Monday, February 28, 2011

കമ്യൂണിസം കണ്ടല്‍ക്കാട് നശീകരണത്തിന്

സുനാമിയെപ്പോലും തടുക്കാന്‍ കഴിയുന്നതും പക്ഷിമൃഗാദികള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നതുമായ കണ്ടല്‍ക്കാടുകളോ പ്രകൃതിസുന്ദരമായ അതിരപ്പിള്ളിയോ സൈലന്റ്‌വാലിയോ നമ്മള്‍കൊയ്യും വയലുകളോ ആകാശം മുട്ടിനില്‍ക്കുന്ന കുന്നിന്‍ചെരിവുകളോ കൃഷിയോ കൃഷിക്കാരനോ വനാന്തരങ്ങളോ ചതുപ്പുനിലങ്ങളോ ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടാതായിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇവയെല്ലാം തകര്‍ത്തെറിഞ്ഞ് മണ്ണിട്ട് നികത്തി പലപേരില്‍ പാര്‍ക്കുകളും ഷോപ്പിങ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ് ആധുനിക സഖാക്കന്മാര്‍. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ഭൂമി കൈയേറി അവരെ കൊന്നൊടുക്കി ടാറ്റക്കും ബിര്‍ളക്കും വേണ്ടി നന്ദിഗ്രാം വിപ്ലവം സൃഷ്ടിച്ച സി.പി.എമ്മിനെ ബംഗാളിലെ കര്‍ഷകത്തൊഴിലാളികള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിഞ്ഞ സംഭവം ഇന്ത്യന്‍ ജനത കണ്ടറിഞ്ഞു.

സഖാക്കന്മാരുടെ ഞരമ്പുകളില്‍ അധികാരത്തിന്റെ ദുര്‍മേദസ്സുകള്‍ കുടിയേറിയപ്പോള്‍ ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും മറന്ന് കണ്ടല്‍ക്കാട് നശീകരണത്തിന്റെ വക്താക്കളായി മാറി അവര്‍ പുതിയ മേച്ചില്‍പുറം തേടിപ്പോയി. കേരളത്തിലെ കമ്യൂണിസത്തിന്റെ കുഴലൂത്തുകാരായ പു.ക.സയും ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് പച്ചമരുന്നിനുപോലും കേരളത്തിലെവിടെയും കാണ്‍മാനില്ല. ഈ രാജ്യത്തിന്റെ ഓരോ സ്‌പന്ദനങ്ങളും തിരിച്ചറിയേണ്ട സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ നമ്മുടെ രാജ്യം കലുഷിതമായ അന്തരീക്ഷത്തിലൂടെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ അജ്ഞാത ഗുഹകളിലൊളിച്ചിരുന്ന് വീണവായിച്ചുകൊണ്ടിരിക്കുകയാണ്.

ഒറ്റക്കണ്ണില്‍ മാത്രം ദര്‍ശിക്കാതെ രാജ്യത്തു നടക്കുന്ന എല്ലാ തിന്മകള്‍ക്കെതിരെയും ഇന്ത്യയിലെ മുഴുവന്‍ സാഹിത്യ- സാംസ്‌കാരിക നായകന്മാരും രംഗത്തിറങ്ങിയാല്‍ ഒരു പരിധിവരെ ഈ സമൂഹത്തെ തിന്മയില്‍നിന്ന് നന്മയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് കേരളജനത വിശ്വസിക്കുന്നു.

Sunday, February 27, 2011

രാജാവിന്‍റെ മകന്‍

മന്ത്രിക്കസേരയിലെ ഇരിപ്പിന്റെ സുഖമറിയണമെങ്കില്‍ ആണ്‍മക്കളില്ലാതിരിക്കണം. ആണ്‍മക്കളുണ്ടെങ്കില്‍ മന്ത്രിക്കസേരകളൊക്കെ മുള്‍ക്കസേരകളായി പരിണമിക്കുന്ന വൈചിത്ര്യം കണ്ട് സങ്കടപ്പെട്ടിരിക്കുകയാണ് തണ്ടും തടിയുമുള്ള പിള്ളേരുള്ള നേതാക്കള്‍. ജനിതക സവിശേഷതകളാലും അല്ലാതെയും മന്ത്രിപുത്രന്മാര്‍ ഏതാണ്ടെല്ലാ സുകുമാരകലകളിലും അസാമാന്യ സിദ്ധിയുള്ളവരായിരിക്കും. മന്ത്രി എത്ര സാത്വികനായിരുന്നാലും ക്രീഡാലോലുപരായ പുത്രന്മാരുടെ ലീലകളെ കണ്ണടച്ച് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. എവിടെ അതിക്രമം നടന്നാലും മന്ത്രിപുത്രന് പങ്ക് സംശയിക്കേണ്ടി വരുന്ന അവസ്ഥ. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്നു പുരാണങ്ങള്‍. നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനു പകരം നിതാന്തനരകത്തിലേക്കു ഉന്തിത്തള്ളിയിടുന്ന പുത്രന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ ഈ പഴമ്പുരാണങ്ങളില്‍ വലിയ കാര്യമില്ല എന്നു മനസ്സിലാവും. പൊലീസിന്റെ മൂക്കിന്‍തുമ്പത്ത് പിടികിട്ടാപ്പുള്ളിയായി വിരാജിക്കുക, സിനിമയില്‍ അഭിനയിക്കുക, കണ്ണില്‍ക്കണ്ട ഗുണ്ടകളുമായി ആത്മബന്ധം സ്ഥാപിക്കുക, നിയമവിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ചെറുകിട കലാപരിപാടികളില്‍ മെയ്യഴകും മുഖശ്രീയും കാട്ടി മന്ത്രികുമാരന്മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന സമകാലിക കേരളത്തിലെ തികച്ചും വേറിട്ട ഒരു വ്യക്തിത്വത്തിനുടമയാണ് മുഖ്യപുത്രനായ വി.എ. അരുണ്‍കുമാര്‍.

ആദര്‍ശം ഭാരമായ ഒരച്ഛന്‍. വാത്സല്യം പോലും ആദര്‍ശത്തില്‍ പൊതിഞ്ഞേ തന്നിട്ടുള്ളൂ, ഇന്നോളം. ഒരു മുരടന്‍ സ്റ്റാലിനിസ്റ്റിന്റെ മകനായി പിറക്കുക എത്ര വലിയ ശിക്ഷയാണെന്ന് അനുഭവിച്ചറിഞ്ഞ പരിതാപകരമായ ജീവിതം. ആര്‍ക്കും സഹതാപം തോന്നും, അരുണ്‍കുമാറിന്റെ കാര്യമോര്‍ക്കുമ്പോള്‍. എത്രയെത്ര അവസരങ്ങളാവും ആദര്‍ശത്തിന്റെ പരുക്കന്‍ ജൂബയില്‍ തട്ടി തെറിച്ചുപോയിട്ടുണ്ടാവുക? ചരിത്രത്തില്‍ ഇത്രയേറെ സാധ്യതകള്‍ നിഷേധിക്കപ്പെട്ട ഒരു പുത്രജന്മം ഉണ്ടാവുമോ? എന്നിട്ടും പ്രത്യയശാസ്ത്രപരമായ കടുംപിടുത്തങ്ങളും ദുര്‍വാശികളും കൊണ്ട് ഒരു പിതാവിന് പുത്രന്റെ ജീവിതം നശിപ്പിക്കാനാവില്ലെന്ന് സ്വന്തം നേട്ടങ്ങള്‍ കൊണ്ട് തെളിയിച്ച് ഊര്‍ജസ്വലമായ യൗവനത്തിന്റെ ഉത്തമമാതൃകയായി വളരുകയായിരുന്നു അരുണ്‍കുമാര്‍.

മുപ്പതാം വയസ്സില്‍ കയര്‍ഫെഡിന്റെ എം.ഡിയായ ഏകവ്യക്തി. കയര്‍ സഹകരണ സംഘങ്ങളുടെ പരമോന്നത ബോഡിയാണല്ലോ ഈ കയര്‍ഫെഡ്. കോടിക്കണക്കിനു രൂപയുടെ കയര്‍ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ തലപ്പത്തെത്തിയത് സമാനതകളില്ലാത്ത സാങ്കേതികപരിജ്ഞാനം കൊണ്ടാണ്. പിന്നീട് ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടര്‍ വരെയായി. ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വരെ പടര്‍ന്നു കിടക്കുന്ന അപാരമായ ജ്ഞാനം. (ആ വിഷയത്തില്‍ ഗവേഷണം നടത്താന്‍ പോയതാണ്. രാഷ്ട്രീയശത്രുക്കള്‍ സമ്മതിച്ചില്ല). അങ്ങനെ ഒരു മന്ത്രികുമാരന്‍ പൂവിരിച്ച വഴികളിലൂടെ പിച്ചവെക്കുന്നത് കണ്ടുനില്‍ക്കാന്‍ മാത്രം അസൂയയും കുശുമ്പും കൈമോശം വന്നുപോയ നിര്‍ഗുണ പരബ്രഹ്മങ്ങളൊന്നുമല്ലല്ലോ മലയാളികള്‍. അവര്‍ അവസരത്തിനൊത്തുയര്‍ന്നു.

അസൂയാലുക്കള്‍ പഴയത് പലതും ചികഞ്ഞെടുത്ത് ഭൂതകാലം കൊണ്ടുള്ള വേട്ട തുടങ്ങിയിരിക്കുകയാണിപ്പോള്‍. കെല്‍ട്രോണ്‍ ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അരുണ്‍കുമാറിനെ 'തട്ടിപ്പുവീരന്‍' എന്ന് വിളിച്ചിരുന്നുവെന്ന് ചരിത്രകുതുകികള്‍ ചികഞ്ഞെടുത്തു. 'സഫലം കലാപഭരിതം' എന്ന ആത്മകഥയിലാണ് അങ്ങനെയൊരു പരാമര്‍ശമുള്ളതെന്ന് സ്വതവേ അക്ഷരവിരോധികളായ കോണ്‍ഗ്രസുകാര്‍ മഷിയിട്ടുനോക്കി കണ്ടെത്തി. കണ്ണൂര്‍ വൈദ്യുത നിലയത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ 75 കോടി ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. 2001ല്‍ ഹൈകോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നമ്പ്യാര്‍ പക്ഷാഘാതം വന്ന് കിടപ്പിലായപ്പോള്‍ ഭാര്യയുടെ ദുഃഖം കണക്കിലെടുത്ത്  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദര്‍ശധീരന്റെ ആഹ്വാനം. അങ്ങനെ 2005ല്‍ ഒത്തുതീര്‍ന്ന പ്രശ്‌നമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്ന സാമാന്യ നിയമമനുസരിച്ച് ചിലര്‍ അങ്ങനെയും കുടുക്കിലാക്കാന്‍ നോക്കുന്നുണ്ട്. അച്ഛന്‍ പ്രതിപക്ഷത്തിരുന്ന് ഗര്‍ജിക്കുന്ന കാലത്ത്, 2003ല്‍ കന്‍േറാണ്‍മെന്റ് ഹൗസിന്റെ പുറത്തുള്ള മരച്ചുവട്ടില്‍വെച്ച് ചന്ദനലോബിയില്‍നിന്ന് ഏഴുലക്ഷം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ് ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ ചന്ദനഫാക്ടറിക്കുവേണ്ടി പാര്‍ട്ടിയിലെ രണ്ടു പ്രമുഖരും അരുണ്‍കുമാറും ബന്ധപ്പെട്ടുവെന്നു പറഞ്ഞ് ചന്ദനമാഫിയയുടെ കൂട്ടാളിയായി ചിത്രീകരിക്കുകയാണ് അവര്‍. വി.ഡി. സതീശനും കെ.എം.ഷാജഹാനുമൊക്കെയാണ് പ്രധാന ശത്രുക്കള്‍. അച്ഛന്‍ മുന്നിട്ടിറങ്ങി നടത്തിയ സമരങ്ങള്‍ക്കൊക്കെ ഇടങ്കോലിടാന്‍ നോക്കിയ മകന്‍ എന്ന് മുദ്ര കുത്തുകയാണ് ലക്ഷ്യം. വ്യാജലോട്ടറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം.  ഭാര്യക്ക് പ്ലേവിന്‍ ലോട്ടറിയുമായി ബന്ധമുണ്ടായതായി തനിക്കറിയാമെന്ന് ഷാജഹാന്‍. രജനി ഡയറക്ടറായ ചെറി എന്‍ര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമാണെന്ന് ശത്രുക്കള്‍ പറയുമ്പോള്‍ മൂക്കത്തു വിരല്‍ വെച്ചുപോവുന്നു. അവിടെ വില്‍ക്കുന്നത് സ്‌പെയര്‍ പാര്‍ട്‌സ് ആണെന്നറിയുന്നത് ഈയുള്ളവന്‍ മാത്രമല്ലോ. കയര്‍ ഫെഡ് എം.ഡിയായിരിക്കുമ്പോള്‍ സര്‍ക്കാറിന്റെ അനുവാദമില്ലാതെ 13 തവണ വിദേശയാത്ര നടത്തി, ചൂതാട്ടവും തിരുമ്മലും നടക്കുന്ന മെക്കാവു എന്ന സുഖവാസകേന്ദ്രത്തില്‍ പോയി, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനത്തിനായി 15 കോടിരൂപയുടെ അഴിമതി നടത്തി, ഐ.എച്ച്.ആര്‍.ഡിയില്‍ അനധികൃതമായി സ്ഥാനക്കയറ്റം സമ്പാദിച്ചു, അങ്ങനെ എന്തെല്ലാം കുറ്റങ്ങള്‍. ഇതൊക്കെ ഈ 42 കൊല്ലത്തിനിടയില്‍ ചെയ്തുതീര്‍ക്കാനായി എന്നു വിശ്വസിക്കുന്നവരോടു സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. അച്ഛന്റെ പ്രതിച്ഛായ വളര്‍ത്താനാണ് 'ആയുധം' എന്ന സിനിമയെടുത്തത് എന്ന് അതു കണ്ടിട്ടുള്ള ആരും പറയില്ല. ഒന്നു കണ്ടുനോക്കണം. അച്ഛന്റെ ചങ്കു തകരും. അമ്മാതിരി ഒരു കലാശില്‍പമാണത്.

ഇപ്പോള്‍ 42 വയസ്സുണ്ട്. അതിനുള്ളില്‍ തന്നെക്കൊണ്ടാവും വിധം അച്ഛന് തലവേദനയുണ്ടാക്കി. ആലപ്പുഴ എസ്.ഡി കോളജില്‍നിന്ന് ബിരുദമെടുത്ത ശേഷം കൊല്ലം ടി.കെ.എം കോളജില്‍നിന്ന് കമ്പ്യൂട്ടര്‍ ബിരുദം നേടി. ഐ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വിളി വന്നു. അങ്ങനെ ഡെപ്യൂട്ടേഷനില്‍ കയര്‍ ഫെഡില്‍ എം.ഡി. ആലപ്പുഴയിലെ കേന്ദ്ര ഓഫിസില്‍ ചാര്‍ജെടുക്കുമ്പോള്‍ എം.ഡി എന്ന ഉദ്യോഗപ്പേരിന്റെ പൂര്‍ണരൂപം മനസ്സിലാക്കാനുള്ള പ്രായമേ ഉണ്ടായിരുന്നുള്ളൂ. കയര്‍ മേഖലയിലെ കമ്പ്യൂട്ടര്‍വത്കരണത്തിന് അരുണ്‍കുമാറിന്റെ വരവ് ഗുണം ചെയ്യുമെന്ന് മനക്കോട്ട കെട്ടിയവര്‍ ഏറെ. മറ്റു മന്ത്രിപുത്രന്മാര്‍ തെരുവില്‍ തല്ലുകൂടുമ്പോള്‍ എത്ര അന്തസ്സുള്ള കാര്യങ്ങളാണ് ചെയ്തു കൂട്ടിയത് എന്നുനോക്കുക. ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നു വെളിപാടുവന്നപ്പോള്‍ കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്കു രജിസ്റ്റര്‍ ചെയ്തു. ഗവേഷിക്കണമെങ്കില്‍ സര്‍വകലാശാല ചട്ടം അനുസരിച്ച് യോഗ്യതാപരീക്ഷ പാസാവണം. മന്ത്രിപുത്രന്‍ എന്ന യോഗ്യതയുള്ളപ്പോള്‍ എന്തിന് മറ്റൊരു യോഗ്യത?. പരീക്ഷയെഴുതിയില്ലെങ്കില്‍ ഏഴുകൊല്ലത്തെ അധ്യാപന പരിചയം വേണം. എവിടെയും അധ്യാപകനായി ജോലി നോക്കിയിട്ടില്ല. അപ്പോള്‍ ഒരു ഐഡിയ കത്തി. ഐ.എച്ച്.ആര്‍.ഡിയുടെ കോളജുകളില്‍ പ്രിന്‍സിപ്പലായിരുന്നവര്‍ക്ക് ഇളവുകൊടുത്ത കീഴ്‌വഴക്കമുണ്ട്. പത്തുകൊല്ലം മാനവശേഷി വികസന ഇന്‍സ്റ്റിറ്റിയൂട്ടില്‍ മനുഷ്യവിഭവങ്ങളെ വികസിപ്പിക്കുകയായിരുന്നു. ഏഴു വര്‍ഷത്തെ അധ്യാപനപരിചയം കാട്ടി അപേക്ഷിച്ചു. ഇടതുസിന്‍ഡിക്കേറ്റിന്റെ കാരുണ്യത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടി. അസൂയാലുക്കള്‍ അടങ്ങിയിരുന്നില്ല. അവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടു. തന്മാത്രാജീവശാസ്ത്രത്തിന്റെ മേഖലയില്‍ കമ്പ്യൂട്ടര്‍ സയന്‍സും സ്റ്റാറ്റിസ്റ്റിക്‌സും പ്രയോഗിക്കുന്ന, നടക്കാതെ പോയ ആ ഗവേഷണപ്രബന്ധം കേരള സര്‍വകലാശാലയുടെ വിജ്ഞാനോല്‍പാദന ചരിത്രത്തിലെ മഹാനഷ്ടങ്ങളിലൊന്നായി നാളെ കാലം എണ്ണും.



Friday, February 25, 2011

ആത്മാര്‍ഥ നടപടികളോ അതോ പൊടിക്കൈകളോ?

'രണ്ട് രൂപക്ക് അരി' കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ ഉദാരസമീപനം സംസ്ഥാനത്തെ അടുക്കളകളില്‍നിന്ന് നവോന്മേഷത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തിവിടാതിരിക്കില്ല. കേരളനാട്ടില്‍ ഇനി പട്ടിണി കിടക്കേണ്ടിവരുന്ന ഒരാളും ഉണ്ടാവരുതെന്ന ആഗ്രഹമാണ് ദാരിദ്ര്യരേഖ 'മുറിച്ചുകടക്കാ'നുള്ള ഈ സാഹസികതക്ക് പ്രചോദകം എന്ന സര്‍ക്കാര്‍ അജണ്ട വിശദീകരിക്കുമ്പോള്‍ ആ സദുദ്ദേശ്യം സഫലമാകട്ടെ എന്ന് ആശംസിക്കാം; കൈയടിക്കാം. എ.പി.എല്‍ വിഭാഗത്തിലെ തന്നെ 'ഇമ്മിണി വല്യ' എ.പി.എല്ലുകാരെ മാറ്റിനിര്‍ത്തി, സാങ്കേതികമായി പറഞ്ഞാല്‍, സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും കിട്ടും ഇനി രണ്ട് രൂപ നിരക്കില്‍ പ്രതിമാസം 10 കിലോ അരിയും രണ്ട് കിലോഗ്രാം ഗോതമ്പും എന്നത് നിസ്സാരകാര്യമല്ല, അതിന്റെ നേട്ടം ചില്ലറയുമല്ല.

അല്ലെങ്കില്‍ തന്നെ, ആകെ കെട്ടുപിണഞ്ഞുകിടക്കുന്ന ദാരിദ്ര്യരേഖയുടെ വളവ് നിവര്‍ത്തി നേരെയാക്കാന്‍ കഴിയാത്തതിന്റെ സര്‍വവിധ പാപഭാരവും പേറി കഴിയുകയാണല്ലോ പാവം കാര്‍ഡുടമകള്‍. കേന്ദ്രം രേഖ വരച്ചപ്പോള്‍ ചെന്നെത്തിയത് ഒരിടത്ത്; കേരളം വരച്ചുമുട്ടിച്ചത് മറ്റൊരിടത്ത്. ഇതിനിടയില്‍ പണക്കാരന്‍ പണിക്കാരന്റെ രേഖയിലും തിരിച്ചുമൊക്കെ ആയി വകതിരിവിന്റെ അച്ചുതണ്ടുതന്നെ മാറിപ്പോയി എന്ന നാട്ടുവര്‍ത്തമാനം കേവലം കെട്ടുകഥയോ ആയുക്തിയോ അല്ല. മാത്രമല്ല, അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് വ്യംഗ്യമായെങ്കിലും ശരിവെക്കുന്നതാണ് പുതിയ നടപടി. ഒരു പക്ഷേ, കുറച്ച് അനര്‍ഹര്‍ സൗജന്യം പറ്റി എന്നു വന്നേക്കാമെങ്കിലും ഒരുപാട് ആള്‍ക്കാര്‍ക്ക് ഗുണം കിട്ടുമെങ്കില്‍ മൊത്തത്തില്‍ ആശ്വാസകരമായ നടപടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഗുണഭോക്താക്കളെ വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ കണ്ടെത്തി പരമാവധി കുറ്റമറ്റ രീതിയില്‍ പദ്ധതിയുടെ ആനുകൂല്യം അര്‍ഹരുടെ കൈകളില്‍ എത്തിക്കുമെന്ന അധികൃതരുടെ വാഗ്ദാനവും മുഖവിലക്കെടുക്കാം.

ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ 'വാരിക്കോരി' കൊടുത്ത പ്രതീതിയുടെ ആലസ്യത്തില്‍നിന്ന് പൊതുജനത്തെ നല്ല മൂഡിലേക്ക് കൊണ്ടുവരാന്‍ ഈ 'അരിയിട്ടുവാഴ്ച' ഒരളവോളം ഫലിക്കാതിരിക്കില്ല.
ഇവിടംകൊണ്ട് അവസാനിക്കുന്നില്ല സര്‍ക്കാറിന്റെ വികസനമുന്നേറ്റങ്ങള്‍. നെല്ലിന്റെ താങ്ങുവിലയില്‍ ഒരു രൂപകൂടി നല്‍കാനുള്ള തീരുമാനം കാര്‍ഷികമേഖലക്ക് പൊതുവിലും ഇനിയും പതിരാകാതെ കിടക്കുന്ന പാലക്കാടന്‍, കുട്ടനാടന്‍ നെല്‍ക്കതിരുകള്‍ക്ക് വിശേഷിച്ചും ജീവന്‍ പകരുമെന്ന് പ്രതീക്ഷിക്കാം.

പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും സ്വകാര്യ നിക്ഷേപകരെ പിടിച്ചുനിര്‍ത്തുന്ന പ്രോല്‍സാഹന നടപടികള്‍, കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന നടപടികള്‍  -അങ്ങനെ എത്രയെത്ര സ്‌കീമുകളും പ്ലാനുകളുമാണ് തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. ഏതാനും ആഴ്ചകളായി പ്രഖ്യാപനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തറക്കല്ലിടലിന്റെയുമൊക്കെ ബഹളമാണ്; തലങ്ങും വിലങ്ങും വികസന പദ്ധതികള്‍. അങ്ങനെ നാളിതുവരെ കീറാമുട്ടിയായി കിടന്നിരുന്ന സ്മാര്‍ട്‌സിറ്റി എന്ന അവസാന കടമ്പയും കടന്ന് കുതിപ്പ് തുടരുകയാണ് തങ്ങള്‍ എന്ന തോന്നലുളവാക്കാനെങ്കിലും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാറിന് സമാധാനിക്കാം.

ഈ ഒച്ചയും ബഹളവുമൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്-  ഇത്രയും കാലം സര്‍ക്കാര്‍ എവിടെയായിരുന്നു? അഞ്ചുവര്‍ഷം മുമ്പ് ജനം പ്രതീക്ഷയോടെ ട്രഷറി ബെഞ്ചിലിരുത്തിയ എല്‍.ഡി.എഫ് ഭരണകൂടം ആയുസ്സിന്റെ മുക്കാല്‍ ഭാഗവും കുതിരകളിച്ചും കുതികാല്‍വെട്ടിയും സമയം കളയുകയായിരുന്നു എന്ന ആരോപണം കേവലം ദോഷൈകദൃക്കുകളുടെ ഭാവനാ വിലാസമല്ല. ഭരണാനുകൂലികള്‍പോലും തുറന്നുപറഞ്ഞില്ലെങ്കിലും ഉള്ളാലെ സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്.

ടൈംപാസിങ് എന്ന ഈ വൃഥാവ്യായാമം കണ്ടുമടുത്ത വോട്ടര്‍മാരുടെ മനസ്സ് വായിക്കാന്‍ ഇപ്പോഴെങ്കിലും തിരിച്ചറിവ് നേടിയതുകൊണ്ടാവാം മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇപ്പോള്‍ ധിറുതി പിടിച്ച് പ്രതിഛായ മെച്ചപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നത്. വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴക്കാലം തന്നെ സൃഷ്ടിച്ചുകൊണ്ട് കേരളത്തെ പച്ചപിടിപ്പിക്കുന്നതിന്റെ ചേതോവികാരവും മറ്റൊന്നല്ല. പക്ഷേ, കാലാവധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കിയുള്ള അതിനും എത്രയോ മുമ്പെ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ വിലങ്ങ് വീഴാനിരിക്കുന്ന ഒരു സര്‍ക്കാര്‍ 'വിറ്റഴിക്കല്‍, വിലപേശല്‍' തന്ത്രം കണക്കെ കൊണ്ടുവന്ന് തള്ളുന്ന അന്ത്യനിമിഷത്തിലെ പ്രഖ്യാപനങ്ങളത്രയും എത്രകണ്ട് പ്രാവര്‍ത്തികമാവും എന്ന് കാത്തിരുന്നുകാണേണ്ടതുതന്നെ. സ്‌കൂള്‍ കുട്ടികള്‍ക്കായി മുമ്പ് കൊണ്ടുവന്ന പാലും മുട്ടയും പരിപാടിതന്നെ ഇപ്പോള്‍ വഴിമുട്ടിനില്‍ക്കുകയാണ് എന്ന അനുഭവം, അരി വിതരണം എത്രനാള്‍, ഇലക്ഷന്‍ വരെയോ എന്ന ആശങ്ക പരത്താന്‍ ഇടവരുത്തും.

രണ്ട് രൂപ നിരക്കില്‍ അരി നല്‍കാന്‍തന്നെ വേണം പ്രതിമാസം 27 കോടി എന്നാണ് ഏകദേശ കണക്ക്. ശമ്പളപരിഷ്‌കരണവകയില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 2000 കോടി അധികമായി നീക്കിവെക്കേണ്ടിയും വരും. ഇതെല്ലാം ചേര്‍ന്ന് പുതിയ സര്‍ക്കാറിന് മേല്‍ കനത്ത ബാധ്യതയും ഭാരവും ഏല്‍പിച്ചാണ് ഈ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. അണയാന്‍ നേരത്തെ ഈ ആളിക്കത്തല്‍ കാണുമ്പോള്‍ വലിഞ്ഞുകേറിവരുന്ന ഒരു സംശയമുണ്ട്. ഇനി തങ്ങള്‍ തിരിച്ചുവരില്ലാ എന്ന തോന്നലിലാണോ ഭരണക്കാര്‍, അതോ തിരിച്ചുവന്നാല്‍ തന്നെ പഴയതെല്ലാം മറന്ന് പുതിയ വാഗ്ദാനങ്ങള്‍ നിരത്തിവെക്കാമെന്ന ഹിഡന്‍ അജണ്ടയോ? എന്തുമാവട്ടെ കടലാസില്‍ കണ്ടതുകൊണ്ടായില്ല. പ്രവൃത്തിപഥത്തില്‍ അനുഭവിച്ചറിയുമ്പോഴേ ജനം ശരിവെക്കുകയുള്ളൂ. അല്ലാത്തിടത്തോളം ഇതെല്ലാം 'പൊടിക്കൈകളാ'യി കരുതി ജനം മാറിച്ചിന്തിക്കും. മാറ്റിക്കുത്താന്‍ മടിക്കുകയുമില്ല.



Thursday, February 24, 2011

അഴിമതി ആരോപണങ്ങളുമായി യു.ഡി.എഫ് താഴേത്തട്ടിലേക്ക്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങളുമായി താഴേത്തട്ടിലേക്കിറങ്ങാന്‍ യു.ഡി.എഫ്  തീരുമാനം. സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന പ്രചാരണ പരിപാടികള്‍  വരും ദിവസങ്ങളില്‍ നടത്താനാണ് തീരുമാനം. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങളുമായി 28ന് ഗവര്‍ണറെ കാണും. സീറ്റ് വിഭജന ചര്‍ച്ചക്കായി മാര്‍ച്ച് എട്ട് മുതല്‍ ഉഭയകക്ഷിചര്‍ച്ച നടത്താനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയും എത്താന്‍ വൈകിയതിനാല്‍ ഏറെ വൈകിയാണ് യോഗം ചേര്‍ന്നത്. അതിന് മുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി.

നിയമസഭ പിരിഞ്ഞ ശേഷം മുഖ്യമന്ത്രി സഭയില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയത്  ഗവര്‍ണര്‍ക്ക് മുമ്പാകെ ഉന്നയിക്കും. പ്രതിപക്ഷത്തോട് വിവേചനപരമായി പെരുമാറിയെന്നും പരാതിപ്പെടും. അതോടൊപ്പം ചില മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടേതടക്കം മന്ത്രിസഭയിലെ ചിലരുടെ മക്കള്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗവര്‍ണര്‍ക്ക് നിവേദനമായി സമര്‍പ്പിക്കും.  മൂന്ന് മേഖലാ സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  അരമണിക്കൂര്‍ ചര്‍ച്ചയിലൂടെ കേരള കോണ്‍ഗ്രസ്-എമ്മുമായുള്ള സീറ്റ്   തര്‍ക്കം പരിഹരിക്കാമെന്ന് കെ.എം.മാണി യോഗത്തില്‍ പറഞ്ഞതായാണ് അറിവ്. മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ടി.എം.ജേക്കബ് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുഭവം നിയമസഭാ സീറ്റ് വിഭജനത്തില്‍ ഉണ്ടാകരുതെന്ന് ടി.എം.ജേക്കബിന് പുറമെ ജെ.എസ്.എസ്.പ്രതിനിധികളും ആവശ്യപ്പെട്ടു. ജെ.എസ്.എസ്.-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കുന്നതിന് കെ.ആര്‍.ഗൗരിയമ്മയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചനടത്തും.

യു.ഡി.എഫ്. താഴേത്തട്ടിലേക്ക് പോകുന്നതൊക്കെ കൊള്ളാം. പോയി പോയി പാതാളത്തിലേക്കൊന്നും പോയ്ക്കളയല്ലേ. നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഒന്നുമല്ലെങ്കില്‍ നിയമസഭയില്‍ കലപില കൂടാനും മുണ്ടും പൊക്കി ഇറങ്ങി പോകാനും ആള് വേണ്ടേ. അതുകൊണ്ട് ഇങ്ങനെയൊക്കെ തട്ടീം മുട്ടീം പോകുകയാണ് ആരോഗ്യത്തിനു നല്ലത്.



വെല്യമ്മാവനോട് കളിച്ചാല്‍ അക്കളി തീക്കളി


സ്വീഡനിലെ കോടതികളില്‍നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ വാദം മുഖവിലക്കെടുക്കാതെ അദ്ദേഹത്തെ സ്വീഡന് കൈമാറാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. ബെല്‍മാര്‍ഷില്‍ അസാന്‍ജിന്റെ വിധി കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നവരെ സാക്ഷിനിര്‍ത്തിയാണ് അസാന്‍ജിനെ കൈമാറുന്ന വിവരം ജഡ്ജി ഹവാര്‍ഡ് റിഡില്‍ പ്രഖ്യാപിച്ചത്.

രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് സഹായകമാകാന്‍ അസാന്‍ജിനെ കൈമാറാന്‍ സ്വീഡന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കറുത്ത സ്യൂട്ടും ടൈയും അണിഞ്ഞെത്തിയ അസാന്‍ജ് നിര്‍വികാരതയോടെയാണ് കോടതിയുടെ വിധി കേട്ടത്. അസാന്‍ജിന്റെ കേസില്‍ രണ്ടാഴ്ച വാദം കേട്ടശേഷമാണ് ബ്രിട്ടനിലെ കോടതിയുടെ വിധി.

കുറ്റം നിഷേധിക്കുന്ന അസാന്‍ജ് വിധിക്കെതിരെ അപ്പീല്‍ നല്‍കും. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട യു.എസിന്റെ നിരവധി നയതന്ത്രരേഖകള്‍ പുറത്തുവിട്ടതോടെയാണ് അസാന്‍ജും അദ്ദേഹത്തിന്റെ 'വിക്കിലീക്‌സും' മുതലാളിത്ത രാജ്യങ്ങളുടെ കണ്ണിലെ കരടായി മാറിയത്. ലൈംഗികാരോപണം ഇത്തരം വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ തനിക്കുമേല്‍ കെട്ടിച്ചമച്ചതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.

ഇതേ അനുഭവം തന്നെയാണ് ന്യൂയോര്‍ക്കില്‍ ജയിലില്‍ കഴിയുന്ന മലയാളി ഡിസൈനര്‍ ആനന്ദ് ജോണിന്റെയും. അമേരിക്കയില്‍ വസ്ത്ര വ്യാപാര രംഗത്ത്‌ തരംഗം സൃഷ്ടിച്ചേക്കാവുന്ന പ്രഗല്‍ഭനായ ഡിസൈനര്‍ ആയിരുന്നു ഈ ചെറുപ്പക്കാരന്‍. അമേരിക്കയിലുടനീളം തന്റെ ഡിസൈനിംഗ് മേഖല വ്യാപിപ്പിക്കുവാന്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊണ്ടിരിക്കെ, ആനന്ദിന്റെ പേരില്‍ സ്ത്രീപീഡനം ആരോപിച്ചു ചില മോഡലുകള്‍ രംഗത്തിറങ്ങുകയായിരുന്നു.

ലോസ്ആന്‍ജലസ്സില്‍ തുടങ്ങി ന്യൂയോര്‍ക്കില്‍ വരെ പല സ്ത്രീകളും ആനന്ദിന്റെ പേരില്‍ കുറ്റാരോപണവുമായി രംഗത്തെത്തി. പക്ഷെ ഈ സ്ത്രീകളെല്ലാം വസ്ത്രവ്യാപാര രംഗത്തെ അതികായകന്മാരുടെ ഏജന്റുമാരായിരുന്നു എന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. ഓരോരുത്തരായി അവരുടെ പരാതിയില്‍ നിന്ന് പിന്മാറുകയോ കോടതിയില്‍ വെച്ച് കള്ളത്തരം പിടിക്കപ്പെടുകയോ ചെയ്തു. എന്നിട്ടും കോടതി ആനന്ദിനെ വെറുതെ വിട്ടില്ല. നിയമ വ്യവസ്ഥയെ പോലും വിലയ്ക്ക് വാങ്ങാവുന്ന അമേരിക്കയില്‍ ഒരു സാധാരണ ഇന്ത്യന്‍ പൌരനു എവിടെ നിന്ന് നീതി ലഭിക്കാനാണ്.

ഓരോ കേസുകളും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടു പോകാന്‍ അമേരിക്കന്‍ കോടതിയെപ്പോലെ മറ്റെങ്ങും കാണില്ല. ഇവിടെയും അതാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കോടതി അയാളെ വെറുതെ വിടാന്‍ തയ്യാറല്ല. ഇപ്പോള്‍ വിട്ടാല്‍ ഇനിയും ഏതെങ്കിലും പെണ്ണുങ്ങള്‍ വന്നാലോ എന്നാണു കോടതി ഭയക്കുന്നത്. ഏതു കൊലക്കൊമ്പനായാലും പെണ്ണ് കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കാന്‍ അമേരിക്കന്‍ കോടതികള്‍ക്കും പോലീസിനും ഉള്ള കഴിവ് പോലെ മറ്റാര്‍ക്കും ഇല്ലെന്നു തന്നെ പറയാം. വേണമെങ്കില്‍ നമ്മുടെ കേരള പോലീസിനും അമേരിക്കയില്‍ വന്നു പരിശീലനം നേടാവുന്നതാണ്. പട്ടിയെ പൂച്ചയാക്കാനും ആടിനെ പട്ടിയാക്കാനും അമേരിക്കയില്‍ എളുപ്പം സാധിക്കും.

അമേരിക്കന്‍ നയതന്ത്ര രേഖകളും ചാര രഹസ്യങ്ങളും വിക്കിലീക്സ് പുറത്തുവിട്ടു തുടങ്ങിയതോടെയാണ് ലോക പോലീസ് കളിച്ചിരുന്ന അമേരിക്കയുടെ യഥാര്‍ത്ഥ മുഖം ലോകം കണ്ടു തുടങ്ങിയത്. അതിനു കാരണക്കാരനായ ജൂലിയന്‍ അസാന്ജെയെ അവര്‍ വെറുതെ വിടുമോ? അതുകൊണ്ടാണ് സ്വീഡനെ വരുതിയിലാക്കി അദ്ദേഹത്തെ പെണ്ണ് കേസില്‍ ഉള്‍പ്പെടുത്തിയത്. സ്വീഡനു കൈമാറിയാല്‍ അമേരിക്ക പറയുന്നത് പോലെ അവര്‍ ചെയ്തു കൊള്ളും. ജീവിത കാലം മുഴുവന്‍ ജയിലിലോ അല്ലെങ്കില്‍ ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരെ ക്രൂരമായി ശിക്ഷിച്ചത് പോലെയുള്ള ശിക്ഷയോ കിട്ടിയേക്കാം.


Wednesday, February 23, 2011

ഏകാധിപതികള്‍ക്ക്‌ അമേരിക്കന്‍ കൂട്ട്‌

ഈജിപ്‌തില്‍ ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോള്‍ അമേരിക്കയുടെ നിലപാട്‌ അറിയാന്‍ ലോകം ശ്രദ്ധാപൂര്‍വം കാതുകൂര്‍പ്പിച്ചു. അധികാരക്കൈമാറ്റത്തിന്‌ ഹുസ്‌നി മുബാറക്കിനോട്‌ പ്രസിഡന്റ്‌ ഒബാമ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇതല്ലാതെ അമേരിക്കക്ക്‌ മുന്നില്‍ മറ്റു വഴികളില്ലെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുകയും ചെയ്‌തു. അമേരിക്കയുടെ നിലപാട്‌ അറിയിക്കാന്‍ മുന്‍ നയതന്ത്രജ്ഞന്‍ ഫ്രാങ്ക്‌ വീസ്‌നറെയാണ്‌ ഒബാമ കയ്‌റോയിലേക്ക്‌ അയച്ചത്‌. അറിയപ്പെടുന്ന ലോബിയിംഗ്‌ ഗ്രൂപ്പായ പാറ്റന്‍ ബോഗ്‌സിലെ ശമ്പളം പറ്റു ഉദ്യോഗസ്ഥനാണ്‌ ഈജിപ്‌തിലും ഇന്ത്യയിലും അംബാസഡറായി സേവനമനുഷ്‌ഠിച്ച വീസ്‌നര്‍. ഏറെക്കാലമായി ഈജിപ്‌ഷ്യന്‍ ഭരണകൂടത്തിനുവേണ്ടി അമേരിക്കയില്‍ ലോബിയിംഗ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്‌ വീസ്‌നറുടെ സ്ഥാപനമാണ്‌. മുബാറക്കുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം മുന്‍നിര്‍ത്തിയാണ്‌ ഗവണ്‍മെന്റുമായി ബന്ധമില്ലാത്ത ഒരാളെ ദൂതനായി അയച്ചതെന്നായിരുന്നു വൈറ്റ്‌ഹൗസ്‌ വിശദീകരിച്ചത്‌.

മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ മുബാറക്ക്‌ അല്‍പകാലം കൂടി അധികാരത്തില്‍ തുടരേണ്ടത്‌ ആവശ്യമാണെന്ന്‌ മ്യൂണിച്ചില്‍ വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനത്തില്‍ വീസ്‌നര്‍ പരസ്യമാക്കി. ഇനിയുമൊരുവട്ടം പ്രസിഡന്റായി മത്സരിക്കില്ലെന്ന്‌ പ്രഖ്യാപിക്കാന്‍ മാത്രമാണ്‌ ഒബാമ അവശ്യപ്പെട്ടത്‌. അത്‌ അംഗീകരിച്ച മുബാറക്‌ സെപ്‌റ്റംബറില്‍ കാലാവധി പൂര്‍ത്തിയായാല്‍ സ്ഥാനമൊഴിയാമെന്ന്‌ ഉറപ്പു നല്‍കി. മുബാറക്‌ നിയമിച്ച വൈസ്‌ പ്രസിഡന്റ്‌ ഉമര്‍ സുലൈമാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതോടെ പ്രതിസന്ധിയില്‍നിന്ന്‌ ഈജിപ്‌ത്‌ കരകയറിക്കൊണ്ടിരിക്കുകയാണെന്ന്‌ ഒബാമ പ്രസ്‌താവിക്കുക കൂടി ചെയ്‌തതോടെ അങ്കിള്‍ സാമിന്റെ ഉദ്ദേശ്യം വ്യക്തമായി. ചിലിയില്‍ സാല്‍വഡോര്‍ അലന്‍ഡയെയും പനാമയില്‍ ജനറല്‍ നൊറിയേഗയെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും സ്ഥാനഭ്രഷ്‌ടനാക്കിയതു പോലെ മുബാറക്കിനെയും അമേരിക്ക താഴെയിറക്കുമെന്ന്‌ കരുതാന്‍ ഒരു ശുഭാപ്‌തി വിശ്വാസിക്കും കഴിയില്ലെന്നത്‌ ചരിത്ര പാഠം. വരാനിരിക്കുന്ന ഏതു സര്‍ക്കാറും ഇസ്രയേലുമായുള്ള ബന്ധം ഉള്‍പ്പെടെ ഈജിപ്‌തിന്റെ മുഴുവന്‍ ഉടമ്പടികളും പാലിക്കണമെന്ന്‌ പറയാനും വൈറ്റ്‌ഹൗസ്‌ മറന്നില്ല. ഭാവിയില്‍ ഇസ്‌ലാമിസ്റ്റുകളുടെ കൈയില്‍ ഭരണം വന്നാലുള്ള ആശങ്കയായിരുന്നു പ്രസ്‌താവനക്ക്‌ ഹേതു.

ജമാല്‍ അബ്‌ദുന്നാസിറിന്റെ കാലത്ത്‌ സോവിയറ്റ്‌ യൂനിയനോട്‌ ചായ്‌വ്‌ പ്രകടിപ്പിച്ചിരുന്ന ഈജിപ്‌തിന്റെ വിദേശനയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി നീങ്ങിയത്‌ അന്‍വര്‍ സാദാത്ത്‌ ഭരണത്തിലാണ്‌. 1956-ല്‍ സൂയസ്‌ പ്രതിസന്ധി വേളയിലും 1967-ലെ ആറു ദിന യുദ്ധത്തിലും ഇസ്രയേല്‍ പിടിച്ചടക്കിയ സീനായ്‌ ഉപദ്വീപ്‌ വീണ്ടെടുക്കാനും അതുവഴി ഈജിപ്‌തിന്റെ സാമ്പത്തിക ഉന്നമനം ശക്തിപ്പെടുത്താനും സയണിസ്റ്റ്‌ രാജ്യവുമായി സമാധാനക്കരാറിലെത്തുകയാണ്‌ പോംവഴിയെന്ന്‌ മനസ്സിലാക്കിയ സാദാത്ത്‌ ആദ്യപടിയായി അമേരിക്കയുമായി അടുത്തു. ഇസ്രയേലിനും മുഖ്യ സ്‌പോണ്‍സറായ അമേരിക്കക്കുമെതിരെ അറബ്‌ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോഴായിരുന്നു സാദാത്തിന്റെ നീക്കം. അറബ്‌ മേഖലയില്‍ കയറിപ്പറ്റാന്‍ കിട്ടിയ അവസരം മുതലെടുത്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടര്‍ ക്യാമ്പ്‌ ഡേവിഡ്‌ കരാറിലൂടെ ഇസ്രയേലിനെയും ഈജിപ്‌തിനെയും ഒന്നിപ്പിച്ചു. 60,000 ചതുരശ്ര കി.മീറ്റര്‍ വിസ്‌തൃതിയുള്ള പ്രദേശം വീണ്ടുകിട്ടിയതാണ്‌ സാദാത്തിനെയും കൂട്ടരെയും സന്തോഷിപ്പിച്ചതെങ്കില്‍, അറബികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ഈജിപ്‌തിനെ മുന്നില്‍നിര്‍ത്തി തങ്ങളുടെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞതിലെ ആഘോഷത്തിലായിരുന്നു അമേരിക്ക. 1979-ലെ ക്യാമ്പ്‌ ഡേവിഡ്‌ കരാറിനുശേഷം ഇന്നുവരെ 29 ബില്യന്‍ ഡോളറിന്റെ സൈനിക സഹായമാണ്‌ ഈജിപ്‌തിന്‌ അമേരിക്ക നല്‍കിയത്‌. ഇതിനു പുറമെയാണ്‌ 30 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം. 

തുനീഷ്യയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ച ആദ്യ നാളുകളിലാണ്‌ സുരക്ഷാ സഹായം എന്ന പേരില്‍ ബിന്‍ അലി ഭരണകൂടത്തിന്‌ 12 മില്യന്‍ ഡോളര്‍ അമേരിക്കന്‍ ഭരണകൂടം അനുവദിച്ചത്‌. പ്രക്ഷോഭകര്‍ക്കുനേരെ പട്ടാളം ഉപയോഗിച്ച ആയുധങ്ങളില്‍ മെയ്‌ഡ്‌ ഇന്‍ അമേരിക്ക അടയാളമുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ ഭരണകൂടത്തോട്‌ ഒപ്പമായിരുന്നു വാഷിംഗ്‌ടണ്‍. ജനുവരി 18-ന്‌, അഥവാ ബിന്‍ അലി രാജ്യം വിട്ടോടുന്നതിന്‌ മൂന്നുദിവസം മുമ്പ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞത്‌ അമേരിക്ക ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നായിരുന്നു. രക്ഷയില്ലെന്നു കണ്ട്‌ ബിന്‍ അലി രാജ്യം വിട്ടതോടെ അമേരിക്കയും ചുവടുമാറ്റി. `ഏകാധിപത്യ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്‌ടിക്കെതിരെ ധീരതയോടെ നിലയുറപ്പിച്ച തുനീഷ്യന്‍ ജനത'യെ പ്രകീര്‍ത്തിക്കുന്ന ഒബാമയെയാണ്‌ ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും പിന്നീട്‌ പരിചയപ്പെടുത്തിയത്‌. എന്നാല്‍ ജീര്‍ണത പേറുന്ന ബിന്‍ അലിയുടെ പഴയ സഹപ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും പ്രവാസ ജീവിതം നയിക്കുന്ന പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെ (ഇസ്‌ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണവര്‍) നാട്ടിലേക്ക്‌ മടങ്ങിവരാന്‍ അനുവദിക്കണമെന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഏകാധിപതികള്‍ക്കെതിരെ അറബ്‌ ലോകത്ത്‌ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ അമേരിക്കക്കെതിരായ താക്കീതാണ്‌. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്തുന്നുവെന്നതിന്റെ പേരില്‍ സകല ഏകാധിപതികളെയും പട്ടും വളയും നല്‍കി പോറ്റിയതിന്റെ പരിണിതഫലമാണ്‌ അമേരിക്ക അനുഭവിക്കുന്നത്‌. ജനവിരുദ്ധ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തുന്നതിന്‌ ജനാധിപത്യത്തെ ഗളഹസ്‌തം ചെയ്യാന്‍ പോലും അമേരിക്ക മടികാണിക്കാറില്ല. മുസ്‌ലിം ലോകത്ത്‌ സ്വേഛാപ്രമത്തരായ ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്‌ ഈ നിലപാടുകളാണ്‌. ഏകാധിപത്യവും രാജവാഴ്‌ചയും നിലനില്‍ക്കുന്ന അമേരിക്കയുടെ സുഹൃദ്‌ രാജ്യങ്ങളായ അള്‍ജീരിയയിലും യമനിലും ജോര്‍ദാനിലും ജനകീയ പ്രക്ഷോഭത്തിന്‌ തിരികൊളുത്തപ്പെട്ടിരിക്കുന്നു. തൊണ്ണൂറുകളുടെ ആദ്യം അള്‍ജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന്‌ ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി പട്ടാളത്തെ വിട്ട്‌ ഇസ്‌ലാമിക്‌ സാല്‍വേഷന്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത്‌ യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷായിരുന്നു. ഫലസ്‌ത്വീനില്‍ 2006-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹമാസ്‌ മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്‌ ജൂനിയര്‍ ബുഷ്‌ ഭരണകൂടം. ലബനാനില്‍ സ്‌ഫോടനാത്മകമായ രാഷ്‌ട്രീയ പ്രതിസന്ധിയില്‍നിന്ന്‌ മുതലെടുക്കാനാണ്‌ വാഷിംഗ്‌ടണ്‍ ശ്രമിക്കുന്നത്‌. 

ഹിസ്‌ബുല്ലക്ക്‌ മേല്‍ക്കൈയുള്ള ഗവണ്‍മെന്റിന്‌ സഹായമുണ്ടാകില്ലെന്ന പ്രഖ്യാപനം അതിന്റെ ഭാഗമാണ്‌. ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ്‌ ഹിസ്‌ബുല്ലയുടേത്‌. ക്രിസ്‌ത്യന്‍ സെക്യുലറിസ്റ്റ്‌ മിഷേല്‍ ഔനിന്റെ ഫ്രീ പാട്രിയോറ്റിക്‌ മൂവ്‌മെന്റും മറോണൈറ്റ്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ പ്രാമുഖ്യമുള്ള മറാദ പാര്‍ട്ടിയും ഗ്രീക്ക്‌ കത്തോലിക്കരുടെ സ്‌കാഫ്‌ ബ്ലോക്കും സുന്നികളുടെ ഹര്‍കത്ത്‌ മജ്‌ദുമൊക്കെ ഹിസ്‌ബുല്ലയുടെ കുടക്കീഴിലുണ്ട്‌.
അറബ്‌ രാജ്യങ്ങളിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഏകാധിപതിയാണ്‌ ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി. 1969-ല്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഖദ്ദാഫി ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്ന്‌ അമേരിക്കക്ക്‌ ബോധ്യപ്പെടാന്‍ പത്തു വര്‍ഷം വേണ്ടിവന്നു. ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 1979-ല്‍ ലിബിയയെ ഉള്‍പ്പെടുത്തുകയും 1981-ല്‍ എംബസി അടച്ചുപൂട്ടുകയും ചെയ്‌തു. ലോക്കര്‍ബി ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ 150 കോടി ഡോളര്‍ നഷ്‌ടപരിഹാരം നല്‍കുകയും മിസൈല്‍ പരിപാടികളില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നതായി ഖദ്ദാഫി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അമേരിക്കയും ബ്രിട്ടനും ലിബിയയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളായി. ഭീകരരാജ്യങ്ങളുടെ പട്ടികയില്‍നിന്ന്‌ 2006-ല്‍ ലിബിയ മോചിതരായി. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക്‌ അതോടെ സുവര്‍ണകാലവുമായി. ഖദ്ദാഫിയുടെ ഏകാധിപത്യ ചിന്തകളില്‍ എന്തു മാറ്റമാണ്‌ ഉണ്ടായതെന്ന്‌ അമേരിക്ക വിശദീകരിച്ചിട്ടില്ല. തുനീഷ്യയിലെ ജനകീയ പ്രക്ഷോഭകരെ നിന്ദിക്കുകയും ബിന്‍ അലിയെ പരസ്യമായി പ്രശംസിക്കുകയും ചെയ്‌തത്‌ ഖദ്ദാഫി മാത്രമായിരുന്നു. ക്രിമിനല്‍ സംഘങ്ങളാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണക്കാരെന്നും ബിന്‍ അലി കുടുംബത്തിന്റെ അഴിമതികളും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവന്ന വിക്കിലീക്‌സാണ്‌ പ്രക്ഷോഭങ്ങള്‍ക്ക്‌ വിത്തുപാകിയതെന്നും കുറ്റപ്പെടുത്തിയ ലിബിയന്‍ നേതാവ്‌, 2014-ല്‍ സ്ഥാനമൊഴിയാമെന്ന്‌ ബിന്‍ അലി ഉറപ്പു നല്‍കിയ സ്ഥിതിക്ക്‌ മൂന്നു വര്‍ഷം കൂടി കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചുകൂടേയെന്നാണ്‌ തുനീഷ്യയിലെ പ്രക്ഷോഭകരോട്‌ ചോദിച്ചത്‌. 

ഇറാനില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ്‌ മുസദ്ദിഖ്‌ സര്‍ക്കാറിനെ 1953-ല്‍ അട്ടിമറിച്ചത്‌ സി.ഐ.എയായിരുന്നു. 1913 മുതല്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനി ദേശസാല്‍ക്കരിച്ച നടപടിയായിരുന്നു അട്ടിമറിക്ക്‌ കാരണമായി പറഞ്ഞതെങ്കിലും അമേരിക്കയെ സംബന്ധിച്ചേടത്തോളം അതൊരു വിഷയമായിരുന്നില്ല. ബ്രിട്ടന്‍ കടുത്ത നിലപാട്‌ എടുത്തപ്പോള്‍ മുസദ്ദിഖിനോടൊപ്പമാണ്‌ തങ്ങളെന്നായിരുന്നു അമേരിക്ക അറിയിച്ചിരുന്നത്‌. എന്നാല്‍, മുസദ്ദിഖിന്‌ കമ്യൂണിസ്റ്റ്‌ ബന്ധമുണ്ടെന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രചാരണം ഏറ്റുപിടിച്ച വാഷിംഗ്‌ടണ്‍ ചുവടുമാറ്റി. ഓപറേഷന്‍ അയാക്‌സ്‌ എന്ന പേരില്‍ നടത്തിയ അട്ടിമറിക്ക്‌ പത്ത്‌ ലക്ഷം ഡോളറാണ്‌ സി.ഐ.എ ഡയറക്‌ടര്‍ അല്ലന്‍ ഡ്യൂല്ലസ്‌ നീക്കിവെച്ചത്‌. 1979-ലെ ഇറാന്‍ വിപ്ലവത്തില്‍ അമേരിക്കന്‍വിരുദ്ധ വികാരം ശക്തിപ്പെട്ടതിനു പിന്നില്‍ മുസദ്ദിഖ്‌ സംഭവത്തിനും പങ്കുണ്ടായിരുന്നു. അമേരിക്കയുടെ സില്‍ബന്തിയായിരുന്ന ഷാ റിസാ പഹ്‌ലവിയുടെ പേരിലുണ്ടായിരുന്ന കയ്‌റോയിലെ ഒരു തെരുവിന്‌ മുസദ്ദിഖിന്റെ പേര്‌ നല്‍കിയാണ്‌ 2004-ല്‍ ഈജിപ്‌ഷ്യന്‍ സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്‌തത്‌. മുസദ്ദിഖിനെ പുറത്താക്കിയത്‌ തെറ്റായ നടപടിയാണെന്ന്‌ അര നൂറ്റാണ്ടിനുശേഷം യു.എസ്‌ വിദേശകാര്യ സെക്രട്ടറി മെഡലൈന്‍ ഓള്‍ബ്രൈറ്റ്‌ 2000-ല്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തു. സാമ്രാജ്യത്വ, സയണിസ്റ്റ്‌ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്ക്‌ തിരിച്ചടിയാകുന്നതിന്റെ ലക്ഷണങ്ങളാണ്‌ മധ്യപൗരസ്‌ത്യദേശത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ ദൃശ്യമാകുന്നത്‌. ഏകാധിപതികള്‍ മൂക്കുകുത്തി വീഴുമ്പോള്‍ പരാജയപ്പെടുന്നത്‌  അമേരിക്കയുടെ കുതന്ത്രം കൂടിയാണ്‌. 

Tuesday, February 22, 2011

സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളും ഭീകരതയും

സ്വിസ്‌ ബാങ്കുകളിലെ കള്ളപ്പണം വെളിപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ്‌ ബി.ജെ.പിയുടെ കാഴ്‌ചപ്പാടില്‍ നിലവില്‍ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധി. പ്രധാനമന്ത്രി രാജിവെക്കണമെന്ന്‌ നിധിന്‍ ഖഡ്‌കരി ആവശ്യപ്പെട്ടു കഴിഞ്ഞു!

ഇന്ത്യയിലെ രാഷ്‌ട്രീയക്കാരില്‍ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ട്‌ തുറന്ന ആരും ബി.ജെ.പിക്കാരുടെ കൂട്ടത്തിലില്ലെന്ന്‌ പക്ഷെ ഈ ഗ്വാഗ്വാ വിളികള്‍ക്ക്‌ അര്‍ഥമില്ല. കള്ളപ്പണം ഒളിപ്പിക്കാന്‍ രാജ്യത്തു തന്നെ പലതരം സംവിധാനങ്ങള്‍ കണ്ടെത്തുന്ന തല്ലിപ്പൊളിയന്മാരും അവരുടെ കൂട്ടത്തിലുണ്ടാവില്ല! അത്തരക്കാരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ കൈയില്‍ നിന്ന്‌ പാര്‍ട്ടി തന്നെ നേരിട്ട്‌ സത്യവാങ്‌മൂലം എഴുതി വാങ്ങുമെന്ന്‌ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്‌ എല്‍.കെ അദ്വാനി പ്രസ്‌താവന ഇറക്കിയിട്ടുമുണ്ടല്ലോ. കേവലം 1.83 ഏക്കര്‍ ഭൂമി മാത്രമുള്ള യെദിയൂരപ്പ മുതല്‍ക്കുള്ള മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും സ്വത്ത്‌ വെളിപ്പെടുത്തുന്ന തിരക്കിലാണ്‌. സ്വിസ്‌ ബാങ്ക്‌ കേസിലുള്‍പ്പെട്ട ആരെങ്കിലും ബി.ജെ.പിക്കകത്ത്‌ നാണം കെട്ടാലും ശരി അതിനേക്കാളേറെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ചിലരെ തങ്ങള്‍ക്ക്‌ കുടുക്കാനാവുമെന്നുമാണ്‌ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ആക്കം കണ്ടാല്‍ തോന്നുക. എല്‍.കെ അദ്വാനി ഈ വിഷയമുന്നയിക്കുന്ന ഓരോ അവസരവും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അതിലൊരു വിലപേശലിന്റെ ലാഞ്‌ഛനയുണ്ട്‌. കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള എന്തോ രഹസ്യം സ്വിസ്‌ ബാങ്ക്‌ വിഷയത്തിലുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ ഗൂഢമന്ദസ്‌മിതത്തിന്റെ സൂചന. ബി.ജെ.പി പ്രതിസന്ധിയിലാവുന്ന എല്ലാ അവസരങ്ങളിലും ഈ വിഷയം ചര്‍ച്ചക്കു വന്നിട്ടുണ്ട്‌. സ്വിസ്‌ ബാങ്കില്‍ 36,000 കോടി നിക്ഷേപമുണ്ടെന്ന്‌ കരുതപ്പെടുന്ന കോണ്‍ഗ്രസ്‌ സഹചാരിയായ പൂനെയിലെ കുതിരപ്പന്തയക്കാരന്‍ ഹസന്‍ അലിഖാന്റെ അന്താരാഷ്‌ട്ര ആയുധറാക്കറ്റ്‌ ബന്ധങ്ങളും ഒക്‌താവിയോ ക്വത്‌റോച്ചിയുടെ ബോഫോഴ്‌സ്‌ കേസിലെ കോഴപ്പണവുമാണോ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന അതിഭയങ്കരമായ ആ രഹസ്യം?

പക്ഷേ എന്തുചെയ്യാം, ബി.ജെ.പി അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ പല ആവശ്യങ്ങളും പൊതുജനം നിസ്സംഗതയോടെയാണ്‌ കണ്ടിരിക്കുന്നത്‌. ഈ ഹസന്‍ അലിഖാന്‌ 2002ല്‍ തന്നെ രണ്ട്‌ മില്യണിലധികം ഡോളര്‍ സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്നുവത്രെ. തങ്ങളുടെ ഭരണകാലഘട്ടത്തിന്റെ ഒടുവില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവില്‍ മാത്രമാണ്‌ പക്ഷേ ബി.ജെ.പി സ്വിസ്‌ അക്കൗണ്ടുകളെ കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയത്‌. അതുവരെ അക്കാര്യത്തില്‍ കോണ്‍ഗ്രസുമായി എന്തോ കച്ചവടം നടത്തി വരികയായിരുന്നു പാര്‍ട്ടി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ്‌ ആക്രമണം മുല്‍ക്കുള്ള വിഷയങ്ങളില്‍ ബി.ജെ.പിയുടെ നേര്‍ക്കുയര്‍ന്ന സംശയങ്ങളും അവയോട്‌ കോണ്‍ഗ്രസ്‌ കാണിച്ച നിസ്സംഗതയുമാവണം ഈ `ബാര്‍ട്ടര്‍' സമ്പ്രദായം. ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നെറികെട്ട അധ്യായങ്ങളിലൊന്നില്‍ ബി.ജെ.പിക്ക്‌ എവിടെയോ പങ്കുണ്ടായിരിക്കാമെന്ന്‌ ഇന്ന്‌ ഏത്‌ സാധാരണക്കാരനും സംശയിക്കുന്നുണ്ട്‌. പക്ഷേ എല്ലാ രാഷ്‌ട്രീയക്കാരും ഒത്തുചേര്‍ന്ന്‌ ബി.ജെ.പിയെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ചാമ്പ്യനായി വാഴിച്ചെടുക്കാനുള്ള തിരക്കിലാണ്‌.

ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന്‌ മാഞ്ഞു വരികയാണ്‌. മറുഭാഗത്ത്‌ ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിനെതിരെ പുതിയ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ വിജയിക്കുന്നുമുണ്ട്‌. ജി. സ്‌പെക്‌ട്രം അഴിമതിയെ കുറിച്ച്‌ ഏതാണ്ട്‌ ഭാവനാവിലാസത്തോളമെത്തിയ കണക്കുകളാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന്‌ ആരോപിച്ചത്‌. ഈ കുംഭകോണം പുറത്തു കൊണ്ടുവന്ന ജെ. ഗോപീകൃഷ്‌ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വിലയിരുത്തലനുസരിച്ച്‌ ഏറിയാല്‍ 30,000 കോടി രൂപയാണ്‌ ഈ കേസില്‍ ഖജനാവിന്‌ നഷ്‌ടമായത്‌്‌. അതേസമയം 1,76,000 കോടിയെന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. 30,000 കോടി ചെറിയ തുകയാണെന്നല്ല പറഞ്ഞു വരുന്നത്‌. നൂറു രൂപയുടെ കെട്ടുകളാക്കി അത്‌ കുത്തനെ വെച്ചാല്‍ 20 കിലോമീറ്റര്‍ നീളമെങ്കിലും അതിനുണ്ടാവും. മറുഭാഗത്ത്‌, പോയ രണ്ട്‌ സെഷനുകളിലായി പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ച വകയില്‍ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തിന്‌ നഷ്‌ടമാക്കിയ തുകയും കുറച്ചൊന്നുമല്ല. 220 കോടി രൂപയാണ്‌ ഈ വകയില്‍ പൊതുഖജനാവില്‍ നിന്നു പൊടിഞ്ഞത്‌! കൂട്ടുകക്ഷി ഭരണം വരുന്നതിന്‌ മുമ്പുള്ള കാലത്ത്‌ പാര്‍ലമെന്റില്‍ ശരാശരി 42 ശതമാനം സമയം നിയമനിര്‍മാണം നടന്നിരുന്നുവെങ്കില്‍ ഇന്ന്‌ വെറും 13 ശതമാനമായി കുറഞ്ഞിരിക്കുന്നു. ബി.ജെ.പിക്കു വേണ്ടിയാണ്‌ പൗരന്മാരും പൊതുഖജനാവും ഈ നഷ്‌ടം സഹിക്കേണ്ടി വരുന്നത്‌. പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാന്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ എങ്ങനെ വിലയിരുത്തുമ്പോഴും യുക്‌തിസഹമാകുന്നില്ല. പാര്‍ലമെന്റ്‌ എങ്ങനെയെങ്കിലും നടത്താതിരിക്കുക എന്നു മാത്രമാണ്‌ അവര്‍ ലക്ഷ്യം വെക്കുന്നതെന്ന്‌ വ്യക്തം.

ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിച്ചതു കൊണ്ട്‌ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേക്കാള്‍ കടുത്ത ഒന്നും തന്നെ ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ്‌ വസ്‌തുത. എത്രയെത്ര ജെ.പി.സികള്‍ എത്രയോ പ്രമാദമായ വിഷയങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കിയ രാജ്യമാണിത്‌. നിര്‍ണായകമായ പല വിഷയങ്ങളിലും അന്വേഷണം നടത്താതിരുന്ന ചരിത്രവുമുണ്ട്‌. രാജയുടെ കാര്യത്തില്‍ കാണിക്കുന്ന രാഷ്‌ട്രബോധം പെട്രോള്‍ പമ്പ്‌ കുംഭകോണത്തിലോ ഭൂമിയിടപാട്‌ കുംഭകോണത്തിലോ ജുദേവ്‌ അഴിമതി കേസിലോ, എന്തിനേറെ യെദിയൂരപ്പയുടെ കാര്യത്തില്‍ പോലുമോ ബി.ജെ.പിക്കുണ്ടായിട്ടില്ല. അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ആര്‍.എസ്‌.എസിനും അവരുടെ രാഷ്‌ട്രീയ രൂപമായ ബി.ജെ.പിക്കും `ഭീകര വിരുദ്ധ' യുദ്ധവുമായി ബന്ധപ്പെട്ട്‌ കൃത്യമായ അന്താരാഷ്‌ട്ര അജണ്ടകളുണ്ടായിരുന്നുവെന്ന്‌ വ്യക്തമായ സ്ഥിതിക്ക്‌ പാര്‍ലമെന്റ്‌ ആക്രമണത്തെ കുറിച്ച്‌ ഇന്നും ബാക്കിയുള്ള സംശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയല്ലേ ചെയ്യുന്നത്‌? വിവിധ കേന്ദ്രസര്‍ക്കാറുകളുടെ കാലത്തെ അഴിമതിയെ കുറിച്ച്‌ ധവളപത്രം പുറത്തിറക്കി ഈ കോപ്രായങ്ങള്‍ അവസാനിപ്പിച്ച്‌ യഥാര്‍ഥ പ്രശ്‌നങ്ങളെ കുറിച്ച്‌ ചര്‍ച്ച തുടങ്ങാന്‍ സമയമായില്ലേ നമുക്ക്‌?

സൗമ്യയുടെ മരണം ഓര്‍മിപ്പിക്കുന്നത്‌

ഒരാഴ്‌ചയോളം ജീവനു വേണ്ടി പോരാടിയ ഷൊര്‍ണൂര്‍ക്കാരി സൗമ്യ ഫെബ്രുവരി ആറിന്‌ മരണത്തിനു കീഴടങ്ങിയത്‌ കേരളത്തിന്റെ മനസ്സിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്‌. പിറ്റേന്ന്‌ നടക്കാനിരുന്ന പെണ്ണുകാണല്‍ ചടങ്ങിന്റെയും തുടര്‍ന്നുണ്ടാകുന്ന ദാമ്പത്യത്തിന്റെയും സ്വപ്‌നങ്ങള്‍ നെയ്‌തുകൊണ്ട്‌ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന അവള്‍, തന്റെ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായിപ്പോയത്‌ ഒരുപക്ഷേ അറിഞ്ഞുകാണില്ല. അറിഞ്ഞപ്പോഴേക്കും മനുഷ്യരൂപം പൂണ്ട ഒരു ചെന്നായ അവളുടെ മാനവും ധനവും കടിച്ചുകീറാന്‍ ചാടിവീണിരുന്നു. അയാളുമായി മല്ലിട്ട്‌ അവള്‍ തീവണ്ടിയില്‍നിന്ന്‌ പുറത്തേക്ക്‌ തള്ളിയിടപ്പെട്ടു. എന്നിട്ടും അക്രമി പിന്തിരിഞ്ഞില്ല. അയാള്‍ ഒപ്പം ചാടി, മാരകമായി പരിക്കേറ്റു കിടക്കുന്ന അവളെ ബലാത്സംഗത്തിനിരയാക്കുകയും കിട്ടിയതൊക്കെയും കൊള്ളയടിക്കുകയും ചെയ്‌തു. അങ്ങനെ ആ പാവം പെണ്‍കുട്ടിക്ക്‌ മാനവും ധനവും ജീവനും ഒന്നിച്ചു നഷ്‌ടപ്പെട്ടു. ഉല്‍ബുദ്ധ കേരളത്തെ വേദനിപ്പിക്കുന്നതോടൊപ്പം നാണക്കേടിന്റെ കയത്തില്‍ മുക്കിത്താഴ്‌ത്തുക കൂടി ചെയ്യുന്ന ദുരന്തമാണ്‌ സൗമ്യയുടേത്‌.

സംഭവം സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയും ചര്‍ച്ചയുമായി. മന്ത്രിമാര്‍ പ്രസ്‌താവനകളിറക്കി. റെയില്‍വെ മന്ത്രി സൗമ്യയുടെ കുടുംബത്തിന്‌ സഹായധനം പ്രഖ്യാപിച്ചു. തീവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ സുരക്ഷ നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതവഗണിക്കുന്നുവെന്ന്‌ റെയില്‍വേ. അനാസ്ഥ റെയില്‍വേയുടേതുതന്നെയെന്ന്‌ സംസ്ഥാനം. സ്‌ത്രീകള്‍ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്നതും ഒറ്റക്കു സഞ്ചരിക്കുന്നതുമാണ്‌ ഇത്തരം അത്യാഹിതങ്ങള്‍ക്കിടയാക്കുന്നതെന്ന്‌ ഒരു കൂട്ടര്‍. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്‌ത്രീകളുടെ അജ്ഞതയും അശ്രദ്ധയുമാണ്‌ ആപത്തണക്കുന്നതെന്ന്‌ മറ്റൊരു കൂട്ടര്‍. പുരുഷ വിഭാഗത്തിന്റെ സ്‌ത്രീവിരുദ്ധ മനോഭാവവും സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെ പുലര്‍ത്തുന്ന അവഗണനയുമാണ്‌ അതിക്രമങ്ങള്‍ക്കിടയാക്കുന്നതെന്ന്‌ ഇനിയൊരുകൂട്ടര്‍.

ഈ അഭിപ്രായങ്ങളിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്‌. എന്നാല്‍ മുഴുവന്‍ സത്യം അതൊന്നുമല്ലതാനും. ഉദാഹരണമായി റെയില്‍വേ ജോലിക്കാര്‍ മാത്രം വിചാരിച്ചാല്‍ പൂര്‍ത്തിയാകുന്നതല്ല യാത്രക്കാരുടെ സുരക്ഷ. എന്നാല്‍ തങ്ങള്‍ പണം ഈടാക്കി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ തങ്ങളുടെ ബാധ്യതയല്ല എന്ന്‌ പറയാന്‍ ധൈര്യപ്പെടുന്ന ഒരു സ്ഥാപനം ലോകത്ത്‌ ഒരു പക്ഷേ ഇന്ത്യന്‍ റെയില്‍വേ മാത്രമായിരിക്കും. അതുപോലെ സ്‌ത്രീകളുടെ രാത്രി സഞ്ചാരവും ഒറ്റക്കുള്ള സഞ്ചാരവും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നതും ശരിയാണ്‌. അതിനുള്ള പരിഹാരം സ്‌ത്രീകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ അടച്ചിരിക്കുക എന്നതല്ല. അപകട സാധ്യത, ആരില്‍നിന്ന്‌ എങ്ങനെ ഉണ്ടാകുന്നു എന്നു നോക്കി അതില്ലാതാക്കുകയാണ്‌ സമൂഹവും സര്‍ക്കാറും ചെയ്യേണ്ടത്‌. സഞ്ചാര സ്വാതന്ത്ര്യം പുരുഷന്മാര്‍ക്കെന്നപോലെ സ്‌ത്രീകള്‍ക്കും ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശമാണ്‌. ആ ഉറപ്പ്‌ സഫലമാക്കുകയാണ്‌ പരിഷ്‌കൃത സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ചുമതല. ചില പുരുഷ മനസ്സുകള്‍ ക്രൂരവും കുത്സിതവുമായതിനാല്‍ സ്‌ത്രീകളുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടുകൂടാ.

പ്രശ്‌നത്തിന്റെ മര്‍മം സ്ഥിതി ചെയ്യുന്നത്‌ സമൂഹത്തിന്റെ പൊതുവായ മൂല്യബോധത്തിലും മനുഷ്യത്വത്തിലുമാണ്‌. സൗമ്യ കൊല്ലപ്പെട്ടത്‌ അവള്‍ തീവണ്ടി മുറിയില്‍ ഒറ്റക്കായതുകൊണ്ട്‌ മാത്രമല്ല. അവസരം കിട്ടിയാല്‍ സ്‌ത്രീയെ ആര്‍ക്കും കടന്നാക്രമിക്കാം എന്ന ഒരവസ്ഥയുള്ളതുകൊണ്ടു കൂടിയാണ്‌. ബന്ധുക്കളുടെ സാന്നിധ്യത്തിലും സ്വന്തം വീടുകളിലുമെല്ലാം സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്‌. അവസരമാണിന്നത്തെ ശാസ്‌താവ്‌. ഏതു അതിക്രമവും ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും ചെയ്യാന്‍ അവസരമുണ്ടോ എന്നതാണ്‌. പിടിക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയെ കബളിപ്പിച്ച്‌ രക്ഷപ്പെടാന്‍ കഴിവുണ്ടായാലും മതി. അവസരം കിട്ടിയാലും ദുഷ്‌ടത കാട്ടുന്നത്‌ തടയുന്ന മനുഷ്യ മനസാക്ഷിയാണാവശ്യം. ഈ മനസാക്ഷിയുടെ സജീവതയാണ്‌ സംസ്‌കാരം. ബോധം മുഴുവന്‍ ഭോഗസുഖത്തിലുടക്കുമ്പോള്‍ മനുഷ്യമനസാക്ഷി നിര്‍ജീവമാകുകയും ജന്തുസഹജമായ തൃഷ്‌ണകള്‍ മാത്രം സജീവമാകുകയും ചെയ്യുന്നു. അതാണ്‌ ഉപഭോഗ സംസ്‌കാരം. അതുകൊണ്ടാണ്‌ പരിഷ്‌കാരം വര്‍ധിക്കുംതോറും സ്‌ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത്‌.



കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍


കഴിഞ്ഞ വെള്ളിയാഴ്ച ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഒരു പ്രമേയം വീറ്റോ ചെയ്തുകൊണ്ട് ഒബാമ ഭരണകൂടം അതിന്റെ സയണിസ്റ്റ് വിധേയത്വം തെളിയിച്ചു. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കുടിയേറ്റം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെ അപലപിക്കുന്നതും ആ നിയമവിരുദ്ധ നീക്കം ഉപേക്ഷിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നതുമായിരുന്നു കരടു പ്രമേയം. രക്ഷാസമിതിയിലെ 14 അംഗ രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായിരുന്നു. എതിര്‍ത്തത് അമേരിക്ക മാത്രം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒന്ന് എന്ന നിലക്ക് അമേരിക്ക വീറ്റോ പ്രയോഗിച്ചതോടെ പ്രമേയം പിറക്കുംമുമ്പേ ഇല്ലാതായി. നിയമത്തിനും ധാര്‍മികതക്കും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കാത്ത ചെയ്തി അരുതെന്ന് 120ഓളം രാഷ്ട്രങ്ങള്‍ ഒരുമിച്ച് ആവശ്യപ്പെടുക; ഒരൊറ്റ രാജ്യം അതിനെ വീറ്റോ ചെയ്ത് ഇല്ലാതാക്കുക- ഇതെന്ത് ലോകനീതി? പ്രമേയം റദ്ദായ ഉടനെ ഇസ്രായേല്‍ പ്രധാനമന്ത്രി ഒബാമയോട് നന്ദി പറഞ്ഞതില്‍ എല്ലാമുണ്ട്.

പിടിച്ചെടുത്ത  ഭൂമിയില്‍ സ്വന്തം പൗരന്മാരെ പാര്‍പ്പിക്കരുതെന്ന് 1949ലെ നാലാം ജനീവാ കരാറില്‍ വ്യക്തമാക്കിയതാണ്. ജനീവാ കരാര്‍ ഒപ്പുവെച്ച രാജ്യമാണ് ഇസ്രായേല്‍. ജനീവാ കരാര്‍ അനധികൃത കുടിയേറ്റം മാത്രമല്ല നിരോധിക്കുന്നത്; ജനസമൂഹങ്ങളെ നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതും അത് വിലക്കുന്നുണ്ടെന്ന് ലോക കോടതി 2004ല്‍ ചൂണ്ടിക്കാട്ടിയതാണ്. ജനീവാ കരാറടക്കമുള്ള ഉടമ്പടികളില്‍ അംഗമായ അമേരിക്ക ഇത്തരം അധമ ചെയ്തികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ചോദിക്കേണ്ടി വരും: എന്തിനിങ്ങനെയൊരു യു.എന്‍? എന്തിന് ജനീവാ കരാറുകളും മനുഷ്യാവകാശ പ്രമാണങ്ങളും?
അമേരിക്ക ഇതുവരെ  90ഓളം പ്രമേയങ്ങള്‍ യു.എന്നില്‍ വീറ്റോ ചെയ്തിട്ടുണ്ട്; ഇതില്‍ മഹാഭൂരിപക്ഷവും ഇസ്രായേലിനുവേണ്ടിയാണ്- അതുതന്നെ ഇസ്രായേലിന്റെ കരാള നടപടികളെ അനുകൂലിച്ചുകൊണ്ട്. ഒബാമാ ഭരണത്തിലും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്തമാകില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വീറ്റോ. ഫലസ്തീന്‍കാരുടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഇതുവരെ സ്ഥാപിച്ചിട്ടുള്ളത് 236 ജൂത കുടിയേറ്റ കേന്ദ്രങ്ങളാണ്. സമാധാനത്തിന്റെയും മനുഷ്യനാഗരികതയുടെയും നേര്‍ക്കുള്ള ഈ വെല്ലുവിളിക്ക് ഒബാമയുടെ അമേരിക്ക കൂടി ഹുറേ വിളിക്കുന്നു.

മൗനം വിദ്വാന് ഭൂഷണം...അതിമൗനം ഭ്രാന്തിന്റെ ലക്ഷണം !

പ്രധാനമന്ത്രി എന്ന നിലക്ക് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാ ഒന്നു തുറന്നുകിട്ടണമെങ്കില്‍ പഞ്ചവത്സര പദ്ധതിയുടെ പ്രയാസമാണ്. അതേച്ചൊല്ലി നാട്ടുകാര്‍ക്ക് പറയത്തക്ക പരാതിയില്ലാതായിരിക്കുന്നു. കാരണം, അദ്ദേഹത്തിന് കല്‍പിച്ചുകൊടുത്ത മാന്യത, കഴിവ്, സംശുദ്ധി ഇത്യാദിയടങ്ങുന്ന ദേശീയ താമ്രപത്രം. ഇപ്പറഞ്ഞ യോഗ്യതയുള്ളവര്‍ വളരെക്കുറച്ചേ വാ തുറക്കൂ എന്നൊരു ക്ലീഷേ നമുക്കിടയില്‍ പുരനിറഞ്ഞുനില്‍പുമുണ്ട്. മൗനം പൊതുവേ മൂന്നു കൂട്ടര്‍ക്ക് ഭൂഷണമാകാം -വിദ്വാനും വിഡ്ഢിക്കും വിളഞ്ഞ വിത്തിനും. മന്‍മോഹന്‍സിങ് ഇതിലേതു വകുപ്പില്‍പ്പെടും?

രണ്ടാമതും പ്രധാനമന്ത്രിയായശേഷം അദ്ദേഹം ആകപ്പാടെ രണ്ടുവട്ടമാണ് മാധ്യമ പ്രതിനിധികളോട് സംസാരിച്ചത്. ആദ്യം പത്ര, ടി.വി, ചാനല്‍ കൂട്ടരോട് മൊത്തത്തില്‍. ഇപ്പോഴിതാ തെരഞ്ഞെടുത്ത ചാനല്‍ പ്രതിനിധികളോട് മാത്രമായി. മാധ്യമങ്ങള്‍ മുഖേന പൗരാവലിയോട് സംവേദിക്കുന്നു എന്നാണ് വെപ്പ്. എങ്കില്‍ ഇക്കുറി എന്തുകൊണ്ടീ തെരഞ്ഞെടുപ്പ്?

ഒന്നാമത്, രാജ്യത്തോടുള്ള സംവേദനമായിരുന്നില്ല പ്രധാനമന്ത്രിയുടേത്. എങ്കില്‍, കുറഞ്ഞപക്ഷം എല്ലാത്തരം മാധ്യമങ്ങളെയും വിളിച്ചുകൂട്ടേണ്ടിയിരുന്നു. പകരം പ്രമുഖ ചാനലുകളുടെ പ്രതിനിധികളെ മാത്രം വിളിക്കുമ്പോള്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് ഈ ചാനലുകളുടെ പ്രേക്ഷകരായ നാഗരിക മധ്യവര്‍ഗം, നയരൂപവത്കരണക്കാര്‍, വരേണ്യവിഭാഗങ്ങള്‍ എന്നിവരെയാണ്. അഥവാ പുത്തന്‍ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്ക് മുറവിളി കൂട്ടുകയും ആ വളര്‍ച്ചയുടെ അളവുകോലായി സര്‍ക്കാര്‍ കണക്കാക്കുകയും ചെയ്യുന്ന ഒച്ചവര്‍ഗം. അവര്‍ പൊതുവായ വിലക്കയറ്റം, നാണ്യപ്പെരുപ്പം, അഴിമതി തുടങ്ങിയ ദേശീയ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥരായിരിക്കുന്നു. അതുകൊണ്ട്, അവരെയൊന്ന് മയപ്പെടുത്തുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ മനക്കണക്ക്.

കണക്കുകൂട്ടലുകള്‍ അനുസരിച്ചു തന്നെയായിരുന്നു ഇപ്പറഞ്ഞ സംവേദന സജ്ജീകരണവും. ഒന്ന്, തന്നെപ്പറ്റി ഇപ്പറഞ്ഞ വര്‍ഗത്തിനുള്ളതും അവര്‍ പ്രചരിപ്പിക്കുന്നതുമായ വൈയക്തിക പ്രതിച്ഛായക്ക് നിരക്കുന്ന തരത്തില്‍ ഡയലോഗടിക്കുക. രണ്ട്, അതിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്ന കൂട്ടരെത്തന്നെ ചോദ്യകര്‍ത്താക്കളായി സംഘടിപ്പിക്കുക. ഒരുമാതിരി ഉപരിവര്‍ഗ 'സോഷ്യലൈറ്റ്' പരിവട്ടവും പ്രോട്ടോകോള്‍ പാലനവും. മൂന്നോ നാലോ ചോദ്യങ്ങളല്ലാതെ വകക്കുകൊള്ളാവുന്ന അന്വേഷണ മൂര്‍ച്ചയോ സാമൂഹിക പ്രതിബദ്ധതയോ ഉള്ള ഒരു ചോദ്യംചെയ്യലും കൊടികെട്ടിയ മാധ്യമ കേസരികളില്‍ നിന്നുണ്ടായില്ല. കേരളത്തില്‍ വന്നുപോയപ്പോള്‍ തെരഞ്ഞെടുപ്പുകാറ്റിനെപ്പറ്റി എന്തു തോന്നി, ക്രിക്കറ്റ് ലോകകപ്പ് ആരു നേടും, എപ്പോഴെങ്കിലും രാജിവെക്കാന്‍ തോന്നിയോ, സങ്കടപ്പെട്ടോ എന്നിങ്ങനെ അലോസരപ്പെടുത്താത്ത പുകയും സൊറയുമായിരുന്നു മിക്കതും. മൊത്തത്തില്‍, താന്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന അന്തരീക്ഷം പ്രധാനമന്ത്രി ഇച്ഛിച്ചു, മാധ്യമ വൈദ്യന്മാരെല്ലാം കൂടി അതുതന്നെ ഒരുക്കിക്കൊടുത്തു. ചാനല്‍ ചര്‍ച്ചകളിലെ കതിനാ വെടിക്കാര്‍ ഇവ്വിധം ചെമ്മരിയാടുകളായി ഇരുന്നുകൊടുത്തത് വിലക്കയറ്റത്തിനും അഴിമതി പരമ്പരക്കും അധ്യക്ഷത വഹിക്കുന്ന ഒരു ഭരണാധിപന് മുന്നിലാണെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മന്‍മോഹന്‍ സിങ്ങിന്റെ മറുപടികളിലെ ഊളത്തരങ്ങളിലേക്ക് വെളിച്ചം വീണതുമില്ല.

ഉദാഹരണമായി, 2ജി സ്‌പെക്ട്രം കേസ്. ഒന്നാം യു.പി.എ കാലത്തുതന്നെ നിരവധി ആക്ഷേപങ്ങള്‍ക്ക് പാത്രമായ ആണ്ടിമുത്തു രാജയെ വീണ്ടും അതേ സ്ഥാനത്ത് വെച്ചതെന്തേ എന്ന ചോദ്യത്തിന് (ഇത്തരം ചോദ്യങ്ങള്‍ നന്നേ വിരളമായിരുന്നു), പ്രധാനമന്ത്രി പറഞ്ഞത് പ്രധാനമായും രണ്ടു മറുപടികളാണ്. ഒന്ന്, അതൊക്കെ മുന്നണി മര്യാദകളുടെ പരിധിയില്‍ വരും. രണ്ട്, രാജയോട് സ്‌പെക്ട്രം ലേലത്തെപ്പറ്റി തിരക്കിയപ്പോള്‍ നടപ്പുരീതിയനുസരിച്ച് എല്ലാം സുതാര്യമായി നടത്തുമെന്ന ഉറപ്പുകിട്ടിയിരുന്നു. മാത്രമല്ല, സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം, ധനകാര്യ വകുപ്പുകള്‍ അനുമതി നല്‍കിയതിനാല്‍ താന്‍ കയറി ഇടപെടുന്നത് ശരിയാവില്ലെന്ന് കരുതി.

എന്തൊക്കെയാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം? കാബിനറ്റിനെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണെന്ന ഭരണഘടനാ വെപ്പൊക്കെ പരണത്ത്. മുന്നണി സംവിധാനത്തില്‍ അതൊക്കെ വേറെ അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കും. അവര്‍ മുന്നോട്ടു െവക്കുന്നത് ഏത് കാണ്ടാമൃഗമായാലും ചുമന്നുനടക്കാനുള്ള പണിയാണ് പ്രധാനമന്ത്രിയുടേത്. ഒരു രാജയല്ല, പത്തു രാജയെ തന്നാലും തനിക്ക് ചുമന്നേ പറ്റൂ. മുന്നണി ധര്‍മത്തോട് ഇത്ര കൂറ് പുലര്‍ത്തുന്നയാളോട് ചാനല്‍ജികള്‍ അറിയാതെപോലും തിരക്കിയില്ല; എങ്കില്‍ അമേരിക്കയുമായുള്ള ആണവക്കരാര്‍ മുന്നണി അലശണ്ഠയില്‍പ്പെട്ട് വൈകിയപ്പോള്‍ സര്‍ദാര്‍ജി രാജിഭീഷണി മുഴക്കിയ കാര്യം. അഴിമതി വീരനെന്ന് ലേബലുള്ളയാളെ മന്ത്രിയാക്കില്ലെന്നും പകരം അതേ കക്ഷിയിലെ വേറെയാളെ തരൂ എന്നെങ്കിലും പറയാനുള്ള മിനിമം അവകാശമൊക്കെ ഇപ്പോഴും പ്രധാനമന്ത്രിക്കുണ്ട്. പക്ഷേ, മന്‍മോഹന്‍ ഇവിടെ നമ്മളെ സര്‍ദാര്‍ജികളാക്കിക്കൊണ്ട് ഭംഗിയായി തലയൂരി -ചാനല്‍ജികള്‍ ഭക്ത്യാദരപുരസ്സരം പഴം വിഴുങ്ങികളായി ഇരുന്നു.

രാജക്ക് ടെലികോം, ധനകാര്യ വകുപ്പുകളുടെ സമ്മതിയുണ്ടായിരുന്നു എന്ന അനുബന്ധ വാചകത്തിലൂടെ മന്‍മോഹന്‍ ലളിതമായ ഒരു കിന്റര്‍ഗാര്‍ട്ടന്‍ മുറയാണ് അവലംബിച്ചത്. ടെലികോം മന്ത്രി രാജ. അന്നത്തെ ധനമന്ത്രി ചിദംബരം. ഇവര്‍ക്കെല്ലാം വാലുകളായി ഐ.എ.എസ് ഗുമസ്തപ്പട. നടപടികളില്‍ പിഴവുണ്ടെങ്കില്‍ അതിന്റെ ചേതം എനിക്കല്ല, അവര്‍ക്കാണ്. പാസിങ് ദ ചെക് എന്ന് സായ്പു പറയുന്ന ലക്ഷണമൊത്ത ബ്യൂറോക്രാറ്റിക് ലൈന്‍. അപ്പോള്‍ പിന്നെ ഈ ഗുമസ്തപ്പടക്കെല്ലാം അധ്യക്ഷനായി താങ്കളിരിക്കുന്നതെന്തേ എന്ന് ചോദ്യമില്ല -പ്രോട്ടോകോള്‍ തെറ്റിക്കരുതല്ലോ. ലോകബാങ്കിന്റെ കണക്കപ്പിള്ളയായിരുന്ന ഒരാളെ ബ്യൂറോക്രാറ്റിന്റെ ഒഴികഴിവു വൈദഗ്ധ്യം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അപ്പോള്‍ മന്‍മോഹന്‍ കേവലമൊരു 'ഉദ്യോഗസ്ഥപ്രഭു' മാത്രമാണോ?

അവിടെവെച്ചാണ്, ഈ പ്രമേയത്തിന് അദ്ദേഹം നല്‍കിയൊരു ടിപ്പണി സാര്‍ഥകമാവുന്നത്. 'കൃഷിക്കാര്‍ക്ക് രാസവളത്തിനും മറ്റും സബ്‌സിഡി കൊടുക്കുന്ന വകയില്‍ പൊതുഖജാനക്ക് വലിയ നഷ്ടമാകുന്നില്ലേ -അതുപോലൊരു നഷ്ടമാണ് സ്‌പെക്ട്രം ലേലത്തിലുമുണ്ടായത്'. എന്നുവെച്ചാല്‍, 2ജി സ്‌പെക്ട്രത്തിന്മേല്‍ സി.എ.ജി പറഞ്ഞ ഒന്നേമുക്കാല്‍ ലക്ഷം കോടി ഉറുപ്പിക അഥവാ രാജയെ അച്ചുതണ്ടാക്കി ടെലികോം പ്രമാണികള്‍ തൊട്ട് പത്രക്കാര്‍ വരെ അടിച്ചുമാറ്റിയ തുക വ്യവസായികള്‍ക്കുള്ള കേന്ദ്ര സബ്‌സിഡിയായിരുന്നെന്ന്! ഈ ദേശീയ ഉപമ ഉദ്‌ഘോഷിക്കുന്ന സാമ്പത്തിക പാണിനിയെ രാഷ്ട്രീയക്കളിയറിയാത്ത പാവം മാന്യന്‍ എന്ന് ആര്‍ക്കെങ്കിലും ഇനി വിശേഷിപ്പിക്കാനാവുമോ?
ലോബിരാജ് കാലത്തെ വന്‍കിട അഴിമതികളെ സാമ്പത്തിക വികാസത്തിനുള്ള 'സബ്‌സിഡി'കളായി ഭംഗ്യന്തരേണ ലഘൂകരിക്കുന്ന വിദ്വാന്‍ അടിസ്ഥാനപരമായി ആരുടെ/എന്തിന്റെ പക്ഷത്താണെന്ന് കൂടുതല്‍ വിസ്തരിക്കേണ്ടതില്ല. പൊതുമുതല്‍ അടിച്ചുമാറ്റുന്നവരുടെ പക്ഷത്ത് മനസ്സാ നില്‍ക്കുകയാണ് മന്‍മോഹന്‍ എന്നാരും പറയില്ല. എന്നാല്‍, സ്വന്തം ഉത്തരവാദിത്തത്തിന്റെ പരിധിയിലുള്ള ചേതങ്ങളുടെയും പടുവീഴ്ചകളുടെയും പ്രശ്‌നം വരുമ്പോള്‍ ഉടനടി, ഉത്തരവാദിത്തം മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവെച്ച് സ്വന്തം തല കാക്കുന്ന മനോഭാവം ബ്യൂറോക്രാറ്റിന്‍േറതാണെങ്കില്‍, അതേ പ്രകൃതത്തിന്റെ അന്തര്‍ധാരകളിലൊന്നാണ് മേപ്പടി മുതല്‍പക്ഷ മനോനിലയും. എക്കാലവും എവിടെയും എല്ലാത്തരം ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയം അതുതന്നെയാണ്.

ഇപ്പറഞ്ഞ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരിയുന്ന തനി കക്ഷിരാഷ്ട്രീയ ഉപജാപങ്ങള്‍ മന്‍മോഹന്‍ സിങ്ങിന് അറിയില്ലെന്ന ക്ലീഷേയും പുതിയ പത്രസമ്മേളനത്തില്‍ വീണുടയുന്നതുകാണാം. രാജ്യത്തെ ചരക്കു-സേവന നികുതികള്‍ ഏകീകരിക്കാനുള്ള ജി.എസ്.ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) വ്യവസ്ഥിതിക്കുള്ള തടസ്സം ബി.ജെ.പിയാണെന്ന് ടിയാന്‍ പ്രഖ്യാപിക്കുന്നു. എന്താണ് ബി.ജെ.പിയുടെ പ്രശ്‌നം? ഗുജറാത്തിലെ മുന്‍മന്ത്രി അമിത്ഷായെ സി.ബി.ഐ പിടികൂടിയത് അവരെ പ്രകോപിപ്പിച്ചിരിക്കുന്നെന്നും ആ കേസില്‍ വിട്ടുവീഴ്ച ചെയ്താലേ ജി.എസ്.ടി പ്രശ്‌നത്തിലെ എടങ്ങേറ് ഒഴിവാക്കൂ എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനര്‍ഥം, ഗവണ്‍മെന്റിനെ പ്രതിപക്ഷം ബ്ലാക്‌മെയ്ല്‍ ചെയ്യുന്നെന്നല്ലേ? അത്രയും ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെങ്കില്‍, പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ ആയതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണ്ടേ? പകരം ഏതാനും മാധ്യമങ്ങളോട് കൊതിയും നുണയും പറയുകയാണോ കല്‍പിത മാന്യരാജ രാജശ്രീ ചെയ്യേണ്ടത്? അവിടാണ് മര്‍മം.

ജി.എസ്.ടി നടപ്പായാല്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ വ്യാപാര-വാണിജ്യ തടസ്സങ്ങള്‍ മാറി, ഒരേകീകൃത ദേശീയ വിപണിയുണ്ടാവും. ഇതിനുള്ള എതിര്‍പ്പ് ബി.ജെ.പിയില്‍ നിന്നോ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമുള്ളതല്ല. കേരളം പോലുള്ള പൂര്‍ണ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ് ഈ പുതിയ വ്യവസ്ഥിതി കൊണ്ടുള്ള ഗുണം. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട്, യു.പി, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എസ്.ടിയെ ശക്മായി എതിര്‍ക്കുന്നത്. ഇപ്പറഞ്ഞിടത്തൊന്നും ബി.ജെ.പിയല്ല ഭരിക്കുന്നത്. എന്നിരിക്കേ അമിത്ഷായും ജി.എസ്.ടിയും തമ്മിലെന്തു ബന്ധം? അമിത്ഷാ കേസിലെ ബി.ജെ.പിയുടെ സ്വാഭാവിക അമര്‍ഷത്തെ മധ്യവര്‍ഗ താല്‍പര്യം പോഷിപ്പിക്കുന്ന ജി.എസ്.ടിയുമായി കൂട്ടിക്കെട്ടി ജനമധ്യത്തിലേക്ക് എറിയുമ്പോള്‍ മന്‍മോഹനിലെ മാന്യന്‍ ഉദ്യമിക്കുന്ന ഉപജാപം ഏതു നിലവാരത്തിലുള്ളതാണെന്ന് ഊഹിക്കുക. അതേസമയം ഭക്ഷ്യവിലക്കയറ്റം പരിഹരിക്കാനുള്ള ഏകവഴി കാര്‍ഷികോല്‍പാദനം കൂട്ടലാണെന്നും സാമ്പത്തിക വിരുദ്ധന്റെ മേലങ്കിയെടുത്തിട്ട്, അദ്ദേഹം പറയുന്നുണ്ട്. മേല്‍പറഞ്ഞ ജി.എസ്.ടി രാഷ്ട്രീയവും ഈ നിലപാടും തമ്മിലുള്ള ആന്തരികവൈരുധ്യം നില്‍ക്കട്ടെ. സാമ്പത്തികവൈദഗ്ധ്യത്തിന്റെ കേവലാര്‍ഥത്തില്‍പോലും മന്‍മോഹന്റെ ഈ വാചകമടി പൊള്ളയാണെന്ന് വരുമ്പോഴോ? ആഭ്യന്തര മൊത്ത ഉല്‍പാദനം ഇപ്പോള്‍ 8.5 ശതമാനമാണ്. അതങ്ങനെ ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം തന്നെ കാര്‍ഷികോല്‍പാദനത്തിലെ വളര്‍ച്ചയാണ്. നടപ്പുകൊല്ലത്തില്‍ കാര്‍ഷിക വളര്‍ച്ച ആറു തൊട്ട് 6.5 ശതമാനം വരെയാണെന്നും കൃഷിയിലെ പ്രതിശീര്‍ഷ വരുമാനം 6.5 തൊട്ട് ഏഴു ശതമാനം വരെയാകുന്നെന്നും പറയുന്നത് സര്‍ക്കാര്‍ തന്നെ. അതേസമയം തന്നെ ഇന്‍ഫേ്‌ളഷനും വര്‍ധിക്കുന്നു. ലക്ഷണമൊത്ത ഈ സാമ്പത്തിക കടംകഥയെപ്പറ്റി നമ്മുടെ സാമ്പത്തിക വിദഗ്ധന് മിണ്ടാട്ടമില്ല. കാര്‍ഷികോല്‍പാദനം കൂടുമ്പോള്‍ത്തന്നെ ഇന്‍ഫേ്‌ളഷനും കൂടുന്നു എന്നിരിക്കെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ തന്നെ ഐച്ഛിക വിഷയത്തിലെ കാതലായ പോഴത്തമല്ലേ എന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല. വിഷയം പിടിയില്ലാഞ്ഞിട്ടോ, ചോദിച്ചിട്ടു പ്രയോജനമില്ലെന്നറിഞ്ഞിട്ടോ, എന്തായാലും പ്രസ്മീറ്റ് മഹാശ്ചര്യം, നമുക്കും കിട്ടണം രാജദര്‍ബാറിലൊരു കസേര.

അതെന്തായാലും, മന്‍മോഹന്‍സിങ് ഭാവഭേദരഹിതമായി നമുക്ക് ചില ബോധ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒന്ന്, ഉത്തരവാദിത്തത്തിന്റെ കാര്യം വരുമ്പോള്‍ ചേതം മറ്റുള്ളവര്‍ക്ക് കല്‍പിച്ചിട്ട് ടിയാന്‍ തടിയൂരും. മുന്നണി ധര്‍മമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പറഞ്ഞൊഴിയുമ്പോള്‍ അദ്ദേഹം തന്റെ റിമോട്ട് കണ്‍ട്രോളായ സോണിയഗാന്ധിയെ പഴിക്കുകയാണ്. മുന്നണി നേതാവിനാണല്ലോ മുന്നണി കാര്യത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്തം. ഇത് മനപ്പൂര്‍വമുള്ള ഒളിയമ്പല്ല. ഏതു ബ്യൂറോക്രാറ്റിനും ഡമ്മിക്കും ആത്യന്തികമായി പറ്റിപ്പോവുന്ന അബദ്ധമാണ്. അഥവാ നില്‍ക്കക്കള്ളിയില്ലായ്മ. മറ്റൊന്ന്, അധികാരം നിലനിര്‍ത്താന്‍ രാഷ്ട്രീയ ഉപജാപങ്ങള്‍ എയ്തുവിടുന്ന വിദ്യ മന്‍മോഹനും വശമുണ്ട്. ശീലക്കുറവുകൊണ്ട് ചില അബദ്ധങ്ങള്‍ സംഭവിക്കാം -അതാണ് അമിത്ഷാ-ജി.എസ്.ടി എപ്പിസോഡിലുണ്ടായത്. മൂന്ന്, നേതാവെന്ന നിലയില്‍ കാലിക പ്രശ്‌നങ്ങള്‍ക്കുമേല്‍ പോംവഴി കല്‍പിക്കുമ്പോള്‍ വസ്തുതകള്‍ വിഴുങ്ങാം, അതിനുവേണ്ടി പൊള്ളയായ റെട്ടറിക്കിനെ ഉപയോഗപ്പെടുത്താം. മിതഭാഷിയായ മന്‍മോഹന്‍ സിങ്ങിന്റെ റെട്ടറിക്, നാവിന് എല്ലില്ലാത്ത നമ്മുടെ രാഷ്ട്രീയത്തൊഴിലാളികളുടെ റെട്ടറിക് മാതിരിയല്ല. 'സ്‌പെക്ട്രം സബ്‌സിഡി' പോലുള്ള നവീന ഉപമകളും കാര്‍ഷികോല്‍പാദന വര്‍ധനവിലുമുള്ള ഉല്‍പ്രേക്ഷകളുംകൊണ്ട് സൂക്ഷ്മാലംകൃതമാണ്. ഇതൊക്കെ നിത്യവും സംപ്രേഷണം ചെയ്യാനുള്ളതല്ലല്ലോ.

ഇനി പറയൂ, നമ്മുടെ പ്രധാനമന്ത്രിയുടെ മൗനം ഏതു വകുപ്പില്‍ വരും -വിദ്വാന്‍/വിഡ്ഢി/വിളഞ്ഞ വിത്ത്?

Monday, February 21, 2011

മാണിക്കെതിരെ പിള്ള തെളിവു നല്‍കിയാല്‍ അന്വേഷിക്കും

ഇടമലയാര്‍ അഴിമതി കേസില്‍ മാണിക്ക് പങ്കുണ്ടെന്നതിന് ബാലകൃഷ്ണ പിള്ള തെളിവു നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ .കോണ്‍ഗ്രസിന്റെ ചവിട്ടും തൊഴിയും കൊണ്ട് യു.ഡി.എഫില്‍ തുടരണമോ എന്ന് കെ.എം മാണി ആലോചിക്കണം. തൊടുപുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. കേരള വികസന ജാഥയോടനുബന്ധിച്ച് അടിമാലിയില്‍ എത്തിയ അദ്ദേഹം മാധ്യമ്രപവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അടുത്ത മുഖ്യമന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഏതുവിധേനയെങ്കിലും ആ കസേരയില്‍ ആസനസ്ഥനാകാന്‍ നോമ്പ് നോറ്റിരിക്കുന്ന കൌശലക്കാരനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ ജല്‍പനങ്ങളില്‍ കവിഞ്ഞു ഇതില്‍ യാതൊരു പുതുമയും ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണിത്. അന്ന് കാര്യമായ നടപടികളൊന്നുമെടുക്കാതെ ഒട്ടകപ്പക്ഷികളുടെ നയം സ്വീകരിക്കുകയും പരസ്പരം രക്ഷിച്ചും രക്ഷപ്പെടുത്തിയും പൊതുജനങ്ങളെ കബളിപ്പിച്ചു കഴിഞ്ഞവരാണിവര്‍. 

ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പൊതുജന മദ്ധ്യേ വിചാരണ ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതരാകാതിരിക്കാന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു ശ്രദ്ധ തിരിച്ചുവിടുക മാത്രമാണ് ഈ നാടകങ്ങളുടെ ലക്‌ഷ്യം. കൂടാതെ പരസ്പരം പഴി ചാരുകയെന്ന ഏറ്റവും പഴയ തന്ത്രങ്ങളും ഇരു മുന്നണികളും ആവശ്യത്തിനു ഉപയോഗിക്കുന്നു. 

കോടിയേരിയുടെ പ്രസ്താവനയുടെ ഉദ്ദേശവും അതുതന്നെ. പ്രതിപക്ഷം ഉയിര്ത്തെഴുന്നെല്‍ക്കാതിരിക്കണമെങ്കില്‍ ഏതു ചെകുത്താനെയും കൂട്ട് പിടിച്ചേ പറ്റൂ. അതിനു ഏതു ഹീന മാര്‍ഗവും അവര്‍ സ്വീകരിക്കുകയും ചെയ്യും. ക്രിമിനലുകള്‍ അഴിഞ്ഞാടുന്ന സ്വന്തം പാര്‍ട്ടിയുടെ മുഖച്ഛായ മാറ്റിയെടുക്കാന്‍ പറ്റിയ ഇരകള്‍ പ്രതിപക്ഷം തന്നെ.  

Sunday, February 20, 2011

ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ വെന്തുരുകിയ ഈജിപ്ത്

ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ത് പ്രസിഡന്റ്  ഹുസ്‌നി മുബാറക്  രാജിവച്ചു. അറബ് രാജ്യങ്ങളിലെ സ്വേച്ഛാധിപതികളുടെയും, ഏകാധിപതികളുടെയും കാലം കഴിയുന്നു എന്നതിന്റെ തെളിവാണ് ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ എത്തിയ ഈ കലാപം. ഈജിപ്തിനെ പിടിച്ചുകുലുക്കിയ 18 നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് ഹൂസ്‌നി മുബാറക്ക് ജനങ്ങളോട്അടിയറവ് പറഞ്ഞത്. 30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.

ഇവിടം കൊണ്ട് തീരുന്നില്ല ഈ വിപ്ലവം. ഈജിപ്തിന്റെ ചരിത്രത്തിലെ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം സംഭവിച്ചു എങ്കിലും പ്രശ്നങ്ങള്‍ തുടങ്ങാനിരിക്കുന്നതെ ഉള്ളൂ. അധികാരം സൈന്യത്തിന്റെ ഹൈകമാന്റിന് കൈമാറിയ സ്ഥിതിക്ക് ഇനി സൈന്യം തീരുമാനിക്കും എന്താണ് വേണ്ടതെന്ന്. സൈന്യത്തിന്റെ കൈയില്‍ കിട്ടിയ ഒരു ഭരണവും നേര്‍വഴിക്കു പോയിട്ടില്ല എന്ന ചരിത്രവുമുണ്ട്‌. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെ സൈന്യം.      

ലോകത്തിന്റെ ഏതു കോണിലും എന്ത് നടന്നാലും അമേരിക്കയെ പഴി ചാരുന്ന ഇടതു പക്ഷത്തിന്റെ കണ്ണില്‍ ഈ സംഭവവും ഒരു അമേരിക്കന്‍ തിരക്കതയാനെന്നു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. അതാണല്ലോ കീഴ്വഴക്കവും. എങ്കിലും, ഈജിപ്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ താല്പര്യം എന്തായിരിക്കും? തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവവേലിയേറ്റത്തില്‍ ഇളകിത്തെറിച്ച ഹുസ്‌നി മുബാറക്കിന്റെ സിംഹാസനം ഇനി ഉറപ്പിച്ചുനിര്‍ത്താന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിഷ്പക്ഷതയുടെ മുഖംമൂടി അവസാനം എടുത്തണിഞ്ഞത്. ജനകീയവിപ്ലവത്തെ ഒരു ഭാഗത്ത് ആശീര്‍വദിക്കുമ്പോള്‍ മറുഭാഗത്ത് മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തെ  പരോക്ഷമായി പിന്താങ്ങുകയായിരുന്നു പ്രസിഡന്റ് ഒബാമ ഇതുവരെ. ഫെബ്രുവരി മൂന്നിന്റെ സായാഹ്നത്തില്‍ യു.എസ് പ്രസിഡന്റ് ഈജിപ്ഷ്യന്‍ യുവതയോട് സ്‌നേഹപുരസ്സരം ഏറെ സംവദിച്ചത് ലോകം സാകൂതം ശ്രവിച്ചു. പക്ഷേ, ആ പ്രസംഗം പലതവണ ഡീകോഡ് ചെയ്തിട്ടും ഹുസ്‌നി മുബാറക്കിനോട് 'ഉടന്‍ പദവി വിട്ടൊഴിയുക' എന്ന്്  വെട്ടിത്തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചതായി കണ്ടില്ല. 'ഈജിപ്ഷ്യന്‍ ജനതയോട്, വിശിഷ്യ യുവതലമുറയോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭാഗധേയം നിങ്ങള്‍തന്നെ നിര്‍ണയിക്കുമെന്നും നിങ്ങളുടെ മക്കളുടെയും പേരക്കിടാങ്ങളുടെയും ഭാവി ഫലവത്താക്കുമെന്നും എനിക്ക് ഉത്തമ വിശ്വാസമുണ്ട്.' എന്നിട്ടുമെന്തേ ഇവരുടെ കൈകളിലേക്ക് ഇവരുടെ ജന്മനാടിന്റെ ഭാഗധേയം വിട്ടുകൊടുക്കാന്‍ അവസരമൊരുക്കുന്നില്ല എന്ന ചോദ്യത്തിന് സാമ്രാജ്യത്വം കാലാകാലം കൊണ്ടുനടക്കുന്ന കൊടും കാപട്യമല്ലാതെ മറ്റെന്തു കാരണം.

ഒബാമക്കും ഹിലരിക്കുമറിയാം, ഈജിപ്ത് കൈവിട്ടാല്‍ പിന്നെ അറബ്‌ലോകത്ത് വലിയ പ്രതീക്ഷയൊന്നും തങ്ങള്‍ക്ക് വെച്ചുപുലര്‍ത്താനില്ലെന്ന്. അതോടെ ഇസ്രായേല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്തത് മുഴുവനും വൃഥാവിലാകുമെന്നും അറിയാം. ജൂത എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യൂറി അവ്‌നെറി സൂചിപ്പിച്ചതുപോലെ ഈജിപ്തിന്റെ ശിരോലിഖിതം തിരുത്തിയെഴുതുന്നതോടെ കഴിഞ്ഞ 63 വര്‍ഷത്തെ ഇസ്രായേലിന്റെ നിലനില്‍പുമായും 44 വര്‍ഷത്തെ അധിനിവേശവുമായും ബന്ധപ്പെട്ട് സയണിസ്റ്റ് നേതൃത്വം നേടിയെടുത്തതെല്ലാം കാലഹരണപ്പെടുകയാണ്. തഹ്‌രീര്‍ സ്‌ക്വയറിലെ യുവാക്കള്‍ ഇളക്കിയെറിഞ്ഞത് ഹുസ്‌നി മുബാറക് എന്ന അഭിനവ ഫറോവയുടെ ആണിക്കല്ല് മാത്രമല്ല; അറബ് ഇസ്‌ലാമിക ലോകത്ത് ജൂത-ക്രൈസ്തവ സാമ്രാജ്യത്വം ആഴത്തില്‍ കുഴിച്ചിട്ട ദുര്‍മന്ത്രവാദികളുടെ തകിടുകള്‍കൂടിയാണ്. മുബാറക്കിന്റെ തിരോധാനം ഇതുവരെ വൈകിപ്പിച്ചത് അണിയറയില്‍ കുതന്ത്രങ്ങള്‍ ചുട്ടെടുക്കാനും ഭാവിയില്‍ രൂപപ്പെടുന്ന ഭരണകൂടത്തില്‍ സ്വാധീനം ഉറപ്പിക്കാനുമാണ്.

ലോകത്തിന്റെ ഹൃദയമിടിപ്പുകള്‍ 'സോഷ്യല്‍ നെറ്റ്‌വര്‍ക്കി'ലൂടെ കണ്ടറിഞ്ഞ അറബ് യുവത- ഇവര്‍ 35കോടി ജനതയുടെ മൂന്നില്‍ രണ്ടിന് മേലെയാണ്- ദാഹിക്കുന്നത് യഥാര്‍ഥ സ്വാതന്ത്ര്യത്തിനാണ്. പക്ഷേ, നൈല്‍തീരത്ത് ജനാധിപത്യം പുലര്‍ന്നുകാണാന്‍ യാങ്കിസാമ്രാജ്യം ഇഷ്ടപ്പെടുന്നില്ല. അതിന് ഹിലരി ക്ലിന്റന്‍ പറയുന്ന കാരണം, 'ചില ശക്തികള്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ വിപ്ലവത്തിന്റെ ദിശ മാറ്റുകയോ മാറ്റത്തിന്റെ പ്രക്രിയയെ പിടിച്ചെടുക്കുകയോ ചെയ്‌തേക്കാം' എന്നാണ്്. ഉദ്ദേശിക്കുന്നത് ഒരു നൂറ്റാണ്ടായി സാമ്രാജ്യത്വത്തിനും അവരുടെ ഏകാധിപതികളായ പാവകള്‍ക്കുമെതിരെ ജീവന്‍ കൊടുത്ത് പോരാടുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെയാണ്. മുബാറക് ഒഴിയുന്ന വിടവിലൂടെ ഇസ്‌ലാമിക ശക്തികള്‍ കയറിവരുന്നത് തടയേണ്ടത് തങ്ങളുടെ ജന്മബാധ്യതയാണെന്ന് ഇവര്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു ജനാധിപത്യക്രമത്തില്‍ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ ജനങ്ങളാണ് എന്ന അടിസ്ഥാനതത്ത്വത്തെ നിരാകരിക്കുന്ന ഈ വാദം വര്‍ത്തമാനകാല ഈജിപ്ത് പുച്ഛിച്ചുതള്ളുന്നത് പല കാരണങ്ങളാലാണ്. ഒന്നാമതായി, തഹ്‌രീര്‍ സ്‌ക്വയറില്‍ സംഗമിച്ച വിപ്ലവകാരികളില്‍ എല്ലാ ചിന്താഗതിക്കാരുമുണ്ട്. കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും യാഥാസ്ഥിതികരും  ഇന്നലെ കയറിവന്ന മുഹമ്മദ് അല്‍ ബറാദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും  ഇതുവരെ ഒരു രാഷ്ട്രീയപക്ഷത്തും നിലയുറപ്പിക്കാത്ത പുതിയ തലമുറയുമൊക്കെയാണ് വിപ്ലവത്തിന്റെ ചാലകശക്തികളായി വര്‍ത്തിക്കുന്നത്. അറബ്‌ലോകത്ത് ഇന്നാഞ്ഞടിക്കുന്ന വിപ്ലവക്കാറ്റ് മാറ്റം കൊതിക്കുന്ന യുവതയുടേതാണ്. അറബ്ജനതയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ നാലിലൊന്ന് സ്വശരീരത്തില്‍ തീകൊളുത്തി തുനീഷ്യന്‍ ജനതക്ക് വിപ്ലവജ്വാല കൈമാറിയ മുഹമ്മദ് ബൂ അസീസിയെപ്പോലെ തൊഴില്‍രഹിതരാണ്. പ്രതിവര്‍ഷം ഒന്നര ബില്യന്‍ ഡോളര്‍ യു.എസ് സഹായംകൊണ്ട് പട്ടാളത്തെ കൊഴുപ്പിക്കുന്ന ഒരു നാട്ടില്‍ 40 ശതമാനം ജനങ്ങളും പ്രതിദിനം രണ്ടു ഡോളറിന് താഴെ വരുമാനവുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരാണത്രെ. 1952ല്‍ ഫാറൂഖ് രാജാവിനെ നിഷ്‌കാസിതനാക്കി പട്ടാളം രാജഭരണം പിടിച്ചെടുത്തത് മുതല്‍ അതിക്രൂരരായ സൈന്യത്തിന്റെയും പൊലീസിന്റെയും കാല്‍ച്ചുവട്ടിലാണ് 8000 വര്‍ഷത്തെ നാഗരിക പാരമ്പര്യമുള്ള കൈറോയിലെയും അലക്‌സാന്‍ഡ്രിയയിലെയും ജനങ്ങള്‍ ജീവിച്ചുപോന്നത്. ഈ കിരാതവാഴ്ചയുടെ പിന്നില്‍ യാങ്കി സാമ്രാജ്യമാണെന്ന് ഈജിപ്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് മുബാറക്കിനെ താഴെ ഇറക്കുന്നതിനോ വിപ്ലവാനന്തരം തങ്ങളുടെ ഭാവി ഭാസുരമാക്കുന്നതിനോ പാശ്ചാത്യ ശക്തികളുടെ സഹായം ഒരു ഘട്ടത്തിലും ഇവര്‍ അര്‍ഥിക്കാതിരിക്കുന്നത്.

ഇതുവരെ പടിഞ്ഞാറിന് ദാസ്യവേല ചെയ്ത്, ഉക്രെയിന്‍ വഴി കെയ്റോയില്‍ പ്രതിഷ്ഠിച്ച മുന്‍ ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് അല്‍ ബറാദി തഹ്‌രീര്‍ സ്‌ക്വയറിലേക്ക് കടന്നുചെന്നപ്പോള്‍ വിപ്ലവകാരികള്‍ കണ്ടതായി നടിക്കാതിരുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇനിയാണ് യഥാര്‍ഥ വിപ്ലവം. യു.എസ്-തെല്‍അവീവ് അച്ചുതണ്ടിന്റെ സ്വാധീനവലയത്തില്‍നിന്ന് വിമോചിതമായ ഭാവി ഭരണകൂടത്തെക്കുറിച്ചാണ് അന്നാട്ടിലെ ജനത സ്വപ്‌നം കാണുന്നതെങ്കിലും അത്  അട്ടിമറിക്കാനായിരിക്കും ശ്രമങ്ങള്‍ മുഴുവനും. പക്ഷേ, തഹ്‌രീര്‍ സ്‌ക്വയറില്‍ രണ്ടാഴ്ചയിലേറെ രാപ്പകല്‍ പോരാടി, 300 രക്തസാക്ഷികളെ ബലി കൊടുത്തുകൊണ്ടുള്ള ഈ ധര്‍മയുദ്ധം വൃഥാവിലാവാതിരിക്കാന്‍ ആ ജനത ജാഗ്രത പുലര്‍ത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.                              

തഴച്ചു വളരുന്ന പെണ്‍വാണിഭം

മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍, മുന്‍ സംസ്ഥാന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടി സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകള്‍ പുറത്തായി. കേരള സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.വി. വിജയമ്മക്ക് ഡയറിയുടെ താളുകളില്‍ പെണ്‍കുട്ടി എഴുതിയ കത്തുകളാണിത്.

1996 മുതല്‍ രണ്ടു വര്‍ഷത്തോളം 138 പേര്‍ തന്നെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കത്തില്‍ പറയുന്നു. വ്യക്തമായ തെളിവുകളോടെ പൊലീസിലും കോടതിയിലും ബോധിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പോട്ട ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ച ഡയറിയുടെ താളുകളിലാണ് കത്തെഴുതിയതെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞതായി അഡ്വ. വിജയമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ കത്തുകളും ആവശ്യങ്ങളും പരിഗണിച്ച് സ്വകാര്യ അന്യായം ഫയല്‍ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാര്‍ദനക്കുറുപ്പിനെ താനും പെണ്‍കുട്ടിയും സമീപിച്ചിരുന്നു.  അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ 18 പേജ് വരുന്ന മൊഴി തയാറാക്കി.

ഇതിനിടയിലാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റാന്‍ ശ്രമം നടന്നത്. പോട്ട ധ്യാനകേന്ദ്രത്തിലെ അച്ചന്‍ ഇടപെട്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. ഭര്‍ത്താവുമൊത്ത് ജീവിക്കണമെന്നും അതിനായി കേരളം വിടുകയാണെന്നും ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും എഴുതിയ കത്താണ് പിന്നെ പെണ്‍കുട്ടി അയച്ചത്. അതിനുശേഷം മറ്റ് വിവരങ്ങളൊന്നുമില്ല. പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീവേദി അതില്‍നിന്ന് പിന്മാറിയത്. ലൈംഗികമായി  പീഡിപ്പിക്കപ്പെടുകയും മയക്കുമരുന്നുകള്‍ക്ക് അടിമയാക്കുകയും ചെയ്ത പെണ്‍കുട്ടി നടക്കാന്‍പോലും കഴിയാത്ത ശാരീരികാവസ്ഥയിലായിരുന്നു. അതിനാലാണ് ചികിത്സക്കായി പോട്ടയിലെത്തിച്ചതെന്നാണറിഞ്ഞതെന്ന് അഡ്വ. വിജയമ്മ പറഞ്ഞു.

കേസൊതുക്കിയതിനെയും മൊഴിമാറ്റിച്ചതിനെയുംകുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലുകളിലും പോട്ട ധ്യാനകേന്ദ്രത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയാണ് മൊഴി തിരുത്തിച്ചതെന്നായിരുന്നു റഊഫിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പൊലീസ് സംഘം ഈ കേസും അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്ത് പുറത്തായത്. പൊലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറാന്‍ തയാറാണെന്ന് വിജയമ്മ പറഞ്ഞു.
ആദ്യകത്തുകളിലൊന്നില്‍ തനിക്കും സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്നും കേസില്‍  ഉറച്ചുനില്‍ക്കുമെന്നും പറയുന്നുണ്ട്. മറ്റൊരു കത്തില്‍ ജീവനില്‍ കൊതിയുണ്ടെന്നും ഭീഷണിയുണ്ടെന്നും എങ്കിലും തനിക്ക് കാവല്‍ നിര്‍ത്തിയ വനിതാ പൊലീസിനെ മാറ്റണമെന്നും പെണ്‍കുട്ടി പറയുന്നു. അവസാനത്തെ കത്തിലാണ്, ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും തന്റെ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെടുന്നത്. ഇത് മറ്റാരുടേയോ സമ്മര്‍ദത്താലാകാനാണ് സാധ്യത.

നേരത്തേ മൂവാറ്റുപുഴ സി.ജെ.എം കോടതിയിലും പൊലീസ് സ്‌റ്റേഷനിലും  പെണ്‍കുട്ടി  മൊഴി നല്‍കിയിരുന്നു. കോടതിയില്‍ 164ാം വകുപ്പുപ്രകാരമുള്ള മൊഴിയാണ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയത്. ഇതാണ് 2003ല്‍ പെണ്‍കുട്ടി മാറ്റിപ്പറഞ്ഞത്. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടികളും ഇതേപോലെ കോടതിക്ക് നല്‍കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞിരുന്നു. ഇതിന് സമാനമായ സംഭവങ്ങളാണ് കോതമംഗലം പെണ്‍കുട്ടിയുടെ കാര്യത്തിലുമുണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ കൈമള്‍, സോണി, എല്‍സി തുടങ്ങി മറ്റ് ചിലരുടെ പേരും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.  ഇതില്‍ ചിലര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതികളാണ്.

ഇത്രയുമായ സ്ഥിതിക്ക് ഇനി അച്ചുമാമന് പണിയായി. വിശന്നു നില്‍ക്കുന്ന നായക്ക് എല്ലിന്‍ കഷണം കിട്ടിയ പോലെ ഇനി അദ്ദേഹം ഈ എല്ലിലിട്ടു കടിച്ചു കൊള്ളും. അല്ലെങ്കിലും ഈ കോണ്ഗ്രസ്കാര്‍ക്ക് എന്തിന്റെ അസുഖമാണെന്ന് മനസ്സിലാകുന്നില്ല. 

കേരളത്തില്‍ പെരുകി വരുന്ന ഈ വാണിഭക്കഥകള്‍, അതും പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ്‌, പൊക്കിക്കൊണ്ട് വരുന്നതിന്റെ പിറകിലെ ചേതോവികാരം എന്താണെന്നും ആരാണ് ഇതിന്‍റെ പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കിയാല്‍ കേരളത്തിലെ രാഷ്ട്രീയ അപചയങ്ങളുടെ ഉറവിടം മനസ്സിലാക്കാമായിരുന്നു.  138 പേര്‍ 1996 മുതല്‍ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് 2011 ല്‍ വെളിപ്പെടുതുകയെന്നാല്‍ അതില്‍ ദുരൂഹത ഒളിച്ചിരിക്കുന്നുണ്ട്. ഈ സ്ത്രീവേദി പ്രവര്‍ത്തകര്‍ അത് മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുകളും ദുരൂഹത ഉണര്‍ത്തുന്നു. 

ഇലക്‌ ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തെ അടിക്കാന്‍ വടിയന്ന്വേഷിച്ചു നടക്കുന്ന ഭരണ കക്ഷികളാണോ ഈ പൊറാട്ട് നാടകത്തിനു പിന്നിലെന്നും സംശയിക്കുന്നതില്‍ അതിശയോക്തി ഇല്ല. ഭരണ കക്ഷികളും പ്രതിപക്ഷവും തമ്മിലുള്ള ഈ വാണിഭക്കളികളില്‍ നാറുന്നത് കേരള ജനതയും കേരള സംസ്കാരവുമാണെന്ന് ഇവര്‍ അറിയുന്നുണ്ടോ ആവോ ! 

Sunday, February 13, 2011

തിണ്ണനിരങ്ങികള്‍

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഹൈകോടതി ഇത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ കേസ് പരിഗണിച്ച സുപ്രീംകോടതി ബഞ്ചിലെ ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കോണ്‍ഗ്രസ് എം.പി കെ. സുധാകരന്റെ ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദം ചൂടുപിടിക്കുന്നു. ജഡ്ജി പണം വാങ്ങിയതിന് താന്‍ സാക്ഷിയാണെണന്നാണ് സുധാകരന്‍ പറയുന്നത്. ആരോപണത്തില്‍ താന്‍  ഉറച്ചു നില്‍ക്കുന്നുവെന്നും കോടതി ആവശ്യപ്പെട്ടാല്‍ കണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുധാകരന്‍ പറയുന്നു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളക്ക് ശനിയാഴ്ച്ച യു.ഡി.എഫ് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകവെയാണ് കെ.സുധാകരന്‍ വിവാദ ആരോപണം ഉയര്‍ത്തിയത്.  ജഡ്ജിമാരുടെ പാനലില്‍ കയറാന്‍ രാഷ്ട്രീയനേതാക്കന്മാരുടെ കസേരയുടെ കീഴില്‍ നിരങ്ങുന്നവരാണ് പിന്നീട് ജഡ്ജിമാരാവുന്നതെന്നും ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങുന്നവരാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
എടക്കാട് തെരഞ്ഞെടുപ്പ് കേസിലെ അപ്പീല്‍ ഹരജിയുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ആകാംക്ഷ മൂലം എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോയത്.  ജഡ്ജിയെ കാണാന്‍ തനിക്കൊപ്പം വന്ന അഭിഭാഷകന്‍ ജീവിച്ചിരിപ്പില്ല. ജഡ്ജി ആരാണെന്ന് ഇപ്പോള്‍ പറയില്ല. സമയമാകുമ്പോള്‍ വെളിപ്പെടുത്തും- വാ ര്‍ത്താ ലേഖകരോട് സുധാകരന്‍ പറഞ്ഞു. കോടതിയെ കുറിച്ച് ഏറെ ബഹുമാനവും ആദരവുമുണ്ട്. എന്നാല്‍ അടുത്ത കാലത്തെ ഓരോ സംഭവവും വേദനയുളവാക്കുന്നു. ഇടമലയാര്‍ കേസില്‍ വിധി എന്തായിരിക്കുമെന്ന് നാല് ദിവസം മുമ്പ് തന്നെ കോടതി വരാന്തകളില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂലവിധിക്ക് കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ പേരും ആരാണ് പണം നല്‍കിയതെന്നും സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സുധാകരനെ വിചാരണചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. എടക്കാട് നിയമസഭാ തെരഞ്ഞെടുപ്പുകേസില്‍ ഇങ്ങനെയാണോ അനുകൂല വിധി സമ്പാദിച്ചതെന്നും വി.എസ് ചോദിച്ചു. ബാലകൃഷ്ണപിള്ളയുടെ സ്തുതിപാഠകനായി നടക്കുന്ന സുധാകരന്റെ നയം യു.ഡി.എഫിന്റെ നയമാണോ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ് ചെന്നൈയില്‍ ആവശ്യപ്പെട്ടു.
 അതിനിടെ സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ. സുധാകരന്‍ ഉന്നയിച്ച കൈക്കൂലി ആക്ഷേപത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ സുപ്രീംകോടതി തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ 'തിണ്ണനിരങ്ങികള്‍' എന്നാണ് സുപ്രീംകോടതി ജഡ്ജിമാരെ സുധാകരന്‍ വിശേഷിപ്പിച്ചത്. ഈ അഭിപ്രായം ജ്യുഡീഷറിയുടെ മാന്യതയെ കളങ്കപ്പെടുത്തുന്നതല്ലേയെന്ന് പരിശോധിക്കാനുള്ള കടമ നീതിപീഠത്തിനുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടികാട്ടി. കൈക്കൂലി സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കൈക്കൂലി വാങ്ങിയത് ജഡ്ജിയുടെ പേര് സുധാകരന്‍ അടിയന്തരമായി വെളിപ്പെടുത്തണം. ജ്യുഡീഷറിയുടെ മേല്‍വീണ കളങ്കം മാറ്റാന്‍ ഇത് ആവശ്യമാണ്. മദ്യലോബിക്ക് നിയമ വിരുദ്ധമായി ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് കൈക്കൂലി കൊടുത്ത് സുപ്രീംകോടതി ജഡ്ജിയെ വശത്താക്കി എന്നാണ് സുധാകരന്‍ പറഞ്ഞതിന്റെ സാരം. ഒന്നര പതിറ്റാണ്ട് അത് മൂടിവെച്ചത് ഈ സംഭവത്തില്‍ സുധാകരന്‍ സാക്ഷിയായത് കൊണ്ടാണോ പങ്കാളിയായത് കൊണ്ടാണോ എന്ന ചോദ്യവും സംശയവും ന്യായമാണെന്ന്  സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട്  ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്‍ എന്നിവര്‍ക്കെതിരെയും അബ്കാരി ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍  അന്വേഷിക്കണമെന്ന് കേരള ബാര്‍ കൗണ്‍സില്‍ യോഗം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

Saturday, February 12, 2011

നായയാണെന്നു കരുതി കുറുക്കനെ വളര്‍ത്തി........

"നായയാണെന്നു കരുതി കുറുക്കനെ വളര്‍ത്തി, ചവയ്ക്കുന്നത്‌ കണ്ടപ്പോഴാണ് കുരങ്ങനാണെന്ന് മനസ്സിലായത്‌" എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ ഉദ്യോഗസ്ഥരുടെ കാര്യം. വിവരമോ ഇല്ല. എന്നാല്‍ അതൊന്നു സമ്മതിച്ചു തരുമോ അതും ഇല്ല. വിഡ്ഢി വേഷം കെട്ടി എവിടെയും ചെന്ന് നാറ്റിക്കാന്‍ അവരെപ്പോലെ ആരുമില്ല തന്നെ.


ഇന്ത്യക്കാരെന്ന് കേട്ടാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള ബുദ്ധി ജീവികളാണെന്ന് വീമ്പിളക്കാനല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല അവരെ. വിദേശത്ത് അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്ന ഇന്ത്യക്കാരെ നാണം കെടുത്താന്‍ ഈ ഉദ്യോഗസ്ഥരും മന്ത്രിമാരും ലോകമൊട്ടുക്ക് കറങ്ങി നടക്കുകയാണ്. ഇന്ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസമിതി യോഗത്തിനിടെ നമ്മുടെ വിദേശകാര്യമന്ത്രി എസ്. എം., കൃഷ്ണ ഇന്ത്യയ്ക്കുവേണ്ടി വായിച്ചത് പോര്‍ച്ചുഗീസ് സര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നു എന്ന് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആദ്യത്തെ അഞ്ചുമിനിറ്റോളം പോര്‍ച്ചുഗീസിന്‍റെ  നയങ്ങള്‍ വ്യക്തമാക്കുന്ന പ്രസംഗം വായിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഇന്ത്യന്‍  ഉദ്യോഗസ്ഥര്‍ക്കും യോഗത്തിലിരുന്ന ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും സംശയം തോന്നിയപ്പോഴാണ് എസ്. എം. കൃഷ്ണയ്ക്ക് അബദ്ധം സംഭവിച്ചതായി മനസ്സിലായത്.


ഇന്ത്യയ്ക്കുവേണ്ടി എഴുതി തയ്യാറാക്കി കൊണ്ടുവന്ന  പ്രസംഗത്തിനു പകരം അദ്ദേഹത്തിനു തൊട്ടുമുന്പ്  പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി വായിച്ചുപോയ പ്രസംഗമാണ് കൃഷ്ണ വീണ്ടും വായിച്ചത്. തുടര്‍ന്ന്  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ശരിയായ പ്രസംഗം  അദ്ദേഹത്തെ എല്പിച്ചപ്പോള്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം അതുവാങ്ങി വായിക്കുകയും ചെയ്തു. പോര്‍ച്ചുഗീസും ബ്രസീലും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു എന്നെല്ലാം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് നയതന്ത്ര ഉദ്യോഗസ്ഥന്‍  ഹര്‍ദിപ് പുരിയാണ് പ്രസംഗം തെറ്റിയതായി മന്ത്രിയെ അറിയിച്ചത്.


വളരെ സൂക്ഷ്മതയോടെ എഴുതി തയ്യാറാക്കി ഒരാവര്‍ത്തിയെങ്കിലും  വായിച്ചു നോക്കിയിട്ടായിരിക്കുമല്ലോ പ്രസംഗം അവതരിപ്പിക്കുന്നത്‌. ഈ സംഭവത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. ഈ മന്ത്രിമാര്‍ക്ക് തന്നെ അറിയില്ല അവരെന്താണ് പ്രസംഗിക്കുന്നതെന്നും പറയുന്നതെന്നും. വല്ലവരും എഴുതിക്കൊടുക്കുന്നത് ചുമ്മാതെ നിന്ന് വായിക്കുന്നതല്ലാതെ അതിന്റെ ഉള്ളടക്കം എന്തെന്നോ എന്തിനു വേണ്ടിയാണ് താന്‍ പ്രസംഗിക്കുന്നതെന്നോ അവര്‍ക്കറിയില്ല. അല്ലെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ കാര്യം എസ്‌.എം. കൃഷ്ണ ഇന്ത്യക്ക് വേണ്ടി വായിക്കില്ലായിരുന്നു. ഏതോ ഒരു കടലാസ് അവിടെ കിടന്നു. അതെടുത്ത് വായിക്കാന്‍ ഒരു മന്ത്രിയുടെ ആവശ്യമുണ്ടായിരുന്നോ?


നികുതി ദായകരുടെ പണം മുടക്കി അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫു നാടുകളിലും ചുറ്റിക്കറങ്ങി സ്വയം ഷൈന്‍ ചെയ്യാനല്ലാതെ ഇവരെക്കൊണ്ട് എന്ത് ഗുണം? ഏതായാലും ബി.ജെ.പി. ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഏതായാലും ഇപ്രകാരം സംഭവിച്ചതിന്‍റെ പേരില്‍   എന്തൊക്കെ സംഭവിക്കുമെന്നറിയില്ല                   

കോമണ്‍വെല്‍ത്തുമുതല്‍ സ്‌പെക്‌ട്രം വരെ



2 ജി സ്‌പെക്ട്രം അഴിമതിയിലൂടെ മുന്‍ ടെലികോം മന്ത്രി എ. രാജ 3000 കോടിയിലേറെ രൂപ സമ്പാദിച്ചതായി കണ്ടെത്തിയെന്ന വാര്‍ത്ത മൂല്യച|തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ ജീര്‍ണ്ണാവസ്ഥ എത്ര ഭയാനകമാണെന്ന്‌ വരച്ചു കാണിക്കുന്നു. അഴിമതികൊണ്ട്‌ അടിമുടി മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ കൈയ്യാമം വെച്ച്‌ കല്‍തുറുങ്കിലടയ്‌ക്കുന്നതിനു പകരം അവരെ രാജകീയ പരിവേഷമണിയിച്ച്‌ മന്ത്രിമന്ദിരങ്ങളില്‍ അവരോധിക്കുകയും ഉപജാപകസംഘങ്ങള്‍ അവരെ പൂവിട്ടു പൂജിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ഇതുപോലെ അനേകം രാജമാരും രാജ്ഞിമാരും ഇന്ത്യാ മഹാരാജ്യത്തെ വിറ്റു തുലയ്‌ക്കുമെന്നുറപ്പ്‌.

ടുണീഷ്യയിലും ഈജിപ്‌തിലും സംഭവിച്ചപോലെ ഇന്ത്യയിലും ഒരു ജനകീയ പ്രക്ഷോഭം (മുന്നേറ്റം) നടന്നാലേ അഭിനവ രാജാക്കന്മാരെ കൂച്ചുവിലങ്ങിടാന്‍ സാധിക്കൂ. അതിനു ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കാനുള്ള മനക്കരുത്ത്‌ കാണിക്കണം. ടുണീഷ്യയിലും ഈജിപ്‌തിലും ജനങ്ങള്‍ ഒരേ സ്വരത്തോടെ ഒന്നിച്ചുനിന്നു പോരാടിയതുകൊണ്ടാണ്‌ വിജയം കണ്ടത്‌. ഇന്ത്യയെ സംബന്ധിച്ച്‌ അതെത്രത്തോളം വിജയിക്കുമെന്ന്‌ കണ്ടറിയണം. ജനങ്ങളെ ഭിന്നിപ്പിച്ച്‌ നിര്‍ത്തുന്നതുകൊണ്ടാണ്‌ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ എന്തു തോന്ന്യാസം കാണിച്ചാലും രക്ഷപ്പെടുന്നത്‌.



രാജയുടെ പണമിടപാടുകളെക്കുറിച്ച്‌ സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്‌പെക്ട്രം ലൈസന്‍സുകള്‍ വില കുറച്ച്‌ നല്‌കുക വഴി കൈക്കൂലി ഇനത്തില്‍ രാജ ഏകദേശം 3000 കോടിയെങ്കിലും സമ്പാദിച്ചതായി കണ്ടെത്തിയത്‌. സ്‌പെക്ട്രം അഴിമതിയില്‍ പൊതു ഖജനാവിന്‌ 1.77 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

അഴിമതിക്കാരും, ധൂര്‍ത്തന്മാരും, സ്വാര്‍ത്ഥമോഹികളുമായ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനങ്ങളുടെ സംഘടിതമുന്നേറ്റമാണ്‌ ഇന്ത്യയില്‍ ആവശ്യം. ഒരു ജനമുന്നേറ്റം വന്നാല്‍ അത്‌ അവഗണിച്ച്‌ തള്ളാന്‍ ഭരണാധികാരികള്‍ക്ക്‌ കഴിയുകയില്ലെന്ന്‌ അവര്‍ മനസ്സിലാക്കണം, കേന്ദ്രത്തിലായാലും കേരളത്തിലായാലും. അഴിമതി യു.പി.എ. സര്‍ക്കാരിനെ എത്രത്തോളം തകര്‍ത്തുകളഞ്ഞെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ്‌ ലോകത്തിനു മുന്നില്‍ ഇന്ത്യ നാണം കെടുകയാണെന്നു തുറന്നു സമ്മതിച്ച പ്രധാനമന്ത്രിയുടെ തന്നെ പ്രസ്ഥാവന.

തുടര്‍ച്ചയായി പാര്‍ലിമെന്റ്‌ സ്‌തംഭനം നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ രാജയെ അറസ്റ്റു ചെയ്‌താല്‍ മതിയെന്നും, അതുകൊണ്ട്‌ അവര്‍ തൃപ്‌തിപ്പെട്ടേക്കുമെന്നും പ്രതീക്ഷിച്ച സര്‍ക്കാരിനാണ്‌ അടിതെറ്റിയത്‌. ജെ.പി.സി. അന്വേഷണത്തെ നിരാകരിച്ച്‌ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ ഏറെ പണിപ്പെട്ടെങ്കിലും ബി.ജെ.പി. എറിഞ്ഞ കുരുക്കില്‍ അവര്‍ പെട്ടുപോയി. രാജയുടെ അറസ്റ്റ്‌ പ്രതിപക്ഷത്തിന്റെ അടിയന്തിരാവശ്യമോ അന്തിമ ലക്ഷ്യമോ ആയിരുന്നില്ല. `ഓടുന്ന പശുവിന്‌ ഒരു മുഴം നീട്ടിയെറിയുക' എന്ന തന്ത്രമാണ്‌ അവരെടുത്തത്‌.

അഴിമതിയില്‍ മൂക്കറ്റം മുങ്ങിപ്പോയ സര്‍ക്കാരിനെ പരമാവധി താറടിച്ചു മുതലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്തിന്റെയൊക്കെ പെരുമയിലാണോ യു.പി.എ. സര്‍ക്കാര്‍ രണ്ടാമൂഴം അധികാരത്തില്‍ വന്നത്‌, അവയൊന്നും ഇനി ബാക്കി നില്‌ക്കുന്നില്ലെന്ന്‌ സ്ഥാപിച്ചെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. തുടക്കത്തില്‍ തരക്കേടില്ലെന്നു തോന്നിച്ച ഭരണം, സുതാര്യത, സത്യസന്ധത, മതേതരത്വം എന്നിവയെല്ലാം കാലക്രമേണ കാലഹരണപ്പെട്ടതുപോലെയായി. തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം, സോണിയയുടെയും മന്മോഹന്‍ സിംഗിന്റേയും ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെല്ലാം യു.പി.എ.യ്‌ക്ക്‌ ഗുണം ചെയ്‌തിരുന്നു.

`പുത്തനച്ചി പുരപ്പുറം തൂക്കും' എന്നു പറഞ്ഞപോലെ, ആദ്യത്തെ യു.പി.എ. സര്‍ക്കാര്‍ തരക്കേടില്ലാത്ത ഭരണം കാഴ്‌ചവെച്ചതുകൊണ്ട്‌ പ്രതിച്ഛായ നേടി വീണ്ടും അധികാരത്തില്‍ വന്നു. എന്നാല്‍, അവസരം മുതലെടുത്ത്‌ എന്‍.ഡി.എ. എല്ലാ കണക്കുകളും തീര്‍ക്കുകയാണിപ്പോള്‍. കാര്‍ഗില്‍ യുദ്ധകാലത്തെ ശവപ്പെട്ടി കുംഭകോണം മുതല്‍ ആയുധ ഇടപാടില്‍ കൈക്കൂലി വാങ്ങിയ മുന്‍ ബി.ജെ.പി. പ്രസിഡന്റ്‌ ബംഗാരു ലക്ഷ്‌മണ്‍, ആ ഇടപാടുകള്‍ രഹസ്യമായി പകര്‍ത്തിയ തെഹല്‍ക തുടങ്ങിയവയില്‍ കുരുക്കിട്ട്‌ ശ്വാസംവിടാന്‍ പോലും സമ്മതിക്കാതെ വട്ടം കറങ്ങേണ്ടിവന്ന അവസ്ഥ ബി.ജെ.പി.യ്‌ക്ക്‌ ഉണ്ടായിട്ടുണ്ട്‌. ഇന്ന്‌ സ്‌പെക്ട്രവും കോമണ്‍വെല്‍ത്തുമൊക്കെയായി യു.പി.എ. സര്‍ക്കാരിന്‌ ശ്വാസം കഴിക്കാന്‍ അവസരം നല്‍കാതെ തിരിച്ചടിക്കുകയാണ്‌ പ്രതിപക്ഷം.

അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച കോടിക്കണക്കിനു രൂപ സ്വിസ്സ്‌ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ യു.പി.എ. സര്‍ക്കാരിന്‌ ലഭിച്ചിട്ടും, സുപ്രീം കോടതി പലതവണ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും അവ നല്‍കാതെ ഓരോരോ മുട്ടുന്യായങ്ങള്‍ പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്ന സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടു എന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ല. ഈ കള്ളപ്പണക്കാര്‍, അവര്‍ എത്ര വമ്പന്മാരായാലും, അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുകൊണ്ടുവരികയും ചെയ്യുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌.

അഴിമതിപ്രശ്‌നം അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ വലിച്ചു നീട്ടുന്നതിനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച്‌ ജെ.പി.സി. അനുവദിച്ചാലും യു.പി.എ.യ്‌ക്ക്‌ ഈ തലവേദന തെരഞ്ഞെടുപ്പുവരെ തുടരും. കഴിഞ്ഞ തവണ നേടിയ പ്രതിച്ഛായ തകര്‍ന്നു തരിപ്പണമായെന്നു മാത്രമല്ല, അഴിമതിയില്‍ നിന്ന്‌ കരകയറാനുള്ള ശ്രമത്തില്‍ പുതിയ പുതിയ പ്രശ്‌നങ്ങളിലേക്ക്‌ വീണ്ടും ചെന്നു ചാടുകയാണ്‌ യു.പി.എ.

Thursday, February 10, 2011

പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പ്: മുഖ്യമന്ത്രി

"പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇടമലയാര്‍ കേസില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിധിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കേരളത്തിലാദ്യമായാണ് ഒരു മുന്‍ മന്ത്രിയെ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിക്കുന്നത്. ഇതിനായി രണ്ടു ദശാബ്ദക്കാലമാണ് എനിക്ക് പോരാടേണ്ടി വന്നത്. വ്യക്തിപരമായ ഒട്ടേറെ ആക്ഷേപങ്ങളും ആരോപണങ്ങളും ഇക്കാലയളവില്‍ എനിക്കെതിരെ ഉണ്ടായി. അതിനെല്ലാമുള്ള മറുപടിയാണ് ഈ വിധി. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇത്. അത്തരക്കാരെ വെറുതെ വിടില്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ് - വി എസ് പറഞ്ഞു." - വാര്‍ത്ത.
************
വളരെ നല്ല കാര്യം സഖാവേ. ഇപ്പോഴും ഒരു സംശയം ബാക്കിയാണ്. പിണറായിയുടെ കാര്യത്തില്‍ ഇനി എന്താ പരിപാടി. അയക്കുന്ന സമന്‍സുകളെല്ലാം ലാവ്‌ലിന്‍ കമ്പനി തിരിച്ചയക്കുകയാണല്ലോ? അതൊന്നു കൈപറ്റിയിരുന്നെങ്കില്‍ അവരെയും കുടുക്കാമായിരുന്നു. ഒരു കാര്യം ചെയ്യൂ. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് കാനഡയിലേക്ക് വെറും അഞ്ചു മണിക്കൂര്‍ ദൂരമേയുള്ളൂ. ചവിട്ടിപ്പിടിച്ചാല്‍ ഒരു നാല് മണിക്കൂര്‍ കൊണ്ട് അങ്ങ് എത്താം. വിസയും വേണ്ട ടിക്കറ്റും വേണ്ട ആരും ഇന്ത്യയില്‍ നിന്ന് പണം ചിലവാക്കി വരികയും വേണ്ട. ആ സമന്‍സ് എനിക്കയച്ചു താ. ഞാന്‍ "പെഴ്സനലായിട്ടു" കൊണ്ട് കൊടുക്കാം. അവന്മാര് കൈപ്പറ്റിയില്ലെങ്കില്‍ കുത്തിനു പിടിച്ചു ഒപ്പിട്ടു വാങ്ങുന്ന കാര്യം ഞാനേറ്റു.

ഈ സീ.ബീ.ഐ. വെറുതെ പൊട്ടന്‍ കളിക്കുകയാ. ബാലകൃഷ്ണ പിള്ള രണ്ടര കോടിയാണ് സര്‍ക്കാരിന് നഷ്ടം വരുതിയതെങ്കില്‍ പിണറായി ഏകദേശം ഇരുനൂറു കോടിയാണ് നഷ്ടം വരുത്തിയതെന്ന് ഓര്‍ക്കണം. അതുകൊണ്ട് അങ്ങ് ദയവുണ്ടായി ഇതിനും ഒരു പരിഹാരം കാണണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു.

പിന്നെ, ആ കിളിരൂര്‍ കേസിലെ പ്രതികളെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഈയുള്ളവനും പാവം ശാരിയുടെ മാതാപിതാക്കളും ബന്ധുക്കളും. അക്കാര്യവും കൂടി പരിഗണിച്ചാല്‍ അങ്ങേക്ക് പുണ്യം കിട്ടും. അങ്ങ് മറന്നു പോയെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിച്ചതാണ്. ഇറങ്ങുന്നതിനു മുന്‍പ് അത് സാധിക്കുമോ?

ബജറ്റിന്റെ വിശ്വസനീയത ഐസക്ക് ഇല്ലാതാക്കിയെന്ന് ഉമ്മന്‍ ചാണ്ടി

"ബജറ്റിന്റെ വിശ്വസനീയത സംസ്ഥാനധനമന്ത്രി തോമസ് ഐസക്ക് ഇല്ലാതാക്കിയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ എല്ലാവരെയും മടുപ്പിക്കുന്ന പ്രസംഗം നടത്തി ധനമന്ത്രി സ്വയം അപഹാസ്യനാകുകയായിരുന്നു എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം ലഭിച്ച അവസരം പ്രയോജനപ്പെടുത്താതെ പുതിയ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി."  - വാര്‍ത്ത.

ആ ഭാരം നിങ്ങള്‍ക്കായി മാറ്റി വെച്ചതല്ലേ കുഞ്ഞൂഞ്ഞേ. ഐസക് ആരാ മോന്‍. അഞ്ചു വര്ഷം ഒന്നും ചെയ്തില്ലെങ്കിലും നിങ്ങള്‍ക്കിട്ടു പണി തന്നില്ലേ. ഇനി ആ ബജറ്റ് നിങ്ങളിട്ട് തട്ടിക്കളിക്ക്. അഞ്ചു വര്‍ഷമല്ല അയ്യായിരം വര്‍ഷം കഴിഞ്ഞാലും ഒരു ചുക്കും നിങ്ങള്‍ ചെയ്യുകയില്ല. ഐസക്കിനറിയാം പോക്കറ്റില്‍ കാശില്ലെങ്കിലും അന്യരുടെ കാശെടുത്ത് കാര്യം നടത്താന്‍.

യു.ഡി.എഫ് ശിശുക്കളായ വിഴിഞ്ഞവും സ്മാര്‍ട്ട്‌സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും നടപ്പാക്കാന്‍  കഴിയാത്തതിന്‍റെ  ജാള്യത ബജറ്റില്‍ കണ്ടില്ലേ. നിങ്ങളായിട്ട്‌ തുടങ്ങി വെച്ച ഈ പദ്ധതികള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ വലിച്ചു താഴെയിട്ടപ്പോള്‍ ജനങ്ങള്‍ കരുതി ഇവരിപ്പോള്‍ എല്ലാം നേരെയാക്കും എന്ന്. ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല  ഈ പദ്ധതികളോട് കിടപിടിക്കാന്‍ പറ്റുന്ന ഒരു മെഗാ പദ്ധതിയും ഈ സര്‍ക്കാറിന് മുന്നോട്ടുവെക്കാനായില്ല എന്നതാണ് സത്യം. ഏറെ കൊട്ടിഘോഷിച്ച കൃഷിവികസനം പോലും പ്രയോജന ശൂന്യമായിരുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.  പോകുന്ന പോക്കില്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളുടെയും വൈകിമാത്രം അംഗീകരിച്ച നയങ്ങളുടെയും നീണ്ട പട്ടികമാത്രമാണ് ഈ സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.

ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് അലമുറയിട്ടു കരയുന്ന നിങ്ങള്‍ ഭരണത്തില്‍ വന്നാല്‍ എന്തായിരിക്കും ഫലം എന്ന് കാത്തിരുന്നു കാണാം. 

ബാലകൃഷ്ണപിള്ള സന്യാസം സ്വീകരിക്കട്ടെയെന്ന് വെള്ളാപ്പള്ളി

"ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള സന്യാസം സ്വീകരിക്കട്ടെയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്യാസം സ്വീകരിച്ച ശേഷം നല്ല നായരായി അദ്ദേഹം തിരിച്ചെത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം‌കോടതി വിധിയെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. കോടതി നടപടിയെ ചോദ്യം ചെയ്താല്‍ അതാണ് നിര്‍ഭാഗ്യകരം. വിധിയുടെ അടിസ്ഥാനത്തില്‍, കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി സന്യാസം സ്വീകരിച്ച് നല്ല നായരായി ബാലകൃഷ്ണപിള്ള തിരിച്ചുവരട്ടെ - വെള്ളപ്പള്ളി പറഞ്ഞു." - വാര്‍ത്ത.


ഇതാ ഇപ്പൊ കാര്യമായത്. ബാലകൃഷ്ണ പിള്ള  നായരായതുകൊണ്ടാണോ ഈഴവനായ വെള്ളാപ്പള്ളിക്ക് ഇത്ര കലി? ജയിലില്‍ പോയാല്‍ നല്ല നായരാകുമെന്നു ആരാ പറഞ്ഞത്.? ഗുരുവിന്റെ പേരും പറഞ്ഞു വെള്ളാപ്പള്ളി ചെയ്തുകൂട്ടുന്ന അഴിമതികള്‍ എത്രയാണെന്ന് വല്ല തിട്ടവുമുണ്ടോ ആവോ. സൂക്ഷിച്ചോ....അച്ചുമാമന്‍ എപ്പോഴാ കയറിപ്പിടിക്കുന്നതെന്ന് അറിയില്ല. ഇനി അധിക കാലമില്ലല്ലോ ഇലക്ഷന്. അങ്ങേര്‌ പോകുമ്പോള്‍ ആരെയൊക്കെ കൂച്ചു വിലങ്ങിട്ടു കൊണ്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല.

ഇടമലയാര്‍:ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും

"മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയിലിലേക്ക്. ഇടമലയാര്‍ അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും സുപ്രീം കോടതി ശിക്ഷ വിധിച്ചു.ആര്‍ ബാലകൃഷ്ണപിള്ള, കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, ഇടമലയാര്‍ കരാറുകാരനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ പി കെ സജീവ് എന്നിവരെയാണ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. ഹൈക്കോടതി ഇവരെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കല്‍, കെ എസ് ഇ ബിയുടെ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയവയാണ് ബാലകൃഷ്ണപിള്ളയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം......"  വാര്‍ത്ത.

എത്ര നല്ല തീരുമാനം (വിധി). ഇങ്ങനെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും നേരത്തെ മുതല്‍ ശിക്ഷിചിരുന്നെങ്കില്‍ കേരളം ദൈവത്തിന്റെ രാജ്യമല്ല സ്വര്‍ഗ്ഗ രാജ്യമായേനെ. ഏതായാലും ഇക്കാര്യത്തില്‍ അച്യുതാനന്തന്‍ പിടി മുറുക്കി. ലാല്‍ സലാം സഖാവേ...!

Thursday, February 3, 2011

യൂസഫലി സ്‌മാര്‍ട്ടായി.....വി.എസ്‌. ഹാപ്പിയായി


`പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും' എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമായതു പോലെയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി മന്ത്രിസഭ അംഗീകരിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത്‌. ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ സ്‌മാര്‍ട്ട്‌സിറ്റിയെക്കുറിച്ച്‌ ജനങ്ങളിലുണ്ടായ ആശയക്കുഴപ്പം തീര്‍ന്നെന്നു മാത്രമല്ല, പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയും ചെയ്‌തു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട്‌ ഒരു പദ്ധതിയും യാഥാര്‍ത്ഥ്യമാകുകയില്ലെന്നും, മറിച്ച്‌ നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും മാര്‍ഗതടസ്സമുണ്ടാകാനേ അതുപകരിക്കൂ എന്നും ഇനിയെങ്കിലും നേതാക്കള്‍ മനസ്സിലാക്കണം. സത്യസന്ധതയും അര്‍പ്പണമനോഭാവവും പുരോഗമന ചിന്താഗതിയുമുണ്ടായിരുന്നെങ്കില്‍ ഈ പദ്ധതി നേരത്തെ തന്നെ പ്രാവര്‍ത്തികമാക്കാമായിരുന്നു. പക്ഷെ, വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ പാഴാക്കുകയും കേരളത്തിന്റെ വികസനത്തിന്‌ വിഘ്‌നം സൃഷ്ടിക്കുകയുമായിരുന്നു.

ഏറെ പ്രതീക്ഷയോടെ തുടങ്ങിവെച്ച സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി ആറു വര്‍ഷങ്ങള്‍ അനിശ്ചിതമായി തുടര്‍ന്നുപോയതിന്‌ ഉത്തരവാദികള്‍ വിവിധ രാഷ്ട്രീയ കക്ഷികളായിരുന്നു എന്നതിന്‌ തര്‍ക്കമില്ല. സ്വന്തം ബലഹീനതകള്‍ മറച്ചു വെക്കാന്‍ അവര്‍ ടീകോം അധികൃതരെ പഴിചാരി രക്ഷപ്പെടുകയും ചെയ്‌തു. അവസാനം മലയാളികളുടെ അഭിമാനമായ പത്മശ്രീ എം.എ. യൂസഫലി രംഗത്തു വന്നതോടെ കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞനെപ്പോലെ എത്ര പെട്ടെന്നാണ്‌ അദ്ദേഹം കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയത്‌! ജനങ്ങളുടേ ക്ഷേമവും നാടിന്റെ നന്മയും ലക്ഷ്യമിട്ടതുകൊണ്ടു മാത്രമാണ്‌ അദ്ദേഹത്തിന്‌ ഇങ്ങനെ ഒരവസരം ലഭിച്ചതും ഏല്‌പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതും.

നാട്‌ ഏതെങ്കിലും വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ ഒന്നിച്ചു നേരിടുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ യോജിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്‌ സൃഷ്ടിപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. എന്തിലും ഏതിലും രാഷ്ട്രീയലക്ഷ്യം മാത്രം ഉന്നം വെയ്‌ക്കുമ്പോള്‍ ജനം ആ രാഷ്ട്രീയ കാപട്യത്തിന്റെ തനിനിറം തിരിച്ചറിയുകയും ചെയ്യും.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി യു.ഡി.എഫ്‌. സര്‍ക്കാര്‍ തുടങ്ങിവെക്കുകയും എല്‍.ഡി.എഫ്‌. ഭരണത്തില്‍ വന്നപ്പോള്‍ മന്ദഗതിയിലാക്കുകയും ചെയ്‌തതാണ്‌ ആറു വര്‍ഷങ്ങള്‍ ഈ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 2004ലാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ വ്യവസായമേഖലയില്‍ കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയേക്കാവുന്ന സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്‌ വഴി ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുടെ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ തുടക്കമിട്ടത്‌. എന്നാല്‍, വ്യവസ്ഥകളില്‍ ദുരൂഹതയുണ്ടെന്നും അപാകതയുണ്ടെന്നും പ്രഖ്യാപിച്ച്‌ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. അച്യുദാനന്ദന്‍ രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയുമായിരുന്നു. പക്ഷേ, യു.ഡി.എഫ്‌. സര്‍ക്കാര്‍ ചര്‍ച്ചകളും കൂടിക്കാഴ്‌ചകളുമൊക്കെയായി മുന്നോട്ടുപോയി.

പിന്നീട്‌ സംസ്ഥാനത്ത്‌ ഭരണമാറ്റം വന്നതോടെ എല്‍.ഡി.എഫിന്റെ കൈയിലായി പദ്ധതിയുടെ ചുമതല. കുരങ്ങിന്റെ കൈയില്‍ പൂമാല കൊടുത്തതുപോലെയായി പിന്നീട്‌ കാര്യങ്ങള്‍. പദ്ധതിക്ക്‌ തുടക്കത്തില്‍ ഏറെ ശുഷ്‌ക്കാന്തി കാണിച്ച വി.എസ്‌. പിന്നീട്‌ മലക്കം മറിഞ്ഞതും, അത്ര വലിയ താല്‌പര്യം കാണിക്കാതെ പിണറായിയുടെ ഔദ്യോഗികപക്ഷം നിസ്സംഗത പാലിച്ചതും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സമായി. യു.ഡി.എഫ്‌ ആകട്ടേ ഇനി മെല്ലെ പോയാല്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്‌തു. അതാണല്ലോ കീഴ്‌വഴക്കം.

നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ നന്മയ്‌ക്കും വേണ്ടിയെങ്കിലും ഇരു കക്ഷികളും ഒറ്റക്കെട്ടായി നിന്ന്‌ ഈ പദ്ധതിക്കുവേണ്ടി നിലകൊണ്ടിരുന്നെങ്കില്‍ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇത്രയും കാലതാമസമുണ്ടാകുകയില്ലായിരുന്നു. യൂസഫലി അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഏകദേശം 90,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമായിരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ്‌ രാഷ്ട്രീയ മുതലെടുപ്പിന്റെ പൊടിപടലത്തില്‍ മുങ്ങിപ്പോയത്‌.

യുക്തമായ തീരുമാനം വിജയത്തിലും, യുക്തിദീക്ഷയില്ലാത്ത തീരുമാനം നഷ്ടത്തിലും കലാശിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി അനിശ്ചിതകാലത്തേക്ക്‌ നീണ്ടുപോയത്‌. പല വിദേശരാജ്യങ്ങളിലും തന്റെ ബിസിനസ്സ്‌ സാമ്രാജ്യം പടുത്തുയര്‍ത്തിയ ശ്രീ യൂസഫലിയുടെ സ്ഥായിയായ വിജയത്തിനു പിന്നില്‍ അര്‍പ്പണബോധവും ദൃഢനിശ്ചയവുമാണ്‌. അചഞ്ചലമായ ആ വിശ്വാസവും ആത്മധൈര്യവുമാണ്‌ അദ്ദേഹത്തെ സ്‌മാര്‍ട്ട്‌ സിറ്റിയെ വിജയപാതയിലേക്ക്‌ നയിക്കാന്‍ പ്രേരിതനാക്കിയത്‌.

സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ ഒപ്പു വെച്ച്‌ നിഗൂഢതകള്‍ക്ക്‌ വിരാമമിട്ടെങ്കിലും, തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ അടുത്ത സര്‍ക്കാര്‍ ബാക്കി കാര്യം ചെയ്യട്ടേ എന്ന മട്ടില്‍ മെല്ലെപ്പോകുകയാണെങ്കില്‍ വീണ്ടും വിവാദങ്ങളില്‍ പെട്ട്‌ ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വിവിധ ട്രേഡ്‌ യൂണിനുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനും സാദ്ധ്യതയേറുന്നു.

നാടിനും ദേശത്തിനും വേണ്ടി തങ്ങളാലായത്‌ ചെയ്യുക എന്നതാണ്‌ ഒരു യഥാര്‍ത്ഥ പൗരന്റെ ധര്‍മ്മം. ശ്രീ യൂസഫലി ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്‌ അഭിനന്ദനങ്ങള്‍. അതിവേഗം ബഹുദൂരമല്ലെങ്കിലും വളരെ വൈകിയാണെങ്കിലും നിര്‍ഭയം ഈ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി വി.എസ്‌. അച|ദാനന്ദനും അഭിനന്ദനങ്ങളര്‍ഹിക്കുന്നു.