Wednesday, September 12, 2012

മകള്‍ ഒരുത്തന്റെ കൂടെ കഴിയുന്നു; പിതാവിന്‌ സന്തോഷം

`My daughter is living with a Guy' രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ റിട്ടയര്‍ ചെയ്‌ത്‌ പിരിഞ്ഞുപോയ എന്റെ ഒരു അമേരിക്കക്കാരന്‍ സഹപ്രവര്‍ത്തകനെ ഈയ്യിടെ കണ്ടപ്പോള്‍ കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. `എന്റെ മകള്‍ ഒരുത്തന്റെ കൂടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി  താമസിക്കുന്നു' എന്ന്‌ യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല.

അദ്ദേഹമത്‌ പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നത ഞാന്‍ ശ്രദ്ധിച്ചു. കാരണം, മൂന്നു പെണ്‍മക്കളുള്ള ഈ അമേരിക്കക്കാരന്റെ കുടുംബത്തെ എനിക്ക്‌ അടുത്തറിയാം. മൂന്ന്‌ പെണ്‍മക്കള്‍ ജനിച്ചപ്പോള്‍ മുതല്‍ ഓരോ വര്‍ഷവും അവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച്‌ പുതുവത്സരാശംസാ കാര്‍ഡുകള്‍ അച്ചടിച്ച്‌ എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന പതിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെയുമല്ല, ഈ കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്ന പതിവും ഉണ്ടായിരുന്നു. കാണാന്‍ നല്ല ചന്തമുള്ള മൂന്നു പെണ്‍കുട്ടികള്‍ ! അതും ഒന്നര മുതല്‍ രണ്ടു വയസ്സുവരെ പ്രായവ്യത്യാസത്തില്‍ ജനിച്ചവര്‍. കണ്ടാല്‍ മൂവരും ഒരുപോലെയിരിക്കും. ശൈശവ-ബാല്യ-കൗമാര ഘട്ടങ്ങളെല്ലാം കഴിഞ്ഞ്‌ യൗവനഘട്ടത്തിലെത്തിയ ആ കുട്ടികള്‍ ഒരു ഇന്ത്യന്‍ കുടുംബത്തിലെയായിരുന്നെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക്‌ ആധിയായിരിക്കും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ `വയറ്റില്‍ തീയായിരിക്കും !' പക്ഷേ, അമേരിക്കയില്‍ നേരെ തിരിച്ചാണ്‌ സംഭവിക്കുന്നത്‌.

സാധാരണ അമേരിക്കക്കാരെപ്പോലെ വഴിവിട്ട ബന്ധങ്ങളോ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ലാത്ത ഈ മുന്‍ നാഷണല്‍ ഗാര്‍ഡ്‌ ലഫ്‌റ്റനന്റ്‌, ഒരു മാതൃകാ കുടുംബനാഥനാണ്‌. ഭാര്യയാകട്ടെ അദ്ധ്യാപികയും! അതുകൊണ്ടുതന്നെ പലപ്പോഴും ഞങ്ങളുടെ സംസാരങ്ങളില്‍ രുടുംബകാര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തിരുന്നു. ചില സമയങ്ങളില്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ ഡാഡിയെ കാണാന്‍ വരുമായിരുന്നു. മക്കള്‍ അദ്ദേഹത്തിന്റെ ജീവനാണ്‌. അദ്ദേഹത്തിന്റെ ഓഫീസ്‌ മുറിയുടെ ചുമരുകള്‍ നിറയെ ഈ കുട്ടികള്‍ ജനിച്ച വര്‍ഷം മുതലുള്ള ഫോട്ടോകളെക്കൊണ്ട്‌ നിറച്ചിരിക്കുന്നതു കാണാന്‍ കൗതുകമാണ്‌. സ്വന്തം മക്കളെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു പിതാവ്‌ (അതും അമേരിക്കക്കാരന്‍) ഈ രാജ്യത്ത്‌ വേറെയുണ്ടോ  എന്നുപോലും ഞാന്‍ സംശയിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടികളുടെ വിവാഹക്കാര്യം ഇടക്കിടെ ഞാന്‍ സൂചിപ്പിക്കുമ്പോള്‍ ഒരു ചിരിയോടെ അദ്ദേഹം പറയും I am not worried about it. അതുകേട്ട്‌ ഞാന്‍ വാപൊളിക്കും. ഇപ്പോള്‍ മൂന്നു പെണ്‍മക്കളും മൂന്നു പുരുഷന്മാരുടെ കൂടെ എവിടെയോ താമസിക്കുകയാണ്‌. മൂവരും വീട്ടിലല്ല താമസിക്കുന്നതെന്നര്‍ത്ഥം ! `മൂത്ത മകളുടെ വിവാഹം?' ആകാംക്ഷ നിറഞ്ഞ എന്റെ ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ?She has already found a person and been living with him since last two years. He is a good guy. Let them decide when they wanted to get married !! രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും ഇന്ന്‌ ഓരോ പുരുഷന്മാരോടൊപ്പം എവിടെയോ താമസിക്കുന്നു. ഡാഡിയും മമ്മിയും അവരുടെ റിട്ടയര്‍മെന്റ്‌ ലൈഫ്‌ അടിച്ചു പൊളിക്കുന്നു !!

എന്റെ കൂടെ ഇപ്പോഴും ജോലി ചെയ്യുന്ന മറ്റൊരു വ്യക്തിയാകട്ടേ ഭാര്യയേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയുടെ അംഗലാവണ്യങ്ങളില്‍ മയങ്ങി അവരുടെകൂടെ താമസിക്കുന്നു ! കോളേജില്‍ പഠിക്കുന്ന മൂത്ത മകളെ കാണാന്‍ ഇടക്കിടെ കോളേജില്‍ പോകുമെന്നല്ലാതെ ദൈവത്തെ സാക്ഷി നിര്‍ത്തി തന്റെ പത്‌നിയായി സ്വീകരിച്ച, തന്റെ രണ്ടു കുട്ടികള്‍ക്ക്‌ ജന്മം കൊടുത്ത, സ്വന്തം ഭാര്യയെക്കുറിച്ച്‌ ചിന്തിക്കുന്നതേ ഇല്ല. അഭിപ്രായ വ്യത്യാസങ്ങള്‍കൊണ്ട്‌ അകന്നുപോയ ഇവരുടെ ഇടയില്‍ ആ കുട്ടികള്‍ ബലിയാടുകളായി.

അമേരിക്കയില്‍ ഇത്‌ ഒരു പുത്തരിയല്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ച്‌ സന്താനങ്ങളെ ഉല്‌പാദിപ്പിച്ച്‌ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്ന ഒരു സമൂഹമാണ്‌ അമേരിക്കയിലുള്ളത്‌. `എക്‌സും സ്റ്റെപ്പും' ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണ്‌. ഭാര്യയുടേയും ഭര്‍ത്താവിന്റേയും എക്‌സുകള്‍ (എക്‌സ്‌ ഹസ്‌ബന്റ്‌, എക്‌സ്‌ വൈഫ്‌) കൂടുമ്പോള്‍ മക്കള്‍ക്കത്‌ സ്റ്റെപ്പ്‌ ആകുന്നു (സ്റ്റെപ്പ്‌ ഫാദര്‍, സ്റ്റെപ്പ്‌ മദര്‍). ഈ പ്രതിഭാസത്തിന്‌ മാറ്റം വരണമെങ്കില്‍ അമേരിക്കന്‍ ചരിത്രം മാറ്റിയെഴുതണം. ലോകത്തെങ്ങും കാണാത്ത ഈ വികലമായ നിയമം അമേരിക്കയിലെങ്ങനെ വന്നു എന്ന്‌ ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം ആര്‍ക്കും തരാന്‍ കഴിയില്ല. സൗഭാഗ്യങ്ങള്‍ എല്ലാമുണ്ടെങ്കിലും കുടുംബ ഭദ്രതയില്ലാത്ത ജീവിതം ആഴിയിലകപ്പെട്ട പൊങ്ങുതടിപോലെയാണ്‌. എല്ലാം നേടിയിട്ടും എന്തിന്റെയോ ഒകു കുറവ്‌ അമേരിക്കയിലുണ്ടെന്ന്‌ ഇവിടത്തെ ജീവിതരീതി കണ്ടാല്‍ മനസ്സിലാകും. കുത്തഴിഞ്ഞ കുടുംബജീവിതം നയിക്കുന്നവര്‍ അമേരിക്കയിലെപ്പോലെ മറ്റൊരു രാജ്യത്തും കാണുകയില്ല എന്നു ചുരുക്കം.

പുതുമ തേടിയുള്ള പരക്കം പാച്ചിലില്‍ മാനസികവും ശാരീരികവുമായി ആരുമായും ബന്ധപ്പെടാത്തവര്‍ പോലും സ്വാതന്ത്ര്യതല്‍പരരായി, വൈവാഹിക ജീവിതത്തിന്റെ പാരതന്ത്ര്യത്തെ ഭയന്ന്‌ അവിവാഹിതരായി കഴിയാന്‍ ഇഷ്ടപ്പെടുന്നു. ഈ വിഭാഗത്തില്‍പെടുന്നവന്നടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചു വരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.

അമേരിക്കന്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 50 ശതമാനം കുട്ടികളും ശിഥില കുടുംബങ്ങളില്‍ മാതൃസ്‌നേഹമോ പിതൃസ്‌നേഹമോ നിരാകരിക്കപ്പെട്ടവരാണെന്നും വൈവിധ്യ മാനസിക സംഘര്‍ഷങ്ങളില്‍ അസ്വസ്ഥരാണെന്നുള്ളതാണ്‌ സത്യം. സ്‌കൂളുകളില്‍ കുട്ടികള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളുടെ പിന്നാമ്പുറ പശ്ചാത്തലത്തില്‍ ശിഥില കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ആര്‍ക്ക്‌ നിഷേധിക്കാനാവും  അച്ഛന്റെ രണ്ടാം ഭാര്യയോടോ മൂന്നാം ഭാര്യയോടോ, അച്ഛനെ ഉപേക്ഷിച്ച അമ്മയുടെ പുതിയ ബോയ്‌ഫ്രണ്ടിനോടോ ഒരു കുട്ടിയില്‍ വളര്‍ന്നുവരുന്ന വിദ്വേഷത്തിന്റെ കരിനിഴല്‍ ആ കൂട്ടിയെ കൊണ്ടെത്തിക്കുന്ന അന്ധകാരത്തെക്കുറിച്ച്‌ അജ്ഞത നടിക്കുന്ന കുടുംബക്കോടതികള്‍ ഈ താന്തോന്നിത്തത്തിന്‌ ഉത്തരവാദികളാണ്‌. ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹിക്കുന്ന വിഹിതം കൊടുത്താല്‍ ആര്‍ക്കും പുതിയ കാമുകിക്കൊപ്പം ഇറങ്ങിപ്പോകാനുള്ള വിധി പ്രഖ്യാപിക്കുന്ന ഈ കോടതികളെയാണ്‌ ആദ്യം ശിക്ഷിക്കേണ്ടത്‌.

ഏതിനേയും അന്ധമായി അനുകരിക്കുന്ന ചില ഇന്ത്യന്‍ (മലയാളികള്‍) മാതാപിതാക്കള്‍ അവരവരുടെ മക്കളെ ചെറുപ്രായത്തില്‍ തന്നെ സായിപ്പിന്റെ ജീവിതരീതി അനുകരിക്കാന്‍ പ്രേരിപ്പിക്കുകയോ അനാവശ്യമായ ലാളനയുടെ പേരില്‍ അവരെ മന്ദബുദ്ധികളാക്കുകയോ ചെയ്യുന്നു. വീട്ടില്‍ ഇന്ത്യന്‍ സംസ്‌ക്കാരം നുണഞ്ഞിറക്കാന്‍ പ്രേരിതരായ കുട്ടികള്‍ സ്‌കൂളുകളില്‍ അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ വേലിക്കെട്ടുകള്‍ക്കിടയില്‍ ബന്ധനസ്ഥരാക്കുന്നു. ഇന്ന്‌ സംസ്‌ക്കാരങ്ങളിലുമുള്ള നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ നല്ലതു മാത്രം സ്വീകരിക്കുന്നതിനു പകരം തിന്മകളുടെ പുറകെ പോകാനാണ്‌ മിക്ക കുട്ടികളും ഔത്സുക്യം കാണിക്കാറ്‌.

കേരളത്തിലാകട്ടേ പാശ്ചാത്യ സംസ്‌ക്കാരത്തെ അപ്പാടെ അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹമാണ്‌ വളര്‍ന്നു വരുന്നത്‌. അവിടെ ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ സംസ്‌ക്കാര പൈതൃകത്തേയും, സമൂഹ മൂല്യങ്ങളേയും മാറ്റി മറിച്ചിരിക്കുകയാണ്‌. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ അനുഭവ സമ്പന്നരായ പഴമക്കാരുടേയും കുടുംബ കാരണവന്മാരുടേയും നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലയില്ലാതായി. പരസ്‌പര ധാരണയും സ്‌നേഹ ബന്ധങ്ങളും ഇല്ലാതായി.

അണുകുടുംബ സംസ്‌ക്കാരം വ്യാപകമായതോടെ മാതാപിതാക്കളും മക്കളുമായുള്ള ആശയവിനിമയം ഒട്ടുമില്ലാതായി. കുടുംബത്തെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആര്‍ക്കും സമയമില്ല. പരസ്‌പരം സ്‌നേഹം കൈമാറാനും ആശയവിനിമയങ്ങള്‍ നടത്താനും സമയമില്ലാതായി. തീന്‍മേശയില്‍ പോലും ഒത്തുചേരാന്‍ കഴിയാത്തത്ര തിരക്കിന്റേയും മോഹങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടവും ദിവസങ്ങള്‍ക്ക്‌ ദൈര്‍ഘ്യമില്ലാത്ത പോലെയായി.

പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അവര്‍ വളരുന്നതിനൊപ്പം അവരെക്കുറിച്ചുള്ള ആധിയോടെ മാതാപിതാക്കള്‍ കഴിഞ്ഞികുന്ന കാലം അസ്‌തമിച്ചു. ഇന്ന്‌ പെണ്‍കുട്ടികളെ പരിഷ്‌ക്കാരത്തിന്റെ പേരു പറഞ്ഞ്‌ ആണ്‍കുട്ടികള്‍ക്ക്‌ വിട്ടുകൊടുക്കാനും, സൗഹൃദം കൂടാനും, സ്റ്റഡി ടൂര്‍, പിക്‌നിക്‌, ഡേറ്റിംഗ്‌ തുടങ്ങി പല പേരിലും എത്ര ദിവസം വേണമെങ്കിലും ആണിനും പെണ്ണിനും സ്വതന്ത്രമായി സമൂഹത്തേയോ സംസ്‌ക്കാരത്തേയോ കടുംബത്തേയോ ആരേയും ഭയപ്പെടാതെ ഇടപഴകി ജീവിക്കാന്‍ ഒരു തടസ്സവും ഇല്ലാത്ത വിധം ജനങ്ങള്‍ മാറിയിരിക്കുന്നു.

കുത്തഴിഞ്ഞ കുടുംബജീവിതത്തിന്‌ അമേരിക്കയില്‍ നിയമസംരക്ഷണമുണ്ടെങ്കില്‍ ഇന്ത്യയിലെ സ്ഥിതി അതല്ല. ഡെന്മാര്‍ക്കിലെപ്പോലെ പരസ്യമായ ലൈംഗീകത നിയമ വിധേയമല്ലെങ്കിലും, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലൈംഗീകതയും സെക്‌സ്‌ പ്രദര്‍ശനവും കുറ്റകരമല്ല. നിയന്ത്രണമൊന്നുമില്ലാതെ ആരുമായും എവിടെ വെച്ചും ലൈംഗീകത ആകാമെന്ന അലിഖിത നിയമം നില നില്‌കുന്ന, അല്ലെങ്കില്‍ സമൂഹം അതൊരു വലിയ തെറ്റായി കാണാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ നമ്മുടെ നാടും ഇടംപിടിക്കുകയാണ്‌.

പന്ത്രണ്ടുവയസ്സുകാരി മകള്‍ക്ക്‌ ബോയ്‌ഫ്രണ്ടില്ലെങ്കില്‍ അവള്‍ക്ക്‌ എന്തെങ്കിലും കുഴപ്പം കാണുമെന്ന്‌ സംശയിച്ച്‌ ഡോക്ടറെ കാണുന്ന മാതാപിതാക്കള്‍ അമേരിക്കയിലുണ്ട്‌. നാട്ടിലാകട്ടേ പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ഫ്രണ്ടിനെ തരപ്പെടുത്തിക്കൊടുക്കാന്‍ ചില മാതാപിതാക്കള്‍ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നു. മോഡേണൈസേഷന്റെ പേരിലാണ്‌ ഇതെല്ലാം ചെയ്യുന്നതെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഏറെയാണെന്ന്‌ വാര്‍ത്തകളിലൂടെ നാം നിത്യവും കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്‌. അന്ധമായ അനുകരണമാണ്‌ അതിനു കാരണം.



No comments:

Post a Comment