Sunday, September 2, 2012

കൊന്നാല്‍ പാപം പറഞ്ഞാല്‍ തീരും


ആവശ്യത്തിന് ഉതകുന്ന കൂട്ടുകാരനാണ്, നല്ല കൂട്ടുകാരനെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. ആവശ്യത്തിന് ആപ്പു വയ്ക്കുന്ന കൂട്ടുകാരനാണ് നല്ല കൂട്ടുകാരനെന്നത് പുതുചൊല്ല്.
ഇത് പറയുന്നവര്‍ കണ്ണൂര്‍ക്കാരും കമ്യൂണിസ്റ്റ് ചേകവന്മാരുമാകുമ്പോള്‍ നമ്മള്‍ പൊതുജനം വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ്. പിണറായിയിലെ പാറപ്പുറത്താണ്, പാറപോലെ ഉറച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നു വീണതെന്ന് ഇ.എം.എസിന്റെ കിത്താബ് പറയുന്നു. അന്നു പിണറായി വിജയന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കാന്‍ ഇടയില്ല. ഉണ്ടായിരുന്നു എങ്കില്‍ കേരള  ചരിത്രം തന്നെ മാറിപ്പോകുമായിരുന്നു. ഒന്നുമില്ലെങ്കിലും പിണറായി തീസീസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയെങ്കിലും കുറയുമായിരുന്നു.
 
ആ ഭാഗ്യം നമുക്ക് ലഭിച്ചില്ലെങ്കിലും ഒന്നായ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി മാറി ഒരേ മുന്നണിയില്‍ കൂട്ടുകാരായി നില്‍ക്കുന്ന രോമാഞ്ചജനകമായ കാഴ്ച കാണാന്‍ കഴിയുന്നത് തന്നെ ചരിത്രപരമായൊരു ഭാഗ്യമാണ്. അതിനെക്കാള്‍ മഹാഭാഗ്യമല്ലേ രണ്ട് കണ്ണൂര്‍ക്കാര്‍ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നയിക്കുന്നത് കാണാന്‍ കഴിയുക. ചില്ലറക്കാരാണോ രണ്ടുപേരും. ഒരാള്‍ മാന്‍ ഓഫ് ആക്ഷന്‍. മറ്റെയാള്‍ മാന്‍ ഓഫ് ടാക്. ഒരാള്‍ കൃത്രിമ ഗൗരവം വരുത്തി ഭാഷ അളന്നുതൂക്കി പറയുന്ന ഉരുക്ക് മനുഷ്യന്‍. അതുകൊണ്ട് ജീവിതത്തില്‍ ഇന്നുവരെ മാപ്പ് പറയേണ്ട ഒരു തെറ്റും ഗൗരവക്കാരന് പറ്റിയിട്ടില്ല. അങ്ങനെ പറ്റാന്‍ പാടില്ല. സെക്രട്ടറി തന്നെയല്ലേ പാര്‍ട്ടി. അതുകൊണ്ടല്ലേ പാര്‍ട്ടി സെക്രട്ടറിയെന്ന് പറയുന്നത്. എന്തും ചെയ്യാനും എന്തും പറയാനും പറ്റിയ പോസ്റ്റ്. സംസ്ഥാന സമിതിയില്‍ നൂറോളം കൗരവന്മാര്‍ ഉണ്ടെങ്കിലും ഒരുത്തനും നാക്കും വാക്കും തലയുമില്ല. എന്തൊരു അച്ചടക്കം. നേതാവ് ചിരിക്കില്ല. അനുയായികളും ചിരിച്ചുകൂടാ. ചിന്താവിഷ്ടരായ പിണറായി മാര്‍. ഹോ.. എന്തൊരു ബലം പിടി.
 
ഇങ്ങനെയൊന്നുമല്ല മാന്‍ ഓഫ് ടാക്ക്. ചിരിച്ച് സസുസ്‌മേര വദനന്‍. പേസ്റ്റ് കമ്പനിയുടെ പരസ്യംപോലെ. കറുത്ത പേസ്റ്റ് തലയിലും മീശയിലും. ആളെ കണ്ടാല്‍ ആര്‍ക്കും അറിയാം. അരക്കെട്ട് വരെ തലമുടി വളര്‍ത്തിയിട്ടുണ്ട്. അത് ചീകിയൊതുക്കി അങ്ങനെ നടക്കും. കോസ്റ്റ്‌ലിയായതുകൊണ്ട് വാര്‍ക്കൂന്തലില്‍ മുല്ലപ്പൂ ചൂടാറില്ലെന്നു മാത്രം. തെന്മലയില്‍ വഴിതെറ്റുന്ന വലതു പാര്‍ട്ടി ഗോപകുമാരന്‍മാര്‍ ടിയാനെ കണ്ടുപഠിക്കണം. പ്രസംഗവും പ്രസ്താവനയുമാണ് പ്രധാന പണി. വലിയ ആള്‍ക്കൂട്ടം പാര്‍ട്ടിയിലില്ലാത്തതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഇല്ല. യുദ്ധത്തില്‍ താഴെകിടന്നാലും കാലോ കയ്യോ മുകളിലേയ്ക്ക് ഉയര്‍ത്തി പിടിക്കുന്ന ശീലമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കില്ല. പുറത്തേയ്ക്ക് കണ്ണുംനട്ട് ഇരിപ്പാണ് ആരെങ്കിലും പാര്‍ട്ടിയിലേക്ക് വരുമോ എന്നറിയാന്‍.
 
ഇടയ്ക്കിടക്ക് ഈ ജ്യേഷ്ഠാനുജന്മാര്‍ തര്‍ക്കിക്കാറും വഴക്കുകൂടാറുമുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ അവര്‍ അടുക്കള രഹസ്യങ്ങളും മണിയറ രഹസ്യങ്ങളും പരസ്പരം വിളിച്ചുപറയും. വലിയ ആളില്ലാത്തതുകൊണ്ട് ജനതാദളും ആര്‍എസ്പിയും നല്ല അച്ചടക്കത്തോടെ എന്നും വലിയേട്ടന് ഒപ്പം നില്‍ക്കാറുണ്ട്. എന്നാല്‍ ഈ അനുസരണ പന്ന്യന്‍ പാര്‍ട്ടിക്കില്ല. ടി.പി. ചന്ദ്രശേഖരനെ സിപിഎം വധിച്ചത് സിപിഎം കാര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. മുമ്പും എത്രയോ പേരെ മണി പറയുന്നപ്പോലെ മണി മണിയായി കൊന്നിട്ടുണ്ട്. പ്രതികളെ കിട്ടുകയില്ല. ഇനി പൊലീസിന് നിര്‍ബന്ധമാണെങ്കില്‍ നാല് പ്രതികളെ പാര്‍ട്ടി ഓഫീസില്‍ നിന്നും കൊടുക്കില്ലേ. ഇതൊന്നും പോരെന്ന് നിര്‍ബന്ധം പിടിച്ചാല്‍ എന്തുചെയ്യും. പാര്‍ട്ടിക്കാരെ ധര്‍മ്മപുത്രനെപോലെ തള്ളിപ്പറയുക തന്നെ.
 
ഇങ്ങനെ പാര്‍ട്ടിക്കാരായ പാര്‍ട്ടിക്കാരെല്ലാം ജയിലിലേയ്ക്കു പോകുമ്പോഴാണ് പന്ന്യന്‍ മറുപക്ഷം നിന്ന് ഒരു യോഗ്യനെപ്പോലെ പിണറായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ മസില്‍ പിടിച്ച് നില്‍ക്കുന്ന പാര്‍ട്ടിയുണ്ടോ ജനസംഖ്യ കുറവുള്ള പന്ന്യന്‍ പാര്‍ട്ടിയെ ഭയക്കുന്നു. ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ പിണറായി പാര്‍ട്ടി ഒറ്റയ്ക്ക് ബന്ദ് നടത്തി. അത് ശരിയായില്ല. ചന്ദ്രശേഖരനെ കൊന്നത് ശരിയായില്ല എന്നെല്ലാം പന്ന്യന്‍ പറയാന്‍ തുടങ്ങിയാല്‍ പിണറായി എങ്ങനെ കേട്ടുനില്‍ക്കും. പന്ന്യന്‍ പാര്‍ട്ടി കൊന്നലിസ്റ്റും പിണറായി പാര്‍ട്ടി പുറത്തുവിട്ടു. ആരും അങ്ങനെ യോഗ്യന്‍ ചമയണ്ട. ഇതാണ് നല്ല സുഹൃത്തുക്കള്‍. ഏത്രനല്ല മുന്നണി. ഇതാണ് കമ്യൂണിസ്റ്റ് അച്ചടക്കം, ഉള്‍പാര്‍ട്ടി ജനാധിപത്യം. എങ്ങനെയുണ്ട് വേലായുധാ ഒരാള്‍ ഉറങ്ങുമ്പോള്‍ അടുത്തയാള്‍ ഉണര്‍ന്നിരിക്കുന്ന സ്‌നേഹം. പരസ്പരം ഇങ്ങനെ ചെയ്യുന്നവരാണ് കേരളത്തെ രക്ഷിക്കാന്‍ പോകുന്നത്. 


No comments:

Post a Comment