Sunday, September 9, 2012

നല്ല അയല്‍ക്കാര്‍ ഉണ്ടാകുന്നത്


അന്താരാഷ്ട്രതലത്തില്‍ സുപ്രധാനമായ ഒരു സംഭവവികാസമാണ് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനം.

മുടങ്ങിപ്പോയ സംയുക്ത സൈനികാഭ്യാസങ്ങള്‍ പുനഃരാരംഭിക്കാനും സൈനിക ഓഫീസര്‍മാരുടെ പരസ്പര സന്ദര്‍ശനം  തുടങ്ങാനും പോവുകയാണ്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രതിരോധമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമാണിത്. അടുത്തവര്‍ഷം ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ചൈനയിലേക്ക് പോകും. 2012 സൗഹൃദത്തിനും സഹകരണത്തിനും നീക്കിവെച്ച വര്‍ഷമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ സൈനികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതോടെ ഈ സൗഹൃദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് പ്രതീക്ഷ. കാരണം ലോകത്തില്‍ ഏറ്റവും വലിയ രണ്ട് സൈന്യങ്ങളാണ് ഇന്ത്യയുടെയും ചൈനയുടെയും.
 
ലോകസമാധാനം ഉറപ്പുവരുത്തുന്നതില്‍ രണ്ട് രാജ്യങ്ങളുടെയും സഹകരണം സഹായകരമായിത്തീരും എന്നകാര്യത്തില്‍ സംശയമില്ല. ഏഷ്യാ-പസഫിക് മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാനും അത് സഹായിക്കും. ഇരുരാജ്യങ്ങളും ചേര്‍ന്ന് നാവികസേനാ തലത്തില്‍ നടത്തുന്ന സംയുക്തനീക്കങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കടല്‍ക്കൊള്ളക്കാരുടെ ഭീഷണി ചെറുക്കാന്‍ ഉപകരിക്കും. സിറിയയിലെ ആഭ്യന്തരയുദ്ധം കരുവാക്കി പശ്ചിമേഷ്യയില്‍ സൈനികസാന്നിധ്യമുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും ഒരുമിക്കുന്നത് ലോകം വര്‍ധിച്ച പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യാ-ചൈനാ ബന്ധം വഷളാക്കുന്നതില്‍ അമേരിക്ക അവരുടേതായ പങ്ക് വഹിക്കാതിരിക്കില്ല. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപ്രധാന സഖ്യശക്തിയാക്കി മാറ്റാനുള്ള ശ്രമംതന്നെ ഇന്ത്യാ-ചൈനാ ബന്ധത്തില്‍ വിള്ളല്‍ വീഴത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
 
ഏഷ്യാ-പസഫിക് മേഖലയില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയെ എങ്ങനെ ഉപയോഗിക്കാമെന്നത് അമേരിക്കയുടെ പ്രധാന ഗവേഷണ വിഷയമാണ്. എന്നാല്‍ ഇന്ത്യയുടെ പൊതുതാല്‍പര്യങ്ങള്‍ സാമ്രാജ്യത്വ താല്‍പര്യങ്ങളുമായി ഇണങ്ങിപ്പോകുന്നതല്ല. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വിസ്മരിക്കാവതല്ല. അയല്‍രാജ്യമെന്ന നിലയില്‍ ചൈനയുമായുള്ള സൗഹൃദത്തിനും സഹകരണത്തിനും എന്നും ഇന്ത്യ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. 
അതിര്‍ത്തിത്തര്‍ക്കത്തിന്റെയും ഒരിക്കല്‍ നടന്ന യുദ്ധത്തിന്റെയും പേരില്‍ രണ്ടര ദശാബ്ദത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായി എന്നത് വസ്തുതയാണ്. ചൈനയുടെ ഭരണനേതൃത്വത്തില്‍ ഉണ്ടായ മാറ്റം ഉഭയകക്ഷി ബന്ധങ്ങളില്‍ ആശാവഹമായ വ്യതിയാനമുണ്ടാക്കി. പഴയ സൗഹൃദത്തിന്റെ നാളുകളിലേക്ക് പടിപടിയായെങ്കിലും തിരിച്ചുപോവുകയാണ് ഇരുരാജ്യങ്ങളും.
 
ഭിന്നതയുള്ള കാര്യങ്ങളെ മാറ്റിനിര്‍ത്തി യോജിക്കാവുന്ന പുതിയ മേഖലകളും സാധ്യതകളും ആരായുകയാണ്. ശീതയുദ്ധകാലം കഴിഞ്ഞതോടെ പുതിയൊരു ലോകക്രമം പടുത്തുയര്‍ത്താനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കേണ്ടത് ലോകജനസംഖ്യയില്‍ ആറിലൊന്ന് ഉള്‍ക്കൊള്ളുന്ന ഇന്ത്യയും ചൈനയുമാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി ശക്തിപ്പെട്ടുവരുന്ന 'ബ്രിക്‌സ്' രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പൊതുതാല്‍പര്യങ്ങള്‍ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകതന്നെ വേണം. 

സൈനികമേഖലയില്‍ പുനരാരംഭിച്ചിട്ടുള്ള സഹകരണബന്ധം വിപുലപ്പെടുത്താനും ഇതരമേഖലകളിലേക്ക് വ്യാപിപ്പിക്കാനും കഴിയുമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ശാക്തികമേഖലയായി ദക്ഷിണേഷ്യ മാറാതിരിക്കില്ല. പാകിസ്ഥാന്റെ നയസമീപനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രധാനരാജ്യമാണ് ചൈന. പുതിയ സൗഹൃദവലയത്തില്‍ പാകിസ്ഥാന്‍ കൂടി വരാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇന്ത്യാ-പാക് സൗഹൃദത്തിന് പുതിയ വാതിലുകള്‍ തുറക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്.

No comments:

Post a Comment