Wednesday, December 29, 2010

അറം പറ്റിയ പേര്‌

ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിശേഷിപ്പിക്കുന്ന കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരിക്കുന്ന `വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരമ്പരയിലൂടെ ഈ അടുത്ത കാലത്ത്‌ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ ശ്രദ്ധേയമായി. ആ ദേശത്തെ പ്രധാനികളായ പലരുമായുമായുള്ള ഇന്റര്‍വ്യൂ, ചില അനുഭവസ്ഥരുടെ പ്രതികരണം എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആ പ്രോഗ്രാം കണ്ടപ്പോള്‍ `ഇങ്ങനെയും ഒരു സ്ഥലം കേരളത്തിലുണ്ടോ' എന്ന്‌ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ആ ദേശത്തെ ഒരു ദേവീക്ഷേത്രമാണ്‌ കഥാതന്തു. ദേവിയ്‌ക്ക്‌ അപ്രീതിതമായ എന്തോ പണ്ടുകാലത്ത്‌ സംഭവിച്ചതിന്റെ ഉത്തരവാദി മുസ്ലീങ്ങളായിരുന്നു എന്നും അതുകൊണ്ട്‌ മുസ്ലീങ്ങളോട്‌ ദേവിക്ക്‌ കടുത്ത ദ്വേഷ്യമാണെന്നും, ഒരു മുസ്ലീമിനെപ്പോലും ആ കരയില്‍ താമസിപ്പിക്കാന്‍ സമ്മതിക്കുകയില്ല എന്നുമൊക്കെ പലരും പറയുന്നതു കേട്ടു. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിപോലും ഏതോ ഷൂട്ടിംഗിനായി ആ പ്രദേശത്ത്‌ ചെന്നെങ്കിലും അവിടെ രാത്രി തങ്ങാന്‍ കൂട്ടാക്കിയില്ല എന്നുമൊക്കെയാണ്‌ ജനങ്ങള്‍ പറയുന്നത്‌. അത്‌ കെട്ടുകഥയോ കിംവദന്തിയോ ദേവീകോപമോ എന്തോ ആയിക്കൊള്ളട്ടേ,  ദൈവത്തിന്റെ പേരില്‍ ഒരു സമുദായത്തെ കുപ്രചരണത്തിലൂടെ ഒരു ദേശത്തുനിന്നുതന്നെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സാക്ഷരകേരളത്തിനു തന്നെ അപമാനമാണ്‌.

മറ്റൊരു പരമ്പരയില്‍ വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമവാസികളുടെ ദു:ഖത്തെക്കുറിച്ചായിരുന്നു. ആ പ്രദേശത്തുനിന്ന്‌ ആരും വിവാഹം കഴിക്കുകയില്ല എന്നതാണ്‌ അവരുടെ ദു:ഖം. ചാനലുകാരുടെ ക്യാമറക്കണ്ണുകള്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ്‌ ഏറെ രസകരം. ആരെങ്കിലും കല്ല്യാണാലോചനയുമായി ചെന്നാല്‍ പെണ്‍കുട്ടികളെക്കുറിച്ച്‌ അവിടെയുള്ള ആണുങ്ങള്‍ അപവാദം പറഞ്ഞുപരത്തുമത്രേ! 

മറ്റൊന്ന്‌ ഒരു ഗ്രാമത്തിലെ സ്‌ത്രീകളെല്ലാം ഇരട്ടപ്രസവിക്കുന്നതാണ്‌ പ്രശ്‌നം. ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിച്ചയക്കുന്ന പെണ്‍കുട്ടികളെല്ലാം ഒറ്റ പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളെ പ്രസവിക്കുമത്രേ. അതുകൊണ്ട്‌ ഭൂരിഭാഗം പേരും ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിക്കാന്‍ മടിക്കുന്നു. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ കാണാം. ഒരു ദേശത്തിന്‌ പേരുദോഷം കിട്ടാന്‍ ആ ദേശത്തിന്റെ ഭൂമിശാസ്‌ത്രമോ ദേശക്കാരുടെ പെരുമാറ്റ ദൂഷ്യമോ നിമിത്തമാകാം എന്നും ഈ സംഭവങ്ങളില്‍നിന്ന്‌ നമുക്കു മനസ്സിലാക്കാം.

എന്നാല്‍ ഒരു ദേശത്തെ ജനങ്ങളില്‍ വാമഭാഗവും കുടിയന്മാരായാലുള്ള അവസ്ഥ ഒന്നോര്‍ത്തുനോക്കൂ. പേരില്‍ അറം പറ്റിയപോലെയാണ്‌ കേരളത്തിലെ ഒരു പ്രദേശം മുഴുവന്‍. ഓണവും, വിഷുവും, ക്രിസ്‌മസും ഒക്കെ വന്നാല്‍ കേരളത്തില്‍ പലചരക്കു കടകളെക്കാള്‍ കൂടുതല്‍ വിറ്റുവരവ്‌ നടക്കുന്നത്‌ ബിവറേജസ്‌ കോര്‍പ്പറേഷനാണല്ലോ. അരി വാങ്ങിയില്ലെങ്കിലും മദ്യം വാങ്ങി ആഘോഷങ്ങളാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കുടിയന്മാര്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടിയാണെന്ന്‌ കേള്‍ക്കുമ്പോള്‍ മദ്യത്തിനോട്‌ ആ നാട്ടുകാരുടെ ആസക്തി എത്രയാണെന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. 

ചാലക്കുടി മദ്യപന്മാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്‌ അടുത്ത കാലത്താണ്‌. പിന്നീടങ്ങോട്ട്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു തന്നെ. ബിവറേജസ്‌ കോര്‍പ്പറേഷനാകട്ടെ അവസരം മുതലെടുക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെ മുഴുക്കുടിയന്മാരാക്കുന്നു എന്നതാണ്‌ സത്യം. പേരിന്റെ അറ്റത്ത്‌ `കുടി' വന്നതുകൊണ്ടാണോ ഈ പ്രതിഭാസം എന്നറിയില്ല. പക്ഷേ, ചാലക്കുടിക്കാര്‍ ഇങ്ങനെ കുടിക്കാന്‍ തുടങ്ങിയാല്‍ ആ മനോഹരമായ ദേശത്തിനുതന്നെ അത്‌ നാണക്കേടാണ്‌. ചാലക്കുടിയെന്നാല്‍ `കുടിയന്മാരുടെ നാട്‌' എന്ന്‌ ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനുമുന്‍പ്‌ ചാലക്കുടിക്കാര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 

ആതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ മാത്രമല്ല, പ്രകൃതിരമണീയത കൊണ്ടും ചരിത്രപ്രാധ്യാന്യം കൊണ്ടും അനുഗ്രഹീതമായ ഈ മനോഹരദേശത്തെ മദ്യസേവകൊണ്ട്‌ പേരുദോഷം കേള്‍പ്പിക്കാതെ സാമൂഹിക-സാംസ്‌ക്കാരിക സംഘടനകളും ഇതര സംഘടനകളും അടിയന്തിരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചാലക്കുടിക്കാരെ ബോധവത്‌ക്കരിക്കുകയും ചാലക്കുടിയെ ഒരു മദ്യവിമുക്ത പ്രദേശമാക്കിത്തീര്‍ക്കുകയും വേണം.

Saturday, December 25, 2010

ഉള്ളിയും ഉന്നതതല യോഗവും

ഉള്ളിയരിഞ്ഞാല്‍ കണ്ണില്‍നിന്ന്‌ കണ്ണീരു മാത്രമല്ല പൊന്നീച്ചയും പറക്കുമെന്ന്‌ ഈയ്യിടെ ഇന്ത്യയിലെ, പ്രത്യേകിച്ച്‌ കേരളത്തിലെ, ഉള്ളിയുടെ വില തെളിയിച്ചുകഴിഞ്ഞു. ഉള്ളിയില്‍നിന്നു തുടങ്ങിയത്‌ മാലപ്പടക്കംപോലെ മറ്റു പലവ്യഞ്‌ജനാദികളിലെല്ലാം പടര്‍ന്നുപിടിച്ചപ്പോള്‍ സാധാരണക്കാര്‍ തീയിലകപ്പെട്ടതുപോലെയായി. ഏതായാലും തൊട്ടടുത്ത്‌ പാക്കിസ്ഥാന്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. ഉള്ളി ലോഡുമായി ലോറികള്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക്‌ വന്നു. ഉള്ളിത്തീറ്റക്കാരുടെ സംസ്ഥാനങ്ങളായ പഞ്ചാബ്‌, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൊക്കെ വിതരണം ചെയ്‌തിട്ടേ ഉള്ളി കേരളത്തിലേക്കെത്തുകയുള്ളൂ എന്ന്‌ കേന്ദ്രം അറിയിച്ചതോടെ കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ അവര്‍ പൂഴ്‌ത്തിവെച്ചിരുന്ന ഉള്ളി പുറത്തെടുത്തിട്ടു. കാരണം, പാക്കിസ്ഥാന്‍ ഉള്ളിക്ക്‌ വില കുറവാണ്‌. ആ പാക്കിസ്ഥാന്‍ ഉള്ളി കേരളത്തിലേക്കെത്തിയാല്‍ ഉള്ളി പൂഴ്‌ത്തിവെച്ച്‌ കൊള്ള ലാഭം കൊയ്യാമെന്ന അവരുടെ മോഹം അതോടെ പൊലിയും. എന്തെങ്കിലുമാകട്ടേ, ശത്രുരാജ്യമാണെങ്കിലും ഇന്ത്യയിലെ ജനങ്ങളെ ഉള്ളിപ്രശ്‌നത്തില്‍നിന്നും കരകയറ്റാന്‍ പാക്കിസ്ഥാന്‍ സന്മനസ്സു കാണിച്ചതില്‍ അവരോട്‌ നന്ദി പറയണം.

ഉള്ളിവില നിയന്ത്രിക്കാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത കേന്ദ്രം ഉള്ളിയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറക്കുകയും താത്‌കാലികവില പ്രഖ്യാപിച്ച്‌ സമാധാനിച്ചെങ്കിലും പൂഴ്‌ത്തിവെപ്പുകാരും ഊഹക്കച്ചവടക്കാരും ഉള്ളിയില്‍ നിന്ന്‌ കോടികള്‍ കൊയ്‌തു എന്നാണ്‌ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ലോകത്തില്‍ ഉള്ളി ഉത്‌പാതിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയ്‌ക്ക്‌ എന്തുകൊണ്ട്‌ സ്വന്തം രാജ്യത്തെ ഉള്ളിവില നിയന്ത്രിക്കാനും ഉള്ളിക്ഷാമം പരിഹരിക്കാനും കഴിയുന്നില്ല എന്ന്‌ കാബിനറ്റ്‌ സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍ ചോദിക്കുന്നു.

മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെയാണ്‌ കേരളത്തിലെ വിലക്കയറ്റം. ഏതെങ്കിലും ഒരു സാധനത്തിന്റെ വില അല്‌പമൊന്നു കൂടിയാലുടനെ അനുബന്ധ സാധനങ്ങള്‍ക്കെല്ലാം വില കൂടും. ഉള്ളി പച്ചക്കറി വകുപ്പില്‍ പെട്ടതിനാല്‍ മറ്റു പച്ചക്കറി ഐറ്റംസിനെല്ലാം പെട്ടെന്നാണ്‌ വിലകൂടുന്നത്‌. അതിന്‌ പഴി കേള്‍ക്കേണ്ടിവരുന്നത്‌ തമിഴ്‌നാടും.തമിഴ്‌നാടിന്റെ കാര്യം പറയുമ്പോള്‍ മുല്ലപ്പെരിയാറും അറിയാതെ കയറിവരും. കാരണം, മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്തുകൊണ്ടാണല്ലോ തമിഴ്‌നാട്‌ കൃഷി ചെയ്യുന്നത്‌. മെഗാസീരിയലുപോലെ ഈ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇങ്ങനെ നീണ്ടുപോകുന്നതിന്റെ മുഖ്യകാരണക്കാര്‍ തമിഴ്‌നാടിന്റെ കൈയ്യില്‍നിന്ന്‌ നക്കാപ്പിച്ച വാങ്ങി കേരളത്തിന്‌ പാരപണിയുന്ന കേരളത്തിലെതന്നെ ചില നേതാക്കളാണെന്നാണ്‌ പിന്നാമ്പുറസംസാരം.

കൃഷിമന്ത്രി ശരദ്‌ പവാറിനെ പ്രധാനമന്ത്രി വിളിച്ച്‌ വിശദീകരണം ചോദിച്ചെങ്കിലും കരിഞ്ചന്തക്കാരേയും പൂഴ്‌ത്തിവെപ്പുകാരേയും കടിഞ്ഞാണിടാന്‍ കഴിയാത്ത കേന്ദ്ര ഗവണ്‍മന്റ്‌ തന്നെയാണ്‌ ഈ വിലക്കയറ്റത്തിന്‌ ഉത്തരവാദികളെന്ന്‌ അദ്ദേഹം അടക്കം പറഞ്ഞത്രേ. എലിയെ പിടിക്കാന്‍ ഇല്ലം ചുടുമെന്നു പറഞ്ഞതുപോലെ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറയുന്നത്‌ ഒറ്റ ഉള്ളിപോലും രാജ്യത്തിനു പുറത്തേക്ക്‌ പോകാന്‍ സമ്മതിക്കില്ല എന്ന്‌. അപ്പോള്‍ ഉള്ളി കെട്ടിക്കിടന്ന്‌ ചീഞ്ഞുനാറുമ്പോള്‍ പൂഴ്‌ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും ഒളിച്ചുവെച്ചിരിക്കുന്ന ഉള്ളിയെല്ലാം പുറത്തേക്കെടുത്തിടുംപോലും ! കൊള്ളാം വാട്ട്‌ ആന്‍ ഐഡിയ സാബ്‌ജീ..! എന്നാല്‍പിന്നെ 2-ജി സ്‌പെക്ട്രം റെയ്‌ഡും കോമണ്‍വെല്‍ത്ത്‌ ഗെയിം റെയ്‌ഡും നടക്കുന്ന കൂട്ടത്തില്‍ ഒരു ഉള്ളി റെയ്‌ഡും കൂടി നടത്തി ഈ ഉള്ളി പ്രശ്‌നത്തില്‍നിന്ന്‌ സാധാരണക്കാരെ കരകയറ്റിക്കൂടെ

Sunday, December 19, 2010

തകര്‍ന്ന റോഡുകളും തകരുന്ന ജീവനുകളും

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ മൂന്നു ജീവന്‍ പൊലിഞ്ഞു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു, ബസ്സിനടിയില്‍പ്പെട്ട്‌ ദമ്പതികള്‍ കൊല്ലപ്പെട്ടു, ഓട്ടോറിക്ഷയിടിച്ച്‌ കാല്‍നടക്കാരന്‍ കൊല്ലപ്പെട്ടു, കണ്ണൂരില്‍ നിയന്ത്രണംവിട്ട ലോറി കടയിലേക്ക്‌ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു, പാലാരിവട്ടത്ത്‌ ടിപ്പര്‍ ലോറിയിടിച്ച്‌ അഞ്ചു യുവാക്കള്‍ മരിച്ചു. ടിപ്പറിനടിയില്‍പ്പെടാതെ ഹൈക്കോടതി ജഡ്‌ജി തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു..........റോഡുകളിലെ മരണവാര്‍ത്തകള്‍ കണ്ടും കേട്ടുമാണ്‌ ഇന്ന്‌ കേരളീയര്‍ ഉറക്കമുണരുന്നത്‌.

മഴക്കാലത്തിനുമുമ്പ്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരിക്കുമെന്നും, ഓണത്തിനുമുമ്പ്‌ റോഡിലെ കുഴികള്‍ എല്ലാം അടയ്‌ക്കുമെന്നും വകുപ്പുമന്ത്രിമാര്‍ ഗീര്‍വാണം മുഴക്കുമെന്നല്ലാതെ, ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പ്രവചനങ്ങള്‍ പാഴ്‌വാക്കുകളായി പരിണമിക്കുന്ന ദയനീയ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌. തന്മൂലം റോഡുകളില്‍ പൊലിയുന്നത്‌ ആയിരങ്ങളുടെ ജീവനും.

ഇക്കഴിഞ്ഞ ഓണത്തിനുമുമ്പ്‌ കേരളത്തിലെ റോഡുകളിലെ എല്ലാ കുഴികളും അടച്ചിരിക്കും എന്ന്‌ അന്നത്തെ മന്ത്രി വിളംബരം ചെയ്യുകയുണ്ടായി. പക്ഷെ, നാളിതുവരെയായിട്ടും കുഴികള്‍ അടഞ്ഞില്ലെന്നു മാത്രമല്ല, അവയുടെ വ്യാസവും വ്യാപ്‌തിയും കൂടുകയും ചെയ്‌തു. ഫലമോ, അപകടമരണങ്ങള്‍ നിത്യസംഭവമായി. വിദേശരാജ്യങ്ങളിലെ റോഡുകള്‍ പോലെയായില്ലെങ്കിലും സര്‍ക്കാര്‍ വിചാരിച്ചാല്‍ കേരളത്തിലെ റോഡുകളെ സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കാവുന്നതേയുള്ളൂ. സാമൂഹികപ്രതിബദ്ധതയും, ജനങ്ങളോടുള്ള കടപ്പാടും പാടേ മറന്ന്‌ ഭരണം കയ്യാളുന്ന ഇഛാശക്തിയില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍, അവര്‍ ഏത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും, കേരളം ഭരിക്കുന്നിടത്തോളം കാലം ജനങ്ങളുടെ ജീവിതം ദുസ്സഹവും ദുരിപൂര്‍ണ്ണവുമായിരിക്കും.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാഹനാപകടങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്ന്‌ കേരളത്തിലെ ഏതെങ്കിലും തെരുവോരങ്ങളില്‍ നിന്ന്‌ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മതി. തൊണ്ണൂറുശതമാനം ചാലകരും ട്രാഫിക്‌ നിയമങ്ങളുടെ ബാലപാഠം പോലും അറിയാത്തവരാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. ഒരു വാഹനവുമായി (ഇരുചക്രമായാലും) റോഡിലിറങ്ങുന്നവരൊക്കെ രാജാക്കന്മാരാണെന്ന ഭാവത്തില്‍ അമിത വേഗത്തിലും സുരക്ഷിതമല്ലാത്ത രീതിയിലും സഞ്ചരിക്കുന്നത്‌ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ജീവനില്‍ പേടിയില്ലേ എന്നുവരെ നമുക്ക്‌ തോന്നിപ്പോകും. 

കാല്‍നടക്കാര്‍ക്ക്‌ യാതൊരു പരിഗണനയുംകൊടുക്കാതെ തീര്‍ത്തും അശാസ്‌ത്രീയമായ രീതിയിലുള്ള റോഡുകളാണ്‌ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും. പാതയോരത്തുകൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയും എവിടേയും കാണാം. ഏറെ കൊട്ടിഘോഷിച്ച്‌ നിര്‍മ്മിച്ച ഹൈവേകളിലാകട്ടെ `സ്‌പീഡ്‌ ബ്രേക്കര്‍' വെച്ചിരിക്കുന്നതു കേരളത്തിലുടനീളം കാണാം. യാതൊരു മുന്നറിയിപ്പും കൊടുക്കാതെ റോഡുകളില്‍ കുറുകെ വെച്ചിരിക്കുന്ന ഈ സ്‌പീഡ്‌ ബ്രേക്കറുകള്‍ പലപ്പോഴും മരണക്കെണിയാകാറുമുണ്ട്‌.

റോഡിന്‌ എത്രതന്നെ വീതികൂട്ടിയാലും ട്രാഫിക്‌ നിയമലംഘനം ഒരു തുടര്‍ക്കഥയായ കേരളത്തില്‍ അപകടമരണങ്ങളും വര്‍ദ്ധിക്കുകയേയുള്ളൂ. ട്രാഫിക്‌ നിയമങ്ങളും, ഡ്രൈവിംഗ്‌ നിയമങ്ങളും പാലിക്കാതെ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുപകരം കൈക്കൂലിയുടെ ബലത്തില്‍ അവരെ കുറ്റവിമുക്തരാക്കുന്ന നിയമപാലകരും തുല്യ കുറ്റവാളികള്‍ തന്നെയാണ്‌. വാഹനപ്പെരുപ്പം, പ്രത്യേകിച്ച്‌ ടൂ വീലറുകളും, ഓട്ടോറിക്ഷകളും, കാല്‍നടക്കാരുടെ ഗതാഗതാവകാശം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും എന്നുവേണ്ട പ്രധാനപ്പെട്ട റോഡുകളില്‍ പാതയോരങ്ങളില്ലാത്തതും, സീബ്രാ ക്രോസ്സിംഗ്‌ അവഗണിക്കപ്പെടുന്നതും കാല്‍നടയാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ മാത്രമല്ല, നിരവധി പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, കോട്ടയം മുതലായ തിരക്കുള്ള നഗരങ്ങളില്‍ പോലും ട്രാഫിക്‌ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം പലപ്പോഴും ഗതാഗതക്കുരുക്കുകള്‍ കൊണ്ട്‌ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്‌ ഒരു നിത്യസംഭവമായിരിക്കുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. 

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തില്‍ തൃശൂര്‍ നഗരത്തില്‍ ഈ ലേഖകന്‍ ഒരു മണിക്കൂറോളം ട്രാഫിക്‌ കുരുക്കില്‍ അകപ്പെട്ടു. സ്വരാജ്‌ റൗണ്ടില്‍ ഒരു ചെരിപ്പുകടയ്‌ക്ക്‌ തീപിടിച്ചതാണ്‌ മുഖ്യകാരണം. നിമിഷ നേരംകൊണ്ട്‌ തൃശൂര്‍ നഗരം മുഴുവനും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. കാല്‍നടക്കാര്‍ക്ക്‌ ഏതുവിധേനയും പുറത്തുകടക്കാമായിരുന്നു. പക്ഷെ, വാഹനത്തില്‍ അകപ്പെട്ടവര്‍ക്ക്‌ പുറത്തുകടക്കാന്‍ യാതൊരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ ഏകദേശം മൂന്നുനാലു മണിക്കൂറുകളോളം അവിടെ കുടുങ്ങിക്കിടന്നു. അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡുകളും, ട്രാഫിക്‌ സംവിധാനങ്ങളുമാണ്‌ ഇങ്ങനെയുള്ള ഗതാഗതക്കുരുക്കുകള്‍ക്ക്‌ മുഖ്യകാരണം. തന്നെയുമല്ല, ഇങ്ങനെയുള്ള എമര്‍ജന്‍സി സമയങ്ങളില്‍ വാഹനങ്ങളേയും ജനങ്ങളേയും നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെവരുന്നതും മറ്റൊരുകാരണം തന്നെ. അയ്യന്തോളില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്‌ത്രീയുടെ ദേഹത്ത്‌ ഓട്ടോറിക്ഷ വന്നു മുട്ടിയപ്പോള്‍, അത്‌ ചോദ്യംചെയ്‌തതിന്‌ ഓട്ടോറിക്ഷക്കാരന്റെ രൂക്ഷ നോട്ടവും, അസുഖകരമായ കമന്റും കേള്‍ക്കേണ്ടിവന്ന ആ സ്‌ത്രീയുടെ നിസ്സഹായാവസ്ഥ നേരില്‍ കാണാനും കഴിഞ്ഞു. നാട്ടുകാരും വഴിപോക്കരും വെറും കാഴ്‌ച്ചക്കാരായി നോക്കിനിന്നതും, കുറച്ചകലെ യാതൊരു ഭാവഭേദവുമില്ലാതെ നിസ്സംഗതയോടെ നില്‍ക്കുന്ന പോലീസുകാരനേയും കണ്ടപ്പോള്‍ മാനം കാക്കാന്‍ ആ സ്‌ത്രീ അവിടെനിന്ന്‌ തടിതപ്പി. വാദിയെ പ്രതിയാക്കുന്ന ദൈവത്തിന്റെ നാട്ടില്‍ അതല്ലാതെ മറ്റ്‌ പോംവഴിയില്ലല്ലോ.

ടിപ്പര്‍ ലോറികളാണ്‌ ഏറ്റവുംകൂടുതല്‍ അപകടങ്ങള്‍ വരുത്തിവെയ്‌ക്കുന്നതെന്ന്‌ പൊതുജനങ്ങളും പോലീസും ഒരേ സ്വരത്തില്‍ പറയുമ്പോള്‍, ഈ കൊലയാളി വാഹന ഉടമകളേയോ ഡ്രൈവര്‍മാരേയോ നലയ്‌ക്കു നിര്‍ത്താനോ, അമിതവേഗ നിയന്ത്രണമേര്‍പ്പെടുത്താനോ അധികാരികള്‍ തുനിയുന്നില്ല. തന്മൂലം തലങ്ങും വിലങ്ങും മരണപ്പാച്ചില്‍ നടത്തി ദിനംപ്രതി അനേകം ജീവനുകളെ ഈ വാഹനങ്ങള്‍ കവര്‍ന്നെടുക്കുന്നു.

റോഡുകളിലെ മരണനിരക്ക്‌ ഉയരുമ്പോള്‍ മന്ത്രിയുടെ വിളംബരത്തില്‍ ഒതുങ്ങാതെ നിയമങ്ങള്‍ നടപ്പിലാക്കാനും അവ അനുസരിക്കാന്‍ ജനങ്ങളെ ബോധവത്‌കരിക്കാനും സന്മനസ്സുള്ള ഒരു ഭരണരീതി നമ്മുടെ കേരളത്തില്‍ അനിവാര്യമാണ്‌. അമേരിക്കയിലെ പല സംഘടനകളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും കേരള സര്‍ക്കാരുമായി നടത്തുന്നുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടകളില്‍ കുരുങ്ങിപ്പോകുകയാണ്‌. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ റോഡുകള്‍ എന്തുകൊണ്ട്‌ സഞ്ചാരയോഗ്യമാക്കാന്‍ അധികാരികള്‍ മടിക്കുന്നു? പത്രമാധ്യമങ്ങളില്‍കൂടിയും വിവിധ ചാനലുകള്‍ വഴിയും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തിയിട്ടും എന്തുകൊണ്ട്‌ ബന്ധപ്പെട്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നില്ല?

Wednesday, December 15, 2010

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മലയാളി


`സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍' എന്നൊരു പഴഞ്ചൊല്ല്‌ കേട്ടിട്ടുണ്ട്‌. അതിരുകവിഞ്ഞ ഈ വിധേയത്വം കാണണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്നാല്‍ മതി. തൊലി വെളുത്തവര്‍, അവര്‍ സ്വന്തം നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നവരാണെങ്കിലും, കേരളത്തില്‍ ചെന്നാല്‍ വി.ഐ.പി. പരിവേഷമാണ്‌ ദൈവത്തിന്റെ സ്വന്തം മക്കള്‍ നല്‍കുക. മലയാളിയുടെ അടിമത്തമനോഭാവമായിരിക്കാം അവരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌.

സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്ന ചില രംഗങ്ങള്‍ എനിക്കും ഈയ്യിടെ കാണാന്‍ കഴിഞ്ഞു. സ്ഥലം എറണാകുളത്തെ ഒരു പ്രശസ്‌ത വസ്‌ത്രവ്യാപാര സ്ഥാപനം. എന്റെ ചില പഴയകാല സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും കാണാനും മറ്റു ചില ആവശ്യങ്ങള്‍ക്കുമാണ്‌ ഞാന്‍ എറണാകുളത്തു പോയത്‌. എറണാകുളത്തു ചെന്നാല്‍ ഈ സ്ഥാപനത്തില്‍ കയറിയില്ലെങ്കില്‍ അതൊരു കുറച്ചിലായിരിക്കുമെന്ന്‌ ആരൊക്കെയോ പറഞ്ഞതനുസരിച്ചാണ്‌ ആകര്‍ഷണീയമായി മോടിപിടിപ്പിച്ചിട്ടുള്ള ഈ സ്ഥാപനം കണ്ടപ്പോള്‍ ഒന്നു കയറാമെന്നു വെച്ചത്‌. മുല്ലപ്പൂ ചൂടിയ കസവുപുടവയണിഞ്ഞ സുന്ദരികളായ തരുണീമണികള്‍ കൈകൂപ്പി സ്വാഗതം ചെയ്‌തയുടനെ മറ്റൊരു തരുണി വന്ന്‌ എന്താണ്‌ വേണ്ടതെന്ന്‌ സൗമ്യമായി ചോദിച്ചു. `കൊച്ചി കണ്ടവന്‌ അച്ചി വേണ്ട' എന്നൊക്കെ പറയുമെങ്കിലും അച്ചിക്കൊരു ചൂരിദാര്‍ ആയിക്കോട്ടെ എന്നു കരുതി ആവശ്യം പറഞ്ഞതനുസരിച്ച്‌ എന്നെ മൂന്നാമത്തെയോ നാലാമത്തെയോ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുുപോയി അവിടെയൊരു തരുണിയെ ഏല്‌പിച്ചു. ആ തരുണി എന്നെ കൂട്ടിക്കൊണ്ടുപോയി മറ്റു രണ്ടു തരുണികളെ ഏല്‌പിച്ചു. അവരെന്നെ ലേഡീസ്‌ സെക്‌ഷനിലേക്ക്‌ ആനയിച്ചു.


വിലവിവരപ്പട്ടികയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഓരോ തരം ചൂരിദാറുകളും എന്നെ കാണിച്ചു തന്നുകൊണ്ട്‌്‌ അവരങ്ങനെ നടന്നു. കൂടെ ഞാനും. ഇഷ്ടപ്പെട്ട ഒന്നു രണ്ടെണ്ണം സെലക്‌റ്റ്‌ ചെയ്യാമെന്നു വെച്ച്‌ നിന്നപ്പോഴാണ്‌ അതാ കയറിവരുന്നു ഒരു സായിപ്പും കുടുംബവും ! അവരെ കണ്ടതും എന്റെ കൂടെയുണ്ടായിരുന്ന തരുണി എന്നെ വിട്ട്‌ അവരുടെ പുറകെ പോയി. കാര്യമായി പണിയൊന്നുമില്ലാതെ നിന്നിരുന്ന മറ്റു തരുണികളും അതാ സായിപ്പിന്റെ പുറകെ പോകുന്നു. എല്ലാവരും മദാമ്മയെ ചൂരിദാറുടുപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ചൂരീദാറുകള്‍ ഓരോന്നായി എടുത്ത്‌ കാണിച്ച്‌ എന്തൊക്കെയോ പറയുന്നുമുണ്ട്‌. സായിപ്പും മദാമ്മയും പറയുന്നത്‌ തരുണികള്‍ക്കും മനസ്സിലാകുന്നില്ല തരുണികള്‍ പറയുന്നത്‌ സായിപ്പിനും മനസ്സിലാകുന്നില്ല. അവരുടെ മിമിക്രി കണ്ട്‌ മെഴുക്കസ്യാ എന്ന മട്ടില്‍ ഞാന്‍ നില്‍ക്കുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നതേ ഇല്ല. ആ ഫ്‌ളോറിലുണ്ടായിരുന്ന സെയില്‍സ്‌ ഗേള്‍സ്‌ എല്ലാവരും സായിപ്പിന്റേയും മദാമ്മയുടേയും പുറകേ പോകുന്നതും നോക്കി അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ഞാന്‍ നില്‌ക്കുന്നത്‌ അവരുടെ സൂപ്പര്‍വൈസര്‍ ക്യാമറയിലൂടെ കണ്ടതുകൊണ്ടാകാം അദ്ദേഹം എന്റെ അടുത്തെത്തി. ഞാനും അമേരിക്കയില്‍ നിന്നു വന്നൊരു കേരള സായിപ്പാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും തരുണികളെ തിരിച്ചു വിളിക്കുകയും ചെയ്‌തു. എനിക്ക്‌ നേരിട്ട ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ ഡിസ്‌ക്കൗണ്ടു തരാനും അദ്ദേഹം മറന്നില്ല. പിന്നെ കുടിക്കാന്‍ തണുത്ത നാരങ്ങാവെള്ളവും നല്‍കി. അങ്ങനെ സായിപ്പിനെ കണ്ട്‌ അവര്‍ കവാത്തു മറന്നപ്പോള്‍ അല്‌പം ലാഭം കിട്ടിയത്‌ എനിക്കും.


അടുത്ത കവാത്തു കണ്ടത്‌ എം.ജി. റോഡിലുള്ള എന്‍.ആര്‍.ഐ., ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സൗകര്യമുള്ള ഒരു ബാങ്കിലായിരുന്നു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുമൂന്നു കസ്റ്റമേഴ്‌സ്‌ അവരുടെ ഊഴവും കാത്ത്‌ ഇരിപ്പുണ്ട്‌. ഞാനും അവരുടെ അടുത്ത്‌ സ്ഥലം പിടിച്ചു. അകത്തുള്ളവര്‍ ആരേയും ശ്രദ്ധിക്കാതെ മസിലുപിടിച്ചിരുന്ന്‌ തകൃതിയായി ജോലി ചെയ്യുകയാണ്‌. എന്തു ജോലി എന്നത്‌ അവര്‍ക്കു മാത്രമറിയാം. പുറത്ത്‌ കാത്തിരിക്കുന്നത്‌ കസ്റ്റമേഴ്‌സ്‌ ആണെന്ന ചിന്തയൊന്നും അവര്‍ക്കില്ല. തടിച്ച കണ്ണട വെച്ച ഒരു വെല്ല്യമ്മച്ചി ഒരു ചില്ലുകൂട്ടിലിരിപ്പുണ്ട്‌. മാനേജരാണെന്നു തോന്നുന്നു. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല, കസ്റ്റമര്‍ സര്‍വ്വീസ്‌ കൗണ്ടറൊന്നും കാണാനുമില്ല. അല്‌പം കഴിഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു ചെന്ന്‌ ഒരാളോട്‌ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ പറഞ്ഞു `സാറിരി..ഊഴം വരുമ്പോള്‍ വിളിക്കും....' ഭവ്യതയോടെ ഞാന്‍ തിരിച്ചുവന്ന്‌ പൂര്‍വ്വസ്ഥാനത്തിരുന്നു. അല്‌പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു വിയര്‍ത്തു കുളിച്ച്‌ ഒരു സായിപ്പ്‌. അയാളെ കണ്ടാല്‍ ഏതോ അത്താഴപ്പട്ടിണിക്കാരനാണെന്നു തോന്നും. പക്ഷേ ബാങ്കുകാര്‍ക്ക്‌ അയാള്‍ സായിപ്പ്‌ തന്നെ. വന്നപാടേ അയാള്‍ നേരെ പോയി കൗണ്ടറിനടുത്തേക്ക്‌. എന്നോട്‌ ഇരിക്കാന്‍ പറഞ്ഞ അതേ വ്യക്തിതന്നെ സായിപ്പിനോട്‌ കുശലം ചോദിക്കുന്നതും അയാളെ മാനേജരുടെ മുറിയിലേക്ക്‌ ആനയിക്കുന്നതും നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

അടുത്ത കവാത്ത്‌ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലായിരുന്നു. അവിടെയാണെങ്കില്‍ സി.ഐ.എസ്‌.എഫ്‌. ജവാന്മാര്‍ യാത്രക്കാരല്ലാതെ ഒരീച്ചയെപ്പോലും അകത്തേക്ക്‌ കയറ്റി വിടുകയില്ല എന്ന ദൃഢപ്രതിജ്ഞയെടുത്ത്‌ തോളിലൊരു തോക്കും തൂക്കി യാത്രക്കാരെ അകത്തേക്ക്‌ കയറ്റി വിടുന്നു. പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കാണിച്ചാല്‍ മാത്രം പോരാ....വിസയും കൂടി കാണിച്ചാലേ ചിലരെ അകത്തേക്ക്‌ കയറ്റി വിടുന്നുള്ളൂ...! അതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല. അതു കണ്ടാല്‍ അവരുടെ ദയാവായ്‌പ്‌ കൊണ്ടാണ്‌ ജനങ്ങള്‍ വിദേശത്തേക്ക്‌ പോകുന്നതെന്ന്‌ തോന്നിപ്പോകും. ഒരു പ്രാവശ്യം അകത്തേക്ക്‌ കയറിയ യാത്രക്കാരെ പിന്നീട്‌ പുറത്തേക്ക്‌ ഇറക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ്‌ അവരുടെ നില്‌പ്‌. അവരും സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്നതും കാണാനിടയായി. അകത്തേക്കു കയറിയ പല യാത്രക്കാരും യാത്രയാക്കാന്‍ വന്നവരെ ഒന്നുകൂടി കാണാനോ മറ്റു വല്ല ആവശ്യങ്ങള്‍ക്കോ പുറത്തേക്കൊന്നിറങ്ങാന്‍ ശ്രമിച്ചാല്‍ അവരെ രൂക്ഷമായി നോക്കി തിരിച്ചു വിടുന്നതും ഞാന്‍ കണ്ടു. പക്ഷേ, ഒരു സായിപ്പ്‌ കുടുംബം അകത്തേക്കു കയറി അല്‌പനിമിഷങ്ങള്‍ക്കകം പുറത്തേക്കിറങ്ങുന്നതും വീണ്ടും അതാവര്‍ത്തിക്കുന്നതും കണ്ടു. ചെക്ക്‌-ഇന്‍-കൗണ്ടറിനടുത്തും, എമിഗ്രേഷന്‍ കൗണ്ടറിനടുത്തും ഈ അടിയറവ്‌ കണ്ടപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു പോയി...`ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളേ....ഞങ്ങളിന്നും സായിപ്പിനടിമകളാണ്‌. ഞങ്ങളോടു ക്ഷമിക്കൂ.......!'


വാല്‍ക്കഷ്‌ണം: അമേരിക്കയിലെ സ്ഥാനപതി മീരാ ശങ്കറിനെ ദേഹ പരിശോധനക്ക്‌ വിധേയമാക്കിയ സംഭവത്തില്‍ യു.എസ്‌. സോറി പറഞ്ഞു - വാര്‍ത്ത 


അടിക്കുറിപ്പ്‌: സായിപ്പ്‌ എന്തു പറഞ്ഞാലും അതപ്പാടെ അനുസരിക്കുകയോ അവരോട്‌ വിധേയത്വം കാണിക്കുകയോ ചെയ്യുന്നതാണല്ലൊ ഭാരതീയരുടെ വീക്ക്‌നസ്സ്‌. ദുബൈ സിനിമയില്‍ മമ്മൂട്ടിയുടെ ആ സ്റ്റൈലന്‍ ഡയലോഗുപോലെ സായിപ്പിന്റെ മുഖത്തുനോക്കി ഡയലോഗുകള്‍ കാച്ചാന്‍ ധൈര്യമുള്ളവരാരുണ്ടിവിടെ? ആ മമ്മൂട്ടിയേയും ഷാരുഖ്‌ ഖാനെയും അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചപ്പോഴും ഇന്ത്യാ ഗവണ്മെന്റ്‌ പ്രതികരിച്ചില്ല. പേരിനൊന്നു പ്രതികരിച്ചപ്പോഴാകട്ടേ സായിപ്പിന്റെ `സോറിയില്‍' അവര്‍ വാലു മടക്കുകയും ചെയ്‌തു. ഇനി ഭാരത സ്‌ത്രീകളുടെ സാരിയഴിച്ച്‌ മാറ്റിയാലും ഇതുതന്നെ സംഭവിക്കും. സാരിക്കുള്ളില്‍ മാരകായുധവും വെപ്പണ്‍സ്‌ ഓഫ്‌ മാസ്‌ ഡിസ്‌ട്രക്‌ഷനുമൊക്കെ ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന തോന്നല്‍ ടി.എസ്‌.എ. ഇപ്പോഴേ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാരതസ്‌ത്രീകളുടെ മാനം പോകുമെന്ന്‌ തീര്‍ച്ച. ഇനി ചൂരിദാര്‍, സല്‍വാര്‍ കമ്മീസ്‌ മുതലായവയും സര്‍ദാര്‍ജിമാരുടെ തലപ്പാവുകളും അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ അഴിപ്പിക്കുന്ന സംഭവങ്ങളും അതിവിദൂരമല്ല. എത്ര അത്യാധുനിക ടെക്‌നോളജിയുണ്ടായാലും അല്‌പം കോമണ്‍സെന്‍സില്ലെങ്കില്‍ പോയില്ലേ എല്ലാം..!

Thursday, August 5, 2010

Mosque at Ground Zero



The proposal to build a Muslim community center called the Cordoba House, two blocks from where the World Trade Centre stood, has unleashed a torrent of emotions. The proposed project near ground zero is a testimony to all that is great about America; a greater display of America’s freedom of religion, freedom of speech, and freedom of assembly. 

There are some groups that are out there basically spewing hate-filled propaganda about Muslims across the country. America was built on the shoulders of giants who migrated from all over the world. The purpose of building the Mosque and Islamic Center at ground zero is not to target innocent people or promote terrorism. The fact is that to build bridge to help people to understand Islam and Muslims globally.
It is important for Americans to know that this is a growing trend across the US, under the flagship of Islamophobia, targeting individuals and projects that are trying to build bridges of understanding between Muslim and non-Muslim communities. There are over six million Muslims living in the US, perhaps that number is even larger. Muslim individuals are very well integrated into American society. They are a vibrant part of American society, and really need to be recognized as an integral part of this country like other communities. There needs to be broader education on Muslims in America, who they are and how they contribute to this country, and for Americans to see them as an integral part of the society.
Fears of terrorism and its erroneously perceived links to Islam are cited by detractors as their most common concerns. However, the detractors either ignore or are ignorant of the fact that those who perpetrate terrorism betray the teachings of Islam, which is why 9/11 has been unequivocally condemned by all major Islamic scholars, organizations and countries. Linking Islam, a faith practiced by over a billion people worldwide, to the terrorism being committed by a handful of fanatical and misguided Muslims is absurd. Certainly, we should preserve the memory of the Sept. 11 tragedy and be respectful of those who lost their loved ones.
I firmly believe that there are a lot of Americans who believe in the right to worship and freedom of expression under our constitutional rights, who will stand in solidarity with Muslims across this great land as they have for other communities who have been subjected to hateful bigotry fueled by a few misguided individuals over the course of this country’s history. We have a responsibility to stand united against division, intimidation and hatred. We must stand for a society based on mutual respect and understanding and dignity for all our communities.
As New York Mayor Michel Bloomberg stated, “What is great about America, and particularly New York, is that we welcome everybody.”

Wednesday, August 4, 2010

ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും


മീശമാധവന്‍ എന്ന സിനിമയില്‍ ദിലീപ്‌ ആടിപ്പാടിത്തകര്‍ക്കുന്ന ഈ ഗാനം മലയാളിയുടെ മനസ്സില്‍നിന്ന്‌ മാഞ്ഞുപോകാന്‍ ഇടയില്ല. ഈ പാട്ടിനെ അന്വര്‍ത്ഥമാക്കി ചിങ്ങമാസത്തില്‍ സ്വന്തമാകാന്‍ രണ്ടു മിഥുനങ്ങള്‍ കാത്തിരിക്കുന്നു. അപവാദങ്ങളുടേയും ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും കളിക്കൂട്ടുകാരനായ ശശി തരൂരും അദ്ദേഹത്തിന്റെ മന്ത്രിപ്പണി തെറിക്കാന്‍ കാരണക്കാരിയായ സുനന്ദ പുഷ്‌ക്കറുമാണ്‌ ആ മിഥുനങ്ങള്‍. ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇരുവരും ചിങ്ങമാസത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ.

ഇന്ത്യന്‍ ദേശീയഗാനാലാപന വേളയില്‍ നെഞ്ചത്ത്‌ കൈവെക്കണമെന്ന പ്രസ്ഥാവനമുതല്‍ കന്നുകാലി പ്രയോഗം വരെ നടത്തി കോണ്‍ഗ്രസ്സുകാരുടെ കണ്ണിലെ കരടായി മാറിയ തരൂര്‍ അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടത്‌ വേഷ്ടിയുടുത്തും ക്രിക്കറ്റ്‌ കളിച്ചും പരസ്യമായി തണ്ണിമത്തന്‍ തിന്നും നാട്ടുകാരിലൊരാളാണ്‌ താനെന്ന്‌ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതിനുശേഷമാണ്‌. പക്ഷേ, അവിടംകൊണ്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. ഡല്‍ഹിയിലെ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ നിന്ന്‌ താമസം മാറ്റാന്‍ സോണിയാ ഗാന്ധി ഓര്‍ഡര്‍ കൊടുത്തതിനുശേഷം അപവാദങ്ങളില്‍ ചെന്നു ചാടരുതെന്ന്‌ മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നാല്‍ വിവാദനായകന്‌ വീണ്ടും അറം പറ്റി. ഏറ്റവും ഒടുവില്‍ സംഭവിച്ചത്‌ കൊച്ചി ഐ.പി.എല്‍. വിവാദത്തിലകപ്പെട്ടതാണ്‌. അതോടെ വിദേശകാര്യ സഹമന്ത്രിസ്ഥാനവും പോയി. `കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നു പറഞ്ഞതുപോലെ ഇവിടെ കാമിനി മൂലമാണ്‌ തരൂരിന്റെ പണി പോയത്‌. കൊച്ചി ഐ.പി.എല്‍. ലേലത്തില്‍ സുനന്ദ പുഷ്‌ക്കര്‍ എന്ന കാശ്‌മീരി സ്വദേശിനി പങ്കെടുത്തത്‌ തരൂരിന്റെ ബിനാമിയായിട്ടായിരുന്നു എന്നാണ്‌ ആരോപണം. അവരത്‌ നിഷേധിച്ചുവെങ്കിലും പിന്നീട്‌ പല വേദികളിലും അവരിരുവരും കുശലം പറയുന്നതും കൊക്കുരുമ്മിയിരിക്കുന്നതും കണ്ടുതുടങ്ങി. ഞങ്ങള്‍ വെറും `ഫ്രന്‍ഡ്‌സ്‌' ആണെന്ന പ്രസ്ഥാവനകളും ഇടക്കിടെ വന്നുകൊണ്ടിരുന്നു. 

രണ്ടുപേരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഊഹാപോഹം നേരത്തെതന്നെ ശക്തമായിരുന്നെങ്കിലും ഇരുവരും അത്‌ നിഷേധിക്കുമ്പോള്‍തന്നെ ബംഗലൂരുവില്‍ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പക്ഷേ, അതും പിന്നീട്‌ മാറ്റിവെച്ചു. ഏതായാലും സുനന്ദയുടേയും തരൂരിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിരിക്കുമത്രേ വിവാഹം. തരൂരിനെ ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്തുകാരെ നിരാശപ്പെടുത്തുന്നതാണ്‌ വിവാഹ സല്‍ക്കാരം മുംബൈയിലും ഡല്‍ഹിയിലും വെച്ച്‌ നടത്താന്‍ തീരുമാനിച്ചത്‌. ഏതായാലും ചിങ്ങം ഒന്നിന്‌ വിവാഹം നടക്കുമെന്നാണ്‌ അറിയുന്നത്‌. ഇനി ശരി തരൂരിന്‌ ധൈര്യമായി പാടി നടക്കാം...`ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും.' പക്ഷേ, ഇപ്പോഴും ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു. ഐ.പി.എല്‍. ലേലത്തില്‍ സുനന്ദ പുഷ്‌ക്കറിനെ തരൂര്‍ വഴിവിട്ട്‌ സഹായിച്ചിരുന്നോ സുനന്ദയെ സ്വന്തമാക്കാന്‍ മന്ത്രിപ്പണി പോലും കളയാന്‍ സന്നദ്ധനായ ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ ജയിപ്പിച്ചുവിട്ട വോട്ടര്‍മാരെ കബളിപ്പിക്കുകയായിരുന്നില്ലേ.

ഊട്ടിയ കൈകള്‍കൊണ്ട്‌ ഉദകക്രിയ ചെയ്യുന്നവര്‍

പ്രണയിക്കുന്നവര്‍ക്ക്‌ ഒരുമിച്ചു ചേരാനും ഒരുമിച്ചു ജീവിക്കാനും ഭരണഘടന അനുശാസിക്കുന്ന ഏക രാഷ്ട്രമെന്ന്‌ അഭിമാനം കൊള്ളുന്ന ഭാരതത്തിന്റെ അഖണ്‌ഠതക്ക്‌ കോട്ടം തട്ടുന്ന വിചിത്രമായ സംഭവങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. പ്രണയിതാക്കള്‍ കുടുംബങ്ങളിലെ എതിര്‍പ്പുകള്‍ ഭയന്ന്‌ ഒളിച്ചോടുക, ആത്മഹത്യ ചെയ്യുക എന്നീ പ്രവണതകളാണ്‌ കേരളത്തില്‍ കണ്ടുവരുന്നതെങ്കില്‍ വടക്കേ ഇന്ത്യയില്‍ നേരെ തിരിച്ചാണ്‌ സംഭവിക്കുന്നത്‌. `ലവ്‌ ജിഹാദ്‌' എന്ന പേരില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുവെങ്കിലും പ്രണയിതാക്കളെ അരുംകൊല ചെയ്‌ത സംഭവങ്ങള്‍ കേട്ടിട്ടില്ല. 

കൊല്ലും കൊലയും ആത്മഹത്യകളും ഇന്ന്‌ ജനങ്ങള്‍ക്ക്‌?പുത്തരിയല്ല. കൊച്ചുകുട്ടികളില്‍പോലും അവ യാതൊരു ചലനവും സൃഷ്ടിക്കുന്നുമില്ല. കാരണം, ചാനലുകളിലും, സിനിമകളിലും സീരിയലുകളിലും നിത്യേന വളരെ ലാഘവത്തോടെ കാണുന്ന സംഭവങ്ങളാണവ. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചുവരുന്നതുവരെ ആരുംതന്നെ സുരക്ഷിതരല്ല എന്ന്‌ പറയുമെങ്കിലും, ഇന്ന്‌ വീടുകള്‍പോലും സുരക്ഷിതമല്ല എന്ന സ്ഥിതിവിശേഷമാണ്‌. പുറത്ത്‌ ഗുണ്ടകളും അകത്ത്‌ മാതാപിതാക്കളും ബന്ധുക്കളും കൊലയാളികളായിത്തീര്‍ന്നാലുള്ള അവസ്ഥ അചിന്തനീയമാണ്‌. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ വിവിധ സാഹചര്യങ്ങളില്‍ ശ്വാസം മുട്ടിയും തീപൊള്ളലേറ്റും ശരീരം നിശ്ചേഷ്ടമാവുന്നത്‌ ഹൃദയഭേദകമാണെങ്കിലും വടക്കേ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയിലും നടന്നുവരുന്ന നിത്യസംഭവങ്ങളാണിവ.

ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ്‌?ഡല്‍ഹിയിലെ നിരുപമ പാഥക്‌ എന്ന 22കാരിയായ പത്രപ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടത്‌. ആദ്യം അതൊരു ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതൊരു കൊലപാതകമാണെന്ന്‌ സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെ കൊലപാതകക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. പോലീസിന്റെ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ്‌ അതൊരു മാനം കാക്കല്‍ കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌. സ്വന്തം കുടുംബത്തിന്റെ മാനം കാക്കാന്‍ ഊട്ടി വളര്‍ത്തിയ മകളെ സ്വന്തം മാതാവ്‌ തന്നെ കൊല്ലുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ പിന്നീട്‌ ജനം കേട്ടത്‌.മകള്‍ തങ്ങളേക്കാള്‍ താഴ്‌ന്ന ജാതിയില്‍പെട്ടവനും സഹപാഠിയുമായിരുന്ന പ്രിയഭന്‍ഷു രഞ്ചനുമായി പ്രണയത്തിലായിരുന്നു എന്നും അത്‌ തങ്ങള്‍ക്കും കുടുംബത്തിനും താങ്ങാവുന്നതിലപ്പുറമായിരുന്നു എന്നുമാണത്രേ ആ അമ്മ പോലീസിനോടൂ പറഞ്ഞത്‌.

അതിനുശേഷം മറ്റൊരു മാനം കാക്കല്‍ കൊലപാതകവും ഡല്‍ഹിയില്‍ അരങ്ങേറി. അതും ജാതിപ്രശ്‌നത്തില്‍ നിന്നുടലെടുത്തതായിരുന്നു. 19 വയസ്സുകാരിയായ ആഷാ സൈനിയേയും 21 കാരനായ കാമുകന്‍ യോഗേഷ്‌ ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട്‌ മണിക്കൂറുകളോളം ഇരുമ്പുദണ്ഡുകള്‍ കൊണ്ട്‌ അതിക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം ഇരുമ്പു കസേരകളില്‍ ബന്ധിച്ച്‌ വൈദ|താഘാതമേല്‌പിച്ചാണ്‌ കൊലപ്പെടുത്തിയത്‌. കാമുകനുമായുള്ള സമ്പര്‍ക്കത്തിന്‌ തടയിടുവാന്‍ സ്വന്തം അമ്മാവന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ തിരക്കി കാമുകന്‍ എത്തിയതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. രണ്ടുപേര്‍ക്കും വേര്‍പിരിയാന്‍ കഴിയില്ലെന്നറിയിച്ചതോടെ വിവാഹം കഴിച്ചു തരാം എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ യോഗേഷിനെ വീട്ടിലേക്ക്‌ ക്ഷണിച്ചുവരുത്തിയതിനുശേഷമാണ്‌ പെണ്‍കുട്ടിയുടെ അഛനും അമ്മാവനും ചേര്‍ന്ന്‌ ഈ ക്രൂരകൃത്യം ചെയ്‌തത്‌. ചെയ്‌ത തെറ്റില്‍ യാതൊരു പശ്ചാത്താപവുമില്ലെന്ന്‌ രണ്ടുപേരും പോലീസിനോട്‌ പറഞ്ഞത്രേ.

ഇപ്പോഴിതാ ഉത്തര്‍പ്രദേശ്‌ സ്വദേശിനി 20കാരി സംഗീതയും ബന്ധുക്കളാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഡല്‍ഹിയ്‌ക്കടുത്ത്‌ നോയിഡയില്‍ ജോലി ചെയ്‌തിരുന്ന സംഗീതയും സഹപ്രവര്‍ത്തകന്‍ ദളിത്‌ വംശജനായ രവീന്ദറും പ്രണയത്തിലാകുകയും വീട്ടുകാരറയാതെ ഡല്‍ഹിയില്‍വെച്ച്‌ അവര്‍ വിവാഹിതരാകുകയും ചെയ്‌തു. ഈ വിവരം അറിയാതെ സംഗീതയുടെ വിവാഹം നടത്താന്‍ ഒരുങ്ങിയപ്പോഴാണ്‌ രവീന്ദറുമായുള്ള വിവാഹക്കാര്യം വീട്ടില്‍ പറയുന്നത്‌. ആദ്യം എതിര്‍ത്ത ബന്ധുക്കള്‍ ഒടുവില്‍ അത്‌ അംഗീകരിക്കുകയും സംഗീതയെ രവീന്ദറിന്റെ കൂടെ പോകാന്‍ അനുവദിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ്‌ സംഗീതയെ കൊല്ലപ്പെട്ടനിലയില്‍ കാണുന്നതത്രേ. സംഭവവുമായി ബന്ധപ്പെട്ട്‌ സംഗീതയുടെ അമ്മയേയും മറ്റു നാലുപേരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

വീണ്ടും മറ്റൊരു കൊലപാതകവും യു.പി.യിലെ മുസാഫര്‍ നഗറില്‍ രണ്ടു ദിവസം മുന്‍പ്‌ നടന്നു. ദളിത്‌ വംശജയായ യുവതിയുമായി പ്രണയത്തിലായ കുറ്റത്തിന്‌ ഠാക്കൂര്‍ വംശജനായ 48കാരനെ യുവതിയുടെ ബന്ധുക്കളാണ്‌ കല്ലെറിഞ്ഞു കൊന്നത്‌. യുവതിയുടെ വീടിനടുത്ത്‌ താമസിച്ചിരുന്ന വിഭാര്യനായ പ്രേംസിംഗ്‌ ഠാക്കൂര്‍ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇഷ്ടിക കൊണ്ട്‌ എറിഞ്ഞാണത്രേ പ്രേംസിംഗിനെ കൊന്നത്‌.

സ്വന്തം ജാതിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാന്‍ ചെയ്‌ത ഒരു ത്യാഗമെന്നോണമാണ്‌ ഈ `സല്‍ക്കര്‍മ്മങ്ങള്‍' ചെയ്‌തതെന്നാണ്‌ ഈ കൊലപാതകങ്ങളെല്ലാം നടത്തിയവരെന്നു സംശയിക്കുന്ന വരുടെ വാദം. താലോലിച്ചോമനിച്ച്‌ വളര്‍ത്തിയ കൈകള്‍കൊണ്ടുതന്നെ സ്വന്തം മക്കളുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനംകൊണ്ട്‌ എന്തു പുണ്യമാണ്‌ അവര്‍ നേടുന്നത്‌ രക്തത്തില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്രമാത്രം രക്തം പിന്നെയും ഒഴുക്കേണ്ടതായി വരും

ജാതിയും മതവും സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന അര്‍ബ്ബുദരോഗമാണെന്നും അതിനെ വേരോടെ പിഴുതെറിയണമെന്നും ഉദ്‌ഘോഷിച്ച സാമൂഹ്യാചാര്യന്മാരുടേയും പരിഷ്‌ക്കര്‍ത്താക്കളുടേയും തലമുറ അന്യം നിന്നു പോയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രബുദ്ധരായവരാണെന്ന്‌ അഭിമാനിക്കുന്ന കേരളത്തിലാവട്ടേ മതപണ്ഡിതന്മാരും സാമുദായിക നേതാക്കളും?ജനങ്ങള്‍ക്കുമേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുന്നു. അവരുടെ ഒത്താശയോടെ അണികള്‍ സ്വയം ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നു. നാളെ ഈ മാനം കാക്കല്‍ കൊലപാതകങ്ങള്‍ കേരളത്തിലും അരങ്ങേറില്ലെന്നാരു കണ്ടു.

Tuesday, July 20, 2010

രൂപയ്ക്കൊരു വരയും ജനങ്ങള്‍ക്കൊരു പാരയും

അങ്ങനെ ഹിന്ദിയിലെ 'ര'യുടെ നടുവിലൂടെ വരയിട്ട് രൂപയുടെ മൂല്യം ഇന്ത്യാ ഗവണ്മെന്റ് കൂട്ടി. ശ്ശോ..... എന്തൊരു മഹാസംഭവം ! ദേവനാഗരിലിപിയിലെ 'ര' ആണെങ്കിലും അത് ഹിന്ദിയിലും 'ര' തന്നെ.ഇനിയിപ്പോള്‍ രൂപയുമില്ല, ഉറുപ്പികയുമില്ല, റുപ്പയ്യയുമില്ല. ഈ വരയിട്ടതുകൊണ്ട് ഇതുവരെ രൂപയെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഡോളറും, പൗണ്ടും, യെന്നുമൊക്കെ രൂപയോട് കൂട്ടുകൂടാന്‍ വരുമത്രേ! അതുമല്ലെങ്കില്‍ ധൈര്യമായി രൂപയ്ക്ക് അങ്ങോട്ട് ചെന്ന് കൂട്ടുകൂടാം.തന്നെയുമല്ല ഇന്ത്യയെ ''എലൈറ്റ്'' ഗ്രൂപ്പില്‍ പെടുത്തുകയും ചെയ്യും. എന്തേ ഈ ബുദ്ധി നേരത്തെ തോന്നാത്തൂ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഷര്‍ട്ടിടാതെയും ചെരുപ്പിടാതെയും ചില ഹോട്ടലുകളില്‍ കയറ്റുകയില്ല എന്നതുപോലെ 'ര'യും വരയുമില്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ രൂപയെ ഇവരൊക്കെ അടുപ്പിക്കാതിരുന്നതെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. ഇന്ത്യയുടെ ആദ്യത്തെ രൂപയുടെ ഉത്ഭവത്തിനുശേഷം ഏകദേശം 470 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴെന്താ ഇങ്ങനെ ഒരു ബോധോദയമുണ്ടായതെന്ന് സംശയിക്കുന്നവരുമുണ്ടായിരിക്കാം.ഈ 'ര' പ്രയോഗം നേരത്തെ ചെയ്തിരുന്നെങ്കില്‍ രൂപയുടെ സ്ഥാനവും മാനവും മൂല്ല്യവും ഡോളറിനെപ്പോലും വെല്ലുമായിരുന്നില്ലേ?


'ര'യുടെ നടുവിലൂടെ വരയിട്ടതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല.ഇംഗ്ലീഷിലെ Rs. എന്നതിനു പകരം ഈ 'ര' കൊണ്ട് രക്ഷപ്പെടാമെന്നുള്ളത് സത്യം തന്നെ. ഈ 'ര' പ്രയോഗം കണ്ടുപിടിച്ച ആ ഐ.ഐ.ടി. വിദ്യാര്‍ത്ഥിക്ക് രണ്ടര ലക്ഷം രൂപ പാരിദോഷികമായി നല്‍കിയെങ്കിലും,ഈ 'ര' ഒന്നു പച്ചപിടിപ്പിക്കണമെങ്കില്‍ ഇനി ലക്ഷങ്ങളും കോടികളും ചിലവഴിക്കേണ്ടിവരുമെന്നത് മറ്റൊരു സത്യം. കേരളത്തില്‍ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബ്ബന്ധമാക്കിയത് ഏതോ വടക്കന്‍ ഹെല്‍മറ്റ് ലോബിയുടെ 'ഐഡിയ' ആയിരുന്നു എന്നു പറഞ്ഞതുപോലെ,ഈ ഐഡിയ ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിക്കാരുടെ തലയിലുദിച്ചതാണെന്നും പറയപ്പെടുന്നു. മലയാളത്തിലെ 'ചില്ലിക്കാശ്' കാലാന്തരത്തില്‍ ഹിന്ദിയിലെ 'നയാ പൈസ' ആയതും വടക്കന്‍ ലോബിയുടെ ഐഡിയ ആയിരുന്നെന്നുള്ളത് ചരിത്രം. വാട്ട് ആന്‍ ഐഡിയ സാബ്ജീ. ഏതായാലും ഈ 'ര' കൊണ്ട് ജനങ്ങള്‍ 'ക്ഷ' വരയ്ക്കുമെന്ന് തീര്‍ച്ച.


കംപ്യൂട്ടറുകളിലേയും ടൈപ്പ്‌റൈറ്ററുകളിലേയും കീ ബോര്‍ഡുകള്‍ മാറ്റുന്നതും Rs.നു പകരം 'ര' എന്ന സോഫ്റ്റ്‌വെയര്‍ ഉല്പാദിപ്പിക്കാനും ഇത്യാദി കാര്യങ്ങള്‍ക്കും മറ്റും ഇനിയും നാളുകള്‍ എടുക്കും.ഏകദേശം 3000 എന്‍ട്രികളില്‍ നിന്നാണത്രേ ഈ 'ര' തെരഞ്ഞെടുത്തത് ! അതും ദേവനാഗരി (ഹിന്ദി)യിലെ 'ര'. എന്തുകൊണ്ട് മലയാളത്തിലെ 'രൂ' തെരഞ്ഞെടുത്തില്ല എന്ന് ഏതെങ്കിലും ദോഷൈകദൃക്കുകള്‍ ചോദിച്ചാല്‍ അതിനവരെ കുറ്റം പറയാന്‍ പറ്റുമോ? സത്യത്തില്‍ ഈ ഹിന്ദി 'ര'യെക്കാള്‍ ചേരുന്നത് മലയാളത്തിലെ 'രൂ' ആയിരുന്നു. അങ്ങനെയെങ്കിലും ലോകമൊട്ടാകെയുള്ള ജനങ്ങളെ നമുക്ക് മലയാളം പഠിപ്പിക്കാമായിരുന്നു, മലയാള സംസ്‌ക്കാരം പഠിപ്പിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ ഇനി ജനങ്ങള്‍ ഹിന്ദിയിലെ 'ര' എഴുതി നടുവിലൂടെ വരയിട്ട് പഠിക്കട്ടേ. അങ്ങനെ വടക്കന്‍ ലോബിയുടെ ആഗ്രഹവവും സഫലീകരിക്കട്ടെ. തമിഴ്‌നാട് സ്വദേശി ഉദയകുമാറാണ് ഈ 'ര' വരച്ച് കാശുമേടിച്ചതെന്നുകൊണ്ട് തമിഴ്‌നാട്ടുകാര്‍ മലയാളിക്കിട്ട് പാരപണിതതാണെന്നും, മലയാളികളോട് അവര്‍ കാണിക്കുന്ന അവഗണനയാണിതെന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ അടക്കം പറയുന്നുണ്ടത്രേ.


സ്ഥലങ്ങളുടെ പേരുമാറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ ഈ രൂപയുടെ മാറ്റം വന്നത് യാദൃശ്ചികം മാത്രം. കേരളത്തിലൊരു 'അം' ഇട്ട് കേരളം എന്നാക്കാന്‍ അച്ചുമാമനും സംഘവും കഠിനപ്രയത്‌നം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിലെ അംബികാ സോണി 'ര' ഇട്ടത്. ഇനിയിപ്പോള്‍ അതിനുവേണ്ടി ഒരു നിവേദക സംഘം ഡല്‍ഹിയിലേക്ക് പറക്കുകയില്ലെന്നാരു കണ്ടു.


ഇന്ത്യയില്‍ ദിനംപ്രതി സ്ഥലങ്ങളുടെ പേരുമാറ്റം കണ്ടതുകൊണ്ടാണ് 'കേരള' പോരാ ഒരു 'അം' കൂടി ചേര്‍ത്ത് കേരളം എന്നാക്കിയാലെന്താ എന്ന് അച്ചുമാമനും കൂട്ടര്ക്കും തോന്നിയത്. പക്ഷേ, 'ര' ചേര്‍ത്ത് രൂപയുടെ മൂല്യം കൂട്ടിയതുപോലെ 'അം' ചേര്‍ത്താല്‍ കേരളത്തിന്റെ പ്രതിഛായയോ മൂല്യമോ കൂടുമോ? 'അം' അറ്റുപോയ കേരളത്തിന് അതങ്ങ്  തിരികെ വാങ്ങിക്കൊടുത്ത് മറ്റൊരു പരശുരാമനായി ശിഷ്ടകാലം ജീവിക്കാമെന്നു ഭരണ കാലാവധി അവസാനിക്കാറായിട്ടും സ്വന്തം മുഖഛായപോലും രക്ഷിക്കാന്‍ കഴിയാതെ പെടാപാടു പെടുന്ന അച്ചുമാമന് തോന്നിയതില്‍ തെറ്റുപറയാന്‍ കഴിയില്ല.


ഇംഗ്ലീഷ് കൂടാതെ ഇരുപത്തിയെട്ട് ഭാഷകളുള്ള ഇന്ത്യയില്‍ രൂപയ്ക്ക് ഏറ്റവും നന്നായി ചേരുന്ന 'രൂ'വിനെ തഴഞ്ഞതിന് മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതണം. ഏത് മാനദണ്ഡമുപയോഗിച്ചാണ് ദേവനാഗരിയിലെ 'ര'യില്‍ വരച്ച് രൂപയാക്കിയതെന്ന് കേന്ദ്രം മറുപടി പറയുന്നതുവരെ സമരം ചെയ്യണം.മലയാളി സംഘടനകള്‍ ഒറ്റയ്ക്കോ ഒറ്റക്കെട്ടായോ കൂട്ടം ചേര്‍ന്നോ ഉടനെ ഒരു പ്രമേയം പാസ്സാക്കണം. കേന്ദ്രത്തിലും കേരളത്തിലും ഉടനെ നിവേദനങ്ങള്‍ അയച്ച് ഈ അനീതിയ്ക്കെതിര പോരാടണം. ഇപ്പോള്‍ അമേരിക്കയിലുള്ള കേന്ദ്ര-കേരള നേതാക്കളെ പ്രശ്‌നത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക പരിഹാരം കാണാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെടണം.മറ്റു ഭാഷക്കാരുടെ മേല്‍, പ്രത്യേകിച്ച് മലയാളികളുടെ, ഹിന്ദി അടിച്ചേല്പിക്കുന്നതിനെ ഒരിക്കലും ന്യായീകരിച്ചുകൂടാ. 'ര'യ്ക്കു പകരം 'രൂ' ആക്കുന്നതുവരെ സമരം ചെയ്യണം.

Sunday, July 18, 2010

പള്ളിപ്പറമ്പിലെ ആയുധശേഖരം

ഇക്കഴിഞ്ഞ വീക്കെന്റില്‍ അതിവിചിത്രമായ ഒരു ടെലഫോണ്‍ കോള്‍ എനിക്കു വന്നു. വിളിച്ചയാള്‍ `സലാം' (അസ്സലാമു അലൈക്കും) ചൊല്ലിയതിനുശേഷം എന്റെ പേരും നാളും നാടുമൊക്കെ ചോദിച്ചു. പരിചയമില്ലാത്തവര്‍ വിളിക്കുമ്പോള്‍ ഇങ്ങോട്ടാണ്‌ ആദ്യം പരിചയപ്പെടുത്തേണ്ടതെന്ന്‌ വിളിച്ചയാളിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. കോളര്‍ ഐ.ഡി.യില്‍ ഗള്‍ഫിലെ നമ്പറാണ്‌ കണ്ടത്‌. അപ്പോള്‍ ഇന്റര്‍നാഷണല്‍ വിളിയാണ്‌.


എന്റെ ചില ലേഖനങ്ങള്‍ അദ്ദേഹം വായിച്ചെന്നും, ഒരു മുസ്ലീം ആയ ഞാന്‍ ഇതര മതക്കാരെ പുകഴ്‌ത്തിയും മുസ്ലീം സമുദായക്കാരെ ഇകഴ്‌ത്തിയും എഴുതുന്നത്‌ നിര്‍ത്തണമെന്നും, ആ നേരംകൊണ്ട്‌ മുസ്ലീങ്ങളെ സപ്പോര്‍ട്ട്‌ ചെയ്‌ത്‌ അവരോട്‌ ഈ ലോകം കാണിക്കുന്ന അനീതിക്കെതിരെ എന്തുകൊണ്ട്‌ എഴുതുന്നില്ല എന്നാണ്‌ അയാളുടെ ചോദ്യം. ആദ്യം ഞാനൊന്ന്‌ അമ്പരന്നു. കാരണം, എനിക്ക്‌ ആദ്യം അറിയേണ്ടിയിരുന്നത്‌ ഈ വ്യക്തിക്ക്‌ എന്റെ ടെലഫോണ്‍ നമ്പര്‍ ആര്‌ കൊടുത്തു എന്നാണ്‌. അയാളാണെങ്കില്‍ അതു പറയുന്നുമില്ല. എങ്കില്‍ എനിക്ക്‌ സംസാരിക്കാന്‍ താല്‌പര്യമില്ല എന്നു പറഞ്ഞ്‌ ഫോണ്‍ ഡിസ്‌കണക്ട്‌ ചെയ്യാന്‍ തുനിഞ്ഞപ്പോഴാണ്‌?അങ്ങേ തലയ്‌ക്കല്‍ നിന്ന്‌ കേട്ടത്‌...`ഇക്കാ, ഫോണ്‍ വെയ്‌ക്കല്ലേ, ഇത്‌ ഇക്കാടെ നാട്ടുകാരനാണ്‌. എന്റെ ചില ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാറുണ്ടെന്നും എന്നോട്‌ നേരിട്ട്‌ സംസാരിക്കാന്‍ ടെലഫോണ്‍ നമ്പറിനായി നാട്ടില്‍ വിളിച്ചെന്നും അങ്ങനെയാണ്‌ നമ്പര്‍ കിട്ടിയതെന്നും, വിളിച്ച ആളുടെ പേരും വീട്ടുപേരും പറഞ്ഞപ്പോള്‍ എനിക്ക്‌ ആളെ മനസ്സിലായി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ കാര്യത്തിലേക്ക്‌ കടന്നു. അയാള്‍ക്ക്‌ അറിയേണ്ടത്‌ ഞാനെന്തുകൊണ്ട്‌ മുസ്ലീങ്ങളെ മാത്രം ഫോക്കസ്‌ ചെയ്‌ത്‌ എഴുതുന്നില്ല എന്നാണ്‌. ലോകമെങ്ങും മുസ്ലീങ്ങളെ പീഢിപ്പിക്കുകയും വേട്ടയാടുകയുമാണത്രേ. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു `പഴയ ജോര്‍ജ്ജ്‌ ബുഷിന്റെ' നാട്ടിലിരുന്നുകൊണ്ടല്ലേ ഇക്ക ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്‌. `ഗള്‍ഫില്‍ നിന്ന്‌ ടെലഫോണ്‍ ചെയ്‌ത്‌ ചോദിക്കാന്‍ പറ്റിയ വിഷയമാണോ ഇത്‌, നീ വേറെ വല്ലതും പറ' എന്നു ഞാന്‍ പറഞ്ഞിട്ടും വിളിച്ച ആള്‍ വിടാനുള്ള ഭാവമില്ല. എന്നെ ഒന്നു ചൊറിഞ്ഞാലേ ഉറക്കം വരൂ എന്ന മട്ടിലായപ്പോള്‍ ഫോണിലൂടെ ഞാനൊരു മാന്തു കൊടുത്തു. `1987-88 കാലഘട്ടങ്ങളില്‍ നമ്മുടെ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പില്‍ മെംബറായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ഇസ്ലാമിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണെന്നും, അന്യജാതിക്കാരുമായി കൂടുതല്‍ കൂട്ടുകൂടുന്നവനാണെന്നും, അതുകൊണ്ട്‌ ഇസ്ലാമിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പള്ളിക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നും, എന്റെ അംഗത്വം റദ്ദാക്കണമെന്നും അല്ലെങ്കില്‍ പള്ളിക്കുവേണ്ടി ഗള്‍ഫില്‍ നടത്തുന്ന ഫണ്ടു പിരിവ്‌ നിര്‍ത്തലാക്കുമെന്നുമൊക്കെ മുദ്രാവാക്യം വിളിച്ച്‌ എന്നെ തേജോവധം ചെയ്‌തവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനല്ലേ നീ.?ഇപ്പോഴെന്താ ഗള്‍ഫിലിരുന്ന്‌ എനിക്കെതിരെ `ഫത്‌വ' പുറപ്പെടുവിക്കുകയാണോ' എന്നു ചോദിച്ചതും വിളിച്ചയാളുടെ കാറ്റുപോയപോലെ അല്‌പനേരത്തേക്ക്‌ നിശ്ശബ്ദമായി. `ഇക്കാ, അത്‌...അന്ന്‌... വിവരമില്ലാതിരുന്നതുകൊണ്ട്‌ അങ്ങനെയൊക്കെ സംഭവിച്ചുപോയി, അതിലെനിക്ക്‌ ഖേദമുണ്ട്‌, എന്നെക്കൊണ്ട്‌ അങ്ങനെയൊക്കെ ചെയ്യിച്ചതാണ്‌, ഞാന്‍ വിചാരിച്ചു ഇക്ക അതൊക്കെ മറന്നുകാണുമെന്ന്‌.` ക്ഷമാപണസ്വരത്തിലുള്ള സംസാരം അങ്ങേ തലയ്‌ക്കല്‍ നിന്നു കേട്ടപ്പോള്‍ എനിക്ക്‌ ചിരിയാണു വന്നത്‌. ടെലഫോണിലൂടെ വിവരിക്കാവുന്ന കാര്യങ്ങളല്ലാതിരുന്നതുകൊണ്ട്‌ കുടുംബകാര്യങ്ങളില്‍?ഞങ്ങളുടെ സംഭാഷണമൊതുക്കി.


അറിവും പരിജ്ഞാനവുമില്ലാത്തവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച്‌ മറ്റുള്ളവരുടെ നേരെ തിരിച്ചുവിടുന്ന പ്രവണതയില്‍ നിന്നുടലെടുത്ത ഒരു സംഭവമാണ്‌ മേല്‍ വിവരിച്ചത്‌. അന്യമതസ്ഥരുമായി കൂട്ടുകൂടുന്നതും, സംവദിക്കുന്നതും, അമുസ്ലീങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഹറാമാണെന്നും, ഓത്തുപള്ളിയിലോ മദ്രസകളിലോ മാത്രമേ പഠിക്കാവൂ എന്നുമൊക്കെ നിഷക്കര്‍ഷിച്ചിരുന്ന ഒരു തലമുറയാണ്‌ നമുക്കു തൊട്ടുമുന്‍പ്‌ കേരളത്തിലുണ്ടായിരുന്നത്‌.?മുസ്ലീം പെണ്‍കുട്ടികളെ നാലാം ക്ലാസ്സുവരേയോ അല്ലെങ്കില്‍ തീരെ പഠിപ്പിക്കാതെയോ ഇരുന്നിട്ടുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തില്‍. മുസ്ലീം സമുദായം വിദ്യാഭ്യാസപരമായും സാമൂഹികസാംസ്‌ക്കാരികപരമായും ധാര്‍മ്മികമായും ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാകാന്‍ കാരണവും അതുതന്നെ. മേല്‌പറഞ്ഞ സംഭാഷണം വളരെ ലളിതമായി തോന്നിയേക്കാം. പക്ഷെ, അതില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞതയും അറിവില്ലായ്‌മയുമാണ്‌ ഇന്ന്‌ ലോകമൊട്ടുക്ക്‌ ജാതിയുടേയും മതത്തിന്റേയും പേരില്‍ നടമാടുന്ന അക്രമങ്ങളുടേയും ഹത്യകളുടേയും ഉറവിടം.


ആരും സ്വമേധയാ തീവ്രവാദികളാകുന്നില്ല. സാഹചര്യങ്ങളാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌.?സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാ മുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ലിം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദ മാര്‍ക്ഷം സ്വീകരിക്കുന്നു എന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.


പ്രവാചക നിന്ദ ആരോപിച്ച്‌ തൊടുപുഴ ന}മാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ക്രൂരന്മാര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നവരല്ല. എന്തിന്റെ പേരിലായാലും കാടത്തവും അതിനീചവുമായ ഈ പ്രവൃത്തി ചെയ്‌തവരെ സമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം. ഭീകരതയിലൂടെ നീതി നടപ്പാക്കാമെന്ന്‌ വ്യാമോഹിച്ച്‌, നാടുനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌?ഇസ്ലാമിന്റെ കാവല്‍ക്കാരായി നടിക്കുന്നവര്‍ വാസ്‌തവത്തില്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്‌. ഒരു യഥാര്‍ത്ഥ ഇസ്ലാമിന്‌ ഒരിക്കലും ക്രൂരപ്രവൃത്തികള്‍ ചെയ്യാനാവില്ല. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ശൈലിയിലുള്ള ഈ ക്രൂരകൃത്യം ചെയ്‌തവര്‍ക്ക്‌ ഏറ്റവും കഠിനമായ ശിക്ഷാവിധിതന്നെ കൊടുക്കുകയും വേണം.ഏറ്റവും പവിത്രമായ ഇടമെന്ന്‌ വിശേഷിപ്പിക്കാവുന്ന പള്ളികളിലും പള്ളിപ്പറമ്പിലും ഖബറുകളിലും വരെ ആയുധം ശേഖരിക്കുന്ന സ്ഥിതിവിശേഷം മുസ്ലീം സമുദായത്തിനു തന്നെ തീരാക്കളങ്കമാണ്‌. ഇങ്ങനെ കുത്സിതപ്രവൃത്തികളിലേര്‍പ്പെടുന്നവരെ മുസ്ലീം സമുദായം ഒന്നടങ്കം ഒറ്റപ്പെടുത്തുക തന്നെ വേണം.


ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടുകൂടാ എന്നും അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്‌തവിദ്യരായകേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളം മാറ്റി ചവിട്ടുകയില്ല.


കേരളത്തില്‍ പൈശാചികമായ താലിബാനിസം നടപ്പിലാക്കുന്നവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുക്കുന്നവരേയും ഈ ഘോരകൃത്യത്തെ സമുദായ സ്‌നേഹവും മതസേവനവുമായി ന്യായീകരിക്കുന്ന വികാരജീവികളേയും അവിവേകികളേയും പിടികൂടി തുറുങ്കിലടയ്‌ക്കാന്‍ സമുദായ നേതാക്കള്‍തന്നെ രംഗത്തുവരണം. ഇത്തരക്കാരുടെ സേവനംകൊണ്ട്‌ ഇസ്ലാം മതം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന മിഥ്യാബോധം മാറ്റി രാജ്യത്ത്‌ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദൂതരായി വാഴാന്‍ മുസ്ലീം ചെറുപ്പക്കാരെ ബോധവാന്മാരാക്കിയില്ലെങ്കില്‍ സമാധാനകാംക്ഷികളായ മുസ്ലീങ്ങളെപ്പോലും ജനങ്ങള്‍ വെറുതെ വിടുകയില്ല.





Tuesday, June 8, 2010

കൊതുകുകള്‍ പനി പരത്തുന്നു.....മാധ്യമങ്ങള്‍ പാനിക് സൃഷ്ടിക്കുന്നു

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും, ചാനലുകാര്‍ ചോദിക്കുന്ന കുസൃതി ചോദ്യമല്ല ഇത്. ശരിയുത്തരത്തിന് സമ്മാനവും പ്രതീക്ഷിക്കേണ്ട. ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യമന്ത്രിയുടെ കണ്ടുപിടുത്തമാണ്. ഈ പനിയും പാനികുമായി എന്താണു ബന്ധം? രണ്ടിന്റേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. പേടിപ്പിച്ച് (പാനിക്) വേണമെങ്കില്‍ പനിയുണ്ടാക്കാം. ആകാശം ഇടിഞ്ഞുവീണാലും
പേടിക്കാത്ത ദൈവത്തിന്റെ സ്വന്തം മക്കളെ പനി വരുന്നേ എന്നു പറഞ്ഞ് എങ്ങനെ പേടിപ്പിക്കും? എന്നാല്‍, പനി വരുന്നേ...പനി വരുന്നേ എന്നു വിളിച്ചു കൂവി പനിയില്ലാത്ത ജനങ്ങളെ പാനിക് ആക്കുന്നത് മാധ്യമങ്ങളാണെന്നാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ അഭിപ്രായം. കൂടാതെ, ഇല്ലാത്ത പനി ഉണ്ടെന്നു വരുത്താന്‍ ശ്രമിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതുമാണത്രേ ! കൊച്ചിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഈ പമ്പര വിഢിത്തം എഴുന്നള്ളിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമ സൃഷ്ടി. ഈ മാധ്യമങ്ങളുടെ ഒരു കാര്യമേ..! മാധ്യമ മാഫിയ, മാധ്യമ ലോബി, മാധ്യമ സിന്‍ഡിക്കേറ്റ്, പ്രതിലോമശക്തി എന്നീ പദപ്രയോഗങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ നിത്യവും നാം കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ മാധ്യമപ്പനി, മാധ്യമ പാനിക് എന്നീ
വിശേഷണങ്ങളും.

തെരഞ്ഞെടുപ്പും പനിയുമായി എന്താണ് ബന്ധം ? അതിനും ശ്രീമതി ടീച്ചര്‍ക്ക് ഉത്തരമൂണ്ട്. 2006ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണത്രേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പനി പൊട്ടിപ്പുറപ്പെട്ടത്. അപ്പോള്‍ അതുവരെ കേരളത്തില്‍ പനിയില്ലായിരുന്നോ എന്ന ചോദ്യത്തിന് ഇവിടെ
പ്രസക്തിയില്ല. കേട്ടാല്‍ തോന്നും ഉമ്മന്‍ചാണ്ടി മാരകരോഗം പരത്തുന്ന കൊതുകുകളെ കസ്റ്റഡിയില്‍ വെച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തുറന്നു വിട്ടതാണോ എന്ന്. അല്ലെങ്കില്‍ അത്രയും നാള്‍ ഇല്ലാതിരുന്ന മാരകരോഗങ്ങള്‍ എങ്ങനെ കേരളത്തില്‍ ഒരഴ്ചകൊണ്ട് പടര്‍ന്നു പിടിച്ചു? ഏതായാലും പഴി ചാരാന്‍ ശ്രീമതി ടീച്ചര്‍ക്ക് ഇപ്പോള്‍ കിട്ടിയത് മാധ്യമങ്ങളെയാണ്. അതുകൊണ്ട് മാധ്യമങ്ങള്‍ ജാഗ്രതരായിരിക്കുക. കേരളത്തിലെ ജനങ്ങളെ 'പാനിക്' ആക്കി പനി പിടിപ്പിക്കരുത്.

ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍, തക്കാളിപ്പനി, കഴുതപ്പനി, കോളറ, അതിസാരം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളൊന്നും കേരളത്തിലില്ല. ഈ വക രോഗങ്ങള്‍ പിടിപെട്ട് ആരും ആശുപത്രികളിലെത്തുന്നില്ല. ആരും മരിച്ചിട്ടില്ല. ആര്‍ക്കും അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ടില്ല. വെറുതെ വിളിച്ചുകൂവി ഈ പനികളെയൊന്നും കേരളത്തിലേക്ക് വരുത്തരുതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും കേട്ടാല്‍ ഉടനെ ഒന്നാം പേജിലും നാലാം പേജിലും മുഴുനീള കളര്‍ വാര്‍ത്തകള്‍ കൊടുത്ത് സര്‍ക്കാരിന്റെ സല്പേരിന് കളങ്കം വരുത്തുന്നത് മാധ്യമങ്ങളാണെന്നും ആരോഗ്യമന്ത്രി പരാതിപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട്, പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നു കൂടുന്നതിനെക്കുറിച്ചോ, കരകവിഞ്ഞൊഴുകുന്ന നഗരങ്ങളിലെ അഴുക്കുചാലുകളെക്കുറിച്ചോ, ദിനം പ്രതി വന്‍കിട ഫാക്ടറികളില്‍ നിന്ന് നദികളിലേക്ക് ഒഴുക്കിവിടുന്ന വിഷം കലര്‍ന്ന വിസര്‍ജ്യങ്ങളെക്കുറിച്ചോ,
അറവുശാലകളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് പുറംതള്ളുന്ന അവശിഷ്ടങ്ങളെക്കുറിച്ചോ, മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളെക്കുറിച്ചോ, രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെക്കുറിച്ചോ ഒന്നും എഴുതരുത്. എല്ലാ മാധ്യമങ്ങളും
ഇനി മുതല്‍ "പനിവിമുക്ത കേരളം" അല്ലെങ്കില്‍ "രോഗവിമുക്ത കേരളം" എന്നോ മറ്റോ ഉള്ള തലക്കെട്ടോടുകൂടി ഒരു പരമ്പര തന്നെ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ ഹരിത വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന സര്‍ക്കാരിന്റെ തൊപ്പിയില്‍ ഇരിക്കട്ടേ ഒരു പൊന്‍തൂവല്‍ കൂടി.

Friday, June 4, 2010

ഒരേ ജോലിക്ക് രണ്ടുതരം കൂലി

ഏറെ കോലാഹലങ്ങള്‍ക്കു ശേഷം ഇന്ത്യാ ഗവണ്മെന്റ് കണ്ണുതുറക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുട്ടുമടക്കുകയും ചെയ്തു.പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുവെങ്കിലും, അന്യായമായ ഫീസ് ഒരു വിഭാഗം ജനങ്ങളെ കാത്തിരിക്കുകയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 2010 മെയ് 31 വരെ അമേരിക്കന്‍ പൗരത്വമെടുത്തവര്‍ക്ക് 175 ഡോളറില്‍ നിന്ന് 20 ഡോളര്‍ ആക്കി സറണ്ടര്‍ ഫീസ് നിജപ്പെടുത്തിയെങ്കിലും, മെയ് 31നു ശേഷം അമേരിക്കന്‍ പൗരത്വമെടുക്കുന്നവര്‍ക്ക് വീണ്ടും 175 ഡോളര്‍ കൊടുക്കേണ്ടിവരുന്നത് ഇരട്ടത്താപ്പു നയമാണ്. ഒരു പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുവാന്‍ 20 ഡോളര്‍ (ഏകദേശം 900 രൂപ) കോണ്‍സുലേറ്റിന് അഡ്മിനിസ്‌ട്രേറ്റീവ് ഫീസിനത്തില്‍ ചിലവു വരുമോ എന്ന ചോദ്യം നിലനില്‍ക്കേ, ഏകദേശം 7875 രൂപയാണ് അതേ ജോലി ചെയ്യുന്നതിന് അവര്‍ ഈടാക്കുവാന്‍ പോകുന്നത്. ഒരേ ജോലിക്ക് രണ്ടുതരം കൂലി വാങ്ങുന്ന ഏര്‍പ്പാടാണിത്. അതു മാത്രമല്ല, അമേരിക്കന്‍ പൗരത്വം എടുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണോ അതോ അമേരിക്കന്‍ പൗരത്വമെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുവാനാണോ ഈ നിയമം കൊണ്ടുവരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കേണ്ടിയിരിക്കുന്നു.ഇത് തികച്ചും അന്യായമാണ്.

മെയ് 31 വരെ മാത്രമല്ല, ഭാവിയിലും അതേ ഫീസോ അതില്‍ കുറവോ മാത്രമേ പാസ്‌പോര്‍ട്ട് സറണ്ടര്‍ ഫീസായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഈടാക്കാവൂ. ടൂറിസ്റ്റ് വിസ ഇല്ലാതാക്കി 'എന്‍ട്രി വിസ' എന്ന ഓമനപ്പേരിട്ട് മറ്റൊരു നിയമം കൊണ്ടൂവന്നതും പവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന ഡോളര്‍ കണ്ടുകൊണ്ടാണ്. അതൊരിക്കലും വകവെച്ചുകൊടുത്തുകൂടാ.നഖശിഖാന്തം എതിര്‍ത്ത് ഇന്ത്യാ ഗവണ്മെന്റിന്റെ ഈ തലതിരിഞ്ഞ നയത്തില്‍ നിന്ന് ഏതു വിധേനയും സാധാരണക്കാരെ മോചിപ്പിക്കാന്‍ എല്ലാ സംഘടനകളും ഒത്തൊരുമയോടെ പ്രതികരിക്കണം. അതുപോലെ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നയുടന്‍ പലരും 175 ഡോളര്‍ കൊടുത്ത് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നു. അവര്‍ക്ക് റീഫണ്ട് ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതും ഇന്ത്യന്‍ കോണ്‍സുലേറ്റുകളൂടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്.

ഇപ്പോള്‍ വാഷിംഗടണിലുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയേയും അടുത്തമാസം ഫോമയുടേയും ഫൊക്കാനയുടേയും കണ്‍വന്‍ഷനുകളില്‍ പൊന്നാട സ്വീകരിക്കാന്‍ വരുന്ന പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയേയും കാര്യങ്ങള്‍ ധരിപ്പിക്കുന്നതോടൊപ്പം വേണ്ടിവന്നാല്‍ ഒരു സര്‍വ്വകക്ഷിപ്രകടനവും വേണമെന്നാണ് ആല്‍ബനിയിലെ ബഹുപൂരിപക്ഷം മലയാളികളുടേയും അഭിപ്രായം.''കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' എന്നാണല്ലോ പ്രമാണം.

തലവെട്ടിയ അപരന്മാരും....തകരുന്ന കുടുംബങ്ങളും.."

മെയ് 22 പുലര്‍ച്ചെ 6:20ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ എക്സപ്രസ്സ് വിമാനാപകടം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ദുരന്തമായിരുന്നു. ദുബൈയില്‍ നിന്നു പറന്നുപൊങ്ങിയ ആ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഏറിയ പങ്കും വടക്കന്‍ കേരളത്തിലും മംഗലാപുരത്തും നിന്നുള്ളവരായിരുന്നു. വിമാനം ലാന്‍ഡു ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി എവിടെയോ ചെന്നിടിച്ച് പൊട്ടിത്തെറിക്കുകയും കത്തിച്ചാമ്പലാകുകയും 166 പേരില്‍ വെറും എട്ടു പേരൊഴികെ മറ്റെല്ലാവരും തിരിച്ചറിയാത്തവിധം അഗ്നിക്കിരയാകുകയും ചെയ്തെന്നു കേട്ടപ്പോള്‍ കേരളവും മംഗലാപുരവും മാത്രമല്ല, രാജ്യമൊട്ടാകെ തേങ്ങി. ദുബൈ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വന്നവരും ബജ്പേ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയവരും തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എന്താണ്‌ സംഭവിച്ചതെന്നറിയാതെ നെട്ടോട്ടമോടുമ്പോള്‍ അപകടത്തില്‍ പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരക്കം പായുകയായിരുന്നു.

പരിക്കുകളോടെ രക്ഷപ്പെട്ട എട്ടു പേരേയും മരിച്ചവരില്‍ 136 പേരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചറിയാനാവാത്ത 22 മൃതദേഹങ്ങള്‍ അധികൃതരെ വിഷമസന്ധിയിലാക്കി. കാരണം, ഒരു മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ രംഗത്തു വന്നതാണ്. ഏകദേശം പന്ത്രണ്ടു പേരെങ്കിലും വ്യാജ പാസ് പോര്‍ട്ടില്‍ ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു എന്ന് അധികൃതര്‍ അന്നേ വെളിപ്പെടുത്തിയിരുന്നു. അതായത് പാസ് പോര്‍ട്ട് പ്രകാരമുള്ള വ്യക്തിയായിരിക്കണമെന്നില്ല മരിച്ചത്. ഇതു തന്നെയാണ് അധികൃതരെ കുഴപ്പിച്ച പ്രശ്നവും. 20 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയതും ഇതേ കാരണത്താലാണ്. തങ്ങളുടെ വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണാനോ അവരെ തിരിച്ചറിയാനോ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുവാനോ കഴിയാതെ കുടുംബാംഗങ്ങള്‍ വിലപിക്കുമ്പോള്‍, ഡി.എന്‍.എ. പരിശോധനയിലും തിരിച്ചറിയാന്‍ കഴിയാത്ത 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിച്ചത് വിമാനാപകടത്തേക്കാള്‍ ഭയാനകമാണ്. ഇതില്‍ നിന്നും ഒരു കാര്യം നാം മനസ്സിലാക്കണം. മറ്റുള്ളവരുടെ പാസ് പോര്‍ട്ടിലെ ഫോട്ടോയുടെ തലവെട്ടിമാറ്റി സ്വന്തം ഫോട്ടോയുടെ തല വെച്ചുപിടിപ്പിച്ച് അനധികൃതമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കൊരു ഗുണപാഠം കൂടിയാണ്‌ ഈ ദുരന്തം നല്‍കുന്നത്.

ഈ തലവെട്ടിമാറ്റല്‍ പ്രക്രിയയില്‍ കുടുങ്ങുന്നത് മുഴുവന്‍ ഗള്‍ഫ് മലയാളികളാണെന്നതാണ് സത്യം. ഈയടുത്ത നാളുകളില്‍ വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത ഒട്ടനവധിപേരെ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുകയുണ്ടായി. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ ഒരു വ്യക്തിയുടെ പാസ് പോര്‍ട്ടുമായി കുവൈറ്റില്‍ ജോലി ചെയ്യുകയും പലതവണ ആ പാസ് പോര്‍ട്ടുമായി യാത്ര ചെയ്യുകയും ചെയ്ത ഒരു വിദ്വാനെ ഈയ്യിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ വ്യാജന്മാരാകാനുള്ള മലയാളിയുടെ ധ്വര എത്രത്തോളമുണ്ടെന്ന് ഊഹിക്കാം. സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള ഈ ഞാണിന്മേല്‍ കളി ഗള്‍ഫ് മലയാളികള്‍ അവസാനിപ്പിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവാണ് മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്ന് നമുക്ക് നല്‍കുന്നത്. വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത വ്യക്തി/വ്യക്തികള്‍ ആരുടെ പാസ് പോര്‍ട്ടാണോ ഉപയോഗിച്ചത് അവര്‍ ഗള്‍ഫിലെവിടേയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം. പക്ഷേ, രേഖകളില്‍ അവര്‍ മരണപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം തിരിച്ചറിയാന്‍ കഴിയാതെ അജ്ഞാത മൃതദേഹമായി പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ച മൃതദേഹങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ഇനിയൊരിക്കലും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയാതെ ഉള്ളൂരുകി വിലപിക്കുകയുമാവാം. എത്ര ഭീതിതമാണ് ഈ അവസ്ഥ..!

എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികള്‍ ഇങ്ങനെയുള്ള ചതിക്കുഴികളില്‍ ചെന്നു ചാടുന്നത്? ബോധവല്‍ക്കരണത്തിന്റെ അഭാവമാണോ? അതോ വിവരമില്ലായ്മയാണോ? ഗള്‍ഫുകാരെ ചൂഷണം ചെയ്ത് ചതിക്കുഴികളില്‍ വീഴ്ത്തുവാന്‍ തക്കംനോക്കി നടക്കുന്ന വ്യാജന്മാരെ എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല ? സ്വന്തം പാസ് പോര്‍ട്ട് അറബി പിടിച്ചു വെയ്ക്കുകയോ മറ്റേതെങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ അതുമല്ലെങ്കില്‍ പണയപ്പെടുത്തുകയോ ചെയ്തതിനുശേഷം ഏതെങ്കിലും ഏജന്റു വഴി ആരുടേയെങ്കിലും പാസ് പോര്‍ട്ട് പണം കൊടുത്തു വാങ്ങി തലവെട്ടി മാറ്റി അതുംകൊണ്ട് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വയം കുഴിതോണ്ടുകയാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? ഗള്‍ഫ് യാത്രക്കാരില്‍ വലിയൊരു വിഭാഗം വെറും സാധാരണക്കാരും കുടുംബം പോറ്റാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി, കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. അവരെ ലക്ഷ്യമിട്ടാണ് വ്യാജ ഏജന്റുമാര്‍ വട്ടം ചുറ്റുന്നത്. അവരെ മാത്രമേ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ കഴിയൂ എന്ന് ഈ വ്യാജന്മാര്‍ക്കറിയാം. ഇങ്ങനെയുള്ള പാവപ്പെട്ടവരായ സാധാരണക്കരെ സം രക്ഷിക്കേണ്ട ധാര്‍മ്മിക കടമ അവരുടെ മാതൃരാജ്യത്തിനില്ലേ?

ഗള്‍ഫിലെ ഇന്ത്യന്‍ എംബസ്സികളും മറ്റു സാമൂഹിക-സാംസ്ക്കാരിക സംഘടനകളും സംയുക്തമായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്യുമ്പോള്‍ വന്നു ഭവിക്കാവുന്ന വിപത്തുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ മംഗലാപുരം വിമാന ദുരന്തങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാം.

പ്രവാസികള്‍ ഭീകരവാദികളോ..?



പ്രവാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സി-കോണ്‍സുലേറ്റുകള്‍ നടപ്പാക്കിയ പുതിയ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമത്തിന്‌ കടിഞ്ഞാണിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ എല്ലാ മലയാളി നേതാക്കള്‍ക്കും അഭിവാദനങ്ങള്‍...! ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയ്ക്ക് കടിഞ്ഞാണിടാനും മേലില്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പ്രവാസികള്‍ക്കു നേരെ പ്രയോഗിക്കാതിരിക്കാനുമുള്ള മുന്നറിയിപ്പിനും ഈ സംഭവവികാസങ്ങള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട ഗതികേടിലായി നയതന്ത്രകാര്യാലയങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ഇന്ത്യാ ഗവണ്മെന്റ് ധൃതിപിടിച്ച് ഇപ്പോഴൊരു നിയമം അനാവശ്യമായി വിദേശ ഇന്ത്യക്കാരില്‍ അടിച്ചേല്പ്പിക്കാനുണ്ടായ കാരണമെന്താണ് ? അതും മെയ് മാസത്തില്‍..! ഇന്ത്യയിലേക്ക് ഭീകരന്മാര്‍ നുഴഞ്ഞു കയറി രാജ്യത്ത് അക്രമം അഴിച്ചു വിടുന്നു എന്ന ന്യായം ഒരു വശത്തും, വിദേശ പൗരത്വമെടുത്തതിനു ശേഷവും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച് പലരും യാത്ര ചെയ്യുന്നു എന്ന് മറുവശത്തും അവര്‍ നിരത്തുന്നുണ്ടെങ്കിലും അവ രണ്ടും പ്രായോഗികമല്ല എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. സത്യത്തില്‍ പണത്തോടുള്ള അത്യാര്‍ത്തികൊണ്ടാണെന്ന യാഥാര്‍ത്ഥ്യവും തള്ളിക്കളയാനാവില്ല. വേനലവധിക്കാലമായതിനാല്‍ അനേകം പേര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്നും, ഈ സമയത്ത് ഏതെങ്കിലും നിയമത്തിന്റെ പേരു പറഞ്ഞ് പരമാവധി ഇന്ത്യക്കാരില്‍നിന്ന് പിഴിഞ്ഞെടുക്കാമെന്നുള്ള കണക്കുകൂട്ടലല്ലേ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും സംശയിക്കുന്നതിലെന്താണ് തെറ്റ് ? വിമാനക്കമ്പനിക്കാര്‍ ചെയ്യുന്നതും അതുതന്നെയല്ലേ.

അതല്ല ഇനി ഭീകരാക്രമണം തടയാനാണെങ്കില്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വിദേശങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ്‌ ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണല്ലോ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ  പല രഹസ്യ പാക്കിസ്ഥാന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ സെക്കന്റ് സെക്രട്ടറി. പഞ്ചാബിലെ ഭക്രാ അണക്കെട്ടിനു സമീപത്തുനിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ജര്‍മ്മനിയിലെ ഹാംബര്‍ഗ് സ്വദേശി തോമസ് കുഹന്‍ ജര്‍മ്മനിയ്ക്കുവേണ്ടി ചാരപ്പണി നടത്തുവാനാണ്‌ ഇന്ത്യയിലെത്തിയതെന്നും, ഭക്രാ അണക്കെട്ടിനു സമീപമുള്ള ഒരു അമ്പലത്തില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റു ചെയ്തതെന്നും കേള്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ സുതാര്യത എത്ര ബലഹീനമാണെന്നു മനസ്സിലാക്കാം. ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം ഈ ചാരന്റെ കൈയില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നുമില്ലത്രേ..! പിന്നെ ഇയാല്‍ എങ്ങനെ ഇന്ത്യയിലെത്തി..?

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. അതിന്റെ സൂത്രധാരകന്‍ ഒരു പാക്കിസ്ഥാനി-അമേരിക്കക്കാരനും. അയാള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കിയതോ ഷിക്കാഗോയിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റും. തീര്‍ന്നില്ല, കോണ്‍സുലേറ്റിലെ തന്നെ  ചില ഉദ്യോഗസ്ഥര്‍ ഈ ഭീകരനുമായി വളരെ ബന്ധം സ്ഥാപിച്ചിരുന്നത്രേ. അതുകൊണ്ടാണ്‌ അയാള്‍ക്ക് നിഷ്പ്രയാസം ഇന്ത്യയിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിഞ്ഞതും..! ദാവൂദ് സെയ്ദ് ഗിലാനി ഒരു പാക്കിസ്ഥാന്‍ വംശജനായിരുന്നു എങ്കിലും അയാളുടെ പേര് പൂര്‍ണ്ണമായി മാറ്റി ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന അമേരിക്കന്‍ പേര് സ്വീകരിക്കാനുണ്ടായ കാരണം ഇന്ത്യയിലേക്ക് അനായാസം യാത്ര ചെയ്യുവാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണെന്ന് പിന്നീടു നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തന്നെയുമല്ല, ഈ ഭീകരപ്രവര്‍ത്തകന്റെ പേര് ഇന്ത്യയുടെ കരിമ്പട്ടികയില്‍ ഉണ്ടായിരുന്നുതാനും. പക്ഷെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ അയാള്‍ക്ക് വിസ നല്‍കിയ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോ അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ ചരിത്രം പരിശോധിക്കാതെ വിസ അനുവദിച്ചതിന്റെ ശിക്ഷ അനുഭവിച്ചതോ നിരപരാധികളായ മുബൈ നിവാസികളും സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത് രാജ്യത്തിന്റെ ധീരജവാന്മാരുമായിരുന്നു. ഇപ്പോഴിതാ പ്രവാസികളെ ആ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു.

ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന ദാവൂദ് സെയ്ദ് ഗിലാനിയും കൂട്ടാളിയായ കനേഡിയന്‍ പാക്കിസ്ഥാനിയുമായ തഹാവൂര്‍ റാണയ്ക്കും ഇന്ത്യയില്‍ നിര്‍ബാധം യാത്ര ചെയ്യുവാനും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും സന്ദര്‍ശിക്കാനും അവസരമൊരുക്കുകയും ചെയ്തതു മാത്രമല്ല, ഇവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനോ ഇവരുടെ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് അന്വേഷിക്കാനോ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. യാതൊരു അന്വേഷണവും നടത്താതെ ഈ ഭീകരര്‍ക്ക് വിസ അനുവദിച്ചു കൊടുത്തത് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും, ആഭ്യന്തരകാര്യമന്ത്രിയും, പ്രവാസികാര്യമന്ത്രിയും പറയുന്നതുപോലെ ഭീകരവാദികളെ തടയാനാണ് ഈ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമം കൊണ്ടുവന്നതെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. പ്രവാസികള്‍ എന്നും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കാണിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കാതലായ മാറ്റം വന്നതും പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന നിക്ഷേപങ്ങളിലൂടെയാണ്. അവരെ ചൂഷണം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്രകാര്യാലയവും ഉദ്യോഗസ്ഥവൃന്ദവുമാണ്‌ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സല്പേരിന്‌ കളങ്കം ചാര്‍ത്തുന്നവര്‍. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ പ്രകടനം നടത്തിയവര്‍ ആരും തന്നെ ഭീകരരായിരുന്നില്ല. പല സംഘടനകളേയും പ്രതിനിധീകരിച്ച് മാന്യമായി പ്രകടനം നടത്താന്‍ എത്തിയ സംഘടനാ ഭാരവാഹികളേയും ദേശീയ നേതാക്കളേയും കാണാന്‍ പോലും തയ്യാറാകാതിരുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഏതു വിഭാഗത്തില്‍ പെടുത്താമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കുറഞ്ഞ പക്ഷം അവര്‍ക്ക് പറയാനുള്ളതെങ്കിലും കേള്‍ക്കാന്‍ സന്മനസ്സ് കാണിക്കാതിരുന്ന ഉദ്യോഗസ്ഥരാണോ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍? ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയും മുപ്പതു വെള്ളിക്കാശിന്‌ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുമാണ്‌ യഥാര്‍ത്ഥ ഭീകരര്‍. അങ്ങനെയുള്ളവരെ തിരിച്ചറിയാനും മേല്‍നടപടികള്‍ സ്വീകരിക്കാനും ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇനിയും അനേകം ഭീകരര്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വന്ന് ഭീകരാക്രമണം നടത്തുമെന്ന് തീര്‍ച്ച.

വൈകിയാണെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് വീണ്ടുവിചാരം കൈക്കൊണ്ട് പ്രകടനത്തിന്റെ പേരില്‍ അവഹേളിച്ചുവിട്ട നേതാക്കളെ നേരില്‍ കാണാന്‍ സന്മനസ്സു കാണിക്കുകയും പാസ്പോ ര്‍ട്ട് സറണ്ടര്‍ ഫീയുടെ കാര്യത്തില്‍ മാറ്റം വരുത്തുകയും ചെയ്തതില്‍ മലയാളി സമൂഹം ഒന്നടങ്കം കൃതജ്ഞരാണെന്നതില്‍ സംശയമില്ല. മേലില്‍ ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുന്‍പ് പ്രവാസികളുമായും അവരുടെ സംഘടനകളുമായും ആലോചിച്ചേ തീരുമാനമെടുക്കൂ എന്നും പ്രത്യാശിക്കാം. ഫോമ, ഫൊക്കാന മുതലായ സംഘടനകളുടെ അഭ്യുദയകാംക്ഷിയും, പ്രവാസികാര്യമന്ത്രിയുമായ ശ്രീ വയലാര്‍ രവി കണ്‍‌വന്‍‌ഷനുകളില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നതും നമുക്ക് ആശയ്ക്കു വക നല്‍കുന്നു. ഈ രണ്ടു സംഘടനകളും കാര്യങ്ങളുടെ ഗൗരവം മന്ത്രിയെ ധരിപ്പിക്കുമെന്ന് വിശ്വസിക്കാം.

Monday, May 31, 2010

ഉണ്ണിത്താനും ഉടുമുണ്ടും പിന്നെ മുരളിയും

ഏതൊരച്ചനും ആഗ്രഹിക്കുന്നതാണ് തനിക്കൊരു പിന്‍ഗാമി വേണം അല്ലെങ്കില്‍ തന്റെ ബിസിനസ്സ് സീക്രട്ട് സ്വന്തം മക്കള്‍ക്ക് കൈമാറണമെന്നത്. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന സാക്ഷാല്‍ ലീഡര്‍ക്കും അങ്ങനെയൊരു മോഹം മനസ്സില്‍ മുളച്ചുപൊന്തിയതിന് ഇത്രയധികം കാഹളം മുഴക്കേണ്ട കാര്യമെന്തെന്ന് സാധാരണക്കാര്‍ ചോദിക്കുന്നതിലെന്താണ് തെറ്റ്. രാഷ്ട്രീയ ഗോദായിലേക്ക് വിരല്‍തുമ്പില്‍ പിടിച്ച് കയറ്റി, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പതിനെട്ടടവും പൂഴിക്കടകനും പഠിപ്പിച്ച് മെയ്‌വഴക്കവും കൈതഴക്കവും വന്ന പോരാളിയാക്കിയപ്പോള്‍ ''അഛാ, അഛനഛന്റെ വഴി, എനിക്കെന്റെ വഴി..'' എന്നു പറഞ്ഞ് വഴിപിരിഞ്ഞുപോയ മുരളി മാനസാന്തരപ്പെട്ട് തിരിച്ചു വരുന്നത് കേട്ടപ്പോള്‍ ഏതൊരഛനെയുംപോലെ ലീഡറുടേയും മനസ്സൊന്നു കുളിര്‍ത്തു. വീട്ടില്‍ നിന്നിറങ്ങിപ്പോയ മുടിയനായ പുത്രനാണെങ്കിലും കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞു തന്നെയല്ലേ.

നടക്കാന്‍ വയ്യെങ്കിലും ഇന്ദ്രപ്രസ്ഥത്തിന്റെ വരാന്തയിലൂടെ തലങ്ങും വിലങ്ങും നടന്നത് വെറുതെയായില്ല എന്ന് ലീഡര്‍ക്കും തോന്നിത്തുടങ്ങിയപ്പോഴാണ് അനന്തപുരിയിലുള്ള നേതാക്കള്‍ക്ക് വെകിളി പിടിച്ചത്. പിന്നെ പാരകളുടെ പ്രവാഹമായി. ''എനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട, അടങ്ങിയൊതുങ്ങി സല്‍സ്വഭാവിയായി ഞാനാ മൂലയിലെങ്ങാനും ചുരുണ്ടുകൂടിക്കൊള്ളാം'' എന്ന് പറഞ്ഞിട്ടും മുരളിയുടെ തിരിച്ചുവരവിന് പാര പണിയാന്‍ അഹോരാത്രം പരിശ്രമിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍.


''നല്ലവനെങ്കില്‍ നല്ലവന്‍ ചീത്തയായാല്‍ തനിതറ....'' എന്ന് തെളിയിച്ച നേതാവാണ് മുരളി. 2004ല്‍ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് രാജ്‌മോഹന്‍ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചാണ്  തന്റെ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചത്.ഉടുതുണി പൊക്കാനും പറിച്ചെറിയാനും പേരുകേട്ടവരാണല്ലോ കേരളീയര്‍. അതും രാഷ്ട്രീയക്കാര്‍. ഉണ്ണിത്താനെ അറിയില്ലേ...? മഞ്ചേരിയില്‍ വെച്ച് ഒരു പെണ്ണിന്റെ കൂടെ പോലീസ് പൊക്കിയ നേതാവ്? അസാന്മാര്‍ഗ്ഗിക നടപടിക്ക് കേസെടുത്തതു കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന നേതാവ്....!താന്‍ നിരപരാധിയാണെന്ന ''ക്ലീന്‍ ചിറ്റുമായി'' പുറത്തിറങ്ങിയ ഉണ്ണിത്താന്‍ താന്‍ നേരിട്ട ദുര്‍ഗതി ഇനിയൊരാള്‍ക്കും വരല്ലേ എന്ന ദൃഢപ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പുരുഷനും സ്ത്രീക്കും ഏതു പാതിരാത്രിക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാവുന്ന ഒരു ബില്ലിന്റെ കരടുരേഖയുണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണത്രേഈ നേതാവ്. സദാചാരബോധമില്ലാത്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറിയിട്ടേ ഞാനടങ്ങൂ എന്നാണ് ഉണ്ണിത്താന്‍ ശപഥം ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കാമെന്ന സുപ്രീം കോടതി വിധിയാണ് ഉണ്ണിത്താന്റെ തുറുപ്പു ചീട്ട്.


മുരളി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നാല്‍ തക്കം കിട്ടിയാല്‍ ഉണ്ണിത്താന്റെ മുണ്ടുരിയുമെന്നുറപ്പ്. ഇത് നേരത്തെ മുന്നില്‍ കണ്ട ഉണ്ണിത്താന്‍ മുണ്ടിനു പകരം പാന്റും ഷര്‍ട്ടുമാക്കാന്‍ ആലോചിച്ച് നല്ല തയ്യല്‍ക്കാരെ അന്വേഷിച്ചു നടക്കുമ്പോഴാണ് മഞ്ചേരിയിലെ തയ്യല്‍ക്കടയെക്കുറിച്ച് കേള്‍ക്കുന്നത്. നേരെ വെച്ചുപിടിച്ചു മഞ്ചേരിയിലേക്ക്. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് തയ്യല്‍ക്കട നടത്തുന്നത് പണ്ട് തന്റെ കൂടെ ജനസേവനത്തിനിറങ്ങിത്തിരിച്ച ജയലക്ഷ്മിയാണെന്ന്. ഹായ്... എന്തൊരത്ഭുതം! പഴയ നേതാവിനെക്കണ്ടപ്പോള്‍ ജയലക്ഷ്മിയ്ക്കും സന്തോഷമായി.

ഒരു നാലു ജോഡി പാന്റും ഷര്‍ട്ടും തല്‍ക്കാലം തയ്പ്പിക്കണം. തന്റെ ആവശ്യം ഉണ്ണിത്താന്‍ അറിയിച്ചു. ജയലക്ഷ്മി ആദ്യം ഷര്‍ട്ടിന്റെ അളവെടുത്തു. കുടവയറുള്ള ഉണ്ണിത്താന്റെ പാന്റിന്റെ അളവ് കൃത്യമായി എടുക്കണമെങ്കില്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഉണ്ണിത്താന് മുണ്ട് അഴിക്കേണ്ടിവന്നു. വളരെ സൗകര്യമായി പാന്റിന്റെ അളവെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഏതോ ഏമ്പോക്കികള്‍ ഒളിഞ്ഞുനിന്ന് അതു കണ്ടത്. അയാള്‍ വിളിച്ചുകൂവി ജനങ്ങളെ കൂട്ടിയപ്പോള്‍ പണ്ട് മുരളി ഉടുമുണ്ടുരിഞ്ഞപ്പോള്‍ അന്തംവിട്ടു നിന്നപോലെ ഉണ്ണിത്താനുംനിന്നുപോയി. അത്രേയുള്ളൂ.  ഹോട്ടലില്‍ കയറിയാല്‍ തൂമന്ദഹാസവുമായി തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പുന്ന സുന്ദരികളും, സാരിക്കടയില്‍ ചെന്നാല്‍ സാരിയുടുത്ത് ശരീരവടിവു കാണിച്ചു തരുന്ന തരുണീമണികളുമുള്ള നമ്മുടെ കേരളത്തില്‍ ഉണ്ണിത്താനെപ്പോലുള്ളവര്‍ ഒരു തയ്യല്‍ക്കടയില്‍ ചെന്ന് പാന്റിന്റെ അളവെടുത്തത് ഇത്ര പൊല്ലാപ്പാക്കുന്നതെന്തിനാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചോദിക്കുന്നത്.

മുരളിയെ തിരിച്ചെടുത്ത് കേരളത്തിലേക്ക് വിട്ടാല്‍ ആരുടെയൊക്കെ ഉടുമുണ്ടുരിയുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഹൈക്കമാന്റ് മുരളിയെ എ.ഐ.സി.സി. സെക്രട്ടറിയാക്കാമെന്നു പറഞ്ഞിട്ടും മുരളിക്കതു വേണ്ട. കാരണം തന്റെ കര്‍മ്മമണ്ഡലം വടക്കേ ഇന്ത്യയിലാക്കുന്നത് മുരളിക്ക് ഇഷ്ടമല്ല. അവിടെയെല്ലാവരും പാന്റ്‌സും കുര്‍ത്ത പൈജാമയുമൊക്കെയാണ് ധരിക്കുന്നത്. കേരളത്തിലാണെങ്കില്‍ എല്ലാവരും മുണ്ടാണ് ഉടുക്കുന്നത്. ഉരിയാന്‍ എളുപ്പം അതാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ മുണ്ടാണുടുക്കുന്നത്. മുരളി തിരിച്ചു വന്നാല്‍ ആരുടെ മുണ്ടാണ് ഉരിഞ്ഞെറിയുന്നതെന്നുള്ള അങ്കലാപ്പിലാണ് നേതാക്കളെല്ലാം. മുരളിയുടെ നോട്ടം അവരുടെ ഉടുമുണ്ടിലാണ്. അതു തന്നെയാണ് നേതാക്കളുടെ പേടിയും. അതുകൊണ്ടാണത്രേ മുരളിയെ തിരിച്ചെടുത്താലും കേരളത്തിലേക്ക് വിടരുതെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നത്. പാര്‍ട്ടിക്കിട്ട് പാരപണിതവരേയും അച്ചടക്കലംഘനം നടത്തിയവരേയും ചവിട്ടിക്കൊന്നവരേയുമൊക്കെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരിച്ചെടുക്കുന്നില്ല എന്നാണ് മുരളി ചോദിക്കുന്നത്. ഈ മുണ്ടുരിയല്‍ സ്വഭാവമുള്ളയാളെ എങ്ങനെ വിശ്വസിക്കുമെന്ന് കേരള നേതൃത്വവും ചോദിക്കുന്നു. ഇനിയാരുടേയും മുണ്ടുരിയുകയില്ല എന്നും മുണ്ടിലേക്ക് നോക്കുകപോലും ചെയ്യുകയില്ല എന്നും രാഹുല്‍ ഗാന്ധിയുടെ കാല്‍ക്കള്‍ വീണ് പറഞ്ഞതിനുശേഷമാണത്രേ മുരളിയെ ''പരിഗണനയ്ക്കായി'' ഇന്ദ്രപ്രസ്ഥത്തിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.ഏതായാലും ഹൈക്കമാന്റ് വല്ലാത്തൊരു പ്രതിസന്ധിയിലാണെന്നാണ് പിന്നാമ്പുറ സംസാരം.

Sunday, February 7, 2010

തകരുന്ന കുടുംബ ബന്ധങ്ങള്‍


"മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന്" പഴമക്കാര്‍ പറയാറുണ്ട്. ആറ്റുനോറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ അവസാനം മാതാപിതാക്കളെ തള്ളിപ്പറയുമ്പോള്‍ അതുവരെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന ശുഭപ്രതീക്ഷകളെല്ലാം തകര്‍ന്നു തരിപ്പണമാകുന്നു. മാമ്പൂവിന്‍റേയും ഗതി ഇതു തന്നെ. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെ. അനന്തരാവകാശികളില്ലാതെ വരുമ്പോഴാണ് കുടുംബം അന്യം നിന്നുപോകുന്നു എന്നു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബസംവിധാനം നേരിടുന്ന വലിയ ഭീഷണി അനന്തരാവ കാശികളുടെ അഭാവമല്ല; മനുഷ്യരാശിയില്‍ വലിയ പ്രത്യാഘാതമുണ്ടായേക്കാവുന്ന കുടുംബ ബന്ധങ്ങളിലെ നിരാകരണമാണ്. 

തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ വേണ്ടവിധം പരിചരിക്കാനോ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാനോ സമയം കണ്ടെത്താത്ത മാതാപിതാക്കള്‍, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ അവരില്‍നിന്ന് അകന്നുപോകുന്നതും അറിയുന്നില്ല. തന്മൂലം ഉത്തരദ്രുവവും ദക്ഷിണ ദ്രുവവും പോലെ ഒരു കൂരക്കീഴില്‍ എല്ലാവരും കഴിയേണ്ടിവരുന്നു. പലരും പറയുന്ന ഒരു കാര്യമാണ് മക്കളോടുള്ള സ്നേഹം മനസ്സില്‍ മതിയെന്ന്. അത് തീര്‍ത്തും തെറ്റാണ്. ചുമയും സ്നേഹവും ഒളിച്ചു വെക്കയ്ക്കതെന്ന് പറയാറുണ്ട്. സ്നേഹം മനസ്സില്‍ സൂക്ഷിച്ചു വെക്കേണ്ട ഒന്നല്ല. തന്നെ മാതാപിതാക്കള്‍ സ്നേഹിക്കുന്നുണ്ടെന്ന് കുട്ടി അറിയണം. സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന രക്ഷിതാക്കള്‍ മക്കളില്‍ നിന്ന് സ്നേഹം ലഭിക്കണമെന്ന് ആശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

പോറ്റി വളര്‍ത്തി വലുതാക്കി മാനുഷിക ബന്ധങ്ങള്‍ മാനിക്കുന്ന, ഉത്തരവാദിത്വവും ധാര്‍മ്മിക പ്രതി ബദ്ധതയും സംസ്ക്കാരവും സാമൂഹിക ബോധവുമുള്ള മനുഷ്യനായി മാറ്റുന്ന കുടുംബത്തെ ഒരനാശാസ്യസ്ഥാപനമായി ആധുനിക യുവജനത വിലയിരുത്തുന്നു. അല്ലെങ്കില്‍ അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന കേരളം നേരിടുവാന്‍ പോകുന്നത്. ദൈവവിശ്വാസമില്ലാത്ത ഭരണാധികാരികള്‍ ഒരു ദേശം ഭരിച്ചാല്‍ ജനങ്ങളെങ്ങനെ ദൈവവിശ്വാസികളാകും? പാര്‍ട്ടിയംഗങ്ങളായ ജനപ്രതിനിധികള്‍ മതാ ചാരങ്ങളിലോ മതചടങ്ങുകളിലോ പങ്കെടുക്കരുതെന്ന പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അസംബന്ധമെന്നേ പറയാന്‍ കഴിയൂ. കുടുംബസംവിധാനത്തിന്‍റെ സാധുതയെ നേരത്തേ നിരാകരിച്ചത് മാര്‍ക്സിസ്റ്റ് ദര്‍ശനമാണ്. സ്വകാര്യ സ്വത്തിന്‍റെ സൃഷ്ടിയാണ് കുടുംബം എന്നാണവരുടെ കണ്ടെത്തല്‍. വ്യക്തികള്‍ വിഭവങ്ങളും ഉല്പാദനോപാധികളും സമ്പാദിച്ച് സ്വന്തം ഉടമസ്ഥതയിലാക്കാന്‍ തുടങ്ങിയപ്പോള്‍ ആ ഉടമസ്ഥത നിലനിര്‍ത്താന്‍ ആവിഷ്ക്കരിക്കപ്പെട്ട സംവിധാനമാണ് കുടുംബം. സ്വകാര്യ ഉടമസ്ഥത നിര്‍മാര്‍ജനം ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരികയും ചെയ്യുമ്പോള്‍ ഭരണകൂടം എന്നപോലെ കുടുംബവും സ്വയം ഇല്ലാതാകുമത്രേ. പക്ഷേ, കമ്മ്യൂണിസം സ്വയം ഇല്ലാതായെങ്കിലും ഒരിടത്തും കുടുംബം ഇല്ലാതായിട്ടില്ല. കുടുംബ ബന്ധങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നത് കേരളീയരാണെന്ന് വേണമെങ്കില്‍ പറയാം. ആ കുടുംബ ബന്ധങ്ങളെ വേരോടെ പിഴുതെറിയാനും അതുവഴി കുടുംബശിഥിലീകരണം നേരിടേണ്ടിവരുന്ന അവസ്ഥയിലേക്കാണ് സര്‍ക്കാരിന്‍റെ പുതിയ നയം വ്യക്തമാകുന്നത്. എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളര്‍ന്നു വരുന്ന കുട്ടികളെ നിരീശ്വരവാദികളാക്കാനും, കുടുംബ മര്യാദയില്ലാത്തവരാക്കാനും ഉദ്ദേശിച്ചുകൊണ്ടു തന്നെയാണ്. ഓരോ വ്യക്തികളുടെയും ദൈവ-മതവിശ്വാസങ്ങളില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണതുകൊണ്ടാണല്ലോ അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരും ഡോ. മനോജിനെപ്പോലെയുള്ള വരും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയത്.

കുടുംബത്തില്‍ പിറക്കുകയും മാതാപിതാക്കളുടെ സശ്രദ്ധമായ പരിചരണത്തില്‍ വളര്‍ന്നു വലുതാകുകയും ചെയ്തവര്‍ അവസാനം തിരിഞ്ഞുനിന്ന് കുടുംബത്തെ ആക്ഷേപിക്കുകയും, ദൈവവിശ്വാസികളല്ലാതാകുകയും ചെയ്താലത്തെ അവസ്ഥ അതിഭീകരമായിരിക്കും. ഈയ്യിടെ തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച "കാണാതാകുന്ന പെണ്‍കുട്ടികള്‍, പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍" എന്ന ശില്‍പശാലയില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് നടത്തിയ പ്രസ്ഥാവന ഏറെ ശ്രദ്ധേയമാണ്. കുടുംബങ്ങളില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്കൂളില്‍ അധ്യാപകരോടുമുള്ള ബന്ധത്തിലുണ്ടാകുന്ന തകര്‍ച്ചയുടെ ഫലമാണത്രേ കുട്ടികള്‍ ഒളിച്ചോടിപ്പോകുന്നതിന്‍റെ മുഖ്യകാരണം.

കേരളത്തില്‍ ഇന്ന് നടക്കുന്ന അക്രമങ്ങള്‍, കൊള്ള, കൊലപാതകം മുതലായവയുടെ പ്രഭവസ്ഥാനം കുടുംബങ്ങളില്‍ തന്നെയാണ്. കുടുംബങ്ങളിലെ സ്നേഹ നിരാസമാണ് കുട്ടികളെ ക്രൂരന്മാരും സാമൂഹികവിരുദ്ധരുമാക്കുന്നത്. താരതമ്യേന അവര്‍ സ്വാര്‍ത്ഥരും സ്വന്തം സുഖലോലുപതകള്‍ക്ക് വിഘ്നമാകുന്ന എന്തിനേയും നിഷ്ക്കരുണം ഇല്ലായ്മചെയ്യുവാനും മടിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ മാതാപിതാക്കളും സഹോദരന്മാരും ഭാര്യാഭര്‍ത്താക്കന്മാരും പരസ്പരവിശ്വാസം നഷ്ടപ്പെട്ടവരായി ജീവിക്കുന്നതും പരസ്പരം കഴുത്തുവെട്ടുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നതും മേല്‍പറഞ്ഞ കുടുംബ പ്രശ്നങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. പഴയ കാലത്തുണ്ടായിരുന്ന രൂപക്കൂടും, പ്രാര്‍ത്ഥനാമുറികളും, നിസ്ക്കാരപ്പായയുമൊക്കെ അപ്രത്യക്ഷമാകുകയും ടെലിവിഷന്‍ സെറ്റുകള്‍ തത്സ്ഥാനത്ത് സ്ഥാപിക്കുകയും, മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് സ്ന്ധ്യാപ്രാര്‍ത്ഥന ചൊല്ലിയിരുന്ന സമയം ചാനലുകാര്‍ കൈയ്യടക്കുകയും ചെയ്തതോടെ കുടുംബജീവിതം ഒരു റിയാലിറ്റി ഷോ പോലെയായി. സന്ധ്യമയങ്ങുംനേരം സന്ധ്യാനാമങ്ങള്‍ കേട്ടിരുന്ന വീടുകളിലിന്ന് അട്ടഹാസവും, ആക്രോശവും, കൊലവിളികളുമാണ് മുഴങ്ങുന്നത്. കുരിശു വരച്ചും, നാമം ജപിച്ചും, നിസ്ക്കരിച്ചും, യാസീന്‍ ഓതിയും വീടിന്‍റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നവര്‍ ടെലിവിഷന്‍ സ്ക്രീനില്‍ മിന്നിമറയുന്ന മായാജാലങ്ങളില്‍ കണ്ണും നട്ട് കണ്ണീരൊഴുക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു. യാതൊരു മാനദണ്ഡവുമില്ലാതെ, ചില വികലമനസ്സുകളില്‍ ഉരുത്തിരിയുന്ന വികട കഥകള്‍ സീരിയലുകളാക്കി ചാനലുകാര്‍ക്ക് വിറ്റ് കാശാക്കുന്ന മന്ദബുദ്ധികളായ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് ഓരോ കുടുംബങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും തിരസ്ക്കരണങ്ങളും ഒരു പ്രശ്നമേ അല്ല. യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ ചാനലുകാര്‍ മത്സരിച്ച് ഓരോ സീരിയലുകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ അവര്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എത്ര ഗൗരവമുള്ള താണെന്ന് മനസ്സിലാക്കുന്നുമില്ല.  

കുട്ടികളുടെ സ്വഭാവത്തിലും പഠനരീതിയിലും മാറ്റങ്ങള്‍ വരുന്നത് നിരീക്ഷിച്ച് യഥാസമയം പ്രതിവിധി കണ്ടെത്തി അവരെ നല്ല രീതിയില്‍ നയിക്കേണ്ട ബാദ്ധ്യത മാതാപിതാക്കള്‍ക്കാണ്. കുടുംബത്തില്‍ നിന്ന് സ്നേഹവും സംരക്ഷണവും ലഭിക്കാതെ വരുമ്പോള്‍ അവര്‍ മൊബൈല്‍ ഫോണിലും, ചാറ്റിംഗിലും, സൈബര്‍ കഫേകളിലും അഭയം കണ്ടെത്തുകയും കുടുംബ ബന്ധങ്ങളില്‍നിന്ന് അകന്ന് അവരുടേതായ ലോകത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു. 

പേരിലൊളിച്ചിരിക്കുന്ന പൊല്ലാപ്പ്

വളര്‍ത്തുകയും പിളര്‍ത്തുകയും പിളര്‍ത്തുന്തോറും വളര്‍ത്തുകയും വളര്‍ന്നു വരുന്നതിനെ വേരോടെ പിഴുതെറിയുകയും ചെയ്യുന്ന ജീവികള്‍ക്ക് ഗിന്നസ് ബുക്കില്‍ ഇടം കൊടുത്താല്‍ തീര്‍ച്ചയായും അത് മലയാളികള്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്. നാലാള്‍ കൂടിയാല്‍ ഒരു സംഘടന തല്ലിക്കൂട്ടുകയും അതില്‍ എട്ടുപേര്‍ ചേര്‍ന്നാല്‍ രണ്ടു പേര്‍ മാറിനിന്ന് പാരപണിയാനും മിടുക്കര്‍ മലയാളികള്‍ തന്നെ.

ഒന്നു വെച്ചാല്‍ മൂന്ന് മൂന്നുവെച്ചാല്‍ ആറ് എന്ന് ഉത്സവപ്പറമ്പുകളിലെ ആന-മയില്‍-ഒട്ടകക്കളിക്കാരെപ്പോലെയാണ്‌ ഇന്ന് അമേരിക്കന്‍ മലയാളികള്‍ സംഘടനകളുണ്ടാക്കുന്നത്. ആരെങ്കിലും ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടി ഒരു ചെല്ലപ്പേരില്‍ ഒരു അസോസിയേഷനുണ്ടാക്കി അതൊന്നു പച്ച പിടിച്ചു വരുമ്പോഴായിരിക്കും ചിലര്‍ക്ക് ചൊറിച്ചില്‍ കയറുന്നത്. ഉടനെ തുടങ്ങും അവര്‍ മറ്റൊരെണ്ണം. വേറെ ചിലര്‍ തൊഴുത്തില്‍ കെട്ടിയിട്ട പട്ടിയെപ്പോലെയാണ്‌. സ്വയം പുല്ലു തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല. ഇതൊരു സാംക്രമിക രോഗമായി അമേരിക്കയാകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്‌. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് പേരുകളുമായാണ്‌ മിക്ക സംഘടനകളും മുളച്ചുപൊങ്ങുന്നതെന്നാണ്‌ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ സാദാ ജനങ്ങള്‍ കണ്‍ഫ്യൂഷനിലുമാകും. ഏതൊരു അസോസിയേഷനെടുത്തു നോക്കിയാലും അപരന്മാരുടെ അതിപ്രസരവും കാണാം. മീന, കീന, അമ്മ, ആമ, മാമ, ഫൊക്കാന, ഫോമാ....പേരുകള്‍ അനവധി. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗണിച്ചും എങ്ങനെ തിരിച്ചും മറിച്ചും നോക്കിയാലും കിട്ടുന്ന ഉത്തരം ഒന്നു തന്നെ. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..."

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഒരു പക്ഷേ ചോദിച്ചേക്കാം. പേരിലാണല്ലോ എല്ലാം അടങ്ങിയിരിക്കുന്നത്. ഉചിതമായ പേരിട്ടില്ലെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടീവരുമെന്ന് ഈയ്യടുത്ത നാളുകളലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ജര്‍മ്മനിയിലൊരു പതിനാറുകാരനെ ഒരു ദന്ത ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. കാരണമെന്തെന്നോ അവന്റെ പേര് ജിഹാദ് എന്നായിരുന്നു. ജിഹാദ് എന്ന പദം എല്ലാ അമുസ്ലീങ്ങള്‍ക്കുമെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അതിനാലാണ്‌ ചികിത്സ നിഷേധിച്ചതെന്നും ഡോക്ടര്‍ വിശദീകരിച്ചത്രേ. ഒരു പേരിന്റെ പേരിലുള്ള പൊല്ലാപ്പ് നോക്കണേ. മമ്മൂട്ടിയെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത് പേരിലൊളിഞ്ഞിരുന്ന പൊല്ലാപ്പായിരുന്നു. മുഹമ്മദ് ഇസ്മയില്‍ എന്ന പേരുകാരന്‍ ഒരു ഭീകരനാണെന്ന് ഹോംലാന്റ് സെക്യൂരിറ്റിയുടെ ലിസ്റ്റിലുണ്ട്. മമ്മൂട്ടി എന്ന സിനിമാപ്പേരുകാരന്റെ ഒറിജിനല്‍ പേര് മുഹമ്മദ് ഇസ്മയില്‍ എന്നാണ്‌. പാസ്പോര്‍ട്ടിലും അതേ പേരു തന്നെ. ബോളിവുഡ് താരം ഷാരുഖ് ഖാനും സംഭവിച്ചതതു തന്നെ. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചത് പേരിലെ ഖാന്‍ ആണ്. എന്നുവെച്ച് ഇവര്‍ രണ്ടുപേരും പേരുമാറ്റാന്‍ തയ്യാറാകുമോ? ഇല്ല. അതവരുടെ ജന്മാവകാശമാണ്. കാരണവന്മാര്‍ ആശീര്‍വദിച്ചനുഗ്രഹിച്ചിട്ട പേര്. പക്ഷേ, അമേരിക്കയില്‍ ചില സംഘടനകള്‍ അങ്ങനെയല്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ശമരിയക്കാരായ ചിലര്‍ സദുദ്ദേശത്തോടെയുള്ള പേരുകളിട്ട് നല്ല രീതിയില്‍ സാമൂഹ്യസേവനം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട് അവര്‍ക്കിട്ട് പാരപണയാന്‍ അപരന്മാര്‍ രംഗത്തിറങ്ങി അതേപേരില്‍ അല്ലെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധമുള്ള പേരുകളിട്ട് മറ്റൊരെണ്ണം തല്ലിക്കൂട്ടുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലങ്ങോളമിങ്ങോളം മെയ്ഡ് ബൈ യു.എസ്.എ. എന്ന ലേബലില്‍ പലതരം ഉല്പന്നങ്ങള്‍ വിറ്റ് കോടികള്‍ നേടിയ ഒരു കമ്പനിയുണ്ടായിരുന്നു. ആരു കണ്ടാലും കൊതിച്ചുപോകുന്ന ആ ഉല്പന്നങ്ങള്‍ ചൂടപ്പം പോലെയാണ്‌ മാര്‍ക്കറ്റുകളില്‍ വിറ്റഴിഞ്ഞത്. ബോംബെ, ഡല്‍ഹി, കല്‍ക്കത്ത മുതലായ വലിയ സിറ്റികളിലായിരുന്നു ഏറ്റവും കൂടുതല്‍ വില്പന നടന്നത്. കാരണം അമേരിക്കന്‍ നിര്‍മ്മിതമായ ഉല്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്നത് മഹാഭാഗ്യമല്ലെ. പക്ഷെ, അവയൊന്നും അമേരിക്കന്‍ നിര്‍മ്മിതമല്ലെന്നും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നും വളരെ വൈകിയാണ് ജനങ്ങളും സര്‍ക്കാരും അറിയുന്നതുതന്നെ. കണ്‍സ്യൂമേഴ്സിനെ കബളിപ്പിച്ചതിനും, വ്യാജ പേരില്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും അന്ന് അമേരിക്കന്‍ അധികൃതരും ഇന്ത്യന്‍ അധികൃതരും കേസ് കൊടുത്ത് കമ്പനി പൂട്ടിക്കാനുള്ള യജ്ഞം തുടങ്ങിയപ്പോഴാണ് അവര്‍ ശരിക്കും ഞെട്ടിയത്. കമ്പനി തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. 'ഞങ്ങള്‍ ആരേയും വഞ്ചിച്ചിട്ടില്ല, ഒരു ഉല്പന്നവും വ്യാജപ്പേരില്‍ നിര്‍മ്മിച്ചിട്ടില്ല, വിറ്റിട്ടില്ല. മെയ്ഡ് ഇന്‍ യു.എസ്.എ. എന്നല്ല മെയ്ഡ് ബൈ യു.എസ്.എ. എന്നാണ് ഉല്പന്നങ്ങളില്‍ എഴുതിയിരിക്കുന്നത്.' ബോബെയിലെവിടെയോ ഉല്ലാസ് നഗര്‍ എന്നൊരു സ്ഥലമുണ്ട്. അവിടത്തെ സിന്ധി സമുദായക്കാരുടെ സംഘടനയായ ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കാണ്‌ സംഘടനയുടെ തന്നെ ഷോര്‍ട്ട് ഫോം ആയ യു.എസ്.എ. എന്നെഴുതിയതത്രേ. നോക്കണേ ഒരു 'ഇന്‍ മാറി ബൈ' ആയപ്പോഴത്തെ പൊല്ലാപ്പ്.

അമേരിക്കയിലെങ്ങോ ജന്മമെടുത്ത വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പിതൃത്വത്തെ ചൊല്ലി കുറെ നാളുകളായി പൊട്ടലും ചീറ്റലും തുടങ്ങിയിട്ട്. സിംഗപ്പൂരും മലേഷ്യയും ദുബായിയുമൊക്കെ പിതൃത്വം ഏറ്റെടുക്കാന്‍ കുറെ നാളുകളായി പെടാപാടു പെടുകയായിരുന്നു. അമേരിക്കക്കാരുണ്ടോ വിടുന്നു. ലോക പോലീസ് സ്റ്റേഷന്‍ അമേരിക്കയിലല്ലേ സ്ഥിതി ചെയ്യുന്നത്. അമേരിക്ക പറഞ്ഞാല്‍ അപ്പീലില്ലല്ലോ...! അതുകൊണ്ടായിരിക്കാം ഇവിടത്തെ അച്ചായന്‍ പറഞ്ഞു 'പോ മോനെ ദിനേശാ..കളി എന്നോടൂ വേണ്ട. ഞാനാണവന്റെ അഛന്‍..' ഒടുവില്‍ അമേരിക്കനച്ചായനിട്ട് ഒരു പണികൊടുക്കാന്‍ ഡബ്ലിയു.എം.സി.യുടെ വളര്‍ത്തഛന്മാര്‍ തീരുമാനിച്ചു.

ആടിനേയും പശുവിനേയും വളര്‍ത്താന്‍ കൊടുക്കുന്ന ഏര്‍പ്പാട് പണ്ട് നാട്ടില്‍ നിലനിന്നിരുന്നു. ആരെങ്കിലും ഒരാള്‍ ഒരാട്ടിന്‍ കുട്ടിയേയൊ പശുക്കുട്ടിയേയൊ വളര്‍ത്താന്‍ കൊടുക്കും. അതിനെ വളര്‍ത്തി വലുതാക്കി പെറ്റു പെരുകുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ക്ക് ഒരു ആട്ടിന്‍ കുട്ടിയേയോ പശുക്കുട്ടിയേയോ കിട്ടും. ബാക്കിയുള്ളവയെ ഒറിജിനലടക്കം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കണം. ഇതാണ്‌ വ്യവസ്ഥ. ഇവിടെ ഡബ്ലിയു.എം.സി.യെ വളര്‍ത്താന്‍ വാങ്ങിക്കൊണ്ടൂപോയവര്‍ അവരുടെ സ്വന്തമെന്ന പേരില്‍ വളര്‍ത്തി വലുതാക്കി ഇപ്പോള്‍ പിതൃത്വവും കൈവശപ്പെടുത്താന്‍ നോക്കുകയാണ്‌. അമേരിക്കന്‍ അച്ചായനോടു പറഞ്ഞു - 'പോ മോനേ ദിനേശാ...ഞാനാണ് അവന്റെ അപ്പന്‍' എന്ന്. അടങ്ങിയിരിക്കാന്‍ അവര്‍ തയ്യാറല്ല. വക്കീല്‍ നോട്ടിസു വഴിയാണ്‌ അമേരിക്കന്‍ അച്ചായനെ (അച്ചായന്മാരെ) കാര്യങ്ങള്‍ തെര്യപ്പെടുത്തിയിരിക്കുന്നത്.

വക്കീല്‍ നോട്ടിസില്‍ ഇളയഛന്മാരും, വെല്യഛന്മാരും, ഇളയമ്മമാരും, അമ്മായിമാരും ഒക്കെ ഒപ്പിട്ടിട്ടുണ്ട്.
നോട്ടീസ് പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനനം കേരളത്തിലാണെന്നും, ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബോംബെയിലാണെന്നും, പൈതൃകമായിക്കിട്ടിയ വള്ളവും വലയും മുത്തുക്കുടയും സൂക്ഷിച്ചിരിക്കുന്നത് (ലോഗോ) ന്യൂജഴ്സിയിലാണെന്നും, മേലില്‍ മേല്പറഞ്ഞ പേരില്‍ ഒരു ക്രയവിക്രയങ്ങളും നടത്തിയേക്കരുതെന്നുമാണ്‌. കേട്ടപ്പോള്‍ നല്ല തമാശ തോന്നി. അമേരിക്കയിലുള്ള ഭൂരിഭാഗം മലയാളികള്‍ക്കും ഇ-മെയില്‍ വഴി മേപ്പടി നോട്ടീസ് കിട്ടിക്കാണണം. എനിക്കു കിട്ടി ഒരെണ്ണം. കാര്യങ്ങളിങ്ങനെയൊക്കെ ആയ സ്ഥിതിക്ക് ഒരു സംശയം. യഥാര്‍ത്ഥത്തില്‍ ഈ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒറിജിനല്‍ പിതാവ് ആരാണ്? വല്ല ഡി.എന്‍.എ. ടെസ്റ്റും നടത്തിയാല്‍ സത്യം മനസ്സിലാക്കാന്‍ സാധിക്കുമോ? അതോ കോടതി കയറിയ ഫൊക്കാന ഫോമയായി തിരിച്ചു വന്നതുപോലെ മറ്റൊരു പേരില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനിതക മാറ്റം നടത്തി തിരിച്ചു വരുമോ? കാത്തിരിക്കാം.