Tuesday, September 11, 2012

എമര്‍ജിംഗ് കേരള എന്ത് വികസനം കൊണ്ടുവരും ?


സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ഉയരുന്ന കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും എമര്‍ജിംഗ് കേരളയുമായി മുന്നോട്ടുപോകുമെന്ന് യു ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. എമര്‍ജിംഗ് കേരളയെ എതിര്‍ക്കുന്നവരെല്ലാം വികസന വിരോധികളും വരുംതലമുറയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി നിലകൊള്ളുന്നവരുമാണെന്ന് സ്ഥാപിച്ച് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സംസ്ഥാനത്ത് വികസനത്തിന്റെ വേലിയേറ്റമാണ് എമര്‍ജിംഗ് കേരള സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ഭരണക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു.

സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും വളര്‍ച്ചയും ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും മാത്രം ദൗത്യമല്ല. സംസ്ഥാനത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിതന്നെയാണ്. ഇവിടെ നിക്ഷേപം വരണമെന്നതിലും പുതിയ പദ്ധതികള്‍ ഉണ്ടാകണമെന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നതിലും ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ വികസനത്തിന്റെ മറവില്‍ സംസ്ഥാനത്തെ കൊള്ളയടിക്കാനും കേരളത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കാനുമുള്ള നീക്കങ്ങളെയാണ് എതിര്‍ക്കേണ്ടിവരുന്നത്. 

വികസനത്തേയും പുരോഗതിയേയും സംബന്ധിച്ച യു ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രമാണെന്നതിന്റെ എത്രയോ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ അധികമായി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കൊച്ചി മെട്രോയെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായി സംസാരിക്കുന്നു. പക്ഷെ, തുടര്‍നടപടികളുമായി മുന്നോട്ടു നീങ്ങാനാകുന്നില്ല എന്നും ഈ കെടുകാര്യസ്ഥത സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കുമെന്നും ഇ ശ്രീധരന്‍തന്നെ പരസ്യമായി പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എം ഡി രാജിവെച്ചതോടെ അതിന്റെ വികസനം അട്ടിമറിക്കപ്പെടുകയാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലാണ് പഴയ ജിമ്മിന്റെ മാതൃകയില്‍ എമര്‍ജിംഗ് കേരള എന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍  രംഗത്തുവന്നിരിക്കുന്നത്.

ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒട്ടുമുക്കാല്‍ പദ്ധതികളും കേരളത്തില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാക്കളും ഭരണകക്ഷി എം എല്‍ എമാരും പദ്ധതിക്കെതിരായ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നു. ഇതിനെതുടര്‍ന്ന് ചില പദ്ധതികള്‍ സര്‍ക്കാരിന്  ഉപേക്ഷിക്കേണ്ടിവന്നു. സംസ്ഥാനത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എമര്‍ജിംഗ് കേരളക്ക് രൂപം നല്‍കിയതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. 

എമര്‍ജിംഗ് കേരളയിലെ പ്രധാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ടത് മലപ്പുറത്തെ പാണക്കാട്ട് സ്ഥാപിക്കുന്ന മെഡി സിറ്റി പദ്ധതിയാണ്. 1800 കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിലെ പൊള്ളത്തരം വെളിവാകും. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തേയും ടൂറിസം മേഖലയിലേയും വിവിധ കോഴ്‌സുകള്‍ നടത്തുന്ന ഒരുപിടി സ്വാശ്രയ കോളജുകളും, പഞ്ചനക്ഷത്ര ആശുപത്രികളും ഹോട്ടലുകളും ഫഌറ്റ് സമുച്ചയങ്ങളുമാണ് ഇവിടെ വിഭാവനം ചെയ്യുന്ന വികസനം. ഇതിനായി നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും തീറെഴുതി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

എണ്ണക്കൂടുതല്‍കൊണ്ടും നിലവാരമില്ലായ്മകൊണ്ടും വിവരിക്കാനാവാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന സ്വാശ്രയ കോളജുകളുടെ നാടാണ് കേരളം ഇപ്പോള്‍. വികസനത്തിന് ഇനിയും സ്വാശ്രയ കോളജുകള്‍ വേണമെന്ന വാദം പരിഹാസ്യമെന്നല്ലാതെ എന്തു പറയാന്‍. എമര്‍ജിംഗ് കേരളയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ അധികവും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടതാണ്. വാഗമണ്‍, നെല്ലിയാമ്പതി, ഇലവീഴാപൂഞ്ചിറ, മൂന്നാര്‍, പീരുമേട് തുടങ്ങി കേരളത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള എല്ലാ പ്രദേശങ്ങളിലും വമ്പന്‍ പദ്ധതികളാണ് ലക്ഷ്യംവെക്കുന്നത്. 

ഇവിടങ്ങളില്‍ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ സാധാരണക്കാര്‍ അന്തംവിടും. പേരുകള്‍ എന്തുതന്നെയായാലും വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടങ്ങളില്‍ നടക്കാന്‍പോകുന്നത്. അതും വന്‍കിട സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍. 

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന സാമാന്യമായ നിയമംപോലും പരിഗണിക്കപ്പെട്ടില്ല. ഓരോ പ്രദേശത്തിന്റേയും സാധ്യതകള്‍ക്കും പ്രകൃതിക്കും അനുയോജ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു പകരം നിക്ഷേപകരായി വരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്ക് ആകര്‍ഷകമായ നിലയിലാണ് പദ്ധതികള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.


No comments:

Post a Comment