Tuesday, September 11, 2012

ഭക്തരെ തല്ലിക്കൊല്ലുന്ന വള്ളിക്കാവമ്മ

 പണയപ്പെടുത്തിയ വാച്ച് തിരിച്ചെടുക്കാന്‍ പണവുമായി വന്ന ഭക്തനെ തല്ലിക്കൊല്ലുന്ന ‘ബ്രഹ്മചാരികളെപ്പറ്റി’ കേട്ടിട്ടുണ്ടോ. സാക്ഷാല്‍ മാതാ അമൃതാനന്ദമയിയുടെ ‘വത്തിക്കാനായ’ കൊല്ലം വള്ളിക്കാവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ 1990ല്‍. മരിച്ചത് ചില്ലറക്കാരനായിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. തൃശൂര്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ് ഡിപാര്‍ട്മെന്‍റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ മഠത്തില്‍ പറമ്പില്‍ നാരായണന്‍കുട്ടിയായിരുന്നു ആ ഹതഭാഗ്യന്‍. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍െറയും, മുന്‍ മന്ത്രി വി.വി. രാഘവന്‍െറയും അടുത്ത ബന്ധുവും, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പ്രഫ.വി. അരവിന്ദാക്ഷന്‍െറ സഹോദരനുമാണ് നാരായണന്‍ കുട്ടി. സത്നംസിങ്ങിനെപ്പോലെ ബിഹാറില്‍നിന്ന് വന്ന ‘പരദേശി’യല്ല. കേരളത്തില്‍ ഉദ്യോഗസ്ഥ- ഭരണതലത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തിയാണ്.

അന്ന് കൊല്ലത്തെ തുള്ളല്‍ക്കാരി സുധാമണി , ലോകമെമ്പാടും ശാഖകളുള്ള ആത്മീയ സാമ്രാജ്യത്തിന്‍െറ അധിപയായിരുന്നില്ല. ആശുപത്രികളും, ചാനലും, സ്വാശ്രയകോളജുകളുമൊക്കെയായി കോടികളുടെ സ്വത്ത് ഉണ്ടായിരുന്നില്ല. ഭരിക്കുന്നതാവട്ടെ കയ്യൂര്‍ സമരനായകന്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാറും. നാരായണന്‍ കുട്ടിയുടെ ദുരൂഹമരണം സംബന്ധിച്ച് സാക്ഷാല്‍ അച്യുതമേനോന്‍ നേരിട്ട് നായനാര്‍ക്ക് പരാതി നല്‍കിയിട്ടും പേരിന് ഒരു അന്വേഷണമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇന്ന് സത്നംസിങ്ങിന്‍െറ മരണം അമൃതാനന്ദമയീ ഭക്തയായ ഐ.ജി ബി. സന്ധ്യയെക്കൊണ്ട് അന്വേഷിപ്പിച്ചപോലെ.
അന്ന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇന്നാണോ അന്വേഷണം മര്യാദക്ക് നടക്കുക. അതും മന്ത്രിമാരില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും കടുത്ത ‘അമ്മ’ ഭക്തരായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്ളപ്പോള്‍. സന്ധ്യ ‘അമ്മ’ ഭക്തയാണെന്ന് മാത്രമല്ല അവരുടെ ഏകമകള്‍ കൊച്ചിയില്‍ അമൃതാനന്ദമയി മഠത്തിന്‍െറ നിയന്ത്രണത്തിലുള്ള ഇടപ്പള്ളിയിലെ മെഡിക്കല്‍ കോളജിലാണ് എം.ബി.ബി.എസ് പഠിക്കുന്നതെന്നും കൂട്ടിവായിക്കണം. സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാരുടെ മക്കളും 30ലക്ഷം രൂപ ‘സംഭാവനയുണ്ടെന്ന്’ പറയുന്ന, പ്രതിവര്‍ഷം മൂന്നുലക്ഷം ഫീസുള്ള ഇവിടെയാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിന്‍െറ പൊലീസ് അമൃതാനന്ദമയി മഠത്തെ ഒലത്തിക്കളയുമെന്ന് (വാക്കിന് കടപ്പാട് സി.പി.എം നേതാവ് എം.എം.മണിക്ക്) ആരും കരുതേണ്ടെന്ന് ചുരുക്കം.

വെറുമൊരു വാച്ച് വരുത്തിയ വിന
നാരായണന്‍കുട്ടിയുടെ ദുരന്തത്തിലേക്ക് തിരിച്ചുവരാം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ദേശാഭിമാനി, ജനയുഗം, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ ചുരുക്കമാണ് ചുവടെ. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറും കേസ് സാധൂകരിക്കുന്നു. 1990 ഫെബ്രുവരിയിലാണ് നാരായണന്‍ കുട്ടിയും, തൃശൂര്‍ ഹെഡ്പോസ്റ്റോഫിസില്‍ ക്ളര്‍ക്കായ ഭാര്യ സിംപതിയും രണ്ടുമക്കളും കൊല്ലം വള്ളിക്കാവ് ആശ്രമത്തിലെത്തുന്നത്. രണ്ടാഴ്ച താമസിച്ചതോടെ കൈയിലെ കാശുതീര്‍ന്നു. വണ്ടിക്കൂലിക്ക്പോലും പണമില്ലാതായതോടെ ഇയാള്‍ കൈയിലുള്ള വാച്ച് അവിടെയുള്ള ‘ബ്രഹ്മചാരികള്‍ക്ക്’ പണയംവെച്ച് 700രൂപ കടം വാങ്ങി. ഒരാഴ്ചകഴിഞ്ഞ് നാരായണന്‍കുട്ടി തിരികെ വാച്ചെടുക്കാനായി ഒറ്റക്ക് ആശ്രമത്തിലെത്തി. 700 രൂപ നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാച്ച് തിരികെ കിട്ടാതായതോടെ ഇയാള്‍ പണം തിരിച്ചുചോദിച്ചു. ക്രൂരമര്‍ദനമായിരുന്നു ഫലം. ഒടുവില്‍ എങ്ങനെയോ തോണിയില്‍ അക്കരെ എത്തിയ നാരായണന്‍ കുട്ടി, നാട്ടുകാരില്‍ ചിലരെക്കൂട്ടി വീണ്ടും ആശ്രമത്തിലെത്തി. അവര്‍ കാലെടുത്തുകുത്തിയപ്പോള്‍ ബ്രഹ്മചാരികള്‍ എന്ന ബ്ളാക് ക്യാറ്റ്സ് മര്‍ദനം തുടങ്ങി. ആശ്രമ അധികൃതരുടെ പരാതിയനുസരിച്ച് കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടി. അങ്ങനെ വാദി, ആശ്രമത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പ്രതിയായി. ലോക്കപ്പിലിട്ട് പൊലീസും നന്നായി പെരുമാറിക്കാണണം. എന്തായാലും 1990 ഏപ്രില്‍ നാലിന് നാരായണന്‍കുട്ടിയുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കണ്ടത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒന്നും രണ്ടുമല്ല ഒരു ഡസനിലേറെ ദുരൂഹമരണങ്ങളാണ് അമൃതാനന്ദമയി മഠത്തെ ചുറ്റിപ്പറ്റി ഉണ്ടായത്. ശ്രീനി പട്ടത്താനം എഴുതിയ ‘ മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാര്‍ഥ്യവും’ എന്ന പുസ്തകത്തിലും യുക്തിവാദി സംഘം പുറത്തിറക്കിയ നിരവധി പുസ്തകങ്ങളിലും ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

സഹോദരന്‍ തൊട്ട് സത്നംസിങ് വരെ
സുധാമണി തുള്ളിക്കൊണ്ട് ഫലം പ്രവചിക്കുന്നതിനെയും കൃഷ്ണഭാവം ആടുന്നതിനെയും എക്കാലവും എതിര്‍ത്തുവന്ന വ്യക്തിയായിരുന്നു സഹോദരന്‍ സുഭഗന്‍. ഇക്കാര്യത്തെചൊല്ലി ഇദ്ദേഹം സുധാമണിയെ മര്‍ദിക്കുകവരെയുണ്ടായിരുന്നെന്ന് അമൃതാനന്ദമയിയുടെ ഔദ്യാഗിക ജീവചരിത്രത്തിലുമുണ്ട്. സുഭഗനെ ഒരു സുപ്രഭാതത്തില്‍ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ഒരു വിഭാഗം നാട്ടുകാരും, സി.പി.എം പ്രാദേശികനേതൃത്വവും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല ( ഭക്തരുടെ ദുരിതങ്ങള്‍ പ്രവചിക്കുന്ന ദൈവത്തിന് സ്വന്തം സഹോദരന്‍െറ ദുരന്തം പ്രവചിക്കാനാവാതിരുന്നതും വിധിയുടെ വിളയാട്ടം).

സത്നംസിങ്ങുമായി ഏറെ സാമ്യമുള്ളതാണ് ചരിത്രകാരന്‍ ധരംധറിന്‍െറ മരണം. ബനാറസ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോള്‍ അധ്യാത്മിക വിഷയങ്ങളില്‍ ആകൃഷ്ടനായ ഇദ്ദേഹം തുടര്‍ന്നുള്ള ജീവിതകാലം ആത്മീയ അന്വേഷണങ്ങള്‍ക്ക് മാറ്റിവെച്ചു. 96 മുതല്‍ വള്ളിക്കാവിലെ അന്തേവാസിയായ ധരംധര്‍ 2000 ജൂലൈ 15നാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം ദഹിപ്പിച്ചു. മരണവിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് സുഹൃത്തുക്കള്‍ എങ്ങനെയോ വിവരമറിയുന്നത്. അവര്‍ പൊലീസിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതികളും മായയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.

ഏറെ വിവാദങ്ങള്‍ക്ക് തിരിയിട്ട മറ്റൊരു മരണമായിരുന്നു അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനും, ഭക്തയുടെ മകളുടെ ഭര്‍ത്താവുമായ പ്രദീപ്കുമാറിന്‍െറ കസ്റ്റഡിമരണം. കൊച്ചി ഫിഷിങ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു പ്രദീപ്. അമൃതാനന്ദമയിയുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടന്നത്. എന്നാല്‍, കല്യാണത്തിനുകിട്ടിയ സ്വര്‍ണത്തെയുംപണത്തെയും ചൊല്ലി പ്രദീപ്കുമാറും അമൃതാനന്ദമയിയുടെ പിതാവ് സുഗുണനുമായി തര്‍ക്കമുണ്ടായിരുന്നെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. എന്തായാലും കൊച്ചി ഫിഷിങ് ഹാര്‍ബറിലേക്ക് ജോലിക്കുപോയ പ്രദീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 1994 ആഗസ്റ്റ് 16ന് പ്രദീപ് മരിച്ചു. മഠത്തിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് പെരുമാറിയതാണ് മരണകാരണമെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം പതിവുപോലെ ധൂളിയായി.
പറയക്കടവിലെ ഭാസ്കരദാസിന്‍െറ ദുരൂഹ മരണത്തിലും മഠം പ്രതിക്കൂട്ടിലായി. തികഞ്ഞ ആശ്രമവാസിയും സംസ്കൃത പണ്ഡിതനുമായ ദാസ്, വള്ളിക്കാവ് ആശ്രമത്തില്‍നിന്ന് പതിവുപോലെ ഭാഗവത പാരായണവും കഴിഞ്ഞ്, ഒരു ഗ്ളാസ് പാല്‍ കുടിച്ച് തിരികെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്. ഈ വിഷയം ആസ്പദമാക്കി പ്രദേശത്തെ ചിലര്‍ നാടകമെഴുതി അവതരിപ്പിച്ചെങ്കിലും, പൊലീസ് അവരെ വേട്ടയാടുകയായിരുന്നു.

തീരത്തടിയുന്ന ജഡങ്ങള്‍; കെട്ടിടത്തില്‍നിന്ന് വീഴുന്നവര്‍
ഇടക്കിടെ ചില മൃതദേഹങ്ങള്‍ മഠത്തിനരികെ കടല്‍തീരത്തടിയും. ചിലര്‍ കെട്ടിടത്തില്‍നിന്ന് വീണു മരിക്കും. പലതും പുറംലോകം അറിയാറില്ല. 2001 സെപ്റ്റംബര്‍ ആറിന് മുംബൈ സ്വദേശി രാമനാഥ അയ്യര്‍ വള്ളിക്കാവ് മഠത്തിലെ 12ാം നിലയില്‍നിന്ന് വീണു മരിച്ചത് വാര്‍ത്തയായിരുന്നു. ആശ്രമത്തിലെ അന്തേവാസിയും കര്‍ണാടകയിലെ ബീജാപുര്‍ സ്വദേശിയുമായ സിദ്ധരാമന്‍ എന്ന 22കാരന്‍െറ മൃതദേഹം 98 മേയ് രണ്ടിന് കരക്കടിഞ്ഞു. 97 ഏപ്രില്‍ പത്തിന് ആശ്രമത്തിന്‍െറ തെക്കുവശത്ത് മറ്റൊരു അന്തേവാസിയുടെ മൃതദേഹവും കരക്കടിഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഭാരതീയ യുക്തിവാദി സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മഠത്തിനുവരുന്ന വിദേശ പണത്തിന്‍െറയടക്കം ഉറവിടം സി.ബി.ഐ അന്വേഷിക്കണമെന്നും സംഘം പരാതിയില്‍ ഉന്നയിച്ചിരുന്നു. പരാതി ചവറ്റുകുട്ടക്ക് മാറ്റുകൂട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ ഒളിക്കാനും മറക്കാനും ഒരുപാടുണ്ടാവുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ പണം വരുന്നത് അമൃതാനന്ദമയി ട്രസ്റ്റിനാണ്. സ്ഥാപനങ്ങള്‍ ഒന്നൊന്നായി കെട്ടിപ്പൊക്കി അവര്‍ സി.പി.എമ്മിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സംഘടനയായി. അങ്ങനെ വളര്‍ന്ന് പന്തലിക്കുമ്പോള്‍ ആശ്രമം മുഴുവന്‍ ഒളികാമറകള്‍ വെക്കേണ്ടിവരുന്നു. ബ്രഹ്മചാരികള്‍ ബ്ളാക് ക്യാറ്റുകളാവുന്നു ( 90കളില്‍ നാരായണന്‍ കുട്ടിയെ മര്‍ദിച്ച അതേ മോഡല്‍ കാഷായ ബ്ളാക് ക്യാറ്റുകളാണ്, ഈയടുത്ത് അമൃത ആശുപത്രിയില്‍ നക്കാപ്പിച്ച വേതനത്തിന് ജോലിമടുത്ത് സമരംചെയ്ത നഴ്സുമാരുടെ മുട്ടിന്‍െറ ചിരട്ട അടിച്ചുപൊട്ടിച്ചത്. ലോക സമസ്താ സുഖിനോ ഭവന്തു!). ശത്രുക്കള്‍ ഏതു നിമിഷവും പിറകിലുണ്ടെന്ന സംശയം പടരുന്നു. ആ സംശയരോഗമാണ് പാവം സത്നംസിങ്ങിന്‍െറ ജീവനെടുത്തത്.

ഇത് അമൃതാന്ദമയി മഠത്തിന്‍െറ മാത്രം കഥയല്ല. ആള്‍ദൈവ വ്യവസായം ചിട്ടയും വ്യവസ്ഥാപിതവുമായി നടത്തുന്ന ലോകത്തെല്ലായിടത്തും ഇത്തരം ദുര്‍മരണങ്ങള്‍ പതിവാണ്.

പോട്ട തൊട്ട് ബാബ വരെ
ഏര്‍വാടി ദര്‍ഗയിലും, പോട്ട ധ്യാനകേന്ദ്രത്തിലും സായിബാബ ആശ്രമത്തിലും ഇത്തരം ദുരൂഹമരണങ്ങളും പീഡനവാര്‍ത്തകളും പതിവാണ്. ഏര്‍വാടി ദര്‍ഗയില്‍ രോഗികളെ ക്രൂരമായി മര്‍ദിച്ച് ചങ്ങലക്കിടുന്നത് നേരിട്ടുകണ്ട ഈ ലേഖകന് തല കറങ്ങിപ്പോയിട്ടുണ്ട്. നല്ല ആരോഗ്യമുള്ളവരെ ചങ്ങലക്കിട്ട് കടപ്പുറത്തെ പൊരിവെയിലില്‍ ‘ഉണക്കിയെടുക്കുകയാണ്’ ഇവിടത്തെ മറ്റൊരുരീതി. നൂറുകിലോ തൂക്കമുള്ളവനെ ഇങ്ങനെ ഒരാഴ്ച പട്ടിണിക്കിട്ട് ഉണക്കിക്കഴിഞ്ഞാല്‍ കൊതുമ്പുപോലെയാവും. പിന്നെ അവനെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. മലയാളികള്‍ ധാരാളമായെത്തുന്ന ഈ ദര്‍ഗയില്‍ ഇതുവരെ എത്രപേരെ തല്ലിക്കൊന്നെന്ന് ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇവിടെ തീ പിടിച്ചപ്പോള്‍ ചങ്ങലക്കിട്ട നിരവധി രോഗികള്‍ വെന്തുമരിച്ചപ്പോള്‍ മാത്രമാണ് പേരിന് ഒരു അന്വേഷണമെങ്കിലും ഉണ്ടായത്.

മുരിങ്ങൂര്‍ പോട്ട ധ്യാനകേന്ദ്രത്തിന്‍െറ സ്ഥിതിയാണെങ്കില്‍ പറയുകയും വേണ്ട. അവിടത്തെ ദുരൂഹമരണങ്ങളെപ്പറ്റി എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്‍െറ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു കണ്ടെത്തി, ഹൈകോടതിക്ക് കൈമാറിയത്. എന്നാല്‍, സുപ്രീംകോടതിയില്‍ ‘സാമൂഹിക നീതിക്ക്’ പേരുകേട്ട ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ അടുത്തെത്തിയതോടെ പോട്ട കേസും പൊട്ടയായി.

പുട്ടപര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളിയടക്കം ആറുപേര്‍ മരിച്ചതും സായിബാബ തലനാരിഴക്ക് രക്ഷപ്പെട്ടതും ആരും മറന്നിട്ടുണ്ടാവില്ല. ബാബയുടെ സന്തത സഹചാരിയായിരുന്ന താള്‍ ബ്രൂക്ക് എന്ന സായിപ്പ് എഴുതിയ ലോര്‍ഡ് ഓഫ് എയര്‍ (വായുഭഗവാന്‍) എന്ന പുസ്തകത്തില്‍ നിറയെ മഞ്ഞപ്പുസ്തകങ്ങളെ അമ്പരപ്പിക്കുന്ന ബാബയുടെ രതി വൈകൃത ലീലകളാണ് (കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ബാബയുടെ ദര്‍ശനശേഷം ഉണ്ണി പിറക്കുന്നതിന്‍െറ ടെക്നിക്കും താള്‍ സായ്വ് ഇതില്‍ വിശദീകരിക്കുന്നു!). മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ തലയില്‍ ചവിട്ടി അനുഗ്രഹിക്കാന്‍ തക്ക ശക്തനായ ബാബയെ ആരു തൊടാന്‍.

മതവുമായി ബന്ധപ്പെട്ട ഒരു കേസിലും ഇന്ത്യയില്‍ നല്ലരീതിയില്‍ അന്വേഷണം നടക്കാറില്ല. ചേകന്നൂര്‍ മൗലവി കേസുതൊട്ട് സിസ്റ്റര്‍ അഭയ കേസുവരെ ഉദാഹരണം. കെനിയയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ബിഷപ് കൂണ്ടുകുളം തിരുമേനിയുടെ കൈയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വര്‍ണക്കുരിശുകള്‍ എവിടെപ്പോയി എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരംവേണ്ടവര്‍ ലോനപ്പന്‍ നമ്പാടന്‍െറ ആത്മകഥ, ‘സഞ്ചരിക്കുന്ന വിശ്വാസി’ വായിക്കുക. എന്തിനധികം, സഭയിലെ ഉന്നതര്‍ ബാലപീഡനത്തിലടക്കംപെട്ടതിന് എത്രകോടിയാണ് വത്തിക്കാന്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്.

ഇതു പറയുമ്പോള്‍ സായിബാബയടക്കമുള്ളവര്‍ ചെയ്ത സാമൂഹിക സേവനം പറഞ്ഞാണ് ആരാധകര്‍ പ്രതിരോധിക്കുക. പുട്ടപര്‍ത്തിയിലെയും വൈറ്റ് ഫീല്‍ഡിലെയും കാഷ്കൗണ്ടറില്ലാത്ത, ലോകത്തിലെ അത്യപൂര്‍വ ആശുപത്രികള്‍ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കേണ്ടതുതന്നെയാണ്. പക്ഷേ, ഇത് എന്തും ചെയ്യാനുള്ള ലൈസന്‍സാണോ. ആളുകളെ തല്ലിക്കൊന്നാല്‍ കേസെടുക്കേണ്ട എന്നാണോ. നൂറുപേര്‍ക്ക് തൊഴില്‍ കൊടുത്താല്‍ തലമുറകള്‍ ഉപയോഗിക്കുന്ന ഒരു പുഴയെ മലിനപ്പെടുത്താമെന്ന, ഗ്രാസിം സമരകാലത്ത് സജീവമായിരുന്ന പൊതുബോധംപോലെ തന്നെയാണിതും. പിന്നെ ആരാണിവിടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താത്തത്. വീരപ്പന്‍ ആദിവാസികള്‍ക്കിടയിലും ദാവൂദ് ഇബ്രാഹിം മുംബൈ ചുവന്ന തെരുവിലും ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയെന്നോര്‍ക്കണം.
മാധ്യമങ്ങളുടെ തമസ്കരണം
ചുരുക്കിപ്പറഞ്ഞാല്‍ ക്രിമിനല്‍ നടപടി ചട്ടം ബാധകമല്ലെന്ന രീതിയില്‍ ചിലരെയൊക്കെ പൊക്കിവിട്ടതിന്‍െറ അനിവാര്യമായ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സന്തോഷ് മാധവന്‍ പിടിയിലായപ്പോള്‍ ചെറുകിട സിദ്ധന്മാരുടെയും സ്വാമിമാരുടെയും താടി വടിക്കുകയും ആശ്രമം തല്ലിത്തകര്‍ക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐവരെ കോര്‍പറേറ്റ് ആള്‍ദൈവങ്ങള്‍ക്കുനേരെ മൗനം പാലിക്കുകയാണ് പതിവ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍െറ കാര്യത്തില്‍ കൃത്യവും ശക്തവുമായ മതേതര ജനാധിപത്യ നിലപാടെടുത്ത വി.എസ്. അച്യുതാനന്ദന്‍ പോലും സത്നം സിങ്ങിന്‍െറ മരണത്തില്‍ ശക്തമായി പ്രതികരിച്ചിട്ടില്ല.

എ.കെ.ജി സെന്‍ററില്‍ പിണറായി വിജയനോട് കയര്‍ത്ത ഒരു യുവാവ് ഇടിവെട്ടേറ്റ് മരിച്ചാല്‍പോലും നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ ഉണ്ടാക്കുന്ന ബഹളം ഊഹിക്കാവുന്നതേയുള്ളൂ. സിംഗപ്പൂരില്‍നിന്ന് കമല എക്സ്പോര്‍ട്ടിങ് കമ്പനി വഴി പിണറായി സില്‍വര്‍ അയഡൈഡ് പൊടി ആകാശത്ത് വിതറി കൃത്രിമ മഴയുണ്ടാക്കി ഇടിവെട്ടിച്ച് യുവാവിനെ കൊന്നതാണ് എന്ന പേരില്‍ കാടുകയറുമായിരുന്നു നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍. അല്ലെങ്കിലും അമ്മക്കുനേരെ കൈയോങ്ങാന്‍ ഏത് ഉണ്ണിക്കാണ് കൈപൊങ്ങുക.

2 comments:

  1. Behind every great fortune there is a crime.

    ReplyDelete
  2. Behind every great fortune there is crime.

    ReplyDelete