Monday, September 10, 2012

ലാപ്‌ടോപ്പിന്റെ 'ഉപജ്ഞേതാവ്' ബില്‍ മോഗ്രിഡ്ജ് അന്തരിച്ചു

ആദ്യ ലാപ്‌ടോപ്പ് രൂപകല്‍പ്പന ചെയ്ത പ്രമുഖ ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ബില്‍ മോഗ്രിഡ്ജ് (69) അന്തരിച്ചു. 1979 ല്‍ മോഗ്രിഡ്ജ് രൂപകല്‍പ്പന ചെയ്ത 'ഗ്രിഡ് കോംപസ്സ്' (GRiD Compass) ആണ് ലാപ്‌ടോപ്പ് യുഗത്തിന് തുടക്കം കുറിച്ചത്.

അര്‍ബുദബാധിതനായിരുന്ന മോഗ്രിഡ്ജ്, സപ്തംബര്‍ എട്ടിന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പരിചരണകേന്ദ്രത്തില്‍ വെച്ചാണ് വിടവാങ്ങിയത്.

കീബോര്‍ഡിന് മേല്‍ സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന വിധത്തിലുള്ള ലാപ്‌ടോപ്പുകളുടെ 'ക്ലാംഷെല്‍' ഡിസൈന്‍ ആവിഷ്‌ക്കരിക്കുകയാണ് മോഗ്രിഡ്ജ് ചെയ്തത്. ആ ഡിസൈന്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ ലാപ്‌ടോപ്പ് ആണ് ഗ്രിഡ് കോംപസ്.

സിലിക്കണ്‍ വാലിയിലെ ഗ്രിഡ് സിസ്റ്റംസ് കോര്‍പ്പറേഷനുവേണ്ടി രൂപകല്‍പ്പന ചെയ്ത ഗ്രിഡ് കോംപസ് ആദ്യം ഉപയോഗിച്ചത് അമേരിക്കന്‍ സൈന്യമാണ്. ഡിസ്‌കവറി ബഹിരാകാശ പേടകത്തിലും അത് ഘടിപ്പിച്ചു.
ഗ്രിഡ് കോംപസ് കമ്പ്യൂട്ടറുകള്‍ 1982 ല്‍ ആദ്യമായി വിപണിയിലെത്തി. 8150 ഡോളര്‍ (ഏതാണ്ട് നാലരലക്ഷം രൂപ) ആയിരുന്നു വില. ആപ്പിളിന്റെ ഐതിഹാസിക ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറായ 'മകിന്റോഷ്' പുറത്തുവന്നതിനും രണ്ടുവര്‍ഷം മുമ്പായിരുന്നു അത്.

ആറിഞ്ച് വലിപ്പത്തില്‍, കറുപ്പില്‍ മഞ്ഞ നിറത്തിലുള്ള ഡിസ്‌പ്ലെയും, കീബോര്‍ഡും ഉള്ളതായിരുന്നു ഗ്രിഡ് കോംപസ്. ബ്രീഫ്‌കേസില്‍ ഒറ്റ യൂണിറ്റായി മടക്കിവെയ്ക്കാന്‍ പറ്റുന്നതായിരുന്നു ആ കമ്പ്യൂട്ടര്‍.
ലാപ്‌ടോപ്പുകള്‍ ഇന്നും പിന്തുടരുന്നത് മോഗ്രിഡ്ജ് ആവിഷ്‌ക്കരിച്ച 'ക്ലാംഷെല്‍' ഡിസൈന്‍ തന്നെയാണ്. 2008 ല്‍ ആദ്യമായി വില്‍പ്പനയില്‍ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളെ ലാപ്‌ടോപ്പുകള്‍ പിന്തള്ളി. 

1943 ജൂണ്‍ 25 ന് ലണ്ടനിലാണ് വില്ല്യം ഗ്രാന്റ് മോഗ്രിഡ്ജ് ജനിച്ചത്. 1965 ല്‍ ലണ്ടനിലെ 'സെന്‍ട്രല്‍ സെയ്ന്റ് മാര്‍ട്ടിന്‍സ് കോളേജ് ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈനി'ല്‍ നിന്ന് ആര്‍ട് ആന്‍ഡ് ഡിസൈനില്‍ ഡിപ്ലോമ നേടിയ മോഗ്രിഡ്ജ്, 1969 ല്‍ 'മോഗ്രിഡ്ജ് അസോസിയേറ്റ്‌സ്' എന്ന സ്ഥാപനം ഇംഗ്ലണ്ടില്‍ തുടങ്ങി. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടോയില്‍ 1979 ല്‍ ആ സ്ഥാപനത്തിന്റെ ഓഫീസ് തുടങ്ങി.


ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി പില്‍ക്കാലത്ത് ഐടി രംഗത്ത് ഭീമന്‍മാരായി മാറിയ പല കമ്പനികള്‍ക്കുവേണ്ടിയും തുടക്കത്തില്‍ മോഗ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നു. മറ്റ് രണ്ടു കമ്പനികളുമായി കൂട്ടുചേര്‍ന്ന് 1991 ല്‍ 'ഐഡിയോ' (IDEO) എന്ന ഡിസൈന്‍ കമ്പനിക്ക് അദ്ദേഹം രൂപംനല്‍കി.

ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ രംഗത്ത് പതിറ്റാണ്ടുകളോളം നേതൃസ്ഥാനം വഹിച്ചിരുന്ന മോഗ്രിഡ്ജ്, ന്യൂയോര്‍ക്കില്‍ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ 'കൂപ്പര്‍-ഹെവിറ്റ്, നാഷണല്‍ ഡിസൈന്‍ മ്യൂസിയ'ത്തിന്റെ ഡയറക്ടറായി 2010 ല്‍ ചുമതലയേറ്റു.

മനുഷ്യര്‍ കമ്പ്യൂട്ടറുകളുമായി ഇടപഴകുന്നതിന്റെ രീതികള്‍ മനസിലാക്കാന്‍ ശ്രമിക്കുന്ന 'ഇന്ററാക്ഷന്‍ ഡിസൈന്‍' പഠനമേഖല സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മോഗ്രിഡ്ജ് ശ്രമിച്ചത്. രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു -'ഡിസൈനിങ് ഇന്ററാക്ഷന്‍സ്' (2006), 'ഡിസൈനിങ് മീഡിയ' (2010) എന്നിവ.

No comments:

Post a Comment