കഷ്ടകാലം വന്നാലും നല്ലകാലം വന്നാലും ആന പിടിച്ചാലും നില്‍ക്കില്ല എന്നൊരു ചൊല്ലുണ്ട്. നമ്മുടെയൊക്കെ കറുത്തമ്മയായ ഷീലയ്ക്കു വന്നുഭവിച്ചിരിക്കുന്നത് നല്ല കാലമാണോ പൊല്ലാക്കാലമാണോ എന്ന് കവടി നിരത്തേണ്ട കാലം. പക്ഷേ ഷീല കാണിപ്പയ്യൂരിനെ കണ്ടാല്‍ അദ്ദേഹം ഉടന്‍ പറയും; എന്റെ കറുത്തമ്മേ, കള്ളിച്ചെല്ലമ്മേ ഈ വയസ്സുകാലത്ത് ഈ സാഹസം വേണമായിരുന്നോ എന്ന് !
തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയെ അനശ്വരയാക്കിയ ഷീലയെ ഓര്‍ത്ത് ആ സിനിമ കണ്ട് സെഞ്ചുറി തികച്ചവരടക്കമുള്ള ആരാധകരും ഒരേ സ്വരത്തില്‍ പറയുമായിരിക്കും, കാണാപ്പൂമീനിനു പോകണ തോണിക്കാരീ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ആത്മഹത്യക്ക് ഒരുങ്ങണമായിരുന്നോ എന്ന്. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് ഷീല വൈകാതെ അറിയാന്‍ പോകുന്നേയുള്ളൂ. ചെന്നൈയില്‍ നിന്നു പറന്നു പറന്ന് ഷീല താണിറങ്ങിയത് വല്ല കണ്ടകടച്ചാണ്ടിയുടെയും മുന്നിലല്ല, സാക്ഷാല്‍ എ കെ ആന്റണിയുടെ സവിധത്തില്‍. ആന്റണിയുടെ പ്രിയതമ ഏലികുട്ടി എന്ന എലിസബത്ത് ആരതി ഉഴിഞ്ഞാണത്രേ ഔദേ്യാഗിക വസതിയിലേക്ക് ഷീലയെ വരവേറ്റത്.
കോണ്‍ഗ്രസ്സില്‍ ചേരാന്‍ മോഹമുണ്ടെന്ന കറുത്തമ്മയുടെ പ്രഖ്യാപനത്തില്‍ ചെങ്കോട്ടപോലും കോരിത്തരിച്ചു പോയി. രാഷ്ട്രപതി പ്രണബിന്റെ റെയ്‌സിന കുന്നുകളിലെ മുഗള്‍ ആരാമത്തില്‍ ആടിയുലയുന്ന പനിനീര്‍ പൂക്കള്‍ക്കുപോലും രോമാഞ്ചം. പാവാടപ്രായത്തില്‍ താമരമൊട്ടായിരുന്നപ്പോഴെ താന്‍ കോണ്‍ഗ്രസ്സാണെന്ന അവകാശവാദം. കരിമുകില്‍ കാട്ടിയാലും കോണ്‍ഗ്രസ് തനിക്കു രജനിതന്‍ വീടാണെന്ന വര്‍ണ്ണന. പിന്നെ രാഷ്്രടീയത്തില്‍ സിനിമാ താരങ്ങള്‍ക്കു ക്ലച്ചുപിടിക്കാറില്ലെന്ന ഒരു മോഹഭംഗ പഴമൊഴി. പണ്ട് നടന്‍ മുരളി കൊട്ടരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയോട് അടിതെറ്റി വീണ കഥ വരെ ഷീല ചികഞ്ഞെടുത്തു.
പക്ഷേ ചെമ്മീനില്‍ തന്നെ റൗക്കബ്ലൗസണിയിച്ച് ലോവെയിസ്റ്റ് ഹാഫ് ലുങ്കിയുടുപ്പിച്ച് കവിളില്‍ ചായംപുരട്ടി കറുത്തമ്മയാക്കിയ സംവിധായകന്‍ രാമു കാര്യാട്ടിനെ ഷീല മറന്നുപോയി. തൃശ്ശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി മത്സരിച്ച് കെട്ടിവച്ച കാശ് ഖജനാവിന് മുതല്‍ക്കൂട്ടാക്കിയ രാമുകാര്യാട്ടിനെ ഷീല ഓര്‍ക്കാതെ പോയത് ചരിത്രബോധമില്ലായ്മയോ നന്ദിയില്ലായ്മയോ കൊണ്ടാകാമെന്നു നാം മറക്കുക.
കോണ്‍ഗ്രസിലെത്തിയാല്‍ താന്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റും എന്ന മറ്റൊരു പ്രഖ്യാപനവും നടത്തി. ഷീലയെപ്പോലെ 'ബഹുമുഖ കല്ല്യാണപ്രതിഭ' യായ ശശിതരൂരിന് ഏഴാം കടലിനക്കരെ ഐക്യരാഷ്ട്രസഭയുടെ അടുക്കളയില്‍ നിന്ന് അനന്തപുരി വഴി പാര്‍ലമെന്റിലെത്താമെങ്കില്‍ തനിക്കും എന്തുകൊണ്ടായിക്കൂടാ എന്ന ധ്വനി പുതിയ കുടിേയറ്റ പ്രഖ്യാപനത്തില്‍ ഒളിഞ്ഞു കിടപ്പുണ്ടോ ആവോ !
അഭിനയത്തിന്റെ അങ്കവും കാണാം രാഷ്ട്രീയത്തിന്റെ താളിയുമൊടിക്കാം എന്ന മോഹവുമായി ഷീല ഇങ്ങുവന്നോട്ടെ എന്നു ഈര്‍ഷ്യ ഉള്ളിലൊതുക്കി ചിലര്‍ കെ പി സി സി ആസ്ഥാനത്ത് കറികത്തികളുമായി കാത്തുനില്‍ക്കുന്ന കാര്യം പാവം കറുത്തമ്മയുണ്ടോ അറിയുന്നു.
ബിന്ദുവും സിന്ധുവും ഷാനിയും പത്മജയും പോലുള്ള കനകതാരങ്ങള്‍ കോണ്‍ഗ്രസില്‍ ഷീലയുടെ രക്തത്തിനായ് കാത്തുനില്‍പ്പുണ്ട്. അപ്പോള്‍ പിന്നെ കറുത്തമ്മയ്ക്ക് കോണ്‍ഗ്രസില്‍ ഒരു മിശിഹ മാത്രമേ ഉണ്ടാകൂ. ആന്റണി. അദ്ദേഹം ഒരു രാജ്യസഭാ സീറ്റെങ്കിലും തരപ്പെടുത്തി തരാതിരിക്കുമോ. എങ്കില്‍ പിന്നെ ഹേമമാലിനിക്കും രേഖയ്ക്കും ജയാബച്ചനും സച്ചിനുമൊപ്പം അവിടെ അടിച്ചുപൊളിക്കാം. പക്ഷേ അകലെ ഒരു ചെമ്മീന്‍ ഗാനത്തിന്റെ ഈരടി കേള്‍ക്കുന്നു: കാണാപ്പൂ മീനിനു പോകണ തോണിക്കാരീ....
ഓണാഘോഷത്തിനിടയില്‍ മഹാബലിയും വാമനനും കോണ്‍ഗ്രസ്സായിരുന്നോ എന്നൊരു സംശയം. തലസ്ഥാനത്തെ ഓണാഘോഷകമ്മിറ്റിയിലെ മഹാബലി- വാമനന്‍ കളി കൊഴുത്തപ്പോഴായിരുന്നു ആ സംശയം പിറന്നത്.
ആഘോഷങ്ങള്‍ക്കു തിരിതെളിഞ്ഞ കനകകുന്ന് ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് എം എല്‍ എ കെ മുരളീധരനെ പ്രോട്ടോകോള്‍ മറയത്തെറിഞ്ഞ് ഉദ്ഘാടനചടങ്ങില്‍ ഭദ്രദീപം കൊളുത്തുന്നതിന്റെ ഏരിയയില്‍ പോലും അടുപ്പിക്കാതെ പരിപാടി തയ്യാറാക്കി. കലി മൂത്ത തന്നെ മാവേലിയെപ്പോലെ ചവിട്ടിത്താഴ്ത്തിയ പാലോട്- ശിവകുമാര്‍ വാമനന്മാരോടുള്ള പ്രതിഷേധ സൂചകമായി മുരളി സംഘാടക സമിതിയില്‍ നിന്നു രാജിവെച്ച് ഓണാഘോഷം ബഹിഷ്‌കരിച്ച് അടപ്രഥമനും ഉപ്പേരിയും കഴിച്ച് വീട്ടിലിരുന്ന് അമര്‍ഷത്തിന്റെ തിരുവോണത്തോണി തുഴയുകയായിരുന്നുവത്രെ. മണ്ഡലത്തിലെ അല്ലറ ചില്ലറ സാംസ്‌ക്കാരിക സംഘടനകളുടെ ഓണപ്പരിപാടികളില്‍ പങ്കെടുത്ത് തന്റെ മാവേലി ദു:ഖം യഥാര്‍ഥ മഹാബലിയെ അറിയിച്ചു നിവേദനവും നല്‍കി. കെ പി സി സി പുന:സംഘടനയില്‍ മുരളിയുടെ വീതത്തെക്കുറിച്ച് ഒരു സന്ദേശം കൂടിയായിരുന്നു ഓണക്കമ്മിറ്റിയുടെ ഘടനയെന്ന് എ, ഐ ഗ്രൂപ്പുകാര്‍ മഹാബലിയോട് അടക്കവും പറഞ്ഞത്രേ.
എന്തൊക്കെയായാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പാമ്പുകടിയേറ്റ് പരേലാകം പൂകിയ സര്‍പ്പസഹവാസയജ്ഞക്കാരന്‍ വേലായുധനോട് വെള്ളാപ്പള്ളി നടേശന്‍ ഉപമിച്ചത് മോശമായിപ്പോയി. തേരട്ട മുതല്‍ അണലിയും രാജവെമ്പാലയും വരെ വാഴുന്ന കൂട്ടില്‍ അവ പരസ്പരം കടിക്കാതെയും തനിക്കു കടിയേല്‍ക്കാതെയും പമ്മിക്കഴിയാനുള്ള സാമര്‍ഥ്യം ഈ ഭൂമി മലയാളത്തില്‍ ഉമ്മന്‍ചാണ്ടിക്കേയുള്ളൂവെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം.
അത്രയും വേണ്ടായിരുന്നു ഹരിത രാഷ്ട്രീയമെന്ന പച്ചോലപ്പാമ്പും പി സി ജോര്‍ജ്ജെന്ന രാജവെമ്പാലയും ലീഗെന്ന വിഷമിറങ്ങാത്ത അണലിയും വളഞ്ഞിട്ടു കൊത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ഇരുന്നൂറ്റി അന്‍പത്തെട്ടാമത്തെ സര്‍പ്പദംശനമേറ്റിട്ടും ജില്‍ജില്‍ പോലെ പിന്നെയും വിഷപാമ്പുകളെ പുണരുന്ന വാവസുരേഷിനോടെങ്കിലും വെള്ളാപ്പള്ളിക്ക് ഉമ്മന്‍ചാണ്ടിയെ ഉപമിക്കാമായിരുന്നു!
No comments:
Post a Comment