം പോളിറ്റ്‌ബ്യൂറോയെയും, കേന്ദ്രകമ്മറ്റിയെയുമൊക്കെ മാറ്റി മറിക്കാന്‍ പോന്നതാണ്‌. ബംഗാളിലെ പരാജയത്തില്‍ നിന്ന്‌ പ്രകാശ്‌ കാരാട്ടിന്‌ ഒഴിഞ്ഞു മാറാനാവില്ല. സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തില്‍ വലിയ ചലനങ്ങള്‍ ബംഗാള്‍ പരാജയം സൃഷ്‌ടിക്കുമ്പോള്‍, ബംഗാളിലെ മുഖ്യമന്ത്രിപോലും വലിയ പരാജയം നേരിട്ടപ്പോള്‍, ഇതെല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഗ്ലാമര്‍ കുറക്കുമ്പോള്‍...സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ജനകീയ നേതാവായി ഉയര്‍ത്തിക്കാട്ടുവാന്‍ ഇനി വി.എസ്‌ അച്യുതാനന്ദന്‍ മാത്രമേയുള്ളു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം കൊണ്ട്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പും വി.എസ്‌ ദേശിയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തു. 
ഇനി വി.എസ്‌ മുന്നോട്ടുവെക്കുന്ന സമരങ്ങളെയോ ആശയങ്ങളോയോ സി.പി.എമ്മം കേന്ദ്രനേതൃത്വത്തിന്‌ ശാസിക്കാനോ, തടയാനോ പഴയതുപോലെ കഴിയില്ല എന്ന്‌ തന്നെ കരുതണം. ഇത്‌ സമര്‍ദ്ദത്തിലാക്കുക പിണറായി വിജയന്റെ ഔദ്യോഗിക പക്ഷത്തെയാവും. 
ഔദ്യോഗിക പക്ഷത്തെ ജില്ലകള്‍ തോറും ദുര്‍ബലമാക്കി ഔദ്യോഗക പക്ഷമാകാനുള്ള ഉള്‍പാര്‍ട്ടി തന്ത്രങ്ങളുമായി വി.എസ്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ ഒരു വലിയ വിഭാഗീയതയുടെ യുദ്ധം തന്നെയാവും കേരളം കാണാന്‍ പോകുക. പാര്‍ട്ടികോണ്‍ഗ്രസ്‌ മുന്‍നിര്‍ത്തി ഈ സെപ്‌തംബറില്‍ തന്നെ സിപിഎം സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്‌. പിണറായി വിജയന്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇനിയും സാധ്യതയില്ല എന്നതും ഔദ്യോഗിക പക്ഷത്തിന്റെ തളര്‍ച്ചയാണ്‌. വി.എസ്‌ ഫാക്‌ടര്‍ പ്രവര്‍ത്തിച്ചത്‌ മൂലമാണ്‌ ഔദ്യോഗിക പക്ഷത്തെ സ്ഥാനാര്‍ഥികള്‍ പോലും വിജയിച്ചത്‌ എന്നത്‌ വലിയൊരു നേട്ടമായി വി.എസ്‌ പക്ഷം ഉയര്‍ത്തിക്കാട്ടുകയും, ഒപ്പം ഭരണത്തുടര്‍ച്ച കൈമോശം വന്നത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന്‌ വരുത്തീതീര്‍ക്കുകയും ചെയ്‌താല്‍ വി.എസ്‌ പക്ഷം മേല്‍ക്കൈ നേടുമെന്നതില്‍ സംശയം വേണ്ട.
വി.എസ്‌ പ്രതിപക്ഷ നേതാവായി കഴിഞ്ഞാല്‍ പിന്നെ പ്രത്യക്ഷ സമരങ്ങളുടെ നീണ്ട നിരയാവും കേരളം കാണാന്‍ പോകുക എന്നതില്‍ തര്‍ക്കമില്ല. അതിനുള്ള ചെറുപ്പം ഇപ്പോഴും വി.എസില്‍ ശേഷിക്കുന്നു. മുമ്പ്‌ 40 എം.എല്‍എ മാരുമായി ഭരണപക്ഷത്തെ വിറപ്പിച്ച വി.എസിന്‌ ഇപ്പോഴുള്ളത്‌ 68 എം.എല്‍.എമാരാണ്‌. നിയമസഭക്ക്‌ അകത്തും പുറത്തും വി.എസ്‌ കൊടുങ്കാറ്റാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 
സംഘടനതലത്തില്‍ മാറ്റം വേണമോ എന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു എന്ന വി.എസിന്റെ പ്രസ്‌താവന പുതിയൊരു യുദ്ധത്തിന്റെ ആരംഭം കുറിക്കലാണ്‌. വിഭാഗീയതയുടെ പുതിയൊരു മുഖമാണ്‌ ഇത്‌. പക്ഷെ വിഭാഗീയത വര്‍ദ്ധിച്ചാലും കേരളം ശക്തമായൊരു പ്രതിപക്ഷത്തെ കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

2011 മേയ് 13, വെള്ളിയാഴ്‌ച

ഇടതിന്‌ തുണയായത്‌ വി.എസ്‌; യുഡിഎഫിന്‌ വിനയായത്‌ അഴിമതി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ്‌ ഇത്തവണത്തേത്‌ എന്ന വിശകലനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഫലമാണ്‌ ഇന്ന്‌ പുറത്തുവന്നിരിക്കുന്നത്‌. സാങ്കേതിക വിജയം യു.ഡി.എഫിനെ തേടിവന്നെങ്കിലും അഞ്ച്‌ കൊല്ലത്തെ ഭരണത്തെ എളുപ്പത്തില്‍ കടപുഴക്കി മാറ്റി മറുപക്ഷത്തെ വരിക്കുകയെന്ന പതിവ്‌ രീതിയ്‌ക്ക്‌ ശക്തമായ തടയിടാന്‍ ഇത്തവണത്തെ ഫലത്തിന്‌ കഴിഞ്ഞുവെന്നു തന്നെയാണ്‌ ഇടതിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം തെളിയിക്കുന്നത്‌. 

വി.എസ്‌. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയും യു.ഡി.എഫിലെ ചില നേതാക്കള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നടപടികളെയും ജനം പിന്തുണച്ചുവെന്നതാണ്‌ ഈ ഫലം തെളിയിക്കുന്നത്‌. വി.എസ്‌ അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ജനങ്ങള്‍ ഗൗരവത്തോടെ കണ്‌ടുവെന്ന്‌ തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ അടിവരയിടുന്നത്‌. ഫലം പുറത്തുവന്നശേഷം പാര്‍ട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വി.എസ്‌ ഫാക്‌ടറാണ്‌ മികച്ച പ്രകടനത്തിന്‌ കാരണമെന്ന്‌ സമ്മതിച്ചില്ലെങ്കിലും വി.എസ്‌ എന്ന വികാരം തന്നെയാണ്‌ ഇടതുമുന്നണിയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന്‌ ആധാരമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാവും.

പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തില്‍ നൂറ്‌ സീറ്റ്‌ ലക്ഷ്യമിട്ട്‌ മുന്നേറിയ യുഡിഎഫിനെ വെറും നാലു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചുകെട്ടാന്‍ വി.എസ്‌ അച്യുതാനന്ദന്‌ എന്ന ഒറ്റയാന്‌ കഴിഞ്ഞു. ഒപ്പം പിണറായി വിജയന്റെ ശക്തരായ വക്താക്കളായി അറിയപ്പെടുന്ന പ്രകാശന്‍ മാസ്റ്ററെ പോലുള്ള ചില നേതാക്കള്‍ പരാജയം രുചിക്കുകയും വി.എസ്‌. അനകൂലികളായി അറിയപ്പെടുന്ന ചിലര്‍ ജയിച്ചുകയറുകയും ചെയ്‌തു.

 ഔദ്യോഗികപക്ഷത്തെ പ്രമുഖരായി അറിയപ്പെടുന്ന എം. പ്രകാശന്‍ മാസ്റ്ററും മണലൂരിലെ സ്ഥാനാര്‍ത്ഥി ബേബിജോണും തോറ്റത്‌ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാകുമെന്നുറപ്പാണ്‌. എങ്കിലും വി.എസിന്റെ ശക്തനായ വക്താവായ കെ.ചന്ദ്രന്‍ പിള്ള കളമശേരിയില്‍ തോറ്റത്‌ വി.എസിന്‌ വ്യക്തിപരമായ ക്ഷീണമാണ്‌. ലോട്ടറി മാഫിയ, ബാലകൃഷ്‌ണ പിള്ള, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലുകള്‍, പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിക്കെതിരെയുള്ള അന്വേഷണം തുടങ്ങി വി.എസ്‌. മുന്നോട്ടുവെച്ച നടപടികള്‍ക്കുള്ള ജനകീയ പിന്തുണ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുന്നതാണ്‌ എല്‍.ഡി.എഫിന്‌ ലഭിച്ച സീറ്റുകളുടെ എണ്ണം. ബംഗാളില്‍ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പോലും പരാജയം രുചിച്ചുവെന്നറിയുമ്പോഴാണ്‌ വി.എസിന്റെ വിജയത്തിന്റെ തിളക്കം കൂടുന്നത്‌.

വി.എസിനെയും മകനെയും വ്യക്തിപരമായി ആക്രമിക്കാനുള്ള പ്രതിപക്ഷ നീക്കവും പാളിയെന്നു തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ തെളിയിക്കുന്നത്‌. എന്‍.എസ്‌.എസ്‌ അടക്കമുള്ള സമുദായ സംഘടനകള്‍ യുഡിഎഫിനെ പരസ്യമായി പിന്തുണച്ചിട്ടും മുന്നണിക്ക്‌ കാര്യമായ നേട്ടമുണ്‌ടാക്കാനായില്ലെന്നത്‌ ഭാവിയില്‍ ചര്‍ച്ചാ വിഷയമാവും. പ്രത്യേകിച്ചും എന്‍എസ്‌എസ്‌ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വി.എസിനെതിരെ അടുത്തിടെ നടത്തിയ വ്യക്തിപരമായ പരമാര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍. എന്‍എസ്‌എസിന്റെ മേനി പറച്ചിലിന്‌ ഇനിയെങ്കിലും അവസാനമാകുമെന്ന്‌ കരുതാം.

 വിജയിച്ചുവെങ്കിലും അത്‌ യുഡിഎഫ്‌ പക്ഷത്ത്‌ ഉണ്‌ടാക്കാന്‍ പോകുന്ന പൊട്ടിത്തെറികള്‍ എന്തൊക്കെയെന്ന്‌ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. കുതിരക്കച്ചവടത്തിന്‌ ഇല്ലെന്ന്‌ എല്‍ഡിഎഫ്‌ വ്യക്തമാക്കിയ സ്ഥിതിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തല്‍ക്കാലം യുഡിഎഫിന്‌ മുന്നില്‍ പ്രതിസന്ധികളൊന്നുമുണ്‌ടാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്ന ശേഷം കെ.എം.മാണി നടത്തിയ പ്രസ്‌താവന കാര്യങ്ങള്‍ അത്ര സുഗമമാകില്ല എന്നതിന്റെ സൂചനകളാണ്‌ തരുന്നത്‌. അനാവശ്യ വിലപേശലിലൂടെ മുന്നണി മര്യാദകള്‍പോലും കാറ്റില്‍ പറത്തിയ ജെ.എസ്‌.എസ്‌, സി.എം.പി തുടങ്ങിയ ചെറുകക്ഷികളെ തുടച്ചുമാറ്റാനും ജനം തയാറായി എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പ്രത്യേകതയാണ്‌.

 പരാജയം എല്‍ഡിഎഫ്‌ പക്ഷത്തും നേരിയ തുടര്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്‌ട്‌. വി.എസിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്‌ തല്‍ക്കാലത്തേക്കെയ്‌ങ്കിലും അദ്ദേഹത്തെ അംഗീകരിക്കേണ്‌ടി വരും. വി.എസിന്റെ പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള തിരിച്ചു വരവിനും അത്‌ വഴിവെച്ചേക്കും. ഇടതുപക്ഷം നേരിടാന്‍ പോകുന്ന പ്രസക്തമായ മറ്റൊരു ചോദ്യം പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത്‌ ആരെന്നതാണ്‌. വി.എസ്‌ എന്ന കേരളം കണ്‌ട ഏറ്റവും പ്രഗത്ഭഭനായ പ്രതിപക്ഷ നേതാവിനെ ഒരിക്കല്‍ കൂടി ആശ്രയിക്കാന്‍ സിപിഎം തയാറാവുമോ എന്നും കാത്തിരുന്നു കാണേണ്‌ടി വരും. വി.എസിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ വിജയം കൂടിയാണ്‌ ഈ പരാജയം. 

തന്റെ ചിത്രമുപയോഗിച്ച്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ പോസ്റ്റര്‍ വെച്ച്‌ പ്രചാരണം നടത്തിയതിനെ പോലും വിമര്‍ശിച്ച പിണറായി വിജയനെയും എം.എം. ലോറന്‍സിനെയും പോലുള്ള നേതാക്കളുടെ നിലപാടുകള്‍ക്കുള്ള മറുപടി കൂടിയാണ്‌ എല്‍ഡിഎഫിന്റെ മുന്നേറ്റം. ബംഗാളില്‍ ബുദ്ധദേവ്‌ മത്സരിക്കുമെന്ന്‌ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയും വി.എസ്‌. മത്സരിക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുകയും ചെയ്‌ത പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതാക്കളുടെ നിലപാടിനോടുള്ള മധുരപ്രതികാരം കൂടിയാണ്‌ വി.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്‌ ഫലം. 

2011 മേയ് 12, വ്യാഴാഴ്‌ച

അടിച്ചു തുടങ്ങി; ഒടുവില്‍ അടിച്ചു പിരിഞ്ഞു

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഉപചാരം ചൊല്ലി പിരിഞ്ഞിരിക്കുന്നു. ജനങ്ങള്‍ നിമിഷ നിധി എണ്ണി തെരഞ്ഞെടുപ്പ്‌ ഫലത്തിനായി കാത്തിരിപ്പ്‌ തുടരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനങ്ങളെ പരീക്ഷിച്ചും പരിരക്ഷിച്ചും തുടര്‍ന്ന വി.എസ്‌. മന്ത്രിസഭ അവസാന മന്ത്രിസഭായോഗവും പൂര്‍ത്തിയാക്കി സദ്യ ഉണ്‌ടാണ്‌ പിരിഞ്ഞത്‌.

സദ്യയിലെ വിഭവങ്ങള്‍ പരിമിതമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷവും വിവാദ വിഭവങ്ങള്‍ക്ക്‌ കുറവൊന്നുമുണ്‌ടായിരുന്നില്ല. അവസാന മന്ത്രിസഭാ യോഗവും അതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമായില്ല. വി.എസിന്റെ ബന്ധുവിന്‌ ഭൂദാനം നടത്തിയതിനെച്ചൊല്ലിയായിരുന്നു അവസാന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയും കൊമ്പുകോര്‍ത്തത്‌.

മന്ത്രിസഭയിലെ കലക്കങ്ങള്‍, പാര്‍ട്ടിക്കുള്ളിലെ വഴക്കുകള്‍, മലക്കം മറിയലുകള്‍, പാളയത്തിനുള്ളിലും പട. മന്ത്രിസഭയുടെ കാലാവധിക്കിടയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ഭരണമുന്നണിക്കേറ്റ നാണം കെട്ട പരാജയം. എന്നാല്‍ ഒടുവില്‍, വി എസ്‌ അച്യുതാനന്ദന്റെ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ വിജയത്തിളക്കത്തിലേറി തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷ. ഇതാണ്‌ വി.എസ്‌ മന്ത്രിസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷ ഭരണത്തിന്റെ ആകെത്തുക.

2006 മെയ്‌ പതിനെട്ടിന്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിശാലമായ സ്‌റ്റേജിലായിരുന്നു വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാജ്‌ഭവന്‌ പുറത്തുവെച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടത്തിക്കൊണ്‌ടായിരുന്നു വി.എസ്‌ സര്‍ക്കാര്‍ തുടക്കം ജനകീയമാക്കിയത്‌. എന്നാല്‍ ആ നല്ല തുടക്കത്തില്‍ നിന്ന്‌ മുന്നേറുന്ന കാഴ്‌ചയല്ല പിന്നീട്‌ ജനങ്ങള്‍ കണ്‌ടത്‌.

വി.എസ്‌ ഭരണം തുടങ്ങിയതുതന്നെ പാര്‍ട്ടിയുമായുള്ള കൊമ്പുകോര്‍ത്തുകൊണ്‌ടായിരുന്നു. പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ച്‌ റോഡിലൂടോ നടത്തിക്കുമെന്ന്‌ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ്‌ വേണമെന്ന്‌ വാശിപിടിച്ചു. വി.എസിന്‌ ആഭ്യന്തരവകുപ്പ്‌ നല്‍കുന്നതിനോട്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്‌ യോജിക്കാനായില്ല. ആഭ്യന്തര വകുപ്പ്‌ കൂടി വി.എസിന്‌ നല്‍കിയാല്‍ തങ്ങളില്‍ പലരും ഗോതമ്പുണ്‌ട തിന്നേണ്‌ടി വരുമെന്ന്‌ പോലും പാര്‍ട്ടി യോഗത്തില്‍ ഒരു സഖാവ്‌ തുറന്നടിച്ചു. വകുപ്പുവിഭജനം പിന്നെയും നീണ്‌ടു. ഒടുവില്‍ പൊതുഭരണവും ഐടിയും മാത്രമായി പാര്‍ട്ടി വി എസിനെ ഒതുക്കി.

ഭരണമേറ്റെടുത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ വിമാനയാത്രാ വിവാദത്തെത്തുടര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ ജെ നേതാവായിരുന്ന പി.ജെ.ജോസഫിന്‌ രാജിവെക്കേണ്‌ടി വന്നു. ടി.യു കുരുവിള പകരക്കാരനായി. എന്നാല്‍ ഭൂമിയിടപാടില്‍ വഞ്ചനകാട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ കുരുവിളയ്‌ക്കും രാജിവെയ്‌ക്കേണ്‌ടി വന്നു. മോന്‍സ്‌ ജോസഫാണ്‌ പിന്നെ പകരക്കാരന്റെ പകരക്കാരനായത്‌. ചെന്നൈ കോടതി വെറുതെ വിട്ടപ്പോള്‍ 2009 ഓഗസ്റ്റില്‍ ജോസഫ്‌ തിരിച്ചുവന്നു. മോന്‍സ്‌ മുറുമുറുപ്പൊന്നുമില്ലാതെ സ്ഥാനമൊഴിഞ്ഞു. സ്ഥാനമേറ്റെടുത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു. അതോടെ മന്ത്രിസഭയില്‍ നിന്ന്‌ വീണ്‌ടും രാജി.

ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതിരിക്കെയാണ്‌ മൂന്നാറിലെ കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കാനായി തന്റെ വിശ്വസ്‌തരായ 'മൂന്ന്‌ പൂച്ച'കളെ വി.എസ്‌ മൂന്നാറിലേക്ക്‌ അയച്ചത്‌. മൂന്നാറിലെ തകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍ കണ്‌ട്‌ ജനം കൈയടിച്ചു. ഒപ്പം വി.എസിന്റെ ജനപ്രീതിയുടെ ഗ്രാഫ്‌ റോക്കറ്റ്‌ പോലെ ഉയര്‍ന്നു. എന്നാല്‍ സി.പിഐ ഓഫീസിലേക്ക്‌ ജെസിബിയുടെ കൈ നീണ്‌ടതോടെ ഓപ്പറേഷന്‌ വിരാമമായി.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റ്‌ നല്‍കാതിരുന്നതിനെത്തുടര്‍ന്ന്‌ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഉടക്കി. 2009 മാര്‍ച്ചില്‍ ഗതാഗതമന്ത്രി പാര്‍ട്ടി തീരുമാനമനുസരിച്ച്‌ മാത്യു.ടി.തോമസ്‌ രാജിവെച്ചു. ജനതാദള്‍-എസ്‌ പിളര്‍ന്നു. വീരേന്ദ്രകുമാര്‍ വിഭാഗം യു ഡി എഫിലേക്ക്‌. ദേവഗൗഡ വിഭാഗം എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്നു. മാത്യു.ടി.തോമസിന്‌ പകരം അങ്കമാലിയില്‍ നിന്നും ജയിച്ചുവന്ന ജോസ്‌ തെറ്റയില്‍ ഗതാഗതവകുപ്പ്‌ ഏറ്റെടുത്തു.

പി.ജെ ജോസഫിന്റെ രാജിയെത്തുടര്‍ന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ തല്‍ക്കാലം ധനമന്ത്രി തോമസ്‌ ഐസക്കിനെ ഏല്‍പിച്ചു. പിന്നീട്‌ വിജയകുമാറിന്‌ നല്‍കി. വി.സുരേന്ദ്രന്‍പിള്ള മന്ത്രിയായപ്പോള്‍ വിജയകുമാറിന്റെ സ്‌പോര്‍ട്‌സ്‌ യുവജനകാര്യം പിള്ളയ്‌ക്ക്‌ നല്‍കി. ഇതിനെല്ലാ പുറമെയാണ്‌ മെര്‍ക്കിന്‍സറ്റണ്‍, കിനാലൂര്‍, എച്ച്‌.എം.ടി ഭൂമി വിവാദങ്ങള്‍, സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌, അഴീക്കോട്‌, ഫാരിസ്‌ അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലോട്ടറി വിവാദം, മൂന്നാര്‍ ഭൂമി കയ്യേറ്റം, അട്ടപ്പാടിയിലെ കാറ്റാടിക്കമ്പനി ആദിവാസി ഭൂമി തട്ടിയെടുത്തത്‌, പി എസ്‌.സി.ചോദ്യപേപ്പര്‍ ചോര്‍ച്ച, അധ്യാപകന്റെ കൈ വെട്ടി മാറ്റിയത്‌ തുടങ്ങി തൊട്ടതെല്ലാം വിവാദമാവുന്ന കാഴ്‌ചാണ്‌ പിന്നീട്‌ ജനങ്ങള്‍ കണ്‌ടത്‌. മന്ത്രിസഭായോഗത്തിലെ പരസ്‌പരവഴക്കുകള്‍ പലപ്പോഴും പുറത്തറിഞ്ഞു.

ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയെ ധനമന്ത്രി താന്‍ എന്നു വിളിച്ചുവെന്നും നമ്മള്‍ വായിച്ചറിഞ്ഞു. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും സി പി എം മന്ത്രിമാരും രണ്‌ട്‌ ചേരിയില്‍ നിലയുറപ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കരുതെന്ന പാര്‍ട്ടി നിലപാടിനോട്‌ വി എസ്‌ യോജിച്ചില്ല. ഈ നിലപാട്‌ വ്യക്തമായും വ്യംഗ്യമായും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനങ്ങള്‍ പലപ്പോഴും തന്റെ നിലപാടുകള്‍ പറയാനുള്ളതാക്കി വി.എസ്‌ മാറ്റിയെടുത്തു. ഒടുവില്‍ വി.എസിനെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ പടിയടച്ച്‌ പിണ്‌ഡം വെയ്‌ക്കുന്നതും ജനങ്ങള്‍ കണ്‌ടു.

എന്നാല്‍ വിവാദങ്ങളുടെ പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാക്കുമ്പോഴും അവയിലെല്ലാം കേന്ദ്രസ്ഥാനത്ത്‌ വി.എസ്‌ എന്ന രണ്‌ടക്ഷരമാണെന്ന്‌ ആരും സമ്മതിക്കും. അതേ വി.എസിനെ തന്നെയാണ്‌ ഇത്തവണയും പാര്‍ട്ടി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതെന്നും മറ്റൊരു വിരോധഭാസമായി. എന്തായാലും വിവാദങ്ങളെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിഞ്ഞ്‌ ജനങ്ങള്‍ കാത്തിരിക്കുകയാണ്‌. അധികാരത്തിന്റെ കുടമാറ്റമുണ്‌ടാവുമോ എന്നറിയാന്‍. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.

2011 മേയ് 11, ബുധനാഴ്‌ച

ഒരു ജനതയുടെ അത്മാവിഷ്കാരം‍

സാമ്രാജ്യത്വ കുത്തക മാധ്യമങ്ങളുടെ ബൂര്‍ഷ്വാ സ്വഭാവങ്ങള്‍ തകര്‍ക്കുവാനായി വഴിയില്‍ കണ്ടവന്റെയും, വണ്ടി ഓടിച്ചോണ്ടിരുന്നവന്റെയും, പിന്നെ ആരും അറിയാതെ കുറെ പാവപ്പെട്ട മുതലാളിമാരുടെയും കൈയ്യില്‍ നിന്നും പണം പിരിച്ചെടുത്ത്‌ അല്ലെങ്കില്‍ പിഴിഞ്ഞെടുത്ത് 'ഒരു ജനതയുടെ അത്മാവിഷ്കാരം' എന്നൊരു അടിക്കുറുപ്പും കൊടുത്തു വളര്‍ത്തിക്കൊണ്ട് വന്ന പ്രസ്ഥാനത്തിന് ഈ ഗതി ആരും പ്രതീക്ഷിച്ചില്ല. ബ്രിട്ടാസ് എന്നൊരു സുമുഖനെ പിടിച്ച് മുകളില്‍ ഇരുത്തി തത്തയെക്കൊണ്ട് പറയിക്കുന്നതുപോലെ കുറെ കാര്യങ്ങള്‍ ചോര തിളയ്ക്കുന്ന പാര്‍ട്ടിയുടെ, ചുവന്ന നിറമുള്ള ചോരയുള്ള വിഭാഗത്തിന് വേണ്ടി സംസാരിക്കുവാന്‍ ചുമതലപ്പെടുത്തിയതോടുകൂടി കുത്തക മാധ്യമങ്ങളുടെ പതനം മുന്നില്‍ കണ്ടിരുന്നു.


ഈ ബ്രിട്ടാസ് പിരിഞ്ഞു പോകുമ്പോള്‍ കേരളത്തിലെ ഏറ്റവും സംസ്കാര സമ്പന്നനായ വ്യക്തി എന്ന് വിശേഷിക്കപ്പെടാവുന്ന പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ദുഖം തോന്നുന്നു. അതിനിടയില്‍ ഇദ്ദേഹത്തെ സംസ്കാര സമ്പന്നന്‍ എന്ന് വിളിച്ചത് വെറുതെയല്ല. ഒരുത്തിയെ 'ഏതോ ഒരുത്തി' എന്ന് വിശേഷിപ്പിച്ച ഒരുത്തനെ 'ഏതോ ഒരുത്തന്‍ ' എന്ന് വിളിച്ച ചങ്ങനാശേരിക്കാരന്‍ മാപ്പ് പറയണമെന്ന് ഈ പാര്‍ട്ടി സെക്രട്ടറി പറഞ്ഞെങ്കില്‍ അത് അദ്ധേഹത്തിന്റെ സംസ്കാര സമ്പന്നതയെ സൂചിപ്പിക്കുന്നുവന്നതില്‍ ഒരു സംശയവും വേണ്ട. ഒരു ആത്മീയ നേതാവിനെ 'നികൃഷ്ട ജീവി' എന്ന് വിളിക്കുന്നതില്‍ പരം സംസ്കാര സമ്പന്നത വേറെ ഉണ്ടോ ? 


പക്ഷെ സംസ്കാര ഗുരുവിനോട് കട്ടുറുംബിന് ചെറിയ ഉപദേശം ഉണ്ട്, ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സ്വന്തം മകളെ ഫോണ്‍ വിളിച്ച് ഒരു വിവരം തിരക്കണം. അതായത് ഏതെങ്കിലും തോമസ്സുകുട്ടിയോ, തോമസ്സുകുട്ടിച്ചിയോ ഒരു കമ്പനി വിട്ടു മറ്റൊരു കമ്പനിയിലേക്ക് ചാടുമ്പോള്‍ അത് എങ്ങോട്ട് ആണെന്ന് എന്നെങ്കിലും സത്യം പറയുമോ എന്ന് ഒന്ന് തിരക്കണം. മര്‍ഡോക്ക് എന്ന മാധ്യമ രാജാവിന്റെ ചാനലില്‍ ചെരുവാനാണ് ബ്രിട്ടാസ് കൈരളി വിട്ടത് എന്ന സത്യം ഈ പാവം സെക്രട്ടറി അറിഞ്ഞത് വളരെ പിന്നീടാണ്, അതും വേദനയോടെ. വേറെ എവിടെ ചേര്‍ന്നാലും അദ്ദേഹത്തിന് വിഷമം ഉണ്ടാകില്ലായിരുന്നു. അധ്വാനിച്ചു പണം ഉണ്ടാക്കിയതായിരിക്കും മാര്‍ഡോക്കില്‍ ഈ സംസ്കാര ഗുരു കണ്ട കുറ്റം. പത്ത് കാശ് കൂടുതല്‍ കിട്ടിയപ്പോള്‍ ബ്രിട്ടാസും ചാടി. ഇനിയും മനസ്സിലാകാത്ത ഒരു കാര്യം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം ഇതെന്താ അന്താരാഷ്‌ട്ര വിഷയം വല്ലതുമാണോ ? നല്ല ഒരു കോമഡി പ്രോഗ്രാം കാണുന്ന ലാഘവത്തോടുകൂടി മാത്രമാണ് ഇന്നേവരെ ബ്രിട്ടാസിന്റെ സംവാദങ്ങളും മറ്റും വീക്ഷിചിട്ടുള്ളത്, പ്രത്യേകിച്ച് യു ഡി എഫ് നേതാക്കളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍.


പക്ഷെ ഒരു ജനതയുടെ അത്മാവിഷ്കാരത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഖം തോന്നുന്നു. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്ന് കവടി നിരത്തി പറയുന്നതുപോലെ ചാനലുകാര്‍ മത്സരിക്കുമ്പോള്‍ , വെറും ഒരു കാഴ്ച്ചക്കാരനെപ്പോലെ ആകാനുള്ള വിധിയാണല്ലോ കൈരളിക്കുള്ളത്. മാര്‍ഡോക്കിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ്‌ പറയുന്ന പ്രവചനം ഏറ്റു പറയുന്ന ജോലി....കഷ്ടം... 


ഒരു ജനതയുടെ അത്മാവിഷ്കാരം, കുറെ മാത്രം വ്യക്തികളുടെ അത്മാവിഷ്കാരമായി ഭവിക്കുമ്പോളുള്ള ചില വ്യത്യാസങ്ങള്‍ മാത്രം.

2011 മേയ് 8, ഞായറാഴ്‌ച

ഊട്ടിയ കൈകള്‍ കൊണ്ട് ഉദകക്രിയ ചെയ്തവര്‍

അമേരിക്കന്‍ ഭരണകൂടം തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി പാലൂട്ടി വളര്‍ത്തിയ അനേകരില്‍ ഒരാളായ ഒസാമ ബിന്‍ ലാദന്‍ ഒടുവില്‍ കൊടും ഭീകരവാദിയായപ്പോള്‍, ആ വിഷവിത്ത് മുളച്ചുവളര്‍ന്ന് വടവൃക്ഷമായി സ്രഷ്ടാവിനെത്തന്നെ നശിപ്പിക്കാനൊരുങ്ങിയപ്പോള്‍, അതിന്റെ നാശം അനിവാര്യമായെന്നു തോന്നിയതുകൊണ്ടാണ് പാകിസ്താന്‍ മണ്ണില്‍ അവരുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കടന്നു കയറി ലാദനെ വക വരുത്തിയത്. അതൊരു അനിവാര്യമായ പ്രതിപ്രവര്‍ത്തനം എന്നതില്‍ കവിഞ്ഞ പ്രാധാന്യം അമേരിക്കന്‍ നടപടിക്കില്ല എന്ന് എല്ലാവരും പറയുന്നു. അത് ശരിയാണോ?

പാകിസ്ഥാനില്‍ തലസ്ഥാനത്തിനടുത്ത് താവളമുണ്ടാക്കി ആധുനിക വിവരവിനിമയ ഉപകരണങ്ങളുടെയോ സംവിധാനങ്ങളുടെയോ സഹായമില്ലാതെ ഒളിച്ചുജീവിച്ച ലാദനില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ നേതൃത്വം എത്രയോ ഉയര്‍ന്നുപോയിട്ടുണ്ടാകാനാണ് സാധ്യത. ലോകാധിപത്യത്തിന്റെ നെറുകെയിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു ലാദനെ കണ്ടെത്തി വധിക്കാനെങ്കില്‍ , ലാദന്‍ എന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ ഊര്‍ജലഭ്യത ഇല്ലാതാകുമെന്നു കരുതുന്നത് മൗഢ്യമാണെന്നാണ് പൊതു സംസാരം. ലാദനെ കൊന്നു കടലില്‍ തള്ളിയതുകൊണ്ടു തീവ്രവാദം അവസാനിക്കുന്നില്ല എന്നും, പൂര്‍വ്വാധികം ശക്തി പ്രാപിച്ചു അമേരിക്കയെ വീണ്ടും തിരിച്ചടിക്കും എന്ന് എല്ലാ തീവ്രവാദ സംഘടനകളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതെത്രത്തോളം നടപ്പിലാകുമെന്ന് കണ്ടറിയണം. വാസ്തവത്തില്‍ അമേരിക്കയുടെ ഈ ചെയ്തി ന്യായീകരിക്കാവുന്നതാണോ?