Sunday, September 23, 2012

സായിപ്പിനെ കാണുമ്പോള്‍ പൊളിറ്റിക്‌സ്‌ മറക്കുന്ന പ്രബുദ്ധത

`.....നമ്മുടെ ആളുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. വല്ല ഭാരതീയനും കയറി വരുന്നുണ്ടെങ്കില്‍ അത്‌ ഗുജറാത്തികളും മറ്റും ആവും. അമേരിക്കയെ വീടായി സ്വീകരിച്ചവര്‍ അവിടത്തെ പൊതുജീവിതത്തില്‍ കുറെക്കൂടെ സജീവമാകണം. പള്ളികളും അമ്പലക്കമ്മിറ്റികളും മലയാളി സമാജങ്ങളും നല്‍കുന്ന സുരക്ഷിതത്വം പൊതുജീവിതത്തില്‍ കിട്ടുകയില്ല. എങ്കിലും അവിടെ സ്ഥാനം ഉണ്ടാവുകയാണ്‌ അമേരിക്കയില്‍ വാസം ഉറപ്പിച്ചവര്‍ പ്രധാനമായി കാണേണ്ടത്‌. ടെക്‌സാസിലോ മറ്റോ മത്സരിക്കാന്‍ അര്‍ഹത തേടുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരു പത്തനംതിട്ടക്കാരനെ കണ്ടു ഇത്തവണ. മലയാളികള്‍ ഒത്തുനിന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന്‌ ആ യുവാവ്‌ പറഞ്ഞില്ല. എങ്കിലും എനിക്ക്‌ മനസ്സിലായത്‌ അങ്ങനെയാണ്‌. ഫോമയും ഫൊക്കാനയും ഒക്കെ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്‌ അമേരിക്കന്‍ ദേശീയരാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം'

ഫോമയുടെ കാര്‍ണിവല്‍ ഗ്ലോറിയിലെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പ്രശസ്‌ത എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ. ബാബു പോള്‍ തന്റെ `മധ്യരേഖ' എന്ന പംക്തിയില്‍?പറഞ്ഞ വാക്കുകളാണ്‌ മേല്‌പറഞ്ഞവ. അദ്ദേഹം പറഞ്ഞത്‌ നൂറു ശതമാനവും സത്യമാണ്‌. അമേരിക്കയിലേക്ക്‌ കുടിയേറിയ മലയാളികളില്‍ ഏറിയ പങ്കും നിയമാനുസൃതം അമേരിക്കന്‍ പൗരത്വം നേടിയവരാണ്‌. ഇവിടെ ജനിച്ചു വളരുന്ന പിന്‍തലമുറക്കാരെല്ലാം ജന്മപൗരത്വമുള്ളവരും അമേരിക്കന്‍ പ്രസിഡന്റു പദവിക്ക്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അര്‍ഹതയുള്ളവരുമാണ്‌. പക്ഷേ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ കടന്നു ചെല്ലാനും പുതിയ കുടിയേറ്റ ജനതയ്‌ക്ക്‌ പഴയ കുടിയേറ്റ ജനതയ്‌ക്ക്‌ ഒപ്പമുള്ള അവകാശസംരക്ഷണത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തുവാനും മലയാളികള്‍ക്ക്‌ ഉത്സാഹമില്ല.

ഡോ. ബാബു പോള്‍ പ്രതിപാദിച്ച ആ പത്തനംതിട്ടക്കാരന്‍ മറ്റാരുമല്ല. ടെക്‌സാസില്‍ നിന്ന്‌ യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട കെ.പി. ജോര്‍ജ്ജ്‌ ആണ്‌. ഫൊക്കാനയുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ പൊളിറ്റിക്കല്‍ സെമിനാറില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചിരുന്നു. അദ്ദേഹത്തെ കൂടാതെ ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ വിശദീകരിക്കുകയുണ്ടായി. എത്ര പേര്‍ അത്‌ ഗൗരവമായിട്ടെടുത്തു എന്നറിയില്ല.

ആതുരസേവനരംഗത്തുനിന്ന്‌ രാഷ്ട്രീയ രംഗത്തേക്ക്‌ ചുവടുറപ്പിച്ച ആനി പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെകുറിച്ചും അമേരിക്കന്‍ രാഷ്ട്രീയരംഗത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. കെ.പി. ജോര്‍ജ്ജ്‌ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നാം മലയാളികളുടെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വിശദീകരണം നല്‍കിയിരുന്നു. പക്ഷേ `വാനരന്മാരെന്തറിയുന്നു വിഭോ' എന്നു പറഞ്ഞതുപോലെ കേട്ടിരുന്നവര്‍ ദീര്‍ഘശ്വാസം വിട്ട്‌ പൊടിയും തട്ടി എഴുന്നേറ്റുപോയതല്ലാതെ അതേകുറിച്ച്‌ സംവദിക്കാനോ വിശകലനം ചെയ്യാനോ തുനിഞ്ഞതുമില്ല.

അമേരിക്കന്‍ മലയാളികള്‍ കേരള രാഷ്ട്രീയത്തിന്റെ നൈരന്തര്യത്തെ സംരക്ഷിച്ചു നിര്‍ത്താനാണ്‌ ബദ്ധപ്പെടുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളെപ്പോലെയല്ല അമേരിക്കന്‍ പ്രവാസികള്‍. ആ വ്യത്യാസം അമേരിക്കന്‍ പ്രവാസികള്‍ മനസ്സിലാക്കിയാല്‍ ഇവിടേയും രാഷ്ട്രീയരംഗത്ത്‌ ശോഭിക്കാന്‍ മലയാളികള്‍ക്ക്‌ കഴിയും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേരള കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പ്രയോഗ വ്യാപ്‌തിയെ വികസിപ്പിച്ചുകൊണ്ട്‌ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭൂപ്രദേശ ബോധത്തിന്റെ സാമ്പ്രദായിക സങ്കല്‌പങ്ങളെ തീവ്രമായ പുനര്‍വായനക്ക്‌ വിധേയമാരുന്ന അനേകം സംഘടനകളുണ്ട്‌. പക്ഷേ, അമേരിക്കയെ സംബന്ധിച്ചിടത്തോളം ജന്മപൗരത്വമുള്ള കുട്ടികള്‍പോലും അമേരിക്കന്‍ പൗര്‍ന്മാരാണെന്ന ചിന്ത ഇല്ലാത്തതുകൊണ്ടാണ്‌ മലയാളികളിക്കും വിദേശീയരായി കഴിയാന്‍ ആഗ്രഹിക്കുന്നത്‌. ആ ചിന്ത ഉണ്ടായവര്‍ക്ക്‌ അതല്‍പം കൂടിപ്പോയതുകൊണ്ടാണ്‌ അവരുടെ കുട്ടികള്‍ അമേരിക്കന്‍ യുവാക്കളേക്കാള്‍ മൂല്യചോഷണത്തില്‍ വളര്‍ന്നത്‌.

ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ കെ.പി. ജോര്‍ജ്ജുമായി സംസാരിക്കാന്‍ ലേഖകന്‌ സന്ദര്‍ഭം കിട്ടി. അദ്ദേഹം അമേരിക്കയില്‍ ജനിച്ച വ്യക്തിയല്ല. ഡോ. ബാബു പോള്‍ പറഞ്ഞതുപോലെ ഒരു പത്തനംതിട്ടക്കാരന്‍. `റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരെ പോലെ ജീവിക്കാന്‍' പഠിച്ചയാള്‍. പക്ഷേ, പറന്നുപോകുന്ന പറവകളെ കല്ലെറിഞ്ഞു വീഴ്‌ത്തുന്നവനും നമ്മുടെയിടയില്‍ ഉണ്ടല്ലോ. അതായിരിക്കാം അദ്ദേഹത്തിനും സംഭവിച്ചത്‌. `ഓ...ഇവനൊക്കെ ജയിച്ചുവന്നിട്ട്‌ നമുക്കെന്തു ഗുണം' എന്ന്‌ ചിന്തിക്കുന്നവരും നമ്മുടെയിടയിലുണ്ടല്ലോ !!

അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലേക്ക്‌ കന്നിയങ്കത്തിനിറങ്ങിയിട്ടുള്ള ഒരു മലയാളി യുവാവിനെ ക്വീന്‍സിലെ കേരള സെന്ററില്‍ കാണുവാനിടയായി. ഇന്ത്യാ പ്രസ്‌ ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടന വേദിയിലായിരുന്നു അത്‌. ആജാനബാഹു എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതായതുകൊണ്ട്‌ മലയാളം അത്ര വശമില്ല. പക്ഷേ, ആ ചെറുപ്പക്കാരനെ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപ്പുറം സദസ്സില്‍ പരിചയപ്പെടുത്തിയപ്പോള്‍ തണുത്ത പ്രതികരണമാണ്‌ ലഭിച്ചത്‌. സദസ്സിലിരുന്ന ഭൂരിഭാഗം പേരും വിവിധ സംഘടനാ പ്രതിനിധികളായിരുന്നു. കാക്കത്തോള്ളായിരം സംഘടനകളില്‍ നിന്ന്‌ ഒന്നും രണ്ടും പേര്‍ വീതം അവിടെ സന്നിഹിതരായിട്ടുണ്ട്‌. എല്ലാവര്‍ക്കും അവരവരുടെ സംഘടനകളെക്കുറിച്ച്‌ പൊങ്ങച്ചം പറയാനും പൊലിപ്പിക്കാനുമായിരുന്നു ആവേശം. എന്തിന്‌, ആര്‍ക്കുവേണ്ടിയാണീ ആവേശം എന്നു ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. `യുവാക്കള്‍ക്ക്‌' എന്തൊക്കെയോ ചെയ്യുമെന്ന്‌ എല്ലാവരും പ്രസംഗിക്കുന്നതു കേട്ടു. പക്ഷേ, അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ തന്റെ കന്നിപ്രവേശമാണിതെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ വേണമെന്നുള്ള ആ ചെറുപ്പക്കാരന്റെ അഭ്യര്‍ത്ഥന ആരെങ്കിലും കേട്ടുവോ ആവോ.

ബ്രൂക്ക്‌ലിനില്‍ ജനിച്ചു വളര്‍ന്ന്‌ ബ്രൂക്ക്‌ലിന്‍ ഡിസ്‌ട്രിക്‌ അറ്റോര്‍ണിയായി മത്സരിക്കാന്‍ രംഗത്തിറങ്ങിയ ഏബ്‌ 
ജോര്‍ജ്‌ ആയിരുന്നു ആ ചെറുപ്പക്കാരന്‍. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകള്‍ ഏബിനെപ്പോലെയുള്ള ചെറുപ്പക്കാരെയാണ്‌ പ്രോത്സാഹിപ്പിക്കേണ്ടത്‌. പാട്ടും കൂത്തും കണ്‍വന്‍ഷനുമൊക്കെയായി ആയുസ്സൊടുക്കാതെ ക്രിയാത്മകമായ പ്രവൃത്തികളിലൂടെ അമേരിക്കയില്‍ വളരുന്ന അടുത്ത തലമുറയ്‌ക്ക്‌ അമേരിക്കയില്‍ ശാശ്വതമായ താവളമൊരുക്കുകയാണ്‌ ഈ സംഘടനകള്‍ ഇനി ചെയ്യേണ്ടത്‌. കേരളത്തില്‍ ഫ്‌ളാറ്റും വില്ലയുമൊക്കെ വാങ്ങി ശിഷ്ടകാലം അവിടെ കഴിയാമെന്ന്‌ ധരിച്ചുവശായവര്‍ അമേരിക്കയില്‍ ജന്മം കൊടുത്ത അവരുടെ മക്കളേയും കൊച്ചുമക്കളേയും കുറിച്ച്‌ ഓര്‍ക്കണം. സംഘടനാപരമായി അനേകം നല്ല കാര്യങ്ങള്‍ ഇവിടത്തെ യുവജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയും.

അമേരിക്കയിലെ ഭരണസംവിധാനങ്ങളില്‍ മലയാളികള്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ മുന്‍തലമുറക്കാരേക്കാള്‍ പിന്‍തലമുറക്കാരെ നാം പ്രാപ്‌തരാക്കണം. അവര്‍ക്ക്‌ അതിനുള്ള നേതൃത്വ പരിശീലനം നല്‍കാന്‍ വേദികളൊരുക്കണം. വേദികളൊരുക്കിയാല്‍ മാത്രം പോരാ, ആ വേദികളിലേക്ക്‌ യുവാക്കളെ നയിക്കാന്‍ മാതാപിതാക്കളും അവര്‍ക്ക്‌ പ്രചോദനമേകാന്‍ സംഘടനകളും തയ്യാറാവണം. പൊതുവേദികളിലേക്ക്‌ കടക്കുന്ന മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന്‌ ഭയപ്പെടാതെ ഉന്നതങ്ങളിലേക്ക്‌ ഉയരാന്‍ പരിശീലിപ്പിക്കുകയാണെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കണം.

`സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌' എന്ന്‌ അമേരിക്കയിലൊരു ചൊല്ലുണ്ട്‌. അതെ, നീലാകാശത്തിനു കീഴെയുള്ള എന്തും സാധിതമാകാന്‍ നമുക്ക്‌ കഴിയും. അവയെല്ലാം നേടിയെടുക്കേണ്ടത്‌ കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ കഴിയൂ. ഏബ്‌ ഏബ്രഹാമിനെത്തന്നെ ഉദാഹരണമായി എടുക്കാം. ഒരു പത്തുവയസ്സുകാരന്‍ പയ്യന്റെ മനസ്സിലുദിച്ച ആശയം 24 വര്‍ഷത്തിനുശേഷം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഏബ്‌. എതിരാളി കരുത്തനായിട്ടുപോലും സധൈര്യം ഈ യുവാവ്‌ ഗോദായിലിറങ്ങിയിരിക്കുകയാണ്‌. എതിരാളികളെയെല്ലാം `ഒതുക്കുന്ന' പ്രകൃതക്കാരനായ ചാള്‍സ്‌ ജെ. ഹൈന്‍സിനെയണ്‌ ഏബ്‌ നേരിടുന്നത്‌. അമ്മ വിലക്കിയിട്ടുപോലും. നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും തന്നെ അതിനു കാരണം. അങ്ങനെയുള്ള യുവാക്കളാകട്ടെ ഇനി മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്നത്‌.


This was published in e-malayalee on Sept. 23, 2012. Following are the comments received from readers: 

Mathew Moolecheril
2012-09-23 06:34:55
`വാനരന്മാരെന്തറിയുന്നു വിഭോ' ...........കുടിച്ചാലും കുടിച്ചില്ലെങ്കിലും കാശുണ്ടാക്കണം, അതിനു സ്വന്തം മക്കളെയും കുടുംബത്തെയും വരെ മറക്കുവാന്‍ മലയാളി തയ്യാര്‍., അതിനിടയില്‍ സമൂഹത്തെ ഉദ്ധരിക്കുവാന്‍ ആര്‍ക്കു നേരം. ഇവിടെ താങ്കള്‍ എടുത്തിട്ട പേരുകളില്‍ മിസ്റ്റര്‍ കെ.പി.ജോര്‍ജ്ജിനെ എനിക്കറിയാം. വളരെ നല്ല മനുഷ്യന്‍, കഴിവും വിവരവും ഉള്ളവന്‍ പക്ഷെ അതുകൊണ്ട് മാത്രം ഇവിടുത്തെ ഇലെക്ഷനില്‍ വിജയിക്കണമെന്നില്ല. അതുപോലെ താങ്കള്‍ പലരെയും ഈ ലേഖനത്തില്‍ കൂടെ വിസ്മരിക്കുകയും ചെയ്തു. ഒന്ന് മലയാളി സമൂഹത്തില്‍ നിന്നും ആദ്യമായ് രംഗപ്രവേശം ചെയ്ത ശ്രീ. ജോണ്‍ അബ്രഹാം-നെ. ഇന്ന് അദ്ദേഹം എവിടെയെന്നുപോലും ആര്‍ക്കും ശരിക്കും അറിഞ്ഞുകൂടാ. അതുപോലെ, ഈയിടെ ഖ്യൂന്സില്‍ നിന്നും മത്സരിച്ച ശ്രീ. സ്റ്റാന്ലി കളത്തറയെ അദ്ദേഹത്തിനു വേണ്ടി നമ്മുടെ മലയാളികള്‍ എന്ത് ഉപകാരമാണ് ചെയ്തത്........ അങ്ങനെ നിരവധി പേര്‍ പിന്നെ ഇവിടെയുള്ള സംഘടനകള്‍ നമ്മുടെ സമൂഹത്തിനു വേണ്ടി എന്താണ് ചെയ്യുന്നത്? കള്ളടി, ഫോട്ടോ എടുപ്പ്. ...... അങ്ങനെ അങ്ങനെ അല്ലാതെ..കൂടുതല്‍ എഴുതി നാക്ക് വെടക്കാക്കുന്നില്ല  .... ഏതായാലും ലേഖനം ഭാഷാശുദ്ധിയുള്ളതും ചിന്തകള്‍ നല്ലതും തന്നെ. അഭിനന്ദനങ്ങള്‍

വിദ്യാധരന്‍

2012-09-23 07:12:29
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം ഫോമ ഫോക്കാന അല്ലങ്കില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെ പ്രസിഡന്റോ സെക്രെടരിയോ ആകുക എന്നതാണ്. അല്ലെങ്കില്‍ മലയാളി അസോസിയേഷന്‍, അല്ലെങ്കില്‍ ഒരു ജില്ല ഉണ്ടാക്കി അതിന്റെ നേതാവ് ആകുക.  ചില അവന്മാര്‍ക്ക് ഇത് ഒന്നും ആകാന്‍ സാധിചില്ലങ്കില്‍ നിലവിലുള്ളതിനെ വികടിപ്പിച്ചു ഒരു നേതാവാകുകുക. അതിനു ശേഷം കേരളത്തില്‍ നിന്ന് ഏതെങ്കിലും ഒരു മന്ത്രിയെ കൊണ്ടുവന്നു സ്വീകരണം കൊടുത്തു കൂടെ നിന്ന് ഒരു ഫോട്ടോ ഷൂട്ട്‌,  പിന്നെ കപ്പലിലോ പറക്കും തളികയിലോ  ഒക്കെ വച്ച് ഒരു സമ്മേളനം.  അങ്ങനെ മലയാളിയുടെ ലോകം ഇവിടെ അവസാനിക്കുന്നു.  പിന്നെ ഒരിക്കലും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ അഗികരിക്കാന്‍ ആവില്ല. അസൂയയോ വിവരം ഇല്ലായിമയോ, ഹൃദയ വിശാലതയോ ഇല്ലായിമയോ ആണ് കാരണം.  ഒരു നേതാവെന്നോ ഒക്കെ മറ്റുള്ളവര്‍ വിളിക്കുന്ന വിളി കേട്ട് അവന്‍ " ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഒരു ആവണി തെന്നലായി മാറുന്നു"  അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരണമെങ്കില്‍ ആത്മവിശ്വാസം, അതമാര്‍ത്തത, മറ്റുള്ളവരെ തന്നെ പോലെ കാണാന്‍ ഉള്ള മനസ് തുടങ്ങിയവ ആവശ്യം ആണ് . അതില്ലാത്ത മലയാളികള്‍ ഒരിക്കലും അമേരിക്കന്‍ രാഷ്ട്രീയ ലോകത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല 

Joy Joseph
2012-09-23 07:36:15
"രാഷ്ട്രീയം" എന്ന പ്രയോഗത്തിന്റെ നിര്‍വ്വചനം അന്വേഷിക്കുന്നവര്‍ അതിവേഗത്തില്‍ എത്തിച്ചേരുന്ന സമഗ്ര ലളിതമായ ഒരുത്തരം ഇതാണ്‌- "രാഷ്ട്രത്തെ നിര്‍മ്മിക്കുന്ന ചാലക ശക്തിയാണ്‌ രാഷ്ട്രീയം." സ്വതന്ത്ര ഭാരതം എന്ന ജനാധിപത്യ രാജ്യത്തെ നിര്‍മ്മിച്ചത്‌ ആര്‌ എന്ന ചോദ്യത്തിന്‌ മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം എന്ന്‌ ഉത്തരം കിട്ടുന്നത്‌ അങ്ങനെയാണ്‌. നവഭാരത ശില്‍പി എന്ന്‌ ജവഹര്‍ ലാല്‍ നെഹ്രുവിനും നവ കേരള ശില്‍പി എന്ന്‌ ഇ.എം എസ്സിനും പേരു കിട്ടിയതും രാഷ്ട്രനിര്‍മ്മാണത്തിന്‌ ലഭിച്ച അംഗീകാരം തന്നെ.
രാഷ്ട്രത്തെ നിര്‍മ്മിക്കാനും നിര്‍ണ്ണയിക്കാനും മാറ്റിമറിക്കാനും മുന്നോട്ട്‌ നയിക്കാനും കെല്‍പ്പുള്ള ജനകീയോര്‍ജ്ജമാണ്‌ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചൈതന്യം. ജനമനസ്സില്‍ പരിക്കും പരിവര്‍ത്തനങ്ങളും സൃഷ്ടിക്കുന്ന സാഹിത്യാദി കലകള്‍ സാമൂഹ്യവിപ്ലവത്തില്‍ രാഷ്ട്രീയരഥത്തിന്റെ പിന്നണിപ്പടകള്‍ മാത്രമാണ്‌. നേതാക്കള്‍ ആകുവാന്‍ വേണ്ടി നേതാവ് ചമയുകയണോ ഇവിടെ എന്ന് തോന്നിപോകുന്നു. ആദ്യം വേണ്ടത് അമേരിക്കന്‍ രാഷ്ട്രിയം പഠിക്കുകയാണ്.ദിവസവും മലയാള പ്രസിധീകരണങ്ങളിലും മലയാളം ടെലിവിഷനിലും ഫാഷന്‍ ചിരിയുമായി  വരുന്നതല്ല   രാഷ്ട്രീയ സേവനം ....... 


SUJAN M KAKKANATT
2012-09-23 12:34:53
ഇത്തരം കരുത്തുള്ള പല ലേഖനങ്ങള്‍ എഴുതി മലയാളികളെ പ്രഭുധരിക്കാന്‍ മൊഇതിനെപൊലുല്ല കരുത്തന്മാര്‍  ഉണ്ടാകട്ടെ നമുക്ക്.  ധീരതയ്ക്ക് നന്ദി. നിരീക്ഷണത്തിനും അഭിനന്നനങ്ങള്‍.
Anthappana
2012-09-23 12:53:50
American Malayalees have to go a long way to get into the real politics of America.  For that the main hindrance is their lack of vision and cooperation.  The role models  of most of the Malayalees who wants to become the so called leaders are some of the rotten leaders of Kerala. And, if anyone follows them, t;he are doomed.  If you look at American Politics, and take examples of Dalip Singh (The first Indian American congressman), Bobby Jindal, and  Nikki Haily and they all loved this country, loved the people, and were able to connect withe problems of black, white, Hispanic, Indians and all people. And, the people elected them as their leaders.  If any Malayalee wants to be a real leader, ask themselves first, how sincere they are, ask their families support, and decide whether they should get into public service and dedicate their life for the building of this nation. (Politics means building the city).   The above said leaders became leaders because  they were able to attract voters from all kind of people including North Indians and Malayalees.  First take care of USA then Kerala.  Because this is where your children are going to live.
c.andrews;New Millennium Bible.gracepub@yahoo.com
2012-09-23 17:39:10
many malayalees are under the false notion that they have to support any and all malayalees who appear with an enlarged smile. Democracy has no connection to supporting your own people. If that was true; India would have been a Hindu nation.
You want to be in politics? you must be a nation builder, it doesn't matter where you came from. Do not support anyone blindly just because they came from India. It is stupid and undermines the prime principles of democracy. Freedom to express opinion is the core of democracy.
We live in USA and it is our country. Live; think and act accordingly.  

No comments:

Post a Comment