
`പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും' എന്ന ആപ്തവാക്യം അന്വര്ത്ഥമായതു പോലെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി മന്ത്രിസഭ അംഗീകരിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത്. ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ സ്മാര്‍ട്ട്സിറ്റിയെക്കുറിച്ച് ജനങ്ങളിലുണ്ടായ ആശയക്കുഴപ്പം തീര്‍ന്നെന്നു മാത്രമല്ല, പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് ഒരു പദ്ധതിയും യാഥാര്‍ത്ഥ്യമാകുകയില്ലെന്നും, മറിച്ച് നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും മാര്‍ഗതടസ്സമുണ്ടാകാനേ അതുപകരിക്കൂ എന്നും ഇനിയെങ്കിലും നേതാക്കള്‍ മനസ്സിലാക്കണം. സത്യസന്ധതയും അര്‍പ്പണമനോഭാവവും പുരോഗമന ചിന്താഗതിയുമുണ്ടായിരുന്നെങ്കില്‍ ഈ പദ്ധതി നേരത്തെ തന്നെ പ്രാവര്‍ത്തികമാക്കാമായിരുന്നു. പക്ഷെ, വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ പാഴാക്കുകയും കേരളത്തിന്റെ വികസനത്തിന് വിഘ്നം സൃഷ്ടിക്കുകയുമായിരുന്നു.
ഏറെ പ്രതീക്ഷയോടെ തുടങ്ങിവെച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി ആറു വര്‍ഷങ്ങള്‍ അനിശ്ചിതമായി തുടര്‍ന്നുപോയതിന് ഉത്തരവാദികള്‍ വിവിധ രാഷ്ട്രീയ കക്ഷികളായിരുന്നു എന്നതിന് തര്‍ക്കമില്ല. സ്വന്തം ബലഹീനതകള്‍ മറച്ചു വെക്കാന്‍ അവര്‍ ടീകോം അധികൃതരെ പഴിചാരി രക്ഷപ്പെടുകയും ചെയ്തു. അവസാനം മലയാളികളുടെ അഭിമാനമായ പത്മശ്രീ എം.എ. യൂസഫലി രംഗത്തു വന്നതോടെ കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞനെപ്പോലെ എത്ര പെട്ടെന്നാണ് അദ്ദേഹം കേരളത്തിന്റെ സ്വപ്നപദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയത്! ജനങ്ങളുടേ ക്ഷേമവും നാടിന്റെ നന്മയും ലക്ഷ്യമിട്ടതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരവസരം ലഭിച്ചതും ഏല്പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതും.
നാട് ഏതെങ്കിലും വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ ഒന്നിച്ചു നേരിടുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് സൃഷ്ടിപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. എന്തിലും ഏതിലും രാഷ്ട്രീയലക്ഷ്യം മാത്രം ഉന്നം വെയ്ക്കുമ്പോള്‍ ജനം ആ രാഷ്ട്രീയ കാപട്യത്തിന്റെ തനിനിറം തിരിച്ചറിയുകയും ചെയ്യും.
സ്മാര്‍ട്ട് സിറ്റി പദ്ധതി യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവെക്കുകയും എല്‍.ഡി.എഫ്. ഭരണത്തില്‍ വന്നപ്പോള്‍ മന്ദഗതിയിലാക്കുകയും ചെയ്തതാണ് ആറു വര്‍ഷങ്ങള്‍ ഈ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2004ലാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വ്യവസായമേഖലയില്‍ കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയേക്കാവുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് വഴി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ സ്മാര്‍ട്ട് സിറ്റിക്ക് തുടക്കമിട്ടത്. എന്നാല്‍, വ്യവസ്ഥകളില്‍ ദുരൂഹതയുണ്ടെന്നും അപാകതയുണ്ടെന്നും പ്രഖ്യാപിച്ച് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുദാനന്ദന് രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയുമായിരുന്നു. പക്ഷേ, യു.ഡി.എഫ്. സര്‍ക്കാര്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളുമൊക്കെയായി മുന്നോട്ടുപോയി.
പിന്നീട് സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ എല്‍.ഡി.എഫിന്റെ കൈയിലായി പദ്ധതിയുടെ ചുമതല. കുരങ്ങിന്റെ കൈയില്‍ പൂമാല കൊടുത്തതുപോലെയായി പിന്നീട് കാര്യങ്ങള്‍. പദ്ധതിക്ക് തുടക്കത്തില്‍ ഏറെ ശുഷ്ക്കാന്തി കാണിച്ച വി.എസ്. പിന്നീട് മലക്കം മറിഞ്ഞതും, അത്ര വലിയ താല്പര്യം കാണിക്കാതെ പിണറായിയുടെ ഔദ്യോഗികപക്ഷം നിസ്സംഗത പാലിച്ചതും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗതടസ്സമായി. യു.ഡി.എഫ് ആകട്ടേ ഇനി മെല്ലെ പോയാല്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്തു. അതാണല്ലോ കീഴ്വഴക്കം.
നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയെങ്കിലും ഇരു കക്ഷികളും ഒറ്റക്കെട്ടായി നിന്ന് ഈ പദ്ധതിക്കുവേണ്ടി നിലകൊണ്ടിരുന്നെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇത്രയും കാലതാമസമുണ്ടാകുകയില്ലായിരുന്നു. യൂസഫലി അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഏകദേശം 90,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് രാഷ്ട്രീയ മുതലെടുപ്പിന്റെ പൊടിപടലത്തില്‍ മുങ്ങിപ്പോയത്.
യുക്തമായ തീരുമാനം വിജയത്തിലും, യുക്തിദീക്ഷയില്ലാത്ത തീരുമാനം നഷ്ടത്തിലും കലാശിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി അനിശ്ചിതകാലത്തേക്ക് നീണ്ടുപോയത്. പല വിദേശരാജ്യങ്ങളിലും തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശ്രീ യൂസഫലിയുടെ സ്ഥായിയായ വിജയത്തിനു പിന്നില്‍ അര്‍പ്പണബോധവും ദൃഢനിശ്ചയവുമാണ്. അചഞ്ചലമായ ആ വിശ്വാസവും ആത്മധൈര്യവുമാണ് അദ്ദേഹത്തെ സ്മാര്‍ട്ട് സിറ്റിയെ വിജയപാതയിലേക്ക് നയിക്കാന്‍ പ്രേരിതനാക്കിയത്.
സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പു വെച്ച് നിഗൂഢതകള്‍ക്ക് വിരാമമിട്ടെങ്കിലും, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അടുത്ത സര്‍ക്കാര്‍ ബാക്കി കാര്യം ചെയ്യട്ടേ എന്ന മട്ടില്‍ മെല്ലെപ്പോകുകയാണെങ്കില്‍ വീണ്ടും വിവാദങ്ങളില്‍ പെട്ട് ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വിവിധ ട്രേഡ് യൂണിനുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനും സാദ്ധ്യതയേറുന്നു.
നാടിനും ദേശത്തിനും വേണ്ടി തങ്ങളാലായത് ചെയ്യുക എന്നതാണ് ഒരു യഥാര്‍ത്ഥ പൗരന്റെ ധര്‍മ്മം. ശ്രീ യൂസഫലി ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അതിവേഗം ബഹുദൂരമല്ലെങ്കിലും വളരെ വൈകിയാണെങ്കിലും നിര്‍ഭയം ഈ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി വി.എസ്. അച|ദാനന്ദനും അഭിനന്ദനങ്ങളര്‍ഹിക്കുന്നു.




